+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.
Showing posts with label അപ്പുമാഷുടെ ഡയറി. Show all posts
Showing posts with label അപ്പുമാഷുടെ ഡയറി. Show all posts

Sunday, September 11, 2022

ക്ലാസ് മുറികളിൽ ' മരിച്ചു ' വീഴുന്ന അധ്യാപകർ ...

 അപ്പുമാഷുടെ ഡയറി - 10


സ്കൂൾ അധ്യാപകർ ( പ്രത്യേകിച്ചും ഹയർ സെക്കണ്ടറി ) സ്കൂളുകളിൽ നേരിടുന്ന പ്രതിസന്ധികൾ കുറച്ചു നാൾ മുമ്പ് - മാതൃഭൂമി പത്രത്തിൽ തുടർ ലേഖനമായി വന്നിട്ടുണ്ടായിരുന്നുവെല്ലോ .

അതിനെ അനുകൂലിച്ചു കൊണ്ട് ധാരാളം പ്രതികരണങ്ങളും ഉണ്ടായി ...

 

പ്യൂൺ, ക്ലാർക്ക് , സ്വീപ്പർ തുടങ്ങിയവർ ഹയർ സെക്കണ്ടറിയിൽ ( ഗവ.) ഇല്ലല്ലോ. ഇവരൊക്കെയായി പകർന്നാടുന്നത് പ്രിൻസിപ്പാളും അധ്യാപകരും തന്നെയാണ്. കൂടാതെ കാക്കത്തൊള്ളായിരം ക്ലബുകളും മറ്റ് വകുപ്പുകളുടെ പരിപാടികളും. പരീക്ഷ, പേപ്പർ നോട്ടം - വർഷത്തിൽ പല പ്രാവിശ്യം വരും. ( തുല്യത പരീക്ഷ കൂടി ഉണ്ട് ) കൃത്യമായി ക്ലാസ് റൂം പഠന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ആർക്കു കഴിയും ?

 

ഈ വക പ്രശ്നങ്ങളാണ് പത്രത്തിലെ തുടർ ലേഖനങ്ങൾ പങ്കുവച്ചത്.

 

മറ്റൊരു പ്രധാന പ്രശ്നം അവതരിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

 

ഹയർ സെക്കണ്ടറി ക്ലാസ് മുറികളിലേക്ക് നോക്കു -

എന്തൊക്കെ കാണാം ?

65 കുട്ടികൾ ! (ഭൗതിക സൗകര്യം മെച്ചപ്പെടാത്ത സ്കൂളുകൾ ഇപ്പോഴുമുണ്ട് .)

 

65 ൽ പഠിക്കാൻ താല്പര്യമുള്ളവർ എത്രപേർ ?

ബാലിശമായ ചോദ്യം എന്ന് എഴുതി തള്ളാൻ വരട്ടെ.

 

ഏറ്റവും മികച്ച സ്കൂളുകൾ ഒഴിവാക്കിയിൽ , എന്താണ് അവസ്ഥ ?

30 പേർ പഠിക്കണമെന്ന് അതിയായ താല്പര്യമുള്ളവർ !

35 പേർ യാതൊരു താല്പര്യവും ഇല്ലാത്തവർ ! (എഴുത്തും വായനയും അറിയാത്തവർ ധാരാളം ) എണ്ണത്തിൽ ചില വ്യത്യാസങ്ങൾ വരാം.

 

ഭൂരിഭാഗം സ്കൂളുകളുടെയും അവസ്ഥ ഇതല്ലേ?

ഈ പ്രശ്നം ആരും ഒരിടത്തും ഉന്നയിച്ചു കാണുന്നില്ല.

 

നവമാധ്യമങ്ങൾക്ക് അടിമപ്പെട്ടവർ, ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വർ, ചിന്ന ചട്ടമ്പികൾ - ഒക്കെ താല്പര്യമില്ലാത്ത കൂട്ടത്തിൽ പെടുന്നു.

 

ഇത്തരത്തിലുള്ള ക്ലാസ് മുറികളിൽ എന്ത് സംഭവിക്കുന്നു ?

