എട്ടൊമ്പത്
വർഷങ്ങൾക്കുമുമ്പ് "ദേശത്തെക്കുറിച്ച് പറഞ്ഞ ആയിരം നുണകൾ" എന്ന പേരിൽ
ബ്ലോഗ് നോവലായി ഇതിലെ ഏതാനും അദ്ധ്യായങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
ക്രൈം ത്രില്ലർ എന്ന
ചൂണ്ടുപലക കണ്ട് പുസ്തകം കയ്യിലെടുക്കുന്ന ക്രൈംത്രില്ലർ ആരാധകരെ ഈ കൃതി
തൃപ്തിപ്പെടുത്തിക്കൊള്ളണമെന്നില്ല. കൊലപാതകത്തിനും അതിനു പിന്നിലെ രഹസ്യങ്ങളുടെ
ചുരുളഴിക്കുന്ന
പാരമ്പര്യരീതിയ്ക്കുമപ്പുറം ഈ നോവൽ വിചിത്രഭാവനകളുടെ ഒരു മ്യൂസിയമാവുന്നു. detailing
രചനാരീതിയാണ് ഈ കൃതിയുടെ രചനയിലുടനീളം
എഴുത്തുകാരൻ പ്രയോജനപ്പെടുത്തിയിട്ടുള്ളത്. നോവൽ വായനയുടെ പ്രഥമഘട്ടത്തിലുള്ളവർക്ക്
ഈ രീതി രുചിക്കണമെന്നില്ല; പക്ഷേ വായനയുടെ സംസ്കാരം കരഗതമാക്കിയ രണ്ടാംഘട്ട വായനക്കാർക്ക് സമൃദ്ധമായ വായനാനുഭവം
ഈ കൃതി നൽകുകതന്നെ ചെയ്യും.
കണ്ടമ്പററി ന്യൂസ് എന്ന
പത്രസ്ഥാപനത്തിലെ എന്റർടൈൻമെന്റ് ഡസ്കിൽ ജോലി ചെയ്യുന്ന സിദ്ധാർഥൻ കഥപറയുന്ന രീതിയിലാണ്
നോവലിന്റെ തുടക്കം. സിദ്ധാർഥന്റെ കുട്ടിക്കാലത്തെ ഭ്രമാത്മകഭാവനകൾ/സ്വപ്നങ്ങളാണ് ആദ്യ
അദ്ധ്യായത്തിലെ പ്രതിപാദ്യം. നോവലിലെ പ്രധാന കഥാപാത്രമായ സിദ്ധാർഥനെ വായനക്കാർക്ക്
പരിചയപ്പെടുത്തുന്നു ആദ്യ രണ്ടദ്ധ്യായങ്ങൾ. സിദ്ധാർഥന്റെ കിറുക്കുകളെപ്പറ്റി
ശരിയായി മനസ്സിലാക്കിയിട്ടുള്ള സഹപ്രവർത്തകയും സുഹൃത്തുമായ വർഷ,
എക്സ്കവേഷൻസ് എന്നൊരു ബ്ലോഗിന്റെ ലിങ്ക്
അവനയച്ചു കൊടുക്കുന്നു. ഒരു നോവലിന്റെ ചില അദ്ധ്യായങ്ങളായിരുന്നു ഈ ബ്ലോഗിലൂടെ
പ്രസിദ്ധീകരിച്ചിരുന്നത്. നോവലിന്റെ ഉള്ളടക്കവുമായി തന്റെ
വിചിത്രസ്വപ്നങ്ങൾക്കുള്ള സാമ്യം നോവലിസ്റ്റിനെ തേടിപ്പോകാൻ സിദ്ധാർഥനെ
പ്രേരിപ്പിക്കുന്നു. വീടോ ജോലിയോ യാത്രയ്ക്കിടയിലുണ്ടാകുന്ന ദുർനിമിത്തങ്ങളോ ഭീകരാനുഭവങ്ങളോ
ഈ യാത്രയിൽനിന്ന് സിദ്ധാർഥനെ പിന്തിരിപ്പിക്കുന്നില്ല. ഫോൺപോലും വീട്ടിൽ
മറന്നുവച്ച് മറ്റുള്ളവർക്ക് ബന്ധപ്പെടാനുള്ള പ്രധാന വാതിൽ കൊട്ടിയടച്ചാണ് അയാൾ
യാത്ര തിരിക്കുന്നത്. ഇവിടം മുതലാണ് കഥയിൽ ആകാംക്ഷയുടെ വിത്തു മുളയ്ക്കുന്നത്. ഈ
യാത്ര ഒരിക്കലും ഒരു സന്തോഷാനുഭവമാകില്ലെന്നതിന്റെ സൂചനയായി രണ്ട് ദുർമരണങ്ങൾ
സിദ്ധാർഥൻ അഭിമുഖീകരിക്കുന്നുണ്ട്.
