PALAMA : 2
പ്രണയം
പ്രണയത്തിന്റെ
ഭൂതകാല പടർപ്പിലേക്കൊന്നെത്തി നോക്കിയാൽ,
അവിടം
ഓർമ്മകൾ ചുറ്റും കൂടിയിരുന്ന്
വസന്തമൊരുക്കുകയാണ്....
സ്നേഹം
വേരറ്റ പുഴയുടെ തീരത്ത്
തനിക്കെന്തു
കാര്യമെന്ന് അവൾ സ്വയം ചോദിക്കയാണ്...
അവിടെ
മറുപടിയില്ല, മൗനങ്ങൾ മാത്രം....
ചില
ജാലകങ്ങളങ്ങനെയാണ്
തുറന്നിരുന്നാലും
ഉള്ളിന്റെയുള്ളിൽ നിലച്ച ഹൃദയത്തോളം മൂകമായിരിക്കും...
അവിടെ
പ്രതീക്ഷ അപ്രസക്തമാകുന്നു.
ഒന്നു
കണ്ണോടിച്ചാൽ നിറയെ പ്രഭയാണ്
നിഴലുകൾ
കാണുന്നില്ല...
ആഴങ്ങളിലേക്ക്
പറ്റിച്ചേർന്നു
കിടന്നാൽ
ഭൂഗോളത്തിന്റെ
ഹൃദയ സ്പന്ദനം
കേൾക്കാം...
എല്ലാം
അസ്തമിച്ച്
ഒരു
ജഡമാവാൻ ആഗ്രഹമില്ലാതെ
മരിച്ചുപോയ
കവിതകൾക്കായി
അവൾ
ആകാശം തിരയുമ്പോഴായിരുന്നു
ആ
പ്രണയം...
കിനാവ്
പൊട്ടിവീണ രാവിന്റെ വരമ്പത്ത്
പിന്നീട്, സ്വപ്നങ്ങൾ
അവൾ
നെയ്തെടുക്കുകയായിരുന്നു...
കണ്ണിൽ
വിരിയാൻ മറന്നുപോയ
ആ
പൂമൊട്ട് കാത്തു നിൽപ്പുണ്ടെങ്കിൽ,
എന്നവൾ
ആഗ്രഹിച്ചെങ്കിലും
ഉപ്പുകാറ്റിന്റെ
രുചി
ചുണ്ടിന്മേലറിയാനുള്ള
ഒരു തരം ഭ്രാന്താണതെന്ന്
തിരിച്ചറിഞ്ഞിരുന്നില്ല...
ഏറ്റവും
വലിയ നുണയാണ്
പ്രണയമെന്ന്
പറയുമ്പോഴും,
പറയാൻ
കൊതിച്ച
ഹൃദയമിടിപ്പുകളുടെ അധരങ്ങളിൽ മയിൽപ്പീലിത്തുണ്ടുകൾ
നൃത്തമാടുകയാണ്....
തിരിച്ചറിയാനാവാത്ത
വിധം
നീ
എന്നിലേക്കാഴ്നിറങ്ങിയപ്പോഴാണ്
ആത്മനിയന്ത്രണം
കൈവെടിഞ്ഞതെന്ന്
അവൾ
മനസ്സിലാക്കിയിരിക്കുന്നു....
അറിഞ്ഞോ
അറിയാതെയോ
അതൊരു
കാവ്യമായി
മഷിപ്പടർപ്പിലേക്ക്
അകമ്പടികൊണ്ടുതുടങ്ങി..
പറയാതെ
പോയൊരാ പ്രണയം,
ഓർമ്മകൾ
പെയ്ത തന്റെ ഇടവഴിയിലൂടെ
ഒരു
തുണ്ട് സ്വപ്നത്തിനായി
വീണ്ടുമൊരു
മഴ നനയാൻ
അവളിൽ
ആഗ്രഹം ജനിപ്പിക്കുന്നു....
കാറ്റിലിളകുന്ന
ദേവദാരുക്കൾക്കിടയിലൂടെ
കുടയില്ലാത്തൊരു
പെൺകുട്ടി
നനഞ്ഞൊലിച്ച്
ഓടിപ്പോകുന്നു....
