+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.
Showing posts with label kannadi kanmolavum. Show all posts
Showing posts with label kannadi kanmolavum. Show all posts

Sunday, June 26, 2022

kannadi Kanmolavum - പാഠഭാഗം റേഡിയോ നാടകരൂപത്തിൽ

കണ്ണാടി കാൺമോളവും ( റേഡിയോ നാടകം ) 

 നാടകരൂപം തയ്യാറാക്കിയത് - ഉദയകുമാർ എസ് 
അവതരണം - AKGM GHSS പിണറായി (കണ്ണൂർ ) യിലെ +2 വിദ്യാർഥികൾ
NB - ചുവടെ കൊടുത്തിരിക്കുന്ന പുസ്തകത്തിന്റെ കവർ ഇമേജിൽ ക്ലിക്കി പുസ്തകം വാങ്ങാവുന്നതാണ്.

Friday, June 24, 2022

Unit : 1 Lesson - 1 . Kannadi Kanmolavum NOTE ( with PDF )

 







💦 Audio



💧NOTE

പ്രവേശകം

" ലളിതമായ വേഷമായിരുന്നു മലയാളം മുൻഷിയുടേത്. പക്ഷേ, പറഞ്ഞു തുടങ്ങിയാൽ എല്ലാം മാന്ത്രികമാവും. പദച്ഛദം, പദാർഥം, വാച്യാർഥം, ധ്വനി, ഭാവം - ഇങ്ങനെ പഠിപ്പിക്കുമ്പോൾ ഒരു കാര്യത്തിന് അനേകം തലങ്ങളുണ്ടാകാം എന്ന വലിയ അറിവാണ് അവിടെ നിന്നു കിട്ടിയത്. ഒരു പക്ഷേ, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പഠനം അതായിരിക്കണം. ഫിസിക്സിലെ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് എന്നെ പ്രചോദിപ്പിച്ചത് അന്നത്തെ മലയാളം ക്ലാസുകളായിരുന്നു. “

- ഇ സി ജി സുദർശൻ


🌹Q : മാതൃഭാഷയെക്കുറിച്ചുള്ള ഇ.സി.ജി സുദർശന്റെ അഭിപ്രായത്തെ മുൻനിർത്തി മാതൃഭാഷാ പഠനത്തിന്റെയും മാതൃഭാഷയിലൂടെയുള്ള പഠനത്തിന്റെയും പ്രസക്തിയെക്കുറിച്ച് വിശദമാക്കുക (ഒന്നരപ്പുറം, സ്കോർ 8 )

ലോക പ്രശസ്തനായ മലയാളി ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി.ജി സുദർശൻ പറയുന്നത് ഫിസിക്സിലെ പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് അദ്ദേഹത്തെ നയിച്ചത് അദ്ദേഹത്തിന്റെ അന്നത്തെ മലയാളം ക്ലാസ്സുകൾ ആയിരുന്നു എന്നാണ്. ലോകം ആദരിക്കുന്ന ഇ.സി.ജി സുദർശനെ പോലെയുള്ള ഒരു ശാസ്ത്രജ്ഞന്റെ വാക്കുകളിൽ നിന്നും നമുക്ക് നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും മനസ്സിലാക്കാൻ പറ്റും. അദ്ദേഹത്തിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് മാതൃഭാഷാ പഠനത്തിന്റെയും മാതൃഭാഷയിലൂടെയുള്ള പഠനത്തിന്റെയും പ്രാധാന്യം എന്താണെന്ന് നോക്കാം.

സാമൂഹികജീവിതത്തിൽ ഇടപെടലുകൾ നടത്താനും ലോകത്തിന്റെ ഗതിവിഗതികൾ അറിയാനും നമ്മെ പ്രാപ്തനാക്കുന്നത് നമ്മുടെ മാതൃഭാഷയാണ്. ഭാഷ ഒരേ സമയം തന്നെ ഒരു ജ്ഞാനമേഖലയും ഇതര ജ്ഞാനമേഖലകളുടെയും സംസ്കാരത്തിന്റെയും വിനിമയ മാധ്യമവും ആണ്. അതായത് ഒരേ സമയം തന്നെ ഭാഷ ഒരു പാഠ്യ വിഷയവും മറ്റുള്ള പാഠ്യവിഷയങ്ങൾ പഠിക്കാനുള്ള ഒരു മാധ്യമവും ആണ്. ജീവിതത്തിലെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സഹായിക്കുന്നത് മുതൽ സൗന്ദര്യം ആസ്വദിക്കാനും ആസ്വദിച്ച സൗന്ദര്യത്തെ സർഗ്ഗാത്മകമായി ആവിഷ്കരിക്കാനും ഭാഷ നമ്മെ പ്രാപ്തനാക്കുന്നു.

നമ്മുടെ മാതൃഭാഷ ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമല്ലജീവിതത്തിന്റെ എല്ലാ മേഖലകളെയും അത് സ്പർശിക്കുന്നു. നമ്മുടെ ചിന്തകളെയും സ്വപ്നങ്ങളെയും നിരന്തരം നവീകരിക്കാനും ആരോഗ്യ പൂർണ്ണമായ ഒരു ജീവിതം രൂപപ്പെടുത്താനും മാതൃഭാഷാപഠനം വളരെ അനിവാര്യമാണ്. പുതിയ പുതിയ ആശയങ്ങളുടെ രൂപീകരണത്തിനും സർഗാത്മകമായ കണ്ടെത്തലുകൾക്കും മാതൃഭാഷാപഠനം നമ്മെ സഹായിക്കുന്നു. പുതിയ അന്വേഷണങ്ങളിലേക്ക് നയിക്കാനുള്ള ഊർജ്ജം മാതൃഭാഷാപഠനം നമുക്ക് നൽകുന്നുണ്ട്. അതുപോലെതന്നെ ചിന്തയേയും അറിവിനെയും കൂടുതൽ സർഗ്ഗാത്മകമാക്കാൻ മാതൃഭാഷാപഠനം നമ്മെ സഹായിക്കുന്നു. നമ്മളിൽ യുക്തിചിന്ത ഉണ്ടാക്കിയെടുക്കാനും ബൗദ്ധിക വികാസം സാധ്യമാക്കാനും സാമൂഹ്യ പ്രതിബദ്ധത ഉണ്ടാക്കിയെടുക്കാനും ജീവിതമൂല്യങ്ങൾ വളർത്തിയെടുക്കാനും ഭാഷാപഠനം സഹായിക്കുന്നു.

വളരെ ഗൗരവത്തോടുകൂടി ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് മാതൃഭാഷയിലൂടെയുള്ള പഠനവും. ശാസ്ത്രം ഉൾപ്പെടെയുള്ള  വിഷയങ്ങൾ മാതൃഭാഷയിലൂടെ പഠിക്കുമ്പോൾ പഠനം കൂടുതൽ ലളിതവും രസകരവുമാവുന്നുണ്ട്. ലോകമെമ്പാടും ഈ രംഗത്ത് നടന്നിട്ടുള്ള പഠനങ്ങൾ തെളിയിക്കുന്നത് മാതൃഭാഷയിൽ നല്ല അവഗാഹമുള്ള ഒരു വിദ്യാർത്ഥിക്ക് ഏതൊരു വിഷയവും വളരെ പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിയും എന്നാണ്. അതായത് മാതൃഭാഷയിലൂടെ നമ്മൾ പഠിക്കുമ്പോൾ അത് ഹൃദിസ്ഥമാക്കി പഠിക്കുകയല്ല, മനസ്സിലാക്കി പഠിക്കുകയാണ് ചെയ്യുന്നത്. അത് ഏറെക്കാലം മനസ്സിൽ, ചിന്തയിൽ നിലനിൽക്കുകയും ചെയ്യും.

