+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.
Showing posts with label peakahsam jalam poleyanu. Show all posts
Showing posts with label peakahsam jalam poleyanu. Show all posts

Sunday, August 20, 2023

പ്രകാശം ജലം പോലെയാണ്

   താൾ - 4

✍️ തനിമ എഴുതുന്നു 

മാജിക്കൽ റിയലിസം എന്ന രചനാ രീതിയുടെ സാധ്യതകൾ സമർത്ഥമായി ഉപയോഗിച്ചെഴുതപ്പെട്ട രചനകൾക്ക് മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു ചെറുകഥയാണ് ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ പ്രകാശം ജലം പോലെയാണ്. ലാറ്റിനമേരിക്കൻ തുറമുഖ നഗരമായ കാട്ജിനെ യിൽ നിന്ന് യൂറോപ്യൻ പരിഷ്കൃതനഗരമായ മാഡ്രിഡിലേക്ക് കുടിയേറേണ്ടി വന്ന ഒരു കുടുംബത്തിലെ ഒമ്പതു വയസുള്ള ടോട്ടോയും ഏഴ് വയസുകാരനായ, ജോവലുമാണ്   ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. നല്ല നിശ്ചയദാർഢ്യമുള്ളവരും ഭാവനാസമ്പന്നരുമായ അവർ ക്രിസ്തുമസ് സമ്മാനമായി ഒരു തുഴവള്ളം വാങ്ങിത്തരണമെന്ന നിർദ്ദേശം രക്ഷിതാക്കളുടെ മുന്നിൽ വയ്ക്കുന്നു. ഷവറിൽ നിന്നു വരുന്ന വെള്ളം മാത്രമുള്ള അഞ്ചാം നില അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അവരുടെ ആഗ്രഹം പ്രായോഗികമല്ലെങ്കിലും രക്ഷിതാക്കൾ അത് സാധിച്ചു കൊടുക്കുന്നു. അച്ഛനമ്മമാർ സിനിമയ്ക്കു പോകുന്ന ബുധനാഴ്ചകളിൽ കുട്ടികൾ ബൾബുകൾ പൊട്ടിച്ച് അവയിൽ നിന്ന് പ്രവഹിക്കുന്ന പ്രകാശ ജലത്തിൽ തോണിയിറക്കി വർഷങ്ങളായി ഇരുട്ടിലായിരുന്ന പലതിനെയും കണ്ടെടുക്കുന്നു. പല ദിവസങ്ങളിലും ഇത് തുടരുന്നുണ്ട്. ഒരു ദിവസം അവരുടെ രണ്ടുപേരുടെയും ക്ലാസുകളിലെ മുഴുവൻ കുട്ടികളും ഈ പ്രവൃത്തിയിൽ പങ്കു ചേരുകയും ഒരേ സമയം ഒന്നിച്ച് പല ബൾബുകൾ പൊട്ടിച്ചതു മൂലമുണ്ടായ പ്രകാശ പ്രളയത്തിൽ മുങ്ങിത്താഴുകയും ചെയ്തു.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന യൂറോപ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ വിലയിരുത്തേണ്ടത്. രണ്ട് സ്ഥലങ്ങൾ ഇവിടെ പരാമർശിക്കപ്പെടുന്നുണ്ട്. യൂറോപ്യൻ പരിഷ്കൃത നഗരമായ മാഡ്രിഡും, കടലും കപ്പലും വള്ളങ്ങളും ധാരാളമുള്ള തുറമുഖമായ കാട്ജിനെയും. കാട്ജിനെയുടെ സ്വച്ഛ വിശാലതയിൽ നിന്ന് മാഡ്രിഡിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലുള്ള അപ്പാർട്ട്മെന്റിന്റെ ഇടുങ്ങിയ കുടുസ്സിലേക്ക് പറിച്ചു നടപ്പെട്ടിരിക്കുകയാണ് ഈ കഥയിലെ കുടുംബം. വിട്ടു പോന്ന ഭൂമിയിലെ അനുഭവം തിരിച്ചു പിടിക്കണമെന്ന കുട്ടികളുടെ ആഗ്രഹം തങ്ങളുടെ മാതൃഭൂമിയിൽ നിന്ന് കുടിയിറക്കപ്പെട്ട ഒരു ജനതയുടെ ആഗ്രഹം കൂടിയാണ്.

മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതം എങ്ങനെയാണ് ഈ കഥയുടെ പ്രമേയാവിഷ്കാരത്തിന് മാർക്വേസ് പ്രയോജനപ്പെടുത്തുന്നത്? പ്രകാശം ജലം പോലെയാണ് എന്ന ശീർഷകം മുതൽ തുടങ്ങുന്നു, ഇതിലെ മാന്ത്രിക ഭാവന. കവിതാ ചർച്ചയ്ക്കിടയിൽ, ടാപ്പിൽ നിന്ന് ജലമൊഴുകുന്നതു പോലെ സ്വിച്ചിട്ടാൽ പ്രകാശം ഒഴുകുമെന്നൊരു ഭാവനയിലേക്ക് ആഖ്യാതാവ് കുട്ടികളെ എത്തിക്കുന്നുണ്ട്. പിന്നീടവർ പ്രകാശ ജലത്തിൽ വള്ളം തുഴയുകയും, മുങ്ങിത്തപ്പി പലതും കണ്ടെടുക്കുകയും ചെയ്യുന്നു. ആ പ്രകാശ ജലത്തിൽ അവരുടെ മുപ്പത്തിയേഴ് സഹപാഠികളും ഒഴുകി നടന്നു. ഒടുവിൽ അവർ മാഡ്രിഡ് നഗരത്തെയാകെ പ്രകാശ ജലത്താൽ നിറച്ചു.