കീർത്തി
ലക്ഷ്മി പി എസ്
Std 9 , GHSS ഉളിക്കൽ, കാസറഗോഡ്
💦💦💦💦💦💦
പ്രണയവും കാവ്യബിംബങ്ങളും
ചിത്രം എങ്ങനെയാണ് നമ്മെ ആകർഷിക്കുന്നത്? അത് ചിത്രമായി ഇരുന്നുകൊണ്ടുതന്നെ. മുൻപ്
‘യഥാർത്ഥവസ്തുവിനെ’ പോലെയിരിക്കുന്നു എന്നത് ഒരു യോഗ്യതയായി ആളുകൾ
കണക്കാക്കിയിരുന്നു. യഥാർത്ഥത്തിലുള്ള വസ്തുവും വരച്ചുവച്ച ചിത്രവും തമ്മിൽ
താരതമ്യം ചെയ്യണമെങ്കിൽ നമുക്ക് യഥാർത്ഥ വസ്തുവിനെപ്പറ്റി അറിവുവേണം. അങ്ങനെ ഒരു
യഥാർത്ഥ വസ്തുവിനെപ്പറ്റി അറിയാമെങ്കിൽ അതിന്റെ പകർപ്പായ ചിത്രമെന്തിനാണ് നമുക്ക്? ഇപ്പോൾ ഡിജിറ്റൽ സാങ്കേതികവിദ്യ, യഥാർത്ഥത്തെ കൂറേക്കൂട്ടി ‘യഥാർത്ഥമാക്കി‘ നമുക്കു തരുകയും
സൂക്ഷിച്ചുവയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടുതൽ യഥാർത്ഥമാക്കി എന്നുവച്ചാൽ
നേരിട്ടു കണ്ടാൽ അനുഭവിക്കാൻ പറ്റാത്ത വസ്തുവിന്റെ മാനങ്ങളെ അവ പകർത്തി
കാണിച്ചുതരുന്നു. അതുകൊണ്ട് ഓർമ്മയെ സൂക്ഷിച്ചുവയ്ക്കാനുംകൂടിയുള്ള ഉപാധിയായി അവ
മാറി. അതിനനുസരിച്ച് കലകളും മാറി. വ്യക്തിരൂപങ്ങളെ
പകർത്താൻ ഇന്ന് പണ്ട് എണ്ണച്ചായചിത്രങ്ങളെ ആശ്രയിച്ചിരുന്നുവെങ്കിൽ ഇന്ന് നമുക്ക്
അതു കൂടുതൽ അനായാസമായി ചെയ്യാൻ ഫോട്ടോഗ്രാഫിയുണ്ട്. അതുകൊണ്ട് ചിത്രകല പുതിയ
ലോകങ്ങൾ തേടി. യന്ത്രത്തിനു പകർത്താൻ പറ്റാത്ത വാസ്തവങ്ങളെ എങ്ങനെ ചിത്രീകരിക്കാം
എന്ന് അന്വേഷിച്ചു. ചിത്രകല ശക്തമായ കലാമാധ്യമമായി നിലനിൽക്കുന്നത് അതുകൊണ്ടാണ്.
അത് കാലത്തിനനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തെയാണ് കലയുടെ ജൈവികത
എന്നു നമ്മൾ പറയുന്നത്. ഇത് കവിതയ്ക്കും യോജിക്കും.
സാധാരണ രീതിയിൽ പറയാൻ
കഴിയുന്ന കാര്യങ്ങൾ എന്തിനു കവിതയാക്കണം എന്ന് പലരും ചോദിക്കാറുണ്ട്. കവിതയ്ക്കും
യാഥാർത്ഥ്യത്തിനും തമ്മിൽ, കവിതയ്ക്കും
ജീവിതത്തിനും തമ്മിൽ വലിയ അകലമില്ല. കല ജീവിതം തന്നെ എന്നു പറയുമ്പോലെ കവിതയും
ജീവിതം തന്നെ. സാധരണലോകത്തിനു സമാന്തരമായിട്ടാണ്
കവിതയുടെ ലോകം നിലനിൽക്കുന്നത്. നമ്മൾ
സംഭാഷണത്തിലുപയോഗിക്കുന്നതിൽനിന്നു വ്യത്യാസമുണ്ട്, കവിതയിലെ
ഭാഷയ്ക്ക്. കവിത ഭാഷയുടെ സിദ്ധികളെ ശ്രദ്ധാപൂർവം ഉപയോഗിക്കുന്നതുകൊണ്ടാണ് ‘ഭാഷയുടെ
സൂക്ഷ്മരൂപമാണ് കവിത“യെന്നു പറയുന്നത്. ഒരാൾ
അത്രയും ശ്രദ്ധിച്ചും സൂക്ഷ്മമായും ഭാഷ ഉപയോഗിച്ച് കവിതയെഴുതുന്നതുകൊണ്ട് എന്തു
പ്രയോജനമാണുള്ളത്? കവി/കവയിത്രി
എന്നു പേരുകിട്ടും എന്നുള്ളതാണ് വ്യക്തിയുടെ ഭാഗത്തുനിന്നുനോക്കുമ്പോഴുള്ള
പ്രയോജനം. അതിനേക്കാൾ പ്രാധാന്യമുള്ള മറ്റു കാര്യങ്ങളുമുണ്ട്. 1. ഭാഷയുടെ സാധ്യതയെ വികസിപ്പിക്കുന്നു. 2. അനുഭവങ്ങളുടെ വ്യത്യസ്തമായ തലങ്ങൾ വെളിവാക്കി തരുന്നു.
