+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.
Showing posts with label തനിമ എഴുതുന്നു. Show all posts
Showing posts with label തനിമ എഴുതുന്നു. Show all posts

Thursday, September 28, 2023

സർറിയലിസം , ഫാന്റസി…..

 താൾ - 5

✍️ തനിമ എഴുതുന്നു 

കലയും സാഹിത്യവും പരസ്പര പൂരകങ്ങളാണ്. രണ്ടും മനസിനെ വിമലീകരിക്കുന്നതോടൊപ്പം മൂല്യബോധം പകരുകയും ചെയ്യുന്നു. എം.എൻ.വിജയൻ അഭിപ്രായപ്പെട്ടതു പോലെ നാം ഉണ്ടാക്കുന്നതും ഉണ്ടു തീർക്കുന്നതുമായ ഈ ലോകത്തിൽ ഒരു സന്ധ്യ കൂട്ടിയുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നവരാണ് കവികളും കലാകാരന്മാരും. അതായത് ഇവർ ജീവിതത്തെ കൂടുതൽ സുന്ദരവും ജീവിക്കാൻ കൊള്ളാവുന്നതുമാക്കുന്നു.

ലോകത്തെവിടെയും മനുഷ്യാവസ്ഥകൾ സമാനമാണ്. അതുകൊണ്ടു തന്നെ കാവ്യവഴികളും . ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനജീവിതം, സംസ്കാരം, സാമൂഹികാവസ്ഥകൾ, ചരിത്ര സംഭവങ്ങൾ, സാഹിത്യത്തിലെ നൂതന പ്രവണതകൾ തുടങ്ങിയവയുടെ വിനിമയം സാധ്യമാക്കുന്നതിൽ വിവർത്തിത കൃതികൾ വഹിക്കുന്ന പങ്ക് ചെറുതല്ല. വിവിധ സംസ്കാരങ്ങളെ കൂട്ടിയിണക്കുന്ന പാലമായ വിവർത്തനത്തിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടതുണ്ട്. അതോടൊപ്പം പാശ്ചാത്യ ലോകത്ത് പ്രചരിച്ച സാഹിത്യ പ്രസ്ഥാനങ്ങൾ, കലാ ചിന്തകൾ, എഴുത്തു രീതികൾ തുടങ്ങിയവയും മലയാളിയുടെ ഭാവുകത്വത്തെ നവീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്വാധീനം ചെലുത്തിയ ചിന്താധാരകളാണ് സർറിയലിസവും ഫാന്റസിയും.

 

ഫാന്റസി

സാഹിതീയമായും മന:ശാസ്ത്രപരമായും വ്യാഖ്യാനിക്കാവുന്ന ഒരു സാങ്കേതിക പദമാണ് ഫാന്റസി. അസാധ്യവും പ്രകൃത്യതീതവുമായ ഏതൊരാഖ്യാനവും സാഹിത്യത്തിൽ ഫാന്റസിയാണ്. മന:ശാസ്ത്രത്തിൽ സ്വപ്നവും ദിവാസ്വപ്നവുമാണ് ഫാന്റസി. മിത്തുകൾ, കെട്ടുകഥകൾ, നാടോടിക്കഥകൾ, യക്ഷിക്കഥകൾ, സ്വപ്ന ദർശനങ്ങൾ, സർറിയലിസ്റ്റ് ആഖ്യാനങ്ങൾ തുടങ്ങി  യാഥാർത്ഥ്യത്തിനപ്പുറമുള്ള ഏത് വിഷയത്തെയും ഫാന്റസിയായി പരിഗണിക്കാം. ജോവന്ന റസ്റ്റ്, വില്യം ആർ ഈർവിൻ, സി എസ് ലെവിസ് തുടങ്ങി പല ചിന്തകരും ഫാന്റസിയെ നിർവചിച്ചിട്ടുണ്ട്. സാമുവൽ ബെക്കറ്റിന്റെ ഗോദോയെ കാത്ത്, കാഫ്കയുടെ ദ ട്രയൽ, ദ കാസിൽ , മെറ്റമോർഫോസിസ് എന്നിവ ഫാന്റസിയെ ഫലപ്രദമായി ഉപയോഗിച്ചിട്ടുള്ള രചനകളാണ്.

അനന്തമായ ഭാവനയുടെ അതീതയാഥാർത്ഥ്യത്തെയാണ് ഫാന്റസി വെളിപ്പെടുത്തുന്നത്. അബോധ മനസിന്റെ അയുക്തികവും അത്ഭുതാത്മകവുമായ സഞ്ചാരങ്ങൾ, മാനസികമായ താളഭംഗങ്ങൾ, എഴുത്തുകാരുടെ അപരവ്യക്തിത്വത്തിന്റെ ആവിഷ്കാരങ്ങൾ എന്നിങ്ങനെ.

ഫാന്റസിയുടെ ഘടകങ്ങൾ മലയാളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ദ്വാരക എന്ന ചെറുകഥയിലാണ്. ഉടനീളം സ്വപ്നാനുഭവം നിറഞ്ഞു നിൽക്കുന്ന ഒരു കഥയാണിത്. ബഷീറിന്റെയും ഉറൂബിന്റെയും പല രചനകളിലും മനസിന്റെ നിഗൂഢ തലങ്ങളിലേക്കുള്ള ഇത്തരം അന്വേഷണം കാണാം. ബഷീറിന്റെ നീല വെളിച്ചം, പൂനിലാവിൽ ഉറൂബിന്റെ വെളുത്ത കുട്ടി തുടങ്ങിയവ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാം. ആധുനികരായ എം മുകുന്ദൻ, കാക്കനാടൻ, മാധവിക്കുട്ടി, ഓ വി വിജയൻ , സക്കറിയ, സേതു, പദ്മരാജൻ എന്നിവരുടെ  രചനകളിലും ഫാന്റസിയുടെ തലങ്ങൾ ദർശിക്കാം.

വിവർത്തനം

ഒരു വാക്കിന്റെയോ വാക്യത്തിന്റെയോ ആശയത്തിന്റെയോ ഒരു പുസ്തകത്തിന്റെയോ അർത്ഥം ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്കു മാറ്റുന്നതാണ് സാങ്കേതികാർത്ഥത്തിൽ വിവർത്തനം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഏത് ഭാഷയിൽ നിന്ന് വിവർത്തനം ചെയ്യുന്നുവോ അത് സ്രോത ഭാഷയും (Source Language) ഏതിലേക്ക് വിവർത്തനം ചെയ്യുന്നുവോ അത് ലക്ഷ്യ ഭാഷ ( Target Language) യുമാണ്. സ്രോത ഭാഷയിൽ ആവിഷ്കരിക്കപ്പെട്ട ആശയങ്ങളെ കഴിയുന്നത്ര ഏറ്റക്കുറച്ചിൽ കൂടാതെയും ലക്ഷ്യ ഭാഷയ്ക്ക് ഇണങ്ങുന്ന രീതിയിലുമാവണം വിവർത്തനം ചെയ്യേണ്ടത്. 

ഇതര ദേശങ്ങളിലെ മനുഷ്യാവസ്ഥകൾ, സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജനജീവിതവും, സാഹിത്യത്തിലും കലയിലും രൂപമെടുക്കുന്ന നവീനാശയങ്ങൾ, ശൈലികൾ, ചിന്താധാരകൾ ഇവയൊക്കെ വിനിമയം ചെയ്യുന്നതിനുള്ള ഉപാധി കൂടിയാണ് വിവർത്തനം.

വിചാര പ്രധാനമായ വൈജ്‌ഞാനിക ഗ്രന്ഥങ്ങൾ മൊഴിമാറ്റുന്ന ശൈലി കഥ, കവിത, നാടകം തുടങ്ങിയ സാഹിത്യരചനകൾക്ക് അവലംബിക്കാൻ സാധിക്കില്ല. അവ വിനിമയം ചെയ്യുന്ന ഭാവം വിവർത്തനത്തിൽ ചോർന്നുപോകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വിവർത്തനം സർഗ്ഗാത്മകത ആവശ്യപ്പെടുന്നൊരു പ്രവർത്തനമാണ്. വിവർത്തനം ചെയ്യുന്നയാളിന്റെ സാഹിത്യപരവും  സാംസ്കാരികവുമായ അവബോധവും സൗന്ദര്യ ബോധവും വിവർത്തനത്തെ സ്വാധീനിക്കും. ഗദ്യപരിഭാഷയെക്കാൾ കവിതാ പരിഭാഷ കൂടുതൽ സങ്കീർണ്ണമാവുന്നത് അതുകൊണ്ടാണ്. കവിത സംവേദനം ചെയ്യുന്ന ഭാവം, സവിശേഷ പദപ്രയോഗങ്ങൾ, താളം ഇവയൊക്കെയും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നിരുന്നാലും കേന്ദ്ര ആശയം ചോർന്നുപോകാതെ ലക്ഷ്യ ഭാഷയുടെ ശൈലിക്കിണങ്ങുന്ന രീതിയിൽ വിവർത്തനം ചെയ്യുന്നതാണ് അഭികാമ്യം.

