PALAMA : 3
പകൽ
ഒരു
ഗ്രാമം സന്ദർശിച്ചു.
മനോഹരമായ
ഒരു ഗ്രാമം.
പക്ഷെ
ഒരു പ്രശ്നം.
ഗ്രാമത്തിൽ
പകലില്ല.
അവർ
എന്നോട് ചോദിച്ചു
എന്താണ്
നിങ്ങളുടെ പകലും
ഞങ്ങളുടെ
രാത്രിയും
തമ്മിലുള്ള
വ്യത്യാസം?
ഉത്തരങ്ങളൊന്നും
പറയാൻ കഴിഞ്ഞില്ല.
അപ്പോഴെല്ലാം
ഞാൻ
ചിന്തിച്ചത് മറ്റൊന്നാണ്.
എങ്ങനെയെല്ലാം
പകലുകൾ ഉണ്ടാക്കാം...?
ആദ്യം
രാത്രിയെ പകുതിയാക്കണം.
കൃത്യമായ
സമയം നിശ്ചയിച്ചതിനു ശേഷം
ഒരു
വശത്തിന്
പകലിന്റെ
നിറം കൊടുക്കാം...
പക്ഷേ, ഒരു സംശയം;
ഞാൻ
നിർമിക്കുന്ന ആ പകൽ
ഞാൻ
മാത്രം കണ്ടതാണ്.
എന്റെ
മനസ്സിലെ പകലുകൾ വീണ്ടും സൃഷ്ടിക്കപ്പെടുമ്പോൾ
ആ
പകൽ തന്നെയാണ്
ഇവർക്ക്
വേണ്ടതെന്ന് എന്താണ് ഉറപ്പ്?
പിന്നൊരു
വഴി മനസ്സിൽ തെളിഞ്ഞത് :
പകലിനു
വേണ്ട നിറങ്ങൾ കണ്ടുപിടിക്കാം.
ആ
നിറങ്ങൾ പുതുതായി നിർമിച്ചെടുത്ത് രാത്രിയുടെ ഒരു ഭാഗത്തെ പകലാക്കാം.
അപ്പോഴും
ഒരു സംശയം.
ഏതെല്ലാം
നിറങ്ങളാണ് ഒരു പകലിന് വേണ്ടത്?
ആ നിറങ്ങൾ എങ്ങനെയെല്ലാം നിർമ്മിക്കാനാകും...?
നിറങ്ങൾ
നിർമ്മിക്കുന്ന യന്ത്രത്തിലൂടെ വെളിച്ചത്തിന്റെ ഷീറ്റ് ഉണ്ടാക്കി
രാത്രികളിൽ
ഒട്ടിക്കാം.
എന്നാൽ, കൃത്രിമമായ ആ പകൽ
യഥാർത്ഥ
പകലിൽനിന്ന്
എത്രത്തോളം
വ്യത്യസ്തമായിരിക്കും...?
ആ
വഴിയും ഉപേക്ഷിക്കേണ്ടി വന്നു.
ഒടുവിൽ
തോന്നി,
നിറങ്ങളുടെ
ഒരു മഴക്കാലം ഉണ്ടാക്കാം.
പക്ഷേ, മഴക്കാലം കഴിഞ്ഞാലോ,
നിറങ്ങളെല്ലാംനഷ്ടമാകും.
മഴയ്ക്കുശേഷം
പകലിനെ
കൃത്രിമമായി നിലനിർത്താൻ കഴിഞ്ഞെന്നു വരില്ല.
ആ
ഗ്രാമത്തിന്റെ ആകാശത്തിന്
ശാശ്വതമായ
പകലുകൾ സൃഷ്ടിക്കാൻ കഴിയില്ലെന്ന് തോന്നി.
പകലുകളുടെ
നിറങ്ങൾ
അന്വേഷിച്ചന്വേഷിച്ച്
രാത്രിയുടെ
താഴെ തളർന്നിരുന്നു.
ദൂരെ
ഒരു ശബ്ദം കേട്ടു .
നിറങ്ങളുടെ
ഒരു വെള്ളച്ചാട്ടം!
ആ
വെള്ളം കൈയിലെടുത്തപ്പോൾ
എന്റെ ചിന്തകളുടെ വെളിച്ചം
അതിൽ
നിറഞ്ഞുനിന്നത്
ഞാൻ
കണ്ടു .
കൈ
വിടർത്തിയപ്പോൾ
ഗ്രാമം
മുഴുവൻ ആ വെളിച്ചം പടർന്നു.
ആ
വെളിച്ചം
പകലാകുന്നത്
അവർ കണ്ടു.