മാഡ്രിഡിന്റെ നാഗരികതയോടുള്ള വിപ്രതിപത്തിയും കാട്ജിനെയെ തിരിച്ചു പിടിക്കാനുള്ള ആവേശവും കുട്ടികളുടെ ഭാവനയിലുണ്ട്. അങ്ങനെയാണവർ പ്രകാശ ജലത്തിൽ തുഴയുന്ന സാഹസിക യാത്രികരാവുന്നത്. പ്രകാശത്തെ അവർ ജലമാക്കി മാറ്റുന്നു.അവരുടെ സാഹസികതയും കുസൃതികളും സകല സീമകളും അതിലംഘിക്കുന്നു എന്നതിന്റെ സൂചനകളും കഥയിലുണ്ട്. ഇരുട്ടിലായിരുന്ന പലതിനെയും അവർ കണ്ടെടുക്കുന്നുണ്ട്. പ്രകാശ ജലത്തിൽ വശം തിരിഞ്ഞൊഴുകിയ ടെലിവിഷൻ സെറ്റ് പ്രദർശിപ്പിച്ചത് മുതിർന്നവർക്കു മാത്രമായുള്ള ഒരു പാതിരാപ്പടത്തിന്റെ ദൃശ്യങ്ങളായിരുന്നു.

പ്രകാശത്തിൽ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം ഒരിക്കലും സ്വന്തമാക്കാത്ത ആളുകളുള്ള മാഡ്രിഡ് എന്ന പട്ടണത്തിലാണിത് നടന്നത് എന്ന് കഥാകൃത്ത് സൂചിപ്പിക്കുന്നുണ്ട്. പ്രകാശത്തിൽ തുഴഞ്ഞു നടക്കുക എന്നത് ഗ്രഹിക്കണമെങ്കിൽ ശാസ്ത്ര യുക്തി പോര, ഭാവനയുടെ അനന്തസാധ്യതകളിലേക്ക് നയിക്കുന്ന മാനസിക വ്യാപാരമുണ്ടാവണം. യൂറോപ്യൻ പരിഷ്കൃത നാഗരികതയ്ക്കില്ലാത്തഈ ഭാവനാസമ്പന്നത ഏറെക്കാലം അവരുടെ കോളനിയായിരുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കുണ്ട്.

ഭാവനയുടെ ഈ മാന്ത്രികതയാണ് വീട്ടുപകരണങ്ങളിൽ കവിത തിരയുന്നതിലും, പൊട്ടിയ ബൾബിൽ നിന്നും തണുത്ത വെള്ളത്തിന്റെ കുത്തൊഴുക്കു പോലെ സ്വർണ്ണപ്രകാശം കുതിച്ചുചാടുന്നതിലും , തുഴവള്ളത്തിൽ വീടിനുള്ളിലെ ദ്വീപുകളിലേക്ക് സഞ്ചരിക്കുന്നതിലും , വീട്ടുപകരണങ്ങൾ അടുക്കളയുടെ ആകാശത്ത് ചിറക് വിടർത്തി പറക്കുന്നതിലും മറ്റും കാണുന്നത്. മുതിർന്നവരെക്കാൾ ഭാവനാസമ്പന്നരായ കുട്ടികൾ കാട്ജിനെയെ മാഡ്രിഡിൽ പുന:സൃഷ്ടിക്കുന്നു.

 

ഗബ്രിയേൽ ഗാർസിയ മാർക്വെസ് 


ഗാബോ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഗബ്രിയേൽ ഗാർസിയ മാർക്വെസ് മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതത്തിലൂടെയാണ് ലാറ്റിനമേരിക്കൻ സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുന്നത്. 1927 മാർച്ച് 6 ന് കൊളംബിയയിലെ അരാക്കറ്റയിൽ അദ്ദേഹം ജനിച്ചു.

നോവലിസ്‌റ്റ്‌, പത്രപ്രവർത്തകൻ, പ്രസാധകൻ, രാഷ്ട്രീയ പ്രവർത്തകൻ, ചെറുകഥാ കൃത്ത് എന്നീ നിലകളിൽ വിഖ്യാതനായ മാർക്വെസ് ഏൽ എസ്ചക്ടഡോർ എന്ന ദിനപ്പത്രത്തിലൂടെയാണ് എഴുത്തിന്റെ ലോകത്തേക്കു കടന്നത്. പത്രപ്രവർത്തന രംഗത്തെ അനുഭവങ്ങൾ അദ്ദേഹത്തിന്റെ എഴുത്തിന് മുതൽക്കൂട്ടായി എന്നു പറയാം. 1955 ൽ പുറത്തുവന്ന The Story of a Shipwrecked Sailor (കപ്പൽച്ചേതത്തിലകപ്പെട്ട ഒരു നാവികന്റെ കഥ ) എന്ന കൃതിയിലൂടെയാണ് മാർക്വേസ് സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചത്. One hundred Years of Solitude ( ഏകാന്തതയുടെ നൂറ് വർഷങ്ങൾ ) എന്ന രചന അദ്ദേഹത്തെ ലോക പ്രശസ്തനാക്കി. ഈ കൃതിക്ക് 1982 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

പൈശാചിക നേരത്ത് ( In Evil Hour ), ഏകാന്തതയുടെ നൂറ് വർഷങ്ങൾ ( One hundred years of Solitude, കോളറാകാലത്തെ പ്രണയം ( Love in the time of Cholera ), ജനറൽ തന്റെ രാവണൻ കോട്ടയിൽ ( General in his Labyrinth ), ആരും കേണലിനെഴുതുന്നില്ല ( No one writes to Colonel ), ഇലക്കൊടുങ്കാറ്റ് ( Leaf Storm ) തുടങ്ങിയവയാണ് പ്രധാന കൃതികൾ