മികച്ച അധ്യാപകർ കൂടി ഇവിടെ പരാജയപ്പെടുകയേ ഉള്ളു.

 

ക്ലാസിൽ കൂകുക, ബഹളം വയ്ക്കുക, തെറി വിളിക്കുക, ചട്ടമ്പിത്തരം കാണിക്കുക, ഭീഷണിപ്പെടുത്തുക, പഠിക്കാൻ താല്പര്യമുള്ള വിദ്യാർഥികളെ ശല്യം ചെയ്യുക , അടിയുണ്ടാക്കുക, ആധ്യാപകരെ കരുതിക്കൂട്ടി പ്രകോപിപ്പിക്കുക - ഇവയൊക്കെ സാധാരണമാണ്.

( ഇത്തരം വിദ്യാർഥികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന കാര്യവും മനസിലാക്കുന്നു. ഏതോ വിധത്തിൽ 10 ജയിച്ചവരും പഠനത്തിൽ ഒരു ശതമാനം പോലും താല്പര്യമില്ലാത്തരും ധാരാളമാണ്. അവർക്ക് + 2 വിദ്യാഭ്യാസം ആവശ്യമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം ?)

 

മേൽപ്പറഞ്ഞ തരത്തിലുള്ള ക്ലാസുകളിൽ അധ്യാപകർ എങ്ങനെ പഠിപ്പിക്കുന്നു ?

 

മികച്ച രീതിയിൽ അധ്യാപനം സാധ്യമേയല്ല. ഗ്രൂപ്പ് പ്രവർത്തനം പോലുള്ളവ സ്വപ്നം മാത്രം!

പിന്നെ ?

പഠിപ്പിച്ചെന്നു വരുത്തുക അത്ര തന്നെ !

 

ആർക്ക് നഷ്ടം ?

പഠനം പാഷനായുള്ള കുട്ടികൾക്ക് .

ഉന്നത പഠനം സ്വപ്നം കാണുന്ന കുട്ടികൾക്ക് !!!

അവരുടെ അവകാശങ്ങൾ റദ്ദാവുകയാണ്.

അധ്യാപകനാണോ പ്രതി ? ( അധ്യാപകൻ പോലീസല്ലല്ലോ, അടിച്ചും ഇടിച്ചും ....)

അല്ലേയല്ല. പഠനത്തിൽ താല്പര്യമില്ലാത്തവരും മുകളിൽപ്പറഞ്ഞ കൂട്ടത്തിലുള്ളവരും ബഹുഭൂരിപക്ഷമുള്ള ക്ലാസിൽ എന്തു പഠനം നടക്കാൻ ?

 

എന്താ പരിഹാരം? താല്പര്യമുള്ള കുട്ടികളുടെ അവകാശം എങ്ങനെ സംരക്ഷിക്കും?

 

1. പഠന താല്പര്യമില്ലാത്തവർക്ക് ഇരിക്കാൻ മറ്റ് റൂമുകൾ സജ്ജീകരിക്കുക. അല്ലെങ്കിൽ ക്ലാസിൽ നിന്ന് പുറത്തു പോകാൻ അനുവദിക്കുക. ( പ്രീഡിഗ്രി പോലെ )

 

2. കായിക വിദ്യാഭ്യാസം , തൊഴിൽ വിദ്യാഭ്യാസം - ഇവയ്ക്ക് വലിയ പ്രാധാന്യം നൽകുക

 

3. കുട്ടികളുടെ എണ്ണം 35 ആയി ക്രമീകരിക്കുക

 

4. മിനിമം പഠന ശേഷി ആർജ്ജിച്ചവരെ മാത്രം വിജയിപ്പിക്കുക

 

5. SSLC വിജയ ശതമാനം - പുനരാലോചന നടത്തുക

 

6. എല്ലാ തൊഴിലിനും മാന്യത ഉണ്ട് എന്ന് ബോധ്യപ്പെടുത്തി 10 ന് ശേഷം തൊഴിൽ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ധാരാളമായി തുടങ്ങുക.

