+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Monday, August 1, 2022

സ്റ്റാഫ് റൂമിൽ വന്യജീവികൾ വിഹരിക്കുന്ന നേരം...

  അപ്പുമാഷുടെ ഡയറി - 6


ക്ലാസ്സ് പി ടി എ - കുട്ടികൾക്ക് പേടി സ്വപനമാണ് ഈ വാക്ക് .
പരീക്ഷ കഴിയുമ്പോഴാണ് ഈ കലാപരിപടി അരങ്ങേറുക.

പേപ്പറുകളൊക്കെ തിരുത്തി നൽകിയിട്ടുണ്ടാവും.പലരും അവ രക്ഷിതാക്കളെ കാണിക്കാറില്ല.
കാണിക്കാനുള്ള " സംഗതി " കൾ ഇല്ലാത്തതാവും കാരണം.

 

അങ്ങനെ
ആ ദിവസം വന്നെത്തും.

കുട്ടികളുടെ ക്ലാസ്സിൽ രക്ഷിതാക്കൾ ഇരിക്കും. അമ്മമാരായിരിക്കും ഭൂരിപക്ഷം. കുട്ടിയുടെ പഠനം അമ്മമാരുടെ വകുപ്പ് എന്നാണ് നാട്ടിലെ അച്ഛൻമാരുടെ വിചാരം.

 

കുട്ടികൾ ക്ലാസ്സിനകത്തും പുറത്തുമായി തിക്കിതിരക്കിനിൽക്കും.

മുഖ്യതന്ത്രി - കാടടച്ച് വെടി ഉതിർത്തു തുടങ്ങും. സ്കൂളിന്റെ പൂർവകാല മഹിമ, ഇന്നത്തെ ജീർണ്ണാവസ്ഥ, അതിന് കാരണക്കാരായ കുട്ടികൾ - എന്നിങ്ങനെ കത്തികയറും.
തങ്ങളുടെ കുട്ടിക്കാലത്തെ സ്മരിച്ച് നിർവൃതി നുണയും.

 

മുഖ്യ തന്ത്രിക്കു ശേഷം ക്ലാസ്സ് തന്ത്രി പ്രഭാഷണം തുടങ്ങും.തന്റെ ആത്മാർഥതയെക്കുറിച്ചൊരു രണ്ടു പേജ്. സ്വന്തം മക്കളെപ്പോലെയാണ് നോക്കുന്നത്. എന്നിട്ടും...
മര്യാദയില്ല , പഠിക്കില്ല, പോക്കിരികളാണ്, പ്രണയ ബോംബുകളാണ്, ലഹരിപ്രിയരാണ്....
-
അങ്ങനെ നീളും.

 

രക്ഷിതാക്കളും കുട്ടികളും ഈ ഗീർവാണങ്ങളിൽ പുകഞ്ഞുകൊണ്ടിരിക്കും.
പ്രോഗ്രസ് റിപ്പോർട്ട് വിതരണമാണ് അടുത്ത ഐറ്റം.ഓരോരുത്തരുടേയും പേര് വിളിച്ച്, അവരുടെ രക്ഷിതാക്കളെ ഏല്പിക്കും.
കൂടെ ചില കമന്റുകൾ പാസ്സാക്കുന്ന ക്ലാസ്സ് തന്ത്രിമാരുമുണ്ട്.- പോക്കാണ്, രക്ഷയില്ല, നിങ്ങൾ നോക്കണം -എന്നിത്യാദി...

 

അതിനു ശേഷം തെറിയെടുക്കൽ
ചടങ്ങാണ്.
കുട്ടി രക്ഷിതാവുമായി സ്റ്റാഫ് റൂം എന്ന കാനനത്തിലേക്ക് ഇരുന്നു കൊണ്ട് പ്രവേശിക്കുന്നു.

ക്ലാസ്സിൽ പഠിപ്പിക്കുന്ന വന്യ ജീവികളൊക്കെ സ്വസ്ഥാനങ്ങളിൽ ഉപവിഷ്ഠരായിരിക്കും.

വാതിൽക്കൽ കുട്ടി എത്തുമ്പോഴേ , മുരണ്ടു തുടങ്ങും. പരിഹാസച്ചിരി, പിറുപിറുപ്പ് ,അസഹ്യത - ഇതൊക്കെ വാരിയണിയും.

 

ഓരോ അധ്യാപകരെയും പ്രോഗ്രസ്സ് റിപ്പോർട്ട് കാണിക്കും.
കുരയ്ക്കൽ
ചീറ്റൽ
തുമ്മൽ
കടിച്ചുകീറൽ
-
ഒക്കെ ഉണ്ടാവും.

ഇവനെ എന്തിന് ഈ ഭൂമിയിലേക്ക് ....
എന്നിടം വരെ എത്തും.
ശേഷം, ഒരു കൊട്ട ഉപദേശവും!

രക്ഷിതാവ് ആ ശപിക്കപ്പെട്ട ദിവസത്തെക്കുറിച്ചോർക്കും.
വിമ്മിട്ടത്തോടെ നിലകൊള്ളും!

മക്കളില്ലാത്തതു തന്നെ നല്ലത് - എന്ന് മനസ്സിൽപ്പറയും...

 

ഒടുവിൽ,
കൊടുംകാട്ടിൽ...ഹിംസ്ര ജന്തുക്കളിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തോടെ, ആ മുറിയിൽ നിന്ന് പുറത്തിറങ്ങും.

അടുത്ത മാസവും ഈ നാടകം അരങ്ങേറും.

 

പിൻമൊഴി - കസേരയിൽ കുട്ടികൾ നോക്കുമ്പോൾ, മനഷ്യരേയില്ല, മൃഗങ്ങൾ മാത്രം!
പരിണാമം ഒരു തോന്നൽ മാത്രമായിരുന്നോ?

 

 

 

 

 



No comments:

Post a Comment