സർറിയലിസം, പെർസിസ്റ്റൻസ് ഓഫ് മെമ്മറി.

ചിത്രകലയിൽ ഓരോ കാലഘട്ടങ്ങളിലും സംഭവിക്കുന്ന ശൈലീ വ്യതിയാനങ്ങൾക്ക് ദേശ പരമായ സാംസ്കാരിക രാഷ്ട്രീയ ഘടകങ്ങൾ കാരണമാവാറുണ്ട്. റിയലിസത്തിൽ നിന്നുള്ള ഘടനാപരവും ആശയപരവുമായ മാറ്റം എന്ന നിലയിൽ റിയലിസത്തിന്റെ പരിമിതികളെ മറികടക്കാനുള്ള അന്വേഷണങ്ങളുടെ ഫലമായാണ് യൂറോപ്യൻ ചിത്രകലാ രംഗത്ത് സർറിയലിസം രൂപം കൊള്ളുന്നത്.

റിയലിസത്തിന് വസ്തുക്കളുടെ ബാഹ്യ പ്രതീതിയുളവാക്കാൻ മാത്രമേ കഴിയൂ. എന്നാൽ, യാഥാർത്ഥ്യത്തിനു പിന്നിലെ സമഗ്രവും സങ്കീർണ്ണവും സൃഷ്ടിപരവുമായ ആശയത്തെ അനുഭവപ്പെടുത്തുകയാണ് സർറിയലിസം ചെയ്യുന്നത്. അനുഭവങ്ങളുടെ മൂർത്തതയാണിവിടെ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്.

യുക്‌തി രഹിത ചിന്തയ്ക്കും സ്വപ്നാടനത്തിനും അസംബന്ധത്തിനുമാണ് സർറിയലിസത്തിൽ പ്രാധാന്യം. എന്തും എങ്ങനെയും ചേർക്കാം എന്ന കൊളാഷ് വീക്ഷണവും എന്തും നിർമ്മാണത്തിന്റെ പരിധിയിൽ വരും എന്ന കൺസ്ട്രക്ടിവിസ്റ്റ് സിദ്ധാന്തവും അയുക്തികതയാണ് ശ്രേഷ്ഠം എന്ന ദാദായിസവും ചേർന്നതാണ് സർറിയലിസം. അയുക്തികതയ്ക്കും സ്വപ്നത്തിനും ഭ്രമാത്മകതയ്ക്കും പ്രാധാന്യമുള്ള ഉപബോധ മനസ്സാണ് സർറിയലിസത്തിന്റെ അടിസ്ഥാനമായി പ്രവർത്തിക്കുന്നത്. ബോധ മനസ്സിനെക്കാൾ ശക്തി ഉപബോധ മനസ്സിനുണ്ടെന്ന് സർറിയലിസ്റ്റുകൾ കരുതുന്നു. പൊതു സമൂഹം രൂപപ്പെടുത്തിയ സദാചാര നിയമങ്ങൾക്കോ ധാർമ്മികതയ്ക്കോ സ്ഥാനമില്ലാത്ത സർറിയലിസത്തിൽ ലൈംഗികതയല്ല, യുദ്ധമാണ് അശ്ലീലം.

1920 കളുടെ മധ്യത്തിലാണ് ഈ കലാ പ്രസ്ഥാനം രൂപമെടുക്കുന്നത്. ആന്ദ്രേ ബ്രട്ടൺ എന്ന കവിയെയാണ് സർറിയലിസത്തിന്റെ കുലപതിയായി കണക്കാക്കുന്നത്. റെനെ മാഗ്രിത്ത്, ഫ്രാൻസിസ് പിക്കാബിയ, സാൽവദോർ ദാലി തുടങ്ങിയവർ സർറിയലിസത്തിന്റെ വക്താക്കളാണ്. ചിത്രകലയ്ക്കു പുറമെ നാടക വേദിയിലും കവിത, കഥ, നോവൽ തുടങ്ങിയ സാഹിത്യരൂപങ്ങളിലും സർറിയലിസം പരിവർത്തനങ്ങൾ വരുത്തി. ഫ്രാൻസ് കാഫ്കയുടെ രചനകളിലും ലൂയി ബ്യുനുവലിന്റെ ചലച്ചിത്രങ്ങളിലും സർറിയലിസ്റ്റ് മാതൃകയിലുള്ള അതീത കല്പനകൾ കാണാം.

സാൽവദോർ ദാലിയുടെ ചിത്രങ്ങൾ സർറിയലിസ്റ്റിക് രചനാ രീതിയുടെ ഉത്തമോദാഹരണങ്ങളാണ്. ഒരു വസ്തുവിന്റെ രൂപത്തിൽ ഘടനാപരമായ പൊളിച്ചെഴുത്തുകൾ നടത്തുകയും സ്വപ്നക്കാഴ്ചകളുടെ വേദിയായി ചിത്രങ്ങളെ പുനർ നിർമ്മിക്കുകയും ചെയ്തു അദ്ദേഹം. 

ദാലിയുടെ The Persistence of Memory എന്ന ചിത്രം ഈ രചനാ രീതിയുടെ മികച്ച മാതൃകയാണ്. ഇതിൽ ഘടികാരത്തെ അതിന്റെ മൂർത്തരൂപത്തിലല്ല ചിത്രീകരിക്കുന്നത്. ഘടികാരത്തിന്റെ പൊതുസ്വഭാവത്തിൽ നിന്നും പതിവ് രൂപത്തിൽ നിന്നും മാറി ചിന്തിക്കാനുള്ള സാധ്യത ഇവിടെയുണ്ട്. സമയമെന്നത് പരിമിതമായ ജ്യാമിതീയ രൂപങ്ങളിൽ ഒതുങ്ങുന്നതല്ലെന്നും അതിന് നിയതമായൊരു ചട്ടക്കൂടിന്റെ ആവശ്യമില്ലെന്നും ഈ ചിത്രം പറയുന്നുണ്ട്. മരക്കൊമ്പിൽ തൂക്കിയിട്ടിരിക്കുന്നതായോ നിലത്ത് പരന്നൊഴുകുന്നതായോ ചിത്രീകരിക്കപ്പെട്ട ഘടികാരങ്ങൾ സമയബോധത്തിന്റെ വൈപുല്യത്തെ സൂചിപ്പിക്കുന്നു. ഇതിനു സമാനമായി കൊഴിഞ്ഞു തീരുന്ന മരത്തിന്റെ ഇലകളുടെ ദൃശ്യവും കാണാം.

         1932 ൽ ന്യൂയോർക്കിലാണ് ഈ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്.








