+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Saturday, July 16, 2022

1999 ലാണ് പി ഗീതയുടെ ‘സിനിമയുടെ കയ്യേറ്റങ്ങൾ‘ എന്ന പുസ്തകം ......

 



1999 ലാണ് പി ഗീതയുടെ ‘സിനിമയുടെ കയ്യേറ്റങ്ങൾ‘ എന്ന പുസ്തകം പുറത്തുവരുന്നത്. പിന്നുരയിൽ സാറാ ജോസഫ്, സ്ത്രീയെഴുതിയ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രനിരൂപണഗ്രന്ഥമെന്നതിനെ വിശേഷിപ്പിക്കുന്നു. അതിനു മുൻപ് ജെ ഗീത ചലച്ചിത്രപഠനങ്ങൾ ആനുകാലികങ്ങളിൽ എഴുതിയിരുന്നെങ്കിലും അവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നോ എന്നു സംശയമാണ്. പക്ഷേ ചലച്ചിത്ര നിരൂപണങ്ങളിൽ 40 കൾ മുതൽ സ്ത്രീകളുണ്ട്. സുബൈദാ ബീവി, വൽസല, സതി, തുടങ്ങിയ പേരുകൾ ആനുകാലികങ്ങളിൽ കാണാം. പക്ഷേ അവ പുരുഷന്മാരുടെ തമാശയായിരുന്നിരിക്കണം. സ്ത്രീകളുടെ പേരിൽ (തൂലിക നാമം) എഴുതുമ്പോൾ കൂടുതൽ പേർ വായിക്കുമെന്നവർ കരുതിക്കാണും. (ആ മനോഭാവത്തിന് ഇന്നും വലിയ വ്യത്യാസമൊന്നും ഇല്ല) സുബൈദാബീവി കെ അനിയൻ എന്ന നിരൂപകന്റെ തൂലികാനാമമായിരുന്നു. വത്സല ദേശാഭിമാനിയിലും, സതി കേരളകൗമുദിയിലുമാണ് എഴുതിയിരുന്നത്. വത്സല എന്ന ചലച്ചിത്രനിരൂപക(?) ലേഖനങ്ങളിൽ പലയിടത്തും നിരൂപകൻ എന്ന് സ്വയം വിശേഷിപ്പിച്ചു കാണാം. അത് എന്തായാലും നോവലിസ്റ്റും കഥാകാരിയുമായ വത്സലയല്ല. രൂപവാണി മാസികയിൽ എഴുതിയിരുന്ന ഒരു അജിതകുമാരിയുണ്ട്. അവരുടെയും നിജസ്ഥിതി സംശയാസ്പദമാണ്. എന്നാൽ സ്ത്രീകളായ എഴുത്തുകാർ അന്നും ഉണ്ടായിരുന്നു. ചാക്യാട്ട് പത്മാവതി അമ്മയണ് അവരിലൊരാൾ. പല മാസികകളിലും അവരെഴുതിയ ലേഖനങ്ങളുണ്ട്. അത് തൂലികാ നാമമായിരിക്കാനുള്ള സാധ്യത കുറവാണ്. ഒറ്റ ചിത്രങ്ങളെടുത്ത് നിരൂപിക്കുകയല്ല അവരുടെ പതിവ്, പൊതുവേ മലയാള ചലച്ചിത്രമേഖലയ്ക്ക് അഭികാമ്യമായതെന്താണെന്ന സാമാന്യവിചാരങ്ങളാണ് കൂടുതലും. മലയാളത്തിൽ ചലച്ചിത്രങ്ങൾ കുറവ്. പ്രദർശനശാലകൾ കുറവും എന്നിട്ടും സിനിമകാണുകയും അതിനെപ്പറ്റി പൊതുവേ എഴുതുകയും ചെയ്തിരുന്നുവെങ്കിൽ ചാക്യാട്ട് പത്മാവതി അമ്മയെ ശ്രദ്ധിക്കേണ്ടതാണല്ലോ. നിർഭാഗ്യവശാൽ അവരെപ്പറ്റിയുള്ള വിവരങ്ങളൊന്നും അവരെഴുതിയ ആനുകാലികങ്ങളിൽനിന്ന് ലഭ്യമല്ല. (അവരെ അറിയാവുന്ന ആരെങ്കിലും ഉണ്ടാവണം!)

