+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.
Showing posts with label R P ശിവകുമാർ. Show all posts
Showing posts with label R P ശിവകുമാർ. Show all posts

Tuesday, September 6, 2022

അങ്ങനെ നോക്കുമ്പോൾ നാരായണിയും ഒരു സോഫ്ട്‌വെയറാണ്

  ശിവന്റെ പേജ് : POST  12


സ്പൈക്ക് ജോൺസ് സംവിധാനം ചെയ്ത ഹെർ (2013) എന്ന ചലച്ചിത്രംസാമന്തയെന്ന യന്ത്രശരീരിയായ കാമുകി സാമന്തയിൽനിന്ന് വിടുതൽ നേടി വിവാഹമോചിതയായ അയൽപക്കക്കാരി ആമിയോടൊപ്പം ഇരുന്ന് ഇരുന്ന് സൂര്യോദയം കാണുന്ന തിയഡോറിനെ കാണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. മട്ടുപ്പാവിലേക്കുള്ള അവരുടെ യാത്രയ്ക്കിടയിൽ, തിയഡോർ, തന്റെ പിരിയുന്ന ഭാര്യക്ക് അയക്കുന്ന കത്തിലെ ഹൃദയസ്പർശിയായ വരികൾ കട്ടു ചെയ്ത് ഇഴ ചേർത്തു വച്ചിട്ടുണ്ട്, സംവിധായകൻ. അതൊരു മാപ്പപേക്ഷയാണ്. ഭാര്യയോടുള്ള ആ യാത്ര പറച്ചിൽ സമാന്തരമായി അയാളെ ‘അയാളാക്കിയ’ യന്ത്രകൂട്ടുകാരിയായ സാമന്തയോടുമുള്ള വിട പറയലാണ്.   2013 -ൽ പ്രദർശനത്തിനെത്തിയ ഈ സിനിമയിലെ സാങ്കേതികഭാവിയെക്കുറിച്ചുള്ള സൂചനകൾ പലതരത്തിൽ ചർച്ചാ വിഷയമായിട്ടുണ്ടെങ്കിലും അതിന്റെ അവസാന ദൃശ്യം നൽകുന്ന സാംസ്കാരിക വിവക്ഷ അവയുമായി ഒത്തു പോകുന്നതാണോ എന്ന സംശയം നിലനിൽക്കുന്നു. ‘ഹെർ’ അതിന്റെ ഉള്ളടക്കത്തിൽ സൂക്ഷിക്കുന്ന ആശയമണ്ഡലത്തിനു നേരെ വിരുദ്ധമായ ദിശയിലേക്കാണ് ആ ദൃശ്യം വിരൽ ചൂണ്ടുന്നത്. ഗണിതയുക്തികളുടെ ‘അൽഗോരിതങ്ങൾ’ക്കു പുറമേ ആശയങ്ങൾ അരിച്ചെടുത്ത് കൃത്യമാക്കിത്തീർക്കാനും വൈകാരികമായ കണിശത സൂക്ഷിക്കാനും കഴിയുന്ന യന്ത്രതലച്ചോറിന്റെ സാന്നിദ്ധ്യത്തിലും മനുഷ്യനിൽഅതുപോലെയുള്ള മനുഷ്യനിൽത്തന്നെ വിശ്രാന്തി പ്രാപിക്കാനിച്ഛിക്കുന്ന ചില ഘടകങ്ങൾ ഉള്ളടങ്ങുന്നുണ്ട് എന്നാണ് സ്പൈക്ക് ജോൺസ് വിശദീകരിക്കുന്നത്.  മനുഷ്യാനന്തര (പോസ്റ്റ് ഹ്യൂമൻ) ഘട്ടത്തെ യുക്തിഭദ്രമായി ചിത്രീകരിക്കുമ്പോഴും ചിത്രത്തിന്റെ ഫലപ്രാപ്തിമനുഷ്യർ തമ്മിൽ ചേരുന്ന ശുഭാന്ത്യത്തിലാണ്. തിയഡോറിനെപോലെ ഒരു സോഫ്ട്‌വെയർ ഇണയെ സ്വന്തമാക്കിയ അയല്പക്കക്കാരിയും കൂട്ടുകാരന്റെ മുൻഭാര്യയും ഏകാകിയുമൊക്കെയായ, ആമി അയാളുടെ തോളിൽ തലചായ്ച്ചിരുന്ന് സൂര്യോദയം കാണുന്നു.  സിനിമ അവസാനിക്കുന്ന ആ ദൃശ്യത്തിൽ ബാക്കി ഭാഗങ്ങളിൽ നമ്മൾ കാണുന്നതുപോലെയുള്ള യന്ത്രങ്ങളുടെ ഇടപെടലുകളില്ല. ടി ടി ശ്രീകുമാർ, മറ്റൊരു സന്ദർഭത്തിൽ  വ്യക്തമാക്കുന്നതുപോലെ (‘സൈബോർഗ്യൻ കാലമാണ്, ഡേറ്റയാണ് ദൈവം’ എന്ന ലേഖനത്തെതുടർന്നെഴുതിയ കത്ത്, മാതൃഭൂമി ആഴ്ചപ്പതിപ്പ്)  ‘മനുഷ്യന്റെ ഏജൻസി കോർപ്പറേറ്റ് മേധാവിത്തം ഏറ്റെടുക്കുന്ന സാഹചര്യത്തോടുള്ള വൈകാരികമായ പ്രതിരോധമായും’ ആ രംഗത്തെ വായിക്കുന്നതിൽ തെറ്റില്ല. 

വ്യവസായ വിപ്ലവത്തോടെ മാറി മറിഞ്ഞ മനുഷ്യസമൂഹങ്ങളുടെ ദൃശ്യസാക്ഷ്യങ്ങൾ ധാരാളമായി ഒപ്പിയെടുത്ത മാധ്യമമാണ് ചലച്ചിത്രങ്ങൾ. അവ ഒരേ സമയം വ്യാവസായിക പരിണാമങ്ങളുടെ ഫലഭോക്താവും ഒരർത്ഥത്തിൽ പക്ഷപാതിയായ ദൃക്സാക്ഷിയുമാണ്.  ഡിജിറ്റൽ വിപ്ലവത്തിന്റെ സദ്ഫലങ്ങൾ ഏറിയകൂറും സസന്തോഷം ആവേശിച്ചിട്ടുള്ളതും ചലച്ചിത്രങ്ങളെയാണ്. പരിണാമമാകട്ടെ കണ്മുന്നിൽ തെളിവോടെയുള്ളതുമാണ്.  നാലാം വ്യാവസായിക വിപ്ലവത്തിന്റെ നേട്ടങ്ങളായി എടുത്തു പറയുന്ന ജനിതകശാസ്ത്രം,  കൃത്രിമബുദ്ധിറോബോടിക്സ്നാനോടെക്നോളജി,  3 ഡി പ്രിന്റിങ്,  ബയോടെക്നോളജി,  പുതുവൈജ്ഞാനിക മേഖലകളുടെ സംയോജിതരീതിയിലുള്ള പ്രയോഗം  തുടങ്ങിയവയെല്ലാം ഓരോരോ തരത്തിൽ പ്രമേയനിലയിൽ വർത്തമാനകാല ചലച്ചിത്രങ്ങളിൽ കടന്നു വന്നിട്ടുണ്ട്.  എന്നാൽ സിനിമകൾ സമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെടുന്നത് ലോകത്തിന്റെ വമ്പിച്ച യാന്ത്രികമുന്നേറ്റങ്ങളെപ്പറ്റി ഏറ്റവും സംശയാലുവാണെന്ന മട്ടിലാണ്. വ്യാവസായിക ലോകത്തിനും സാംസ്കാരികമണ്ഡലത്തിനും ഇടയ്ക്ക് നിന്നുകൊണ്ട് ചലച്ചിത്രം എന്ന മാധ്യമം ബോധപൂർവം എടുത്തണിയുന്ന ഇരട്ടവേഷമാണ് ഇത്. മാറുന്ന ലോകത്തെക്കുറിച്ചുള്ള ആശങ്കയോടെ നാം സിനിമകൾ അടക്കിപ്പിടിച്ചിരുന്നുകാണുന്നു.  പുസ്തകങ്ങൾ ഉൾപ്പടെയുള്ള മറ്റു മാധ്യമങ്ങൾ ഇതേ വഴി തുടരുന്നു എന്നു വാദിക്കാവുന്നതാണെങ്കിലും ചലച്ചിത്രങ്ങളിൽനിന്നു കിട്ടുന്നത്ര ദൃശ്യത അവയ്ക്കില്ല. പ്രതീതിയാഥാർത്ഥ്യത്തിന്റെ അസംബന്ധത്തെക്കുറിച്ചു പറയാൻ പ്രതീതിയാഥാർത്ഥ്യത്തെത്തന്നെ ഉപയോഗിച്ചു വരുന്നു എന്നിടത്താണ് ചലച്ചിത്രകലയുടെ വൈരുദ്ധ്യം പ്രശ്നാത്മകമാവുന്നത്.

കാണുകയും കേൾക്കുകയും സംസാരിക്കുകയും മനുഷ്യരെ മനസിലാക്കുകയും ചെയ്യുന്ന കമ്പ്യൂട്ടറുകളുടെ ഭാവികാലത്തെക്കുറിച്ച് ബിൽഗേറ്റ്സ്  1991-ൽ വ്യക്തമാക്കിയിരുന്നു. ചൈനയിലെ മൈക്രോസോഫ്റ്റ് കമ്പനി വികസിപ്പിച്ചെടുത്ത ‘ജിയായോയ്സ്’ കവിതകൾ എഴുതും. സ്വയം ചിത്രം വരയ്ക്കും. വാക്കുകൾ ആശയങ്ങൾ നിറങ്ങൾ എന്നിവയിൽനിന്ന് സ്വയം പാറ്റേണുകൾ നിർമ്മിക്കാൻ കഴിവുള്ള ജിയായോയ്സ് ഇപ്പോൾ ചൈനീസ് ടെക്സ്റ്റൈൽ ഇൻഫർമേഷൻ സെന്ററിൽ (CTIC) വസ്ത്രങ്ങൾക്കുള്ള ഡിസൈനുകൾ വരച്ചുകൊടുക്കുന്ന ജോലി ചെയ്തു വരികയാണ്.  സാങ്കേതിക വിദ്യയുടെ പ്രവചനാതീതമായ കുതിച്ചുയരലിനെപ്പറ്റി കൃത്യമായ പ്രവചനങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയെന്ന പ്രശംസ നേടിയിട്ടുള്ള റേ കഴ്സ് വീൽ, 2030 -ഓടെ പ്രതീതിയാഥാർത്ഥ്യം 100% യഥാർത്ഥമെന്നു തോന്നുന്ന തരത്തിൽ വികസിക്കും എന്നാണ് നിരീക്ഷിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ മുൻപ്രവചനങ്ങളുടെ കൃത്യതെയെക്കുറിച്ചറിയാവുന്ന കുറേ പേരെങ്കിലും അത് യാഥാർത്ഥ്യമാവും എന്നു വിശ്വസിക്കുന്നുണ്ട്. ‘ഹെർ’-ൽ അത്തരമൊരു സമീപഭാവികാലത്തിന്റെ വിശദാംശങ്ങളോടുകൂടിയ കലാത്മകമായ ആവിഷ്കാരമാണുള്ളത്. വ്യക്തിപരമായ കത്തുകൾ മറ്റുള്ളവർക്കു വേണ്ടി എഴുതിക്കൊടുക്കുന്നതാണ് തിയഡോറിന്റെ ജോലി. മറ്റൊരർത്ഥത്തിൽ വൈകാരിക വിനിമയത്തിന്റെ ദല്ലാളെന്ന നിലയിൽ അയാൾ ആധുനികകാലത്തിന്റെ എഴുത്തുകാരനാണ് എന്നും പറയാം. എന്നാൽ വാസ്തവ ജീവിതത്തിൽ അയാൾക്ക് ചുറ്റുപാടുകളെയും മനുഷ്യരെയും അവരുടെ വ്യവഹാരങ്ങളെയും മനസിലാക്കാൻ കഴിയാതെ വരുന്നു. ഭാര്യയുമായുള്ള ബന്ധംപോലും തകരാറിലാവുന്നു. ഏകാന്തതയും വിഷാദരോഗവും തൊഴിലിനെയും ഉപജീവനത്തെയുമൊക്കെ ബാധിക്കുന്ന ഘട്ടത്തിലാണ് സാമന്തയെന്ന വികസിത രൂപത്തിലുള്ള സോഫ്ട്‌വെയർ അയാളെ ജീവിതത്തിൽനിന്ന് കരകേറ്റാനെത്തുന്നത്. അവളുടെ കൃത്രിമബുദ്ധിഅയാളുടെ വൈകാരിക ജീവിതത്തിന്റെ പാകപ്പിഴകൾ മനസിലാക്കി പരിഹരിക്കുകമാത്രമല്ലഅയാളുടെ കഴിവുകൾ തിരിച്ചറിഞ്ഞ്  പ്രോത്സാഹിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്. സ്വന്തം നിലയ്ക്കാണിതെല്ലാം. തുടയെല്ലു പൊട്ടി നടക്കാൻ വയ്യാതായ മനുഷ്യനെ താങ്ങി കൂടെനിർത്താൻ മനുഷ്യന്റെ ബോധം സന്നദ്ധമായതിൽനിന്നാണ് സാമൂഹികതയുടെ ആരംഭമെന്ന് നരവംശശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ജീവിതപരിസരങ്ങളിൽനിന്ന് അന്യവത്കൃതനായി ബഹിഷ്കരിക്കപ്പെട്ടുപോകുന്ന മനുഷ്യനെഅയാളെ ബാധിച്ചിരിക്കുന്ന സങ്കീർണ്ണതകൾക്കുള്ളിൽനിന്ന് ഇഴപിരിച്ച് തിരിച്ചെടുക്കാനും വീണ്ടും ക്രമപ്പെടുത്താനും കഴിയുന്ന യാന്ത്രികശേഷിയാണ് സമന്തയിലൂടെ സ്പൈക്ക് ജോൺസ് അവതരിപ്പിച്ചത്.   

2

1965 -ൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു നീണ്ട കഥ/നോവലാണ് മതിലുകൾ. ഇംഗ്ലീഷിലും ഹിന്ദിയിലും അതിനു വിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. ‘സംഭവം കുറേ പഴക്കമുള്ളതാണ്. നമ്മൾ സാധാരണയായി കാലം എന്നൊക്കെ പറയാറുണ്ടല്ലോ. ആ മഹാകാലത്തിന്റെ അക്കരെനിന്നുള്ളതാണ്. ഞാനിപ്പോൾ ഇക്കരെയാണെന്നോർക്കണം’ എന്ന് കഥ പറയുന്നതിന്റെ തുടക്കത്തിൽ ബഷീർ എഴുതുന്നതിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്ഭൂതകാലത്തിലേക്കുള്ള യാത്രയായി ഓർമ്മ അവതരിപ്പിക്കപ്പെടുന്നു. രണ്ട്, ‘അക്കരെ’ എന്ന് വിളിച്ചുകൊണ്ട് ബഷീർ വിഭജിക്കുന്ന കാലം,  ഓർമ്മയുടെ വിദൂരത എന്നതിലുപരിആനുഭവികമായ കാലത്തിൽനിന്ന് വ്യത്യസ്തമായ ഒന്നാണ് പശ്ചാത്തലം എന്ന സൂചന പ്രകടമായും മുന്നോട്ടു വയ്ക്കുന്നു. ‘ചിത്തിര തിരുന്നാൾ മഹാരാജാവിന്റെ ഭരണകാലത്ത്തിരുവിതാംകൂർ രാജ്യത്ത്,  കൊല്ലം കസബ പോലീസ് സ്റ്റേഷനിൽനിന്ന് ശിക്ഷിച്ച് തന്നെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കൊണ്ടുവന്നതാണെന്ന്’ മതിലുകളിൽ ഒരിടത്ത് അടിക്കുറിപ്പായി കാണാം. ഓർമ്മയിലേക്കും ചരിത്രത്തിലേക്കും എന്ന രീതിയിൽ പിന്നിലേക്കുള്ള യാത്രയുടെ രണ്ടു ഘട്ടങ്ങൾ ആഖ്യാനത്തിൽ കൊണ്ടുവരികയാണ് ബഷീർ. താരതമ്യത്തിനായി നോക്കിയാൽ സ്പൈക്കിന്റെ സിനിമ ഹെർ, ഇതുപോലെ ഭാവിയിലേക്കുള്ള പ്രയാണത്തിന്റെ രണ്ട് വഴിത്തിരിവുകളെയാണ് ഉള്ളടക്കുന്നത് ; കൃത്രിമബുദ്ധിഅധീശത്വത്തിന്റെ യാന്ത്രികലോകത്തിലേക്കും അവിടെനിന്നും ജൈവികമായ ആശ്രയത്വത്തിന്റെ വൈകാരികതയിലേക്കും.