മാജിക്കൽ റിയലിസം

ഒരു സാഹിത്യ രചനയെ സംബന്ധിച്ച് എന്തെഴുതുന്നു എന്നതു പോലെ പ്രധാനമാണ് എങ്ങനെ എഴുതുന്നു എന്നതും. ഭാവ സംവേദനത്തിന്റെ തെളിമയ്ക്കു വേണ്ടി എഴുത്തുകാർ പല ആഖ്യാനതന്ത്രങ്ങളും അവലംബിക്കാറുണ്ട്. അത്തരത്തിൽ ഒരു രചനാ രീതിയാണ് മാജിക്കൽ റിയലിസം. കൃതിയുടെ ആഖ്യാനത്തിലെ മാന്ത്രികമായ വർണ്ണനകളാണ് മാജിക്കൽ റിയലിസത്തിന് അടിസ്ഥാനം മാന്ത്രികമോ അമാനുഷികമോ ആയ കാര്യങ്ങൾ യാഥാർത്ഥ്യത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. അതായത് യഥാർത്ഥമായ കാര്യം പറയുന്നതിന് മാന്ത്രിക ഘടകങ്ങൾ ഉപയോഗിക്കുന്നു. മാജിക്കൽ റിയലിസത്തിന്റെ കുലപതിയായി കണക്കാക്കുന്നത് മാർക്വേസിനെയാണെങ്കിലും ഏറെ മുൻപു തന്നെ ഈ രചനാ രീതി സ്പാനിഷ് അമേരിക്കൻ നോവലിൽ സജീവമായിരുന്നു. മിഷേൽ ആൻ ഹെൽ അസ്തുറിയാസും അലേ ഹോ കാർപെന്റിയേയുമാണ് ഇതിന്റെ പ്രഥമ പ്രചാരകർ. മാജിക്കൽ റിയലിസ്റ്റിക് ആഖ്യാന രീതി പല ലാറ്റിനമേരിക്കൻ നോവലുകളിലും കാണുന്നുണ്ട്. കോർടസാറിന്റെ എൻഡ് ഓഫ് ദി ഗെയിം, യോസയുടെ ടൈം ഓഫ് ദി ഹീറോ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. മാർക്വേസിന്റെ പല കൃതികളിലും മാന്ത്രി കവർണ്ണനകളുടെ ധാരാളിത്തം കാണാം. പാതിരി ചോക്ലേറ്റ് കഴിക്കുമ്പോൾ ആകാശത്തേക്കുയരുന്നത്, എറേൻഡിറ എന്ന കഥയിലെ ഉലീസസ് എന്ന കഥാപാത്രം ഗ്ലാസിൽ തൊടുന്ന സന്ദർഭങ്ങളിലെല്ലാം അതിന്റെ നിറം മാറുന്നത് എന്നിങ്ങനെ. ചില ഉദാഹരണങ്ങളിലൂടെ ഇത് കൂടുതൽ വിശദമാക്കാം.

മാർക്വേസിന്റെ Chronicle of a Death fortold എന്ന നോവലിൽ ഒരു തെറ്റിദ്ധാരണയുടെ പേരിൽ രണ്ടു പേർ സാന്റിയാഗോ നാസർ എന്നയാളിനെ ആക്രമിക്കുന്നു. കത്തി താഴ്ത്തിയിട്ടും ചോര ലേശവും പൊടിഞ്ഞില്ലെന്നും കുടൽമാല പുറത്തു വന്നെങ്കിലും അയാൾ അതിൽ പറ്റിയ അഴുക്ക് തുടച്ചു കളയുകയാണെന്നുമാണ് എഴുത്തുകാരൻ വർണ്ണിക്കുന്നത്. ഇതൊരു മാന്ത്രികമായ അവതരണമാണ്. സാന്റിയാഗോ നാസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽ യാതൊരടിസ്ഥാനവുമില്ല എന്ന വസ്തുതയാണ് ഈ വർണ്ണനയിലൂടെ വ്യക്തമാക്കപ്പെടുന്നത്. കൊല്ലപ്പെട്ട മകന്റെ രക്തം തെരുവിലൂടെ ഒഴുകി ഏറെ അകലെയുള്ള അമ്മയുടെ പാദത്തിൽ സ്പർശിച്ചുവെന്ന് മാർക്വേസിന്റെ മറ്റൊരു രചനയിൽ വിവരിക്കുന്നുണ്ട്. മകൻ മരിച്ചുവെന്ന് അമ്മയ്ക്ക് ബോധ്യമാവുന്നു എന്നതോടൊപ്പം അവർ തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം കൂടി ഈ വർണ്ണനയിലൂടെ സൂചിതമാവുന്നു. ഇവിടെ മാന്ത്രികമായ അവതരണം യാഥാർത്ഥ്യത്തെ കൂടുതൽ മിഴിവോടെ സംവേദിപ്പിക്കാനുള്ള ഉപാധിയായി മാറുന്നു. പ്രമേയം, യഥാർത്ഥ വ്യക്തികളും സംഭവങ്ങളുമാവുമ്പോൾ ആഖ്യാന രീതി മാന്ത്രികമാവുന്നു.

മാജിക്കൽ റിയലിസം ഫാന്റസിയിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. യാഥാർത്ഥ്യബോധത്തോടെ കഥ പറയുന്നതിനിടയിൽ വർണ്ണനകളിൽ വരുത്തുന്ന മാന്ത്രികതയാണ് മാജിക്കൽ റിയലിസത്തിന്റെ അടിസ്ഥാനമെങ്കിൽ, ഫാന്റസി അയഥാർത്ഥമായൊരന്തരീക്ഷം കഥയിലുടനീളം കൊണ്ടുവരുന്നു. യാഥാർത്ഥ്യത്തിൽ നിന്നുള്ള പൂർണ്ണമായൊരു വിച്ഛേദനമാണിത്.

