+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Sunday, August 14, 2022

എന്താണ് മാജിക്കൽ റിയലിസം?

 ഹയർ സെക്കണ്ടറി മലയാളം കുറിപ്പുകൾ - 1

ഓരോ കാലത്തും സാഹിത്യാഖ്യാനത്തിൽ വ്യത്യസ്തവും പുതുമയുള്ളതുമായ അവതരണ രീതികൾ ഉണ്ടാവാറുണ്ട്. അത്തരത്തിൽ ഒന്നായ മാജിക്കൽ റിയലിസവും സാഹിത്യത്തിലെ ഒരു ആഖ്യാനതന്ത്രമാണ്. ഒപ്പം ചിത്രകലയിലും സിനിമയിലും ഈ ആഖ്യാനതന്ത്രം ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്.

1925ൽ പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥത്തിന്റെ ശീർഷകത്തിലാണ് ആദ്യമായി മാജിക്കൽ റിയലിസം എന്ന പ്രയോഗം പ്രത്യക്ഷപ്പെട്ടത്. ഫ്രാൻസ് റോഹ് എന്നയാളാണ് ഈ സംജ്ഞ ആദ്യമായി ഉപയോഗിച്ചത് എന്നും പറയപ്പെടുന്നു. 1920 കളിലെ ഇറ്റാലിയൻ ചിത്രകലാ പ്രസ്ഥാനവുമായും 1940 കളിലെ സർറിയലിസ്റ്റ് സ്വഭാവമുള്ള കഥകളുമായും മറ്റും മാജിക്കൽ റിയലിസത്തിന് ബന്ധമുണ്ട്.

1980കളോടെ  വ്യാപകമായി ലാറ്റിനമേരിക്കൻ (തെക്കേ അമേരിക്ക- ബ്രസീൽ- അർജന്റീന - കൊളംബിയ - ചിലി - പെറു തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ഭൂഖണ്ഡം) സാഹിത്യ കൃതികളിൽ മാജിക്കൽ റിയലിസം ഉപയോഗപ്പെടുത്താനാരംഭിച്ചു. 1935ൽ പുറന്നു വന്ന ലൂയിസ്  ബോർഹേസ് (അർജന്റീന) എന്ന എഴുത്തുകാരന്റെ രചനയിലാണ് ആദ്യമായി മാജിക്കൽ റിയലിസം അവതരിപ്പിക്കപ്പെട്ടത്. തുടർന്ന് ഇറ്റാലോ കാൽവിനോ, ഗുന്തർഗ്രസ്, ഗബ്രിയേൽ ഗാർസിയ മാർക്വേസ്, സൽമാൻ റുഷ്ദി എന്നിവർ വളരെ ഫലപ്രദമായ രീതിയിൽ മാജിക്കൽ റിയസിലസത്തെ തങ്ങളുടെ രചനകളിൽ ഉപയോഗിച്ചു.

"യാഥാർത്ഥ്യത്തെ കൂടുതൽ മിഴിവോടെ അവതരിപ്പിക്കാൻ സാഹിത്യത്തിലും ചിത്രകലയിലും സിനിമയിലും ഉപയോഗിക്കുന്ന ഒരു ആഖ്യാനതന്ത്രയാണ് (ആവിഷ്കാരതന്ത്രം/ അവതരണ രീതി) മാജിക്കൽ റിയലിസം. "

അദ്ഭുതവും മാന്ത്രികതയും നിറഞ്ഞ, അസംഭവ്യമായ, ഭ്രമാത്മകമായ ലോകങ്ങളെ യാഥാർത്ഥ്യം എന്നും സ്വാഭാവികമെന്നും തോന്നുന്ന വിധത്തിലാണ് ഇത്തരം കൃതികളിൽ ഉപയോഗിക്കുക. എഴുത്തുകാരന് പറയാൻ ഒരു യാഥാർത്ഥ്യമുണ്ടാവണം. അത് അദ്ദേഹം നേരിട്ട് പറയാതെ യാഥാർത്ഥ്യത്തിന്റെ, മാന്ത്രികയുടെ, അദ്ഭുതങ്ങളുടെ, ഭ്രമാത്മകതയുടെ, കെട്ടുകഥകളുടെ, സ്വപ്നങ്ങളുടെ, മിത്തുകളുടെ ഒക്കെ സമ്മിശ്രമായ ചേരുവകളിലൂടെ വ്യത്യസ്തമായി അവതരിപ്പിക്കുമ്പോഴാണ് മാന്ത്രികതയുടെ അനുഭവം വായനക്കാരന് /ക്കാരിക്ക് ലഭിക്കുന്നത്. ഒപ്പം എഴുത്തുകാരന് പറയാനുള്ളത് വായനക്കാരിലേക്ക് എളുപ്പം എത്തിക്കാനും കഴിയും.

