വായനച്ചെല്ലം - 6
കേരളത്തെക്കുറിച്ച്
നിലവിലുള്ള ചരിത്ര ധാരണകളെ ജനിതക പഠനങ്ങളുടെ
അടിസ്ഥാനത്തിൽ പൊളിച്ചെഴുതുകയാണ്, കെ. സേതുരാമൻ 'മലയാളി: ഒരു ജനിതകവായന എന്ന രചനയിലൂടെ. മനുഷ്യൻ, സമൂഹം എന്നിങ്ങനെ
രണ്ട് വിഭാഗങ്ങളായാണ് ഈ കൃതിയുടെ രചന. കേരളത്തിലെ ആദിമ കൂടിയേറ്റം മുതൽ ആധുനിക
സമൂഹത്തിന്റെ രൂപീകരണം വരെയുള്ള ചരിത്രത്തെ വികാസത്തിന്റെ വിവിധ ഘട്ടങ്ങൾ വിശകലനം
ചെയ്തും മലയാളിയുടെ ആഗമന ചരിത്രം, വ്യത്യസ്ത ജാതി സമൂഹങ്ങളുടെ നിലനില്‌പ്, ഭാഷാപരവും രാഷ്ട്രീയപരവുമായ പ്രത്യേകതകൾ
മുതലായവയെക്കുറിച്ച് ചർച്ച ചെയ്തും പുന:സൃഷ്ടിക്കുന്നു. ചരിത്രത്തിന്റെയും
സാഹിത്യത്തിന്റെയും പുനർവായനയിലൂടെയും ജനിതകപഠനങ്ങളുടെ വിശകലനത്തിലൂടെയുമാണ് ഈ
തിരുത്തിയെഴുത്ത് ഗ്രന്ഥകാരൻ നിർവഹിക്കുന്നത്. ഇതിനായി സംഘസാഹിത്യ കൃതികളുടെ പശ്ചാത്തലം, നാടോടിസാഹിത്യം, ഗോത്രവർഗ്ഗ
സമൂഹങ്ങളുടെ സംസ്കാരം, ശിലാലിഖിതങ്ങൾ എന്നിവയും വിശകലനവിധേയമാക്കുന്നു.
വ്യത്യസ്ത ജാതി
സമൂഹങ്ങളുടെ ജനിതകബന്ധം നിലവിലുള്ള ചരിത്ര ധാരണകൾക്ക് വിരുദ്ധമാണ് എന്ന
കണ്ടെത്തലാണ് പുതിയൊരു വീക്ഷണകോണിലൂടെയുള്ള ഈ ചരിത്ര രചനയ്ക്ക് പ്രചോദനം.
അടുത്ത കാലത്തുണ്ടായ
മുസ്സിരിസ്സ് പൈതൃക ഖനനവും ഗവേഷണവും ആര്യൻമാരുടെ കുടിയേറ്റത്തിനു മുൻപു തന്നെ
കേരളത്തിൽ ഒരു പരിഷ്കൃത സമൂഹം നിലനിന്നിരുന്നു എന്ന് സ്ഥാപിക്കുന്നു.
എം.ജി.എസ്.നാരായണനെപ്പോലെയുള്ള ചരിത്രകാരന്മാരുടെ അഭിപ്രായം ഇപ്രകാരമാണ്, നൂറ്റാണ്ടുകൾക്കു
മുമ്പ് വനപ്രദേശമായിരുന്ന കേരളത്തിൽ ആദിവാസികൾ എന്ന് അറിയപ്പെട്ട ദ്രാവിഡർ
കുടിയേറി. കാർഷികവൃത്തിയിൽ ഏർപ്പെട്ട ഇവർ ഗോത്രങ്ങളായാണ് ജീവിച്ചത്. പിന്നീട് ആദി
ചേര സാമ്രാജ്യം ഉദയം കൊണ്ടു. പിൽക്കാലത്ത് ആര്യന്മാർ വടക്കേ ഇന്ത്യയിലും തുടർന്ന്
തെക്കേ ഇന്ത്യയിലും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ആര്യാധിനിവേശത്തിന്റെ ഫലമായി
ക്ഷേത്ര കേന്ദ്രീകൃതമായ ഒരു ഭരണ വ്യവസ്ഥയുണ്ടാവുകയും ജനങ്ങൾ ഒരേ സംസ്കാര ധാരയിൽ
ഏകോപിപ്പിക്കപ്പെടുകയും ചെയ്തു. ഈ വൈരുധ്യങ്ങളുടെ സാധുതയെയാണ് ജനിതക
പഠനങ്ങളിലൂടെയും ചരിത്ര രേഖകളുടെ പുനർവായനയിലൂടെയും ഈ ഗ്രന്ഥത്തിൽ അന്വേഷണ
വിധേയമാക്കുന്നത്.
കേരള ഗസറ്റിയറിൽ
നിഗ്രിറ്റോ , പ്രോട്ടോ ആസ്ട്രലോയ്ഡ്ദ്രാവിഡർ, ആര്യൻ, എന്നു തുടങ്ങി കേരള ജനതയെ വംശീകരിച്ചിരിക്കുന്നു. എന്നാൽ
ചരിത്രകാരന്മാരുടെ ആഖ്യാനത്തിനു വിപരീതമായി, വംശീയ ഘടകങ്ങൾ ജാതിയോ ഗോത്രമോ അനുസരിച്ചല്ല നിർണ്ണയിക്കേണ്ടത്
മറിച്ച് സാമ്പത്തിക ഘടകവും ലൈംഗിക തെരഞ്ഞെടുപ്പുമാണ് മനുഷ്യന്റെ ശരീര ഘടനയെ
നിർണ്ണയിക്കുന്നതെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഉദാഹരണത്തിന്, ആര്യന്മാർ എന്ന്
കരുതപ്പെടുന്ന നമ്പൂതിരിമാരിൽ ആര്യാംശവും ദ്രവീഡിയാംശവും പ്രകടമാണ്. അതുകൊണ്ടു
തന്നെ ജനിതക പഠനവും നരവംശ ശാസ്ത്ര പഠനവും ഭാഷാശാസ്ത്ര പഠനവും ഏകോപിപ്പിച്ചു കൊണ്ടു
മാത്രമേ ശരിയായ ചരിത്ര രചന സാധ്യമാവൂ.