ഈ
യാത്രയ്ക്കിടയിലാണ് "ഏകാന്തതയുടെ
മ്യൂസിയം" എന്ന നോവലിന്റെ എഴുത്തുകാരൻ
(നോവലിന്റെ അവസാനംവരെ ഈ കഥാപാത്രമുണ്ട്) സിദ്ധാർഥന്റെ സഹയാത്രികനാവുന്നത്. ഒരു
നോവലിസ്റ്റിനെ തേടിയുള്ള യാത്രക്കിടയിൽ മറ്റൊരു നോവലിസ്റ്റിനൊപ്പം ഇരിപ്പിടം
പങ്കിടുന്നു സിദ്ധാർഥൻ. ആ യാത്ര സിദ്ധാർഥന്റെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റുന്നു. ബസ്സിനുള്ളിലെ ആളു മാറിയുളള
കൊലപാതകത്തിന് (കൊലപാതകി തേടിയിരുന്നത് സിദ്ധാർഥന്റെ സഹയാത്രികനായ നോവലിസ്റ്റിനെയായിരുന്നു!)
ദൃക്‌സാക്ഷിയാവുന്നുണ്ട് അയാൾ. പോലീസ് ലോക്കപ്പും വക്കീലിന്റെ ഇടപെടലും
വക്കീൽഗൃഹത്തിലെ താമസവും കഴിഞ്ഞ്, ഗബ്രിയേൽ ജോസഫ് കട്ടക്കാരൻ എന്ന ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റിനെ തേടിയിറങ്ങിയ
സിദ്ധാർഥൻ എന്നെന്നേക്കുമായി അപ്രത്യക്ഷനാവുന്നു.
രണ്ടു ഭാഗങ്ങളുണ്ട് ഈ
നോവലിന്. ആദ്യഭാഗത്ത് യഥാർത്ഥ വ്യക്തിയായി പ്രത്യക്ഷപ്പെടുന്ന സിദ്ധാർഥൻ
രണ്ടാംഭാഗത്ത് നോവലിനുള്ളിലെ നോവലിലെ നായക കഥാപാത്രമാവുന്നു.
എക്സ്കവേഷൻസ് എന്ന
ബ്ലോഗിനെപ്പറ്റിയുള്ള അന്വേഷണം വർഷയെ ഗോകുലിലേക്കും, 'ഏകാന്തതയുടെ മ്യൂസിയം'
എന്ന നോവലെഴുതിയ എഴുത്തുകാരനിലേക്കും എത്തിക്കുന്നു.
താനെഴുതിക്കൊണ്ടിരിക്കുന്ന നോവലിന് ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഗബ്രിയേൽ ജോസഫ്
കട്ടക്കാരൻ എഴുതിയ നോവലുമായുള്ള അസാധാരണ സാമ്യമാണ് വർഷയെ തേടിയെത്താൻ നോവലിസ്റ്റിനു പ്രേരണയായത്. വർഷയിൽ
നിന്നയാൾ ഗോകുലിലേക്കും, ബ്ലോഗ്
നോവലിന്റെ പകർപ്പിലേക്കും എത്തുന്നു. തന്റെ നോവലല്ല അതെന്ന് ആശ്വസിക്കുന്നതിനോടൊപ്പം
തന്റെ നോവലുമായി ഈ നോവലിനുള്ള അസാധാരണ സാദൃശ്യം നിമിത്തം നോവൽ മാറ്റിയെഴുതണമെന്ന
തീരുമാനത്തിലേക്കും അയാളെത്തുന്നു. വർഷയുടെ വാക്കുകളിലൂടെ പരിചിതനായ സിദ്ധാർഥനെ, കേന്ദ്രകഥാപാത്രമാക്കി തന്റെ നോവൽ മാറ്റിയെഴുതാൻ അയാൾ
തീരുമാനിക്കുന്നു. അങ്ങനെ അയാൾ മാറ്റിയെഴുതിയ നോവലാണ് "ഏകാന്തതയുടെ മ്യൂസിയം" എന്ന
നോവലിന്റെ രണ്ടാം ഭാഗം.