To Join hssMozhi WhatsApp Channel

👉   CLICK HERE


To Join hssMozhi Family WhatsApp Group     

👉   CLICK HERE


Sunday, August 20, 2023

പ്രകാശം ജലം പോലെയാണ്

   താൾ - 4

✍️ തനിമ എഴുതുന്നു 

മാജിക്കൽ റിയലിസം എന്ന രചനാ രീതിയുടെ സാധ്യതകൾ സമർത്ഥമായി ഉപയോഗിച്ചെഴുതപ്പെട്ട രചനകൾക്ക് മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു ചെറുകഥയാണ് ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ പ്രകാശം ജലം പോലെയാണ്. ലാറ്റിനമേരിക്കൻ തുറമുഖ നഗരമായ കാട്ജിനെ യിൽ നിന്ന് യൂറോപ്യൻ പരിഷ്കൃതനഗരമായ മാഡ്രിഡിലേക്ക് കുടിയേറേണ്ടി വന്ന ഒരു കുടുംബത്തിലെ ഒമ്പതു വയസുള്ള ടോട്ടോയും ഏഴ് വയസുകാരനായ, ജോവലുമാണ്   ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. നല്ല നിശ്ചയദാർഢ്യമുള്ളവരും ഭാവനാസമ്പന്നരുമായ അവർ ക്രിസ്തുമസ് സമ്മാനമായി ഒരു തുഴവള്ളം വാങ്ങിത്തരണമെന്ന നിർദ്ദേശം രക്ഷിതാക്കളുടെ മുന്നിൽ വയ്ക്കുന്നു. ഷവറിൽ നിന്നു വരുന്ന വെള്ളം മാത്രമുള്ള അഞ്ചാം നില അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അവരുടെ ആഗ്രഹം പ്രായോഗികമല്ലെങ്കിലും രക്ഷിതാക്കൾ അത് സാധിച്ചു കൊടുക്കുന്നു. അച്ഛനമ്മമാർ സിനിമയ്ക്കു പോകുന്ന ബുധനാഴ്ചകളിൽ കുട്ടികൾ ബൾബുകൾ പൊട്ടിച്ച് അവയിൽ നിന്ന് പ്രവഹിക്കുന്ന പ്രകാശ ജലത്തിൽ തോണിയിറക്കി വർഷങ്ങളായി ഇരുട്ടിലായിരുന്ന പലതിനെയും കണ്ടെടുക്കുന്നു. പല ദിവസങ്ങളിലും ഇത് തുടരുന്നുണ്ട്. ഒരു ദിവസം അവരുടെ രണ്ടുപേരുടെയും ക്ലാസുകളിലെ മുഴുവൻ കുട്ടികളും ഈ പ്രവൃത്തിയിൽ പങ്കു ചേരുകയും ഒരേ സമയം ഒന്നിച്ച് പല ബൾബുകൾ പൊട്ടിച്ചതു മൂലമുണ്ടായ പ്രകാശ പ്രളയത്തിൽ മുങ്ങിത്താഴുകയും ചെയ്തു.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന യൂറോപ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ വിലയിരുത്തേണ്ടത്. രണ്ട് സ്ഥലങ്ങൾ ഇവിടെ പരാമർശിക്കപ്പെടുന്നുണ്ട്. യൂറോപ്യൻ പരിഷ്കൃത നഗരമായ മാഡ്രിഡും, കടലും കപ്പലും വള്ളങ്ങളും ധാരാളമുള്ള തുറമുഖമായ കാട്ജിനെയും. കാട്ജിനെയുടെ സ്വച്ഛ വിശാലതയിൽ നിന്ന് മാഡ്രിഡിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലുള്ള അപ്പാർട്ട്മെന്റിന്റെ ഇടുങ്ങിയ കുടുസ്സിലേക്ക് പറിച്ചു നടപ്പെട്ടിരിക്കുകയാണ് ഈ കഥയിലെ കുടുംബം. വിട്ടു പോന്ന ഭൂമിയിലെ അനുഭവം തിരിച്ചു പിടിക്കണമെന്ന കുട്ടികളുടെ ആഗ്രഹം തങ്ങളുടെ മാതൃഭൂമിയിൽ നിന്ന് കുടിയിറക്കപ്പെട്ട ഒരു ജനതയുടെ ആഗ്രഹം കൂടിയാണ്.

മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതം എങ്ങനെയാണ് ഈ കഥയുടെ പ്രമേയാവിഷ്കാരത്തിന് മാർക്വേസ് പ്രയോജനപ്പെടുത്തുന്നത്? പ്രകാശം ജലം പോലെയാണ് എന്ന ശീർഷകം മുതൽ തുടങ്ങുന്നു, ഇതിലെ മാന്ത്രിക ഭാവന. കവിതാ ചർച്ചയ്ക്കിടയിൽ, ടാപ്പിൽ നിന്ന് ജലമൊഴുകുന്നതു പോലെ സ്വിച്ചിട്ടാൽ പ്രകാശം ഒഴുകുമെന്നൊരു ഭാവനയിലേക്ക് ആഖ്യാതാവ് കുട്ടികളെ എത്തിക്കുന്നുണ്ട്. പിന്നീടവർ പ്രകാശ ജലത്തിൽ വള്ളം തുഴയുകയും, മുങ്ങിത്തപ്പി പലതും കണ്ടെടുക്കുകയും ചെയ്യുന്നു. ആ പ്രകാശ ജലത്തിൽ അവരുടെ മുപ്പത്തിയേഴ് സഹപാഠികളും ഒഴുകി നടന്നു. ഒടുവിൽ അവർ മാഡ്രിഡ് നഗരത്തെയാകെ പ്രകാശ ജലത്താൽ നിറച്ചു.

മാഡ്രിഡിന്റെ നാഗരികതയോടുള്ള വിപ്രതിപത്തിയും കാട്ജിനെയെ തിരിച്ചു പിടിക്കാനുള്ള ആവേശവും കുട്ടികളുടെ ഭാവനയിലുണ്ട്. അങ്ങനെയാണവർ പ്രകാശ ജലത്തിൽ തുഴയുന്ന സാഹസിക യാത്രികരാവുന്നത്. പ്രകാശത്തെ അവർ ജലമാക്കി മാറ്റുന്നു.അവരുടെ സാഹസികതയും കുസൃതികളും സകല സീമകളും അതിലംഘിക്കുന്നു എന്നതിന്റെ സൂചനകളും കഥയിലുണ്ട്. ഇരുട്ടിലായിരുന്ന പലതിനെയും അവർ കണ്ടെടുക്കുന്നുണ്ട്. പ്രകാശ ജലത്തിൽ വശം തിരിഞ്ഞൊഴുകിയ ടെലിവിഷൻ സെറ്റ് പ്രദർശിപ്പിച്ചത് മുതിർന്നവർക്കു മാത്രമായുള്ള ഒരു പാതിരാപ്പടത്തിന്റെ ദൃശ്യങ്ങളായിരുന്നു.

പ്രകാശത്തിൽ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം ഒരിക്കലും സ്വന്തമാക്കാത്ത ആളുകളുള്ള മാഡ്രിഡ് എന്ന പട്ടണത്തിലാണിത് നടന്നത് എന്ന് കഥാകൃത്ത് സൂചിപ്പിക്കുന്നുണ്ട്. പ്രകാശത്തിൽ തുഴഞ്ഞു നടക്കുക എന്നത് ഗ്രഹിക്കണമെങ്കിൽ ശാസ്ത്ര യുക്തി പോര, ഭാവനയുടെ അനന്തസാധ്യതകളിലേക്ക് നയിക്കുന്ന മാനസിക വ്യാപാരമുണ്ടാവണം. യൂറോപ്യൻ പരിഷ്കൃത നാഗരികതയ്ക്കില്ലാത്തഈ ഭാവനാസമ്പന്നത ഏറെക്കാലം അവരുടെ കോളനിയായിരുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കുണ്ട്.

ഭാവനയുടെ ഈ മാന്ത്രികതയാണ് വീട്ടുപകരണങ്ങളിൽ കവിത തിരയുന്നതിലും, പൊട്ടിയ ബൾബിൽ നിന്നും തണുത്ത വെള്ളത്തിന്റെ കുത്തൊഴുക്കു പോലെ സ്വർണ്ണപ്രകാശം കുതിച്ചുചാടുന്നതിലും , തുഴവള്ളത്തിൽ വീടിനുള്ളിലെ ദ്വീപുകളിലേക്ക് സഞ്ചരിക്കുന്നതിലും , വീട്ടുപകരണങ്ങൾ അടുക്കളയുടെ ആകാശത്ത് ചിറക് വിടർത്തി പറക്കുന്നതിലും മറ്റും കാണുന്നത്. മുതിർന്നവരെക്കാൾ ഭാവനാസമ്പന്നരായ കുട്ടികൾ കാട്ജിനെയെ മാഡ്രിഡിൽ പുന:സൃഷ്ടിക്കുന്നു.

 

ഗബ്രിയേൽ ഗാർസിയ മാർക്വെസ് 


ഗാബോ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഗബ്രിയേൽ ഗാർസിയ മാർക്വെസ് മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതത്തിലൂടെയാണ് ലാറ്റിനമേരിക്കൻ സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുന്നത്. 1927 മാർച്ച് 6 ന് കൊളംബിയയിലെ അരാക്കറ്റയിൽ അദ്ദേഹം ജനിച്ചു.