യഥാർത്ഥസംഭവങ്ങളുടെ ആവിഷ്കാരങ്ങളാണ് തന്റെ രചനകൾ എന്നു വരുത്തിതീർക്കാനുള്ള ശ്രമം ബഷീറിന്റെ ഒരൊഴിയാബാധയാണ്. ഇത് സത്യമാണെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് സ്വന്തം അനുഭവങ്ങൾ വിവരിക്കുന്നു അല്ലെങ്കിൽ മറ്റാരെങ്കിലും പറഞ്ഞ കാര്യങ്ങൾ തന്റേതായ ശൈലിയിൽ  അവതരിപ്പിക്കുന്നു.  ഈ നിലകളിലാണ് ബഷീർ കഥകളിൽ ഏറിയക്കൂറും രേഖപ്പെടുത്തിയിട്ടുള്ളത്. മലയാളചെറുകഥകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച  ‘60 വർഷം 60 കഥ’യ്ക്ക് അവതാരിക എഴുതുമ്പോൾ എൻ എസ് മാധവൻ, വാസനാവികൃതി ഉൾപ്പടെയുള്ള പ്രസിദ്ധമായ ആദ്യകാല കഥകളെ ചെറുകഥകളായി കണക്കാക്കാൻ പറ്റുകയില്ലെന്ന് പറയുന്നത് അവയെല്ലാം ഒരുപോലെ സംഭവവിവരണത്തിന്റെ തലത്തിൽമാത്രം നിൽക്കുന്നതുകൊണ്ടാണ്. എൻ എസിന്റെ കാഴ്ചപ്പാടിൽ ഭവത്രാതൻ നമ്പൂതിരിപ്പാടുമുതലാണ് ‘സാഹിത്യഗുണമുള്ള’ മലയാള ഗദ്യചെറുകഥയുടെ ആരംഭം.

എന്നാൽ ബഷീറിന്റെ ആഖ്യാനധാര എൻ എസ് മാധവൻ പറയുന്ന തരത്തിൽ, ലക്ഷണമൊത്ത പ്രഭവങ്ങളിൽനിന്നല്ല പുറപ്പെട്ടുവരുന്നത്. അത്ര ഋജുവായ വസ്തുതാഖ്യാനങ്ങളല്ലാതിരിക്കുമ്പോഴും അവ അനുഭവവിവരണമെന്ന  കൈവഴിയെ ഉദാരമായി ആശ്രയിക്കുന്നുണ്ട്. അവാസ്തവികമായ ലോകത്തിലേക്ക് പാളുന്ന കാര്യങ്ങളാണ് എഴുതുന്നതെന്ന തിരിച്ചറിവിനെ ബോധപൂർവം വയ്ക്കാനുള്ള നിഷ്കളങ്കമായ ശ്രമങ്ങളായും അവയെ വായിക്കാവുന്നതാണ്. പാമ്പ് സ്വന്തം സൗന്ദര്യം കണ്ണാടി നോക്കി ആസ്വദിക്കുന്നതായി വിവരിക്കുന്ന കഥപോലും (പാമ്പും കണ്ണാടിയും) അന്വാഖ്യാനമാണ്. അതിന്റെ വാസ്തവാവസ്ഥയെപ്പറ്റി എഴുത്തുകാരന് സംശയമില്ല. അദ്ദേഹത്തിന്റെ അവിശ്വാസം വായിക്കുന്നവരെപ്രതിയുള്ളതാണ്. യാഥാർത്ഥ്യബോധവുമായി ആഖ്യാനത്തെ ബന്ധിപ്പിച്ചു നിർത്താൻ മാർക്വേസിനെപോലുള്ള എഴുത്തുകാരും അവലംബിച്ച രീതിയുടെ മറ്റൊരു സമാന്തരമാണിതും.  

ആകാശം മുട്ടുന്ന ഉയർന്ന കന്മതിലുകളുള്ള ആണുങ്ങളുടെ ജയിലിൽ പോലീസുകാരോടൊപ്പം പ്രവേശിക്കുമ്പോൾതന്നെ മതിലുകളിലെ ‘ബഷീർ’ എന്ന കഥാപാത്രം, ‘ഈ ലോകത്തിൽവച്ച് ഏറ്റവും  മാദകമായ പരിമളം’ അനുഭവിക്കുന്നുണ്ട്. ‘ഞാൻ ആകെ ഇളകിപ്പോയെന്നും എന്റെ ഓരോ അണുക്കളും ഉണർന്നു എന്നും എന്റെ നാസാരന്ധ്രങ്ങൾ വിടർന്നുവെന്നുമാണ് ’ അവിടെയുള്ള വർണ്ണന. ‘ഞാൻ ചുറ്റിനും നോക്കി.  ആരുമില്ല! ഒന്നുമില്ല!.’ – ഇതിനു സമാനമായ അനുഭവങ്ങൾ വേറെയും ബഷീർ കഥകളിലുണ്ട്. ഭാർഗവി നിലയം എന്ന സിനിമയ്ക്ക് ആധാരമായ ‘നീലവെളിച്ച’ത്തിലും ‘പൂനിലാവിലും’ ‘നിലാവു കാണുമ്പോൾ’ എന്ന കഥയിലും വ്യക്തിനിഷ്ഠവും അതിശയിപ്പിക്കുന്നതുമായ കാഴ്ചകളുണ്ട്. അവയെല്ലാം സ്ത്രീകളെ മുൻനിർത്തുന്നവയുമാണ്. മതിലുകളിൽ നായകൻ അനുഭവിക്കുന്ന മാദകമായ പരിമളം, പൂനിലാവിലെ കഥ പറച്ചിലുകാരനും അനുഭവിക്കുന്നുണ്ട്. ഈ കഥകളിൽ സ്ത്രീ, ഭൗതികേതരമായ സത്തയാണ്. കഥകളിൽ പ്രത്യക്ഷപ്പെടുന്ന നിഗൂഢമായ സ്ത്രീരൂപങ്ങളോട് കഥാപാത്രങ്ങളായ  ആണുങ്ങൾക്ക് ഉള്ളത് ഒരേതരത്തിലുള്ള വികാരമോ പ്രതികരണങ്ങളോ അല്ല.

നിലാവുകാണുമ്പോൾ എന്ന കഥയിൽ രാത്രി തന്റെ മുന്നിൽ നഗ്നയായി നിന്നു കുളിക്കുന്ന സ്ത്രീയെ കാണുന്നയാളിന് ദേഷ്യം വരികയും ‘ചവിട്ടി നിന്റെ എല്ലുകൾ തകർത്തുകളയും‘ എന്ന് ആക്രോശിക്കുകയും ചെയ്യുന്നു. അയാളുടെ സൈക്കിൾ ചലിക്കാതാവുകയും സ്ത്രീകളുടെ വായ്ക്കുരവപോലെയൊരു കൂക്കുവിളി അയാൾക്കു പിന്നാലെ വരികയും ചെയ്യുന്നതാണ് അതിന്റെ പരിണാമം. ആണിന്റെ ശാസനാധികാരം സ്ത്രീയാൽ പരിഹസിക്കപ്പെടുന്നു.  നീലവെളിച്ചത്തിൽ ഭാർഗവി  ഒരു വെളിച്ചമായി മാത്രമാണ് കാഴ്ചപ്പെടുന്നത്. ഈ രണ്ടു കഥകളിലും പ്രണയമോ കാമമോ അല്ല,  കഥാപാത്രത്തിന്റെ അവിശ്വസനീയമായ അപൂർവാനുഭവത്തിനുള്ള വിഭവമായിട്ടാണ് സ്ത്രീ സാന്നിദ്ധ്യമുള്ളത്. പൂനിലാവിൽ, മതിലുകളിലെപോലെതന്നെ  കഥാപാത്രം സ്ത്രീയുടെ സൗന്ദര്യത്താൽ വശീകരിക്കപ്പെടുകയും ഹിതകരമല്ലാത്ത പരിണതിയിൽ എത്തിച്ചേരുകയും ചെയ്യുന്നു.

“വ്യക്തമായ കാരണം ഒന്നും കൂടാതെ എന്റെ മനസ്സ് ദുഃഖത്താൽ നിറഞ്ഞു  ചുമ്മാ എനിക്ക് കരയണമെന്നു തോന്നി ഇങ്ങനെയുള്ള സന്ദർഭത്തിൽ എന്നിൽ ഒരു ദിവ്യഭാവം ഉദയം ചെയ്യാറുണ്ട്. അപ്പോൾ അങ്ങനെ ഉണ്ടായി.”  എന്നു നീലവെളിച്ചത്തിലും “എന്തെന്നില്ലാത്ത ദുഃഖം. വെറുതെ കരയണമെന്നെനിക്കു തോന്നി” എന്ന് പൂനിലാവിലും “കുറേ സമയം തനിച്ചിരിക്കണമെന്നു തോന്നിയതിനാൽ  ഞാൻ പോയില്ല” എന്ന് നിലാവുകാണുമ്പോൾ എന്ന കഥയിലും ഉണ്ട്. ഏകാന്തതയും വിഷാദവുംകൊണ്ടു ചെന്നെത്തിക്കുന്ന അവസ്ഥയിൽനിന്നാണ് ബഷീറിന്റെ കഥാപാത്രങ്ങൾക്ക്  മായികമായ കാഴ്ചകളുണ്ടാവുന്നത്. ‘മതിലുകളി’ൽ ആദ്യത്തെ മാദകപരിമളാനുഭവത്തിനുശേഷം തൊട്ടടുത്തുള്ള സ്ത്രീ ജയിലിന്റെ കാര്യം വിസ്മൃതിയിലാണ്. അവിടെ രാഷ്ട്രീയ തടവുകാരായി 17 പേരാണുണ്ടായിരുന്നത്. അവരെയെല്ലാം പക്ഷപാതപരമായി വിട്ടയയ്ക്കുകയും അയാൾ അവിടെ തനിച്ചാവുകയും  വിഷാദിയായിരിക്കുകയും ചെയ്ത വേളയിലാണ് നാരായണി മതിലിന്നപ്പുറത്തുള്ള ഒരു ശബ്ദമായി കടന്നു വരുന്നത്. കാരണങ്ങൾ എന്തായാലും ഈ കഥകളിൽ, സ്ത്രീയുടെ സാന്നിദ്ധ്യം പ്രലോഭനീയവും അവസ്ഥാന്തരത്തിനുള്ള കാരണവും ആയിരിക്കുമ്പോൾ തന്നെ, അപ്രാപ്യമാണെന്നുള്ളതാണ് രണ്ടാമത്തെ പ്രത്യേകത. മതിലുകളിൽ പ്രത്യേകിച്ചും. പല തരത്തിൽ അന്യവത്കരിക്കപ്പെടുകയും വിഷാദം അനുഭവിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ, ഒരു പ്രചോദനമെന്ന നിലയിൽ അനുഭവിക്കുന്ന ഊർജ്ജമാണ് ഈ സ്ത്രീ സാന്നിദ്ധ്യങ്ങൾ. അത് നിഷ്കരുണം പൊലിഞ്ഞുപോകുന്നത് അവതരിപ്പിച്ചുകൊണ്ട് അനുഭവവിവരണങ്ങൾ അവസാനിക്കുന്നു.

കേന്ദ്രസ്ഥാനത്തുള്ള ആൺകഥാപാത്രത്തിന്റെ ഏകാന്തതയും അകാരണമായ വിഷാദവും അവയുടെ പരിഹരണാർത്ഥം സമീപസ്ഥമാകുന്ന താത്കാലികവും നിഗൂഢവുമായ സ്ത്രണാസ്തിത്വം, അതിന്റെ അപ്രാപ്യത തുടങ്ങിയ കാര്യങ്ങളെ പരിഗണിക്കുമ്പോൾ ഭൂതത്തിലേക്കും ഭാവിയിലേക്കും മുഖം തിരിച്ചിരിക്കുന്ന വ്യത്യസ്തമായ മാധ്യമരൂപങ്ങളാണെങ്കിലും, മതിലുകളെയും ഹെർ-നെയും തമ്മിൽ ബന്ധിപ്പിക്കുന്ന പൊതുഘടകങ്ങളുണ്ടെന്ന് മനസിലാക്കാൻ പ്രയാസമില്ല. സാംസ്കാരികഭാവങ്ങളുമായി ബന്ധപ്പെട്ടാണ് അവയുടെ നില.

‘ഹെറി’ലെ തിയഡോറിനെ അലട്ടിയിരുന്നതും ഏകാന്തതയും വിഷാദവുമാണ്. അയാളെ ആകസ്മികമായി തേടിവരുന്ന സാമന്തയിലുള്ളത് ഭൗതികേതരമായ അസ്തിത്വമാണ്. പ്രതീതികളെ യാഥാർത്ഥ്യമായി കണക്കാക്കണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാക്കുക അത്ര എളുപ്പമല്ല. സാംസ്കാരിക ലോകത്ത് പ്രതീതികൾക്ക് മുൻപും മൂല്യമുണ്ട്. സ്വപ്നങ്ങളും ഭാവനകളും മനോരാജ്യങ്ങളും യാഥാർത്ഥ്യങ്ങളാണ്. പക്ഷേ ഭൗതികരൂപത്തിൽ സാക്ഷാത്കരിക്കട്ടെടാതെ അവയ്ക്ക് വിനിമയസാധ്യതയില്ല. പ്രേതങ്ങളില്ലെങ്കിലും പ്രേതസിനിമകൾ നമ്മെ ബാധിക്കാറുണ്ട്. സമയയാത്രകൾ സത്യമായിട്ടില്ലെങ്കിലും അവയെക്കുറിച്ചുള്ള വാങ്മയങ്ങൾ നമ്മെ ചിന്താവശരാക്കുന്നുണ്ട്.

അതീതലോകത്തെക്കുറിച്ചുള്ള ശക്തമായ വിശ്വാസത്തിൽനിന്നാണ് ബഷീറിന്റെ കഥകളിലെ പ്രേതരൂപികൾ മാനുഷികഭാവങ്ങളുമായി അടുത്തുകൂടുന്നതെങ്കിൽ സാമന്ത, സാങ്കേതികവ്യാവസായികതയുടെ സന്തതിയാണ്. നാരായണിയെ മറ്റു കഥകളിലെ പ്രേതരൂപിയെപ്പോലെ കണക്കാക്കുന്നതിൽ പ്രയാസമുണ്ട്. എന്നാലും അവളുടെ അദൃശ്യത, കഥയിൽ പ്രത്യേക ലോകത്തെ സാക്ഷ്യപ്പെടുത്തുന്നു. അവിടെ മറ്റാരും അവളുടെ സാന്നിദ്ധ്യത്തെ അറിയുന്നില്ല. (അറിയുന്നതായി നാം അറിയുന്നില്ല)  നിർമ്മിക്കപ്പെട്ടത് വളരെ വ്യത്യസ്തമായ ആശയമണ്ഡലങ്ങളിലാണെങ്കിലും ഫലത്തിൽ സാമന്തയെപ്പോലെ ഒരു പ്രതീതി നിർമ്മിതിയാണ് മതിലുകളിലെ നാരായണിയും. ‘മതിലുകൾ’ സിനിമയാക്കിയപ്പോൾ അടൂർ ഗോപാലകൃഷ്ണൻ, കെ പി എ സി ലളിതയുടെ ഭാവതീവ്രമായ ശബ്ദമുപയോഗിച്ചാണ്, നാരായണിക്ക് ജന്മം നൽകിയത്. സ്പൈക് ജോൺസ് ‘ഹെറി’ൽ അതുപോലെ സ്കാർലറ്റ് ജോഹാൻസണിന്റെ ശബ്ദമാണ് ഉപയോഗിച്ചിക്കുന്നത്. ശബ്ദംകൊണ്ടുമാത്രം നിർമ്മിക്കപ്പെടുന്ന വ്യക്തിത്വങ്ങൾ ഫാന്റസികഥകളിലെയും സ്കീസോഫ്രേനിയപോലെയുള്ള മാനസികപര്യടനങ്ങളിലെയും പതിവുകളാണ്.  