 

ലാറ്റിനമേരിക്കൻ രാജ്യങ്ങൾ

ഫുട്ബോളിനോടുള്ള അഭിനിവേശം, സാഹിത്യം, ഭാഷ, സംസ്കാരം ഇവയുടെ ബഹുസ്വരത എന്നിവകളാൽ ലോക ശ്രദ്ധ നേടിയ പ്രദേശമാണ് ലാറ്റിനമേരിക്ക. 15-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 18-ാം നൂറ്റാണ്ട് വരെ സ്പെയിനിന്റെയും പോർച്ചുഗലിന്റെയും അധിനിവേശ പ്രദേശങ്ങളായിരുന്നു ഇവ. ഏറെക്കാലത്തെ കോളനിവത്കരണത്തിന്റെ ഫലമായുണ്ടായ സാംസ്കാരികവും ഭാഷാപരവുമായ അന്യവത്കരണത്തോടുള്ള പ്രതിഷേധത്തിന്റെ സൂചനകൾ ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ ദർശിക്കാം. മാർക്വേസിനെ കൂടാതെ പാബ്ലോ നെരൂദ, ഒക്ടോവിയോ പാസ്, ഹുവാൻ റുൾഫോ, ബോർഹസ് തുടങ്ങിയവരും ലാറ്റിനമേരിക്കയെ ലോക സാഹിത്യ ഭൂപടത്തിൽ അടയാളപ്പെടുത്തിയവരാണ്. കോസ്റ്റാറിക്ക, നിക്കരാഗ്വ, പനാമ, അർജന്റീന, ബൊളീവിയ, ബ്രസീൽ, ചിലി, കൊളംബിയ, ഇക്വഡോർ, ഗയാന, പെറു, ക്യൂബ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ലാറ്റിനമേരിക്കൻ രാജ്യങ്ങൾ.





Monday, July 4, 2022

PLUS TWO : NOTE പ്രകാശം ജലം പോലെയാണ് ( With PDF )

 


പ്രകാശം ജലം പോലെയാണ്


ടലും കപ്പലും വള്ളങ്ങളും ധാരാളമുള്ള തുറമുഖ നഗരമാണ് കാട്ജിന. ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളായ ടോട്ടോ, ജോവൽ എന്നീ കുട്ടികൾ കുട്ടിക്കാലം ചെലവഴിച്ചതവിടെയാണ്. വള്ളം വയ്ക്കാൻ ഷെഡും ബോട്ടടുപ്പിക്കാൻ സ്ഥലവും വിശാലമായ മുറ്റവുമുള്ള കാട്ജിനയിലെ വീട്ടിൽ നിന്ന് അവർ പറിച്ചു മാറ്റപ്പെടുന്നിടത്തു നിന്നാണ് മാർക്വെസിന്റെ ' പ്രകാശം ജലം പോലെയാണ് ' എന്ന കഥ ആരംഭിക്കുന്നത്.

ഇപ്പോൾ അവർ യൂറോപ്യൻ പരിഷ്കൃതനഗരമായ മാഡ്രിഡിലാണ് താമസിക്കുന്നത്. ഒരു വലിയ ഫ്ലാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലെ അപ്പാർട്ടുമെന്റിൽ അച്ഛനമ്മമാർക്കൊപ്പം കഴിയുന്നു. കടൽ മുറ്റത്തിന്റെ വിശാലവിസ്തൃതിയിൽ നിന്നും ഫ്ലാറ്റിന്റെ കൃത്യ ചതുരത്തിലേക്കും നിശ്ചലതയിലേക്കും കുട്ടികൾ എത്തിച്ചേർന്നിരിക്കുന്നു. ഈയൊരു പ്രവാസത്തിന്റെ  സംത്രാസത്തെയാണ് കഥാകാരൻ കഥയിൽ അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്.

 ഫ്ലാറ്റിലെത്തിയപാടേ അവർ മാതാപിതാക്കളോട് ആവശ്യപ്പെടുന്നത് ഒരു തുഴവള്ളമാണ്. ഫ്ലാറ്റിനകത്ത് അകപ്പെട്ടപ്പോഴും തങ്ങളുടെ ജൈവ ചോദനങ്ങൾ കൈവിടാൻ കുട്ടികൾ തയ്യാറാവുന്നില്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. പ്ലാറ്റിൽ വള്ളം തുഴയാൻ ഷവറിൽ നിന്നു വരുന്ന വെള്ളമല്ലേയുള്ളൂ എന്ന് അമ്മ മറുപടി പറയുന്നു. പഠനത്തിൽ മികവ് പുലർത്തി സമ്മാനം വാങ്ങിയാൽ തുഴവള്ളം വാങ്ങിത്തരാമെന്ന് മാതാപിതാക്കൾ ഒരുമിച്ച് വാഗ്ദാനം ചെയ്യുന്നു.

കുട്ടികളുടെ മനസു നിറയെ തുഴവള്ളവും കടലും ഒക്കെയാണ്. ഭൂതകാലത്തിലെ ആ സൗഭാഗ്യങ്ങൾ തിരിച്ചുപിടിക്കാൻ അവർ പരിശ്രമിക്കുന്നു. നന്നായി പഠിച്ച് അവർ സമ്മാനം വാങ്ങുന്നു. പിതാവ് വാഗ്ദാനം ചെയ്ത പോലെ തുഴവള്ളം വാങ്ങിക്കൊടുക്കുന്നു.