വിഘ്നേഷ്
കാർത്തിക്
പ്ലസ്
- ടു ഹ്യുമാനിറ്റീസ്
ASMMHSS ആലത്തൂർ,
പാലക്കാട്
..................................
അനുഭവപരിസരങ്ങളുടെ അലിഗറികൾ
വിഘ്നേഷ്
കാർത്തിക് എഴുതിയ പകൽ എന്ന കവിതയ്ക്ക് അന്യാപദേശ
സ്വഭാവമാണുള്ളത്. മറ്റുതരത്തിൽ വ്യക്തമാക്കാനാവാത്ത സങ്കല്പങ്ങൾക്ക് രൂപം
നൽകാനുള്ള പ്രവണതയാണ് അന്യാപദേശങ്ങളിൽ (അലിഗറി) പ്രവർത്തിക്കുന്നത്. മിക്ക രചനകളിലും
ആശയങ്ങളും ആദർശങ്ങളുമൊക്കെയാണ് ഇത്തരത്തിൽ അവതരിപ്പിക്കപ്പെടാറുള്ളത്. വളരെ
അപൂർവമായി മനോഭാവങ്ങൾക്കും വികാരാനുഭൂതികൾക്കും ചിലയിടങ്ങളിൽ ഇങ്ങനെ രൂപം
ലഭിക്കാറുണ്ട്. കഥകൾക്കും വിവരണങ്ങൾക്കും
പറ്റിയ സങ്കേതമാണ് അന്യാപദേശം. ഒക്സ്ഫോർഡ് നിഘണ്ടു അതിനെ കഥ അല്ലെങ്കിൽ ചിത്രം എന്നു
പറഞ്ഞാണ് വിശദീകരിച്ചു തുടങ്ങുന്നതുതന്നെ. മറഞ്ഞിരിക്കുന്നതോ നിഗൂഢമായതോ ആയ
അർത്ഥം പ്രതീകങ്ങളിൽക്കൂടി അവതരിപ്പിക്കുന്ന ഘടനയാണ് അതിനുള്ളത്. അമൂർത്തവും സങ്കീർണ്ണവുമായ കാര്യങ്ങളെ ലളിതവും
സംക്ഷിപ്തവുമായി അവതരിപ്പിക്കാനാണ് അലിഗറികൾ ഉപയോഗിക്കുക. ഉപദേശപ്രസംഗങ്ങളിലും ധാർമ്മികോദ്‌ബോധനങ്ങളിലും
ധാരാളമായി അന്യാപദേശങ്ങൾ കടന്നുവരുന്നതിനുള്ള കാരണം ഇതാണ്.
ജോൺ ബനിയാന്റെ ‘പിൽഗ്രിംസ്
പ്രോഗ്രസ്സിന്റെ‘ പരിഭാഷയായ ‘തീർത്ഥാടക
പുരോഗതി‘ മലയാളത്തിലെ ആദ്യകാല ഗദ്യമാതൃകയുടെ ഉദാഹരണംകൂടിയാണല്ലോ. ദുർഗമമായ
വഴിയിൽകൂടിയുള്ള യാത്രയായി ജീവിതത്തെ സങ്കല്പിക്കുന്ന ആ കൃതി ലക്ഷണമൊത്ത
അന്യാപദേശക രചനയാണ്. ആധ്യാത്മിക മൂല്യങ്ങളുടെ പ്രാധാന്യം ഉറപ്പിക്കുകയാണ്
തീർത്ഥാടകപുരോഗതിയുടെ ലക്ഷ്യം. ജോർജ്ജ് ഓർവെലിന്റെ ‘ആനിമൽ ഫാമിനു‘
രാഷ്ട്രീയവിവക്ഷകളാണുണ്ടായിരുന്നത്. ഈസോപ്പിന്റെയും വിഷ്ണുശർമയുടെയും
(പഞ്ചതന്ത്രം) കഥകളിൽ ധാർമ്മികതയും കൂടിച്ചേരുന്നു. ഓ വി വിജയന്റെ
ധർമ്മപുരാണവും അടുത്തകാലത്തിറങ്ങിയ, സോണിയാ റഫീക്കിന്റെ ‘53‘ എന്ന നോവലും അന്യാപദേശസ്വഭാവത്തോടുകൂടിയ രചനകളാണ്. അങ്ങനെ
നോക്കുമ്പോൾ ഈ സങ്കേതത്തിന്റെ കാലാന്തര വ്യാപ്തി വലുതാണെന്ന് കാണാം.