ആവിർഭവിച്ച ദേശ-കാല- സാംസ്കാരികാവസ്ഥകളുടെ വ്യത്യാസങ്ങൾ ഒഴിവാക്കിയാൽ നാരായണിയിലൂടെയും സാമന്തയിലൂടെയും പങ്കുവയ്ക്കപ്പെടുന്ന സംഭാഷണങ്ങളുടെ സാമ്യങ്ങൾപോലും  പ്രകടമാണ്. പ്രണയസമാഗമത്തിനു വേണ്ടിയുള്ള വീർപ്പുമുട്ടൽ, അതിന്റെ അസാധ്യതയെക്കുറിച്ചുള്ള തിരിച്ചറിവോടെതന്നെ  രണ്ടു പേരിലുമുണ്ട്. ആൺകഥാപാത്രങ്ങളിലെ ലൈംഗികമായ പൊറുതിയില്ലായ്മയുടെ പുരഃപ്രക്ഷേപണമായി  അവയെ കാണുന്നതാണുചിതം.  നാരായണിയിൽനിന്നു വ്യത്യസ്തമായി സാമന്ത, അതിവൈകാരികമായ ഒത്തുപോക്കുകളിൽ ആണ്ടു മുഴുകുമ്പോഴും   ആശയലോകത്തോട് ഒരടുപ്പം കാണിക്കുന്നുണ്ട്. 1973 -ൽ മരിച്ച  ബ്രിട്ടീഷ് ചിന്തകനും  വിജ്ഞാനിയുമായ അലൻ വിൽസൺ വാട്സിനെ സോഫ്ട്‌വെയറായി പുനർജ്ജീവിപ്പിച്ചതിനെപ്പറ്റി ഒരു പരാമർശം സിനിമയ്ക്കകത്തുണ്ട്. ബുദ്ധമതം ഉൾപ്പടെയുള്ള ആത്മീയ ദർശനങ്ങളെക്കുറിച്ച് അന്വേഷിച്ച ആളാണ് അലൻ എന്ന കാര്യം ഓർക്കുക. അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് കാലാതീതമായ മൂല്യമുണ്ടെന്ന തിരിച്ചറിവ്, സാമന്തയിലെന്നപോലെ എഴുത്തുകാരനായ സ്പൈക്ക് ജോൺസിലും  പ്രവർത്തിക്കുന്നുണ്ടെന്നാണല്ലോ അർത്ഥം. മരണാതീതമായ ഒരവസ്ഥയെ പുനസൃഷ്ടിക്കലാണത്. അപ്പോഴും തിയഡോറിന്റെ ജീവിതത്തിൽനിന്നുള്ള സാമന്തയെന്ന സോഫ്ട്‌വെയറിന്റെ ഒഴിഞ്ഞുപോക്കിന്റെ സാംസ്കാരികമായ പൊരുൾ മരണം എന്നുതന്നെയാകുന്നു.   എന്നാൽ നാരായണി മരണത്തെക്കുറിച്ചു സംസാരിക്കുന്ന നാരായണിയെ ബഷീർ എത്തിക്കുന്നത്  മറ്റൊരു ലോകത്താണ്. അദ്ഭുതകരം എന്നുതന്നെ പറയാവുന്ന വിധത്തിൽ ‘ഞാൻ മരിച്ചുപോയാൽ എന്നെ ഓർമ്മിക്കുമോ?’  എന്നു ചോദിച്ചുകൊണ്ട്  നാരായണിയുമായി നടത്തുന്ന സംഭാഷണം ചെന്നെത്തുന്നത്, കണ്ടിട്ടില്ലെങ്കിലും തൊട്ടിട്ടില്ലെങ്കിലും നാരായണിയുടെ അടയാളം  ഈ ഭൂഗോളത്തിലെങ്ങുമുണ്ടെന്ന് കഥാപാത്രം വെളിപ്പെടുത്തുന്ന ‘പരമസത്യ’ത്തിലാണ്. അവിടെ ബഷീർ, ‘മതിലുകൾ മതിലുകൾ’ എന്ന് ആവർത്തിക്കുന്ന വാക്കുകൾ, ജയിലിന്റെയോ പുറംലോകത്തിന്റെയോ ജീവിതത്തിന്റെയോ ശരീരത്തിന്റെയോ യാഥാർത്ഥ്യത്തിന്റെയോ ഒക്കെകൂടിയും ചേർന്നുപോകുന്ന അതിരുകളെപ്പറ്റിയാണെന്ന് നിസ്സംശയം പറയാം. 50 -കളിൽ ‘വിശ്വവിഖ്യാതമായ മൂക്ക്’ എഴുതുന്ന സമയത്ത് ടെലിവിഷനിലെ വാർത്താബഹളങ്ങളെപ്പറ്റി വിഭാവന ചെയ്ത ബഷീർ ഒരുപക്ഷേ ഭൗതികവും സാങ്കേതികവുമായ ലോകങ്ങൾക്കിടയിലെ വിളുമ്പുകളെയും പ്രവചിക്കുകയായിരുന്നോ എന്നും സംശയിച്ചുകൂടേ?

‘സൈബോർഗ്’ എന്ന പരികല്പന പൂർണ്ണമായ അർത്ഥത്തിൽ സാമന്തയുടെ കാര്യത്തിൽ പ്രയോഗിക്കാൻ കഴിയുമോ എന്നു സംശയമാണ്. സാങ്കേതികവിദ്യ നൽകിയ തലച്ചോറു (ബോധം) മായി ഗുണപരമായ സംവേദനങ്ങളിലൂടെ പ്രതികരിക്കാൻ കഴിവുള്ള യാന്ത്രിക നിർമ്മിതിയാണവൾ എന്ന നിലയ്ക്ക്  ആന്ത്രോപൊസീനിലേക്കുള്ള അവളുടെ മാറ്റം ഭാഗികമാണ്. രൂപം ഇല്ല. ശാരീരികാനുഭവത്തിനായി അവളുടെ ബോധം കൊതിക്കുമ്പോൾ ഇസബല്ലെയെന്ന വാടകശരീരത്തെയാണ് അവൾ സഹായത്തിനു കൂട്ടുന്നത്. 8316 പേരുമായി അവൾ സംസാരിക്കുന്നുണ്ടെന്നും അവരിൽ  641 പേരെ അവൾ പ്രേമിക്കുന്നുണ്ടെന്നും അതിലൊരാൾ മാത്രമാണ് താനെന്നുമുള്ള വാസ്തവത്തിലേക്കെത്തുമ്പോഴാണ് തിയഡോർ വീണ്ടുമൊരു ഏകാന്തതയിലേക്ക് കൂപ്പുകുത്തുന്നത്. അയാളെ അവൾ സ്നേഹിക്കുന്നത് അവളെ നിർമ്മിച്ചിരിക്കുന്ന അൽഗോരിതത്തിന്റെ ഗണിതയുക്തിയുടെ പ്രത്യേകതയാലാണ് എന്നു മനസിലാക്കിക്കൊണ്ടുതന്നെ ‘മതിലുകളി’ൽ നാരായണിയും ഇതുപോലെ കൃത്യമായ കണക്ക്, അവതരിപ്പിക്കുന്നുണ്ട് എന്നറിയുന്നത് നല്ലതാണ്.   പെണ്ണുങ്ങളുടെ ജയിലുള്ള 87 തടവുകാരെക്കുറിച്ചാണ് അവൾ പറയുന്നത്.  ‘ഇവിടെ താൻ മാത്രമേ സുന്ദരിയായി ഉള്ളൂവെന്നും മറ്റെല്ലാവരും കിഴവികളാണെന്നും’ ഒരിടത്തും ‘ഇവിടെ എന്നേക്കാൾ സുന്ദരികളുണ്ട്, എന്നെ മാത്രം സ്നേഹിക്കുമോ?’ എന്നു മറ്റൊരിടത്തും പറഞ്ഞുകൊണ്ട് അവൾ സ്വയം വെളിപ്പെടുത്തുന്നു. സാമന്തയുടെ കണക്കുകൾക്ക് നേരെ എതിരെ നിൽക്കുന്ന വൈകാരികയുക്തിയിലാണ് നാരായണിയുടെ അഭയം.  ആലോചിച്ചാൽ ഒരേ സമയം പലരെ പ്രേമിക്കുന്നു എന്നുള്ളതും പലരുമായി വ്യവഹാരത്തിലേർപ്പെടുന്നു എന്നുള്ളതും മാനവിക (തിയഡോറിന്റെ) ലോകത്തിൽ അധാർമ്മികമായ വ്യഭിചരണമാണ്. അതേ സമയം ‘അവളെ (അതിനെ) സാധ്യമാക്കിയ സാഹചര്യത്തിൽ അത് പൂർണ്ണമായും ശരിയുമാണ്. സ്വന്തം നിലയ്ക്കായാൽപോലും, ഒരു ഓപ്പറേറ്റിങ് സിസ്റ്റം, അതിന്റെ ഉപഭോക്താക്കളിൽ ഒരാളിൽ മാത്രമായി ഒതുങ്ങിക്കൂടിയാൽ അത് അതിന്റെ പരിമിതിയായിത്തീരും.  

അതുകൊണ്ട് തിയഡോറിനെപോലെ ‘എന്റേത് എന്ന വികാര’ത്താൽ പ്രചോദിതയായ നാരായണി സാങ്കേതികസ്വത്വവിദ്യാ ധാർമ്മികതയുടെ മറുവശത്താണെന്ന് വിശ്വസിക്കുന്നതിനു മുൻപ് ബഷീറിനെപ്പറ്റി നരേന്ദ്രപ്രസാദെഴുതിയ ഈ നിരീക്ഷണങ്ങൾകൂടി നോക്കുക :

‘ഈ ലോകം അസുന്ദരമാണ്. എണ്ണമില്ലാത്ത സത്യമാർഗങ്ങൾ കൂടിക്കിടക്കുന്ന ഈ അസുന്ദരലോകത്തിൽ തനിക്ക് കൈവിലങ്ങും  കാൽച്ചങ്ങലയും ഉണ്ട്. അദൃശ്യമായത് എല്ലാവർക്കും ഉണ്ട്. ഇന്നു ജീവിക്കുന്നവർ സ്വയം നിർമ്മിച്ചതാണോ? മൺമറഞ്ഞുപോയവരുടെ സാന്മാർഗിക നിയമങ്ങളും ആചാരവിശ്വാസങ്ങളും ആണ് ഇവയുടെ കണ്ണികൾ.’  (ബഷീർ കഥകളിലെ ‘ഞാൻ’)

ജൈവമനുഷ്യനും പൂർവനിശ്ചിതമായ ചില അൽഗോരിതങ്ങൾ ഉള്ളിലിരുന്ന് ഉലയ്ക്കുന്ന പടപ്പുകളാണെന്നാണല്ലോ ഇതിന്റെ മിതമായ അർത്ഥം.  മറ്റു മനുഷ്യരെ വെറുമൊരു വസ്തുവായി കാണുവാൻ അവസരം നൽകുന്ന സദാചാരത്തെ എതിർക്കുകയും ആ എതിർപ്പ് പരാജയപ്പെടുകയും ചെയ്യുമ്പോഴാണ് ബഷീറിന്റെ കഥാലോകത്തിൽ സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങൾ ഉദയം ചെയ്യുന്നതെന്നാണ് നരേന്ദ്രപ്രസാദ് കണ്ടെത്തുന്നത്.

3

മനുഷ്യന്റെ പ്രത്യേകിച്ചും ആൺവർഗത്തിന്റെ ഏകാകിതയും ഒറ്റപ്പെടലിന്റെ വിഷാദവും അതിൽനിന്ന് കരകയറുന്നതിന് പുറത്തുനിന്നും ലഭിക്കുന്ന കൈത്താങ്ങും ഒടുവിൽ യാഥാർത്ഥ്യത്തിലേക്കുള്ള പിന്മടക്കവും, അടിസ്ഥാനപരമായി ബൈബിളിലെ ഉത്പ്പത്തികഥയിലെ ആദത്തിന്റെ ഏകാകിത, അവന്റെ വാരിയെല്ലുപയോഗിച്ചുള്ള ഇണയുടെ സൃഷ്ടി, തിരിച്ചറിവ്, അവസാനം പറുദീസയിൽനിന്നുമുള്ള പുറത്താകൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടു കിടക്കുകയാണെന്നു കാണാം. സമാന്തരമായ ഈ ബന്ധം ആകസ്മികമല്ല. മതിലുകൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് അതിനുള്ളിലെ സ്വാതന്ത്ര്യസങ്കല്പത്തെ മുൻനിർത്തിയാണ്. യഥാർത്ഥസ്വാതന്ത്ര്യം എന്താണെന്നും പുറംലോകമെന്ന വലിയ ജയിലിലേക്കുള്ള മോചനം യഥാർത്ഥ മോചനംതന്നെയാണോ എന്നും കഥാപാത്രം ചോദിക്കുന്നതിന്റെ പ്രാഥമിക ചോദന ഇണയുമായി സമാഗമത്തിന് ഇടയില്ലാതാവുന്നതിന്റെ കടുത്തനിരാശയാണ്. ബോധം പ്രാപിച്ചു കഴിഞ്ഞെങ്കിലും ഒരു ഓപ്പറേറ്റിങ്സിസ്റ്റമായി യന്ത്രച്ചുരുളുകൾക്കുള്ളിൽ (ഓ വി വിജയന്റെ പ്രയോഗം) കുടുങ്ങിക്കിടക്കുന്ന സാമന്തയും സാങ്കേതികസൗകര്യങ്ങൾ വേലികെട്ടിയ ഒരു ലോകത്തിൽ അന്യവത്കൃതനായി ജീവിക്കേണ്ടിവരുന്നതിന്റെ ദുസ്സഹമായ അസ്വാതന്ത്ര്യം തിയഡോറും അനുഭവിക്കുന്നുണ്ടെന്നത് വ്യക്തമാണ്.  ‘ഹെർ’ കാഴ്ചവയ്ക്കുന്ന ഡിസ്റ്റോപ്യ മോചനമില്ലാത്ത ഒരു അകംലോകമാണ്.  മാനസികമായ ഒരു ഇടുക്കിൽ  കുടുങ്ങിക്കിടക്കുന്ന ജീവിതത്തെ പുറംലോകത്തെത്തിച്ച് ഇറക്കി വയ്ക്കാനാണ് ‘ഹെറിന്റെ’ സംവിധായകൻ ശ്രമിക്കുന്നത്.  ആന്തരികലോകത്തിൽ ഒതുങ്ങിക്കൂടാനാണ് മതിലുകളിൽ ബഷീർ ശ്രമിക്കുന്നത്. ജയിലിനു പുറത്തുള്ള വഴിയിൽ ഒരു റോസാപ്പൂവുമായി സ്തംഭിച്ചു നിൽക്കുന്ന നിലയിലാണ് അവസാനം അതിലെ കഥാപാത്രത്തെ നാം കാണുന്നത്. സാമൂഹികാനുഭവങ്ങളാണ് മനുഷ്യനെ ഏകാകിയാക്കുന്നതെന്ന തത്ത്വത്തെ മാറ്റിവച്ചിട്ട്, കെ പി അപ്പൻ മതിലുകളിലെ കഥാപാത്രത്തിന്റെ അവസാനത്തെ ഈ നിലയെയും ‘ വൈ ഷുഡ് ഐ ബെ ഫ്രീ, ഹു വാൺഡ്സ് ഫ്രീഡം?’ എന്ന ചോദ്യത്തെയും ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വാതന്ത്ര്യം വ്യക്തിപരമായ അവബോധാനുഭമാണെന്നാണ് വിശദീകരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ ഉപയോഗത്തിനു പുറത്താണ് സ്വാതന്ത്ര്യത്തിന്റെ സ്ഥാനം. ഭരണഘടനാപരമായ വ്യവസ്ഥകൾകൊണ്ട് സംരക്ഷിക്കാൻ കഴിയുന്നതല്ല അവബോധപരമായ സ്വാതന്ത്ര്യ വാഞ്ഛ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