ശ്രേഷ്ഠഭാഷാ പദവിയിലേക്ക് ഉയർന്നിരിക്കുന്ന മലയാളം കേരളത്തിലെ ഭരണ ഭാഷ കൂടിയാണ്. കേരള സർക്കാരിന്റെ ജോലി ലഭിക്കണമെങ്കിൽ മലയാളഭാഷയിലുള്ള പരിജ്ഞാനം കൂടി വേണമെന്ന നിബന്ധനയുണ്ട്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ നിർബന്ധമായും മലയാളം പഠിപ്പിക്കണമെന്ന് നിഷ്കർഷിക്കുന്ന മാതൃഭാഷാപഠന നിയമം 2017 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞിട്ടുണ്ട്. അത്തരം നിയമപരമായ ബാധ്യതകൾ ഒന്നുമില്ലാതെ തന്നെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ മാതൃഭാഷ പഠിക്കുകയും ഏത് വിഷയവും മാതൃഭാഷയിൽ പഠിക്കുകയും ചെയ്യുമ്പോൾ സമഗ്ര വ്യക്തിത്വ വികസനം അനായാസമായി കൈവരിക്കാൻ കഴിയും. ഫ്രാൻസ്, ചൈന, ജപ്പാൻ തുടങ്ങിയ അതി വികസിത രാജ്യങ്ങളെല്ലാം അവരുടെ മാതൃഭാഷയാണ് പഠന മാധ്യമമാക്കിയിരിക്കുന്നത്. ശാസ്ത സാങ്കേതിക വിദ്യയിലും സാംസ്കാരിക രംഗത്തും ഈ രാജ്യങ്ങൾ കൈവരിക്കുന്ന അസൂയാവഹമായ മുന്നേറ്റത്തിന്റെ രഹസ്യം മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസമാണ്.

ഇതെല്ലാം സൂചിപ്പിക്കുന്നത് മാതൃഭാഷാ പഠനത്തെയും മാതൃഭാഷയിലൂടെയുള്ള പഠനത്തെയും വളരെ ഗൗരവത്തോടെയും ക്രിയാത്മകമായും കാണണം എന്നാണ്. ഈയൊരു ധാരണയുടെ വെളിച്ചത്തിൽ തന്നെയാണ് ഇ.സി.ജി സുദർശന്റെ നിരീക്ഷണത്തിന് പ്രാധാന്യം കൈവരുന്നത്. ഏറ്റവും സാധാരണക്കാർക്ക് വരെ അറിവും ശാസ്ത്രബോധവും സാധ്യമാക്കാൻ മാതൃഭാഷയോളം മറ്റൊരു ഭാഷയ്ക്കും കഴിയില്ല. നാം കുഞ്ഞുന്നാൾ മുതൽ സംസാരിക്കാൻ ഉപയോഗിക്കുന്ന ചിന്തിക്കാൻ ഉപയോഗിക്കുന്ന സ്വപ്നം കാണാൻ ഉപയോഗിക്കുന്ന മാതൃഭാഷയോളം നമുക്ക് ഹൃദയാനുഭവം നൽകാൻ മറ്റൊരു ഭാഷയ്ക്കും കഴിയില്ല. മാതൃഭാഷ പഠിക്കുകയും മാതൃഭാഷയിലുടെ പഠിക്കുകയും ചെയ്യുമ്പോൾ സമഗ്രവ്യക്തിത്വം രൂപമെടുക്കും



ഇ സി ജി സുദർശനൻ

എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ.

കോട്ടയം ജില്ലയിലെ പള്ളം എന്ന സ്ഥലത്ത് 1931 ൽ ജനിച്ചു. വിഖ്യാതനായ ഊർജ്ജതന്ത്ര ശാസ്ത്രജ്ഞൻ. അമേരിക്കയിലെ ടെക്സാസ്  യൂണിവേഴ്സിറ്റിയിൽ പ്രഫസർ ആയിരുന്നു. പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന 'ടാക്കിയോണുകൾ' (Tachyons ) എന്ന കണികകളെ സംബന്ധിച്ച പരികല്പനകളാണ് മുഖ്യ സംഭാവന. നിരവധി തവണ ഊർജ്ജതന്ത്രത്തിനുള്ള നോബേൽ സമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ടു. സി.വി.രാമൻ അവാർഡ്, പത്മഭൂഷൻ, പത്മവിഭൂഷൻ ബഹുമതികൾ ലഭിച്ചിട്ടുണ്ട്

                                                                   💦

കണ്ണാടി കാൺമോളവും

പാഠസംഗ്രഹം

മഹാഭാരതം സംഭവപർവത്തിലെ ശകുന്തളോപാഖ്യാനമാണ് പാഠസന്ദർഭം. ഗാന്ധർവ വിധിപ്രകാരം തന്നെ വിവാഹം ചെയ്ത ദുഷ്ഷന്തന്റെ കൊട്ടാരത്തിലേക്ക് ശകുന്തള പുത്രനോടൊപ്പം എത്തിച്ചേരുന്നു. ദുഷ്ഷന്തൻ ശകുന്തളയുമായുള്ള പൂർവബന്ധം മറന്നുപോയതിനാൽ അവളെ കെട്ടവളെന്നു കരുതി ആക്ഷേപിക്കുന്നു. ആത്മാഭിമാനത്തിനു മുറിവേറ്റ ശകുന്തള തന്റെ വ്യക്തിത്വം നിലനിർത്താൻ നടത്തുന്ന ശ്രമമാണ് കാവ്യഭാഗത്തുള്ളത്. ശകുന്തളയോടുള്ള ദുഷ്ഷന്തന്റെ ശകാരവാക്കുകളോടെയാണ് ഈ പാഠഭാഗം ആരംഭിക്കുന്നത്.

ദുഷ്ഷന്തൻ ശകുന്തളയെ ധാർഷ്ട്യമുള്ളവളെന്നും വഴിപിഴച്ചവളെന്നും സ്വർണാഭരണങ്ങളിലും മനോഹരമായ വസ്ത്രങ്ങളിലും മയങ്ങിപ്പോകുന്നവളെന്നും കുയിൽപ്പേടയെപ്പോലെ അന്യനാൽ വളർത്തപ്പെട്ടതു കൊണ്ട് വളർത്തുദോഷം ഉള്ളവളാണെന്നും ആക്ഷേപിക്കുന്നു.

ദുഷ്ഷന്തന്റെ നിന്ദാവചനങ്ങൾ കേട്ട് ലജ്ജിതയായ ശകുന്തള തന്റെ ആത്മാഭിമാനവും ശ്രേഷ്ഠതയും ഉയർത്തിപ്പിടിച്ചു കൊണ്ട് പണ്ഡിതോജ്ജ്വലമായ ഭാഷയിൽ ദുഷ്ഷന്തന് മറുപടി കൊടുക്കുന്നു.

അന്യരുടെ കടുകുമണിപോലെയുള്ള ദോഷങ്ങൾ പോലും കണ്ടെത്തുന്ന ദുഷ്ഷന്തൻ തന്റെ തന്നെ വലിയ ദോഷങ്ങൾ തിരിച്ചറിയുന്നില്ലെന്നും കേവലം ഭൂമിയിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന ദുഷ്ഷന്തന്റെ ജന്മത്തേക്കാൾ ശ്രേഷ്ഠമാണ് ഭൂമിയിലും ആകാശത്തിലും ഒരുപോലെ സഞ്ചരിക്കാൻ സാധിക്കുന്ന തന്റെ ജന്മമെന്നും ശകുന്തള പറയുന്നു. മേരുപർവതവും കടുകും തമ്മിലുള്ള അന്തരം നമ്മൾ തമ്മിലുണ്ടെന്നും ഒട്ടും അറിവില്ലാത്തവനെപ്പോലെയാണ് ദുഷ്ഷന്തൻ സംസാരിക്കുന്നതെന്നും ശകുന്തള ചൂണ്ടിക്കാട്ടുന്നു.