ഭാഷയുടെ സാധ്യത എന്നു
പറഞ്ഞല്ലോ. അതിലൊന്ന് അതിന്റെ സൗന്ദര്യമാണ്. കവിത വായിക്കുമ്പോൾ നമുക്കുണ്ടാകുന്ന
ആഹ്ലാദത്തിനു കാരണം ഈ സൗന്ദര്യമാണ്. ഒരു വൻവൃക്ഷം അവിടെ നിൽക്കുന്നു എന്നു
പറയുന്നതിനേക്കാൾ ഭംഗിയുണ്ട്‘ ഒറ്റമരക്കാട്“ എന്ന കുമാരനാശാന്റെ പ്രയോഗത്തിന്.
ഒറ്റത്താപ്പ് എന്ന കവിതയിൽ കല്പറ്റ നാരായണൻ എഴുതുന്നു.
“ഒറ്റമുഷ്ടിപോലെയൊരാൾക്കൂട്ടം“. വൈവിധ്യങ്ങളില്ലാതെ ചിന്തിക്കുന്ന ആളുകളെ
കുറിക്കാനാണ് ആ വാക്ക് കവി ഉപയോഗിച്ചത്. പി എൻ ഗോപീകൃഷ്ണൻ എഴുതിയ കവിതയിൽ ഒരു
ബാല്യകാല അനുഭവത്തെ വർണ്ണിക്കുന്നതിങ്ങനെയാണ് : മോസ്കോ, പീക്കിങ്, വിയറ്റ്നാം
സിറ്റി എന്നിവിടങ്ങളിൽ പോകാൻ പാസ് പോർട്ടോ വിസയോ വിമാനമോ ആവശ്യമില്ലായിരുന്നു, ബീഡി
തെറുക്കുന്ന മാമന്മാരുടെ മടിയിൽ കയറിയിരുന്നാൽ മതിയായിരുന്നു. അവ ‘വാക്കുകേറി
ഇങ്ങോട്ടു വരുമായിരുന്നു’.
വാക്കുകേറി വരുന്ന
അനുഭവങ്ങളുടെ അപൂർവതയും വ്യത്യാസവും കുറിക്കാനാണ് അവയെ ആദ്യം
‘യഥാർത്ഥമായവയിൽ’നിന്ന് വേർതിരിച്ചത്. മുൻപ് അനുഭവങ്ങൾക്കും
ഭാഷയുടെ സൗന്ദര്യങ്ങൾക്കും തമ്മിൽ ഒരു ഐകരൂപ്യം ആവശ്യമായിരുന്നു. ഉദ്‌ഗ്രഥിതാവസ്ഥയെന്നാണതിനെപ്പറഞ്ഞിരുന്നത്.
സമൂഹം മുഴുവനായി ചില മൂല്യങ്ങളിൽ ഉറച്ചു വിശ്വസിച്ചിരുന്നു. ആ മൂല്യങ്ങൾ
ജീവിതത്തിൽ വേണമെന്ന കാര്യത്തിൽ ഭൂരിപക്ഷത്തിന് സംശയമുണ്ടായിരുന്നില്ല. അതുകൊണ്ട്
കവിതയുൾപ്പടെയുള്ള സാഹിത്യത്തിന് പ്രബോധനങ്ങളും ഗുണപാഠങ്ങളും എളുപ്പമായിരുന്നു.