ഏകദേശം എഴുപതിനായിരം
വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കയിൽ നിന്ന് ആയിരത്തിലധികം മനുഷ്യർ ആഫ്രിക്കേതര
പ്രദേശങ്ങളിലേക്ക് പലായനം ചെയ്തതായി ജനിതകപഠനങ്ങൾ സൂചിപ്പിക്കുന്നു. ഇവരുടെ ജനിതക
ഘടകം ആഫ്രിക്കേതര രാജ്യങ്ങളിലെ എല്ലാ വ്യക്തികളിലും കാണപ്പെടുന്നു. ഇതിൽ പെട്ട ഒരു
കൂട്ടം മനുഷ്യർ പതിനായിരം വർഷങ്ങൾക്കുള്ളിൽ കടൽമാർഗ്ഗം ദക്ഷിണേന്ത്യയുടെ
തീരപ്രദേശങ്ങളിലും എത്തി.
പതിനായിരം വർഷങ്ങൾക്കു
മുമ്പ് ഹിമയുഗത്തിന്റെ അവസാനത്തോടെ മനുഷ്യരാശിയുടെ പലായനത്തിന് അന്ത്യം കുറിച്ചു
കൊണ്ട് കാർഷിക സംസ്കൃതി വ്യാപിച്ചു. പുരാതന തുർക്കിയിലാണിതിന് തുടക്കം കുറിച്ചത്.
പിന്നീട് നൈൽ, യൂഫ്രട്ടിസ്, ടൈഗ്രിസ് , യാങ്ഷെ, സിന്ധു നദീതടങ്ങളെ കേന്ദ്രീകരിച്ച്
നാഗരികത വളർന്നു. ചെമ്പിന്റെയും ഇരുമ്പിന്റെയും കണ്ടുപിടിത്തം നാഗരികതയെ
ലോകവ്യാപകമാക്കി. ആദിമ മനുഷ്യരുടെ ജീവിത ശൈലിയെ പ്രതിനിധീകരിക്കുന്ന കേരളത്തിലെ
ഉപസമൂഹങ്ങളാണ് ചോലനായ്ക്കർ, കാടർ മുതലായ പ്രാക്തന ഗോത്രവർഗ്ഗങ്ങൾ. ഈ
ഗോത്രവർഗ്ഗങ്ങൾക്കും പൊതു മലയാളി സമൂഹത്തിനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ജനിതക
പഠനങ്ങൾ ഓർമിപ്പിക്കുന്നു.
പെരിയാർ, ഭാരതപ്പുഴ
തീരങ്ങളിലും കുട്ടനാട്ടിലുമാണ് കേരളത്തിൽ കൃഷി വ്യാപിച്ചത്. പാലക്കാടും തമിഴ്
നാട്ടിലെ കൊങ്കുനാടുമായും ഈ പ്രദേശങ്ങൾ ബന്ധം സ്ഥാപിച്ചു.
കാർഷികവൃത്തിയിലേർപ്പെട്ട ഗോത്രസമൂഹങ്ങളിൽ ജനസംഖ്യയിൽ ക്രിസ്തുവർഷാരംഭത്തോടെ വൻ
വർദ്ധനവുണ്ടായി. 'കേരളപുത്ര എന്ന് അശോക ശാസനങ്ങളിൽ രേഖപ്പെട്ട ആദി ചേരന്മാരാണ് കേരളത്തിന്റെ
പ്രഥമ രാഷ്ട്രീയ ഘടനയായി രൂപപ്പെട്ടത്. ദ്രാവിഡ കാവൽ ദൈവങ്ങളായിരുന്ന മാടൻ, കറുപ്പൻ , കാളി, ചാത്തൻ എന്നീ
മൂർത്തികളെ അവർ ആരാധിച്ചു. അശോകന്റെ മൗര്യ സാമ്രാജ്യ കാലം മുതലാണ് വടക്കേ ഇന്ത്യയിൽ
നിന്ന് ശ്രമണ മതങ്ങളെയും ആചാര രീതികളെയും ദക്ഷിണേന്ത്യൻ കാർഷിക സമൂഹം
ഏറ്റെടുത്തത്.
BC 800 മുതൽ
ലോകമെമ്പാടും സാംസ്കാരിക തലത്തിൽ വൻ മുന്നേറ്റമുണ്ടായി. AD ആറാം നൂറ്റാണ്ടിൽ
ഗ്രീക്ക് ചക്രവർത്തിയായ അലക്സാണ്ടറുടെ പടയോട്ടത്തോടെ പാശ്ചാത്യ പൗരസ്ത്യ
രാജ്യങ്ങളുടെ ദൃഢബന്ധത്തിന് വഴിയൊരുങ്ങി. വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെട്ടു. AD ആദ്യ
നൂറ്റാണ്ടുകളിൽ വാണിജ്യ ബന്ധങ്ങളിലൂടെ കേരളം ഭക്ഷ്യ സുരക്ഷ കൈവരിച്ചു. AD അഞ്ചാം
നൂറ്റാണ്ടോടു കൂടി റോമാ സാമ്രാജ്യത്തിന്റെ പതനവും ആദി ചേര സാമ്രാജ്യത്തിന്റെ
അന്ത്യവും പൂർണ്ണമായി.