ഫ്ലാറ്റിലെ കാർഷെഡ്ഡിലാണ് തുഴവള്ളം കൊണ്ടു വച്ചത്. പിന്നീട് കൂട്ടുകാരുടെ സഹായത്തോടെ , അഞ്ചാം നിലയിലെ അപ്പാർട്ടുമെന്റിലെ മുറിയിലേക്ക് വള്ളത്തെ വലച്ചു കയറ്റി.

ഒരു കവിതാ ചർച്ചയ്ക്കിടയിൽ - സ്വിച്ചിൽ തൊട്ടാൽ പ്രകാശം വരുന്നതെങ്ങനെ എന്ന് അച്ഛനോട് ചോദിക്കുന്നു ടോട്ടോ. ടാപ്പ് തുറന്നാൽ ജലമൊഴുകുന്നതു പോലെ സ്വിച്ചിൽ തൊട്ടാൽ പ്രകാശമൊഴുമെന്നൊരു ഭാവന അയാൾ അവതരിപ്പിക്കുന്നു. പ്രകാശം ജലം പോലെയാണ് എന്നാണ് അച്ഛൻ നൽകിയ വിശദീകരണം. ഇവിടം മുതലാണ്  കഥാഖ്യാനത്തിൽ (കഥ പറച്ചിലിൽ ) മാജിക്കൽ റിയലിസമെന്ന  രചനാസങ്കേതത്തെ മാർക്വെസ് പ്രയോജനപ്പെടുത്തുന്നത്. അച്ഛനല്ല, ആഖ്യാതാവുതന്നെയാണ് കഥയിൽ പ്രത്യക്ഷപ്പെട്ട് ടോട്ടോയുടെ മനസ്സിനെ മാന്ത്രികതയിലേക്ക് നയിക്കുന്നതെന്ന വായനയും ഇവിടെ സാധ്യമാണ്.

പ്രകാശമുള്ള ഒരു വിളക്ക് ( ബൾബ് ) കുട്ടികൾ പൊട്ടിക്കുന്നു. സ്വർണ പ്രകാശം മുറിയാകെ ഒഴുകി. പ്രകാശ ജലത്തിൽ കുട്ടികൾ വള്ളം തുഴയുന്നതായി ചിത്രീകരിച്ചിരിക്കുന്നു. തങ്ങൾക്ക് നഷ്ടപ്പെട്ടു പോയ പ്രകൃതിയെ വീണ്ടെടുക്കുകയാണിവിടെ കുട്ടികൾ. യഥാർഥത്തിൽ മാഡ്രിഡിനെ കാട്ജിനയാക്കി മാറ്റുകയാണ് അവർ.


(🌲നാലോ അഞ്ചോ വാക്യത്തിൽ ഉത്തരമെഴുതുക. 🌹സകോർ 4 )

🌹Q 1 . "പ്രകാരം ജലം പോലെയാണ്. ടാപ്പ് തുറന്നാൽ മതി കുതിച്ചൊഴുകും " . ഈ വാക്യത്തിന് കഥയിലുള്ള പ്രാധാന്യമെന്ത്?

മാന്ത്രിക യാഥാർത്ഥ്യത്തിന്റെ വശ്യസൗന്ദര്യം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച മാർക്വെസിന്റെ , പ്രകാശം ജലം പോലെയാണ് എന്ന കഥയെ മാന്ത്രികാന്തരീക്ഷത്തിലേക്ക് നയിക്കുന്നത് ഈ വാക്യമാണ്. ഒരു ചർച്ചയ്ക്കിടയിൽ ആഖ്യാതാവ് ടോട്ടോയോടു പറഞ്ഞ ഈ വാക്യം കുട്ടികൾക്ക് ഭാവനാ ലോകത്തിന്റെ കവാടം തുറന്നു കൊടുക്കുന്നു. കാട്ജിനെയിൽ നിന്ന് പലായനം ചെയ്തപ്പോൾ കുട്ടികൾക്ക് നഷ്ടമായ ബാല്യ സൗഭാഗ്യങ്ങൾ അവർ മാഡ്രിഡിൽ പുന:സൃഷ്ടിക്കുന്നു. ടാപ്പിൽ നിന്ന് വരുന്ന വെള്ളം മാത്രമുള്ള കുടുസു ഫ്ലാറ്റിനുള്ളിൽ പ്രകാശജലാശയം സൃഷ്ടിച്ച് അതിൽ വള്ളം തുഴഞ്ഞ് രസിക്കാനും മുങ്ങിത്തപ്പാനും ബോട്ടപകടം സൃഷ്ടിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നത് ആഖ്യാതാവിന്റെ ഈ പരാമർശം കുട്ടികൾക്ക് മുന്നിൽ തുറന്നിട്ട ഭാവനയുടെ സാദ്ധ്യതകളാണ്.

🌹Q 2 . കാട്ജിനെ , മാഡ്രിഡ് എന്നീ സ്ഥലങ്ങൾക്ക് പ്രകാശം ജലം പോലെയാണ് എന്ന കഥയിലുള്ള പ്രാധാന്യമെന്ത് ?