തുടർന്ന് ശകുന്തള സജ്ജനങ്ങളും ദുർജ്ജനങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വളരെ തത്വചിന്താത്മകമായി സംസാരിക്കുന്നു. സ്വന്തം വൈരൂപ്യം തിരിച്ചറിയാത്ത ദുർജ്ജനങ്ങൾ എപ്പോഴും മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞു നടക്കുകയും സ്വന്തം കുറ്റങ്ങൾ തിരിച്ചറിയുകയുമില്ലെന്നും, സജ്ജനങ്ങൾ മറ്റുളളവരുടെ കുറ്റങ്ങൾ കണ്ടെത്തി നിന്ദിക്കുകയില്ലെന്നും ശകുന്തള പറയുന്നു. തെളിഞ്ഞ വെള്ളത്തിൽ കുളിച്ചാലും വീണ്ടും മണ്ണിൽ കുളിച്ച് സന്തോഷം കണ്ടെത്തുന്ന മദയാനയെപ്പോലെയാണ് നല്ല ആളുകളെ നിന്ദിച്ച് സന്തോഷം കണ്ടെത്തുന്ന ദുർജ്ജനങ്ങൾ എന്നും ശകുന്തള ചൂണ്ടിക്കട്ടുന്നു. ഇത്തരത്തിൽ സത്യധർമ്മങ്ങൾ വെടിഞ്ഞ പുരുഷനെ ക്രൂദ്ധനായ സർപ്പത്തെക്കാൾ പേടിക്കണമെന്നും അറിവില്ലാത്തവനായ അവനോട് പണ്ഡിതന്മാർ ശുഭാശുഭകാര്യങ്ങൾ പറഞ്ഞാൽ അതിൽ നിന്ന് അശുഭം മാത്രമേ അവൻ ഗ്രഹിക്കുകയുള്ളൂ എന്നും പാലും വെള്ളവും കലർത്തി നൽകിയാൽ അതിൽനിന്ന് അരയന്നം പാൽ മാത്രം വേർതിരിച്ചു കുടിക്കുന്നതുപോലെ മനസ്സിൽ നന്മയുള്ളവർ നല്ല കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കും എന്ന് ശകുന്തള ദുഷ്ഷന്തനോട്‌ പറയുന്നു.

സ്ത്രീത്വത്തെ അപമാനിച്ച ദുഷ്ഷന്തനോട്‌ ശകുന്തള ഇപ്രകാരം പറയുന്ന സമയത്ത് ആകാശത്തുനിന്ന് അശരീരി ഉണ്ടാകുകയും ദേവസ്ത്രീസമയായ ശകുന്തളയെയും സ്വന്തം പുത്രനെയും സ്വീകരിക്കാൻ ദുഷ്ഷന്തനോട്‌ ആവശ്യപ്പെടുകയും ചെയ്യുന്നു. രാജ്യഭരണം വൈകാതെ മകനെ ഏൽപ്പിക്കണമെന്നും മകൻ ഭരതനെന്ന പേരിൽ പ്രസിദ്ധനായിത്തീരുമെന്നും അശരീരിയിൽ പറയുന്നു. ദേവന്മാരുടെ വാക്കുകൾ ദുഷ്ഷന്തൻ ശിരസ്സാ വഹിക്കുന്നു. തുടർന്ന് ശകുന്തള ഭർത്താവിനോടൊപ്പം സന്തോഷപൂർവം കഴിഞ്ഞു.


🌹Q 1 : തന്റെ കൊട്ടാരത്തിൽ എത്തിച്ചേർന്ന ശകുന്തളയെ ദുഷ്ഷന്തൻ എപ്രകാരമെല്ലാമാണ് അധിക്ഷേപിച്ചത്? (അരപ്പുറം , സ്കോർ 4 )

സ്ത്രീകളെ മൊത്തം അധിക്ഷേപിക്കുന്ന വാക്കുകളാണ് ശകുന്തളയ്ക്ക് ദുഷ്ഷന്തനിൽ നിന്ന് നേരിടേണ്ടി വരുന്നത്. സ്ത്രീകൾ പൊതുവെ ഇല്ലാത്ത വലുപ്പം ഭാവിക്കുന്ന അഹങ്കാരികളാണെന്നും ശകുന്തളയും അത്തരക്കാരിയാണണെന്നും ദുഷ്ഷന്തൻ ആരോപിക്കുന്നു. വഴിപിഴച്ചവളായ ശകുന്തള കുലസ്ത്രീയെന്ന് നടിക്കുന്നവളാണെന്നും ദുഷ്ഷന്തൻ കുറ്റപ്പെടുത്തുന്നു. സ്വർണാഭരണങ്ങളിലും മനോഹരവസ്ത്രങ്ങളിലും ആസക്തിയുള്ള ശകുന്തള അത് നേടാൻ വേണ്ടിയാണ് കൊട്ടാരത്തിൽ കളവ് പറഞ്ഞു എത്തിച്ചേർന്നതെന്ന് ദുഷ്ഷന്തൻ ആക്ഷേപിക്കുന്നു. കുയിൽപ്പേടയെപ്പോലെ അന്യനാൽ വളർത്തപ്പെട്ടവളാണ് ശകുന്തളയെന്നും അതുകൊണ്ട് അവളിൽ വളർത്തുദോഷവും ദുഷ്ഷന്തൻ ആരോപിക്കുന്നു.

🌹 Q 2 : തന്നെ അധിക്ഷേപിക്കുന്ന ദുഷ്ഷന്തനോടുള്ള പ്രതികരണമായി ശകുന്തള പറയുന്ന ലോകതത്ത്വങ്ങൾ വിശദമാക്കുക (അരപ്പുറം , സ്കോർ 4 )

പണ്ഡിതൻമാരായ ആളുകൾ പോലും അന്യരുടെ കടുകുമണിപോലത്തെ ദോഷങ്ങൾ ഉടനെ കണ്ടെത്തുകയും വലുതായ സ്വന്തം ദോഷങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നില്ല. സ്വന്തം മുഖം കണ്ണാടിയിൽ കാണുന്നതുവരെ അത് ഭംഗിയുള്ളതാണെന്ന് വിചാരിക്കുന്ന വിരൂപന്മാർ സ്വന്തം കുറ്റങ്ങൾ തിരിച്ചയാതെ മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞു നടക്കും. കുറവുകളില്ലാത്തവർ മറ്റുളളവരുടെ കുറ്റങ്ങൾ കണ്ടെത്തി നിന്ദിക്കുകയില്ല. തെളിഞ്ഞ വെള്ളത്തിൽ കുളിച്ചാലും വീണ്ടും മണ്ണിൽ കുളിച്ച് സന്തോഷം കണ്ടെത്തുന്ന മദയാനയെ പോലെയാണ് നല്ല ആളുകളെ നിന്ദിച്ച് സന്തോഷം കണ്ടെത്തുന്ന ദുർജ്ജനങ്ങൾ.

സത്യധർമ്മങ്ങൾ വെടിഞ്ഞ പുരുഷനെ കുദ്ധനായ സർപ്പത്തെക്കാൾ പേടിക്കേണ്ടതുണ്ട്. അറിവില്ലാത്തവനായ അവനോട് പണ്ഡിതന്മാർ ശുഭാശുഭകാര്യങ്ങൾ പറഞ്ഞാൽ അതിൽ നിന്ന് അശുഭം മാത്രമേ അവൻ ഗ്രഹിക്കുകയുള്ളൂ.  പാലും വെള്ളവും കലർത്തി നൽകിയാൽ അതിൽനിന്ന് അരയന്നം പാൽ മാത്രം കുടിക്കുന്നതുപോലെ മനസ്സിൽ നന്മയുള്ളവർ നല്ല കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കും.