ആദിമ കുടിയേറ്റം, ആദി ചേരന്മാരുടെ
സാമ്രാജ്യ രൂപീകരണം, കേരള സമൂഹരൂപീകരണം, സാമൂഹികാചാരങ്ങൾ, രാഷ്ട്രീയ ഘടന, മതങ്ങൾ, ഭാഷയുടെ വികാസം, ജാ തി സമൂഹങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം
ജനിതകപഠനങ്ങൾ പുതിയ വെളിച്ചം നൽകുന്നു.
സംഘകാല കൃതികൾ, പ്രാചീനതമിഴകത്തിന്റെ
ഭാഗമായിരുന്ന കേരളത്തിൽ ജാതി വ്യവസ്ഥ ഇല്ലായിരുന്നു എന്ന് വ്യക്തമാക്കുന്നു.
അന്തണർ, അരചർ, വെള്ളാളർ, വണികർ എന്നീ തൊഴിൽ വിഭാഗങ്ങളാണ് അന്നുണ്ടായിരുന്നത്. വെള്ളാളർ അഥവാ കൃഷിക്കാരായിരുന്നു
അടിസ്ഥാന സമൂഹം. വനപ്രദേശങ്ങളിൽ (കുറിഞ്ഞി ) അധിവസിച്ചവർ കുറവർ എന്ന്
അറിയപ്പെടുകയും ആദിവാസി സമൂഹങ്ങളായി പരിണമിക്കുകയും ചെയ്തു. മരുതനിലത്തിൽ ജീവിച്ച
ഉഴവർ പിന്നീട് പുലയരായും ഈഴവരായും മാറി. ഉഴവരിൽ നിന്ന് വൈദിക മതാചാരങ്ങൾ
സ്വീകരിച്ചവർ ശൂദ്രരാവുകയും പിന്നീട് നായന്മാരായി അറിയപ്പെടുകയും ചെയ്തു. വെള്ളാളർ, ഈഴവർ, പുലയർ
വിഭാഗങ്ങളിൽ നിന്ന് തൊഴിലിന്റെ അടിസ്ഥാനത്തിൽ മറ്റ് വിഭാഗങ്ങൾ രൂപപ്പെട്ടു.
കേരളത്തിലെ
സാമൂഹികാചാരങ്ങൾ ഏക സമൂഹത്തിൽ നിന്ന് ഉടലെടുത്തതാണ്. സവർണ്ണരുടെയും അവർണ്ണരുടെയും
പൂർവികർ ഒന്നായിരുന്നു എന്നാണ് ജനിതകം തെളിയിക്കുന്നത്ബ്രാഹ്മണരുടെ അധീശത്വത്തെയും
ജനിതക പഠനങ്ങൾ തിരസ്കരിക്കുന്നു. കേരളത്തിലുടനീളംഅവർണ്ണആരാധനാലയങ്ങളും
കാവുകളുമുണ്ടായിരുന്നു. വേലൻ, മണ്ണാൻ, മലയൻ, പാണൻ മുതലായി അയിത്തജാതിക്കാരായി
കണക്കാക്കപ്പെടുന്നവരായിരുന്നു കാവുകളിലെ പൂജാദി കർമ്മങ്ങൾ നടത്തിയിരുന്നത്.
ഇത്തരം ആരാധനാസ്ഥലങ്ങൾ ഇപ്പോഴും കേരളത്തിലുണ്ട്. ദ്രവീഡിയമായ ആരാധനാക്രമത്തിലാണ്
ഈഴവരും പുലയരും ഉൾപ്പെട്ട അബ്രാഹ്മണ വിഭാഗം വിശ്വാസം പുലർത്തിയത്. അവർ ബ്രാഹ്മണ
മേൽക്കോയ്മയും ദേവദാസീ സമ്പ്രദായവും ബഹുഭർതൃത്വവും അംഗീകരിച്ചതുമില്ല.
എടുത്തു പറയേണ്ട മറ്റൊരു
വസ്തുത ബുദ്ധജൈനദർശനങ്ങളുടെ സ്വാധീനമാണ്. അച്ഛൻ, അമ്മ എന്നീ പദങ്ങൾ തന്നെ ബുദ്ധ സ്വാധീനത്തിനുദാഹരണമാണ്.
ക്ഷേത്രാരാധനയിലും വാസ്തു ശാസ്ത്രത്തിലും ജൈന സ്വാധീനം കാണാം.
പത്തൊൻപതാം നൂറ്റാണ്ട്
വരെ ഇസ്ലാം മതം സ്വീകരിച്ചത് പ്രധാനമായും സവർണ്ണരായിരുന്നു. പൊന്നാനി, വള്ളുവനാട്, ഏറനാട്
പ്രദേശങ്ങളിലാണ് പ്രധാനമായും ഈ മാറ്റമുണ്ടായത്.
ആദിമ സുറിയാനി
ക്രിസ്ത്യാനികൾ ഈഴവരും വണ്ണാൻമാരുമാണെന്ന് തരിസാപ്പള്ളി ചെപ്പേടിൽ
പരാമർശിക്കപ്പെടുന്നു. തിരുവിതാംകൂറിലെ നായന്മാരിൽ നിന്ന് ഒരു വിഭാഗവും സുറിയാനി
ക്രിസ്ത്യാനികളായി മാറി.
ജനിതക ബന്ധങ്ങൾ കൂടുതലും
പ്രകടമാകുന്നത് പ്രാദേശികമായാണ്. ഉദാഹരണത്തിന്, മലബാറിലുള്ള നമ്പ്യാർക്ക് അവിടെത്തന്നെയുള്ള തീയനുമായാണ്
ബന്ധം. കുട്ടനാട്ടിലെ പുലയന്റെയും ഈഴവന്റെയും നായരുടെയും ജനിതകത്തിൽ സാമ്യമുണ്ട്.
കറുപ്പും വെളുപ്പും എല്ലാ ജാതി സമൂഹങ്ങളിലുമുണ്ട്. ശരീരത്തിന്റെ ഉയരം സാമ്പത്തിക
സ്ഥിതിയെയും തൊലിയുടെ നിറം ലൈംഗിക തിരഞ്ഞെടുപ്പിനെയും ആശ്രയിച്ചിരിക്കുന്നു.