മാർക്വെസിന്റെ പ്രകാശം ജലം പോലെയാണ് എന്ന കഥയിലെ ടോട്ടോ , ജോവൽ എന്നീ എലിമന്ററി സ്കൂൾ കുട്ടികളുടെ ജന്മ ദേശമാണ് കാട്ജിനെ. കൊളംബിയയിലെ ഒരു തുറമുഖ പട്ടണം. കടലും കടൽത്തീരവും വള്ളവും ധാരാളം കളിയിടങ്ങളുമുള്ള കാട് ജിനെയിൽ ഉല്ലാസഭരിതമായ ജീവിതമാണ് അവർ നയിച്ചത്. അച്ഛൻ ചൂത് കളിച്ചുണ്ടായ കടം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ആ കുടുംബം സ്പെയിനിലെ പരിഷ്കൃത നഗരമായ മാഡ്രിഡിലേക്ക് കുടിയേറിയത്. കടലും കളിയിടങ്ങളും ഉള്ള കാട് ജിനെയിൽ നിന്ന് നദിയോ മറ്റ് ജലാശയങ്ങളോ ഇല്ലാത്ത പൊള്ളുന്ന വേനലുള്ള മാഡ്രിഡിലെ കുടുസ് ഫ്ലാറ്റിലേക്ക് ഒതുങ്ങിക്കൂടേണ്ടി വന്ന ടോട്ടോവും ജോവലും അനുഭവിക്കുന്ന ആത്മസംഘർഷവും അത് മറികടക്കാൻ അവർ നടത്തുന്ന ഭാവനാ സഞ്ചാരവുമാണ് ഈ കഥയുടെ മൂഖ്യ പ്രമേയം. അതുകൊണ്ട് ഈ രണ്ട് സ്ഥലങ്ങൾക്ക് കഥയിൽ വലിയ പ്രാധാന്യമുണ്ട് .

🌹Q 3 . കൊളംബിയയിൽ അധിനിവേശം നടത്തിയ സ്പെയിനിനോട് എഴുത്തുകാരന്റെ ഉള്ളിൽ നീറുന്ന പ്രതിഷേധത്തിന്റെ സൂചനകൾ പ്രകാശം ജലം പോലെയാണ് എന്ന കഥയിൽ കണ്ടെത്താനാവുമോ?

കുറിപ്പെഴുതുക.

  കൊളംബിയൻ എഴുത്തുകാരനായ മാർക്വെസിന്റെ പ്രകാശം ജലം പോലെയാണ് എന്ന കഥയ്ക്ക് ചില രാഷ്ട്രീയ മാനങ്ങൾ ഉണ്ട്. കൊളംബിയയിൽ അധിനിവേശം നടത്തിയ സ്പെയിനിനോട് ഉള്ളിൽ നീരസം ഉള്ള എഴുത്തുകാരനാണ് മാർക്വെസ്.  അതിന്റെ സൂചനകൾ പ്രകാശം ജലം പോലെയാണ് എന്ന കഥയിൽ കാണാം. സ്പെയിനിന്റെ പ്രിയ പുഷ്പമായ ജറാനിയത്തിന്റെ ചെടിച്ചട്ടിയിൽ സ്കൂളിലെ കുട്ടികൾ മൂത്രമൊഴിക്കുന്നു. അവർ സ്പെയിനിന്റെ ദേശീയ ഗാനത്തിന് പാരഡി ഉണ്ടാക്കി പാടുന്നു. കഥയുടെ അന്ത്യത്തിൽ സ്പെയിനിനെക്കുറിച്ച് ' നദിയോ കടലോ ഇല്ലാത്ത പ്രകാശത്തിൽ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം ഒരിക്കലും സ്വന്തമാക്കാത്ത ആളുകളുള്ള മാഡ്രിഡ് '  എന്ന പരാമർശത്തിൽ മാജിക്കൽ റിയലിസത്തിന്റെ വശ്യ സൗന്ദര്യം ഒരിക്കലും മനസിലാവാത്ത അരസികന്മാർ ജീവിക്കുന്ന മാഡ്രിഡ് എന്ന സൂചനയാണു ഉള്ളത്. ഇവിടെയെല്ലാം മാർക്വെസിന് സ്പെയിനിനോടുള്ള നീരസം പ്രകടമാണ്.

🌹4 . കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതിലും ഭാവനാത്മകമായ ജീവിതം കരുപ്പിടിപ്പിക്കുന്നതിലും മുതിർന്നവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രകാശം ജലം പോലെയാണ് എന്ന കഥയിൽ നിന്ന് ഇതിനുള്ള തെളിവുകൾ കണ്ടെത്തി എഴുതുക.

ഗബ്രിയേൽ ഗാർസ്യ മാർക്വെസ് എഴുതിയ പ്രകാശം ജലം പോലെയാണ് എന്ന കഥയിലെ ടോട്ടോവും ജോവലും ബുദ്ധിശാലികളും ഭാവനാശാലികളും ആണ്. അവരെ അത്തരത്തിൽ വളർത്തുന്നതിൽ ഈ കഥയിലെ മുതിർന്നവരായ അച്ഛനമ്മമാർക്കും ആഖ്യാതാവിനും വലിയ പങ്കുണ്ട്. കുട്ടികളുടെ ആഗ്രഹങ്ങളായ കളിവള്ളവും മുങ്ങൽ വേഷങ്ങളും വാങ്ങികൊടുക്കാം എന്ന വാഗ്ദാനം നൽകിക്കൊണ്ട് അവരെ പഠനത്തിൽ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ആ വാക്ക് പാലിക്കുന്നു. കാട് ജിനെയിലെ സുന്ദരജീവിതം നഷ്ടപ്പെട്ടതിന്റെ സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് മാഡ്രിഡിൽ സ്വാതന്ത്ര്യവും പിൻതുണയും വേണ്ടത്ര നൽകിക്കൊണ്ട് അവരുടെ വ്യക്തിത്വ വളർച്ചയ്ക് പിൻതുണയാവുന്നുണ്ട് മാതാപിതാക്കൾ . വേണമെന്ന് വച്ചാൽ ഇവർ ടീച്ചറിന്റെ കസേര പോലും നേടിയെടുക്കും എന്ന് അമ്മ കുട്ടികളെക്കുറിച്ച് പറയുന്ന വാക്യത്തിലുമുണ്ട് മക്കളുടെ പ്രവർത്തന മികവിനെക്കുറിച്ചുള്ള അഭിമാനം.മാഡ്രിഡിലെ കുടുസുമുറിയിൽ കാട് ജിനെ പുന:സൃഷ്ടിക്കുന്ന മായിക സഞ്ചാരങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതും മുതിർന്ന കഥാപാത്രമായ ആഖ്യാതാവ് പറഞ്ഞ പ്രകാശം ജലം പോലെയാണ് എന്ന പരാമർശമാണ്.

