Sunday, July 31, 2022

മലയാള കവിതയിലെ ഭാവുകത്വം : 15-ാം നൂറ്റാണ്ടു വരെ - ഭാഗം-2 : ഡോ കുമാർ ജെ

  ഒന്നാമത്തെ വെബിനാറിൽ , വ്യത്യസ്തമായ നിരീക്ഷണങ്ങൾ കുമാർ സാർ അവതരിപ്പിച്ചിരുന്നു. അതിനെക്കുറിച്ച് ധാരാളം ചോദ്യങ്ങളും വിമർശനങ്ങളും ഉയരുകയുണ്ടായി. അവയ്ക്കൊക്കെ മറുപടി പറയുന്നു, തന്റെ നിലപാട് വ്യക്തമാക്കുന്നു....



PART :1

മാതൃഭാഷയും സൗന്ദര്യാവബോധവും : പി പവിത്രൻ

 പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഉരിയാട്ട് പ്രഭാഷണ പരമ്പരയിൽ നടത്തിയ പ്രഭാഷണം ( കടപ്പാട് : പി പ്രേമചന്ദ്രന്റെ Fb Post )



Saturday, July 30, 2022

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...( ഗാനലോകവീഥിയിലെ ആട്ടിടയർ : ഭാഗം -2 )

 ശിവന്റെ പേജ് : Post  - 8

സമർപ്പണം :
 നമ്മെ പിരിഞ്ഞുപോയ പ്രഥമശബ്ദചിത്രത്തിലെ നായിക എം കെ കമലത്തിന് 



1952-ൽ പുറത്തിറങ്ങിയ ആത്മസഖിയിൽ ‘ആ നീലവാനിലെൻ ആശകൾ ...’ എന്ന ഗാനം പി ലീലയോടൊപ്പം പാടിയത് മോത്തി എന്ന ഗായകനാണ്. ആത്മസഖി സത്യനേശൻ എന്ന സത്യന്റെയും പി സുബ്രഹ്മണ്യത്തിന്റെ മെരിലാന്റ് സ്റ്റുഡിയോയുടെയും ആദ്യചിത്രമായിരുന്നു. ആ വർഷം പുറത്തിറങ്ങിയ ആത്മശാന്തിയിലും അൽഫോൺസയിലും മോത്തി പാടിയിട്ടുണ്ട്. മൊഴിമാറ്റിയ ചിത്രങ്ങളുടെ എണ്ണക്കൂടുതൽ കൊണ്ടാകും (സംവിധായകരുൾപ്പടെയുള്ള സാങ്കേതികകാര്യക്കാർ പുറത്തുനിന്നു വന്നവരായതുകൊണ്ടുമാകാം) 1950 കളിലെ മലയാളഗാനങ്ങളിൽ അന്യഭാഷാഗായകരുടെ എണ്ണം കൂടുതലായിരുന്നു. ആത്മസഖിയിൽ ഘണ്ടശാല വെങ്കിടേശ്വര റാവുവും എൻ എൽ ജ്ഞാനസരസ്വതിയും കവിയൂർ രേവമ്മയ്ക്കും പി ലീലയ്ക്കും മോത്തിയ്ക്കും ഒപ്പം പാടിയിരിക്കുന്നു. ആത്മശാന്തിയിൽ ജാനമ്മഡേവിഡിനൊപ്പം വിജയറാവുവും, പ്രേംനസീർ ആദ്യമായി അഭിനയിച്ച മരുമകളിൽ ജിക്കിയോടൊപ്പവും പ്രേമലേഖയിൽ ടി എ ലക്ഷ്മിയോടൊപ്പവും പ്രസന്നയിൽ രാധാജയലക്ഷ്മിയോടൊപ്പവും ചേർന്ന് യുഗ്മഗാനം പാടിയത് പ്രസാദ റാവുവാണ്. ദേവസുന്ദരി എന്ന ചിത്രത്തിൽ കമലേശ്വരറാവു പാടിയിട്ടുണ്ട്. 1957-ൽ പുറത്തിറങ്ങിയ തസ്കരവീരനിൽ പാടിയത് ശ്രീനിവാസറാവു ആണ്. ശശിധരൻ എന്ന ചിത്രത്തിനു സംഗീതം നൽകിയ കലിംഗറാവുവും മോഹനകുമാരിയും ചേർന്ന് ചേച്ചി എന്ന സിനിമയിൽ ഒരു ഡ്യുയറ്റ് ആലപിച്ചിട്ടുണ്ട്. മോഹനകുമാരിയോ രാധാജയലക്ഷ്മിയോ ടി എ ലക്ഷ്മിയോ പിന്നീട് അധികം ഗാനങ്ങൾ പടിയില്ലെങ്കിലും ബാബുരാജിന്റെ സംഗീതസംവിധാനത്തിലുള്ള ‘കദളിവാഴക്കൈയ്യിലിരുന്ന് കാക്ക ഇന്നു വിരുന്നു വിളിച്ചു..’(ഉമ്മ) എന്ന ഗാനം ജിക്കിയെയും രാഘവന്റെ ഈണത്തിൽ ‘എല്ലാരും ചൊല്ലണ് ..’ (നീലക്കുയിൽ) എന്ന ഗാനം ജാനമ്മഡേവിഡിനെയും സിനിമസംഗീതചരിത്രത്തിൽ മായ്ക്കാനാവാത്തവിധം രേഖപ്പെടുത്തിയിട്ടുണ്ട്. പാലാട്ട് കോമനിലെ കെ പി ഉദയഭാനുവിനോടൊപ്പം പാടിയ ‘ആനകേറാമലയിലെ..’, ലീലയോടൊപ്പം പാടിയ ‘പൂവേ നല്ല പൂവേ..’ എന്നിവ ജാനമ്മയുടെ ശ്രദ്ധേയമായ മറ്റു ഗാനങ്ങളാണ്. ആദ്യകാലചിത്രമായ ‘പ്രസന്നയിലെ (1950) ‘വിധിയിലെ ലീല’ എന്ന ദുഃഖഗാനം വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ പാപ്പുക്കുട്ടി ഭാഗവതർ പാടി. കറുത്തകൈ എന്ന സിനിമയിൽ ‘കള്ളനെ വഴിയിൽ മുട്ടും’ എന്ന ഗാനം യേശുദാസും പാപ്പുക്കുട്ടിയും ചേർന്ന് ആലപിച്ചതാണ്. ആശാചക്രത്തിലെ (1973) ‘കണ്ണേ കരളേ’ എന്നു തുടങ്ങിന്ന ഒരു പാട്ടു കൂടി മാത്രമേ പിന്നീട് അദ്ദേഹത്തിനു ലഭിച്ചിട്ടുള്ളൂ.