മനുഷ്യ രാശിയുടെ
ആദിപിതാവ് എന്ന് കരുതപ്പെടുന്ന വംശം 7400 തലമുറകൾക്കു മുമ്പ് ആഫ്രിക്കയിൽ ജീവിച്ചിരുന്നു. എന്നാണ്
ജനിതക ശാസ്ത്രജ്ഞന്മാരുടെ നിഗമനം. Y ക്രോമസോം മാപ്പിംഗിലൂടെയാണിത് കണ്ടെത്തിയത്. ഈ
ജനിതകഘടനയുള്ള മനുഷ്യരുടെ അവശിഷ്ടങ്ങൾ ദക്ഷിണേന്ത്യയിൽ പല സ്ഥലങ്ങളിൽ നിന്നും
ലഭിച്ചിട്ടുണ്ട്. സാമൂഹിക ശാസ്ത്രജ്ഞനായ ജി.എസ്. ഗുർയേനും ചരിത്രകാരനായ ഡി.ഡി.
കൊസംബിയും വ്യത്യസ്ത തലത്തിലുള്ള ജാതി സമൂഹങ്ങൾ ചരിത്രപരമായി ഏകമായിരുന്നു എന്ന്
അഭിപ്രായപ്പെടുന്നുണ്ട്. 1960 മുതൽ പ്രസിദ്ധീകരിക്കപ്പെട്ട ജനിതകപഠനങ്ങളും ജാതിയെക്കാൾ
പ്രാദേശികതയാണ് ബന്ധങ്ങളെ സ്വാധീനിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു.
1992 ൽ
പ്രസിദ്ധീകരിച്ച ഇക്കോളജിക്കൽ ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന പുസ്തകത്തിൽ ഒരേ വർണ്ണ
സമൂഹത്തിൽ പെട്ട വ്യക്തികൾ തമ്മിൽ ജനിതകമായും സാംസ്കാരികമായും
വൈവിധ്യങ്ങളുണ്ടെന്ന് മാധവ് ഗാഡ്ഗിലും രാമചന്ദ്ര ഗുഹയും ചൂണ്ടിക്കാണിക്കുന്നു.
ഇതും പ്രാദേശികതാവാദത്തെ ശരിവയ്ക്കുന്നതാണ്. വർഗ്ഗ വിഭജനം അശാസ്ത്രീയമാണെന്ന്
പാർത്ഥാമജുoദാറിനെപ്പോലെയുള്ള നരവംശ ശാസ്ത്രജ്‌ഞരും അഭിപ്രായപ്പെടുന്നു. ചുരുക്കത്തിൽ
ജനിതക പഠനങ്ങൾ ബ്രാഹ്മണരുടെ കുടിയേറ്റം പോലെയുള്ള കഥകളെ നിരാകരിക്കുകയും ഒരു
ഏകീകൃത സമൂഹം ഉപസമൂഹങ്ങളായി വിഭജിക്കപ്പെടുകയാണുണ്ടായതെന്ന് സമർത്ഥിക്കുകയും
ചെയ്യുന്നു.
മൈറ്റോകോൺഡ്രിയൽ DNA, Y ക്രോമസോം,ഓട്ടോസോമുകൾ എന്നിവയാണ്
ജനിതക ഗവേഷണത്തിന് വിധേയമാക്കുന്നത്. ബ്രാഹ്മണർ തദ്ദേശീയരോ പരദേശികളോ എന്ന
ചോദ്യത്തിനുത്തരവും ഈ പഠനങ്ങളിൽ നിന്ന് ലഭിക്കും. JNU വിലെ നാഷണൽ സെന്റർ ഓഫ് അപ്ലൈഡ് ഹ്യൂമൻ ജനറ്റിക്സിലെ
സോർക്കാർ ശർമ്മയുടെ നേതൃത്വത്തിൽ 2009ൽ നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ബ്രാഹ്മണർ മധ്യേഷ്യയിൽ
നിന്ന് കുടിയേറിയവരല്ല, ഇന്ത്യയിൽത്തന്നെ ഉത്ഭവിച്ച ഒരു ഗോത്രത്തിന്റെ പിൻമുറക്കാരാണ് എന്ന്
സ്ഥാപിക്കുന്നു. ഇവരുടെ പിതൃ വഴി പാരമ്പര്യം കാടുകളിൽ അധിവസിക്കുന്ന മധ്യപ്രദേശിലെ
സഹാറികളിലും ദ്രാവിഡ ആദിവാസികളായ ഗോണ്ടുകളിലും കണ്ടെത്തി. വടക്കേ ഇന്ത്യയിലെ
പട്ടികജാതിക്കാരായ പാസ്വാൻമാരിലും ഈ ജനിതക ഘടന തന്നെയാണ് കണ്ടെത്തിയത്. ജനിതക
വൈവിധ്യം ഏറ്റവുമധികം കാണപ്പെടുന്ന സഹാറിയ ഗോത്രമായിരിക്കും മൂല വംശമെന്നും
അദ്ദേഹം ഉറപ്പിക്കുന്നു. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലാർ
ബയോളജിയും ഹാർവാർഡ് മെഡിക്കൽ സ്കൂളും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയും MIT യിലെ നരവംശ
പ്രൊഫസർമാരും ചേർന്ന് നടത്തിയ പഠനങ്ങളിലെ കണ്ടെത്തൽ ,ഇന്ത്യയിലെ ജാതിവ്യവസ്ഥ
വളരെ അടുത്ത കാലത്തുണ്ടായതാണെന്നും എല്ലാ ഉപസമൂഹങ്ങളിലും ജാതിവ്യവസ്ഥ
ദൃഢമാകുന്നതിനു മുമ്പ് വംശ സംക്രമണം ഉണ്ടായിരുന്നുവെന്നുമാണ്. കേരളത്തിലെ കുറുമ്പർ, കാട്ടുനായ്ക്കർ, കുറിച്യർ, പണിയർ, യഹൂദർ
മുതലായവരുടെ ജനിതകഘടനയും ഈ പഠനത്തിലുൾപ്പെടുന്നു. പ്രസിദ്ധ ജനിതക ഗവേഷകനായ എതിരൻ
കതിരവൻ കേരളത്തിലെ ഏറ്റവും പ്രാക്തന സമൂഹം കാട്ടുനായ്ക്കരാവണം എന്ന സാധ്യതയാണ്
മുന്നോട്ടു വയ്ക്കുന്നത്.
