Showing posts with label ചിന്ത പി കെ. Show all posts
Showing posts with label ചിന്ത പി കെ. Show all posts

Sunday, August 14, 2022

നിന്നോട് പറയാനുള്ളത്....( കവിത ) ചിന്ത പി കെ Std 9, GVHSS, കാരാകുർശ്ശി, പാലക്കാട്

 കടവം : 2 ( കുട്ടികളുടെ രചനകൾ )


ചുവന്ന പൂക്കൾ കൊണ്ട് നിറഞ്ഞ

ആ വഴി നീണ്ടുനിവർന്നങ്ങനെ...

യാത്ര തുടങ്ങുമ്പോൾ

നിന്നോട് പറയാനായ് കൂട്ടിവച്ച

കഥകളെല്ലാം കൊണ്ട്

എന്റെ ഹൃദയം തുടിക്കുന്നു,

നിന്റെ ശബ്ദത്തെ

എന്റെ കാതുകൾ തേടുന്നു,

നീയില്ലായ്മ എന്നെ

വല്ലാതെ അലട്ടുന്നു.

നമ്മുടെ സ്വപ്നങ്ങളെപ്പറ്റിപ്പറയാൻ ഞാനേറെ കൊതിക്കുന്നു.

 

മേഘങ്ങളോട്

ഞാനീ നൊമ്പരങ്ങൾ പറഞ്ഞിരുന്നു,

അവർ അതിനെ മഴയായ് പെയ്യിച്ചു.

നൃത്തം ചെയ്യുന്ന ഇലകളോട്

ഞാൻ പറഞ്ഞിരുന്നു,

അവർ കാറ്റിലൂടെ അതിനെ പറത്തിവിട്ടു.

വീണപൂവിനോടും

ഞാൻ പറഞ്ഞിരുന്നു,

അത് മണ്ണിനോട് അടക്കം പറഞ്ഞു.

അവസാനം

എന്റെ കണ്ണീർപ്പുഴയിൽ കടലാസുതോണിയായി

ഞാൻ അവയെ പറഞ്ഞയച്ചു.

 

വരും കാലം

എന്റെ കണ്ണീർപ്പുഴ

നിന്റെ മനസ്സിലേക്ക്

ഞാനൊഴുക്കിവിടും...

അപ്പോൾ നമുക്കൊന്നാവാം...

കഥകൾ പറയാം...

സ്വപ്നങ്ങൾ കാണാം...

ശബ്ദിച്ചുകൊണ്ടിരിക്കാം...

യാത്ര വീണ്ടും തുടങ്ങാം...


ചിന്ത പി കെ  
Std 9, GVHSS, 
കാരാകുർശ്ശി, പാലക്കാട്