നോവലിസ്‌റ്റ്‌, പത്രപ്രവർത്തകൻ, പ്രസാധകൻ, രാഷ്ട്രീയ പ്രവർത്തകൻ, ചെറുകഥാ കൃത്ത് എന്നീ നിലകളിൽ വിഖ്യാതനായ മാർക്വെസ് ഏൽ എസ്ചക്ടഡോർ എന്ന ദിനപ്പത്രത്തിലൂടെയാണ് എഴുത്തിന്റെ ലോകത്തേക്കു കടന്നത്. പത്രപ്രവർത്തന രംഗത്തെ അനുഭവങ്ങൾ അദ്ദേഹത്തിന്റെ എഴുത്തിന് മുതൽക്കൂട്ടായി എന്നു പറയാം. 1955 ൽ പുറത്തുവന്ന The Story of a Shipwrecked Sailor (കപ്പൽച്ചേതത്തിലകപ്പെട്ട ഒരു നാവികന്റെ കഥ ) എന്ന കൃതിയിലൂടെയാണ് മാർക്വേസ് സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചത്. One hundred Years of Solitude ( ഏകാന്തതയുടെ നൂറ് വർഷങ്ങൾ ) എന്ന രചന അദ്ദേഹത്തെ ലോക പ്രശസ്തനാക്കി. ഈ കൃതിക്ക് 1982 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

പൈശാചിക നേരത്ത് ( In Evil Hour ), ഏകാന്തതയുടെ നൂറ് വർഷങ്ങൾ ( One hundred years of Solitude, കോളറാകാലത്തെ പ്രണയം ( Love in the time of Cholera ), ജനറൽ തന്റെ രാവണൻ കോട്ടയിൽ ( General in his Labyrinth ), ആരും കേണലിനെഴുതുന്നില്ല ( No one writes to Colonel ), ഇലക്കൊടുങ്കാറ്റ് ( Leaf Storm ) തുടങ്ങിയവയാണ് പ്രധാന കൃതികൾ

മാജിക്കൽ റിയലിസം

ഒരു സാഹിത്യ രചനയെ സംബന്ധിച്ച് എന്തെഴുതുന്നു എന്നതു പോലെ പ്രധാനമാണ് എങ്ങനെ എഴുതുന്നു എന്നതും. ഭാവ സംവേദനത്തിന്റെ തെളിമയ്ക്കു വേണ്ടി എഴുത്തുകാർ പല ആഖ്യാനതന്ത്രങ്ങളും അവലംബിക്കാറുണ്ട്. അത്തരത്തിൽ ഒരു രചനാ രീതിയാണ് മാജിക്കൽ റിയലിസം. കൃതിയുടെ ആഖ്യാനത്തിലെ മാന്ത്രികമായ വർണ്ണനകളാണ് മാജിക്കൽ റിയലിസത്തിന് അടിസ്ഥാനം മാന്ത്രികമോ അമാനുഷികമോ ആയ കാര്യങ്ങൾ യാഥാർത്ഥ്യത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. അതായത് യഥാർത്ഥമായ കാര്യം പറയുന്നതിന് മാന്ത്രിക ഘടകങ്ങൾ ഉപയോഗിക്കുന്നു. മാജിക്കൽ റിയലിസത്തിന്റെ കുലപതിയായി കണക്കാക്കുന്നത് മാർക്വേസിനെയാണെങ്കിലും ഏറെ മുൻപു തന്നെ ഈ രചനാ രീതി സ്പാനിഷ് അമേരിക്കൻ നോവലിൽ സജീവമായിരുന്നു. മിഷേൽ ആൻ ഹെൽ അസ്തുറിയാസും അലേ ഹോ കാർപെന്റിയേയുമാണ് ഇതിന്റെ പ്രഥമ പ്രചാരകർ. മാജിക്കൽ റിയലിസ്റ്റിക് ആഖ്യാന രീതി പല ലാറ്റിനമേരിക്കൻ നോവലുകളിലും കാണുന്നുണ്ട്. കോർടസാറിന്റെ എൻഡ് ഓഫ് ദി ഗെയിം, യോസയുടെ ടൈം ഓഫ് ദി ഹീറോ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. മാർക്വേസിന്റെ പല കൃതികളിലും മാന്ത്രി കവർണ്ണനകളുടെ ധാരാളിത്തം കാണാം. പാതിരി ചോക്ലേറ്റ് കഴിക്കുമ്പോൾ ആകാശത്തേക്കുയരുന്നത്, എറേൻഡിറ എന്ന കഥയിലെ ഉലീസസ് എന്ന കഥാപാത്രം ഗ്ലാസിൽ തൊടുന്ന സന്ദർഭങ്ങളിലെല്ലാം അതിന്റെ നിറം മാറുന്നത് എന്നിങ്ങനെ. ചില ഉദാഹരണങ്ങളിലൂടെ ഇത് കൂടുതൽ വിശദമാക്കാം.

മാർക്വേസിന്റെ Chronicle of a Death fortold എന്ന നോവലിൽ ഒരു തെറ്റിദ്ധാരണയുടെ പേരിൽ രണ്ടു പേർ സാന്റിയാഗോ നാസർ എന്നയാളിനെ ആക്രമിക്കുന്നു. കത്തി താഴ്ത്തിയിട്ടും ചോര ലേശവും പൊടിഞ്ഞില്ലെന്നും കുടൽമാല പുറത്തു വന്നെങ്കിലും അയാൾ അതിൽ പറ്റിയ അഴുക്ക് തുടച്ചു കളയുകയാണെന്നുമാണ് എഴുത്തുകാരൻ വർണ്ണിക്കുന്നത്. ഇതൊരു മാന്ത്രികമായ അവതരണമാണ്. സാന്റിയാഗോ നാസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽ യാതൊരടിസ്ഥാനവുമില്ല എന്ന വസ്തുതയാണ് ഈ വർണ്ണനയിലൂടെ വ്യക്തമാക്കപ്പെടുന്നത്. കൊല്ലപ്പെട്ട മകന്റെ രക്തം തെരുവിലൂടെ ഒഴുകി ഏറെ അകലെയുള്ള അമ്മയുടെ പാദത്തിൽ സ്പർശിച്ചുവെന്ന് മാർക്വേസിന്റെ മറ്റൊരു രചനയിൽ വിവരിക്കുന്നുണ്ട്. മകൻ മരിച്ചുവെന്ന് അമ്മയ്ക്ക് ബോധ്യമാവുന്നു എന്നതോടൊപ്പം അവർ തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം കൂടി ഈ വർണ്ണനയിലൂടെ സൂചിതമാവുന്നു. ഇവിടെ മാന്ത്രികമായ അവതരണം യാഥാർത്ഥ്യത്തെ കൂടുതൽ മിഴിവോടെ സംവേദിപ്പിക്കാനുള്ള ഉപാധിയായി മാറുന്നു. പ്രമേയം, യഥാർത്ഥ വ്യക്തികളും സംഭവങ്ങളുമാവുമ്പോൾ ആഖ്യാന രീതി മാന്ത്രികമാവുന്നു.

മാജിക്കൽ റിയലിസം ഫാന്റസിയിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. യാഥാർത്ഥ്യബോധത്തോടെ കഥ പറയുന്നതിനിടയിൽ വർണ്ണനകളിൽ വരുത്തുന്ന മാന്ത്രികതയാണ് മാജിക്കൽ റിയലിസത്തിന്റെ അടിസ്ഥാനമെങ്കിൽ, ഫാന്റസി അയഥാർത്ഥമായൊരന്തരീക്ഷം കഥയിലുടനീളം കൊണ്ടുവരുന്നു. യാഥാർത്ഥ്യത്തിൽ നിന്നുള്ള പൂർണ്ണമായൊരു വിച്ഛേദനമാണിത്.

 

ലാറ്റിനമേരിക്കൻ രാജ്യങ്ങൾ

ഫുട്ബോളിനോടുള്ള അഭിനിവേശം, സാഹിത്യം, ഭാഷ, സംസ്കാരം ഇവയുടെ ബഹുസ്വരത എന്നിവകളാൽ ലോക ശ്രദ്ധ നേടിയ പ്രദേശമാണ് ലാറ്റിനമേരിക്ക. 15-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 18-ാം നൂറ്റാണ്ട് വരെ സ്പെയിനിന്റെയും പോർച്ചുഗലിന്റെയും അധിനിവേശ പ്രദേശങ്ങളായിരുന്നു ഇവ. ഏറെക്കാലത്തെ കോളനിവത്കരണത്തിന്റെ ഫലമായുണ്ടായ സാംസ്കാരികവും ഭാഷാപരവുമായ അന്യവത്കരണത്തോടുള്ള പ്രതിഷേധത്തിന്റെ സൂചനകൾ ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ ദർശിക്കാം. മാർക്വേസിനെ കൂടാതെ പാബ്ലോ നെരൂദ, ഒക്ടോവിയോ പാസ്, ഹുവാൻ റുൾഫോ, ബോർഹസ് തുടങ്ങിയവരും ലാറ്റിനമേരിക്കയെ ലോക സാഹിത്യ ഭൂപടത്തിൽ അടയാളപ്പെടുത്തിയവരാണ്. കോസ്റ്റാറിക്ക, നിക്കരാഗ്വ, പനാമ, അർജന്റീന, ബൊളീവിയ, ബ്രസീൽ, ചിലി, കൊളംബിയ, ഇക്വഡോർ, ഗയാന, പെറു, ക്യൂബ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ലാറ്റിനമേരിക്കൻ രാജ്യങ്ങൾ.