നോവലിന്റെ രണ്ടാം ഭാഗത്ത്
അതായത് നോവലിനുള്ളിലെ നോവലിൽ,സിദ്ധാർഥൻ ഗബ്രിയേൽ ജോസഫ് കട്ടക്കാരനെ കണ്ടുമുട്ടുന്നുണ്ട്. അയാളോടൊപ്പം
പുരാതന കൊളോണിയൽ ഭവനത്തിന്റെ നിഗൂഢതകൾ നിറഞ്ഞ അകത്തളങ്ങളിൽ കട്ടക്കാരന്റെ മരണം (അതൊരു
കൊലപാതകമായിരുന്നു) വരെ വസിക്കുന്നുണ്ട്. നോവലിന്റെ ഒന്നാംഭാഗത്തിലെ ജേർണലിസ്റ്റായ
സിദ്ധാർഥനെപ്പോലെ രണ്ടാംഭാഗത്തിലെ നോവൽ കഥാപാത്രമായ സിദ്ധാർഥനും
എന്തുസംഭവിച്ചുവെന്ന് വായനക്കാരറിയുന്നില്ല. ഭാവനകളുടെ ഭ്രമാത്മകലോകം സ്വന്തമായുണ്ടായിരുന്ന
സിദ്ധാർഥനെ വായനക്കാരുടെ ഭാവനയിലേക്ക് സ്വതന്ത്രനാക്കുകയാണ് എം ആർ അനിൽകുമാർ
ചെയ്യുന്നത്.
ഇങ്ങനെ അപ്രത്യക്ഷരാകുന്ന
നിരവധി കഥാപാത്രങ്ങൾ ഈ നോവലിലുണ്ട്. വക്കീലിന്റെ വീട്ടിൽ കാണുന്ന ബന്ധു നമ്പ്യാർ, അയാളുടെ അതിഥിയായ പെൺകുട്ടി, കട്ടക്കാരന്റെ വിവർത്തക മൃണാളിനി സുഭാഷ്, കഥ പറച്ചിലുകാരൻ, കരുണൻ സാർ (മരിച്ചെന്നതിനു
തെളിവില്ല) മുതലായ കഥാപാത്രങ്ങളെല്ലാം ഇങ്ങനെ അപ്രത്യക്ഷരാവുന്നവരാണ്. ജെ എൻ യു വിദ്യാർഥി
നജീബിനെപ്പോലെ, അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്ന
അനേകരെപ്പറ്റിയുള്ള ആശങ്കകളാവാം ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ നോവലിസ്റ്റിനു
പ്രേരകമായിട്ടുണ്ടാവുക.
സിദ്ധാർഥനെമാത്രം
കേന്ദ്രീകരിച്ച് നോവലിൽ ആദ്യന്തം ഇങ്ങനെ സഞ്ചരിക്കാമെങ്കിലും അനേകം നൂലിഴകളുള്ള
ഒരു ചിലന്തിവലപോലെയാണ് ഈ നോവൽ എന്നതാണു
വാസ്തവം. ഒരു കഥതേടി പ്രവേശിക്കുന്നൊരാൾക്കു മുന്നിൽ അനേകം കഥകളുടെ ഒരു മ്യൂസിയമായി
മാറുന്നുണ്ട് ഈ കൃതി. ഒറ്റയാളെ കേന്ദ്ര കഥാപാത്രമാക്കി കഥ പറയാനായി വായനക്കാർ
നടത്തുന്ന ഏതു ശ്രമവും ഭാഗികമാകാനേ ഇടയുള്ളൂ. അതുകൊണ്ടുതന്നെ സിദ്ധാർഥനെന്ന
നൂലിഴപിടിച്ച് ഞാൻ പറഞ്ഞ രത്നച്ചുരുക്കവും നോവലിന്റെ ഒരു പാർശ്വത്തെ മാത്രമേ
സ്പർശിക്കുന്നുള്ളൂ.