തൊലിയുടെ നിറം വംശീയമല്ല.
അത് പ്രകൃതിയുടെ സ്വാഭാവിക തിരഞ്ഞെടുപ്പാണ്. നിറത്തെ സ്വാധീനിക്കുന്ന ഘടകം
ഭൂമധ്യരേഖയിൽ നിന്നുള്ള ദൂരമാണ്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങൾ ഭൂമധ്യരേഖയോടടുത്ത
സ്ഥലങ്ങളിൽ കൂടുതലായതിനാൽ ആ പ്രദേശത്തെ ജനങ്ങളുടെ നിറം ഇരുണ്ടതാവുന്നു. ഇതിനു
കാരണം മെലാനിൻ പിഗ്മെന്റാണ്. ഇത് UV രശ്മികളെ തടഞ്ഞ് ചർമ്മാർബുദത്തിൽ നിന്ന് രക്ഷിക്കുന്നു.
സൂര്യപ്രകാശം കുറഞ്ഞതും തണുപ്പുള്ളതുമായ സ്ഥലങ്ങളിൽ ജീവിക്കുന്നവർ വെളുത്ത നിറത്തിലും
കാണപ്പെടുന്നു.
ഇതര ഇന്ത്യൻ
പ്രദേശങ്ങളിലെപ്പോലെ ജാതി കേന്ദ്രീകൃത തെരുവുകൾ പ്രാചീന കേരളത്തിലുണ്ടായിരുന്നില്ല
എന്ന് ലോഗന്റെയും മറ്റും വിവരണങ്ങളിൽ നിന്ന് മനസിലാക്കാം. എല്ലാ വിഭാഗങ്ങളിൽ
പെട്ടവരുടെയും വീടുകളും വീട്ടുപകരണങ്ങളും ഒരേ രീതിയിലായിരുന്നുവെന്നും ലോഗൻ
അഭിപ്രായപ്പെടുന്നു. ലോഹം കൊണ്ടുണ്ടാക്കിയ വാൽക്കിണ്ടി, തളികകൾ, ചെമ്പോ ഓടോ
കൊണ്ടു നിർമ്മിച്ച പാത്രങ്ങൾ, വെറ്റിലപ്പെട്ടി, കോളാമ്പി, വാക്കത്തി, ധാന്യങ്ങൾ ഇട്ടു വയ്ക്കുന്ന പെട്ടികൾ, പായകൾ
ഇവയൊക്കെയായിരുന്നു സാധാരണ കേരളീയ ഗൃഹങ്ങളിലെ ഉപകരണങ്ങൾ
നായാട്ടു സമൂഹങ്ങളായാണ്
കേരളത്തിൽ വിവിധ ജനവിഭാഗങ്ങളുടെ കുടിയേറ്റം നടന്നിട്ടുള്ളത്. നായാട്ടുകാരായി ലോകം
മുഴുവൻ വ്യാപിച്ച ആദിമ സമൂഹത്തിന് മാതൃ പ്രദേശമായ ആഫ്രിക്കയിൽ നിന്ന് ലഭിച്ച
ഭാഷാശേഷിയും സാങ്കേതിക വിദ്യകളായ അമ്പും വില്ലും , ചെറുവള്ളങ്ങളും, തീയും, സാംസ്കാരികമായ ആരാധനാ ക്രമവും കേരളത്തിന്റെ ആദി
സമൂഹങ്ങളിലും കാണുന്നുണ്ട്.
കേരളീയ ബ്രാഹ്മണർ, ഉത്തരേന്ത്യക്കാരിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ മറ്റ്
ജനവിഭാഗങ്ങളുടെ സാംസ്കാരിക ശീലങ്ങളാണ് പിൻതുടർന്നത്. ദക്ഷിണേന്ത്യയിലെ
ബ്രാഹ്മണരുടെയും ഇതര ദ്രാവിഡ സമൂഹങ്ങളുടെയും കുലദൈവങ്ങളും ഗ്രാമദേവതകളും സമാന
സ്വഭാവമുൾക്കൊള്ളുന്നു. വേട്ടയ്ക്കൊരു മകൻ, മറുത, അയ്യനാർ മുതലായ ദ്രാവിഡ മൂർത്തികളെയാണിവർ ആരാധിച്ചു
പോന്നത്.
ഈ വിഭാഗങ്ങളുടെ ഭക്ഷണ
രീതികളിലും കാര്യമായ വ്യത്യാസമില്ല. വസ്ത്രധാരണം , ആഭരണങ്ങൾ ഇവയിലും ഈ സമാനത ദർശിക്കാം. ഇപ്രകാരം
പരിശോധിക്കുമ്പോൾ മലയാളി ബ്രാഹ്മണരുടെ ജനിതക ഘടനയിലെ പരിമിതമായ ആര്യാംശവും
സാംസ്കാരികമായ പ്രത്യേകതകളും സൂചിപ്പിക്കുന്നത് അവർ കേരളത്തിലെ ഇതര സമുദായങ്ങളിൽ
നിന്നാണ് വേർതിരിഞ്ഞത് എന്നാണ്.