1952 -
ലെ ചിത്രം, അൽഫോൺസയിലെ “കേൾക്കുക ഹാ’ എന്ന ഗാനം പാടിക്കൊണ്ടു പിന്നണിഗാനരംഗത്തേയ്ക്കു വന്ന ജോസ്പ്രകാശ് വിശപ്പിന്റെ വിളി, ശരിയോ തെറ്റോ, അവൻ വരുന്നു, മനസ്സാക്ഷി, ലൌ ഇൻ കേരള എന്നീ ചിത്രങ്ങളിൽ പാടി. 1964-ൽ പുറത്തിറങ്ങിയ കുട്ടിക്കുപ്പായത്തിലെ ‘പൊട്ടിച്ചിരിക്കുവാൻ’ എന്ന ശോകഗാനത്തിൽ ലീലയോടൊപ്പം ഉത്തമനും ഗോമതിയും ഉണ്ട്. കുട്ടിക്കുപ്പായത്തിലെ തന്നെ “വിരുന്നുവരും.., കാവ്യമേളയിലെ രണ്ടു പാട്ടുകൾ -അതിലൊന്ന് വയലാർ കവിതയായ ‘സർഗസംഗീത’മാണ്- കെ രാഘവന്റെ സംഗീതത്തിൽ അർച്ചനയിലെ ‘അല്ലെങ്കിലുമീ കോളേജു പെണ്ണുങ്ങൾക്ക് ആരോടുമില്ല സ്നേഹം’, സ്ഥാനാർത്ഥി സാറാമ്മയിലെ ‘തോറ്റുപോയ് തോറ്റുപോയ് കടുവാ പാർട്ടി തോറ്റു പോയ്’, (സംഗീതം എൽ പി ആർ വർമ്മ) കൊച്ചിൻ എക്സ്പ്രെസ്സിലെ ‘ഇരതേടി പിരിയും കുരുവികളേ’, കോട്ടയം കൊലക്കേസിലെ ‘അല്ലലുള്ള പുലയിക്ക്’ തുടങ്ങിയവയാണ് ഉത്തമൻ പാടിയ ഗാനങ്ങൾ. പിന്നെ അദ്ദേഹം തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് വലിഞ്ഞു. ഭർത്താവ് എന്ന സിനിമയിൽ ‘കണ്ണീരൊഴുകുവാൻ മാത്രം’ എന്ന സോളോയാണ് ഗോമതിയുടേതായുള്ളത്.