പ്രതീകങ്ങളിലൂടെ സങ്കല്പങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ച കവിതകൾ ഗദ്യത്തോട് കൂടുതൽ
അടുക്കാൻ തുടങ്ങിയ ആധുനികകാലത്താണ് അന്യാപദേശത്തെ കൂടുതൽ ഗൗരവത്തോടെ സ്വീകരിച്ചത്.
ചെറിയാൻ കെ ചെറിയാന്റെ മണ്ണാങ്കട്ടയും കരിയിലയും.
അയ്യപ്പപ്പണിക്കരുടെ കുതിരനൃത്തം, സച്ചിദാനന്ദന്റെ നാവുമരം, കെ ജി
ശങ്കരപിള്ളയുടെ തിരസ്കാരം.. തുടങ്ങി അവയുടെ പട്ടിക വളരെ വിപുലമാണ്. അതിനനുസരിച്ച് അവയിലെ ഭാഷാവ്യവഹാരരീതികളും പലപാട്
വ്യത്യാസപ്പെട്ടിരിക്കുന്നു.
കഥകളിൽനിന്ന്
കവിതകളിലേക്കെത്തുമ്പോൾ ആശയാദർശങ്ങൾക്കു പകരം, പിടിച്ചെടുക്കാനും
തിരിച്ചറിയാനുമാവാത്ത വികാരത്തെയും അനുഭൂതികളെയും ആവിഷ്കരിക്കാനുള്ള
സങ്കേതമായി അതു മാറുന്നു. യോഗാത്മക കവിതകളും ( മിസ്റ്റിക്) പ്രതീകാത്മകകവിതകളും
(സിംബോളിക്) പ്രതീകങ്ങളെ ഉപയോഗിച്ച് ആശയാവിഷ്കാരം നടത്തിയവയാണ്. പ്രതീകം, രൂപകം,
അന്യാപദേശം എന്നിവയെല്ലാം തൊട്ടയല്പക്കക്കാരാണെങ്കിലും ഒരു രചനയൊട്ടാകെ
പടർന്നുകിടക്കുന്നതോ വിവരണസ്വഭാവം പ്രകടിപ്പിക്കുന്നതോ ആണ് അന്യാപദേശം എന്ന്
സാമാന്യമായി പറയാം. ആ അർത്ഥത്തിലാണ് അതിനെ രൂപകത്തിന്റെ വികസിച്ച രൂപം എന്നു
പറയുന്നത്. നമ്മൾ ജീവിക്കുന്നത് രൂപകവ്യവസ്ഥയ്ക്കുള്ളിലാണെന്ന് കണ്ടെത്തിയിട്ടുള്ള
ജോർജ്ജ് ലക്കോഫിനെ പോലെയുള്ള ആധുനിക ചിന്തകർ അന്യാപദേശത്തെയും രൂപകത്തിന്റെ പട്ടികയിലാണ്
ഉൾപ്പെടുത്തുന്നത്. സങ്കീർണ്ണമായ ആശയം (അമൂർത്തമായത്) മറ്റേതെങ്കിലും ( കൂടുതൽ
മൂർത്തമായ) ആശയങ്ങളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഘടനാപരമായ രൂപക (സ്ട്രക്ചറൽ
മെറ്റഫർ) നിർവചനം നോക്കുക. ഭാരതീയ കാവ്യമീമാംസാപദ്ധതിയിൽ
അലങ്കാരപദവിമാത്രമുണ്ടായിരുന്ന രൂപകത്തിന് ആധുനികകാലത്ത് കൈവന്ന സവിശേഷതയാണ്
പ്രത്യേക ഭാഷാപദവി. രൂപകങ്ങൾ പ്രത്യേക ഭാഷകൂടിയായി മാറുന്ന സമകാലിക കവിതകളിൽ
ചിതറിയ രീതിയിലായാലും ഒന്നിച്ചുകൂട്ടിയ രീതിയിലായാലും ദൃശ്യാത്മകമായ ഭാഷയിൽ
സാങ്കല്പികലോകത്തെ നെയ്തെടുക്കാൻ സഹായിക്കുകയാണ് രൂപകങ്ങൾ ഏറ്റെടുക്കുന്ന ഉത്തരവാദിത്വം.
പകലില്ലാത്ത
ഗ്രാമമാണ് വിഘ്നേഷിന്റെ കവിതയിലെ സ്ഥലം. ഗ്രാമവാസികൾക്ക്
‘പകൽ‘ എന്ന അനുഭവമില്ല. അതുകൊണ്ട് രാത്രിയെ അവർ സർവസാധാരണമായി കണക്കാക്കുന്നു.
