ജീർണം
ഇത്രമേലേറെ പുഴുത്തവ്രണമൊന്ന്
ഉള്ളിൽ നുരച്ചുപുളയ്ക്കുന്ന കാരണ-
മാവാം അറിയാതെ പോകുന്നു
ചുറ്റിലും
ആകെപ്പരന്നുതെഴുക്കുന്ന
ദുർഗന്ധം
സംഗമം
പുഴപോലെ ഒഴുകിയൊഴുകി
കടലിൽ ചേരുകയായിരുന്നു
കടലായി മാറിക്കഴിഞ്ഞപ്പോൾ
പിന്നെ പുഴയെ
തിരിച്ചറിയാതായി
വിപ്ലവം
പ്രണയം ഒരു കലാപമാണ്
നിരന്തരം
പരിഷ്കരിക്കപ്പെടാനായി
ഉടലും ഉയിരും സംയുക്തമായി
ആഹ്വാനം ചെയ്യുന്ന വിപ്ലവം
സമാന്തര രേഖകൾ
നീയില്ലാതെന്നിൽ
ഞാനില്ലാതായിട്ടും
സമാന്തരരേഖകൾക്ക്
പൊതുബിന്ദുവില്ലെന്ന്
ലോകം പഠിപ്പിക്കുന്നു
നഗ്നത
അക്ഷരങ്ങളിൽ തെളിഞ്ഞു കണ്ട
പ്രതിബിംബത്തിൽ നിന്നാണ്
എന്റെ നഗ്നതയെ
ഞാൻ സ്നേഹിച്ചു
തുടങ്ങിയത്