Sunday, July 30, 2023

കണ്ണാടി കാൺമോളവും - തുടരുന്നു

    താൾ - 3

✍️ തനിമ എഴുതുന്നു 

ദയാബായി

1941 ഫെബ്രുവരി 22 ന് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള പൂവരണിയിലാണ് സാമൂഹ്യ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയുമായ ദയാബായിയുടെ ജനനം. മേഴ്സി മാത്യു എന്നാണ് യഥാർത്ഥ നാമം. ബി.എസ്.സി, എം.എസ്.ഡബ്ലിയു, എൽ.എൽ.ബി. ബിരുദങ്ങൾ നേടിയിട്ടുണ്ട്. 1958 ൽ ബീഹാറിലെ പഹാരിബാഗ് കോൺവെന്റിൽ കന്യാസ്ത്രീയാകാനുള്ള പരിശീലനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല.

ബോംബെയിലെ ചേരികൾ കേന്ദ്രീകരിച്ചുള്ള സാമൂഹ്യ പ്രവർത്തനങ്ങളിലും ബംഗ്ലാദേശ് യുദ്ധത്തെത്തുടർന്ന് യുദ്ധാനന്തര സേവനങ്ങളിലും ഭോപ്പാൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങളിലും ദയാബായിയുടെ പങ്കാളിത്തമുണ്ടായിരുന്നു. 1981 മുതൽ തിൻസെ ഗോത്രവർഗ്ഗക്കാരായ ഗോണ്ടുകളോടൊപ്പം ജീവിച്ച് അവരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. 1995 മുതൽ ബറൂൾ ഗ്രാമത്തിൽ ജൈവകൃഷിയുടെയും ജല സംരക്ഷണത്തിന്റെയും ആവശ്യകതയെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തി. 2007 ൽ വനിത വുമൺ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു.

ഭാഷ, കേവലം ആശയ വിനിമയോപാധി മാത്രമല്ല, സംസ്കാരത്തിന്റെ സൂചകം കൂടിയാണ്. അതുകൊണ്ടാണ് ഭാഷാ സാഹിത്യങ്ങളുടെ പഠനം സംസ്കാര പഠനം കൂടിയാവുന്നത്. സാഹിത്യ കൃതികൾ സൗന്ദര്യാനുഭവങ്ങൾക്കൊപ്പം മൂല്യബോധം കൂടി പകരുന്നുണ്ട്. പഠിതാക്കളെ മതേതരത്വം, സാമൂഹ്യ പ്രതിബദ്ധത, പാരിസ്ഥിതികാവബോധം, മാനവികത, സഹജീവി സ്നേഹം, ജനാധിപത്യ ബോധം തുടങ്ങിയ ജീവിതമൂല്യങ്ങളിലേക്കു നയിക്കുന്ന, സാമൂഹിക ഇടപെടലുകൾക്ക് പ്രേരിപ്പിക്കുന്ന, സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനുള്ള കരുത്ത് പകരുന്ന പ്രചോദനാത്മകമായ പല ഉള്ളടക്കങ്ങളും ഹയർ സെക്കന്ററി രണ്ടാം വർഷ മലയാളം പാഠപുസ്തകത്തിലുണ്ട്. അതിലൊന്ന് സാമൂഹ്യ പ്രവർത്തകയായ ദയാബായിയുടെ ജീവിതത്തിലുണ്ടായ ഒരനുഭവമാണ്.

മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ഗിരിവർഗ്ഗക്കാർക്കിടയിൽ സാമൂഹിക പ്രവർത്തനം നടത്തുന്ന ദയാബായിയുടെ ആത്മകഥയാണ് പച്ചവിരൽ. ആ കൃതിയിൽ നിന്നാണ് ഈ പാഠഭാഗം.

കോഴിക്കോട്ടുള്ള ഒരു ഹോസ്പിറ്റലിൽ ദയാബായി നഴ്സിംഗ് പരിശീലിക്കുന്ന കാലത്തുണ്ടായ അനുഭവമാണിത്. ക്ഷയരോഗിയും അവശനുമായി വഴിയിൽ കിടന്ന വൃദ്ധനെ ഒരു പുരോഹിതൻ കാറിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുവരുന്നു. കടുത്ത ചുമയുള്ള, കഫം തുപ്പുന്ന അയാൾക്ക് സംസാരിക്കാൻ തന്നെ ബുദ്ധിമുട്ടുണ്ടായിരുന്നു. ആരെങ്കിലും നിർബന്ധിക്കുമ്പോൾ മാത്രം സംസാരിച്ചിരുന്ന അയാൾ ആമ സാർ, അല്ല സാർ എന്നും പേര് ചോദിച്ചാൽ ജോർജ് സാർ എന്നും മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഈ അവസ്ഥയിൽ ആശുപത്രി അധികൃതർ മുറുമുറുപ്പ് തുടങ്ങി. എന്നു മാത്രമല്ല, ആവശ്യത്തിന് സ്‌റ്റാഫില്ലെന്നും നിലവിലുള്ള രോഗികളെപ്പോലും നോക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടാണെന്നും അവർ ആ പുരോഹിതനെ ബോധ്യപ്പെടുത്തി. അയാളെ വണ്ടിയിൽ കയറ്റി കിടന്ന സ്ഥലത്തു തന്നെ കൊണ്ടുപോയിടട്ടെ എന്ന പുരോഹിതന്റെ ചോദ്യം കേട്ട് ദയാബായി ആ വൃദ്ധനെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയും അവരുടെ ചുമതലയിൽ അഗതിയായ അയാളെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുകയും ചെയ്തു.

ദയാബായിയുടെ ഈ പ്രവൃത്തിയിൽ അവശതയനുഭവിക്കുന്ന മനുഷ്യരോടുള്ള കാരുണ്യവും താൻ ജീവിക്കുന്ന സമൂഹത്തോടുള്ള ഉത്തരവാദിത്തവുമുണ്ട്.

 "നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചീടും " എന്ന എഴുത്തച്ഛന്റെ ചിന്തയെ ദയാബായിയുടെ ഈ അനുഭവവുമായി ബന്ധിപ്പിക്കാവുന്നതാണ്. മനസിൽ നന്മയുള്ള മനുഷ്യർ എല്ലാക്കാര്യങ്ങളിലും നന്മ കണ്ടെത്തുമെന്നു മാത്രമല്ല മറ്റുള്ളവരെ സഹായിക്കാൻ സദാ സന്നദ്ധരുമായിരിക്കും.

റോഡരികിൽ അവശനായിക്കിടന്ന ഒരു അനാഥ വൃദ്ധനെ ആശുപത്രിയിലെത്തിച്ച പുരോഹിതന്റെയും അയാളെ ശുശ്രൂഷിക്കാൻ തയ്യാറായ ദയാബായിയുടെയും മനോഭാവത്തിലും പ്രവൃത്തിയിലും തെളിഞ്ഞു കാണുന്നത് ഈ ശുഭചിന്തയാണ്.

 

ശ്രീനാരായണ ഗുരു

ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്കർത്താവും ആത്മീയ ഗുരുവുമായ ശ്രീനാരായണഗുരു 1856 ആഗസ്റ്റ് 20 ന് തിരുവനന്തപുരത്തിനടുത്തുള്ള ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായാണ് ജനിച്ചത്. ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾ ജാതീയമായ അവശതയിലും അസമത്വത്തിലും കഴിഞ്ഞു കൂടിയ ഒരു കാലഘട്ടത്തിലാണദ്ദേഹത്തിന്റെ ജനനം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതിയെ സ്വപ്നം കണ്ട അദ്ദേഹം അതിനനുസൃതമായി ജീവിതകാലം മുഴുവൻ പ്രവർത്തിച്ചു. പിതാവിൽ നിന്ന് പ്രാഥമിക അറിവുകൾ നേടിയ ശേഷം ചെറുപ്പത്തിൽ തന്നെ മലയാളം, തമിഴ് ഭാഷകളും വശമാക്കി. കായംകുളം കുമ്മമ്പള്ളി രാമൻ പിള്ളയാശാനിൽ നിന്ന് ഗുരുകുല സമ്പ്രദായ പ്രകാരം സംസ്കൃതത്തിലെ ഉപരി പാഠങ്ങൾ അഭ്യസിച്ചു. തർക്കശാസ്ത്രം, വേദാന്തം എന്നിവയിൽ അസാമാന്യ പാടവം നേടിയ ശേഷം കുട്ടികൾക്കായി പാഠശാലയും നടത്തി.

കുട്ടിക്കാലത്തു തന്നെ ജാതീയമായ ആചാരങ്ങൾ പാലിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചു എന്നു മാത്രമല്ല, എല്ലാ ജനങ്ങളോടും സാഹോദര്യത്തോടെ പെരുമാറാനും ഗുരു ശ്രദ്ധിച്ചിരുന്നു. അയിത്തം ഇല്ലാതായാൽ മാത്രമേ ശരിയായ സാമൂഹിക പുരോഗതി ഉണ്ടാവുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞ ഗുരുദേവൻ ആരാധനാലയങ്ങൾ ജനങ്ങളുടെ സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായിരിക്കണമെന്ന് നിർദ്ദേശിച്ചു. AD 1888 ലെ ശിവരാത്രി ദിവസമാണ് അദ്ദേഹം ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നിർവഹിച്ചത്. ഈശ്വരൻ ഒരു ജാതിയുടെയും ആളല്ലെന്നും ജീവരാശിക്കു മുഴുവനുമുള്ളതാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ക്ഷേത്രങ്ങളോടനുബന്ധിച്ച് അദ്ദേഹം വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിച്ചു.