വിവർത്തനനോവലിന്റെ ഭാഷയാണ്
രചനയ്ക്ക് സ്വീകരിച്ചിരിക്കുന്നത്. സൂക്ഷ്മാംശങ്ങളെപ്പോലും അതീവശ്രദ്ധയോടെ
വർണ്ണിച്ചിട്ടുള്ള ഈ നോവലിന്റെ സ്ഥലരാശി ഒരു മലമ്പ്രദേശമാണ്. മഞ്ഞും തണുപ്പും
വളഞ്ഞുപുളഞ്ഞപാതകളും ഏറെ വീതിയില്ലാത്ത നദികളും അനേകം കുടിയേറ്റക്കാരും അവരാൽ
നിർവീര്യരാക്കപ്പെട്ട തദ്ദേശീയരുമുള്ള ഒരു പ്രദേശത്തിന്റെ ചിത്രമാണ് ‘ഏകാന്തതയുടെ
മ്യൂസിയം’ എന്ന നോവൽ വായനക്കാരുടെ മനസ്സിലുണ്ടാക്കുക.മഞ്ഞ എന്നും വെള്ള എന്നും
പേരുള്ള ഇരട്ടഗ്രാമങ്ങൾ.. മൺ മറഞ്ഞുപോയ മഞ്ഞഗ്രാമം.. അകേരളീയമായ ഒരു ചുറ്റുപാടിലോ ഭാവനയിലോ മാത്രം കാണാവുന്ന
ഒന്നായി ഈ സ്ഥലരാശി മാറുന്നുണ്ട്.
ചരിത്രം, ഭൂമിശാസ്ത്രം, കൊളോണിയൽ അധിനിവേശചരിത്രം, അധികാരവും കാമവും ക്രൂരതയുംകൊണ്ട് ദുർബലരെ ശക്തർ വേട്ടയാടിയ കഥകൾ, ആദിവാസികളുടെ സംസ്കാരം തകർത്ത് അവരെ കുടിയേറ്റക്കാർ
നിസ്തേജരാക്കിയ കഥകൾ, രാജഭരണകാലത്ത്
ഗോപ്യമായി സൂക്ഷിച്ച നിധികളെപ്പറ്റിയുള്ള പരാമർശങ്ങൾ, പുസ്തകങ്ങളെപ്പറ്റിയുള്ള (യഥാർത്ഥമായതും കല്പിതവും)
പരാമർശങ്ങൾ, ഒറ്റമൂലികളുടെ
വൈദ്യപാരമ്പര്യം സ്വന്തമായുണ്ടായിരുന്ന ഒരു സമൂഹത്തെപ്പറ്റിയുള്ള പരാമർശം
എന്നിവയാൽ സമ്പന്നമാണ് ഈ രചന.
ഹിംസ ഈ നോവലിൽ ആദ്യന്തം
നിറഞ്ഞു നിൽക്കുന്നു.