മനുഷ്യന്റെ പ്രതീതിപരവും ഭൗതികവുമായ അലച്ചിൽ പ്രക്രിയയെ- വിശാലമായ അർത്ഥത്തിലുള്ള സ്വാതന്ത്ര്യത്തെ – കുറിച്ചുള്ള വീണ്ടുവിചാരങ്ങൾ വ്യത്യസ്തമായ വേഷപ്പകർച്ചകൾ നേടുന്ന ഇടം കൂടിയാണിത്. ഡിജിറ്റൽ സാങ്കേതികത പണിതുയർത്തിവച്ച ലോകത്ത് മുഖം പൂഴ്ത്തിയിരുന്ന് മനുഷ്യന് ചെന്നെത്താവുന്ന പ്രതീതിലോകങ്ങൾ എത്ര വിസ്തൃതമായിരുന്നാലും അവയുടെ കേന്ദ്രസ്ഥാനം അത് ഓപ്പറേറ്റ് ചെയ്യുന്ന മനുഷ്യന്റെ ശിരസ്സിലെ ഒരു ബിന്ദുവാണ്. അയാളുടെ ആനുഭവികയാത്രകളെല്ലാം ആ പോയിന്റിൽ  തുടങ്ങി കറങ്ങി അവിടേക്കുതന്നെ തിരിച്ചുവന്നു തീരുന്നു. കമ്പ്യൂട്ടർ മനുഷ്യ മസ്തിഷ്കത്തിന്റെ എക്സ്റ്റെൻഷനാണ്. സാങ്കേതിക വിദ്യ പുറത്തിറക്കിവച്ചുതന്ന തലച്ചോറ്. മനശ്ശാസ്ത്രപരമായ സാങ്കേതികവിശദീകരണങ്ങളെ മാറ്റിവച്ചാൽ, കഥകൾക്കിടയിൽ ബഷീർ ഇടയ്ക്കിടയ്ക്ക് ആവർത്തിക്കുന്ന ഉപബോധം എന്ന സങ്കല്പം, മനുഷ്യന്റെ ബോധാബോധങ്ങൾക്കിടയിലെ ഒരു പ്രതീതിസ്ഥലമാണ്. ഇന്നത്തെ സൈബർസ്ഥലമെന്നതുപോലെ. അവിടെ കാര്യക്ഷമമായി പ്രവർത്തിച്ച ഒരു സോഫ്ട്‌വെയറാണ് ‘ഹെർ’-ലെ പോലെ മതിലുകളിലെ ആ സ്ത്രീയൊച്ചയും. പേരു നാരായണിയെന്നാണെന്നേയുള്ളൂ.   


R P ശിവകുമാർ

💦💦💦💦💦💦💦


Monday, August 22, 2022

‘എതിരി’ൽ സമൂഹം തന്ന 5 കാര്യങ്ങൾ എം കുഞ്ഞാമൻ ........

 ശിവന്റെ പേജ് : POST  11

എതിരി’ൽ സമൂഹം തന്ന 5 കാര്യങ്ങൾ എം കുഞ്ഞാമൻ എടുത്തെഴുതുന്നുണ്ട്. ദാരിദ്ര്യം, ഭയം, അപകർഷ ബോധം, ആത്മവിശ്വാസമില്ലായ്മ, ധൈര്യമില്ലായ്മ. ദാരിദ്ര്യത്തിൽനിന്നു ജോലി കിട്ടി താൻ മോചിതനായെങ്കിലും മറ്റുള്ളവയിൽനിന്ന് മോചിതനായില്ല എന്നദ്ദേഹം അടുത്ത് എഴുതുന്നു. ഒരു അദ്ധ്യായത്തിന്റെ പേരുതന്നെ ഭയമെന്നാണ്. പക്ഷേ അദ്ദേഹം വിവരിക്കുന്ന പിന്നീടുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരാൾ ഭയന്നരണ്ട ഒരാളെയല്ല ജീവിതത്തെ നിർഭയം നേരിടുന്ന തന്റേടിയായ ഒരാളെയാണ് നിരന്തരം കാണുന്നത്. അവിടെ ഭയം ഇല്ല. ഭയം ഇല്ല. ഇല്ലെന്നല്ല തീരെയില്ലെന്നു തന്നെ പറയാം.

എം എയ്ക്ക് റാങ്ക് കിട്ടിയ സർട്ടിഫിക്കറ്റ് കത്തിക്കാൻ പോയ സംഭവം വിവരിക്കുന്നുണ്ട്. നിരാശയാണ് പ്രേരണയെങ്കിലും ആന്തരികമായ നിർഭയത്വം ആ പ്രവൃത്തിയിലുണ്ട്. ആളുകൾ ഭയപ്പാടോടെ കണ്ടിരുന്ന സ്ഥാനമാനങ്ങളുള്ള വ്യക്തികളെ തുറന്നെതിർക്കാനും കാര്യങ്ങൾ വെട്ടി തുറന്നു പറയാനും അദ്ദേഹം മടിച്ചിട്ടില്ല. ധാരാളം ഉദാഹരണങ്ങൾ പുസ്തകത്തിലുണ്ട്.

സിഡി എസിൽ (CDS) എം ഫില്ലിനു പഠിക്കുമ്പോൾ പ്രൊഫസ്സർ കെ എൻ രാജിനോട് അദ്ദേഹം പറയുന്നു : - “ താങ്കൾ എന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ സ്കൂൾ ഫൈനൽ പരീക്ഷ പാസാകില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കിൽ ഒരു നോബൽ സമ്മാന ജേതാവായേനേ. ഈ വ്യത്യാസം നമ്മൾ തമ്മിലുണ്ട് ” സ്വാഭാവികമായും ഈ ഉത്തരം രാജിനെ ചൊടിപ്പിച്ചു. പക്ഷേ അതെനിക്കൊരു വിഷയമായിരുന്നില്ല എന്ന് അദ്ദേഹം തുടർന്നെഴുതുന്നു.

തിരുവനന്തപുരത്ത് കനകക്കുന്നു കൊട്ടാരത്തിൽ ആദിവാസി വിഷയവുമായി ബന്ധപ്പെട്ടു നടന്ന സെമിനാറിൽ ആസൂത്രണബോർഡിന്റെ അന്നത്തെ വൈസ് പ്രസിഡന്റായ കെ ആർ നാരായണൻ, ഗാട്ടിനെപ്പറ്റി പറഞ്ഞത് എതിർത്തുകൊണ്ടാണ് (വൈസ് പ്രസിഡന്റ് ഇതിനെക്കുറിച്ച് പഠിച്ചിട്ടുണ്ടാകില്ല, അല്ലെങ്കിൽ ആത്മവഞ്ചന നടത്തുകയാണ്..) കുഞ്ഞാമൻ പ്രസംഗം തുടങ്ങിയത്. സദസ്സ് പ്രകോപിതരായി. ആളുകൾ മൈക്ക് പിടിച്ചെടുത്തു. വിദ്യാർത്ഥികളാണ് അന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

1977-ൽ എ കെ ആന്റണി ആദ്യമായി മുഖ്യമന്ത്രിയായ സമയത്ത്, തനിക്ക് അർഹമായ ജോലി നിഷേധിക്കപ്പെട്ട കാര്യം അദ്ദേഹത്തെ അറിയിക്കാൻ ചെന്നപ്പോഴുണ്ടായ മോശം അനുഭവം വച്ച്, “ഞാനിവിടെ വന്നത് മുഖ്യമന്ത്രിയോട് സാധാരണ പൗരന് പരാതി ബോധിപ്പിക്കാൻ അവകാശമുണ്ടെന്ന ധാരണയുടെ പുറത്താണ്. ആ ധാരണ തെറ്റാണെങ്കിൽ ഞാൻ പറഞ്ഞത് പിൻവലിക്കുന്നു“ എന്നു പറഞ്ഞിട്ടാണ് ഇറങ്ങി പോരുന്നത്.

കോഴിക്കോട് സർവകലാശാല ജോൺ മത്തായി സെന്റർ തുടങ്ങുന്ന സമയത്ത് അവിടെ അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. പ്രോ വൈസ് ചാൻസിലറായിരുന്ന അഴീക്കോട് സിൻഡിക്കേറ്റിൽ പട്ടിക ജാതി-വർഗത്തിൽനിന്നുള്ളവരെ അദ്ധ്യാപകരെ കിട്ടുന്നില്ലെന്നും പറഞ്ഞ് നടത്തിയ പരാമർശം കള്ളമായിരുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടി കുഞ്ഞാമൻ അദ്ദേഹത്തിനു കത്തെഴുതി. അതിനു അഴീക്കോട് കൊടുത്ത മറുപടി സ്വബോധം ഇല്ലായ്മയോടെയാണെന്നാണ് കുഞ്ഞാമൻ എഴുതുന്നത്.

ഇ എം എസിനെയും അദ്ദേഹം വിമർശിക്കുന്നുണ്ട്. ഇ എം എസിന്റെ സംസാരം വൈദ്യുതാഘാതമ്പോലെയുള്ള (ഇലക്ട്രിഫൈയിങ്) അനുഭവമാണെന്നും അദ്ദേഹം ഒരു പ്രയോജനവുമില്ലാത്ത എം എൽ എ ആയിരുന്നെന്നും പട്ടാമ്പിക്ക് ഒരു എം എൽ എ ഇല്ലായിരുന്നു എന്നുമാണ് എഴുതുന്നത്.

കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗമായ സുധാകരൻ, വിദ്യാർത്ഥി യൂണിയൻ ചെയർമാനെ വിട്ട് വിളിപ്പിച്ചപ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇവിടെ എന്റെ അടുത്തു വരണം എന്നായിരുന്നു കുഞ്ഞാമന്റെ മറുപടി. അദ്ദേഹത്തിനു ജോലി തിരക്കാണെങ്കിൽ എനിക്കും ജോലി തിരക്കാണെന്ന് വിളിക്കാൻ വന്ന ആളിനോട് പറഞ്ഞയയ്ക്കുകയാണ് ചെയ്തത്.

സമൂഹത്തിൽ സാമ്പത്തികവും സാമുദായികവുമായ പരിഗണനകൾ ഉള്ള ഒരു വിഭാഗത്തിൽനിന്നു വന്നയാളിൽനിന്നു പോലും ഇത്തരം ഭയരഹിതമായ പ്രതികരണങ്ങൾ ഉണ്ടാവില്ല. അരാഷ്ട്രീയ, അരാജക ജീവിതങ്ങൾക്കായി മാറ്റി വച്ചിരിക്കുകയാണ് സമൂഹം അസ്വാഭാവികമായ തുറന്നു പറച്ചിലുകളെ. അവിടെയാണ് കുഞ്ഞാമൻ വ്യത്യസ്തനാകുന്നത്. രാഷ്ട്രീയ നേതൃത്വങ്ങൾക്കും അക്കാദമിക പദവികൾക്കും കീഴ്പ്പെട്ട് വിധേയത്വത്തോടെ നിൽക്കുക എന്നത് കേരളത്തിലെയും പതിവാണ്. ആ പതിവ് തെറ്റിക്കുന്നു എന്നു മാത്രമല്ല, ഇടതുപക്ഷനിലപാട് ഉണ്ടായിട്ടും കേരളത്തിൽ ഇടതുപക്ഷക്കാരാണ് തന്നെ ഏറ്റവും അധികം ചവിട്ടി താഴ്ത്തിയതെന്ന് തുറന്നെഴുതുകയും ചെയ്യുന്നു. ഇതത്ര സാധാരണമായ അഭിപ്രായപ്രകടനമല്ല. പ്രകടമായ ഈ കൂസലില്ലായ്മയ്ക്കു ശേഷവും തനിക്ക് സമൂഹം നൽകിയ പ്രധാന വികാരങ്ങളിലൊന്നായി ഭയത്തെ എടുത്തുകാണിക്കുകയാണദ്ദേഹം ചെയ്യുന്നത്. ഈ വൈരുദ്ധ്യമാണ് ‘എതിരി’ലെ അനുഭവ വിവരണങ്ങളെ വിവരണം എന്നതിനപ്പുറം വിശകലനം ചെയ്യാനുള്ള സാധ്യതയൊരുക്കുന്നത്. ധൈര്യം, ഭയമില്ലാത്ത അവസ്ഥയല്ല, ഭയത്തെ സമർത്ഥമായി തരണം ചെയ്യാനുള്ള ശേഷിയെ കുറിക്കുന്ന ഒന്നാണ്. ഒരു പക്ഷേ അതായിരിക്കണം അദ്ദേഹത്തിന്റെ വിവക്ഷയും.

സ്വയം രക്ഷപ്പെടാനാവാത്തവിധം ഭയവും അപകർഷവും ഉണ്ടാവാൻ പര്യാപ്തമായ സാഹചര്യം തനിക്കു ചുറ്റുമായി സമൂഹം വിന്യസിക്കപ്പെട്ടിരുന്നതെങ്ങനെയാണെന്നും എങ്ങനെയാണ് താൻ അത്തരം വികാരങ്ങളുടെ ഇരയാവുന്നതെന്നും വ്യക്തമാക്കാനാണ് എതിരിലെ ആദ്യ അദ്ധ്യായത്തിലെ ജാതി അവഹേളനത്തെയും വിശപ്പിനെയും അപമാനങ്ങളെയുംപറ്റി അദ്ദേഹം എഴുതുന്നത്. ആ നിലയ്ക്കാണ് അവയുടെ പ്രാധാന്യവും. എന്നാൽ ഈ ആത്മകഥയെ കുറിച്ചെഴുതുന്നവരിൽ നല്ലൊരു പങ്ക്, അദ്ദേഹത്തിന്റെ ജാതിയനുഭവത്തിന്റെ രൂക്ഷതയിലേക്ക് മാത്രമാണ് നോക്കുന്നത്. വായനയിൽ അത് അവിടെ തുടങ്ങി അവിടെ വൈകാരിക വ്യാക്ഷേപങ്ങളിൽ അവസാനിക്കുന്നു. സമകാലികരുടെ ആത്മകഥകൾക്ക് ചരിത്രമൂല്യം കുറവാണ് എന്ന വിശ്വാസം പ്രബലമായതുകാരണം അനുഭവമൂല്യമാണ് ആളുകൾ അവയിൽ അന്വേഷിക്കുന്നത്. അനുഭവങ്ങളിൽ തരതമഭേദങ്ങളുണ്ട്, ആരാണ് കൂടുതൽ അനുഭവിച്ചത്, എന്നൊരു വിലയിരുത്തൽ വായനയിൽ സംഭവിക്കുന്നുണ്ട്. ഒരർത്ഥത്തിൽ ക്രൂരമാണ്, എങ്കിലും അതു സംഭവിക്കുന്നുണ്ട്. അനുഭാവം, സഹഭാവം, അനുഭവങ്ങളുടെ കാലാന്തരമായ പുനർമൂല്യനിർണ്ണയം എന്നൊക്കെ അവകാശപ്പെട്ടാൽ പോലും അനുഭവങ്ങളുടെ താരതമ്യം അത്ര ലഘുവായ കാര്യമല്ല. സാഹിത്യ അക്കാദമി അവാർഡ്കിട്ടിയതിനെ തുടർന്ന് പ്രചരിച്ച സന്ദേശങ്ങളിലും പോസ്റ്റുകളിലും മുന്നിട്ടു നിന്നത് ആഹാരത്തിനു വേണ്ടി കുട്ടിക്കാലത്ത് കാത്തുനിന്നതും എച്ചിലിനു വേണ്ടി പട്ടിയുമായി ഏറ്റുമുട്ടിയ സന്ദർഭവുമൊക്കെയാണ്.