 

7. സമ്പാദിക്കുന്നതിന്റെയും പണം കൈകാര്യം ചെയ്യുന്നതിന്റേയും പ്രാധാന്യം - പാഠപുസ്തകങ്ങളിൽ തന്നെ വ്യക്തമാക്കുന്ന പാഠങ്ങൾ ഉൾപ്പെടുത്തുക.

 

ഇവയൊക്കെ എന്ന്

സാധ്യമാകും അന്നേ ......

 

പഠനത്തിൽ നല്ല താല്പര്യമുള്ളവർക്ക്, മികച്ച ക്ലാസുകൾ നഷ്ടമാകുന്നു. അവർ പ്രിൻസിപ്പാളിന് പരാതി നൽകിയാൽ എന്തു സംഭവിക്കും? - ക്ലാസിലെ ബഹളകാരുടെ പേരിൽ എന്ത് നടപടി സ്വീകരിക്കാൻ കഴിയും ?

അറിവുള്ളവർ പറയട്ടെ...

 

രക്ഷിതാക്കളെ വിളിച്ചാലോ ? അവർ നിസ്സഹായരാണ്!

പിന്നെ ?

 

🙈🙉🙊

 

 

 

Tuesday, August 23, 2022

ഓടാനറിയില്ല ... ചാടാനറിയില്ല... ഞങ്ങൾ സ്കൂൾ ബഞ്ചിൽ ബന്ധനത്തിലാണ് !

 അപ്പുമാഷുടെ ഡയറി - 9

 

കേരളത്തിലെ സ്കൂൾ വിദ്യാർഥികളിൽ 80 % ത്തിനും കായികക്ഷമതയില്ല !
ഇവിടെ അതൊരു വാർത്തയേയല്ല.
ആർക്കും വേവലാതിയുമില്ല.
എന്തിനാണ് കായിക ക്ഷമത ?
പാഠപുസ്തകം പഠിച്ചാൽ പോരേ...?

 

എത്ര വികലമാണ് നമ്മുടെ കാഴ്ചപ്പാട്.

കായിക ശേഷിയെ അഭിസംബോധന ചെയ്യാതെ മുന്നോട്ടു പോകാമോ?
ആവില്ല തന്നെ.

ഊർജ്ജസ്വലതയും ശ്രദ്ധയും കുട്ടികളിൽ നിന്നും പ്രതീക്ഷിക്കുന്നു.
അവ ഉണ്ടാകാനുള്ള വഴി എന്താണ്?

വ്യായാമത്തിന് നാം എന്തുമാത്രം പ്രാധാന്യം നൽകുന്നു.
അനങ്ങാത്ത ശരീരം ...
വണ്ടിയിൽ സ്കൂളിലേക്ക്,
സ്കൂളിൽ ചലനമില്ലാതെ,
പിന്നെ വണ്ടിയിൽ വീട്ടിലേക്ക് -

 

ചില ആൺകുട്ടികൾ വീടിനടുത്ത മൈതാനങ്ങളിൽ കളിക്കാൻ പോകുന്നുണ്ടാവാം.
ഭൂരിഭാഗം കുട്ടികൾക്കും കായിക ആക്ടിവിറ്റികൾ ഇല്ല !

ഇത് ഏറ്റവും പ്രധാനപ്പെട്ട വിഷയമായി നാം കാണണം.

 

പെൺകുട്ടികളുടെ കാര്യമാണ് ഏറ്റവും ദയനീയം .
അവർക്ക് ഓടാനറിയില്ല
ചാടാനറിയില്ല - ( അവർക്ക് അത്തരത്തിലുള്ള യൂണിഫോമും നാം തുന്നിക്കൊടുത്തിട്ടുണ്ട്! )
പാഠം പഠിത്തം മാത്രം പരിചയിക്കുന്നു.

പാഠപുസ്തകത്തിൽ, സച്ചിനും സൈനയും സിന്ധുവും കടന്നു വരും.
അവരുടെ നേട്ടങ്ങളിൽ അത്ഭുതം കൂറും.
പക്ഷേ....