 

🌹 Q : 3. ദൈവദശകകത്തെ മറ്റു പ്രാർത്ഥനകളിൽ നിന്നു വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ എന്തെല്ലാം?(അരപ്പുറം , സ്കോർ 4 )

 

വിശ്വ പ്രാർത്ഥനയുടെ തലത്തിലേക്ക് ഉയർത്തപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതിയാണ് ദൈവാശകം. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന, താരതമ്യേന ലളിതമായ ഭാഷയിൽ രചിക്കപ്പെട്ട ഒരു കൃതിയാണ് ദൈവദശകം.

ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തിന്റെ ദൈവത്തെ വിളിച്ചുകൊണ്ടുള്ള പ്രാർത്ഥനാ രീതിയല്ല ദൈവദശകത്തിലുള്ളത്. മുഴുവൻ ലോകജനതയ്ക്കും  ഒരുമിച്ച് അഭയം തേടാവുന്ന ഒരൊറ്റ ദൈവം ആണ് ഇവിടെയുള്ളത് എന്ന ചിന്തയിലൂടെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവിന്റെ മഹത് ദർശനം  ഊട്ടിയുറപ്പിക്കുന്ന കൃതിയാണിത്.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ അന്നവും വസ്ത്രവും യാതൊരു മുട്ടും കൂടാതെ തന്ന്  രക്ഷിച്ചു പോരുകയും ധന്യരാക്കുകയും ചെയ്യുന്ന ദൈവസങ്കല്പമാണ് ദൈവദശകത്തിൽ ഗുരു അവതരിപ്പിക്കുന്നത്.

 

🌹Q : 4 "നിന്നുടെ ജന്മത്തേക്കാൾ ശ്രേഷ്ഠമെന്നുടെ ജന്മം" എന്ന് ശകുന്തള പറയാനിടയായ സാഹചര്യം വിശദീകരിച്ച് കുറിപ്പ് തയ്യാറാക്കുക. (ഒരു പുറം , സ്കോർ 6 )

എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിലെ സംഭവപർവ്വത്തിലെ ശകുന്തളോപാഖ്യാനം ആണ് പാഠസന്ദർഭം.  ഗാന്ധർവ്വ വിധി പ്രകാരം തന്നെ വിവാഹം ചെയ്ത ദുഷ്ഷന്തന്റെ കൊട്ടാരത്തിലേക്ക് ശകുന്തള പുത്രനോടൊപ്പം എത്തിച്ചേരുന്നു. ദുഷ്ഷന്തൻ ശകുന്തളയുമായുള്ള പൂർവ്വ ബന്ധം മറന്നു പോയതിനാൽ പരുഷവാക്കുകൾ പറഞ്ഞ് ആക്ഷേപിക്കുന്നു.  അമ്മയായ മേനക ഉപേക്ഷിച്ചതിനാൽ അന്യരാണ് ശകുന്തളയെ വളർത്തിയത്.  അതുകൊണ്ടുതന്നെ ശകുന്തളയ്ക്ക് വളർത്തുദോഷമുണ്ട്. കാക്കക്കൂട്ടിൽ വളർന്ന കുയിലിനെപ്പോലെ പരഭൃതയാണ് (അന്യനാൽ വളർത്തപ്പെട്ടവളാണ്) ശകുന്തളയെന്നും ദുഷ്യന്തൻ ആരോപിക്കുന്നു.

ഇങ്ങനെ അപമാനിതയാകുന്ന ശകുന്തള തന്റെ ആത്മാഭിമാനം വീണ്ടെടുത്ത് തന്റെ ശ്രേഷ്ഠത ദുഷ്യന്തന്റെ മുന്നിൽ ഉയർത്തിക്കാട്ടുന്നു. രാജാക്കന്മാർ പോലും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാജർഷിയായ വിശ്വാമിത്ര മഹർഷിയുടെയും ദേവലോക സദസ്സിലെ അപ്സര സുന്ദരിയായ  മേനകയുടെയും മകളാണ് താൻ. അതുകൊണ്ടുതന്നെ ഈ രണ്ടു പേരുടെയും സിദ്ധികൾ തനിക്ക് ലഭിച്ചിട്ടുണ്ട്. ദുഷ്ഷന്തൻ ഭൂമിയിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന രാജാവാണ്. എന്നാൽ ഭൂമിയിലും ആകാശത്തിലും (സ്വർഗത്തിലും ) ഒരേപോലെ സഞ്ചരിക്കാൻ കഴിയുന്ന, രണ്ട് ലോകത്തിലും സമ്മതയായവളാണ് താൻ. അതിനാൽത്തന്നെ ദുഷ്ഷന്തന്റെ ജന്മത്തേക്കാൾ ശ്രേഷ്ഠം തന്റെ ജന്മം തന്നെയാണെന്ന് ശകുന്തള സമർത്ഥിക്കുന്നു.

🌹Q : 5 “അരുതെന്തയി! വീണ്ടുമെത്തി ഞാൻ തിരുമുമ്പിൽ തെളിവേകി ദേവിയായ് മരുവീടണമെന്നു മന്നവൻ കരുതുന്നോ? ശരി! പാവയോയിവൾ?" (ചിന്താവിഷ്ടയായ സീത- കുമാരനാശാൻ)

ആശാന്റെ സീതയുടെയും എഴുത്തച്ഛന്റെ ശകുന്തളയുടെയും സ്വഭാവത്തിൽ പ്രകടമാവുന്ന സമാനതകൾ കണ്ടെത്തി വിലയിരുത്തൽക്കുറിപ്പ് തയാറാക്കുക. (ഒരു പുറം സ്കോർ 6 )

ചിരപരിചിതമായ രാമായണ കഥകളിൽ നിന്നും വ്യത്യസ്തമാണ് ആശാന്റെ സീതാകാവ്യം. ആശാന്റെ സീത വാല്മീകിയുടെയും എഴുത്തച്ഛന്റെയും സീതയിൽ നിന്ന് നിന്ന് വ്യത്യസ്തമായി അവതരിക്കപ്പെട്ടവളാണ്. വ്യാസ മഹാഭാരതത്തിൽ അവതരിപ്പിച്ചതിനു സമാനമായാണ് ശകുന്തളയെ എഴുത്തച്ഛൻ അവതരിപ്പിച്ചിട്ടുള്ളത്.

കഥാപാത്രാവിഷ്കാരത്തിൽ ആശാന്റെ സീതയും എഴുത്തച്ഛന്റെ ശകുന്തളയും സവിശേഷമായ സമാനത പുലർത്തുന്നു. രണ്ടുപേരും പുരുഷാധിപത്യ വ്യവസ്ഥിതിയോട് കലഹം നടത്തുന്നു. പുരുഷന്റെ കളിപ്പാവയല്ല സ്ത്രീ എന്ന സ്വാതന്ത്ര്യപ്രഖ്യാപനം ആശാന്റെ സീത നടത്തുന്നു. സ്വയം വിമർശനത്തിന് വിധേയമാകാതെ അന്യരെ വിമർശിക്കുക മാത്രം ചെയ്യുന്ന പുരുഷശീലങ്ങളോടുള്ള  കലഹം എഴുത്തച്ഛന്റെ ശകുന്തളയും പ്രകടിപ്പിക്കുന്നു. പുരുഷകേന്ദ്രീകൃതമായ അധികാര വ്യവസ്ഥയെ രണ്ടു കഥാപാത്രങ്ങളും ചോദ്യം ചെയ്യുന്നു. രണ്ടു കഥാപാത്രങ്ങളുടെയും പരിശുദ്ധി ചോദ്യം ചെയ്യപ്പെടുകയും ജനങ്ങളുടെ മുന്നിൽ പരിശുദ്ധി ബോധ്യപ്പെടുത്തേണ്ട അവസ്ഥ രൂപപ്പെടുകയും ചെയ്യുന്നു. എങ്കിലും സ്ത്രീത്വത്തിന് വിലകൽപ്പിക്കാത്ത ആണധികാരത്തെ വളരെ ശക്തിയായി രണ്ടു കഥാപാത്രങ്ങളും ചോദ്യം ചെയ്യുന്നു.