ഹിംസാത്മകമായി മാറിക്കൊണ്ടിരിക്കുന്ന
ലോകമനസ്സാക്ഷിയെ ചിത്രീകരിക്കാൻ വേണ്ടിയാവണം നോവലിൽ ഇത്രത്തോളം കൊലപാതകങ്ങളും ദുർമരണങ്ങളും
ചിത്രീകരിച്ചിട്ടുള്ളത്. രാമേട്ടന്റെ മരണം, ബസ്സിലെ ചെറുപ്പക്കാരന്റേയും വക്കീലിന്റെയും സുബ്രുവിന്റെയും കൊലപാതകം, റിമയുടെ കൊലപാതക ശ്രമം, റിമയുടെ അമ്മയുടെ ആത്മഹത്യ, ടെറിന്റെ അനിയത്തിയുടെ മരണം, ടെറിന്റെ അമ്മയുടെ കൊലപാതകം (നിയമപാലകരാണത് ചെയ്യുന്നത്) സഹോദരിയുടെയും
കുടുംബത്തിന്റെ അപകടമരണം, ഇയാൻ പാഴ്സൺ, ഈനാശു, ഈനാശുവിന്റെ മൂന്ന് ഭാര്യമാർ, രണ്ട് മക്കൾ എന്നിവരുടെ
ദുർമരണം, കരുണൻ
സാറിന്റെയും അനുയായികളുടെയും കൊലപാതകം (നക്സലൈറ്റുകളെ പോലീസ് വേട്ടയാടി
കൊന്നുകളഞ്ഞതാണ്.) റസ്റ്റോറന്റിലെ
സ്ഫോടനത്തിൽ മരിക്കുന്നവർ, വള്ളിയമ്മ, ചെല്ലം. അവരെ ബലാത്സംഗം ചെയ്തു കൊന്നയാൾ എന്നിവരുടെ ദുർമരണം, ലിയു, ല്യൂലി, എറിറ്റീന ലാസറസ്, സാന്യാജെന്നി എന്നിവരുടെ കൊലപാതകം, അസാധാരണ സാദൃശ്യമുള്ള രണ്ട് എഴുത്തുകാരുടെ കൊലപാതകം...
അങ്ങനെ അനേകം ദുർമരണങ്ങളുടെ മ്യൂസിയം കൂടി ആയി മാറുന്നുണ്ട് ഈ നോവൽ.
ഒരു മാസത്തിൽ
താഴെയുള്ള കാലയളവിനുള്ളിലാണ് ഈ നോവലിലെ സംഭവങ്ങളെല്ലാമുണ്ടാകുന്നത്. പക്ഷേ
ദീർഘമായൊരു കാലത്തെ, കഥകളുടെയും
ഉപകഥകളുടെയും നോവലിനുള്ളിലെ മറ്റൊരു നോവലിന്റെയും ആഖ്യാനത്തിലൂടെ അനാവരണം
ചെയ്യുന്ന പ്രതീതി ജനിപ്പിക്കുന്ന തന്ത്രം നോവലിസ്റ്റ് സ്വീകരിക്കുന്നുണ്ട്. റിയലിസത്തിന്റെയും
മാജിക്കൽ റിയലിസത്തിന്റെയും ഫാന്റസിയുടെയും ഇമാജിനേഷന്റേയും സാദ്ധ്യതകൾ
പ്രയോജനപ്പെടുത്തുന്നുണ്ട് ഈ കൃതി. ലാറ്റിനമേരിക്കൻ നോവലുകളുടെ സ്വാധീനം ഈ നോവലിൽ
തള്ളിക്കളയാനാവില്ല. യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള
ചരിത്രപരാമർശങ്ങൾ, യഥാർത്ഥകൃതികളെക്കുറിച്ച്
പറയും പോലെതന്നെ കല്പിതകൃതികളെക്കുറിച്ചുമുള്ള വിവരണങ്ങൾ, ലോഗനെയും എം കൃഷ്ണൻ നായരെയുംപോലെ ജീവിച്ചിരുന്നവരെയും
ഹർഷനെപ്പോലെ ഇപ്പോഴും മാധ്യമരംഗത്ത് സജീവമായവരേയും കുറിച്ചുള്ള പരാമർശങ്ങൾക്കിടയിൽ
കല്പിതചരിത്രത്തിന്റെ ഭാഗമായി വരുന്ന കഥാപാത്രപരാമർശങ്ങൾ... തുടരന്വേഷണങ്ങൾക്ക്
ഗൂഗിളിൽ തിരഞ്ഞുപോകുന്നവർ സമർത്ഥമായി കബളിപ്പിക്കപ്പെടാനുള്ള സാധ്യതകളേറെയാണ്.
ഒരു വട്ടം പരാമർശിച്ച
സംഭവങ്ങളുടെ/വിവരണങ്ങളുടെ ആവർത്തനവും, രണ്ടാം പകുതിയിലെ വേണമെങ്കിൽ ഒഴിവാക്കാമായിരുന്ന വിവരണങ്ങളും എഡിറ്റിങ്ങിന്റെ
അപര്യാപ്തത എടുത്തുകാണിക്കുന്നുണ്ട് എന്നുകൂടി പറയാതെ "ഏകാന്തതയുടെ മ്യൂസിയം"
എന്ന നോവലിനെ പരിചയപ്പെടുത്തുന്ന ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല.