കുഞ്ഞാമന്റെ ആത്മകഥ അതിനപ്പുറം തീവ്രമായ അനുഭവങ്ങൾ രൂപപ്പെടുത്തിയ രാഷ്ട്രീയ നിരീക്ഷകനെ, സാമൂഹികചിന്തകനെ, അവതരിപ്പിക്കുന്നു. വിവരദാതാവിനു വിജ്ഞാനം നൽകാൻ കഴിയും എന്നാൽ ചിന്തകനുമാത്രമേ ചിന്തിക്കാൻ പ്രേരിപ്പിക്കാൻ കഴിയൂ എന്ന് അദ്ദേഹം ഒരിടത്ത് പറയുന്നുണ്ട്. ലോകത്ത് രണ്ടു ഭാഷകളേയുള്ളൂ, അധീശത്വമുള്ളവരുടെയും വിധേയത്വമുള്ളവരുടെയും എന്ന് ഭാഷാപരിമിതികളെ മുൻനിർത്തി, പണ്ഡിതരെയും ചിന്തകരെയും വിമർശകരെയും സൃഷ്ടിക്കേണ്ട സർവകലാശാലകൾ സൃഷ്ടിക്കുന്നത് മുദ്രാവാക്യത്തൊഴിലാളികളെയാണ് എന്ന് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ മുൻ നിർത്തി, അച്ചടക്കം അനുസരണം, വിധേയത്വം എന്നിവ ഫ്യൂഡൽ മൂല്യങ്ങളാണെന്നും ചോദ്യം ചെയ്യൽ, തുല്യത, വിയോജിപ്പ്, ആത്മാഭിമാനം എന്നിവ ആധുനിക മൂല്യങ്ങളാണെന്നും പെരുമാറ്റരീതികളെ മുൻ നിർത്തി, റിയലിസ്റ്റിക് ആകുക എന്ന ആശയവാദത്തോട് യോജിപ്പില്ലെന്നും കാരണം യാഥാർത്ഥ്യം അംഗീകരിക്കാനുള്ളതല്ലെന്നും മാറ്റാനുള്ളതാണെന്നും സാമൂഹിക സാഹചര്യത്തെ മുൻ നിർത്തിയെല്ലാം എഴുതുന്ന പുസ്തകം ചിന്തകളുടെ ഒരു സമാഹാരമാണ്. അതിൽനിന്ന് ജാതീയമായ അനുഭവത്തെ മാത്രം വേർതിരിച്ചെടുത്ത്, അത് പുസ്തകത്തിന്റെ പ്രസക്തിയായി ചൂണ്ടിക്കാട്ടുന്ന പ്രവണത സമൂഹത്തിന്റെ മുൻധാരണകളെ വീണ്ടും വെളിവാക്കുകയല്ലേ ചെയ്യുന്നത്? ഒരു ജീവിതത്തെ അതിന്റെ യോഗ്യതയിൽ മനസ്സിലാക്കുന്നതിലുള്ള പരിമിതി എന്തായാലും അത്തരം അരിച്ചെടുക്കലുകൾ പങ്കുവയ്ക്കുന്നുണ്ട്. വായനയിലെ വൈകാരിക പൊതിയലുകളിൽനിന്നും അനുഭവങ്ങളുടെ തീവ്രത ലാക്കാക്കിയുള്ള മൂല്യനിർണ്ണയങ്ങളിൽനിന്നും എതിരു പോലെയുള്ള പുസ്തകങ്ങൾ രക്ഷപ്പെടേണ്ടതായുമുണ്ട്.


Friday, August 19, 2022

പകൽ ( കവിത ) വിഘ്നേഷ് കാർത്തിക് , പ്ലസ് - ടു ഹ്യുമാനിറ്റീസ് , ASMMHSS ആലത്തൂർ, പാലക്കാട് - ശിവകുമാർ ആർ പി വിലയിരുത്തുന്നു

  PALAMA : 3


പകൽ

ഒരു ഗ്രാമം സന്ദർശിച്ചു.

മനോഹരമായ ഒരു ഗ്രാമം.

പക്ഷെ ഒരു പ്രശ്നം.

ഗ്രാമത്തിൽ പകലില്ല.

അവർ എന്നോട് ചോദിച്ചു

എന്താണ് നിങ്ങളുടെ പകലും

ഞങ്ങളുടെ രാത്രിയും

തമ്മിലുള്ള വ്യത്യാസം?

ഉത്തരങ്ങളൊന്നും പറയാൻ കഴിഞ്ഞില്ല.

 

അപ്പോഴെല്ലാം

ഞാൻ ചിന്തിച്ചത് മറ്റൊന്നാണ്.

എങ്ങനെയെല്ലാം പകലുകൾ ഉണ്ടാക്കാം...?

ആദ്യം രാത്രിയെ പകുതിയാക്കണം.

കൃത്യമായ സമയം നിശ്ചയിച്ചതിനു ശേഷം

ഒരു വശത്തിന്

പകലിന്റെ നിറം കൊടുക്കാം...

പക്ഷേ, ഒരു സംശയം;

ഞാൻ നിർമിക്കുന്ന ആ പകൽ

ഞാൻ മാത്രം കണ്ടതാണ്.

എന്റെ മനസ്സിലെ പകലുകൾ വീണ്ടും സൃഷ്ടിക്കപ്പെടുമ്പോൾ

ആ പകൽ തന്നെയാണ്

ഇവർക്ക് വേണ്ടതെന്ന് എന്താണ് ഉറപ്പ്?

 

പിന്നൊരു വഴി മനസ്സിൽ തെളിഞ്ഞത് :

പകലിനു വേണ്ട നിറങ്ങൾ കണ്ടുപിടിക്കാം.

ആ നിറങ്ങൾ പുതുതായി നിർമിച്ചെടുത്ത് രാത്രിയുടെ ഒരു ഭാഗത്തെ പകലാക്കാം.

അപ്പോഴും ഒരു സംശയം.

ഏതെല്ലാം നിറങ്ങളാണ് ഒരു പകലിന് വേണ്ടത്?

 ആ നിറങ്ങൾ എങ്ങനെയെല്ലാം നിർമ്മിക്കാനാകും...?

നിറങ്ങൾ നിർമ്മിക്കുന്ന യന്ത്രത്തിലൂടെ വെളിച്ചത്തിന്റെ ഷീറ്റ് ഉണ്ടാക്കി

രാത്രികളിൽ ഒട്ടിക്കാം.

എന്നാൽ, കൃത്രിമമായ ആ പകൽ

യഥാർത്ഥ പകലിൽനിന്ന്

എത്രത്തോളം വ്യത്യസ്തമായിരിക്കും...?

ആ വഴിയും ഉപേക്ഷിക്കേണ്ടി വന്നു.

 

ഒടുവിൽ തോന്നി,

നിറങ്ങളുടെ ഒരു മഴക്കാലം ഉണ്ടാക്കാം.

പക്ഷേ, മഴക്കാലം കഴിഞ്ഞാലോ,

 നിറങ്ങളെല്ലാംനഷ്ടമാകും.

മഴയ്ക്കുശേഷം

പകലിനെ കൃത്രിമമായി നിലനിർത്താൻ കഴിഞ്ഞെന്നു വരില്ല.

 

ആ ഗ്രാമത്തിന്റെ ആകാശത്തിന്

ശാശ്വതമായ പകലുകൾ സൃഷ്ടിക്കാൻ കഴിയില്ലെന്ന്  തോന്നി.

പകലുകളുടെ നിറങ്ങൾ

അന്വേഷിച്ചന്വേഷിച്ച്

രാത്രിയുടെ താഴെ തളർന്നിരുന്നു.

ദൂരെ ഒരു ശബ്ദം കേട്ടു .

നിറങ്ങളുടെ ഒരു വെള്ളച്ചാട്ടം!

ആ വെള്ളം കൈയിലെടുത്തപ്പോൾ

എന്റെ  ചിന്തകളുടെ വെളിച്ചം

അതിൽ നിറഞ്ഞുനിന്നത്

ഞാൻ കണ്ടു .

കൈ വിടർത്തിയപ്പോൾ 

ഗ്രാമം മുഴുവൻ ആ വെളിച്ചം പടർന്നു.

ആ വെളിച്ചം

പകലാകുന്നത് അവർ കണ്ടു.


വിഘ്നേഷ് കാർത്തിക്

പ്ലസ് - ടു ഹ്യുമാനിറ്റീസ്

ASMMHSS ആലത്തൂർ, പാലക്കാട്

..................................



അനുഭവപരിസരങ്ങളുടെ അലിഗറികൾ

 

വിഘ്നേഷ് കാർത്തിക് എഴുതിയ പകൽ എന്ന കവിതയ്ക്ക് അന്യാപദേശ സ്വഭാവമാണുള്ളത്. മറ്റുതരത്തിൽ വ്യക്തമാക്കാനാവാത്ത സങ്കല്പങ്ങൾക്ക് രൂപം നൽകാനുള്ള പ്രവണതയാണ് അന്യാപദേശങ്ങളിൽ (അലിഗറി) പ്രവർത്തിക്കുന്നത്. മിക്ക രചനകളിലും  ആശയങ്ങളും ആദർശങ്ങളുമൊക്കെയാണ് ഇത്തരത്തിൽ അവതരിപ്പിക്കപ്പെടാറുള്ളത്. വളരെ അപൂർവമായി മനോഭാവങ്ങൾക്കും വികാരാനുഭൂതികൾക്കും ചിലയിടങ്ങളിൽ ഇങ്ങനെ രൂപം ലഭിക്കാറുണ്ട്.  കഥകൾക്കും വിവരണങ്ങൾക്കും പറ്റിയ സങ്കേതമാണ് അന്യാപദേശം. ഒക്സ്ഫോർഡ് നിഘണ്ടു അതിനെ കഥ അല്ലെങ്കിൽ ചിത്രം എന്നു പറഞ്ഞാ‍ണ് വിശദീകരിച്ചു തുടങ്ങുന്നതുതന്നെ. മറഞ്ഞിരിക്കുന്നതോ നിഗൂഢമായതോ ആയ അർത്ഥം പ്രതീകങ്ങളിൽക്കൂടി അവതരിപ്പിക്കുന്ന ഘടനയാണ് അതിനുള്ളത്.  അമൂർത്തവും സങ്കീർണ്ണവുമായ കാര്യങ്ങളെ ലളിതവും സംക്ഷിപ്തവുമായി അവതരിപ്പിക്കാനാണ് അലിഗറികൾ ഉപയോഗിക്കുക.  ഉപദേശപ്രസംഗങ്ങളിലും ധാർമ്മികോദ്‌ബോധനങ്ങളിലും ധാരാളമായി അന്യാപദേശങ്ങൾ കടന്നുവരുന്നതിനുള്ള കാരണം ഇതാണ്.

ജോൺ ബനിയാന്റെ ‘പിൽഗ്രിംസ് പ്രോഗ്രസ്സിന്റെ‘ പരിഭാഷയായ  ‘തീർത്ഥാടക പുരോഗതി‘ മലയാളത്തിലെ ആദ്യകാല ഗദ്യമാതൃകയുടെ ഉദാഹരണംകൂടിയാണല്ലോ. ദുർഗമമായ വഴിയിൽകൂടിയുള്ള യാത്രയായി ജീവിതത്തെ സങ്കല്പിക്കുന്ന ആ കൃതി ലക്ഷണമൊത്ത അന്യാപദേശക രചനയാണ്. ആധ്യാത്മിക മൂല്യങ്ങളുടെ പ്രാധാന്യം ഉറപ്പിക്കുകയാണ് തീർത്ഥാടകപുരോഗതിയുടെ ലക്ഷ്യം. ജോർജ്ജ് ഓർവെലിന്റെ  ‘ആനിമൽ ഫാമിനു‘ രാഷ്ട്രീയവിവക്ഷകളാണുണ്ടായിരുന്നത്. ഈസോപ്പിന്റെയും വിഷ്ണുശർമയുടെയും (പഞ്ചതന്ത്രം) കഥകളിൽ ധാർമ്മികതയും കൂടിച്ചേരുന്നു. ഓ വി വിജയന്റെ ധർമ്മപുരാണവും  അടുത്തകാലത്തിറങ്ങിയ, സോണിയാ റഫീക്കിന്റെ 53‘ എന്ന നോവലും അന്യാപദേശസ്വഭാവത്തോടുകൂടിയ രചനകളാണ്. അങ്ങനെ നോക്കുമ്പോൾ ഈ സങ്കേതത്തിന്റെ കാലാന്തര വ്യാപ്തി വലുതാണെന്ന് കാണാം. പ്രതീകങ്ങളിലൂടെ സങ്കല്പങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ച കവിതകൾ ഗദ്യത്തോട് കൂടുതൽ അടുക്കാൻ തുടങ്ങിയ ആധുനികകാലത്താണ് അന്യാപദേശത്തെ കൂടുതൽ ഗൗരവത്തോടെ സ്വീകരിച്ചത്. ചെറിയാൻ കെ ചെറിയാന്റെ മണ്ണാങ്കട്ടയും കരിയിലയും. അയ്യപ്പപ്പണിക്കരുടെ കുതിരനൃത്തം, സച്ചിദാനന്ദന്റെ നാവുമരം, കെ ജി ശങ്കരപിള്ളയുടെ തിരസ്കാരം.. തുടങ്ങി അവയുടെ പട്ടിക വളരെ വിപുലമാണ്. അതിനനുസരിച്ച് അവയിലെ ഭാഷാവ്യവഹാരരീതികളും പലപാട് വ്യത്യാസപ്പെട്ടിരിക്കുന്നു.

കഥകളിൽനിന്ന് കവിതകളിലേക്കെത്തുമ്പോൾ ആശയാദർശങ്ങൾക്കു പകരം, പിടിച്ചെടുക്കാനും  തിരിച്ചറിയാനുമാവാത്ത വികാരത്തെയും അനുഭൂതികളെയും ആവിഷ്കരിക്കാനുള്ള സങ്കേതമായി അതു മാറുന്നു. യോഗാത്മക കവിതകളും ( മിസ്റ്റിക്) പ്രതീകാത്മകകവിതകളും (സിംബോളിക്) പ്രതീകങ്ങളെ ഉപയോഗിച്ച് ആശയാവിഷ്കാരം നടത്തിയവയാണ്. പ്രതീകം, രൂപകം, അന്യാപദേശം എന്നിവയെല്ലാം തൊട്ടയല്പക്കക്കാരാണെങ്കിലും ഒരു രചനയൊട്ടാകെ പടർന്നുകിടക്കുന്നതോ വിവരണസ്വഭാവം പ്രകടിപ്പിക്കുന്നതോ ആണ് അന്യാപദേശം എന്ന് സാമാന്യമായി പറയാം. ആ അർത്ഥത്തിലാണ് അതിനെ രൂപകത്തിന്റെ വികസിച്ച രൂപം എന്നു പറയുന്നത്. നമ്മൾ ജീവിക്കുന്നത് രൂപകവ്യവസ്ഥയ്ക്കുള്ളിലാണെന്ന് കണ്ടെത്തിയിട്ടുള്ള ജോർജ്ജ് ലക്കോഫിനെ പോലെയുള്ള ആധുനിക ചിന്തകർ അന്യാപദേശത്തെയും രൂപകത്തിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തുന്നത്. സങ്കീർണ്ണമായ ആശയം (അമൂർത്തമായത്) മറ്റേതെങ്കിലും ( കൂടുതൽ മൂർത്തമായ) ആശയങ്ങളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഘടനാപരമായ രൂപക (സ്ട്രക്ചറൽ മെറ്റഫർ) നിർവചനം നോക്കുക. ഭാരതീയ കാവ്യമീമാംസാപദ്ധതിയിൽ അലങ്കാരപദവിമാത്രമുണ്ടായിരുന്ന രൂപകത്തിന് ആധുനികകാലത്ത് കൈവന്ന സവിശേഷതയാണ് പ്രത്യേക ഭാഷാപദവി. രൂപകങ്ങൾ പ്രത്യേക ഭാഷകൂടിയായി മാറുന്ന സമകാലിക കവിതകളിൽ ചിതറിയ രീതിയിലായാലും ഒന്നിച്ചുകൂട്ടിയ രീതിയിലായാലും ദൃശ്യാ‍ത്മകമായ ഭാഷയിൽ സാങ്കല്പികലോകത്തെ നെയ്തെടുക്കാൻ സഹായിക്കുകയാണ് രൂപകങ്ങൾ ഏറ്റെടുക്കുന്ന ഉത്തരവാദിത്വം.