 

500 കുട്ടികളുള്ള സ്കൂളിൽ പത്തോ പതിനഞ്ചോ ശതമാനം കുട്ടികൾക്ക് മാത്രമാണ് പരിമിതമായ രീതിയിൽ കായികപരിശീലനം ലഭിക്കുന്നത്.
ശാസ്ത്രീയ രീതിയിലൊന്നുമല്ല.
90%
പേരുടെയും കാര്യം സ്വാഹ...

 

പഠിക്കാൻ താല്പര്യമില്ലാത്ത കുട്ടികൾ ഉണ്ടാവും. പതിഞ്ഞ താളത്തിൽ പഠിക്കുന്നവരും ഉണ്ടാവും...
കായികത്തിൽ അവർക്ക്, ഒരു പക്ഷേ മുന്നേറാൻ കഴിയും.
ലഹരിയുടെ പിടിയിൽ നിന്നൊക്കെ രക്ഷിക്കാൻ ഒരു പരിധി വരെ, കായിക വിദ്യാഭ്യാസത്തിന് കഴിയും.
അതിനെവിടെ അവസരം ?

 

വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.
(
എത്ര അധ്യാപകർ അതിലേർപ്പെടുന്നു എന്നതും പ്രശ്നമാണ് )

ഒരു സ്കൂളിൽ എത്തുന്ന എല്ലാ കുട്ടികൾക്കും
കായികപരിശീലനം നൽകുന്ന
രീതികളാണ് നമുക്ക് വേണ്ടത്.

ഒരു കുട്ടി ഒരിനത്തിലെങ്കിലും മികവ് കാട്ടണം.
അതിനനുയോജ്യമായ പരിശീലനം നൽകണം.( അവധിദിനങ്ങളൊക്കെ ഉപയോഗിക്കാവുന്നതാണ് )

എത്ര വലിയ മാറ്റമാണ് അതുണ്ടാക്കുക !
ശാരീരികവും മാനസികവുമായ ശാക്തീകരണം.
ആ വഴിക്കല്ലേ നാം മുന്നേറേണ്ടത് ?

 

 

പിൻമൊഴി -
കായികത്തിനുള്ള പീരീഡ് ടൈം ടേബിളിൽ മാത്രമാണ്, ഭൂരിഭാഗം സ്കൂളുകളിലും !

എന്നാപ്പിന്നെ...
പി വി സിന്ധുവിന് ആശംസ പോസ്റ്റാം...

 

 

 

 

 

 

 

 

 


Wednesday, August 10, 2022

പിള്ളേത്തള്ളികൾ സ്വന്തം ക്ലാസിലെ വിദ്യാർഥികളെക്കൂടി പരിഗണിച്ചെങ്കിൽ .....

 അപ്പുമാഷുടെ ഡയറി - 8


നവമാധ്യമങ്ങളിൽ സ്വന്തം പിള്ളേത്തള്ളികളെ എമ്പാടും കാണാം.

അധ്യാപകരാണ് വലിയ തള്ളുകാർ എന്നു തോന്നാറുണ്ട്.

സ്വന്തം മകൾ / മകൾ ജയിച്ചതിനെപ്പറ്റി / രചനകളിൽ സമ്മാനം നേടിയതിനെപ്പറ്റി / ആൽബം (എന്താണാവോ ?) ഉണ്ടാക്കിയതിനെപ്പറ്റി - ഒക്കെ തൊള്ള കീറി പറയുന്നു ...

 അവർക്ക് നേട്ടങ്ങൾ ലഭിക്കാൻ കിണഞ്ഞിടപെടുന്നവരുമുണ്ട്. - പ്രസംഗം എഴുതി കാണാപ്പാഠം പഠിപ്പിക്കുന്നവർ, കവിത - കഥ എഴുതി പഠിപ്പിക്കുന്നവർ - ഒക്കെ ധാരാളം. എന്നിട്ട് , മോൻ / മോൾ ഒറ്റക്ക് നേടിയേ എന്ന് വാ കീറി ...