എന്നാൽ പകൽ എന്ന കാലാനുഭവമുള്ള കവിതയിലെ ആഖ്യാതാവ്, ആ ഭാഗ്യത്തെ ഗ്രാമവാസികൾക്ക് പകർന്നു നൽകാൻ ആഗ്രഹിക്കുന്നിടത്ത്
കവിതയിൽ ഒരു സംഘർഷം രൂപം കൊള്ളുന്നു. ഈ സംഘർഷം പഴയ ആശയക്കുഴപ്പത്തെ ഓർമ്മയിൽ
എത്തിക്കാതിരിക്കില്ല. ജന്മനാ അന്ധനായ ഒരാൾക്ക്, കഴുത്തു വളഞ്ഞ, പറക്കുന്ന, വെളുത്ത
പക്ഷിയായ കൊക്കിനെക്കുറിച്ചു പറഞ്ഞുകൊടുക്കാൻ ശ്രമിക്കുന്നതുപോലെ ഒരു അനുഭവമാണ്
ഗ്രാമത്തിനു പകൽ നൽകാൻ ശ്രമിക്കുന്ന ആഖ്യാതാവിനും ഉള്ളത്. നിറങ്ങളിലൂടെ
കാഴ്ചയുടെയും മഴയിലൂടെ സ്പർശത്തിന്റെയും അനുഭവം ഗ്രാമവാസികൾക്ക് നൽകാനുള്ള ശ്രമം
അവിടെയുണ്ട്.
പകൽ, കേവലമായ കാഴ്ചാനുഭവത്തിനപ്പുറത്ത് ഒരാദർശത്തിന്റെ
ഉദയമാണെന്നോ ജീവിതാവസ്ഥയുടെ പരിഷ്കരണമാണെന്നോ ഉള്ള സൂചനയിലാണ് കവിത
അവസാനിക്കുന്നത്. ‘നിറങ്ങളുടെ വെള്ളച്ചാട്ടത്തിൽ നിന്ന് കോരിയെടുക്കുന്ന ചിന്തയുടെ
വെളിച്ചമാണ് പകൽ‘ എന്ന നിർവചനം കവിതയ്ക്കുള്ളിൽനിന്നും നമുക്കും
പകർന്നെടുക്കാവുന്നതാണ്. ഇരുട്ടിനെ മാത്രം
ആശ്രയിച്ച് അതുമാത്രമാണ് ജീവിതമെന്ന് വിശ്വസിച്ചു കഴിയുന്ന ജനക്കൂട്ടങ്ങൾക്ക്
നിറങ്ങളുടെയും വെളിച്ചത്തിന്റെയും വിശാലലോകം പകരേണ്ടതുണ്ടെന്ന പ്രതിബദ്ധതാവിശ്വാസം
കവിതയിൽ അന്തഃസ്ഥിതമാണ്. കവിതയുടെ അന്യാപദേശസ്വഭാവം അതാണ് പ്രധാനമായും
ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഗ്രാമത്തിനു പകൽ എങ്ങനെ നൽകും എന്ന ആലോചനയിലുള്ള
സന്ദിഗ്ദത, സമകാലിക കവിതകളിലെ
മറ്റൊരു പ്രത്യേകതകൂടി ‘പകൽ‘
ഉള്ളടക്കിയിരിക്കുന്നതായി നമുക്കു കാണിച്ചു തരുന്നു. അതതിന്റെ സംവാദ സ്വഭാവമാണ്.
അന്യാപദേശത്തിന്റെ
ശീലമനുസരിച്ച് ഗ്രാമത്തിനില്ലാത്തതായി കവി/ആഖ്യാതാവ് കണ്ട, പകൽ അവർക്ക് നൽകുന്നതോടുകൂടി കവിത അവസാനിക്കേണ്ടതാണ്.
എങ്കിൽ കവിത ഋജുവായ ഒരു ആഖ്യാനമായി മാറും. എന്നാൽ വിഘ്നേഷിവിടെ എന്താണ് പകൽ എന്നും
എങ്ങനെയാണത് പൂർവപരിചയമില്ലാത്ത ഒരു കൂട്ടത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നും
ആലോചിക്കുന്നുണ്ട്. ആ ചിന്തയാണ് കവിതയ്ക്കുള്ളിൽ ചർച്ചയെ സാധ്യമാക്കുന്നത്.