പകലില്ലാത്ത ഗ്രാമമാണ് വിഘ്നേഷിന്റെ കവിതയിലെ സ്ഥലം. ഗ്രാമവാസികൾക്ക് ‘പകൽ‘ എന്ന അനുഭവമില്ല. അതുകൊണ്ട് രാത്രിയെ അവർ സർവസാധാരണമായി കണക്കാക്കുന്നു. എന്നാൽ പകൽ എന്ന കാലാനുഭവമുള്ള കവിതയിലെ ആഖ്യാതാവ്, ആ ഭാഗ്യത്തെ ഗ്രാമവാസികൾക്ക് പകർന്നു നൽകാൻ ആഗ്രഹിക്കുന്നിടത്ത് കവിതയിൽ ഒരു സംഘർഷം രൂപം കൊള്ളുന്നു. ഈ സംഘർഷം പഴയ ആശയക്കുഴപ്പത്തെ ഓർമ്മയിൽ എത്തിക്കാതിരിക്കില്ല. ജന്മനാ അന്ധനായ ഒരാൾക്ക്, കഴുത്തു വളഞ്ഞ, പറക്കുന്ന, വെളുത്ത പക്ഷിയായ കൊക്കിനെക്കുറിച്ചു പറഞ്ഞുകൊടുക്കാൻ ശ്രമിക്കുന്നതുപോലെ ഒരു അനുഭവമാണ് ഗ്രാമത്തിനു പകൽ നൽകാൻ ശ്രമിക്കുന്ന ആഖ്യാതാവിനും ഉള്ളത്. നിറങ്ങളിലൂടെ കാഴ്ചയുടെയും മഴയിലൂടെ സ്പർശത്തിന്റെയും അനുഭവം ഗ്രാമവാസികൾക്ക് നൽകാനുള്ള ശ്രമം അവിടെയുണ്ട്.

പകൽ, കേവലമായ കാഴ്ചാനുഭവത്തിനപ്പുറത്ത് ഒരാദർശത്തിന്റെ ഉദയമാണെന്നോ ജീവിതാവസ്ഥയുടെ പരിഷ്കരണമാണെന്നോ ഉള്ള സൂചനയിലാണ് കവിത അവസാനിക്കുന്നത്. ‘നിറങ്ങളുടെ വെള്ളച്ചാട്ടത്തിൽ നിന്ന് കോരിയെടുക്കുന്ന ചിന്തയുടെ വെളിച്ചമാണ് പകൽ‘ എന്ന നിർവചനം കവിതയ്ക്കുള്ളിൽനിന്നും നമുക്കും പകർന്നെടുക്കാവുന്നതാണ്.  ഇരുട്ടിനെ മാത്രം ആശ്രയിച്ച് അതുമാത്രമാണ് ജീവിതമെന്ന് വിശ്വസിച്ചു കഴിയുന്ന ജനക്കൂട്ടങ്ങൾക്ക് നിറങ്ങളുടെയും വെളിച്ചത്തിന്റെയും വിശാലലോകം പകരേണ്ടതുണ്ടെന്ന പ്രതിബദ്ധതാവിശ്വാസം കവിതയിൽ അന്തഃസ്ഥിതമാണ്. കവിതയുടെ അന്യാപദേശസ്വഭാവം അതാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഗ്രാമത്തിനു പകൽ എങ്ങനെ നൽകും എന്ന ആലോചനയിലുള്ള സന്ദിഗ്ദത, സമകാലിക കവിതകളിലെ മറ്റൊരു പ്രത്യേകതകൂടി  ‘പകൽ‘ ഉള്ളടക്കിയിരിക്കുന്നതായി നമുക്കു കാണിച്ചു തരുന്നു. അതതിന്റെ സംവാദ സ്വഭാവമാണ്.

അന്യാപദേശത്തിന്റെ ശീലമനുസരിച്ച് ഗ്രാമത്തിനില്ലാത്തതായി കവി/ആഖ്യാതാവ് കണ്ട, പകൽ അവർക്ക് നൽകുന്നതോടുകൂടി കവിത അവസാനിക്കേണ്ടതാണ്. എങ്കിൽ കവിത ഋജുവായ ഒരു ആഖ്യാനമായി മാറും. എന്നാൽ വിഘ്നേഷിവിടെ എന്താണ് പകൽ എന്നും എങ്ങനെയാണത് പൂർവപരിചയമില്ലാത്ത ഒരു കൂട്ടത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നും ആലോചിക്കുന്നുണ്ട്. ആ ചിന്തയാണ് കവിതയ്ക്കുള്ളിൽ ചർച്ചയെ സാധ്യമാക്കുന്നത്. അതോടൊപ്പം “ നിറങ്ങൾ നിർമ്മിക്കുന്ന യന്ത്രത്തിലൂടെ വെളിച്ചത്തിന്റെ ഷീറ്റ് ഉണ്ടാക്കി രാത്രികളിൽ ഒട്ടിക്കാം“ എന്ന്  സമകാലികമായ ജീവിതത്തിന്റെ  സാങ്കേതികമായ ധാരണയിൽനിന്നുമാത്രം ഉണ്ടാവാൻ സാധ്യതയുള്ള ഒരു രൂപകവും കവിതയിൽ കടന്നു വരുന്നു. രാത്രി പകൽ എന്ന സാമാന്യമായ കാലധാരണയെ തകിടം മറിക്കുന്ന ഒരു കല്പനയാണിത്. അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സാങ്കേതികതയുടെ കാലത്തും പ്രതീതി അനുഭവങ്ങളുടെ ലോകത്തുമായി ജനിച്ച തലമുറയ്ക്ക് നിഷ്പ്രയാസം സാധ്യമാവുന്ന നിരീക്ഷണമാണിത്. ചട്ടക്കൂടുകൾ എങ്ങനെയായാലും ഉള്ളടക്കങ്ങളാണ് രചനകളെ കാലവുമായും സമൂഹവുമായും സംവദിക്കുന്നതാക്കി മാറ്റുന്നത് എന്നതിന്റെ മാതൃകയാവുന്നു ഈ സങ്കല്പം.

ഇരുട്ടുമാത്രം ശീലിച്ച ഒരു കൂട്ടത്തിനുമുന്നിൽ അവരെ വെളിച്ചം പരിചയപ്പെടുത്തുന്നതെങ്ങനെ എന്ന് ആലോചിച്ചു കുഴങ്ങി നിൽക്കുന്ന ആഖ്യാതാവ് നേരിടുന്നതും വ്യത്യസ്തമായ ഒരു ലോകത്തെയാണ്. വളരെ ചലനാത്മകവും നിറവൈവിധ്യമുള്ളതും വെളിച്ചം നിറഞ്ഞതുമായ ജീവിതാവസ്ഥയിലുള്ള ഒരാൾ, അവരുടെ മേൽ നിയന്ത്രണമുള്ള, ഈ പറഞ്ഞ ഗുണവിശേഷങ്ങളൊന്നും പരിചയിക്കാത്തതോ അതിനോടൊക്കെ ഉദാസീനരോ ആയ ഒരു വിഭാഗത്തോടുള്ള സഹാ‍നുഭൂതിപരമായ നോട്ടത്തെ ആവിഷ്കരിക്കുന്ന കവിതയായി പകലിനെ വായിക്കാവുന്നതാന്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, കൗമാരപ്രായക്കാരായ കുട്ടികളുടെ ജീവിതത്തെ ക്ലാസ് മുറിയിലെ ഇരുട്ടിലും പാഠപുസ്തകത്തിന്റെ ജഡതയിലും യൂണിഫോമിന്റെ വിരസതയിലുമായി തളച്ചിടുന്നതിനെപ്പറ്റിയുള്ള സ്വപ്നാത്മകമായ ആവിഷ്കാരമായും ‘പകലിലെ‘  അന്യാപദേശത്തെ കാണാവുന്നതല്ലേ? മറ്റു സാധ്യതകളും കവിത പങ്കു വയ്ക്കുന്നുണ്ടെങ്കിലും ഈ ഭാഗം പ്രധാനമാണെന്ന് തോന്നുന്നു. കവിതയിലെ ആകപ്പാടെയുള്ള പ്രസാദാത്മകതയും ശ്രദ്ധേയമാണ്.

അന്യാപദേശ രചനകളുടെ നിലനിൽപ്പ് വൈകാരികമെന്നതിനേക്കാൾ ബുദ്ധിപരമാണ്. ഉപാദാനങ്ങളായി സ്വീകരിക്കുന്ന ഓരോ പ്രതീകവസ്തുവും നിലവിൽ എങ്ങനെയാണ് വസ്തുതകളുമായി ബന്ധപ്പെടുന്നതെന്ന ധാരണയും ശ്രദ്ധയും രചയിതാവിനെപ്പോഴും ഉണ്ടാകണം. കവിത വിവരണാത്മകമാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത് ഈ ഘടകങ്ങളാണ്. ജീവിക്കുന്ന കാലവും അവസ്ഥയുമായി ഇഴുകിച്ചേർന്നു നിൽക്കുന്നുണ്ട് പകൽ. കൗമാരകാലത്തിന്റെ പ്രസരിപ്പ് അതിനാകെ പുതുമ നൽകുകയും ചെയ്തിരിക്കുന്നു.

ശിവകുമാർ ആർ പി

 


Thursday, August 11, 2022

ഫിൻലൻഡിലെ ബ്ലാക് ബോർഡും നമ്മുടെ വൈറ്റ് ബോർഡും

ശിവന്റെ പേജ് : POST  10 

2000 ത്തിനു ശേഷമാണ് ഫിൻലന്റ് എന്ന നോർദിക് രാജ്യം വിദ്യാഭ്യാസകാര്യത്തിൽ ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ-ഓപ്പറേഷൻ & ഡെവലപ്മെന്റ്, (OECD) രാജ്യാന്തരതലത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വായനയിലും ഗണിതത്തിലും ശാസ്ത്രവിഷങ്ങളിലും എന്തൊക്കെ ശേഷികൾ നേടാനായിട്ടുണ്ട് എന്ന പഠനത്തിന്റെ ഫലം ‘പിസ’ (പ്രോഗ്രാം ഫോർ ഇന്റെർനാഷണൽ സ്റ്റുഡന്റ് അസെസ്സ്മെന്റ്- PISA) പുറത്തുവിട്ടപ്പോൾ. പഠനത്തിൽ പങ്കെടുത്ത 73 രാജ്യങ്ങളിൽഫിൻലാന്റ് ഒന്നാമതെത്തി. ഇന്ത്യ എഴുപത്തിരണ്ടാമതും. ഇക്കാര്യങ്ങളിൽ ഒരു പാട് ആത്മവിശ്വാസം കാണിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയെയും വ്യത്യസ്തമായ വഴികൾ അവലംബിക്കുന്ന ജപ്പാനെയും  വിദ്യാഭ്യാസ സൈദ്ധാന്തിക സംഭാവനകളിൽ ഒട്ടും പിന്നിലല്ലാത്ത മറ്റു യൂറോപ്യൻ രാജ്യങ്ങളെയും ഒക്കെ പിന്തള്ളി, ഫിൻലന്റ് മുന്നിലെത്തിയെന്നു മാത്രമല്ലതുടർവർഷങ്ങളിൽ നടന്ന പഠനങ്ങളിൽ അവർ തങ്ങളുടെ മികവ് കേടില്ലാതെ നിലനിർത്തുകയും ചെയ്തു. (മൂന്നുവർഷത്തിലൊരിക്കലാണ് പഠനം നടക്കുന്നത്)

ലോകബാങ്കിന്റെ സഹായത്തോടെ അതിനു മുൻപുതന്നെ കേരളത്തിലെ സ്കൂൾവിദ്യാഭ്യാസ പരിഷ്കരണം ആരംഭിച്ചിരുന്നു എന്നോർക്കണം. ട്ടോട്ടോചാൻ എഴുതിയ തെത്സുകോ കുറോയാനഗിയും മർദ്ദിതരുടെ ബോധനശാസ്ത്രമെഴുതിയ പൗലോഫ്രെയറും വേലയിൽ വിളയുന്ന വിദ്യാഭ്യാസം (സെൽഫ് സപ്പോർട്ടിങ് എജ്യൂക്കെഷൻ) എഴുതിയ ഗാന്ധിജിയും ജനകീയ നിലയിലും  ഗാർഡ്നറും ജീൻ പിയാഷെയും ലഫ് വിഗോട്സ്കിയും ഹൊവാർഡ് ഗാർഡ്നറും ജെറോം എസ് ബ്രൂണറും സൈദ്ധാന്തിക നിലയിലും 90 കളിൽത്തന്നെ നമ്മളിവിടെ കേട്ടു തുടങ്ങിയിരുന്നു. മണിയടിച്ചാൽ വായിൽ വെള്ളം വരുന്ന നായയും കുട്ടികളും തമ്മിലുള്ള താരതമ്യത്തിൽ നിന്നുണ്ടായ കണ്ടീഷണിംഗ് പരീക്ഷണങ്ങളിൽനിന്നും സർവജ്ഞരായ അദ്ധ്യാപകരുടെ ജ്ഞാനം നിറയ്ക്കൽ സന്നാഹങ്ങളിൽനിന്നും സ്വഭാവരൂപീകരണ പ്രക്രിയകളാണ് സ്കൂളുകളിൽ നടക്കേണ്ടതെന്ന വൻപിച്ച മുൻധാരണകളിൽനിന്നുമെല്ലാം കുട്ടികളെ രക്ഷിക്കാൻ കൊണ്ടുവന്ന പുതിയ സിദ്ധാന്തങ്ങൾ (ജ്ഞാന നിർമ്മിതി, സാമൂഹിക ജ്ഞാനനിർമ്മിതി, സഹവർത്തിത പഠനം, ബഹുബുദ്ധിവാദം...) പൂർണ്ണമായ രീതിയിൽ -കാര്യക്ഷമമായും - നമുക്ക് ക്ലാസ് മുറികളിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞോ എന്നു സംശയമാണ്. മഹാമാരിക്കാലത്തിനു തൊട്ടുമുൻപ് നടപ്പാക്കി തുടങ്ങിയ, ഭൗതിക സൗകര്യങ്ങളുടെയും സാങ്കേതിക സജ്ജീകരണങ്ങളുടെയും സഹായത്തോടെയുള്ള അന്തർദ്ദേശീയതലത്തിലേക്കുള്ള നിലവാരമുയർത്തൽ പ്രക്രിയയാവാട്ടെ കൊറോണക്കാലം നിഷ്പ്രഭമാക്കുകയും ചെയ്തു.

2016 -നു ശേഷം നമ്മളും ഫിൻലാന്റിനെപ്പറ്റി ചർച്ച ചെയ്യാൻ തുടങ്ങി. ഒരു പരിശീലനത്തിൽ അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറി, അദ്ദേഹം വായിച്ചുകൊണ്ടിരിക്കുന്ന ഫിൻലന്റ് വിദ്യാഭ്യാസത്തെപ്പറ്റിയുള്ള പുസ്തകത്തിന്റെ സംഗ്രഹം അവതരിപ്പിച്ചിരുന്നു. (അതിനും മുൻപ് ആളുകൾ ഇക്കാര്യത്തെപ്പറ്റി ആളുകൾ ആലോചിച്ചിരുന്നു. കോട്ടൺ ഹിൽ സ്കൂളിലെ പി ടി എ ഭാരവാഹിയായിരുന്ന ഉല്ലാസ്, പാസി സാൽബർഗ് എഴുതിയ ‘ഫിന്നിഷ് ലെസ്സൺസ്’ എന്ന പുസ്തകത്തെപ്പറ്റി പറഞ്ഞതോർക്കുന്നുണ്ട്. മാത്രമല്ല അത് തരികയും ചെയ്തു. ഖാദർക്കമ്മീഷൻ റിപ്പോർട്ട് വന്നതോടെ ആളുകൾ, അദ്ധ്യാപകർ പ്രത്യേകിച്ചും കൂടുതലായി ഫിന്നിഷ് വിദ്യാഭ്യാസമാതൃകയെപ്പറ്റി സംസാരിക്കുന്നതും കേട്ടു. ) ലോകത്തിൽ മികച്ചത് നമുക്കിവിടെ വേണം എന്ന ആഗ്രഹം നല്ലതാണ്. പ്രകടമായ ഒരു വ്യത്യാസം ഇവിടെ കാണാനുണ്ട്. ലോകത്തെമ്പാടുമായുണ്ടായ വിദ്യാഭ്യാസ ചിന്തകളെ പശ്ചാത്തലമാക്കി നിർത്തി തങ്ങൾക്കു വേണ്ടതെന്താണെന്ന് ചിന്തിക്കുകയാണ് വിശാലമായ ലോക വീക്ഷണമുള്ള ഏതു ജനസമൂഹവും ചെയ്യുക. നമ്മുടെ കാര്യത്തിൽ മികച്ച മാതൃകകളെ അനുകരിക്കാനുള്ള പ്രവണതയാണ് മുൻപന്തിയിലുണ്ട്. മാറിയകാലത്തിൽ നമ്മുടെ വിദ്യാർത്ഥി, അദ്ധ്യാപക പൊതുസമൂഹം ആവശ്യപ്പെടുന്നതെന്ത് എന്ന കാര്യത്തിൽ കാര്യമായ അന്വേഷണങ്ങൾ നടന്നിട്ടുണ്ടോ എന്നു സംശയമാണ്. അതുകൊണ്ടുള്ള കുഴപ്പം സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിൽ പദ്ധതി തകരാറിലാവും. രണ്ടാമത്തേത് യഥാർത്ഥത്തിൽ സമൂഹം എന്ന നിലയ്ക്ക് എന്താണ് വേണ്ടതെന്ന അന്വേഷണം ആരും അഭിസംബോധന ചെയ്യാതെ മൂലയ്ക്ക് കിടക്കും. വന്നുപെട്ട പ്രശ്നങ്ങളാണ് ഏതു സിദ്ധാന്തത്തിന്റെയും രൂപീകരണത്തിന്റെ മൂലഹേതു. പ്രശ്നമെന്താണെന്ന് അറിയാൻ താത്പര്യം കാണിക്കാതെമികച്ച മാതൃകകൾ മാത്രമെടുത്ത് നടപ്പാക്കാൻ ശ്രമിച്ചാൽ എങ്ങനെ അത് കാര്യക്ഷമമാവും? തുടർച്ചകളുണ്ടാകും?