💧💧💧💧💧💧💧💧
സന്ധ്യ. എൻ. പി : അത്ഭുത കഥകളുടെ പുസ്തകം.
“ആ കണ്ണുകൾ അത്ഭുതം ദർശിക്കുന്നതു പോലെ വിടർന്നു നിന്നിരുന്നു. എനിക്കു വേണ്ടി
എന്തോ ഒരു നിർദ്ദേശം തരാൻ കൈ ഉയർത്തുന്നതിനിടയിൽ ഇരിക്കുന്ന കസേരയിൽത്തന്നെ
ഇരുന്ന് അദ്ദേഹം പിന്നിലേക്കു മറിഞ്ഞു വീണു. ഞാൻ ചാടിപ്പിടഞ്ഞെഴുന്നേറ്റു പപ്പയുടെ
നേരേ ഓടിച്ചെന്നു. പിന്നോട്ടുള്ള മറിച്ചിലിൽത്തന്നെ അദ്ദേഹം നിശബ്ദനായി
മരിച്ചിരുന്നു. ആത്മാവിനെ സൂചിപ്പിക്കുന്ന ഒരു നീല ചിത്രശലഭത്തിന്റെ
ചിത്രമായിരുന്നു ഞാൻ വരച്ചുകൊണ്ടിരുന്നത്. പിന്നീട് ഞാൻ അദ്ദേഹത്തിന്റെ അറ
പരിശോധിക്കുമ്പോൾ അദ്ദേഹംതന്നെ വീട്ടിലേക്ക് എഴുതിയതും ആരും പൊട്ടിച്ചു വായിക്കാത്തതുമായ
അനേകം കത്തുകൾ കണ്ടെത്തി..... ആ പുസ്തകം ഒരു മനുഷ്യന്റെ സ്വന്തം കഥ എന്നതിലുപരി ദേശത്തിന്റെ ആകെ കഥയാണെന്നും ഞാൻ അതിന്റെ
വായനയ്ക്കും മുമ്പേ സങ്കല്പിച്ചിരുന്നു." (ഏകാന്തതയുടെ മ്യൂസിയം -എം.ആർ അനിൽ കുമാർ)
വായനയെക്കുറിച്ചും
എഴുത്തിനെക്കറിച്ചും സങ്കല്പത്തെ (ഭാവന)ക്കുറിച്ചുമുള്ള പുസ്തകമാവുന്നു 'ഏകാന്തതയുടെ മ്യൂസിയം എന്ന
741 താളുള്ള ഈ ബൃഹദ്നോവൽ.
ഒരു നൂറു കഥകൾ അടക്കം
ചെയ്ത ഈ വിചിത്രമായ പുസ്തകം, ഒരു റിവഞ്ചായും ചലഞ്ചായും വായിക്കാനെടുത്ത് വെപ്രാളപ്പെട്ട് വായിച്ചു തീർത്തു
എന്ന് പറയണം. കിളയ്ക്കുന്തോറും കിളന്നു കിളന്നു വരുന്ന കാമ്പുറ്റ കാട്ടുകിഴങ്ങുകൾപോലെ
വന്യമായ കഥകളുടെ ഒരു സമാഹാരമാണ് ചോരയും കണ്ണീരും വിസ്മയവും ഉതിർന്നു വീഴുന്ന
ഏകാന്തതയുടെ മ്യൂസിയം.