കടത്തുകാരനിലെ ‘മണിമുകിലേ’ എന്ന ഗാനത്തിലെ പുരുഷശബ്ദം ഏ കെ സുകുമാരന്റെയാണ്. കുഞ്ഞാലി മരയ്ക്കാറിലെ കോൽക്കളിപ്പാട്ടിലും (ആറ്റിനക്കരെ) ‘ഉദിക്കുന്ന സൂര്യനെ’ എന്ന സംഘഗാനത്തിലും ഏ ടി ഉമ്മറിന്റെ സംഗീതത്തിൽ ‘തളിരുകൾ’ എന്ന സിനിമയിലും ചിദംബരനാഥിന്റെ സംഗീതത്തിൽ ജന്മഭൂമിയിലും (‘നീലമലച്ചോലയിലെ’ എന്ന തോണിപ്പാട്ട്) സുകുമാരൻ പാടിയിട്ടുണ്ട്. പോർട്ടർ കുഞ്ഞാലിയിലെ ‘വണ്ടിക്കാരൻ ബീരാൻ കാക്ക’യെ അനശ്വരനാക്കിയ സീറോബാബു കുടുംബിനി, ജീവിതയാത്ര, എൻ ജി ഓ, പോസ്റ്റ്മാൻ, ബല്ലാത്ത പഹയൻ, ചൂണ്ടക്കാരി, ഇത്തിക്കരപ്പക്കി തുടങ്ങിയ സിനിമകളിലും പാടി. 1983-ൽ ഇറങ്ങിയ വിസ എന്ന ചലച്ചിത്രത്തിലെ ‘സംഗതി കൊഴഞ്ഞല്ലോ’ സീറോ ബാബുവിന്റേതാണ്. സി ഓ ആന്റോയ്ക്കും ബാബുവിനും കൂട്ടുപാടിയിട്ടുള്ള ഒരാളാണ് കൊച്ചിൻ ഇബ്രാഹീം. അദ്ദേഹവും കുളത്തുപ്പുഴ രവിയും (രവീന്ദ്രൻ തന്നെ) ചേർന്ന് മാൻപേടയിൽ ‘ഉഷസ്സിന്റെ ഗോപുരങ്ങൾ’ എന്നൊരു ഗാനം പാടിയിട്ടുണ്ട്. സൃഷ്ടി, അവൾ നിരപരാധിയാണ്, ചഞ്ചല, തുടങ്ങിയ സിനിമകളിൽ ഒറ്റയ്ക്കു പാടിയ ഇബ്രാഹീം ആന്റോയെപ്പോലെ കോറസ് ഗായകനായി ഇപ്പോഴും സജീവമാണ് മലയാള സിനിമയിൽ ഹലോ, ഇൻ ഹരിഹർ നഗർ, ഇൻ ഗോസ്റ്റ് ഇന്നിലൊക്കെ പുതിയ തലമുറയിലെ കൂട്ടത്തോടു ചേർന്ന് ഇബ്രാഹിമിന്റെ ശബ്ദവും വേറിട്ട് അറിയാനാവാതെ ഉണ്ടെന്നു സമാധാനിക്കാം. ആരോമലുണ്ണിയിലെ ‘ആടിക്കളിക്കടാ കൊച്ചുരാമാ’ പാടിയത് രവീന്ദ്രനാണ്. വെള്ളിയാഴ്ച, ക്രോസ്ബെൽറ്റ്, സ്നേഹദീപമേ മിഴി തുറക്കൂ, സമസ്യ, കോളെജു ബ്യൂട്ടി തുടങ്ങിയവയിൽ പാടി ഗായകനായി തുടങ്ങിയ വഴി സംഗീതസംവിധായകനായപ്പോഴും രവീന്ദ്രൻ പൂർണ്ണമായി കൈവിട്ടില്ല. സ്വയം ചിട്ടപ്പെടുത്തിയ ഈണങ്ങൾ മൂളാൻ കോറസ്സിൽ അദ്ദേഹവും കൂടിയിരുന്നു. ഏപ്രിൽ 19, ഹിസ് ഹൈനെസ്സ് അബ്ദുള്ള, ഭരതം, ആയിരപ്പറ, ബട്ടർഫ്ലൈസ് തുടങ്ങിയവയിൽ.