അതാണ് കാവ്യങ്ങളുടെ ധർമ്മം എന്നു വിശ്വസിച്ച പണ്ഡിതന്മാരും ഉണ്ടായിരുന്നു.
ഭാരതസ്ത്രീകൾക്ക് ഭാവശുദ്ധി വേണമെന്നു മാത്രമല്ല അതെങ്ങനെയാണ് വെളിവാകുന്നതെന്നും
വള്ളത്തോൾ എഴുതി. ഉള്ളൂരിന്റെ പ്രേമസംഗീതത്തിലും കുമാരനാശാന്റെ
ചണ്ഡാലഭിക്ഷുകിയിലും ദുരവസ്ഥയിലുമെല്ലാം സാമൂഹിക നന്മയെ ലക്ഷ്യമാക്കിയുള്ള
പ്രബോധനങ്ങളുണ്ട്. ആധുനികതയെത്തുടർന്ന് അനുഭവങ്ങൾ സങ്കീർണ്ണമായതോടൊപ്പം
മൂല്യങ്ങളെക്കുറിച്ചുള്ള സംശയങ്ങളും പ്രബലമായി. അതോടുകൂടി ഉപദേശങ്ങൾക്ക് പ്രസക്തിയില്ലാതാവുകയും
കഥയ്ക്കു പകരം അവസ്ഥയോ വികാരമോ കവിതകളുടെ കേന്ദ്രമാവുകയും ചെയ്തു. സംഭവം
വിവരിക്കുമ്പോൾ ഘടകങ്ങളെല്ലാം ഒത്തുചേർന്ന് പ്രവർത്തിക്കുന്ന കവിതയുടെ ഉദ്‌ഗ്രഥിതാവസ്ഥയ്ക്ക്
മാറ്റം വന്നു. കഥ മനസിലാക്കാനല്ല, വികാരത്തെ
ഉൾക്കൊള്ളാനും അനുഭവത്തിന്റെ അപൂർവത തിരിച്ചറിയാനുമാണ് കവിത വായിക്കുന്നതെന്ന
നിലവന്നു. കാവ്യബിംബങ്ങൾ എന്നു
വിളിക്കുന്ന ഒറ്റയൊറ്റ ചിത്രങ്ങളിലൂടെ വികാരങ്ങളും അവസ്ഥകളും പ്രകടമാക്കാമെന്നു
വന്നു. ബിംബങ്ങൾക്ക് പരസ്പരം ബന്ധമില്ലെങ്കിൽ പോലും അവയ്ക്ക് നിലനിൽപ്പുണ്ടാകും.
വാക്കുകളിലൂടെയും വാക്യഘടനയിലൂടെയും ആശയം വ്യക്തമാക്കുന്ന സാധാരണ ഭാഷയ്ക്കു പകരം
ബിംബങ്ങളിലൂടെ പുതിയ വ്യവഹാരം കവിത രൂപപ്പെടുത്തി. ഭാഷാപരമായി കവിതയ്ക്കുണ്ടായ പല
മാറ്റങ്ങളിലൊന്നാണിത്. അത് അതുവരെ വായനക്കാർ ശീലിച്ചിട്ടില്ലാത്ത ഭാഷയുടെ
മറ്റൊരുതരം സൗന്ദര്യത്തെയാണ് കവിത കാണിച്ചുതന്നത്.
ആധുനികാനന്തര
കവിതയുടെ പ്രത്യേകതകളെക്കുറിച്ചു വർണ്ണിക്കുമ്പോൾ അവയ്ക്കു ബന്ധം ചിത്രകലയുമായും
അതിൽ കൂടുതൽ പ്രതിഷ്ഠാപനം എന്നു വിളിക്കുന്ന ഇൻസ്റ്റലേഷനുമായുമാണെന്ന് നിരൂപകർ
പറയാറുണ്ട്. തത്കാലികതയാണ് ഇൻസ്റ്റലേഷന്റെ പ്രത്യേകത. എന്നുവച്ചാൽ വർത്തമാന നിമിഷവുമായാണ് അതിനു ബന്ധം. പ്രത്യേക
അർത്ഥം അതിൽ ഉണ്ടാവണമെന്നില്ല. പരസ്പരബന്ധമില്ലാത്ത വസ്തുക്കൾ പ്രത്യേക സ്ഥലത്ത്
കൂട്ടിവയ്ക്കുമ്പോൾ ഉണ്ടായി വരുന്ന പുതിയ അർത്ഥമാണ് പ്രതിഷ്ഠാപനങ്ങളുടെ സൗന്ദര്യം.