 

( 🌲 ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. ✌🏾 സകോർ 6 )

🌹 Q 1 . മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതം പ്രകാശം ജലം പോലെയാണ് എന്ന കഥയുടെ പ്രമേയാവിഷ്കാരത്തിന് പ്രയോജനപ്പെടുത്തിയിരിക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുക.

ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ രൂപപ്പെടുകയും ലോകമെമ്പാടും പ്രചാരം നേടുകയും ചെയ്ത രചനാ സങ്കേതമാണ് മാജിക്കൽ റിയലിസം അഥവാ മാന്ത്രിക യാഥാർത്ഥ്യം. 1982  ൽ നോബൽ സമ്മാനം നേടിയ ഗബ്രിയേൽ ഗാർസ്യ മാർക്വെസിന്റെ രചനകളാണ് മാജിക്കൽ റിയലിസത്തിന്റെ വിശ്വവ്യാപക പ്രചാരത്തിന് മുഖ്യ കാരണമായത്.

പ്രമേയം യാഥാർത്ഥ്യമായിരിക്കുകയും അതിന്റെ അവതരണം മാന്ത്രികമായിരിക്കുകയും ചെയ്യുക എന്നതാണ് മാജിക്കൽ റിയലിസത്തിന്റെ സവിശേഷത. ഒരു യഥാർത്ഥ വിഷയത്തെ മാന്ത്രികമായ അന്തരീക്ഷത്തിൽ മാന്ത്രികരംഗങ്ങളിലൂടെ അവതരിപ്പിക്കുക എന്നർത്ഥം.

ഗാബോയുടെ ( മാർക്വെസ് ) പ്രകാശം ജലം പോലെയാണ് എന്ന കഥയിൽ ഉപയോഗിച്ചിരിക്കുന്നത് മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതമാണ്.

 കൊളംബിയയിലെ കാട്ജിനെ എന്ന തുറമുഖ പട്ടണത്തിൽ നിന്ന് സ്പെയിനിലെ മാഡ്രിഡ് എന്ന  പരിഷ്കൃത നഗരത്തിലേക്ക് കൂടിയേറേണ്ടി വന്ന ടോട്ടോ , ജോവൽ എന്നീ കൊച്ചു കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷവും അത് മറികടക്കാൻ അവർ നടത്തുന്ന ശ്രമങ്ങളുമാണ് ഈ കഥയിലെ പ്രമേയം . കാട് ജിനെയിലെ കടലോരവും കളിയിടങ്ങളും നഷ്ടപ്പെട്ട് മാഡ്രിഡിലെ കുടുസ് ഫ്ലാറ്റിലേക്ക് ഒതുങ്ങിക്കൂടേണ്ടി വന്ന കുട്ടികൾ ആ മുറിയിൽ ഭാവനയിലൂടെ കാട്ജിനെ പുന:സൃഷ്ടിക്കുന്നു. ഇവിടെയാണ് കഥയിൽ മാന്ത്രികത ഉപയോഗിക്കുന്നത്. ബൾബ് തുറന്ന് വിട്ട് മുറിയിൽ പ്രകാശം തളം കെട്ടി നിർത്തുന്നതും അവർ പ്രകാശ ജലത്തിൽ വള്ളം തുഴയുന്നതും മുങ്ങൽ വസ്ത്രങ്ങളണിഞ്ഞ് മുങ്ങിത്തപ്പുന്നതും ബോട്ടപകടം ഉണ്ടാവുന്നതും എല്ലാം അവരുടെ ഭാവനാ സഞ്ചാരങ്ങളാണ്. അസംഭവ്യം എന്നറിഞ്ഞു കൊണ്ടു തന്നെ നമുക്കത് യാഥാർത്ഥ്യം പോലെ ആസ്വദിക്കാനാവുന്നു. ഇങ്ങനെ ആവിഷ്ക്കരിക്കുമ്പോൾ പ്രമേയത്തിന് കൂടുതൽ മിഴിവും ആസ്വാദ്യതയും കിട്ടുന്നു എന്നതാണ് മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതം ഈ കഥയിൽ സ്വീകരിച്ചതിന്റെ മെച്ചം.

 

( 🎋 ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക 🌺സകോർ 8 )

🌹Q 1 . പ്രകാശം ജലം പോലെയാണ് എന്ന കഥയിലെ മാന്ത്രികരംഗങ്ങൾ ഏതെല്ലാം

കഥയുടെ പ്രമേയാവിഷ്കാരത്തിൽ ഈ രംഗങ്ങൾ എത്രത്തോളം പ്രധാനമാണെന്ന് വിശദമാക്കുക.

കൊളംബിയൻ സാഹിത്യകാരനായ ഗബ്രിയേൽ ഗാർഷ്യ മാർക്ക്വേസ് എഴുതിയ കഥയാണ് ' പ്രകാശം ജലം പോലെയാണ് ' . ഗാബോ എന്ന വിളിപ്പേരുള്ള അദ്ദേഹത്തിന് 1982 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഗാബോയുടെ കൃതികളിലൂടെ മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതം ലോകമെങ്ങും പ്രചരിച്ചു. ലാറ്റിനമേരിക്കയുടെ ചരിത്രവും വർത്തമാനവുമാണ് ഗാബോയുടെ കൃതികളിലെ മാന്ത്രിക യാഥാർത്ഥ്യങ്ങളിൽ ഒളിഞ്ഞ് കിടക്കുന്നത്.