 മറ്റൊരു ചടങ്ങ് ഇങ്ങനെ : ഏപ്രിൽ 1 പ്രിയപ്പെട്ട മകന് ഹാപ്പി ബർത്ത്ഡെ ... (🙈)

തൊട്ടടുത്ത് നിക്കണ ചെക്കന് , നവ മാധ്യമത്തിലുടെ ആശംസ നേരുന്ന അച്ഛൻ / അമ്മ ....😱

 

സ്വന്തം മക്കളെ തള്ളി വയ്ക്കുന്നവർ, സ്വന്തം സ്കൂളിലെ കുട്ടികളെക്കൂടി പരിഗണിക്കണമേ എന്നാണപേക്ഷ.

 

കള്ളി വെളിച്ചത്താവുന്ന നേരം ...

 

പൊതു വിദ്യാഭ്യാസ സംരക്ഷകരും മാതൃഭാഷാ സംരക്ഷകരും എന്ന് അഭിമാനിക്കുന്നവരാണ് മേൽപ്പറഞ്ഞ പിള്ളേത്തള്ളികളിൽ ഭൂരിഭാഗവും.

അത് നന്നായി...

പക്ഷേ, അവർ സ്വന്തം മക്കളെ പൊതു വിദ്യാലയത്തിൽ വിടില്ല ! (പക്ഷേ, അയൽക്കാരേ നിങ്ങടെ മക്കളെ പൊതു വിദ്യാലയത്തിലേ പഠിപ്പിക്കാവൂ. കട്ടായം! ഇല്ലെങ്കിൽ എന്റെ ജോലി...

പത്രാസ് ....!!! ) പൊതു വിദ്യാഭ്യാസ സംരക്ഷണത്തെക്കുറിച്ച് ഏക്കറു കണക്കിന് സംസാരിക്കും.

മാതൃഭാഷയുടെ ഗുണഗണങ്ങളെക്കുറിച്ച് മാലോകരെ ഉദ്ബോധിപ്പിക്കും, പുലരും വരെ.

പക്ഷേ, സ്വന്തം കുട്ടികളെ മാതൃഭാഷ പഠിപ്പിക്കില്ല!

 

എന്താല്ലേ....

 

ഇക്കാര്യങ്ങൾ അറിയുന്നതെപ്പോൾ?

സമൂഹ മാധ്യമങ്ങളിൽ സ്കോർ ഷീറ്റ് ഉൾപ്പെടെ തള്ളി വയ്ക്കുമ്പോൾ ....

 

എന്താ സാറെ / ടീച്ചറെ അങ്ങനെ എന്ന് ചോദിച്ചാൽ തീർന്നു. എന്റെ സ്വാതന്ത്ര്യം ... അവകാശം .... ജനാധിപത്യം ... ഭരണഘടന ....

 

ഓടിക്കോളൂ....

 

അപ്പോൾ പറഞ്ഞു വന്നത് ഇതാണ്, പുറത്ത് ' വലിയ ' സംരക്ഷണം  പറയുന്നവരെ ശ്രദ്ധിക്കുക. ആത്മാർഥത വാക്കുകളിൽ മാത്രമാവാനാണ് സാധ്യത. ഒരു ചടങ്ങിന് ..... ത്ര ന്നെ !

പിന്നല്ല .....

 

അണിയറയിൽ ഉയർന്ന മറ്റൊരു ചോദ്യം ഇതാണ് :

ഡയറ്റിലെ, BRC യിലെ, SCERT യിലെ വിദഗ്ധരിൽ (?) എത്ര പേർ സ്വന്തം കുട്ടികളെ പൊതു വിദ്യാലയത്തിൽ പഠിപ്പിച്ചു / പഠിപ്പിക്കുന്നു ?

പൊതു വിദ്യാലയത്തിലേക്ക് പാഠപുസ്തകവും, ചോദ്യപേപ്പറും തയ്യാറാക്കുന്ന ഇവരെ സോഷ്യൽ ഓഡിറ്റിംഗിന് വിധേയരാക്കേണ്ടതല്ലേ?

 

പിൻമൊഴി : വാക്കും പ്രവർത്തിയും രണ്ടു വഴിക്കായ ' വിദ്യാഭ്യാസ സംരക്ഷകരെ ' തുറന്നു കാട്ടാൻ ' തനിനിറം എന്നൊരു പംക്തി തുടങ്ങിയാലോ

ഇൻവസ്‌റ്റിഗേറ്റീവ് ........ 