കാണുന്നവർക്കും അവരുടെ അനുഭവങ്ങളിൽനിന്നും അറിവിൽനിന്നും അർത്ഥം
ഉണ്ടാക്കിയെടുക്കാം. മണ്ണിൽ വരച്ച ചിത്രമോ നനഞ്ഞ മണ്ണുകൊണ്ടുണ്ടാക്കിയ ശില്പമോ
മായ്ചോ പൊളിച്ചോ കളയുമ്പോൾ ഇല്ലാതാകുന്നതുപോലെയുള്ള പ്രക്രിയയെയാണ്
താത്കാലികതയെന്നു വിശേഷിപ്പിച്ചത്. ബിംബഭാഷയിലൂടെ പ്രത്യേക മാനസികനില
പുറത്തിടുമ്പോൾ കവിതയിലും ഇതിനു സമാനമായ അവസ്ഥ സംഭവിക്കുന്നു.
കാസറഗോഡ് ഉളിക്കൽ
ഗവണ്മെന്റ് സ്കൂളിലെ ഒൻപതാം ക്ലാസ്
വിദ്യാർത്ഥിനിയായ കീർത്തിലക്ഷ്മിയെഴുതിയ ‘പ്രണയം‘
ആധുനികാനന്തര കാലത്തുണ്ടായ ഒരു കവിതയാണ്. എഴുതുന്ന
ആൾ ഉദ്ദേശിച്ചില്ലെങ്കിൽ പോലും കാലത്തിന്റെയും സമൂഹത്തിന്റെയും ചില പ്രത്യേകതകൾ
കവിതയ്ക്കുള്ളിൽ കടന്നുകൂടും. കവിതയുണ്ടായ കാലമുതൽ ആളുകൾ പാടുകയും എഴുതുകയും ചെയ്ത
വികാരമാണ് പ്രണയം. 2022 ൽ
ജീവിതത്തെ ഗൗരവത്തോടെ കാണാൻ ആരംഭിക്കുന്ന പ്രായത്തിലുള്ള ഒരാൾക്കേ പ്രണയമെന്ന
വിഷയം കവിതയ്കകയി തെരെഞ്ഞെടുക്കാൻ പറ്റൂ. ഒരുപാട് പേർ എടുത്തു പെരുമാറിയ
വിഷയമായതുകൊണ്ട്, അതിൽ
എന്തു വ്യത്യാസമാണ് പുതിയതായി കലരുന്നത് എന്ന് വായനക്കാർ പ്രത്യേകം ശ്രദ്ധിക്കും.
മുകളിൽ പറഞ്ഞതുപോലെ
കീർത്തിയുടെ കവിത ബിംബങ്ങൾകൊണ്ടാണ് അമൂർത്തമായ പ്രണയാനുഭവത്തെ വിവരിക്കാൻ
ശ്രമിക്കുന്നത്. ‘ഓർമ്മകൾ ചുറ്റും കൂടിയിരുന്നു ഒരുക്കുന്ന വസന്തം, കിനാവ് പൊട്ടി വീണ രാവ്, ഭൂഗോളത്തിന്റെ ഹൃദയസ്പന്ദനം, ഹൃദയമിടിപ്പുകളുടെ അധരങ്ങളിൽ നൃത്തം ചെയ്യുന്ന
മയിൽപ്പീലിത്തുണ്ടുകൾ.. ഇങ്ങനെ നിർമ്മിക്കുന്ന ചിത്രങ്ങളിലൂടെ കീർത്തി പറയാൻ
ശ്രമിക്കുന്നത് പ്രണയം എന്ന അനുഭവത്തിന്റെ ഒരറ്റംമാത്രമാണ്. ഒരു വശത്ത്, പ്രണയം
വസന്തം പോലെ, മഴനനയാനും സ്വപ്നം കാണാനുമുള്ള ആഗ്രഹമ്പോലെ, ആവേശം കൊണ്ട് തുടിക്കുന്ന ഹൃദയം പോലെ, മയിൽപ്പീലി
കാണുമ്പോഴുള്ള കൗതുകം പോലെ ഒരു കാതരഭാവമാണെന്നും അതു രസമാണെന്നും ഉള്ള