അനുഭൂതികളുടെ ആവിഷ്കാരമാണ് സാഹിത്യം. കാലവും പ്രദേശവും ഭാഷയും ഒക്കെ അനുഭൂതികളെ സ്വാധീനിക്കും. ലാറ്റിനമേരിക്കൻ (തെക്കേ അമേരിക്ക) അനുഭവങ്ങളുടെ തീവ്രതയാണ് മാജിക്കൽ റിയലിസത്തിലൂടെ മാർക്കേസ് തന്റെ കൃതികളിലൂടെ അവതരിപ്പിച്ചത്. ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്ന നോവൽ മാജിക്കൽ റിയലിസത്തിന്റെ സങ്കേതങ്ങൾ ഉപയോഗിച്ചെഴുതിയ ഒന്നാന്തരം ഉദാഹരണമാണ്.

പ്രകാശം ജലം പോലെയാണ് എന്ന കഥയിലെ യാഥാർത്ഥ്യം കുട്ടികൾ വെള്ളമുള്ള സ്ഥലത്ത് നിന്ന് (കാട്ജിനെ) വെള്ളമില്ലാത്ത സ്ഥലത്തേക്ക് (മാഡ്രിഡ് ) സ്ഥലത്തേക്ക് പറിച്ച്നടപ്പട്ടു എന്നതാണ്. വെള്ളമില്ലെന്ന യാഥാർത്ഥ്യത്തെ ഭാവനകൊണ്ട് മറികടക്കുകയാണ് കുട്ടികൾ. അതിനാണ് മാന്ത്രികമായ, അദ്ഭുതാത്മകമായ അവതരണ രീതി മാർക്കേസ് ഉപയോഗിച്ചത്. അതിനുദാഹരണമാണ് കുട്ടികൾ ബൾബ് പൊട്ടിച്ച് പ്രകാശത്തിന്റെ വെള്ളപ്പൊക്കമുണ്ടാക്കുന്നതും അതിൽ തോണി തുഴയുന്നതും.

പഴയ സ്പാനിഷ് കോളനിയായിരുന്ന കൊളംബിയയിലെ കാട്ജിനെ ഇന്ത്യാസ് എന്ന, കുട്ടികളുടെ ഓർമ്മകൾ നിറഞ്ഞ തുറമുഖ നഗരം അവർക്ക് നഷ്ടപ്പെടുന്നു. അവരത് മാഡ്രിഡിലെ വെള്ളമില്ലാത്ത ഫ്ലാറ്റിൽ ഭാവനയിലൂടെ പുനഃസൃഷ്ടിക്കുന്നു. ഈ വീണ്ടെടുക്കലിനാണ് മാർക്കേസ് മാജിക്കൽ റിയലിസം എന്ന അവതരണ രീതിയെ കൂട്ടുപിടിക്കുന്നത്. പണ്ട് സ്പാനിഷ് കോളനിയായിരുന്ന കൊളംബിയയിലെ പ്രദേശമാണ് കാട്ജിജിനെ ഇന്ത്യാസ്. തങ്ങളെ അടക്കി ഭരിച്ച സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലാണ് കുട്ടികൾ ഇപ്പോൾ താമസിക്കുന്നത്. ആ നഗരത്തെ വെള്ളത്തിൽ മുക്കി ഭാവനാത്മകമായി പ്രതികാരം ചെയ്യുകയാണ് മാർക്കേസ് കുട്ടികളിലൂടെ ചെയ്യുന്നത്. (മർക്കേസ് കൊളംബിയക്കാരനാണല്ലോ) സാഹിത്യത്തിലൂടെ ഒരു ജനതയുടെ മുഴുവൻ പ്രതികാരവും പ്രതിഷേധവും സർഗാത്മകമായി പ്രകടിപ്പിക്കുകയാണ് ഈ കഥ.

 

ഡോ കലേഷ് മാണിയാടൻ


No comments:

Post a Comment