🌹Q : 6 "വിണ്ണിൽ നിന്നശരീരി തന്നുടെ വാക്യം കേട്ടു " ഈ അശരീരി വാക്യം കാവ്യഗതിയെ മാറ്റിയതെങ്ങനെയെന്ന് ഒരു ലഘുവിവരണം എഴുതുക (ഒരു പുറം സ്കോർ 6 )

മകനായ സർവ്വദമനനോടൊപ്പം ദുഷ്ഷന്തന്റെ കൊട്ടാരത്തിൽ എത്തിച്ചേർന്ന ശകുന്തളയെ പൂർവ്വ ബന്ധം മറന്നുപോയ ദുഷ്ഷന്തൻ ആക്ഷേപ ശരങ്ങൾ കൊണ്ട് മൂടുന്നു. ധാർഷ്ട്യമുള്ളവളെന്നും വഴിപിഴച്ചു പോയവളെന്നും സ്വർണ്ണാഭരണ വസ്ത്രങ്ങളിൽ അഭിരമിക്കുന്നവളെന്നും വളർത്തു ദോഷമുള്ളവളെന്നും പറഞ്ഞ്  ശകുന്തളയെ തന്റെ കൊട്ടാരത്തിൽനിന്ന് ആട്ടിയോടിക്കാൻ ശ്രമിച്ച ദുഷ്ഷന്തനോട്  ശകുന്തള അതേ നാണയത്തിൽ തന്നെ നിർഭയമായി മറുപടി നൽകുന്നു. മറ്റുള്ളവരുടെ കുറ്റങ്ങൾ മാത്രം കണ്ടെത്തന്ന സ്വന്തം പോരായ്മയെക്കുറിച്ച് അറിവില്ലാത്തവനാണ് ദുഷ്ഷന്തൻ എന്നും മേരു പർവ്വതവും കടുകും തമ്മിലുള്ള വ്യത്യാസം രണ്ടുപേരും തമ്മിൽ ഉണ്ടെന്നും ശകുന്തള പറയുന്നു. തന്റെ പണ്ഡിതോചിതമായ സംസാരത്തിനിടയിൽ ശകുന്തള ദുഷ്ഷന്തനെതിരെ പൊടിയിൽ കുളിക്കുന്ന മദയാന, ക്രുദ്ധനായ സർപ്പം, മൂർഖൻ എന്നൊക്കെയുള്ള ഒളിയമ്പുകൾ എയ്യുന്നു. അങ്ങനെ അത്യന്തം കലുഷിതമായ ഒരു സാഹചര്യം നിലനിൽക്കുന്ന അന്തരീക്ഷത്തിലേക്കാണ് അശരീരി  ശബ്ദം വരുന്നത്. നമ്മുടെ പുരാണ-ഇതിഹാസങ്ങളിൽ ദൈവവചനം ആയാണ് അശരീരിയെ കണക്കാക്കുന്നത്. കാവ്യ സന്ദർഭത്തിൽ ശകുന്തളയെ സ്വീകരിക്കാനാണ് അശരീരി വചനം ആവശ്യപ്പെടുന്നത്. അശരീരി അനുസരിച്ച് ശകുന്തളയെ സ്വീകരിച്ചാൽ അവളുടെ പരിശുദ്ധിയും നന്മയും ജനം മനസ്സിലാക്കുമെന്ന് രാജാവും ചിന്തിച്ചിരിക്കുന്നു. അങ്ങനെ പ്രശ്നസമാനമായ ഒരു അന്തരീക്ഷം ഇവിടെ പരിഹരിക്കപ്പെടുന്നു. ഒരുപക്ഷേ, ദുരന്ത പര്യവസായിയായി തീരുമായിരുന്ന ഒരു സന്ദർഭം അശരീരി വാക്യത്തിലൂടെ ശുഭപര്യവസായി ആയിത്തീരുകയും കാവ്യഗതിയെ മാറ്റുകയും ചെയ്യുന്നു.

🌹Q : 7 “നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചീടും" എഴുത്തച്ഛന്റെ ഈ വരിയിൽ പ്രതിഫലിക്കുന്ന ആശയത്തെ സാമൂഹികപ്രവർത്തകയായ ദയാബായിയുടെ  ജീവിതാനുഭവവുമായി ബന്ധപ്പെടുത്തി കുറിപ്പ് തയ്യാറാക്കുക.

മധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന മലയാളിയായ സാമൂഹിക പ്രവർത്തകയാണ് ദയബായ് എന്ന മേഴ്സി മാത്യു. കന്യാസ്ത്രീ ആവാൻ ആഗ്രഹിച്ച ഉന്നത ബിരുദധാരിയായ ദയാബായി, തനിക്ക് ലഭിക്കുമായിരുന്ന ഉയർന്ന ഉദ്യോഗവും ജീവിതസാഹചര്യങ്ങളും ഉപേക്ഷിച്ചാണ് തന്റെ ജീവിതം ദുരിതമനുഭവിക്കുന്നവർക്കായി മാറ്റിവെച്ചത്. ദുരിതപൂർണമായ ജീവിതം നയിക്കുന്ന മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ അവരെ അലട്ടുകയും സുഖപ്രദമായ സാഹചര്യങ്ങളിൽ തനിക്ക് ജീവിക്കാൻ കഴിയുകയില്ലെന്ന് തിരിച്ചറിയുകയും ചെയ്ത സവിശേഷ വ്യക്തിത്വത്തിനുടമയാണ് ദയാബായ്.

ആദിവാസി-ഗോത്ര വിഭാഗങ്ങൾ, അവരിലൊരാളായാൽ മാത്രമേ തന്നെ അംഗീകരിക്കുകയുള്ളൂ എന്നു മനസ്സിലാക്കിയ ദയാബായി അവരുടെ വേഷവും ഭാഷയും ഭക്ഷണരീതിയും സ്വീകരിച്ചു അവരിലൊരാളായി. ആരോരും തിരിഞ്ഞുനോക്കാത്ത ഗോത്രവർഗ്ഗക്കാർക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയും നിരന്തരം ചൂഷണത്തിനും പീഡനത്തിനും ഇരയായി കൊണ്ടിരുന്ന ഗോത്രവർഗ്ഗക്കാർക്ക് വേണ്ടി നിരവധി നിയമ പോരാട്ടങ്ങൾ നടത്തുകയും ചെയ്തു ദയബായ്. ദയാബായിയുടെ ഇത്തരം പ്രവർത്തനങ്ങൾ ഇരുളടഞ്ഞ ഗോത്രവർഗ്ഗക്കാരുടെ ജീവിതത്തിൽ വെളിച്ചം പരത്തുകയും അവരുടെ ജീവിത നിലവാരം ഉയർത്താൻ സഹായിക്കുകയും ചെയ്തു.

ദയാബായിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി 'ട്രൈബൽ മേഴ്സി' എന്ന ഒരു ഡോക്യുമെന്ററി ദൂരദർശൻ നിർമ്മിച്ച് സംപ്രേഷണം ചെയ്തിട്ടുണ്ട്. ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത 'ഒറ്റയാൾ' എന്ന ഡോക്യുമെന്ററി ദയാബായിയുടെ സാമൂഹ്യ പ്രവർത്തനത്തിന്റെ നാൾവഴികൾ കാട്ടി തരുന്നതാണ്. കന്യാമഠത്തിൽനിന്ന് ഗോത്ര വർഗ്ഗക്കാരുടെ ഇടയിൽ എത്തി സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ദയാബായിയുടെ ആത്മകഥയാണ് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 'പച്ചവിരൽ'.