ചിന്തയുണ്ട്. അതേ സമയം മൗനം, ജഡം, നിഴലുകൾ, ഭ്രാന്ത്, നുണ തുടങ്ങിയ വാക്കുകളിലൂടെ അതിനോടുള്ള ഭയമോ
അകൽച്ചയോ വെളിവാക്കുകയും ചെയ്യുന്നുണ്ട്. ഈ
ഭാവങ്ങളാണ് കവിതയുടെ ഉള്ളിലുള്ള തലത്തെ സൃഷ്ടിക്കുന്നത്. ‘അവൾ’ എന്ന പ്രഥമപുരുഷ
സർവനാമം ഉപയോഗിച്ചുകൊണ്ടാണ് (തന്നിൽ നിന്ന് അകന്നു നിന്നുകൊണ്ട്) എഴുത്തുകാരി
പ്രണയത്തെ ആവിഷ്കരിക്കുന്നത്. എന്താണ് പ്രണയമെന്ന് പൂർണ്ണമായും തിരിച്ചറിയാൻ
കഴിഞ്ഞിട്ടില്ലാത്ത മനസ്സ് ലഭ്യമായ ബിംബങ്ങളിലൂടെ തനിക്കനുഭവപ്പെട്ട ഒന്നിന്റെ
അമൂർത്ത ചിത്രം വരയ്ക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് പ്രണയം എന്ന കവിത എന്നു പറയാം. ‘കാറ്റിലിളകുന്ന ദേവദാരുക്കൾക്കിടയിലൂടെ കുടയില്ലാത്തൊരു പെൺകുട്ടി
നനഞ്ഞൊലിച്ച് ഓടിപ്പോകുന്നു‘ - എന്ന അവസാന വരികൾ നോക്കുക. അവിടെ പെൺകുട്ടി നനയുന്ന
മഴ പ്രണയമാണ്. ഓടി പോകാൻ ശ്രമിക്കുമ്പോഴും അതാകെ തന്നെ നനച്ചുകൊണ്ട്
പെയ്യുകയാണെന്ന ആന്തരിക സത്യത്തെ വെളിപ്പെടുത്തുന്ന ഒരു ബിംബകല്പനയാണ് ആ
പെൺകുട്ടിയുടേത്.
മഴയുടെ സ്പർശനാനുഭവം
പ്രണയത്തെ മൂർത്തമായി അനുഭവിപ്പിക്കുന്നു, ആകാശത്തേക്ക് തലനീട്ടി ഉലയുന്ന ദേവദാരുക്കളുടെ വിശുദ്ധി, സ്വപ്നാത്മകത്വം, ഇതെല്ലാം ആ വരിയിലുണ്ട്. അതോടൊപ്പം ഓടിപോകുക എന്ന ക്രിയ വെളിവാക്കുന്നത്
പ്രണയമെന്ന വിഷയത്തിൽനിന്നുള്ള ദൂരത്തേക്ക് ഓടിപോകാനുള്ള ആഗ്രഹത്തെയുമാണ്. ഈ
സംഘർഷത്തെ ആവിഷ്കരിക്കാൻ കവിതയുടെ മുൻ വരികളിൽ ശ്രമിച്ചിട്ടുമുണ്ട്. (സ്നേഹം
വേരറ്റ പുഴയുടെ തീരത്ത് തനിക്കെന്തു കാര്യമെന്ന് അവൾ സ്വയം ചോദിക്കയാണ്..., പറയാതെ പോയൊരാ പ്രണയം... ) യാഥാർഥ്യത്തെ അഭിമുഖീകരിക്കാൻ
വയ്യാതെ വരുമ്പോഴാണ് നാം ഓടിപ്പോകുന്നത് !
ഇനി ഒന്നുരണ്ട് മറ്റു
കാര്യങ്ങൾകൂടി നോക്കാനുണ്ട്. മുൻപു പറഞ്ഞതുപോലെ ഭാഷയുടെ സൂക്ഷമരൂപമാണല്ലോ കവിത.