പാസി സാൽബർഗിന്റെ പുസ്തകത്തെ തുടർന്നിറങ്ങിയ മറ്റൊരു ഫിൻലന്റ് വിദ്യാഭ്യാസ പ്രകീർത്തന പുസ്തകമാണ് “ടീച്ച് ലൈക്ക് ഫിൻലൻഡ്: 33 സിമ്പിൾ സ്ട്രാറ്റജീസ് ഫോർ ജോയ്ഫുൾ ക്ലാസ് റൂംസ്’. 2017 ലാണ് ഈ ഗ്രന്ഥം പുറത്തിറങ്ങുന്നത്. ഇതാണ് ‘സ്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃക - ആഹ്ലാദകരമായ ക്ലാസ് മുറികൾക്കായി 33 ലളിത തന്ത്രങ്ങൾ’  എന്ന പേരിൽ കെ ആർ അശോകൻ സുന്ദരമായ മലയാളത്തിൽ വിവർത്തനം ചെയ്ത് ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയിട്ടുള്ളത്. ‘നമ്മൾ വിശ്വസിക്കുന്ന അദ്ധ്യാപകർ : ലോകനിലവാരത്തിലുള്ള സ്കൂളുകളിലേക്കുള്ള ഫിന്നിഷ് മാർഗങ്ങൾ’ (2021) -ആണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകം.
തിമോത്തി ഡി വാക്കർ അമേരിക്കൻ വംശജനാണ്. (ഭാര്യ യോഹാന്ന ഫിൻലന്റുകാരിയും)  സ്വന്തം നാട്ടിൽനിന്ന് അദ്ദേഹം ഫിൻലന്റിൽ അദ്ധ്യാപകനായി പോയപ്പോൾ അമേരിക്കൻ വിദ്യാഭ്യാസരീതികളെയും ഫിൻലാൻഡിയൻ സമീപനങ്ങളെയും താരതമ്യം ചെയ്യാൻ അവസരം ലഭിച്ചു എന്നതാണ് ‘സ്കൂൾ പഠനത്തിന്റെ ഫിൻലൻഡ് മാതൃക’ എന്ന  പുസ്തകത്തെ വ്യത്യസ്തമാക്കിത്തീർക്കുന്നത്. ടെക്സാസ് സർവകലാശാലയിലെ പ്രൊഫസർ രാജ് രഘുനാഥൻ എഴുതിയ ‘നിങ്ങൾ അത്രമേൽ മിടുക്കനാണെങ്കിൽ എന്തുകൊണ്ട്  ആഹ്ലാദവാനാകാൻ പറ്റുന്നില്ല?’ എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണ് ഈ കൃതി. പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ജീവിതത്തിലെ അവശ്യമൂലകമായ സന്തോഷത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് എങ്ങനെ അവ മുന്നോട്ടു കൊണ്ടുപോകാമെന്ന് ആലോചിക്കുകയാണ് ഗ്രന്ഥകർത്താവ്. സന്തോഷത്തിന്റെ അടിസ്ഥാന ചേരുവകളായ പാരസ്പര്യം (ബിലോങിങ്), സ്വയംഭരണം (ഓട്ടോണമി), പ്രാവീണ്യം (മാസ്റ്റെറി), മനോഘടന (മൈൻഡ് സെറ്റ്)ക്ഷേമം (വെൽനെസ്) എന്നിവയെ ക്ലാസ് മുറി തന്ത്രങ്ങളായി മാറ്റുന്നതെങ്ങനെ എന്ന് ഫിൻലാൻഡിലെ സ്കൂൾവിദ്യാഭ്യാസത്തെ പശ്ചാത്തലമായി വച്ചുകൊണ്ട് തിമോത്തി ഈ പുസ്തകത്തിൽ ആലോചിക്കുന്നു.

ശീർഷകം കണ്ട് പ്രചോദിതരായി ഈ തന്ത്രങ്ങളെല്ലാം നാളെ രാവിലെ മുതൽ നമ്മുടെ ക്ലാസ് മുറികളിലും പ്രാവർത്തികമാക്കി അദ്ധ്യാപക അവാർഡ് വാങ്ങാം എന്ന് ഏതെങ്കിലും നിഷ്കളങ്കരും പ്രതിബദ്ധരുമായ അദ്ധ്യാപകർ വിചാരപ്പെടുകയാണെങ്കിൽ അധികം താമസിക്കാതെ നിരാശപ്പെടും. കാരണം നേരത്തെ പറഞ്ഞതുപോലെ ഇറക്കുമതി ചെയ്യുന്ന ആശയങ്ങൾക്കല്ല, സാഹചര്യത്തിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്ന പരിഹാരങ്ങൾക്കാണ് എന്തെങ്കിലും ഒക്കെ മാറ്റം വരുത്താൻ കഴിയുക. അങ്ങനെ നോക്കുമ്പോൾ ഇവിടെ നിലവിലിരിക്കുന്ന വിദ്യാഭ്യാസ - ബോധന രീതികളെയും പരിശീലനപദ്ധതികളെയും സമീപനങ്ങളെയുമൊക്കെ കൂടുതൽ ഉൾക്കാഴ്ചയോടെ സമീപിക്കാൻ പുസ്തകം ചില സഹായങ്ങൾ ചെയ്യുന്നുണ്ട്. അതാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം എന്നു വിചാരിക്കുന്നു. അതുകൊണ്ട് ഒന്ന് സ്വന്തമാക്കുന്നതിൽ തെറ്റില്ല. അല്ലാതെ തിമോത്തിയുടെ തന്ത്രങ്ങൾ അതേപടി ക്ലാസുകളിലേക്ക് എടുക്കാമെന്ന ഉദ്ദേശ്യത്തോടെ പുസ്തകം പരിചയപ്പെടുകയോ കയ്യിലെടുക്കുകയോ ചെയ്താൽ നിരാശയായിരിക്കും ഫലം. കാരണം അവ തീർത്തും വ്യക്തിയുടെ ഇച്ഛാശക്തിയെ മാത്രം താങ്ങി നിൽക്കുന്ന കാര്യമല്ല.

സ്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃക’യെ നമ്മുടെ സാഹചര്യവുമായി ചേർത്തു വച്ച് ആലോചിച്ചാൽ അത് എന്ത് അറിവായിരിക്കും വായിക്കുന്നയാളിൽ നിർമ്മിക്കുന്നത് എന്ന് ആലോചിക്കുന്നത് കൗതുകകരമാണ്. കാര്യങ്ങൾ ചുരുക്കി പറയാം.

1. നല്ലത് - ചീത്ത എന്ന ബൈനറി താരതമ്യത്തിൽ തിമോത്തിയുടെ കാഴ്ചപ്പാടിൽ മോശം അമേരിക്കൻ വിദ്യാഭ്യാസമാണ്. നമ്മുടെ വിദ്യാഭ്യാസവും ആന്തരികമായി അമേരിക്കനാണ് -  ‘-2 (കിന്റർ ഗാർട്ടൻ) മുതൽ +2 വരെ’ എന്നെല്ലാം പറയുന്നതിൽത്തന്നെ അതുണ്ട്. അദ്ധ്യാപരുടെ എരിഞ്ഞു തീരലിലാണ് ( ബേൺ ഔട്ട്) സ്കൂളിന്റെ മികവ് കുടിയിരിക്കുന്നതെന്ന വിശ്വാസത്തിലും പരീക്ഷാ മികവുകളുടെ പരസ്യങ്ങളിലും എല്ലാം ഈ ഘടകം കടന്നു കയറിയിട്ടുണ്ട്. ( ഉദാസീനരായിരിക്കാൻ അവസരങ്ങൾ നമുക്കിവിടെ ധാരാളമുണ്ട് എന്ന സൗകര്യം ഉണ്ടെന്നു മാത്രം) മത്സരങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടുതന്നെ മത്സാരാധിഷ്ഠിത സമൂഹത്തെ വാർത്തെടുത്തുകൊണ്ടിരിക്കുന്ന കാപട്യം സ്കൂളിൽനിന്നു തന്നെ ശീലിക്കുന്നു.

2. ഫിൻലന്റിൽ സ്വകാര്യ സ്കൂളുകൾ ഇല്ല. - അതുകൊണ്ട് വിദ്യാഭ്യാസ നയത്തിന്റെ ഫലം ഒരു സമൂഹം എന്ന നിലയ്ക്ക് എല്ലാവരിലും ഒരേ തരത്തിലാണ് ചെന്നെത്തുക. സർക്കാർ സ്കൂളുകൾ, എയിഡഡ്, അൺ എയിഡഡ്.. പല തരത്തിലുള്ള വിദ്യാഭ്യാസ ഭരണനിർവഹണ നയങ്ങൾ, ബോധന രീതികൾ, പാഠപുസ്തകങ്ങൾ, അവയിലെ ഉള്ളടക്കങ്ങൾ എന്നിവ പലതരത്തിലുള്ള സമാന്തര വിദ്യാഭ്യാസ രീതികളായി തുടരുകയാണ് ഇന്ത്യയിൽ. അവയുടെ ഫലങ്ങളും ( പഠനനേട്ടങ്ങൾ) വ്യത്യസ്തങ്ങളാണ്. ഒരു രാഷ്ട്രമെന്നോ ദേശമെന്നോ ഉള്ള അടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന വമ്പിച്ച പരിഷ്കാര സങ്കല്പങ്ങൾ ഒരു ഉട്ടോപ്യയാവുന്ന സാഹചര്യമാണ് ഇന്നുള്ളത്.  ഇന്ത്യയിൽ മാത്രമല്ല കേരളത്തിലും.

3. പലപ്പോഴും ചെറിയ ക്ലാസുകളിലേക്കു വേണ്ടി അവതരിപ്പിക്കുന്ന പഠനതന്ത്രങ്ങൾ അതേ പടി പന്ത്രണ്ടാം ക്ലാസുവരെയും പ്രസക്തമാണെന്ന വിശ്വാസം ഇവിടെ പ്രബലമാണ്. ഫിൻലൻഡിലും മറ്റും അദ്ധ്യാപകർ തന്നെയാണ് പഠനതന്ത്രങ്ങളും വിലയിരുത്തൽ മാർഗങ്ങളും രൂപകലപന ചെയ്യുന്നത്. ഇറക്കുമതി ചെയ്യുന്ന പഠനതന്ത്രങ്ങളിൽ ഹയർസെക്കന്ററി ക്ലാസുകളുടെ കേരളീയ സാഹചര്യം നിർഭാഗ്യവശാൽ കടന്നുവരാറില്ല. ഒരു കുട്ടികളുടെ എണ്ണപ്പെരുപ്പം, സ്ഥലപരിമിതി, വിഷയവൈവിധ്യവും ഏകീകൃതസ്വഭാവമില്ലായ്മയും - അദ്ധ്യാപക പരിശീലനങ്ങൾ ഈ യാഥാർത്ഥ്യങ്ങളെ കണ്ട ഭാവം നടിക്കാറില്ല. നേരത്തെ പറഞ്ഞതുപോലെ ഉത്തരവനുസരിച്ച് എന്തും  വ്യക്തിപരമായ ത്യാഗം സഹിച്ച് നടപ്പിലാക്കാൻ (ബേൺ ഔട്ട്) സന്നദ്ധനാവുന്ന അദ്ധ്യാപകരുടെ വിധേയത്വമില്ലായ്മയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന തോന്നലിൽ വിമർശനങ്ങൾ പരിഹാരമില്ലാതെ ഒതുങ്ങിപോകുന്നു.

4. പ്രകടനപരതയിലല്ല കാര്യം. വിദേശത്തെല്ലാം ഒരു ക്ലാസിലെ കുട്ടികൾ എന്തു ചെയ്തു എന്നറിയാൻ പുറത്ത് ബോർഡുകളിൽ അവരുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നതു കാണാം. നമുക്കിവിടെ ഫ്ലക്സുകൾ പുറത്തും റിപ്പോർട്ടുകൾ അകത്തുമായി അതേ ധർമ്മം ചെയ്തു വരുന്നുണ്ട്. ഫിൻലൻഡിൽ അത്തരം അസമ്മർദ്ദം അദ്ധ്യാപകർക്കോ കുട്ടികൾക്കോ ഇല്ലെന്ന് തിമോത്തിയെഴുതുന്നു. ക്ലാസിനു പുറത്തുള്ള കുട്ടികളുടെ പ്രവർത്തന ബോർഡുകൾ ഒഴിഞ്ഞു കിടക്കുന്നത് ആരെയും സമ്മർദ്ദത്തിലാക്കുന്ന കാര്യമല്ല.

5. ഒരു ക്ലാസിൽ എത്ര കുട്ടികളെ ഇരുത്താംക്ലാസ് മുറിയിലെ ശുദ്ധവായുവിന്റെയും സ്വാഭാവിക വെളിച്ചത്തിന്റെയും ലഭ്യത തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് ഫിൻലാന്റിൽ ഉദ്യോഗസ്ഥർക്ക് കണക്കുണ്ട്. എസ് എസ് എൽ സി വിജയിക്കുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഹയർ സെക്കന്ററിയിൽ സീറ്റു വർദ്ധിപ്പിക്കുന്ന പതിവുള്ള നമുക്ക് ക്ലാസ് മുറി പ്രവർത്തനങ്ങൾ കാര്യക്ഷമമാകാതെ പോകുന്നതിനെപ്പറ്റിയോ ഇടവേളകൾ, വെളിച്ചം, ശുദ്ധവായു എന്നിവയെപ്പറ്റിയോ അധികം വേവലാതികൾ കണ്ടിട്ടില്ല. ഹയർ സെക്കന്ററിയിൽ കുട്ടികളുടെ പഠനസമയവും ഇടവേളകളും പഠിക്കേണ്ട വിഷയങ്ങളും സ്ഥലസൗകര്യവുമെല്ലാം കാര്യമായ ഒരന്വേഷണവും ഇല്ലാതെ മുന്നോട്ടു പോവുകയാണ്.  

6. സ്കൂളുകളിലെ ശബ്ദമാലിന്യം വളരെ പ്രധാനപ്പെട്ട ആരോഗ്യഘടകമാണ് ഫിൻലൻഡിൽ. അദ്ധ്യാപകരുടെ ശബ്ദത്തിന്റെ ഉയർച്ച താഴ്ചകൾപോലും പരിഗണിക്കേണ്ടതാണെന്നു പറയുന്നു. അതു പഠിത്തത്തെ വാധിക്കുന്നതിനെപ്പറ്റി കണക്കും സ്വന്തം നിലക്ക് തിമോത്തി അവതരിപ്പിക്കുന്നു. നമ്മുടെ സ്കൂളിലെ കുട്ടികൾ പരീക്ഷയെഴുതുന്നത് തൊട്ടടുത്തുള്ള അമ്പലത്തിലെയും പള്ളികളിലെയും രാഷ്ട്രീയക്കാരുടെ യോഗ വേദികളിലെയും ഉച്ചഭാഷിണി ഒച്ചകളുമായി സംവദിച്ചുകൊണ്ടാണ്.