ലേഡീസ് ഹോസ്റ്റലിലും മനസ്സിലും ബാബുരാജിന്റെ സംഗീതത്തിൽ രവീന്ദ്രനോടൊപ്പം പാടിയ ഗായകനാണ് കെ ആർ വേണു. സ്ത്രീധനം, നിന്റെ രാജ്യം വരേണമേ, പ്രഭു എന്നീ സിനിമകളിൽ പാടിയ കെ പി ചന്ദ്രമോഹനൻ വേറെയും ചില സിനിമകളിൽ (കുഞ്ഞാലി മരയ്ക്കാർ, അയലത്തെ സുന്ദരി, സി ഐ ഡി നസീർ..) കൂട്ടുചേർന്നു പാടിയിട്ടുണ്ട്. പ്രഭുവിലെ ‘മുണ്ടകൻ കൊയ്തിനു പോയേ ഏനൊരു’ എന്ന ഗാനം പ്രസിദ്ധമാണല്ലോ.സംഗീതസംവിധായകരായ പാട്ടുകാരുടെ കണക്കെടുക്കുമ്പോൾ ഒരു പക്ഷേ മുന്നിൽ നിൽക്കുക എം എസ് വിശ്വനാഥനായിരിക്കും. പണിതീരാത്ത വീടിലെ ‘കണ്ണുനീർതുള്ളിയെ സ്ത്രീയോടുപമിച്ച.’ സ്വരവും ഭാവവും കൊണ്ട് പെട്ടെന്ന് ആകർഷിക്കുന്ന ഗാനമാണ്. ദിവ്യദർശനം, ചന്ദ്രകാന്തം, ധർമ്മക്ഷേത്രേ കുരുക്ഷേത്രേ, ഇതാ ഒരു മനുഷ്യൻ, പടക്കുതിര, ഗുരുദക്ഷിണ, വിശ്വരൂപം തുടങ്ങിയ ചിത്രങ്ങളിൽ സംഗീതം നിർവഹിക്കുന്നതിനോടൊപ്പം അദ്ദേഹം പാടുകയും ചെയ്തു. പിന്നണിഗായകരായ സംഗീതസംവിധായകരുടെ കൂടെ ഉൾപ്പെടുത്തേണ്ട മറ്റൊരു പേര്, ന്യൂസ്പേപ്പർ ബോയിയിലെ വിജയനാണ്. വിജയനും രാമചന്ദ്രനും ചേർന്നാണ് ന്യൂറിയലിസത്തിന്റെ പതാകാവാഹിയായ ആ മലയാള ചിത്രത്തിൽ സംഗീതം നിർവഹിച്ചിരുന്നത്. ടി എം സൌന്ദരരാജൻ ചായത്തിൽ കണ്ണദാസൻ എഴുതിയ ഒരു തമിഴ്പാട്ട് പാടിയിട്ടുണ്ട്. മൊഴിമാറ്റിയ ചിത്രങ്ങൾക്കൊപ്പം (കാട് ഞങ്ങളുടെ വീട്, ശങ്കരാഭരണം, സാഗരസംഗമം, ഗീതാഞ്ജലി, ഇണപ്രാവുകൾ..) എസ് പി ബാലസുബ്രഹ്മണ്യം മൌലികമായി തന്നെ മലയാളത്തിൽ പാടിയ ഗാനങ്ങളും അവിസ്മരണീയങ്ങളാണെന്നതിന് കടൽ‌പ്പാലത്തിലെ (1969) ‘ഈ കടലും മറു കടലും..’ആണ് ഒന്നാന്തരം തെളിവ്. പട്ടാളം ജാനകിയിലെ ‘മേലേ മാനത്തിലെ.. ’സർപ്പത്തിലെ ‘സ്വർണ്ണമീനിന്റെ ചേലൊത്ത’ എന്ന കവാലി, ശുദ്ധികലശത്തിലെ ‘ഓർമ്മകളിൽ’, സി ഐഡി മൂസയിലെ ‘മൈനേ.. പ്യാർ കിയാ..തുടങ്ങിയ ഗാനങ്ങൾ ഓർമ്മയിൽ നിൽക്കുന്നവ. നീലിസാലിയിൽ ബാബുരാജിന്റെ സംഗീതത്തിൽ ‘കരകാണാത്തൊരു കടലാണല്ലോ’ എന്ന ഗാനം പാടിയത് ശീർകാഴി ഗോവിന്ദരാജൻ.