സ്വപ്നത്തിൽ താൻ കണ്ട
കാഴ്ച കഥയാക്കിയ കഥാകാരനെ അന്വേഷിച്ചു
യാത്ര തിരിച്ച് പുറംലോകത്തിന് അജ്ഞാതമായ ഇരട്ട
ഗ്രാമത്തിലെത്തിച്ചേരുന്ന സിദ്ധാർത്ഥൻ എന്ന വായനക്കാരന്റെയും കഥകളുടെയും ഓർമ്മകളുടെയും അക്ഷയഖനിയായ ഗബ്രിയേൽ ജോസഫ് കട്ടക്കാരൻ എന്ന
എഴുത്തുകാരന്റെയും കഥയാണ് ഏകാന്തതയുടെ മ്യൂസിയം. ഒപ്പം വൈറ്റില തമ്പാൻ എന്ന അമാനുഷനായ
കൊലയാളിയുടെ, വർഷയുടെ, റിമയുടെ, ജൂഹുവിന്റെ അങ്ങനെ 'ഏതില പൊട്ടിച്ചു നോക്കിയാലും അതിൽ നിന്നു കഥകളുടെ സത്ത ഊറിവരുന്ന' 'ഏകാന്തതയുടെ മ്യൂസിയം' കഥയെഴുത്തിനെക്കുറിച്ചുള്ള കഥയാണ്. കഥപറച്ചിലിനെക്കുറിച്ചുള്ള കഥയാണ്. എന്നെങ്കിലുമൊരിക്കൽ
തന്നെ വായിക്കാൻ പോകുന്ന വായനക്കാരനെ/കാരിയെ കാത്തിരിക്കുന്ന എഴുത്തുകാരന്റെ പ്രതീക്ഷയെ
അവതരിപ്പിക്കുന്ന കഥയാണ്. വായിക്കാനാരുമില്ലെന്ന് ഉറപ്പുണ്ടെങ്കിലും തന്റെ തന്നെ
വിലാസമെഴുതി വായനക്കാരനെ 'സൃഷ്ടിക്കുന്ന' എഴുത്തുകാരന്റെ
ഭാവനയെ ഉജ്വലമായി അവതരിപ്പിക്കുന്ന കഥയാണീ നോവൽ പറയുന്നത്.
കഥ പറച്ചിലിനെക്കുറിച്ച്.
"അവർ സ്വന്തം ശരീരത്തിന്റെ തൊലിപ്പുറത്ത് പിച്ചാത്തികൊണ്ട്
അവിശ്വസനീയമായ കഥാചിത്ര പരമ്പരകൾ വരഞ്ഞു വെക്കും. കഥ പറഞ്ഞവരുടെ മാംസത്തിൽ നിന്ന്
അവരുടെയെല്ലാം സ്വന്തം രക്തം പൊടിഞ്ഞു കൊണ്ടിരിക്കും".
- എന്നാണ്
എഴുത്തുകാരൻ കഥാപാത്രം കഥ പറച്ചിലിനെക്കുറിച്ച് വിശദമാക്കുന്നത്. "പഴകിയ വീഞ്ഞിൻ കുടങ്ങളിൽ നിന്നെന്ന പോലെ നുരഞ്ഞു പൊന്തി വരുന്ന ലഹരി നിറഞ്ഞ രക്തം പൊടിഞ്ഞ കഥകൾ ഒട്ടനവധിയുണ്ട് ഈ '
മ്യൂസിയത്തിൽ '. 'കഥകൾ കൊണ്ട് കല്ലറ പണിതതിൽ കുടിയിരിക്കുന്നവർ ' എന്ന് കഥ പറയുന്ന ഗ്രാമീണരെക്കുറിച്ച് എഴുത്തുകാരൻ മറ്റൊരിടത്ത് പറയുന്നുണ്ട്.
ദിവസങ്ങളോളം ഉറങ്ങിക്കൊണ്ടിരിക്കുന്ന
എഴുത്തുകാരൻ, വായിക്കുന്നയാളിന്റെ മാത്രം മരണം രേഖപ്പെടുത്തിയ ബുക്ക് ഓഫ്
മിറക്കിൾ, മായികമായ
സ്വപ്നങ്ങൾ കാട്ടുന്ന (സ്വപ്ന) മുറിയുള്ള സത്രത്തിന്റെ കഥ,
ചെടിയായി മാറാൻ ശപിക്കപ്പെട്ട പെണ്ണിന്റെ കണ്ണീരു വീണുണ്ടായ ബാഗ്മ നദിയുടെ കഥ, ജലസ്ഫടിക വളയങ്ങൾ അന്തരീക്ഷത്തിൽ തെന്നുന്ന ഡ്രാഗൺ
പ്രതിമയുള്ള തടാകത്തിന്റെ കഥ, സുന്ദരി സലോമിയുടെ കഥ, വായനക്കാരന്റെ/കാരിയുടെ ഹൃദയം കണ്ണീരുകൊണ്ടടപ്പിക്കുന്ന ഉന്മാദികളുടെ ഭവനം, അരയിൽ ഒറ്റക്കൊമ്പുള്ള വല്യപ്പാപ്പന്റ കഥ,
ഇരട്ട ഗ്രാമമുണ്ടായ കഥ,
അങ്ങനെ
ഒട്ടനവധി വിസ്മയ കഥകൾ മാന്ത്രികമായ ഈ നോവലിൽ അവതരിപ്പിക്കപ്പെടുന്നു.