അച്ഛനമ്മമാരോടൊപ്പം കാഡ്ജിനെ എന്ന കൊളംബിയൻ തുറമുഖ പട്ടണത്തിൽ നിന്ന് സ്പെയിനിലെ പരിഷ്കൃതനഗരമായ മാഡ്രിഡിലേക്ക് കുടിയേറേണ്ടി വന്നവരാണ് ടോട്ടോ, ജോവൽ എന്നീ കുട്ടികൾ.

കടലോരവും വള്ളവും കളിയിടങ്ങളും ഉണ്ടായിരുന്ന കാഡ്ജിനെ വിട്ട് മാഡ്രിഡ് നഗരത്തിലെ കുടുസു ഫ്ലാറ്റിലേക്ക് കുടിയേറേണ്ടി വന്നത് കുട്ടികളിൽ വലിയ നഷ്ടബോധവും സംഘർഷവും സൃഷ്ടിച്ചു. കാഡ്ജിനെയിലെ നഷ്ട സൗഭാഗ്യങ്ങൾ തിരികെ പിടിക്കാൻ കുട്ടികൾ നടത്തുന്ന ശ്രമമാണ് കഥയുടെ മുഖ്യ പ്രമേയം. അവർ ഭാവനയിലൂടെ മാഡ്രിഡിലെ ഇടുങ്ങിയ ഫ്ലാറ്റിൽ കാഡ്ജിനെ പുന:സൃഷ്ടിക്കുന്നു.ഇവിടെയാണ് കഥയിൽ മാന്ത്രിക രംഗങ്ങൾ ഉള്ളത്.

മൂന്ന് മാന്ത്രികരംഗങ്ങളാണ് കഥയിൽ ഉള്ളത്. അച്ഛനമ്മമാർ ഇല്ലാത്ത നേരത്ത് മുറിയിലെ വൈദ്യുത വിളക്കുകളിൽ ഒന്ന് തുറന്ന് വിട്ട് മുറിയിൽ മൂന്നടി ഉയരത്തിൽ പ്രകാശം നിറച്ചതിന് ശേഷം കുട്ടികൾ അതിൽ തങ്ങളുടെ കളിവള്ളം തുഴഞ്ഞ് രസിക്കുന്നതാണ് ആദ്യ മാന്ത്രിക രംഗം .

കൂടുതൽ പ്രകാശം തുറന്ന് വിട്ട് മുറിയിൽ പന്ത്രണ്ടടി ആഴമുള്ള പ്രകാശ ജലാശയം സൃഷ്ടിച്ച് അതിൽ മുങ്ങിത്തപ്പി നിധികൾ പലതും കണ്ടെടുക്കുന്നതാണ് രണ്ടാമത്തെ മാന്ത്രിക രംഗം.

കൂട്ടുകാരുമൊത്തുള്ള വിരുന്നിൽ വച്ച് ആ വീട്ടിലെ എല്ലാ വിളക്കുകളും ഒന്നിച്ച് തുറന്ന് വിട്ട് പ്രകാശ പ്രളയം സൃഷ്ടിക്കുന്നതാണ് മൂന്നാമത്തെ മാന്ത്രിക രംഗം. ആ പ്രളയത്തിൽ അവരുടെ ബോട്ട് മറിഞ്ഞ് കൂട്ടുകാരെല്ലാം മരിക്കുകയും അവിടമാകെ പ്രകാശത്തിന്റെ ചതുപ്പാവുകയും ചെയ്തു. പ്രളയപ്രകാശം മാഡ്രിഡ് നഗരത്തെയും മുക്കിക്കളഞ്ഞു.

ഈ മൂന്ന് മാന്ത്രിക രംഗങ്ങളിലൂടെ തങ്ങളുടെ നഷ്ട സൗഭാഗ്യങ്ങൾ വീണ്ടെടുക്കാൻ കുട്ടികൾ നടത്തുന്ന ശ്രമങ്ങളാണ് ഗാബോ അവതരിപ്പിക്കുന്നത്. പ്രകാശം ജലം പോലെയാണെന്ന് ആഖ്യാതാവ് നടത്തിയ പരാമർശമാണ് ഈ ഭാവനാ സഞ്ചാരത്തിന് കുട്ടികൾക്ക് പ്രേരണയായത്. വെള്ളവും കടലോരവും വള്ളവും കളിയിടങ്ങളും നഷ്ടപ്പെട്ട കുട്ടികൾ ഭാവനയിലൂടെ അവ വീണ്ടെടുക്കുന്നു. ആ വീണ്ടെടുപ്പാണ് കഥയിലെ മാന്ത്രിക രംഗങ്ങളിലൂടെ ആവിഷ്കരിക്കുന്നത്.

  യാഥാർത്ഥ്യത്തെ മാന്ത്രിക രംഗങ്ങളിലൂടെ അവതരിപ്പിക്കുന്ന മാജിക്കൽ റിയലിസമാണ് ഇവിടെ പ്രമേയാവിഷ്കാരത്തെ കൂടുതൽ സുന്ദരമാക്കുന്നത് .


നോട്ട് തയ്യാറാക്കിയത് : അജയകുമാർ ബി , ഗവ. HSS  , ചുനക്കര , ആലപ്പുഴ ജില്ല )



നോട്ട് pdf ആയി ചുവടെയുള്ള ലിങ്കിൽ നിന്ന് ലഭിക്കും.

       Prakasham jalam poleyanu Note PDF