വ്യത്യസ്തമായൊരു സ്വരം കൊണ്ട് മറക്കാനാവാത്ത കുറേ ഗാനങ്ങൾ മലയാളത്തിനു നൽകി മറഞ്ഞ ഗായകനാണ് ബ്രഹ്മാനന്ദൻ. കള്ളിച്ചെല്ലമ്മയിലെ ‘മാനത്തെ കായലിൻ..’ സി ഐഡി നസീറിലെ ‘നീല നിശീഥിനി..’പുത്രകാമേഷ്ടിയിലെ ‘ചന്ദ്രികാ ചർച്ചിതമാം..’ സ്നേഹദീപമേ മിഴി തുറക്കൂവിലെ ‘ലോകം മുഴുവൻ’ (രവീന്ദ്രൻ, എസ് ജാനകി, ബി വസന്ത എന്നിവരോടൊപ്പം സംഘമായി) ടാക്സിക്കാറിലെ ‘താമരപ്പൂ നാണിച്ചു നിന്റെ..’ കനകം മൂലം ദുഃഖം’ നിർമ്മാല്യത്തിലെ ‘സമയമായി, സമയമായി’ ‘ശ്രീമഹാദേവൻ തന്റെ..’, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു വിലെ ‘താരകരൂപിണി’, തെക്കൻ‌കാറ്റിലെ ‘പ്രിയമുള്ളവളേ..’പാതിരാവും പകൽ വെളിച്ചവും -ലെ ‘കണ്ണീരാറ്റിലെ തോണി..’ അക്കൽദാമയിലെ ‘അക്കൽദാമതൻ താഴ്വരയിൽ..’ലക്ഷ്മീവിജയത്തിലെ ‘മാനത്തു താരങ്ങൾ..’മണ്ണിലെ ‘ദേവീ ഭഗവതീ..’ തുടങ്ങിയ ഗാനങ്ങൾ മതിയാവും ബ്രഹ്മാനന്ദന് പിന്നണി ചരിത്രത്തിലെ സ്ഥാനം വ്യക്തമായി ഉറപ്പിക്കാൻ. എഴുപതുകളുടെ തുടക്കത്തിൽ ലഭിച്ച ജനപ്രിയത, അതിന്റെ രണ്ടാം പകുതിയിലും 80-കളുടെ തുടക്കത്തിലുമായി ലഭിച്ച ഗാനങ്ങളിൽ നിലനിർത്താൻ ബ്രഹ്മാനന്ദനു കഴിയാതെ പോയി. അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ച ചിത്രങ്ങളാണ്, മലയത്തിപ്പെണ്ണും കന്നിനിലാവും. എഴുപതുകളുടെ തുടക്കത്തിൽ മലയാളസിനിമയിൽ കടന്നുവന്ന മറ്റൊരുഗായകസ്വരമാണ് അയിരൂർ സദാശിവൻ. അജ്ഞാതവാസത്തിൽ രണ്ടു ഗാനങ്ങൾ (കൊച്ചുരാമാ കരിങ്കാലി, ഉദയസൌഭാഗ്യ താരകയോ..) യേശുദാസിനോടൊപ്പം അദ്ദേഹം പാടി. ചായത്തിലെ ‘അമ്മേ അമ്മേ’, ‘ശ്രീ വത്സം മാറിൽ ചാർത്തിയ ശീതാംശുകലേ..’ എന്നീ ഗാനങ്ങളാണ് സദാശിവന്റെ സ്ഥാനം ഉറപ്പിച്ചത്. മരത്തിലെ ‘മൊഞ്ചത്തിപ്പെണ്ണേ നിൻ ചുണ്ട്’, വിപഞ്ചികയിലെ ‘ഇതിലേ പോകും കാറ്റിനു പോലും’ രാജഹംസത്തിലെ ‘ശകുന്തളേ’ എന്ന ഹാസ്യഗാനം തുടങ്ങിയ അപൂർവം ഗാനങ്ങളേ അദ്ദേഹത്തിനു ഒറ്റയ്ക്കു പാടാൻ കിട്ടിയുള്ളൂ. ധർമ്മയുദ്ധം എന്ന സിനിമയിൽ ‘പ്രാണനാഥൻ എനിക്കു നൽകിയ.. എന്ന പ്രസിദ്ധമായ വരികളുടെ പാരഡി പി ഭാസ്കരൻ ദേവരാജൻ ടീം സദാശിവനെക്കൊണ്ട് പാടിച്ചിട്ടുണ്ട്. ‘പ്രാണനാഥ എനിക്കു നൽകിയ പരിതാപകരം ദണ്ഡം’ എന്ന്. ഏണിപ്പടികളിൽ മാധുരി പാടിയ അതേ ഈണത്തിൽ. അങ്കത്തട്ട്, പഞ്ചവടി, രഹസ്യരാത്രി, ശാപമോക്ഷം, മറ്റൊരു സീത എന്നിങ്ങനെ കൈകളിലെണ്ണാവുന്ന ചിത്രങ്ങളിൽ പാടി അയിരൂർ അരങ്ങൊഴിഞ്ഞു.

എം ജി രാധാകൃഷ്ണൻ കുമാരസംഭവം, കള്ളിച്ചെല്ലമ്മ, അഭയം, ഏണിപ്പടികൾ, തമ്പ് തുടങ്ങിയ ചലച്ചിത്രങ്ങളിൽ പാടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഓർക്കുന്നത് ശരശയ്യയിലെ ‘ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധിതാ‘ ആഹ്വാനത്തോടെ തുടങ്ങുന്ന ശാരികേ ശാരികേ.. എന്ന പാട്ടിന്റെ പേരിലായിരിക്കും ഭൂരിപക്ഷവും. ഒതേനന്റെ മകനിലെ ‘രാമായണത്തിലെ സീത, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ പല്ലനയാറ്റിൻ തീരത്ത്’ മഴക്കാറിലെ ‘ വൈക്കത്തപ്പനും ശിവരാത്രി..’ എന്നീ ഗാനങ്ങളും പ്രസിദ്ധങ്ങൾ തന്നെ. ദേവാസുരം, അമ്മയാണേ സത്യം, വെള്ളിത്തിര മുതലായ സിനിമകളിലും എം ജി രാധാകൃഷ്ണൻ പാടിയിട്ടുണ്ട്. ചെന്നായ വളർത്തിയ കുട്ടിയിലെ ‘പഞ്ചമി ചന്ദ്രിക വന്നു നീരാടും പഞ്ചവൻ കാടൊരു വളർത്തമ്മ’ എന്ന ഗാനം ജാനകിയുമായി ചേർന്നുപാടിയ പട്ടണക്കാട് പുരുഷോത്തമൻ ധർമ്മക്ഷേത്രേ കുരുക്ഷേത്രേ, മല്ലനും മാതേവനും, മാനിഷാദ, ആനപ്പാച്ചൻ, വേഴാമ്പൽ, സ്വാഗതം തുടങ്ങിയ ഏതാനും ചിത്രങ്ങളിൽ കൂടി പാടിയിട്ടുണ്ട്.