പഴയ ചലച്ചിത്ര ആനുകാലികങ്ങൾ പരിശോധിച്ചാൽ രസകരമായ പലതും ഉണ്ട്. ഉള്ളടക്കത്തിൽ മാത്രമല്ല, പുറത്തും. 1939 ൽ പ്രസിദ്ധീകരിച്ചു തുടങ്ങിയത് എന്ന് മുഖപേജിൽ തന്നെ അച്ചടിച്ചു വച്ചിട്ടുള്ള The Talkie ഇംഗ്ലീഷിൽ തന്നെയാണ് പേരും വിശേഷണവും (The Premier Film Journal of Kerala) എല്ലാം കൊടുത്തിട്ടുള്ളത്. പി ആർ ജോൺ പത്രാധിപരായിരുന്ന, എറണാകുളത്തുനിന്ന് ഇറങ്ങിയിരുന്ന മാസികയിലെ രചനകൾ മലയാളമാണ്. മുകളിൽ പറഞ്ഞ ചാക്യാട്ട് പത്മാവതി അമ്മയുടെ ലേഖനം 1950 ലെ ടോക്കിയിൽ കാണാം. അതുപോലെ മറ്റൊന്നിന്റെ പേരാണ് തസ് വീർ. ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും സിനിമാരംഗത്തെ ആധിപത്യവും സ്വാധീനവും അതുപോലെ സാംസ്കാരിക പ്രസിദ്ധീകരണങ്ങളിലുമുണ്ടായിരുന്നു. സാധാരണ മാസികകൾ അവയുടെ പതിപ്പുകൾക്ക് വോള്യം, ലക്കം അല്ലെങ്കിൽ പുസ്തകം ലക്കം എന്നിങ്ങനെയാണ് പേരുകൊടുക്കാറുള്ളത്. എന്നാൽ മലയാള ചലച്ചിത്രമാഗസീനുകൾ ഇക്കാര്യത്തിൽ പരീക്ഷണങ്ങൾ പലതും കൊണ്ടുവന്നു. തസ് വീർ, ലക്കം-മണി എന്നീ പേരുകളാണ് നൽകിയത്. ഫിലിം എന്നൊരു പഴയ മാസികയുണ്ടായിരുന്നു. അവർ വാള്യത്തിനും ലക്കത്തിനും പകരം മാല, മണി ( മാല 1 മണി 2) എന്നു വിളിച്ചു. കലാമാലയും സിനിമാ മാസികയെ അനുകരിച്ചുകൊണ്ട് അതേ പേരു സ്വീകരിച്ചു. കളിത്തോഴി എന്ന മാസിക ഇതിനെ യഥാക്രമം പൂവും ഇതളുമാക്കി. കൊച്ചിയിൽനിന്നിറങ്ങിയിരുന്ന ചിത്രം മാസികയ്ക്ക് ഇവ മാല്യവും മലരുമായിരുന്നു. ഫ്ലാഷ് മാസിക കുറച്ചുകൂടി മുന്നോട്ടു പോയി പുസ്തകത്തിനും ലക്കത്തിനും ഇംഗ്ലീഷ് അക്ഷരമാലയാണ് നൽകിയത്. 26 അക്ഷരങ്ങളും തീരുന്നതിനു മുൻപ് മാസികയും നിലയ്ക്കും എന്ന് അവർ മുൻകൂട്ടി കണ്ടിരുന്നോ ആവോ?
ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ചലച്ചിത്രമാസികകളുടെ എണ്ണക്കൂടുതൽ സിനിമയോട് സമൂഹത്തിനുണ്ടായിരുന്ന പ്രിയത്വത്തെ എടുത്തു കാണിക്കുന്നതാണ്. 50 കൾ വരെയുള്ള കാര്യം എടുക്കുക. മലയാള സിനിമകൾ വിരലിലെണ്ണാവുന്നത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ധാരാളം മാഗസീനുകൾ ചലച്ചിത്രകാര്യങ്ങൾ പങ്കുവയ്ക്കാനും ചിത്രങ്ങൾ അച്ചടിക്കാനുമായി ഇവിടെയുണ്ടായി. പത്രാധിപരാകുക അന്ന് എളുപ്പമുള്ളതും എന്നാൽ സാമൂഹികമായി മേൽക്കൈയുള്ളതുമായ ഏർപ്പാടായതുകൊണ്ടാവാം ഈ എണ്ണക്കൂടുതൽ. മറ്റൊന്ന് അഭിപ്രായം പറയാനുള്ള ആവേശവും ആയിരിക്കാം. ചിത്രം മാസിക വായനക്കാരോട് പത്രാധിപകർക്ക് സംസാരിക്കാൻ മാറ്റി വച്ചിരുന്നത് 10 പേജാണ് (നിങ്ങളുടെ കത്തുകൾ). വെറുതെ കത്തു പ്രസിദ്ധീകരിക്കുകമാത്രമല്ല, അതിനു മറുപടിയും പറയും. (ചോദ്യോത്തരങ്ങളും ഉരുളയ്ക്കുപ്പേരിയും മുള്ളും മലരുമൊക്കെ വായനക്കാരുമായി സംസാരിക്കാനും അവർക്ക് മറുപടി പറയാനുമുള്ള പംക്തികളായിരുന്നു. 2000 നു ശേഷമുള്ള നവമാധ്യമങ്ങളുടെ സ്വഭാവത്തെ മലയാളത്തിലെ ചലച്ചിത്രമാധ്യമങ്ങൾ അവയുടെ പരിമിതിക്കകത്തുനിന്നുകൊണ്ട് 40 കളിലും 50 കളിലും സ്വായത്തമാക്കാൻ ശ്രമിച്ചിരുന്നു, അതിൽ വിജയിക്കുകയും ചെയ്തിരുന്നു എന്നും പറയാം.

ആർ പി ശിവകുമാർ

No comments:

Post a Comment