'നല്ലനായിരിപ്പവൻ നല്ലത് ഗ്രഹിച്ചിടും വെള്ളത്തെ വെടിഞ്ഞു പാലന്നമെന്നത് പോലെ' എന്ന എഴുത്തച്ഛന്റെ വരികളെ സാധൂകരിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ ദയാബായിയുടെ ജീവിതത്തിൽ നിന്ന് കണ്ടെത്താൻ സാധിക്കുന്നതാണ്. അതിലൊന്നാണ് ആരും ഏറ്റെടുക്കാനും ശുശ്രൂഷിക്കാനും തയ്യാറാകാതിരുന്ന നിരാലംബരായ ഒരു വൃദ്ധനെ അവർ ഏറ്റെടുക്കുന്ന സന്ദർഭം. അവശനായ വൃദ്ധനെ തന്റെ കൂടെയുള്ള ആരും പരിചരിക്കാൻ തയ്യാറാവാതിരുന്നപ്പോൾ ദയാബായി അദ്ദേഹത്തെ കൈവിടുന്നില്ല. താൻ കൂടി കൈവെടിഞ്ഞാൽ അദ്ദേഹത്തിന്റെ പരിചരണം ആരും ഏറ്റെടുക്കില്ല എന്ന് മനസ്സിലാക്കിയ ദയാബായി അദ്ദേഹത്തിന്റെ ശുശ്രൂഷ സന്തോഷത്തോടെ ഏറ്റെടുക്കുന്നു.

ഇത്തരത്തിൽ സഹായം ആവശ്യമുള്ളവരെ ചേർത്തു നിർത്തുകയും സഹായിക്കുകയും ചെയ്ത നിരവധി സന്ദർഭങ്ങൾ ദയാബായിയുടെ ജീവിതത്തിൽ കാണാവുന്നതാണ്.

🌹Q : 8 "കാവ്യഭാഷയുടെ കരുത്തിനും കാന്തിക്കും നിദർശനമാണ് ശകുന്തളോപാഖ്യാനത്തിലെ വരികൾ"- ഓ.എൻ.വി യുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അപഗ്രഥനക്കുറിപ്പ് തയ്യാറാക്കുക (ഒന്നരപ്പുറം, സ്കോർ 8 )

ഹൃദയം നിറഞ്ഞ ഭക്തിയും തെളിവുറ്റ ആത്മജ്ഞാനവും അചഞ്ചലമായ ധർമ്മബോധവുമുള്ള കവിയായിരുന്നു എഴുത്തച്ഛൻ. പഴമയുടെ പ്രതിനിധിയായല്ല പുതുമയുടെ പ്രചോദകനായിട്ടാണ് നമ്മൾ എഴുത്തച്ഛനെ കാണുന്നത്. മലയാളകവിതയെ ആവേശിച്ചിരുന്ന അവ്യവസ്ഥിതവും ഏതാണ്ട് നിർജ്ജീവവുമായ അവസ്ഥയിൽ നിന്നും തട്ടിയുണർത്തി അതിനു പുതുജീവൻ പകർന്നത് എഴുത്തച്ഛനാണ്.

ജീർണ്ണതയിലേക്ക് വഴുതിവീണ ഒരു ജനതയെ സ്വന്തം വാക്കുകൊണ്ട് ഉദ്ധരിക്കാൻ മുന്നോട്ടുവന്ന ആചാര്യനാണ് എഴുത്തച്ഛൻ. അദ്ദേഹത്തിന്റെ മഹത്വം വ്യക്തമാക്കാൻ ഭാഷാപിതാവ് എന്ന വിശേഷണം തന്നെ മതി. അദ്ദേഹത്തിന് മുമ്പും മലയാളഭാഷ ഉണ്ടായിരുന്നു. എന്നിട്ടും ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന സ്ഥാനം നൽകി നാം അദ്ദേഹത്തെ ആദരിക്കുന്നു. അദ്ധ്യാത്മരാമായണത്തോടൊപ്പം മഹാഭാരതം കിളിപ്പാട്ടും എഴുത്തച്ഛന്റേതായിട്ടുണ്ട്. തന്റെ രണ്ടു കിളിപ്പാട്ടുകളാൽ ആധുനിക മലയാള ഭാഷയുടെയും കവിതയുടെയും ഗതി നിയന്ത്രിച്ചതിനാലാണ് അദ്ദേഹത്തെ ഭാഷാപിതാവ് എന്ന് വിളിക്കുന്നത്. എഴുത്തച്ഛന്റെ കവിത്വത്തിന്റെ പൂർണത കാണുന്നത് മഹാഭാരതം കിളിപ്പാട്ടിലാണ്. പാട്ടും മണിപ്രവാളവും ഉൾപ്പെടെയുള്ള മുൻകാല പാരമ്പര്യങ്ങളെയെല്ലാം പരിഷ്ക്കരിച്ച് ഒരു നൂതന കാവ്യഭാഷ എഴുത്തച്ഛൻ സൃഷ്ടിച്ചു.

സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകുന്ന പദപ്രയോഗങ്ങൾ, നാടൻ ശീലുകൾ, ലോകോക്തികൾ, സംസാര ഭാഷയിലും എഴുത്തു ഭാഷയിലും പ്രസിദ്ധമായ ചൊല്ലുകൾ ഇവകൊണ്ടെല്ലാം സമ്പന്നമാണ് എഴുത്തച്ഛന്റെ ഭാഷ. 'ശകുന്തളോപാഖ്യാനം വരുന്ന സംഭവപർവ്വവും ഈ പറഞ്ഞ സ്വഭാവസവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്. ചില സന്ദർഭങ്ങളിൽ തനി സംസ്കൃത പദങ്ങളും(ഉദാ:- മത്തേഭം, പാംസുസ്നാനം)എഴുത്തച്ഛൻ ഉപയോഗിക്കുന്നതായി കാണാം. പക്ഷേ അത് ഭാഷയ്ക്ക് നൽകുന്നത് പ്രൗഢിയാണ്.

'കേട്ടുകേളി', 'കടുകിന്മണി' തുടങ്ങി നിത്യ ജീവിത സാഹചര്യങ്ങളിൽ നിന്നും നാട്ടുസംസ്കാര ഇടങ്ങളിൽ നിന്നും രൂപപ്പെട്ട പദങ്ങൾ എഴുത്തച്ഛന്റെ രചനാ സവിശേഷതയ്ക്ക് ഉത്തമ ഉദാഹരണങ്ങളാണ്. ഇതോടൊപ്പം തന്നെ 'ഉവന്നു', 'നല്ലൻ', 'തമ്മുടെ' തുടങ്ങിയ പ്രാചീനപദങ്ങളുടെ പ്രയോഗവും കവിതയുടെ മാറ്റുകൂട്ടുന്നു.

'പരഭൃത' എന്ന പ്രയോഗത്തിലൂടെ ശകുന്തളയെ കാക്കക്കൂട്ടിൽ മുട്ടയിടുന്ന കുയിലിനോട് ഉപമിക്കുന്നത് ശ്രദ്ധേയമാണ്. അച്ഛനമ്മമാരുടെ പരിചരണത്തിൽ വളരാത്തതിനാൽ വളർത്തുദോഷം ഉള്ളവളാണ് ശകുന്തളയെന്ന നിന്ദാസൂചനയിലേക്ക് എത്തിക്കാൻ ‘പരഭൃത' എന്ന പദത്തിന് കഴിയുന്നു. ദുർജ്ജന സ്വഭാവത്തെ മദയാനയോട് സാമ്യപ്പെടുത്തുന്നതും ശ്രദ്ധേയമാണ്. അന്യരെ കുറ്റപ്പെടുത്തുമ്പോൾ ദുർജ്ജനങ്ങൾക്ക് ലഭിക്കുന്ന സന്തോഷത്തിന് സമാനമാണ് മദയാനയുടെ മണ്ണ്കുത്തി വാരിയെറിഞ്ഞു കൊണ്ടുള്ള കളി. ഇവിടെ ലോകതത്വത്തെ സൂക്ഷ്മമായി ആവിഷ്ക്കരിക്കാൻ എഴുത്തച്ഛന് കഴിയുന്നു. കൂടാതെ "കേട്ടുകേളിയേയുള്ളൂ കണ്ടിട്ടില്ലേവം മുന്നം", ''കണ്ണാടികാൺമോളവും തന്നുടെ മുഖമേറ്റം നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാർ", "സത്യധർമ്മാദി വെടിഞ്ഞീടിന പുരുഷനെ ക്രുദ്ധനാം സർപ്പത്തേക്കാളേറ്റവും പേടിക്കേണം", " മത്തേഭം പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പു, നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും", "സജ്ജന നിന്ദകൊണ്ടേ ദുർജ്ജനം സന്തോഷിപ്പൂ, സജ്ജനത്തിനു നിന്ദയില്ല ദുർജ്ജനത്തേയും" തുടങ്ങിയ പ്രയോഗങ്ങൾ വാമൊഴിയിലും വരമൊഴിയിലും പ്രതിഷ്ഠ നേടിയവയാണ്