ഇക്കൂട്ടത്തിൽ തന്നെ പരിഗണിക്കാവുന്ന പേരാണ് ശ്രീകാന്തിന്റേതും. ചുവന്ന സന്ധ്യകളിലെ ‘ഇതിഹാസങ്ങൾ ജനിക്കും മുൻപേ’ എന്ന ഗാനമാണ് ശ്രീകാന്തിനെ പ്രസിദ്ധനാക്കിയത്. അതിനുമുൻപേ ഭാര്യ ഇല്ലാത്ത രാത്രിയിൽ മാധുരിക്കൊപ്പം പാടിയ ‘അഭിലാഷമോഹിനി’ പ്രിയമുള്ള സോഫിയയിലെ ‘ഓശാന ഓശാന’, റോമിയോയിലെ ‘മൃഗാംഗബിംബമുദിച്ചു’, പുഷ്പോത്സവപന്തലിനുള്ളിലെ’ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്. കൊട്ടാരം വിൽക്കാനുണ്ട്, മാനസവീണ, നീലസാരി, തുറന്ന ജയിൽ, രതിലയം തുടങ്ങിയയാണ് പ്രധാനസിനിമകൾ. 2007ൽ ഇറങ്ങിയ ഏകെജിയിലും ശ്രീകാന്തിന്റെ ഒരു പാട്ടുണ്ട്. എഴുപതുകളിൽ രംഗപ്രവേശം ചെയ്ത മറ്റൊരു വ്യത്യസ്തശബ്ദത്തിനുടമ ജോളി എബ്രഹാമാണ്. ചട്ടമ്പിക്കല്യാണിയിലെ ‘ജയിക്കാനായി ജനിച്ചവൻ ഞാൻ’ എന്ന ഗാനമാണ് ജോളിയുടെ പ്രശസ്തമായ ഗാനം. പഞ്ചമിയിലെ ‘രജനീഗന്ധി’യും പ്രസിദ്ധമാണ്. ഗോഡ്ഫാദറിലെ ‘മന്ത്രിക്കൊച്ചമ്മ..’യിലും ചമയത്തിലെ ‘അന്തിക്കടപ്പുറത്ത്..’ ലും ജോളിയുടെ ശബ്ദമുണ്ട്. കുഞ്ഞിക്കൈകൾ, പാരിജാതം, അപരാധി, പട്ടാളം ജാനകി, മണിയറ, യുദ്ധം, മണിത്താലി.. അങ്ങനെ ധാരാളം സിനികളിൽ ജോളി എബ്രഹാം പാടി. രാജഹംസത്തിൽ ‘കേശഭാരം കബരിയിലണിയും’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനനിരയിലേയ്ക്കു വന്ന മനോഹരൻ പിന്നീട് ഒറ്റയ്ക്ക് ഒരു പാട്ടും പാടിയതായി കാണുന്നില്ല. കോറസ്സിലേയ്ക്ക് നീങ്ങുകയായിരുന്നു. യേശുദാസ്, ജയചന്ദ്രൻ, സി ഓ ആന്റോ, അയിരൂർ, ബ്രഹ്മാനന്ദൻ എന്നിവരോടൊപ്പം മനോഹരൻ പാടി. പാലാഴിമഥനം, പെൺപട, മുച്ചീട്ടു കളിക്കാരന്റെ മകൾ, അനുഭവം, ലൈറ്റ് ഹൌസ് മുതലായവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ. ഉയരും ഞാൻ നാടാകെ (മാതളതേനുണ്ണാൻ, തുള്ളി തുള്ളി വാ) തേൻ‌തുള്ളി (കാലത്തെ ജയിക്കുവാൻ, ഓത്തുപ്പള്ളിയിലന്ന് നമ്മൾ) കത്തി (പൊന്നരളിപ്പൂ) ഉൽ‌പ്പത്തി (വെണ്ണിലാസോപാനം) തുടങ്ങിയ സിനിമകളിൽ തന്റെ വ്യത്യസ്തമായ സ്വരവും ആലാപനശൈലിയും വിടി മുരളി കേൾപ്പിച്ചിട്ടുണ്ട്. നാടൻപെണ്ണ്, പ്രേമഗീതങ്ങൾ, ഈ നാട്, ഇനിയെങ്കിലും, ജംബുലിംഗം തുടങ്ങിയ സിനിമകളിൽ പാടിയ ജെ എം രാജു, കായലും കയറും (രാമായണത്തിലെ ദുഃഖം) സാന്ധ്യരാഗം, ചന്ദ്രഗിരിക്കോട്ട, മംഗല്യച്ചാർത്ത് എന്നീ സിനിമകളിൽ പാടിയ എൻ വി ഹരിദാസ് എന്നിവരുടെ പ്രാധാന്യം അവരുടെ ചിത്രങ്ങളുടെ എണ്ണച്ചുരുക്കം കൊണ്ട് ഒട്ടും കുറയുന്നില്ല.