തമിഴ്, മലയാളം, സംസ്കൃതം എന്നീ ഭാഷകളിലായി അറുപത്തിയഞ്ചോളം കൃതികൾ ഗുരുദേവൻ രചിച്ചിട്ടുണ്ട്. ഗഹനമായ വേദാന്ത തത്വങ്ങളും പ്രപഞ്ച സത്യത്തിന്റെ ഏകതയും മിക്ക കൃതികളുടെയും അന്തർധാരയാണ്. ദർശനമാല, ആത്മോപദേശ ശതകം, ദൈവദശകം, അനുകമ്പാ ശതകം, ബ്രഹ്മവിദ്യാ പഞ്ചകം, ജാതി മീമാംസ, കുണ്ഡലിനിപ്പാട്ട് മുതലായ കൃതികൾ പ്രത്യേക പരാമർശമർഹിക്കുന്നു.

ശിവഗിരിയിലെ വൈദിക മഠത്തിൽ വച്ച് 1928 സെപ്തംബർ 20 ന് ശ്രീ നാരായണഗുരു സമാധിയായി.

 

ദൈവദശകം

1914 ൽ ശിവഗിരി മഠത്തിലെ അന്തേവാസികളായ കുട്ടികൾക്ക് പ്രാർത്ഥനാ സമയത്ത് ചൊല്ലുന്നതിനു വേണ്ടിയാണ് പത്ത് ശ്ലോകങ്ങളുള്ള ഈ പ്രാർത്ഥനാ ഗീതം ശ്രീ നാരായണ ഗുരു രചിച്ചത്. ആലുവ സംസ്കൃത പാഠശാലയിലെ കുട്ടികൾക്കു വേണ്ടി എഴുതിയതാണെന്നും അഭിപ്രായമുണ്ട്.എല്ലാ മതവിഭാഗക്കാർക്കും ഉൾക്കൊള്ളാവുന്ന ഒരു വിശ്വ പ്രാർത്ഥനയായി ഈ രചനയെ വിശേഷിപ്പിക്കാം. ഒരു പ്രത്യേക പേര് പറയാതെ എല്ലാവർക്കും സ്വീകാര്യമായ 'ദൈവമേ' എന്ന സംബോധനയാണ് ഗുരു ഉപയോഗിക്കുന്നത്. മനുഷ്യരാശിയുടെ ദൈവം ഒന്നാണെന്ന സൂചനയാണിവിടെ കാണുന്നത്.

പ്രകർഷേണയുള്ള അർത്ഥനയാണ് പ്രാർത്ഥന.ഇവിടെയൊരു അർത്ഥന അഥവാ അപേക്ഷയുണ്ട്. സ്വാർത്ഥതയുടെ അംശം തീരെയില്ലാത്ത പ്രാർത്ഥനയാണ് ദൈവദശകം. ഞങ്ങളെ കൈവിടാതെ രക്ഷിക്കുക എന്നാണ് ഗുരു പ്രാർത്ഥിക്കുന്നത്. ഞങ്ങൾ എന്നാൽ മാനവരാശി തന്നെയാണ്. ഭവാബ്ധിയെന്നത് പ്രശ്ന സങ്കീർണ്ണമായ ഭൗതിക ജീവിതവും. ഈ ജീവിതമാകുന്ന സാഗരം കടക്കാനുള്ള ആവിക്കപ്പലിന്റെ കപ്പിത്താനാണ് ഗുരുവിന്റെ സങ്കല്പത്തിലെ ദൈവം. ജീവിത പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള ഉപാധിയാണ് ഈശ്വര പാദങ്ങൾ

നമുക്ക് കണ്ടും കേട്ടും തൊട്ടും മണത്തും ഇന്ദ്രിയങ്ങളിലൂടെ അറിയാനാവുന്ന ഭൗതികമായവ ഇല്ലാതെയാവുമ്പോൾ അവശേഷിക്കുന്നതെന്തോ അത് ദൈവ ചൈതന്യത്തിൽ ലയിക്കണമെന്ന് ഗുരു ആഗ്രഹിക്കുന്നു. ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. വസ്ത്രത്തെ അതുണ്ടാക്കാനുപയോഗിക്കുന്ന നൂല്, നൂലിനാധാരമായ പഞ്ഞി, പഞ്ഞി ഉണ്ടാകുന്ന പഞ്ഞിച്ചെടി, പഞ്ഞി ച്ചെടിയുടെ വിത്ത് എന്നിങ്ങനെ സൂക്ഷ്മ തലത്തിൽ അന്വേഷിക്കുമ്പോൾ വിത്തിനപ്പുറം എന്ത് എന്ന ചിന്തയിൽ എത്തും. അപ്പോഴാണ് ഇതിനെല്ലാമപ്പുറമുള്ള പ്രപഞ്ച സത്യത്തെ തിരിച്ചറിയുന്നത്. ഈ ചൈതന്യമാണ് എന്നിലും നിന്നിലും സകല ചരാചരങ്ങളിലും കുടികൊള്ളുന്നത് എന്ന വിശാലമായ ചിന്ത മനുഷ്യരെ ഏകത്വത്തിലേക്കു നയിക്കും. ഇത് മനസിലാകുമ്പോൾ എങ്ങനെയാണോ ദൃഷ്‌ടി നിശ്ചലമാകുന്നത് , മനസ്സ് അഭാവത്തിലേക്കു പോകുന്നത്, അതുപോലെ ഞാനെന്ന സത്ത നിന്നിൽ ലയിച്ചു ചേരണമെന്നതാണ് ഈ പ്രാർത്ഥനയുടെ അന്ത:സത്ത.

ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ മാത്രമേ ഗുരുവിന്റെ പ്രാർത്ഥനയിലുള്ളൂ. ദൈനം ദിന ജീവിതത്തിൽ ഏറ്റവും പ്രധാനമായ അന്നവും വസ്ത്രവുമാണത്. ധന്യതയാണ് ജീവിതത്തെ സുഖകരമാക്കുന്നത്. മനുഷ്യ നിർമ്മിത നിയമങ്ങൾക്കപ്പുറം പ്രപഞ്ചത്തിന്റെ നിയമങ്ങളനുസരിച്ചുള്ള ജീവിതമാണത്. അവിടെ എല്ലാവരും തുല്യരാണ്. ജാതീയതയുടെയോ അധികാരത്തിന്റെയോ വേലിക്കെട്ടുകൾ ഇല്ലെന്നു സാരം.




Sunday, July 16, 2023

കണ്ണാടി കാൺമോളവും

   താൾ - 2

✍️ തനിമ എഴുതുന്നു 

എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ട് സംഭവ പർവം എന്ന അധ്യായത്തിലെ ശകുന്തളോപാഖ്യാനത്തിലെ കുറച്ച് വരികളാണ് പാഠഭാഗം. എഴുത്തച്ഛന്റെ കാവ്യഭാഷയുടെ ശക്തിയും സൗന്ദര്യവും ഈ ഭാഗത്ത് പരിചയപ്പെടാം.

താൻ ഗാന്ധർവ വിധിപ്രകാരം വിവാഹം കഴിച്ച ശകുന്തള പുത്രനോടൊപ്പം കൊട്ടാരത്തിലെത്തുമ്പോൾ പഴയതെല്ലാം മറന്ന ദുഷ്യന്തൻ അവളെ കുലടയെന്നും മറ്റും ആക്ഷേപിക്കുന്നു. ഈ ആക്ഷേപങ്ങൾക്ക് ഓരോന്നിനും മറുപടി പറയുന്ന ശകുന്തള തന്റെ വ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ നടത്തുന്ന ശ്രമങ്ങളാണ് പാഠഭാഗത്തുള്ളത്.