അതോടൊപ്പം “ നിറങ്ങൾ നിർമ്മിക്കുന്ന യന്ത്രത്തിലൂടെ വെളിച്ചത്തിന്റെ ഷീറ്റ്
ഉണ്ടാക്കി രാത്രികളിൽ ഒട്ടിക്കാം“ എന്ന്
സമകാലികമായ ജീവിതത്തിന്റെ
സാങ്കേതികമായ ധാരണയിൽനിന്നുമാത്രം ഉണ്ടാവാൻ സാധ്യതയുള്ള ഒരു രൂപകവും
കവിതയിൽ കടന്നു വരുന്നു. രാത്രി പകൽ എന്ന സാമാന്യമായ കാലധാരണയെ തകിടം മറിക്കുന്ന
ഒരു കല്പനയാണിത്. അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സാങ്കേതികതയുടെ
കാലത്തും പ്രതീതി അനുഭവങ്ങളുടെ ലോകത്തുമായി ജനിച്ച തലമുറയ്ക്ക് നിഷ്പ്രയാസം
സാധ്യമാവുന്ന നിരീക്ഷണമാണിത്. ചട്ടക്കൂടുകൾ എങ്ങനെയായാലും ഉള്ളടക്കങ്ങളാണ് രചനകളെ
കാലവുമായും സമൂഹവുമായും സംവദിക്കുന്നതാക്കി മാറ്റുന്നത് എന്നതിന്റെ മാതൃകയാവുന്നു
ഈ സങ്കല്പം.
ഇരുട്ടുമാത്രം ശീലിച്ച ഒരു
കൂട്ടത്തിനുമുന്നിൽ അവരെ വെളിച്ചം പരിചയപ്പെടുത്തുന്നതെങ്ങനെ എന്ന് ആലോചിച്ചു
കുഴങ്ങി നിൽക്കുന്ന ആഖ്യാതാവ് നേരിടുന്നതും വ്യത്യസ്തമായ ഒരു ലോകത്തെയാണ്. വളരെ
ചലനാത്മകവും നിറവൈവിധ്യമുള്ളതും വെളിച്ചം നിറഞ്ഞതുമായ ജീവിതാവസ്ഥയിലുള്ള ഒരാൾ, അവരുടെ മേൽ നിയന്ത്രണമുള്ള, ഈ പറഞ്ഞ ഗുണവിശേഷങ്ങളൊന്നും പരിചയിക്കാത്തതോ അതിനോടൊക്കെ
ഉദാസീനരോ ആയ ഒരു വിഭാഗത്തോടുള്ള സഹാനുഭൂതിപരമായ നോട്ടത്തെ ആവിഷ്കരിക്കുന്ന
കവിതയായി പകലിനെ വായിക്കാവുന്നതാന്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, കൗമാരപ്രായക്കാരായ കുട്ടികളുടെ ജീവിതത്തെ ക്ലാസ് മുറിയിലെ
ഇരുട്ടിലും പാഠപുസ്തകത്തിന്റെ ജഡതയിലും യൂണിഫോമിന്റെ വിരസതയിലുമായി
തളച്ചിടുന്നതിനെപ്പറ്റിയുള്ള സ്വപ്നാത്മകമായ ആവിഷ്കാരമായും ‘പകലിലെ‘ അന്യാപദേശത്തെ കാണാവുന്നതല്ലേ? മറ്റു സാധ്യതകളും കവിത പങ്കു വയ്ക്കുന്നുണ്ടെങ്കിലും ഈ ഭാഗം
പ്രധാനമാണെന്ന് തോന്നുന്നു. കവിതയിലെ ആകപ്പാടെയുള്ള പ്രസാദാത്മകതയും ശ്രദ്ധേയമാണ്.
അന്യാപദേശ രചനകളുടെ
നിലനിൽപ്പ് വൈകാരികമെന്നതിനേക്കാൾ ബുദ്ധിപരമാണ്. ഉപാദാനങ്ങളായി സ്വീകരിക്കുന്ന ഓരോ
പ്രതീകവസ്തുവും നിലവിൽ എങ്ങനെയാണ് വസ്തുതകളുമായി ബന്ധപ്പെടുന്നതെന്ന ധാരണയും
ശ്രദ്ധയും രചയിതാവിനെപ്പോഴും ഉണ്ടാകണം. കവിത വിവരണാത്മകമാകാനുള്ള സാധ്യത
വർദ്ധിപ്പിക്കുന്നത് ഈ ഘടകങ്ങളാണ്. ജീവിക്കുന്ന കാലവും അവസ്ഥയുമായി ഇഴുകിച്ചേർന്നു
നിൽക്കുന്നുണ്ട് പകൽ. കൗമാരകാലത്തിന്റെ പ്രസരിപ്പ് അതിനാകെ പുതുമ നൽകുകയും ചെയ്തിരിക്കുന്നു.
ശിവകുമാർ ആർ പി
No comments:
Post a Comment