എഴുപതുകൾ പലതരത്തിൽ സംക്രമണകാലമായിരുന്നു. പുതുസ്വരത്തിനുവേണ്ടിയുള്ള അന്വേഷണങ്ങളാണ് ഗായകനിര വിപുലമാക്കിയത്. പക്ഷേ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഗതാനുഗതികത്വം അവിടെയും വന്നുപെട്ടു. പിന്നീടു വന്ന കൃഷ്ണചന്ദ്രനും, കെ ജി മാർക്കോസിനും താരത‌മ്യേന തൊട്ടു മുൻപിലുള്ള പൂർവികരേക്കാൾ ധാരാളം പാട്ടുകൾ ലഭിച്ചുവെങ്കിലും ഓർമ്മയിൽ മധുരമായി തിളങ്ങി നിൽക്കുന്നവ ഒന്നുമില്ല. ഇണയിലെ ‘വെള്ളിചില്ലു വിതറി’(കൃഷ്ണചന്ദ്രൻ) കൌതുകമാവുന്നത് ശബ്ദത്തിന്റെ കൌമാരസ്വഭാവം കൊണ്ടാണ്. ചിലമ്പിലെ ‘താരും തളിരും’ എന്ന ഗാനത്തിലൂടെയും കാണാമറയത്തിലെ ‘ഒരു മധുരക്കിനാവിൻ ലഹരിയിൽ) അതിന്റെ തന്നെ ഗ്രാമീണവും നാഗരികവുമായ ആവൃത്തികളെ യേശുദാസ് അനശ്വരമാക്കിയിട്ടുണ്ടെന്നു കൂടി ആലോചിക്കണം.

അഭിനേതാക്കളായ ഗായകരുടെ കൂട്ടത്തിൽ അടൂർഭാസിയായിരിക്കും മുൻപിൽ. ആദ്യകിരണങ്ങൾ, കാട്ടു കുരങ്ങ്, സ്ഥാനാർത്ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, ആഭിജാത്യം, ചായം ,തുറമുഖം, ഓണപ്പുടവ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ പാടി. വിദ്യാർത്ഥികളെ ഇതിലേ ഇതിലേ എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം പാടിയത് മനോരമയാണെങ്കിൽ (ചിഞ്ചിലു ചിലു ചിലു..) ആഭിജാത്യത്തിലെ ‘തള്ളു തള്ളു പന്നാസു വണ്ടി’ യിൽ കൂടെ ശ്രീലതയുമാണ്. ഒതേനന്റെ മകനിലെ ‘പച്ചമലക്കിളിയേ’ ശ്രീലതയുടെ പ്രസിദ്ധമായ ഗാനമാണ്. ഏഴുരാത്രികൾ, കള്ളിച്ചെല്ലമ്മ, ദിവ്യദർശനം, അരക്കള്ളൻ മുക്കാക്കള്ളൻ, സിന്ദൂരം (യദുകുല മാധവ..), ഇത്തിക്കരപക്കി (പുന്നാരപൊന്നുമോനേ) തുടങ്ങിയ കുറച്ചു സിനിമകളുണ്ട് ഗായിക എന്ന നിലയിലും ശ്രീലതയുടെ പേരോർമ്മിക്കുന്നതിന്. ശ്രീവിദ്യ, അയലത്തെ സുന്ദരി, രതിലയം (‘മൈലാഞ്ചി അണിയുന്ന മദനപ്പൂവേ’ എന്ന ഒപ്പനപ്പാട്ട്) , ഞങ്ങളുടെ കൊച്ചുഡോക്ടർ (‘കാറ്റിനും താളം..’ കൂടെപ്പാടിയത് ബാലചന്ദ്രമേനോൻ), നക്ഷത്ര താരാട്ട് ഒരു പൈങ്കിളി കഥ (‘ആനകൊടുത്താലും കിളിയേ ..’ കൂടെ ബാലചന്ദ്രമേനോൻ തന്നെ) എന്നീ സിനിമകളിൽ പാടി. മധുരം തിരുമധുരത്തിലെ ‘കാശായകാശെല്ലാം പൊൻ‌കാശ്..’ എന്ന പാട്ട് ജയച്ചന്ദ്രനോട് ചേർന്നു പാടിയത് കെ പി എസ് സി ലളിതയാണ്. നിൻ പദങ്ങളിൽ നൃത്തമാടിടും എന്ന ജയച്ചന്ദ്രൻ ഗാനത്തിലും (നാഴികക്കല്ല്) പണ്ടൊരു ശില്പി പ്രേമശില്പി എന്ന യേശുദാസ് (ഹോട്ടൽ ഹൈറേഞ്ച്) ഗാനത്തിനിടയിലും ഉള്ള സ്ത്രീ ശബ്ദം ടി ആർ ഓമനയുടേതാണ്. അമ്മവേഷങ്ങളിൽ അഭിനയിച്ചിരുന്ന ടി ആർ ഓമന മറ്റൊരു സീതയിൽ അയിരൂർ സദാശിവനോടൊപ്പം ഒരു ഭക്തിഗാനം പാടിയിട്ടുണ്ട്. കോട്ടയം ശാന്തയും ശ്രീലതയും ചേർന്നാണ് കള്ളിച്ചെല്ലമ്മയിലെ ‘കാലമെന്ന കാരണവർക്ക്.’ ആലപിച്ചത്. മധുരം തിരുമധുരം എന്ന സിനിമയിൽ ‘നടുവൊടിഞ്ഞൊരു മുല്ലാക്ക’ എന്ന യേശുദാസ്ഗാനത്തിലെ കടം കഥയ്ക്കുള്ള ഉത്തരങ്ങൾ പറയുന്നത് മനോഹരിയാണ്. മറ്റൊരിടത്തും അവരുടെ പേരില്ല. മലയാളത്തിലെ ചോദ്യോത്തരഗാനങ്ങൾ അന്വേഷിച്ചു പോകാൻ രസമുള്ള മേഖലയാണ്.