അതു തന്നെ !

 

Saturday, August 6, 2022

നാടൻ സായിപ്പുമാരുടെ പിത്തലാട്ടങ്ങൾ ....

 അപ്പുമാഷുടെ ഡയറി - 7

ശാസ്ത്ര പുസ്തകങ്ങൾ മലയാളത്തിലാക്കുന്നത് നിർത്തിവയ്ക്കുക -
എന്ന് വിദ്യാഭ്യാസ രംഗത്തുള്ള ഒരു സർവീസ് സംഘടന

 മുദ്രാവാക്യം ഉയർത്തിയിരിക്കുന്നു !

അതിനെ ലഘുവായി കാണാമോ?
പാടില്ല.

ഉന്നത പരീക്ഷകളും മറ്റും മലയാളത്തിലാക്കുന്നതിന്നുള്ള കളമൊരുക്കലാണ് സർക്കാർ നടത്തുന്നത്. ആ ശ്രമത്തിന് കരുത്തു പകരുകയല്ലേ വേണ്ടത്?
(
എല്ലാവരും ഖാദറിനു പുറകെയാണ്. അത് ചർച്ച ചെയ്യാൻ നാം മാത്രമല്ല യുള്ളത് എന്നും ഓർക്കാം.)

 

ഭാഷന്തരീകരണത്തിന്റെ പ്രശ്നം നാം പ്രധാനമായി കാണണം. മാതൃഭാഷയിൽ പഠിക്കുമ്പോഴുള്ള ഗുണങ്ങൾ എന്തുമാത്രമാണ് എന്ന് തിരിച്ചറിയേണ്ടേ?
(
നമ്മുടെ മാത്രം പ്രശ്നമല്ല , നാടിന്റെ പ്രശ്നമാണ് എന്ന വിശാലാർഥവും ഉണ്ട് )
അതിന്റെ സാമൂഹ്യവും സാംസ്കാരികവുമായ വിതാനം വളരെ വലുതാണ്.

 

- ഇംഗ്ലീഷിൽ പഠിച്ചാലേ നിലവാരം വരൂ എന്ന അസംബന്ധത്തിന് നാം ചുട്ടു പിടിച്ചുകൂടാ.

- പഠന സഹായി എന്ന പേരിൽ സബ്ജറ്റുകാർ കുട്ടികൾക്ക്, കമ്മീഷൻ പറ്റി, വാങ്ങി നൽകുന്നവ മലയാളത്തിൽ തയ്യാറാക്കിയ , വികലമായ ഒരു 'വക ' യാണ് എന്നും ഓർക്കുക.

 

ലിപിൻ രാജ് എന്ന നക്ഷത്രം

ലിപിൻ രാജ് എന്ന യുവാവ് , മലയാളത്തിന് നൽകിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല.
മലയാളം മീഡിയത്തിൽ പഠിച്ച്, ഐഎഎസ് പരീക്ഷ എല്ലാ വിഷയവും മലയാളത്തിൽ എഴുതിയ മിടുക്കൻ. 2012 ൽ ആദ്യശ്രമത്തിൽ ഐഎഎസ് നേടുകയും ചെയ്തു!( റാങ്ക് - 224)

( ചെറിയ പ്രായത്തിൽ കോമ്പസു കൊണ്ട് വലതുകണ്ണിലെ കാഴ്ച പോയവൻ! )

മലയാളത്തിൽ ശാസ്ത്ര, സാങ്കേതിക പുസ്തകങ്ങൾ മലയാളത്തിൽ വേണ്ടത്ര ഇല്ലാത്തതിനാൽ,
ഇംഗ്ലീഷ് പുസ്തകങ്ങൾ മലയാളത്തിൽ വിവർത്തനം ചെയ്ത് ആണ് പഠിച്ചത്!
സാങ്കേതിക പദങ്ങൾ ,അതേപടി ഉപയോഗിച്ചും, പറ്റുന്നതെല്ലാം മലയാളീകരിച്ചും.

9 പേപ്പറും മലയാളത്തിലെഴുതി!