ഈഴവർ, ഈഴത്തുനാട്ടിൽ
അഥവാ ശ്രീലങ്കയിൽ നിന്നു വന്നവരെന്നാണ് പ്രബലമായ ചരിത്രാഭിപ്രായം. വില്യം ലോഗനാണ്
ആദ്യമായി ഇങ്ങനെ പരാമർശിച്ചത്. എന്നാൽ പിൽക്കാല പഠനങ്ങൾ ഇതും അശാസ്ത്രീയമെന്ന്
തെളിയിക്കുന്നു.
നായന്മാരുടെ ഉത്ഭവവും
കുടിയേറ്റവുമായി ബന്ധിപ്പിക്കുന്നതിന് തെളിവുകളൊന്നും തന്നെ ലഭ്യമല്ല. നേപ്പാളിലെ
നേവാർ വംശജരുമായി ഒരു ബന്ധം പറയുന്നുണ്ട്. എന്നാൽ ഇവർ ജനിതക ഘടനയിൽ
ഭിന്നരാണെന്നതാണ് വാസ്തവം. നാഗാ വംശജർ അധിവസിച്ചിരുന്നത് പഞ്ചാബ്, സിന്ധ്
പ്രദേശങ്ങളിലാണ്. ഇവർക്കും നായന്മാരുടെ ജനിതക ഘടനയുമായോ സാംസ്കാരിക അടിത്തറയുമായോ
യാതൊരു ബന്ധവുമില്ല. തരിസാപ്പള്ളി ചെപ്പേടിൽ പരാമർശിക്കപ്പെടുന്ന വെള്ളാളർ, നായന്മാരായിരിക്കണം.
ആന്ധ്രയും കർണ്ണാടകവും
കടന്നു വേണം കുടിയേറ്റക്കാർ കേരളത്തിലേക്കെത്താൻ. കാവേരി, തുംഗഭദ്ര , കൃഷ്ണ, ഗോദാവരി, നർമദ മുതലായ നദീ
തീരങ്ങൾ കൃഷിക്കനുയോജ്യമാണ്. ആയതിനാൽ അവിടം കടന്ന് കേരളത്തിലേക്ക് കുറിയേറി എന്ന
വാദം ഒട്ടും തന്നെ യുക്തി ഭദ്രമല്ല.
പ്രകൃതിയോടിണങ്ങി
ജീവിക്കുകയും കാർഷിക ജോലികളിൽ ഏർപ്പെടുകയും ചെയ്തവരാണ് പുലയർ.
നാടോടിസാഹിത്യത്തിനും അവർ ഏറെ സംഭാവനകൾ നൽകി. ക്രി.പി. 953 ൽ
രേഖപ്പെടുത്തിയ തൃക്കാക്കര ക്ഷേത്ര രേഖയിലാണ് പുലയരെക്കുറിച്ചുള്ള ആദ്യ
പരാമർശമുള്ളത്. കീഴാളരാക്കപ്പെട്ട മറ്റ് ജാതി സമൂഹങ്ങളും ഉഴവരിൽ നിന്ന്
രൂപപ്പെട്ടവരാവണം. പിൽക്കാലത്ത് പുലയരിൽ നിന്ന് വേർപെട്ട് ഇതര തൊഴിലുകൾ തേടിയവരും
മാട്ടിറച്ചി കഴിക്കുന്നവരും പറയരായി അറിയപ്പെട്ടു.
കേരളത്തിലെ ആയിത്താചരണം
താത്ക്കാലികമായിരുന്നു. ജന്മായത്തമായിരുന്നില്ല എന്ന് സാരം. സസ്യേതര ആഹാരം
കഴിക്കുന്നവർക്കാണ് അയിത്തം കല്പിച്ചത്. ജീവിത രീതികളാലും മറ്റ് സാംസ്കാരിക
ഘടകങ്ങളാലും സാമൂഹ്യ ഉയർച്ച നേടാനുള്ള സാധ്യതകളും അന്നുണ്ടായിരുന്നു. ബ്രാഹ്മണ
മതത്തോടൊപ്പം ജൈന ബൗദ്ധ മതങ്ങളുടെ സ്വാധീനവും ഇതിന് വഴിയൊരുക്കി. ഇങ്ങനെ വിവിധ ജാതി
സമൂഹങ്ങൾ, മതങ്ങൾ, ഭാഷാരീതി, സാമൂഹികഘടന, ആചാരവിശ്വാസങ്ങൾ, തുടങ്ങി കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചും നിലവിലുള്ള ചരിത്ര
ധാരണകളുടെ പൊളിച്ചെഴുത്തിലാണ് ഈ ഗ്രന്ഥം സാംസ്കാരികമായി അടയാളപ്പെടുന്നത്.
💧💧💧💧💧💧💧💧💧💧💧💧💧💧💧
അഷറഫ് എം
പുസ്തകം ഇനിയും വായിച്ചു
കഴിഞ്ഞില്ല. എങ്കിലും വരികൾക്കിടയിലൂടെ സഞ്ചരിച്ചപ്പോൾ ചില പ്രാമാണിക ഗ്രന്ഥങ്ങൾ
മറിച്ചു നോക്കാനതു പ്രേരകമായി.1 കേരള ജാതി വിവരണം (ഡോ. നെല്ലിക്കൽ മുരളീധരൻ ) 2കേരളചരിത്ര നിഘണ്ടു (ഡോ.
എസ്.കെ.വസന്തൻ ) 3. ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും (പി.കെ.ബാലകൃഷ്ണൻ ) 4. Kerala Society
And Politics (EMS) 5. Dalitology (Raj MC) [ ഇളംകുളം / ശ്രീധരമേനോൻ / പണിക്കശ്ശേരി...... ഇവരെല്ലാമുണ്ട് പട്ടികയിൽ ....