പിന്നണിഗാനമായി ആദ്യം ചലച്ചിത്രപാളികളിൽ രേഖപ്പെടുത്തിയ നാദത്തിന്റെ ഉടമ, സി സരോജിനിയിൽ നിന്നായിരുന്നല്ലോ തുടക്കം. പൊൻ‌കുന്നം അംബുജം (വെള്ളിനക്ഷത്രം) മോഹനകുമാരി (ചേച്ചി) എം എസ് രാജേശ്വരി (സ്കൂൾ മാസ്റ്റർ) തങ്കം തമ്പി (മിന്നുന്നതെല്ലാം പൊന്നല്ല, അമ്മു) സരസ്വതി (ബാല്യകാലസഖി) ജമുനാറാണി (ഡയൽ 2244) എം എസ് പദ്മ (ജന്മഭൂമി) രേണുക (കുമാരസംഭവം) യശോദ (മിസ്റ്റർ സുന്ദരി) ഉഷാ ഉതുപ്പ് (ചട്ടക്കാരി, കന്യാകുമാരി, ശിവതാണ്ഡവം, രണ്ടു പെൺകുട്ടികൾ, പോത്തൻ വാവ) ജയശ്രീ (മറ്റൊരു സീത) രാധാവിശ്വനാഥ് (മുത്ത്) സിബില സദാനന്ദൻ (കണ്ണാടിക്കൂട്, ഒന്നാനാം കുന്നിന്മേൽ) ...ഈ പട്ടിക ഇങ്ങനെ നീണ്ടു പോകും.. മലയാളസിനിമയുടെ ഗാനശാഖയുടെ തുടക്കം മുതൽ പൊതുധാരയിൽ എത്തിപ്പെടാതെ ഏതാനും സിനിമകളിൽ മാത്രം പാടി അപ്രത്യക്ഷരായവരെ അന്വേഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണ് ഗാനങ്ങളുടെ ആധിക്യം വലുതാണെന്നതുപോലെ മുഖമില്ലാതെ മറഞ്ഞവരുടെ എണ്ണവും കൂടുതലാണ്. കൂട്ടിച്ചേർക്കലുകളോടെയും തിരുത്തലുകളോടെയും മാത്രം പൂർത്തിയാക്കിക്കൊണ്ടിരിക്കേണ്ട അപൂർണ്ണമായ ഒരു പട്ടിക. അറുപതുവർഷം മാത്രം പിന്നിട്ട പിന്നണിഗാന ചരിത്രത്തിന്റെ സ്ഥിതിയാണിത്. എങ്കിലും മലയാളസംഗീതം പോലെ, മലയാളഗാനശേഖരം പോലെ ചില ഈടുവയ്പ്പുകൾ സൈബർലോകത്തുണ്ടെന്നത് ആശാവഹമായ നേട്ടം തന്നെയാണ്. സംശയമില്ല. എങ്കിലും ഈ വഴിയ്ക്ക് ഇനിയും ശ്രമങ്ങൾ വേണ്ടിയിരിക്കുന്നു.

( അവസാനിച്ചു )

💥💥💥💥💥💥💥💥💥💥💥💥💥💥💥

♥️ hssMozhi Mobile app രൂപത്തിൽ Install ചെയ്യാൻ ചുവടെയുള്ള ലിങ്ക് ഉപയോഗിക്കുക. 

 hssMozhi Mobile App