ദുഷ്യന്തന്റെ ശകുന്തളോപാലംഭമാണ് ആദ്യഭാഗം. അദ്ദേഹം ഇപ്രകാരം പറയുന്നു. സ്ത്രീകൾ അഹങ്കാരികളാണെന്ന് എനിക്ക് കേട്ടുകേൾവിയേയുള്ളൂ. ഇപ്പോൾ അത് കാണേണ്ടി വന്നിരിക്കുന്നു. കുലടയായ നീ കുലീനയെന്നു ഭാവിച്ച് വെറുതെ അതുമിതും പറയുന്നത് നിർത്തുക നിനക്ക് ഞാൻ സ്വർണ്ണം, രത്നം, വസ്ത്രങ്ങൾ തുടങ്ങിയവ വേണ്ടുവോളം നൽകാം. അതും കൊണ്ട് നിനക്കിഷ്ടമുള്ള ദേശത്ത് പോയി ജീവിച്ചു കൊള്ളണം. ഇവിടെ നിന്ന് വെറുതെ സമയം പാഴാക്കേണ്ടതില്ല. കുയിൽപ്പിടയെപ്പോലെ നീ അന്യനാൽ വളർത്തപ്പെട്ടവളാണ്. അതുകൊണ്ടു തന്നെ എനിക്ക് നിന്നെ കാണാൻ ഒട്ടും തന്നെ ആഗ്രഹമില്ല.

ശകുന്തളയെ അഹങ്കാരിയെന്നും ചീത്ത സ്ത്രീയെന്നും, സമ്പത്തിൽ അഭിരമിക്കുന്നവളെന്നും പറഞ്ഞ ദുഷ്യന്തൻ ഒടുവിൽ അവളുടെ ജന്മവൃത്താന്തം പറഞ്ഞും ആക്ഷേപിക്കുന്നു. ഈ നിന്ദാ വാക്കുകൾ കേട്ട് ലജ്ജിതയായ ശകുന്തള ഇങ്ങനെ പറഞ്ഞു,

കടുകുമണിയുടെ അത്രയും മാത്രം വലിപ്പമുള്ള അന്യരുടെ ദോഷങ്ങൾ കാണുന്ന നീ ആനയുടെയത്രയും വലുതായ നിന്റെ ദോഷങ്ങൾ കാണുന്നതേയില്ല. ഈയൊരു സ്വഭാവത്തിൽ നിന്ന് അറിവുള്ളവർ പോലും മുക്തരല്ല. അപ്പോൾ പിന്നെ നിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ദുഷ്യന്തൻ ഒട്ടും അറിവുള്ളയാളല്ല എന്നാണ് ശകുന്തള വ്യംഗ്യമായി സൂചിപ്പിക്കുന്നത്. തന്റെ ജന്മത്തെ ആക്ഷേപിച്ച ദുഷ്യന്തനോട് നിന്റെ ജന്മത്തെക്കാൾ ശ്രേഷ്ഠമാണ് എന്റെ ജന്മമെന്നും ശകുന്തള പറയുന്നു. നിനക്ക് ഭൂമിയിൽ മാത്രമേ സഞ്ചരിക്കാനാവൂ. പക്ഷേ എനിക്ക് ഭൂമിയിലും ആകാശത്തും ഒരുപോലെ സഞ്ചരിക്കാനാവും. ദുഷ്യന്തൻ വെറുമൊരു മനുഷ്യനും ശകുന്തള ദിവ്യത്വമുള്ളവളുമാകയാലാണ് ഇത് സാധിക്കുന്നത്. നമ്മൾ തമ്മിൽ മേരു പർവതവും കടുകും തമ്മിലുള്ള വ്യത്യാസമുണ്ട്. താങ്കൾ ഒട്ടും അറിവില്ലാത്തവനാകയാലാണ് ഇത് മനസ്സിലാവാത്തത്.

വിരൂപന്മാരായ ആളുകൾ സ്വന്തം മുഖം കണ്ണാടിയിൽ കാണുന്നതു വരെയും തങ്ങൾക്ക് സൗന്ദര്യമുണ്ടെന്നു കരുതുകയും മറ്റുള്ളവരെ കുറ്റം പറയുകയും ചെയ്യും. സ്വന്തം കുറ്റങ്ങൾ തിരിച്ചറിയുകയുമില്ല. എന്നാൽ കുറ്റമില്ലാത്ത സജ്ജനങ്ങൾ മറ്റുള്ളവരെ ഒരിക്കലും നിന്ദിക്കുകയില്ല. നിത്യവും സ്വച്ഛജലത്തിൽ കുളിച്ചാലും മദിച്ച ആനയ്ക്ക് പൊടി മണ്ണിൽ കുളിച്ചാലേ സന്തോഷമുണ്ടാകൂ. അതുപോലെ ദുഷ്ടന്മാർക്ക് സജ്ജനങ്ങളെ നിന്ദിച്ചാലേ സന്തോഷമുണ്ടാകൂ. എന്നാൽ സജ്ജനങ്ങൾ ദുഷ്ടന്മാരെപ്പോലും നിന്ദിക്കുകയില്ല.

 സത്യധർമ്മങ്ങൾ വെടിഞ്ഞ പുരുഷനെ ക്രുദ്ധനായ സർപ്പത്തെക്കാളും ഭയപ്പെടേണ്ടതുണ്ട്. ദുഷ്ടരായ അവരോട് അറിവുള്ളവർ ശുഭ കാര്യങ്ങളും അശുഭ കാര്യങ്ങളും പറഞ്ഞാൽ അവർ അശുഭം മാത്രമേ മനസിലാക്കുകയുള്ളൂ. എന്നാൽ നല്ല മനുഷ്യർ പെട്ടെന്നു തന്നെ നല്ല കാര്യങ്ങൾ ഗ്രഹിക്കും. ഇത് പാലും വെള്ളവും ചേർന്ന മിശ്രിതത്തിൽ നിന്ന് അരയന്നം പാൽ മാത്രം വേർതിരിച്ച് കുടിക്കുന്നതു പോലെയാണ്.

 ഇപ്രകാരം ശകുന്തള പറഞ്ഞ സമയത്ത് ആകാശത്തു നിന്ന് ഒരു അശരീരിവാക്യം കേട്ടു. ദേവസ്ത്രീകൾക്കു തുല്യയായ ശകുന്തളയെയും പുത്രനെയും നീ സ്വീകരിക്കുക. അവൻ ഭരതനെന്ന പേരിൽ പ്രശസ്തനായിത്തീരും എന്നായിരുന്നു അത്. ഈ ദേവവാക്യം അനുസരിച്ചു കൊണ്ട് ദുഷ്യന്തൻ ശകുന്തളയെ സ്വീകരിക്കുകയും ശകുന്തള ഭർത്താവിനൊപ്പം സന്തോഷപൂർവം കഴിയുകയും ചെയ്തു.

 ഇവിടെ ശകുന്തള ആത്മാഭിമാനവും നിലപാടുകളുമുള്ള ശക്തയും സ്വതന്ത്രയുമായ സ്ത്രീയാണ്. ദുഷ്യന്തന്റെ ആക്ഷേപ വാക്കുകൾക്ക് അവൾ മറുപടി കൊടുക്കുന്നത് തികച്ചും ബുദ്ധിപരമായാണ് . ദുഷ്യന്തനെപ്പോലെ മോശം വാക്കുകൾ ശകുന്തള ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. വ്യംഗ്യ സൂചനകൾ കൊണ്ടും വ്യാജ സ്തുതി കൊണ്ടുമാണ് ദുഷ്യന്തന്റെ നിസ്സാരത അവൾ ബോധ്യപ്പെടുത്തുന്നത്. ഭൂപതീതിലകം, ധാത്രീശൻ എന്നൊക്കെ ദുഷ്യന്തനെ സംബോധന ചെയ്യുന്ന ശകുന്തള ഈ സംബോധനകൾക്ക് അർഹമല്ലാത്ത രീതിയിലാണ് അയാളുടെ പ്രവൃത്തികൾ എന്നാണ് സൂചിപ്പിക്കുന്നത്. പാംസുസ്നാനത്താൽ സന്തോഷിക്കുന്ന മത്തേഭം എന്നതിലൂടെ  ദുഷ്യന്തൻ ദുഷ്ടനാകയാൽ സജ്ജന നിന്ദയിൽ സന്തോഷം കണ്ടെത്തുന്നയാളാണ് എന്ന് സൂചിപ്പിക്കുന്നു. ഒരേ സമയം രാജാധിപത്യത്തോടും പുരുഷാധിപത്യത്തോടും കലഹിക്കുന്നവളാണ് ശകുന്തള.

 കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയോട് ഈ കഥാപാത്രത്തിനുള്ള സാദൃശ്യം ശ്രദ്ധേയമാണ്. രണ്ടു പേരും പുരുഷാധികാരത്തെ ചോദ്യം ചെയ്യുകയും സ്വന്തം വ്യക്തിത്വം സ്ഥാപിക്കുകയും ചെയ്യുന്നവരാണ്.