ധനതത്വശാസ്ത്രവും ചരിത്രവും ഐറ്റിയും ഫിസിക്സും കെമസ്ട്രിയും ബയോളജിയും ബഹിരാകാശ ശാസ്ത്രവും വിദേശകാര്യവും കണക്കും അക്കൗണ്ടൻസിയും - ഒക്കെ ചോദ്യങ്ങളായി വന്നു.
അവയ്ക്കെല്ലാം ഉത്തരം മലയാളത്തിൽ എഴുതി.
അത്ഭുതകരമായ പ്രവർത്തിയല്ലേ?

( അഭിമുഖവും മലയാളത്തിലെടുക്കാം.! )

ഉത്തരപേപ്പർ നോക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടായില്ല!
അപ്പോഴാണിവിടെ.......!

 

ലിപിൻ രാജുമാർ ഇനിയും ഉണ്ടാവണം.
അതിന് അരങ്ങൊരുക്കൽ കൂടിയാണ് ശാസ്ത്ര പുസ്തകങ്ങളുടെ ഭാഷാന്തരീകരണം.

( പ്ലസ് ടു വിൽ മലയാളത്തിന്100 മാർക്ക് കിട്ടിയതായിരുന്നു പ്രധാന പ്രചോദനം )

- നിങ്ങൾക്കും ജയിക്കാം സിവിൽ സർവ്വീസ് - എന്നൊരു പുസ്തകവും ലിപിൻ രാജ് എഴുതിയിട്ടുണ്ട്.
ഗംഭീര പുസ്തകം.

അതിനാൽ,
നമ്മൾ ഭാഷാന്തരീകരണത്തിന് ഒപ്പം നിക്കണം.
സബ്ജറ്റുകാരെ ബോധവൽക്കരിക്കണം.
അവരുയർത്തുന്ന മുദ്രാവാക്യത്തിന്റെ അശ്ലീലത പറഞ്ഞു മനസ്സിലാക്കണം.

സേതുരാമൻ ഐ പി എസും
ലിപിൻ രാജ് ഐഎഎസും - ഒക്കെ മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നു.,
അതിന്റെ സാധ്യതകൾ അനന്തമാണ് എന്നതിനെപ്പറ്റിയും.

 

പിൻമൊഴി - ഇംഗ്ലീഷ് പഠിക്കുന്നതും ഇംഗ്ലീഷിൽ പഠിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതറിയുന്നുണ്ടോ, സാർ....




Monday, August 1, 2022

സ്റ്റാഫ് റൂമിൽ വന്യജീവികൾ വിഹരിക്കുന്ന നേരം...

  അപ്പുമാഷുടെ ഡയറി - 6


ക്ലാസ്സ് പി ടി എ - കുട്ടികൾക്ക് പേടി സ്വപനമാണ് ഈ വാക്ക് .
പരീക്ഷ കഴിയുമ്പോഴാണ് ഈ കലാപരിപടി അരങ്ങേറുക.

പേപ്പറുകളൊക്കെ തിരുത്തി നൽകിയിട്ടുണ്ടാവും.പലരും അവ രക്ഷിതാക്കളെ കാണിക്കാറില്ല.
കാണിക്കാനുള്ള " സംഗതി " കൾ ഇല്ലാത്തതാവും കാരണം.

 

അങ്ങനെ
ആ ദിവസം വന്നെത്തും.

കുട്ടികളുടെ ക്ലാസ്സിൽ രക്ഷിതാക്കൾ ഇരിക്കും. അമ്മമാരായിരിക്കും ഭൂരിപക്ഷം. കുട്ടിയുടെ പഠനം അമ്മമാരുടെ വകുപ്പ് എന്നാണ് നാട്ടിലെ അച്ഛൻമാരുടെ വിചാരം.

 

കുട്ടികൾ ക്ലാസ്സിനകത്തും പുറത്തുമായി തിക്കിതിരക്കിനിൽക്കും.