ആധുനികാനന്തര ഭൗതികസൗകര്യങ്ങൾ ഏറെയുള്ള ആർക്കും ഒന്നിനും
സമയമില്ലാത്ത ഈ സോഷ്യൽമീഡിയാ കാലത്ത്
എഴുത്തിനെക്കുറിച്ചുള്ള ആശങ്കയും വായനക്കാരനിലുള്ള പ്രതീക്ഷയും പങ്കുവയ്ക്കകയാണ് 'ഏകാന്തതയുടെ മ്യൂസിയം'. അടുത്ത കാലത്തിറങ്ങിയ, പരസ്യങ്ങളിലൂടെയും സ്തുതിപാഠകരിലൂടെയും വാഴ്ത്തപ്പെട്ട പല നോവലുകളേക്കാളും
കാമ്പുള്ള, ഇനിയും
വായിക്കപ്പെടേണ്ടുന്ന, ഓരോ നിമിഷവും
ആകാംക്ഷയോടുകൂടി മാത്രം വായിക്കാൻ പറ്റുന്ന നോവലാണ് 'ഏകാന്തതയുടെ മ്യൂസിയം'.
പല കഥാപാത്രങ്ങളും പല
അധ്യായങ്ങളിൽ ഫസ്റ്റ് പേഴ്സണായി കഥപറയുന്നുണ്ട്. ബോധധാരാരീതിയിലും ചില
അധ്യായങ്ങളെഴുതിയിട്ടുണ്ട്. വെറും 114 പേജു മാത്രമുള്ള എന്റെ നോവൽ ക്രൂരമായി
അവഗണിച്ച മലയാളി ബുദ്ധിജീവി വായനക്കാരോടുള്ള ഒരു റിവഞ്ച് എന്ന നിലയിലാണ്, രണ്ടു ദിവസത്തേക്ക് അലക്ക് മാറ്റി വെച്ച് രണ്ടു മൂന്നു
ദിവസം പാചകം വളരെ പരിമിതപ്പെടുത്തി ഞാനീ വലിയ നോവൽ വായിച്ചു തീർത്തത്.
എഴുത്തുകാർക്ക് മാത്രമല്ല പ്രതിബദ്ധത വേണ്ടത്, വായനക്കാരും തങ്ങളുടെ വായനയോട് പ്രതിബദ്ധരായിരിക്കേണ്ടതുണ്ട്. വായനക്കാരന്റെ
പ്രതിബദ്ധത അഥവാ ഉത്തരവാദിത്തത്തെക്കുറിച്ചാണ് മറ്റൊരു രീതിയിൽ ഈ നോവൽ പറയാൻ
ശ്രമിക്കുന്നത്.
ഇത്രയും മനുഷ്യരെ, ഇത്രയും കഥകളെ, ഇരുണ്ട് വന്യമായ
ഈ കാടിനെ, ഇത്രയും ഓർമ്മകളെ,
അറിവിനെ, ചരിത്രത്തെ എങ്ങനെ ഈ മെലിഞ്ഞ മനുഷ്യൻ ഉള്ളിൽ കൊണ്ടു നടക്കുന്നു എന്നത്ഭുതപ്പെട്ടുകൊണ്ട്
ഞാനീ 'ഏകാന്തതയുടെ മ്യൂസിയം'
അടക്കുകയും തുറക്കുകയും ചെയ്യുന്നു. നോവലിന്റെ
വിശദപഠനമോ സിദ്ധാന്തങ്ങളെ മുൻ നിർത്തിയുള്ള വിശകലനമോ അല്ല, വായനാനുഭവം
പങ്കുവയ്ക്കുക മാത്രമാണു ഞാൻ ചെയ്തിട്ടുള്ളത്.