പ്രസിദ്ധമാണ് എഴുത്തച്ഛന്റെ പ്രാസ പ്രയോഗം. " കുലടയായ നീ വന്നെന്നോട് കുലീനയെന്നലസാലാപം ചെയ്തതഖിലമലമലം" എന്നീ വരികളിലെ പ്രാസ പ്രയോഗം വളരെ ഭംഗിയായി ദുഷ്ഷന്തന്റെ പരിഹാസത്തെ ധ്വനിപ്പിക്കുന്നു. 'ധാത്രീശൻ' 'ഭവാൻ' തുടങ്ങിയ സ്തുതി വാക്കുകൾ പരിഹാസപൂർവം ഉപയോഗിക്കുന്നതിന്റെ ഔചിത്യം കവിതയിൽ കാണാം.

ഇത്തരത്തിൽ ഒഎൻവി കുറുപ്പിന്റെ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ് എഴുത്തച്ഛന്റെ ഭാഷയും ദർശനവുമെല്ലാം എന്ന് വ്യക്തമാക്കുന്ന കവിതാ ഭാഗമാണ് 'കണ്ണാടികാൺമോളവും'.

🌹Q : 9 “പ്രപഞ്ചത്തിന്റെ സത്യമെന്തെന്ന് ജിജ്ഞാസുവിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന ഒരു വിശ്വപ്രാർഥനയാണ് ദൈവദശകം. -ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പാഠപുസ്തകത്തിൽ തന്നിരിക്കുന്ന ദൈവാദശകത്തിലെ വരികൾ വ്യാഖ്യാനിച്ച് കുറിപ്പ് തയാറാക്കുക.

കേരളീയ ജീവിതത്തിന്റെ ഗതിവിഗതികളെ സാരവത്തായി സ്വാധീനിച്ച ആത്മീയ വ്യക്തിത്വമായിരുന്നു ശ്രീനാരായണഗുരുവിന്റേത്. കേരളത്തിലെ ചരിത്രപരമായ നവോത്ഥാന ചുവടുവെപ്പുകൾക്ക് നേതൃത്വം നൽകിയ സാമൂഹ്യ പരിഷ്കർത്താവും ആത്മീയാചാര്യനും ആണ് ശ്രീ നാരായണ ഗുരു. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്എന്ന ആപ്തവാക്യവുമായി കേരളത്തിൽ നിലനിന്നിരുന്ന  ജാതീയ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ദാർശനികൻആദ്ധ്യാത്മിക ഗുരുസാമൂഹ്യ വിപ്ലവകാരി എന്നിങ്ങനെ നാനാ മണ്ഡലങ്ങളിൽ  വ്യാപിച്ചു കിടക്കുന്ന ഗുരുവിന്റെ  വൈഭവങ്ങൾ കേരളീയ സമൂഹത്തിന് സുപരിചിതമാണ്. തുല്യ നിലയിൽ തന്നെ സമാദരണീയമാണ് നാരായണഗുരുവിന്റെ കവിത്വവും.  അദ്ദേഹത്തിന്റെ ഗഹനമായ ദർശനങ്ങളുടെയും സന്ദേശങ്ങളുടെയും നല്ലൊരുഭാഗവും കാവ്യരൂപത്തിൽ ഉള്ളവയാണ്. സാമ്പ്രദായിക സ്തോത്രകൃതികൾ തൊട്ട് ആധ്യാത്മിക അനുഭൂതിയുടെ സൂക്ഷ്മ ആവിഷ്കാരങ്ങൾ ആയ ദാർശനിക കാവ്യങ്ങൾ വരെ അദ്ദേഹത്തിന്റെ രചനകളിൽ ഉണ്ട്.   ഭാരതീയമായ അദ്വൈത ചിന്ത തന്നെയാണ് നാരായണ ഗുരുവിന്റെ എല്ലാ ദർശനങ്ങളുടെയും കാതൽ. ഇതേ അദ്വൈത ദർശനത്തിന്റെ ഭാവാവിഷ്ക്കാരങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ രചനകളും.

 

       ദൈവദശകം

ശ്രീനാരായണഗുരു അദ്വൈത ദർശനത്തെ അടിസ്ഥാനമാക്കി രചിച്ച, പത്ത് ശ്ലോകങ്ങളടങ്ങിയ കൃതിയാണ് ദൈവദശകം. ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃത വിദ്യാപീഠത്തിലെ നാനാജാതിമത വിഭാഗങ്ങളിൽപ്പെട്ട  വിദ്യാർഥികൾക്ക് ചൊല്ലുവാൻ വേണ്ടി 1914-ലാണ് ദൈവദശകം രചിച്ചത്. ഇന്ന് കേരളത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന പ്രാർത്ഥനാ ഗീതങ്ങളിൽ ഒന്നാണിത്.  വിശ്വ പ്രാർത്ഥനയുടെ തലത്തിലേക്ക് ഉയർത്തപ്പെട്ട ഒരു കൃതി കൂടിയാണിത്. യൂറോപ്പിൽ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച വർഷത്തിൽ തന്നെയാണ് പരമ ശാന്തിയുടെ പ്രകീർത്തനമായ ഈ പ്രാർത്ഥനാഗീതം രചിക്കപ്പെട്ടത്. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന, താരതമ്യേന ലളിതമായ ഭാഷയിൽ രചിക്കപ്പെട്ട ഒരു കൃതിയാണ് ദൈവദശകം.

പരമാത്മാവാകുന്ന ദൈവത്തോട് ഈ ലോകത്തിലെ സകല ചരാചരങ്ങളെയും കൈവിടാതെ കാത്തുരക്ഷിക്കണം എന്ന അപേക്ഷയോട് കൂടി തുടങ്ങുന്ന ഈ പ്രാർത്ഥനാഗീതം അവസാനിക്കുന്നത്സർവ്വർക്കും സൗഖ്യം നൽകേണമേ എന്ന പ്രാർത്ഥനയോടെയാണ്. 'ദൈവമേ' എന്ന് വിളിച്ചു കൊണ്ട് തുടങ്ങി 'സുഖം' എന്ന് പറഞ്ഞു കൊണ്ട് അവസാനിക്കുന്ന പ്രാർത്ഥന.

മതങ്ങളുടെ ആത്യന്തിക ലക്ഷ്യം ആത്മസുഖം ആണെന്നും ദൈവ സാക്ഷാത്കാരമാണ് ഇതിലേക്ക് എത്തിക്കുന്നതെന്നും  എല്ലാ മതവും പറയുന്നു. അതിലേക്കുള്ള ലക്ഷ്യവും മാർഗവും വെളിച്ചവും ദൈവം തന്നെയാണ്.

പരമാത്മാവുന്ന തോണിയും ആ തോണിയിലെ നാവികനുമായ ദൈവത്തോട് ഈ ലോകത്തിലെ ചരാചരങ്ങളായ തങ്ങളെ കൈവിട്ടുകളയാതെ എപ്പോഴും കാത്തുകൊള്ളണമെന്നുള്ള പ്രാര്‍ത്ഥനയോടെയാണ്  ആദ്യ ശ്ലോകം ആരംഭിക്കുന്നത്.