മുഖ്യതന്ത്രി - കാടടച്ച് വെടി ഉതിർത്തു തുടങ്ങും. സ്കൂളിന്റെ പൂർവകാല മഹിമ, ഇന്നത്തെ ജീർണ്ണാവസ്ഥ, അതിന് കാരണക്കാരായ കുട്ടികൾ - എന്നിങ്ങനെ കത്തികയറും.
തങ്ങളുടെ കുട്ടിക്കാലത്തെ സ്മരിച്ച് നിർവൃതി നുണയും.

 

മുഖ്യ തന്ത്രിക്കു ശേഷം ക്ലാസ്സ് തന്ത്രി പ്രഭാഷണം തുടങ്ങും.തന്റെ ആത്മാർഥതയെക്കുറിച്ചൊരു രണ്ടു പേജ്. സ്വന്തം മക്കളെപ്പോലെയാണ് നോക്കുന്നത്. എന്നിട്ടും...
മര്യാദയില്ല , പഠിക്കില്ല, പോക്കിരികളാണ്, പ്രണയ ബോംബുകളാണ്, ലഹരിപ്രിയരാണ്....
-
അങ്ങനെ നീളും.

 

രക്ഷിതാക്കളും കുട്ടികളും ഈ ഗീർവാണങ്ങളിൽ പുകഞ്ഞുകൊണ്ടിരിക്കും.
പ്രോഗ്രസ് റിപ്പോർട്ട് വിതരണമാണ് അടുത്ത ഐറ്റം.ഓരോരുത്തരുടേയും പേര് വിളിച്ച്, അവരുടെ രക്ഷിതാക്കളെ ഏല്പിക്കും.
കൂടെ ചില കമന്റുകൾ പാസ്സാക്കുന്ന ക്ലാസ്സ് തന്ത്രിമാരുമുണ്ട്.- പോക്കാണ്, രക്ഷയില്ല, നിങ്ങൾ നോക്കണം -എന്നിത്യാദി...

 

അതിനു ശേഷം തെറിയെടുക്കൽ
ചടങ്ങാണ്.
കുട്ടി രക്ഷിതാവുമായി സ്റ്റാഫ് റൂം എന്ന കാനനത്തിലേക്ക് ഇരുന്നു കൊണ്ട് പ്രവേശിക്കുന്നു.

ക്ലാസ്സിൽ പഠിപ്പിക്കുന്ന വന്യ ജീവികളൊക്കെ സ്വസ്ഥാനങ്ങളിൽ ഉപവിഷ്ഠരായിരിക്കും.

വാതിൽക്കൽ കുട്ടി എത്തുമ്പോഴേ , മുരണ്ടു തുടങ്ങും. പരിഹാസച്ചിരി, പിറുപിറുപ്പ് ,അസഹ്യത - ഇതൊക്കെ വാരിയണിയും.

 

ഓരോ അധ്യാപകരെയും പ്രോഗ്രസ്സ് റിപ്പോർട്ട് കാണിക്കും.
കുരയ്ക്കൽ
ചീറ്റൽ
തുമ്മൽ
കടിച്ചുകീറൽ
-
ഒക്കെ ഉണ്ടാവും.

ഇവനെ എന്തിന് ഈ ഭൂമിയിലേക്ക് ....
എന്നിടം വരെ എത്തും.
ശേഷം, ഒരു കൊട്ട ഉപദേശവും!

രക്ഷിതാവ് ആ ശപിക്കപ്പെട്ട ദിവസത്തെക്കുറിച്ചോർക്കും.
വിമ്മിട്ടത്തോടെ നിലകൊള്ളും!

മക്കളില്ലാത്തതു തന്നെ നല്ലത് - എന്ന് മനസ്സിൽപ്പറയും...

 

ഒടുവിൽ,
കൊടുംകാട്ടിൽ...ഹിംസ്ര ജന്തുക്കളിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തോടെ, ആ മുറിയിൽ നിന്ന് പുറത്തിറങ്ങും.

അടുത്ത മാസവും ഈ നാടകം അരങ്ങേറും.

 

പിൻമൊഴി - കസേരയിൽ കുട്ടികൾ നോക്കുമ്പോൾ, മനഷ്യരേയില്ല, മൃഗങ്ങൾ മാത്രം!
പരിണാമം ഒരു തോന്നൽ മാത്രമായിരുന്നോ?