വിഷയം അതല്ല ]
ജനിതകഘടനയുടെ പഠനത്തിൽ
ഗ്രന്ഥകാരൻ സൂചിപ്പിക്കുന്ന അംശങ്ങൾ ( ഒരുവൻ ജീവിക്കുന്നിടത്തെ ഭൂപ്രകൃതി, അവന്റെ ഗോത്രം, വംശം, കുടുംബം, ജാതി, മതം, തൊഴിൽ, ഭക്ഷണം, വസ്ത്രം, ഭാഷ, അവന്റെ
സാമൂഹികവും സാംസ്കാരികവുമായ ചരിത്രം) പരിഗണിക്കേണ്ടതു തന്നെ .എന്നാൽ ഏതൊരു
സമൂഹത്തിൽ നിന്നും ഭിന്നമായി മലയാളി പ്രകടിപ്പിക്കുന്ന പൊതുവായൊരു സ്വഭാവ
സവിശേഷതയുണ്ട്. അതിന്റെ ജനിതകമായിരുന്നു എക്സ്കവേറ്റ് ചെയ്യേണ്ടിയിരുന്നത്.
ഗ്രന്ഥകാരൻ അതു പരാമർശിച്ചില്ല.
പലായനം
ഇപ്പോഴുമുണ്ട്.[അതു തുടരും? ] വർണ/ വംശ/ മത /ജാതി /വർഗവെറികൾ ആധികാരികതയോടെ അതിന്റെ
വേട്ടയാടലുകൾ ആവർത്തിക്കുന്നു. അതു കൊണ്ടു മാ
നവഹൈബ്രിഡുകൾക്കു എന്നും സാദ്ധ്യതയുണ്ട്.
തൊഴിലിൽ നിന്നുള്ള
സാമ്പത്തികോന്നതി മലയാളിയുടെ മനോഘടനയിൽ സൃഷ്ടിച്ച സാരമായൊരു വ്യതിയാനം (വിശേഷിച്ചും
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം കൈവന്ന വിദ്യാഭ്യാസ പരവും സാമ്പത്തികവുമായ [
വിദേശജോലി / സിംഗപ്പൂർ / യു.എസ്/ ഗൾഫ് /യൂറോപ്പ് ] അഭിവൃദ്ധി )
ശ്രദ്ധേയമാണ്.വൈവാഹിക ചിന്തയിൽ അപ്രകാരമുള്ള ഫൈനാൻഷ്യൽ കാസ്റ്റ് സിസ്റ്റം ഇന്നു
പ്രവർത്തിക്കുന്നുണ്ട്.
തൊലിയുടെ നിറം പൂർണമായും
ഭൂമിശാസ്ത്രപരമാണ്. കേരളീയർ മധ്യരേഖാ പ്രദേശത്തു നിന്ന് എട്ടു ഡിഗ്രി വടക്കാണു
വസിക്കുന്നത്. അതു കൊണ്ട് നമുക്കു തവിട്ടു നിറമുണ്ട്. മധ്യരേഖയിൽ നിന്ന്
വടക്കോട്ടോ തെക്കോട്ടോ പതിക്കുന്ന സൂര്യരശ്മിയുടെ വിതരണവ്യതിയാനമാണ് തൊലിയുടെ വർണം
രൂപപ്പെടുത്തുന്നത്. യഥാക്രമം ഠ > 23% >
66 % വടക്ക് / തെക്ക് >കറുപ്പ് >തവിട്ട് >മഞ്ഞ >വെള്ള എന്നൊരു
ഇക്വേഷൻ മതിയാകുമെന്നു കരുതാം.ഉദാ: ഒരു കക്കേഷ്യൻ (വെള്ളക്കാരൻ) ഇന്ത്യക്കാരിയെ
വിവാഹം ചെയ്ത് ഇവിടെ സ്ഥിരമായി പാർക്കുകയാണെങ്കിൽ അയാളുടെ സന്തതിയ്ക്കു സങ്കര
വർണമായിരിക്കും. നാലു തലമുറ പിന്നിടുമ്പോൾ പൂർണമായും തൊലിയുടെ വർണം മാതൃ
പാരമ്പര്യമനുസരിച്ചാകും.മറിച്ചു ചിന്തിച്ചാൽ ഇതേ അവസ്ഥയാകും സംജാതമാകുക. ജനിതകഘടന
ഏകതാനമല്ലെന്നാണിതു സൂചിപ്പിക്കുന്നത്.
ശിവകുമാർ ആർ പി -
അവതരണം ഇഷ്ടപ്പെട്ടു.
ലളിതമായും ഒഴുക്കോടെയും വായിച്ചു പോകാവുന്ന രീതിയിലാണ് പുസ്തകത്തെ
അവതരിപ്പിച്ചിരിക്കുന്നത്. ഞാനും പുസ്തകം പൂർണ്ണമായും വായിച്ചു തീർന്നില്ല.
എങ്കിലും വായിച്ചിടത്തോളം ജനിതകഘടനവച്ച് ചരിത്രത്തെ അപഗ്രഥിക്കാൻ മലയാളത്തിൽ നടന്ന
ശ്രമം എന്നനിലയിൽ നിർണ്ണായകമായ സ്ഥാനം ഈ
പുസ്തകം വഹിക്കുന്നുണ്ട്. ഇതിന്റെ തുടക്കം ഒരു പക്ഷേ ഇതിനകം പ്രസിദ്ധവും
വിവാദവുമായിക്കഴിഞ്ഞ, മലയാളിയായ ടോണി ജോസഫ് എഴുതിയ ‘ഏർളി ഇന്ത്യൻസ്‘ എന്ന പുസ്തകമാണ്. അത് ജനിതകഘടന
വിശകലനം ചെയ്ത് ആര്യാധിനിവേശം എന്ന മിഥ്യയെ പൊളിക്കുന്ന പുസ്തകമാണ്. അദ്ഭുതകരമായി ആധുനിക കാലം ചരിത്രത്തെയാണ്
വിമർശനവിധേയമാക്കുന്നതെന്നത് ശ്രദ്ധേയമാണ്, അത് ഡി ഡി കോസാംബിയിൽനിന്നു തുടങ്ങുന്നു യുവാൽ ഹരാരിയിൽ
മറ്റൊരു പരിണതിയിലെത്തുന്നു, ടോണി ജോസഫിൽ ( അതുവഴി) - മലയാളിയുടെ ജനിതകത്തിലൂടെയും -
വ്യത്യസ്തവും വസ്തുനിഷ്ഠവുമായ വഴിയിലൂടെ പുരോഗമിക്കുന്നു. മലയാളിയുടെ
ജനിതകത്തെപ്പറ്റി എഴുതിയ എതിരൻ കതിരവന്റെ പുസ്തകം കൂടിയാണ് ഓർമ്മ വരുന്നത്.