ഗുരു മുന്നോട്ടു വെച്ചിട്ടുള്ള മുഴുവൻ ദർശനങ്ങളുടെയും സത്തയായുംദൈവദശകത്തിന്റെ ആത്മാവായും കണക്കാക്കാൻ പറ്റുന്നതാണ് രണ്ടാമത്തെ ശ്ലോകം.

ഈ പ്രപഞ്ചത്തെ ഒന്നൊന്നായി പരിശോധിച്ച് ചെല്ലുമ്പോൾ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് നമ്മൾ അറിയുന്ന വസ്തുതകൾ കേവലം പ്രതീതികൾ മാത്രമാണെന്ന്  തിരിച്ചറിയുകയുംആ  തിരിച്ചറിവിലേക്ക് എത്തുമ്പോൾ നമ്മുടെ നോട്ടം നമ്മളിലേക്ക് തന്നെ തിരിയുകയും ചെയ്യുന്നു. ദൈവവും(പരമാത്മാവ്) ഭക്തനും (ജീവാത്മാവ്) രണ്ടല്ല ഒന്നുതന്നെയാണെന്നപരമഭക്തനിൽ തന്നെ ദൈവവും കുടികൊള്ളുന്നു എന്ന  അദ്വൈത ദർശനത്തിലേക്കാണ് നമ്മൾ എത്തിചേരുന്നത്.   അതായത് അത് നീയാകുന്നു എന്ന തത്വമസി, അനൽഹക്ക് എന്ന ദർശനം തന്നെയാണത്. എല്ലാ വസ്തുക്കളിലും  ഒരേ ചൈതന്യം തന്നെയാണ് കുടികൊള്ളുന്നത് എന്ന തിരിച്ചറിവാണത്. ശരീരം കൊണ്ട് പലരാണെ lണെങ്കിലും ആത്മാവിൽ ഏകരാണെന്ന തിരിച്ചറിവ് കൂടിയാണിത്.

ആഹാരവും വസ്ത്രവും മുടങ്ങാതെ തന്ന്  രക്ഷിക്കുകയും ധന്യതയിലേക്ക് നയിക്കുകയും ചെയ്ത് ജീവിതത്തെ സുഖകരമാക്കി തീർക്കുന്ന ദൈവത്തിന്റെ അനുഗ്രഹത്തിനു വേണ്ടിയാണ് ഗുരു പ്രാർത്ഥിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ ദൈവത്തെ വിളിച്ചു കൊണ്ടുള്ള പ്രാർത്ഥനാ രീതിയല്ല ദൈവദശകത്തിലുള്ളത്. മുഴുവൻ ലോകജനതയ്ക്കും  ഒരുമിച്ച് അഭയം തേടാവുന്ന ഒരൊറ്റ ദൈവം ആണ് ഇവിടെയുള്ളത് എന്ന ചിന്തയിലൂടെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത് ദർശനം ഗുരു ഊട്ടിയുറപ്പിക്കുന്നു.

 

                                             🌹 എഴുത്തച്ഛന്റെ ഭാഷ

എഴുത്തച്ഛൻ സാഹിത്യ പ്രവർത്തനം തുടങ്ങുമ്പോൾ തൊട്ടു കാണിക്കാവുന്ന വ്യക്തിധർമ്മങ്ങളുള്ള രണ്ടു പ്രസ്ഥാനങ്ങൾ ഭാഷയിൽ ശക്തമായിരുന്നു. പാട്ടും മണിപ്രവാളവും. സംസ്കൃത ഭാഷയിലെ ഹൃദയഹാരിയായ വാക്കുകളെ മലയാളിക്കു വശപ്പെടുത്തിയത് മണിപ്രവാളമായിരുന്നു. പാട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന്റെ ദ്രമിഡസംഘാതാക്ഷരത്വമാണ്. മണിപ്രവാളവും പാട്ടും തമ്മിൽ പ്രാരംഭ ഘട്ടത്തിലുണ്ടായിരുന്ന പ്രകട വ്യതിരേകം കാലം കഴിയുംതോറും കുറഞ്ഞു കുറഞ്ഞു വന്നു. പാട്ടും മണിപ്രവാളവും തമ്മിലുള്ള ഭാഷാപരമായ അന്തരം കുറച്ചതാണ് കണ്ണശക്കവികളുടെ മുഖ്യ സംഭാവന. പാട്ടിന്റെയും മണിപ്രവാളത്തിന്റെയും  ആരോഗ്യകരവും അഭിലഷണീയവും അനുകരണീയവുമായ മേളനഫലമാണ് എഴുത്തച്ഛന്റെ ഭാഷാശൈലി. പാട്ടിന്റെ ഭാവാംശവും മണിപ്രവാളത്തിന്റെ ഭാവാംശവും അസാധാരണവും അത്യന്തം നിഗൂഢവുമായ ഒരു രാസ യോഗത്തിൽ ഒന്നായിത്തീർന്നിരിക്കുന്നു. മലയാളത്തിലെ ശക്തിയുള്ള പദങ്ങളധികവും ഈ കവിയുടെ സ്വന്തമാണ്. എഴുത്തച്ഛനെപ്പോലെ ഭാവാനുരോധമായി ഭാഷ ഉപയോഗിച്ചിട്ടുള്ള ഒരു കവിയും മലയാളത്തിലില്ല. ഓരോ ഭാവത്തിനും എഴുത്തച്ഛന് ഓരോ ഭാഷയുണ്ടായിരുന്നു. വായ്മൊഴിയുടെ ആത്മമുദ്ര പതിഞ്ഞിട്ടുള്ള വാക്കുകളും പ്രയോഗങ്ങളും സരസ്വതിയെപ്പോലെ അന്തർവാഹിനിയായി എഴുത്തച്ഛന്റെ കാവ്യഗംഗയിൽ  ലയിച്ചു ചേർന്നിട്ടുണ്ട്.

                              ( എൻ ആർ ഗോപിനാഥപിള്ള )

 


തഞ്ചത്ത് എഴുത്തച്ഛൻ

പതിനാറാം നൂറ്റാണ്ടാണ് ജീവിതകാലം. മലപ്പുറം ജില്ലയിലെ തിരൂരിലുള്ള തൃക്കണ്ടിയൂരാണ് ജന്മസ്ഥലമെന്ന് കരുതുന്നു. മലയാള ഭാഷയുടെ പിതാവ് എന്ന് സാഹിത്യ ചരിത്രം ആദരിക്കുന്ന കാവ്യഗുരുവാണ് എഴുത്തച്ഛൻ. പാട്ടിന്റെയും മണിപ്രവാളത്തിന്റെയും കാവ്യ സവിശേഷതകൾ സ്വാംശീകരിച്ചുകൊണ്ട് തികച്ചും മൗലികമായൊരു കാവ്യപ്രപഞ്ചം സൃഷ്ടിച്ചു. ഭക്തിയിലൂടെ ഒരു ജനതയെ പരിവർത്തിപ്പിക്കുക എന്ന ചരിത്ര ദൗത്യമാണ് എഴുത്തച്ഛൻ നിർവഹിച്ചത്. മഹാഭാരതം കിളിപ്പാട്ട്അധ്യാത്മരാമായണം കിളിപ്പാട്ട് എന്നിവയാണ് എഴുത്തച്ഛന്റേതെന്ന് ഉറപ്പിച്ചു പറയാവുന്ന കൃതികൾ.

തയ്യാറാക്കിയത് 

Sujila Rani V M , GHSS Muppathadam, Ernakulam



നോട്ട് pdf ആയി ചുവടെയുള്ള ലിങ്കിൽ നിന്ന് ലഭിക്കും.

       

 Kannadi Kanmolavum PDF