വീട്ടിലൊരു ആടിനെ വാങ്ങിയതും ഉടമസ്ഥന് ഒരു പെൺകുഞ്ഞ് പിറന്നതും ഒരുമിച്ചായിരുന്നു.
ആടിനെ മേയാൻ എവിടേക്കും വിടുമായിരുന്നു, ഏത് സമയത്തും. പക്ഷേ, അവൾക്ക് എല്ലാ രാത്രിയും പല പകലും പുറത്തിറങ്ങാൻ നിരോധനമായിരുന്നു.
ഒടുക്കം, രണ്ടും ഭാരമായി വന്നപ്പോൾ ഒന്നിനെ വിൽക്കാനും മറ്റൊന്നിനെ കെട്ടിക്കാനും തീരുമാനിച്ചു.
ആടിന് രൂപാ അയ്യായിരം വച്ച് കിട്ടിയതുകൊണ്ട് അത് ലാഭമായി. പെണ്ണിന് രൂപ അഞ്ച് ലക്ഷവും ആഡംബര കാറുമൊക്കെയായി മുഴുവൻ നഷ്ടവുമായി.
ആറു മാസം കഴിഞ്ഞപ്പോൾ ആട് രോഗം വന്ന് മൃഗാശ്രുപത്രിയിൽ ചത്തു. അവൾ ഞരമ്പ് മുറിച്ച് ബാത്ത്റൂമിലും. രണ്ട് ജീവിതങ്ങൾ സമ്പൂർണ്ണം.
അപ്പോഴേക്കും അയലത്തെ വീട്ടിൽ നിന്ന് ഒരു പെൺകുഞ്ഞിന്റെകൂടി രോദനം ഉയർന്നു.
( പി കെ തിലക് - മുൻ SCERT റിസർച്ച് ആഫീസർ - അയച്ചു തന്ന പ്രതികരണം )
ReplyDeleteശ്രീലക്ഷ്മിയുടെ കവിത നന്ന്. രണ്ടു സംഗതികളെ പൊരുത്തപ്പെടുത്തി അവതരിപ്പിക്കാൻ കഴിഞ്ഞു - പെൺകുട്ടിയും ആടും. ലാഭത്തിൽ മാത്രം കണ്ണുവയ്ക്കുന്ന സമൂഹം എത്രത്തോളം അധപ്പതിക്കാമെന്ന് സൂചിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഒപ്പം സ്ത്രീയുടെ സാമൂഹിക പദവി, സ്വാതന്ത്ര്യം , സമത്വം, കഴിവുകൾ എന്നിവ സംബന്ധിച്ച് പോസിറ്റീവായ കാഴ്ചപ്പാടിൽ വിട്ടുവീഴ്ച അരുത്.