അതോടൊപ്പം കെ സേതുരാമന്റെ തൊട്ടു മുൻപുള്ള പുസ്തകം “മലയാളത്തിന്റെ ഭാവി“യെകൂടി
ചേർത്തു വയ്ക്കണം.. അഷറഫ് സാർ പറഞ്ഞ പ്രശ്നം പുറപ്പെട്ടു പോകാനുള്ള വാസന മലയാളിയുടെ
ജനിതകത്തിലുള്ളതിനെപ്പറ്റി അതിൽ പരാമർശം ഉണ്ടായിരുന്നു എന്നാണ് ഓർമ്മ. കൂട്ടത്തിൽ
വേറൊന്നു കൂടി കുറിപ്പിന്റെ തുടക്കത്തിൽ ‘രാഷ്ട്രീയപരം‘ എന്നു കണ്ടു..
രാഷ്ട്രീയമായ എന്നു പോരേ? ആ വാക്ക് ഡിബേറ്റബിളാണ്.. അല്ലേ? (രാഷ്ട്രീയപരം എന്നുപയോഗിക്കാമെന്നും ഒരു വാദമുണ്ട്
എന്നറിഞ്ഞുകൊണ്ടുതന്നെ)
മണിശങ്കർ P K
മലയാളി ഒരു ജനിതകവായന
ഓടിച്ചു വായിച്ചു. മികച്ച പുസ്തകമാണ്, വായനാസുഖമില്ലെന്നതും ആവർത്തനങ്ങളുമാണ് പ്രധാന
പോരായ്മകൾ.അതേ സമയം താൻ എതിർക്കാൻ ഉദ്ദേശിക്കുന്ന മുൻഗാമികളുടെ വീക്ഷണങ്ങൾ
വ്യക്തമായി അവതരിപ്പിച്ച ശേഷം വിമർശിക്കുന്നത് നല്ല കാര്യമാണെന്ന് തോന്നി.
നമ്പൂതിരി മുതൽ നായാടി
വരെയുള്ള കേരളത്തിലെ ജാതി സമൂഹങ്ങൾ ഏക സമൂഹത്തിൽ നിന്ന് രൂപപ്പെട്ടതാണ് എന്ന്
ശാസത്രീയ തെളിവുകൾ നിരത്തി സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ കൂട്ടത്തിൽ ഒരു
നാഴികക്കല്ലായി ഈ പുസ്തകം വിലയിരുത്തപ്പെട്ടേക്കും.
ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ
ഭൂമികകളിൽ കൊച്ചു കൊച്ചു ഭൂകമ്പങ്ങൾ ഉണ്ടാകത്തക്കവണ്ണം ഈ പുസ്തകവും അതിലെ
ആശയങ്ങളും പൊതുചർച്ചയ്ക്ക് വിഷയീഭവിക്കേണ്ടതാണെന്ന് തോന്നുന്നു.സമൂഹം ശാസ്ത്ര
ബോധവും ശാസ്ത്ര രീതിയും സ്വായത്തമാക്കാത്തതാണല്ലോ ഇന്നിന്റെ ശാപങ്ങളിൽ
പ്രധാനപ്പെട്ട ഒന്ന് .കേരളത്തിലെ ബ്രാഹ്മണരുടെ ആര്യ പാരമ്പര്യത്തെ അപ്പാടെ
നിഷേധിക്കാവുന്ന തെളിവുകൾ ഗ്രന്ഥത്തിൽ പലയിടത്തായി വായിക്കാം. ആര്യനിസത്തിന്റെ
വക്താക്കളായ ചരിത്രകാരൻ മാരും EMS ഉൾപ്പെടെയുള്ള ഇടതുപക്ഷക്കാരും വലതുപക്ഷ ചരിത്രകാരൻമാരും
ഒരുപോലെ, ആര്യ ബ്രാഹ്മണർ തങ്ങളുടെ മെച്ചപ്പെട്ട സവിശേഷതകൾ കൊണ്ട് കേരളം കീഴടക്കി എന്നു
കരുതിയവരാണ്. അവയെ ശാസത്രീയ തെളിവുകൾ നിരത്തി സംയമനത്തോടെ ഖണ്ഡിക്കുന്നതാണ് ഗ്രന്ഥകാരന്റ
രീതി. എം ജി എസിനെപ്പോലുള്ള ചരിത്രകാരൻമാരുടെ പക്ഷപാതിത്തങ്ങളും അശാസ്ത്രീയതകളും
വെളിപ്പെടുത്തുന്നതും ശ്രദ്ധേയമാണ്.മാർത്താണ്ഡവർമ്മയുടെയും ടിപ്പുവിന്റെയും
പടയോട്ടങ്ങളോട് പുലർത്തുന്ന നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടുന്നത് ഉദാഹരണം.
പുസ്തകത്തിലാകെ പരന്നു
കിടക്കുന്ന ആശയങ്ങളിൽ പ്രധാനപ്പെട്ടവയെല്ലാം അടുക്കോടെ, ഒഴുക്കോടെ
അവതരിപ്പിക്കാൻ തനിമയ്ക്കു കഴിഞ്ഞു; അഭിനന്ദനങ്ങൾ