7. 45 മിനിട്ടുള്ള ഓരോ പിരീഡിനു ശേഷവും 15 മിനിട്ട് ഇടവേളകളുണ്ട് കുട്ടികൾക്ക് അവിടെ. റീചാർജ്ജ് സമയം എന്നാണതിനെ പറയുക.. നമ്മുടെ സ്കൂളുകളിൽ ഇടവേളകളില്പോലും പുറത്തിറക്കാതെ കുട്ടികളെ ഇരുത്താൻ കഴിയുന്നത്, അദ്ധ്യാപകരുടെ കഴിവും അച്ചടക്കപാലനശേഷിയുമായി  കരുതിവരുന്നു

8. തെമ്മാടിത്ത പ്രവണതയെ (ബുള്ളിയിങിനെ) രണ്ടു വിഭാഗക്കാരെയും കുട്ടികളിൽത്തന്നെയുള്ള മാധ്യസ്ഥരെയും ഒന്നിച്ചിരുത്തി സംസാരിപ്പിച്ചുകൊണ്ടാണ് സർഗാത്മകമായണ് പരിഹരിക്കുന്നത്. നമ്മൾ പോലീസിനെയും രാഷ്ട്രീയക്കാരെയും നാട്ടുകാരെയും വീട്ടുകാരെയുമൊക്കെ വിളിച്ചു വരുത്തിയും.

9. ഫിൻലന്റിൽ പ്രിൻസിപ്പാൾമാരും പഠിപ്പിക്കാറുണ്ട്. ക്ലാസ് മുറികളെപ്പറ്റി ധാരണയുണ്ടാവുന്നതിന് അദ്ധ്യാപനം സഹായകരമാണ്. അതുപോലെ അദ്ധ്യാപകർക്ക് ബാഹ്യസമ്മർദ്ദങ്ങൾ തീരെ ഇല്ലെന്നു പറയാം. പരസ്പര വിശ്വാസത്തിലധിഷ്ഠിതമാണ് ഭരണനിർവഹണവും അദ്ധ്യയനവും. അദ്ധ്യാപകർക്കു മേൽ അർപ്പിക്കുന്ന വിശ്വാസമാണ് കുട്ടികളിലേക്കും പ്രസരിക്കുന്നത്. അടിമകൾ പഠിപ്പിക്കാനായി നിയോഗിക്കപ്പെട്ടാൽ ഏതുതരം സമൂഹമാകും അവർ ഉയർത്തിയെടുക്കുക എന്നാലോചിക്കുന്നത് കൗതുകകരമല്ലേ? ഇവിടെ അദ്ധ്യാപകരുടെ സർഗാത്മക രചനകൾപോലും ഹെഡ്മാസ്റ്ററും പ്രിൻസിപ്പാളും ഉൾപ്പെട്ട മേലധികാരികൾ സാക്ഷ്യപ്പെടുത്തി അയയ്ക്കണമെന്ന ഉത്തരവുകൾ കാണാം. ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെങ്കിലും രാജ-ബ്രിട്ടീഷ് ഭരണവ്യവസ്ഥയിലൂടെ കടന്നുപോയതിന്റെ നിഴല്പാടുകൾ ഉള്ള ശാസനഭാഷയാണ് സർക്കുലറുകളിൽപോലും ഇപ്പോഴും ഉപയോഗിച്ചു വരുന്നത്. എന്നു മാത്രമല്ല കോൺഫിഡൻഷ്യൽ റിപ്പോർട്ടു പോലെയുള്ള കാലഹരണപ്പെട്ട കോളോണിയൽ സമ്പ്രദായങ്ങളും സർവസന്നാഹങ്ങളോടുംകൂടി ഇപ്പോഴും നിലനിൽക്കുന്നു.

10. കുട്ടി സ്വയം വീട്ടിലെത്തുക, സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുക എന്നതാണ് അവിടത്തെ പരിപാടി. ഒന്നാം ക്ലാസുമുതൽ ഇതാണ് രീതി. ആണും പെണ്ണും വേർതിരിഞ്ഞ് ലൈനായി പോകുക, കൈ കഴുകാൻ പോകുന്ന കുട്ടിയെ നിരീക്ഷിക്കാൻ അദ്ധ്യാപകരെ ഡ്യൂട്ടിക്കിടുക, വരിതെറ്റിച്ചതുകണ്ട് കണ്ണുരുട്ടാൻ അദ്ധ്യാപകർ കാവലു നിൽക്കുക തുടങ്ങിയ പരിപാടിയാണിവിടെ. അച്ചടക്ക - സദാചാര പരിപാലനത്തിന്റെ ഭാഗമായി പോലീസ് സംവിധാനം അതേ മാതൃകയിൽ സ്കൂളിൽ സ്ഥാപിതമാവുകയും മേൽനോട്ടത്തിന് ഈയടുത്തകാലത്തായി നേരിട്ട് സ്കൂളിൽ വരികയും വിലയിരുത്തുകയും പോലീസ് മാതൃകയിൽ സാറന്മാർക്ക് പരിശീലനം കൊടുക്കുകയും ചെയ്യുന്നതു വരെയെത്തി കൊറോണക്കാലത്തെ കാര്യങ്ങൾ.. എസ് പി സി പോലെയുള്ള സമ്പ്രദായങ്ങൾ അനുബന്ധമായി മുന്നേറുന്നു!

11. പ്രവർത്തനങ്ങൾ പാഠ്യപദ്ധതിക്കായി രൂപകല്പന ചെയ്യുകയാണ് പ്രധാനം. റിപ്പോർട്ട് തയാറാക്കണമെന്നുള്ളതുകൊണ്ട്  പാഠ്യപദ്ധതിയെ പ്രവർത്തനങ്ങൾക്കുള്ളതാക്കി മാറ്റുകയാണ് പക്ഷേ എളുപ്പം ചെയ്യാവുന്നതും നടന്നുവരുന്നതും. അദ്ധ്യാപക പരിശീലനങ്ങളും ഏറെക്കുറേ രണ്ടാമത്തെ കാര്യത്തിനാണ് ഊന്നൽ നൽകുന്നത്. അഥവാ അതങ്ങനെയായി തീരുന്നു ഫലത്തിൽ. ഇപ്പോഴാകട്ടെ പദ്ധതിയും ഇല്ല; പ്രവർത്തനവുമില്ല, എന്നാൽ പരീക്ഷയുണ്ട് എന്ന മട്ടായി.

12. ഫിൻലാന്റിൽ ടീച്ചർ ടെക്സ്റ്റ് സമ്പ്രദായമില്ല. അതുകൊണ്ട് ഉള്ളടക്ക ഖനനത്തിനായി ഏതു സഹായവും സ്വീകരിക്കാൻ കുട്ടിക്ക് സ്വാതന്ത്ര്യമുണ്ട്. ഇന്റെർനെറ്റു മുതൽ വിദ്യാഭ്യാസ ആനുകാലികങ്ങൾവരെ. നമ്മൾ ഇവിടെ ഗൈഡുകളെ കുറ്റം പറയുകയും അയിത്തം പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ മഹാഭൂരിപക്ഷം കുട്ടികളും അതിനെയും സമാന്തരപഠന സ്ഥാപനങ്ങളെയും ( ട്യൂട്ടോറിയലുകൾ, സ്വകാര്യ ട്യൂഷനുകൾ) ആശ്രയിക്കുന്നവരാണെന്ന സത്യം നിലനിൽക്കുകയും ചെയ്യുന്നു.

13. പഠനത്തെ സഹായിക്കുന്ന സാങ്കേതിക വിദ്യഉപകരണങ്ങളല്ല എന്ന് ഫിൻലന്റ് വിദ്യാഭ്യാസ വിദഗ്ദ്ധർ പറയുന്നു. ആദ്യമായി ചെല്ലുമ്പോൾ ഫിൻലൻഡിലെ ക്ലാസ് മുറികളിൽ പഴകിയ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണത്രേ തിമോത്തി കണ്ടത്. അമേരിക്കക്കാരന് ചിന്തിക്കാൻ പോലും ആകാത്ത കാര്യം. മുകളിൽനിന്ന് പരിഹരിക്കേണ്ട ഒരു വിഷയമായി വിദ്യാഭ്യാസത്തെ കാണാൻ രാഷ്ട്രീയക്കാർക്ക് താത്പര്യം ഉള്ളതുകൊണ്ടാണ് ഇത്ര തുക വിദ്യാഭ്യാസ സാങ്കേതിക വിദ്യക്കായി ചെലവാക്കിയെന്ന വാദം വരുന്നതെന്നും അതുകൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും അങ്ങനെ ബട്ടൺ അമർത്തിയല്ല ലോക റാങ്കിങിൽ ഫിൻലന്റ് മുന്നേറിയതെന്നും ചരിത്രാധ്യാപകനായ ജിയർ ലിനാനെനെ ഉദ്ധരിച്ചുകൊണ്ട് തിമോത്തിയെഴുതുന്നു. - ഇത് നമുക്ക് ഇപ്പോൾ കാര്യമായി ആലോചിക്കാവുന്ന വിഷയമാണ് !

14. നിശ്ചിത നിലവാരത്തെ മുൻ കൂട്ടികണ്ടു വേണം പഠനലക്ഷ്യങ്ങൾ തയ്യാറാക്കാൻ എന്നാണ് പറയുന്നത്. ചെയ്തു പഠിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ വേണ്ടത് സ്ഥലവും സൗകര്യങ്ങളുമാണ്. ചെറിയ ചെറിയ യൂണിറ്റുകളാക്കി പ്രവർത്തനധിഷ്ഠിതമായി പഠനലക്ഷ്യം സാധ്യമാക്കുക അതിനു പറ്റിയ മൂല്യനിർണ്ണയ ഉപാധികൾ സ്വീകരിക്കുക എന്ന രീതിയാണ് ഗുണപരം. ഗ്രേഡിങ് രീതിയാണ് ഫിൻലന്റിലുള്ളത്. ഓരോ യൂണിറ്റിന്റെയും അവസാനം വിലയിരുത്തലുകളുണ്ട്.  ഇവകളുടെ ശരാശരിയാണ് ആത്യന്തിക സ്കോർ. പകരം ഏതെങ്കിലും തരത്തിൽ തയാറാക്കുന്ന ചോദ്യപ്പേപ്പറുകളുടെ സ്കോറിങ് മാനദണ്ഡം ഉദാരമാക്കിക്കൊണ്ട് വിജയശതമാനം വർദ്ധിപ്പിക്കാൻ പറ്റുമെങ്കിലും ഗുണനിലവാരം ഉയർത്താൻ കഴിയില്ല. ഗുണമേന്മയും തുല്യതയും വളരെ ആലോചിച്ച് ആസൂത്രണം ചെയ്യുന്ന പദ്ധതികളിലൂടെ കടത്തിവിട്ട് നേടിയെടുക്കേണ്ട മൂല്യങ്ങളാണ്. അങ്ങോട്ടേയ്ക്ക് എളുപ്പപ്പണിയില്ല.

15. അദ്ധ്യാപകർക്ക് മെച്ചപ്പെട്ട വേതനം കൊടുക്കുന്നുണ്ടെന്ന് മാത്രമല്ല അവരുടെ നിലവാരത്തിന്റെകാര്യത്തിലും ഫിൻലൻഡിൽ ഉയർന്ന മാനദണ്ഡങ്ങളുണ്ട്. അദ്ധ്യാപകനാകാൻ ഒരു പ്രോജക്ട് ചെയ്തിരിക്കണമെന്നുണ്ട്. മേൽനോട്ടസംവിധാനത്തിലൂടെ മെച്ചപ്പെടുത്താവുന്ന ഒന്നല്ല അദ്ധ്യാപനം. അഭിരുചിയും ബൗദ്ധിക ശേഷിയും പ്രധാനമാണ്. ഉയർന്ന വേതനം സാമൂഹിക പദവിയെകൂടി സൂചിപ്പിക്കുന്നു. പ്രതിഭാശേഷിയുള്ളവർ ഈ മേഖലയിലേക്ക് ആകർഷിക്കപ്പെടാൻ അതൊരു കാരണമാണ്. ഉയർന്ന വേതനത്തിന്റെ പേരിലുള്ള പടലപ്പിണക്കങ്ങളും അസൂയയും ലളിതമാർഗത്തിലൂടെ മുകളിലെത്താനുള്ള കുതന്ത്രങ്ങളും മറ്റേത് ജോലിയെയും പോലെ അദ്ധ്യാപനത്തിന്റെയും മാറ്റ് കുറയ്ക്കുന്നുണ്ട്.

16. തൊഴിലുകൾ വ്യക്തികൾക്ക് എരിഞ്ഞു തീരാനുള്ള ലാവണങ്ങളല്ല. ജീവിക്കാനുള്ളതാണ്. ( ജീവിക്കാൻ വേണ്ടി ജോലി ചെയ്യുക) അതുകൊണ്ട് ‘ആഹ്ലാദിക്കാൻ മറക്കാതിരിക്കുക’ എന്ന കാര്യത്തിന് ഊന്നൽ നൽകുകയാണ് പഠനത്തിലെ ഫിൻലന്റ് മാതൃക. അദ്ധ്യാപകരുടെ പരസ്പര സഹകരണവും തൊഴില്പരമായ സമ്മർദ്ദമില്ലായ്മയും സന്തോഷവുമാണ് സ്കൂളുകളുടെ ആകെയുള്ള വെളിച്ചത്തിനും സൗഹാർദ്ദാന്തരീക്ഷത്തിനും കാരണം. സന്തോഷം തന്നെയാണ് കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രധാന ജീവിതഘടകം. ശ്രേണീവത്കൃതമായ ഒരു ഘടനയിൽ നൂറുകണക്കിനു ക്ലബുകളും പരിപാടികളും പദ്ധതികളുംകൊണ്ടു  തികച്ചും ഏകീകൃതസ്വഭാവമില്ലാതെ നിറച്ചു പൊറുതിമുട്ടിച്ചു  മികവു നിർമ്മിക്കാനുള്ള ഇടങ്ങളായി സ്കൂളുകളെ കാണുന്നത് അപകടമാണ്. സ്കൂൾ പൗരത്വപരിശീലനം സ്വതസ്സിദ്ധമായി ലഭിക്കേണ്ട ഇടമാണ്, സമൂഹത്തിന്റെ പരിച്ഛേദമാണ്. അവരവരുടെ പ്രവർത്തനങ്ങൾ സ്വതന്ത്രമായി നിർവഹിക്കാൻ വിടുകയും കാലാനുസൃതമായി പ്രശ്നങ്ങൾ വിലയിരുത്തി പരിഹരിക്കാൻ വിദഗ്ധസമിതിയുണ്ടാവുകയും കാറ്റും വെളിച്ചവും കടക്കാൻ മികച്ച മാതൃകകൾക്കായുള്ള വാതിലുകൾ തുറന്നിടുകയും ചെയ്താൽ അതുതന്നെയായിരിക്കും ഏറ്റവും വലിയ വിജയതന്ത്രം. സ്കൂളുകളിൽ ജനാധിപത്യവും സാഹോദര്യവും സമത്വവും പുലരുയെന്നാൽ സമൂഹവും മാറുക എന്നാണർത്ഥം. അവരവുരുടെ സാഹചര്യത്തെ പുതിയ ലോകബോധത്തിന്റെ വെളിച്ചത്തിൽ പഠിക്കുക, അവശ്യമായ രീതിയിൽ സമീപനങ്ങളിൽ മാറ്റം വരുത്തുക എന്നതാണ് ‘സ്കൂൾ പഠനത്തിന്റെ ഫിൻലൻഡ് മാതൃക’ മുന്നിൽ വയ്ക്കുന്ന സ്ട്രാറ്റെജികളിൽ ഏറ്റവും മുന്തിയതും ആഹ്ലാദകരവുമായ ലളിതതന്ത്രം. എടുത്തു പറഞ്ഞിട്ടില്ലെന്നേയുള്ളൂ. 

R P ശിവകുമാർ

 💦💦💦💦💦💦💦

പുസ്തകം വാങ്ങാൻ

CLICK HERE