ശാകുന്തളം മൂലകഥ വ്യാസഭാരതത്തിലാണുള്ളതെങ്കിലും കൂടുതൽ പ്രചാരം നേടിയത് കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകമാണ്. ഈ നാടകത്തിൽ മൂലകഥയിൽ നിന്ന് വ്യത്യസ്തമായ ചില കാര്യങ്ങൾ കാളിദാസൻ കൂട്ടിച്ചേർത്തിട്ടുണ്ട്. അത് അടയാള മോതിരത്തിന്റെ കഥയും ശാപവൃത്താന്തവുമാണ്. ദുഷ്യന്തൻ തെറ്റുകാരനല്ലെന്നു വരുത്താനാണ് ഈ മാറ്റങ്ങൾ കൂട്ടിച്ചേർത്തതെന്ന് മുണ്ടശ്ശേരി അഭിപ്രായപ്പെട്ടിട്ടുണ്ട്. കാളിദാസന്റെ ശകുന്തള പുരുഷാധിപത്യത്തിന് വിധേയയായി കഴിയുന്നവളുമാണ്.

 

എഴുത്തച്ഛൻ

ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തച്ഛൻ  മലയാള സാഹിത്യത്തിൽ ഭക്തി പ്രസ്ഥാനത്തിന്റെയും കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെയും ഉപജ്ഞാതാവായും  കരുതപ്പെടുന്നു. എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളും അർദ്ധ സത്യങ്ങളും നിറഞ്ഞതാണ്. AD 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന അദ്ദേഹത്തിന്റെ ജന്മസ്ഥലം മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള തൃക്കണ്ടിയൂരാണെന്ന് വിശ്വസിക്കപ്പെടുന്നു. യഥാർത്ഥ നാമം രാമാനുജൻ എന്നാണെന്നും പണ്ഡിതർ അഭിപ്രായപ്പെടുന്നു. എഴുത്തച്ഛൻ തന്റെ അവസാന കാലം ചെലവഴിച്ചത് പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ്.

മുപ്പത് അക്ഷരമുള്ള വട്ടെഴുത്തിനു പകരം അൻപത്തിയൊന്നക്ഷരമുള്ള മലയാള ലിപി പ്രയോഗത്തിൽ വരുത്തിയത് എഴുത്തച്ഛനാണ്. സംസ്കൃതപദങ്ങൾ മലയാളത്തിനു ചേരുന്ന രീതിയിൽ ധാരാളമായി എഴുത്തച്ഛൻ പ്രയോഗിച്ചിട്ടുണ്ട്. ഇന്നത്തെ മലയാളത്തോടടുത്തു നിൽക്കുന്ന ഒരു ഭാഷാരീതി അദ്ദേഹം രൂപ പ്പെടുത്തിയെടുത്തു. ഒരു ജനത ഭൗതികമായും ആത്മീയമായും ജീർണ്ണത അനുഭവിച്ച ഒരു കാലഘട്ടത്തിൽ തന്റെ കവിതയിലൂടെ അവരെ ഉദ്ധരിക്കാനാണ് എഴുത്തച്ഛൻ ശ്രമിച്ചത്. അതിനായി അദ്ദേഹം അദ്ധ്യാത്മ രാമായണത്തിന്റെയും വ്യാസഭാരതത്തിന്റെയും സ്വതന്ത്ര പരിഭാഷകളിലൂടെ പാട്ടും മണിപ്രവാളവുമായി വേർതിരിഞ്ഞു നിന്ന മലയാള സാഹിത്യത്തെ പരിഷ്കരിച്ച് നൂതനമായൊരു കാവ്യഭാഷ സൃഷ്ടിച്ചു. നിത്യജീവിത സാഹചര്യങ്ങളോടടുത്തു നിൽക്കുന്ന വാമൊഴി പ്രയോഗങ്ങളും എഴുത്തച്ഛന്റെ രചനയുടെ സവിശേഷതകളാണ്.

എഴുത്തച്ഛന്റെ പ്രധാന കൃതികൾ അധ്യാത്മ രാമായണം കിളിപ്പാട്ടും മഹാഭാരതം കിളിപ്പാട്ടുമാണ്.സംസ്കൃതത്തിൽ എഴുതപ്പെട്ട അധ്യാത്മ രാമായണത്തിന്റെയും വ്യാസഭാരതത്തിന്റെയും സ്വതന്ത്ര പരിഭാഷകളാണിവ. ഇവയ്ക്കു പുറമെ ഹരി നാമ കീർത്തനം, ഭാഗവതം കിളിപ്പാട്ട്, ചിന്താ രത്നം, ബ്രഹ്മാണ്ഡപുരാണം എന്നീ കാവ്യങ്ങളും എഴുത്തച്‌ഛന്റേതാണെന്നു കരുതപ്പെടുന്നു.

 

മഹാഭാരതത്തിലെ അധ്യായങ്ങൾ

മഹാഭാരതത്തിലെ അധ്യായങ്ങൾക്കു പറയുന്ന പേര് പർവം എന്നാണ്. ആകെ പതിനെട്ട് പർവങ്ങളാണ് മഹാഭാരതത്തിലുള്ളത്.

ആദിപർവം, സഭാപർവം, വനപർവം, വിരാടപർവം, ഉദ്യോഗപർവം, ഭീഷ്മപർവം, ദ്രോണപർവം, കർണ്ണപർവം, ശല്യപർവം, സൗപ്തികപർവം, സ്ത്രീ പർവം, ശാന്തിപർവം, അനുശാസനാ പർവം, അശ്വമേധപർവം, ആശ്രമപർവം, മൗസലപർവം, മഹാപ്രസ്താനികപർവം, സ്വർഗ്ഗാരോഹണപർവം എന്നിവയാണവ.

ഇതിനു പുറമെ അനുബന്ധപർവമായി ഹരിവംശം എന്നൊരധ്യായം കൂടിയുണ്ട്. ശ്രീകൃഷ്ണന്റെ ജീവചരിത്രമാണിതിൽ പരാമർശിക്കുന്നത്.

എഴുത്തച്ഛൻ തന്റെ മഹാഭാരതം കിളിപ്പാട്ടിൽ അധികമായി നാലധ്യായങ്ങൾ ചേർത്തിട്ടുണ്ട്. പൗലോമ പർവം, ആസ്തികപർവം, സംഭവപർവം, ഐഷികപർവം എന്നിങ്ങനെ. മഹാഭാരതം കിളിപ്പാട്ടിൽ ആകെ ഇരുപത്തിയൊന്ന് പർവങ്ങളാണുള്ളത്.

 

സുഭാഷിതം, ലോകോക്തികൾ

നന്നായി പറയപ്പെട്ടത് എന്നാണ് സുഭാഷിതം എന്ന വാക്കിന്റെ അർത്ഥം. ജീവിത വിജയത്തിനുപകരിക്കുന്ന ഉപദേശങ്ങളാണിതിൽ അടങ്ങിയിരിക്കുന്നത്. അർത്ഥപൂർണ്ണമായ കവിതാ ഭാഗങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവയ്ക്ക് ജീവിതത്തിലുള്ള പ്രാധാന്യം വെളിപ്പെടുത്തുകയാണ് സുഭാഷിതങ്ങളുടെ ലക്ഷ്യം.

തത്വചിന്താ പ്രധാനമായ വരികളോ പഴഞ്ചൊല്ലുകളോ ആണ് ലോകോക്തികളായി കണക്കാക്കപ്പെടുന്നത്. കവിതാ സന്ദർഭത്തിൽ നിന്ന് മാറ്റി നിർത്തിയാലും ഇവയ്ക്ക് അർത്ഥപൂർണ്ണതയുണ്ട്. ലോകോക്തികളാൽ സമ്പന്നമാണ് എഴുത്തച്ഛന്റെ കൃതികൾ

 

ചില ഉദാഹരണങ്ങൾ:

1. വഹ്നിസന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ

സന്നിഭം മർത്യജന്മം ക്ഷണഭംഗുരം.

2. ചക്ഷുശ്രവണ ഗളസ്ഥമാം ദർദ്ദുരം

ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ

കാലാഹിനാ പരിഗ്രസ്തമാം ലോകവു -

മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു.

3. കണ്ണാടി കാൺമോളവും

തന്നുടെ മുഖമേറ്റം

നന്നെന്നു നിരൂപിക്കു -

മെത്രയും വിരൂപന്മാർ

4. മത്തേഭം പാംസുസ്നാനം

കൊണ്ടല്ലോ സന്തോഷിപ്പൂ

നിത്യവും സ്വച്ഛജലം

തന്നിലേ കുളിച്ചാലും

5. സത്യധർമ്മാദി വെടിഞ്ഞീടിന പുരുഷനെ

ക്രുദ്ധനാം സർപ്പത്തെക്കാ

ളേറ്റവും പേടിക്കണം.

6.നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചീടും

വെള്ളത്തെ വെടിഞ്ഞു പാലന്നമെന്നതു പോലെ