എത്രയും കുറച്ചു പറഞ്ഞുകൊണ്ട് കൂടുതൽ കാര്യങ്ങൾ അറിയിക്കുക എന്നതാണ് കവിതയുടെ
സ്വഭാവം. മാത്രമല്ല പലപ്പോഴും കൂടുതൽ പറയാനുള്ള തിടുക്കം, മുൻപു പറഞ്ഞതിനെ തന്നെ റദ്ദാക്കിക്കളയുകയും ചെയ്യും. കീർത്തി ലക്ഷ്മിയുടെ കവിത പ്രണയം പോലെയൊരു വികാരത്തെപ്പറ്റി
കുറച്ച് ഉറക്കെയാണ് സംസാരിക്കുന്നത്. കൂടുതലും സംസാരിക്കുന്നു എന്ന് തോന്നാം. പറയുന്ന കാര്യങ്ങൾ വ്യക്തമാക്കാൻ ഇത്രയധികം
ബിംബങ്ങളുടെ ആവശ്യമുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്. ഓർമ്മകൾ കൂടിയിരുന്നു
വസന്തമൊരുക്കുന്ന ഭൂതകാലപ്പടർപ്പിൽ എന്ന പറഞ്ഞയുടൻ അടുത്തവരി ‘തുറന്നു കിടക്കുന്ന
ജാലകത്തിന്റെ നിശ്ശബ്ദതയെക്കുറിച്ചാണ്. പ്രണയം മറ്റുള്ളവരുടെ അനുഭവത്തിൽ ഓർമ്മകൾ
കൂടിയിരിക്കുന്ന വസന്തവും തന്റെ കാര്യത്തിൽ നിശ്ശബ്ദതയും എന്ന യുക്തി കവിതയിലെ സൂചനകൾകൊണ്ട്
ഇഴപിരിച്ചെടുക്കുക എളുപ്പമല്ല. അതുപോലെ “എല്ലാം അസ്തമിച്ച് ഒരു ജഡമാവാൻ
ആഗ്രഹമില്ലാതെ മരിച്ചുപോയ“ എന്ന വരിയിൽ മരണത്തെക്കുറിച്ചുള്ള 3 വാക്കുകൾ (അസ്തമയം, ജഡം, മരിച്ചുപോയ)
അടുത്തടുത്ത് വരുന്നതും ഒരുതരം വാചാലതയ്ക്ക് ഉദാഹരണമാണ്. പ്രണയം പോലുള്ള
സ്വകാര്യമായ അനുഭവത്തെ മറ്റൊരാളിന്റെ (അവളുടെ എന്നാണ് കവിതയിൽ ) അനുഭവമായി
വർണ്ണിക്കുമ്പോഴും വികാരത്തിന്റെ മൂർച്ച നഷ്ടപ്പെടുന്ന അനുഭവം ഉണ്ടാകും.
കവിതയെഴുതി തുടങ്ങുന്നവർ പലപ്പോഴായി കുറിച്ചിട്ട ബിബങ്ങളെ ചേർത്തുവയ്ക്കാൻ
ശ്രമിക്കാറുണ്ട്. അതും കവിതയിലെ ഘടകങ്ങളുടെ ആന്തരികമായ ഐക്യത്തെ ബാധിക്കുന്ന
പ്രശ്നമാണ്.
കീർത്തിയുടെ
കവിത ഭാവാത്മകമാണ്. അതിലെ ചിത്രബിംബങ്ങൾ ആകർഷണീയമാണ്. തിരുത്തി തിരുത്തി അവസാനം
തന്റേത് (തന്നെ പ്രതിബിംബിക്കുന്നത്) എന്ന നിലയെത്തിയാൽ മാത്രമേ കവിത
പ്രസിദ്ധീകരിക്കാൻ അയക്കാറുള്ളൂ എന്ന് മലയാളത്തിലെ ഒരു കവി പറഞ്ഞിട്ടുണ്ട്.
കവിതയുടെ വഴി ഓരോരുത്തർക്കും വേറെവേറെയാണ്. എന്നാൽ എഴുതി തീർന്ന്
പ്രകാശിപ്പിക്കുന്ന കവിത സമൂഹത്തിന്റെ സ്വന്തമായി മാറുന്നതിനാൽ അതിന്റെ ‘കുറ‘
തീർത്ത് പ്രകാശിപ്പിക്കാനുള്ള ചുമതല എഴുതുന്നയാളിന്റെയാണ്. അത് വലിയ
ഉത്തരവാദിത്തവുമാണ്. കീർത്തി കൂടുതൽ എഴുതുന്നതോടെ ഭാഷയുടെ മുറുക്കവും സൗന്ദര്യവും
കൂടുതൽ തെളിയും.
ശിവകുമാർ ആർ പി
💧💧💧💧💧
hssMozhi's Amazon Shop Page