+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Sunday, July 16, 2023

കണ്ണാടി കാൺമോളവും

   താൾ - 2

✍️ തനിമ എഴുതുന്നു 

എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ട് സംഭവ പർവം എന്ന അധ്യായത്തിലെ ശകുന്തളോപാഖ്യാനത്തിലെ കുറച്ച് വരികളാണ് പാഠഭാഗം. എഴുത്തച്ഛന്റെ കാവ്യഭാഷയുടെ ശക്തിയും സൗന്ദര്യവും ഈ ഭാഗത്ത് പരിചയപ്പെടാം.

താൻ ഗാന്ധർവ വിധിപ്രകാരം വിവാഹം കഴിച്ച ശകുന്തള പുത്രനോടൊപ്പം കൊട്ടാരത്തിലെത്തുമ്പോൾ പഴയതെല്ലാം മറന്ന ദുഷ്യന്തൻ അവളെ കുലടയെന്നും മറ്റും ആക്ഷേപിക്കുന്നു. ഈ ആക്ഷേപങ്ങൾക്ക് ഓരോന്നിനും മറുപടി പറയുന്ന ശകുന്തള തന്റെ വ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ നടത്തുന്ന ശ്രമങ്ങളാണ് പാഠഭാഗത്തുള്ളത്.

ദുഷ്യന്തന്റെ ശകുന്തളോപാലംഭമാണ് ആദ്യഭാഗം. അദ്ദേഹം ഇപ്രകാരം പറയുന്നു. സ്ത്രീകൾ അഹങ്കാരികളാണെന്ന് എനിക്ക് കേട്ടുകേൾവിയേയുള്ളൂ. ഇപ്പോൾ അത് കാണേണ്ടി വന്നിരിക്കുന്നു. കുലടയായ നീ കുലീനയെന്നു ഭാവിച്ച് വെറുതെ അതുമിതും പറയുന്നത് നിർത്തുക നിനക്ക് ഞാൻ സ്വർണ്ണം, രത്നം, വസ്ത്രങ്ങൾ തുടങ്ങിയവ വേണ്ടുവോളം നൽകാം. അതും കൊണ്ട് നിനക്കിഷ്ടമുള്ള ദേശത്ത് പോയി ജീവിച്ചു കൊള്ളണം. ഇവിടെ നിന്ന് വെറുതെ സമയം പാഴാക്കേണ്ടതില്ല. കുയിൽപ്പിടയെപ്പോലെ നീ അന്യനാൽ വളർത്തപ്പെട്ടവളാണ്. അതുകൊണ്ടു തന്നെ എനിക്ക് നിന്നെ കാണാൻ ഒട്ടും തന്നെ ആഗ്രഹമില്ല.

ശകുന്തളയെ അഹങ്കാരിയെന്നും ചീത്ത സ്ത്രീയെന്നും, സമ്പത്തിൽ അഭിരമിക്കുന്നവളെന്നും പറഞ്ഞ ദുഷ്യന്തൻ ഒടുവിൽ അവളുടെ ജന്മവൃത്താന്തം പറഞ്ഞും ആക്ഷേപിക്കുന്നു. ഈ നിന്ദാ വാക്കുകൾ കേട്ട് ലജ്ജിതയായ ശകുന്തള ഇങ്ങനെ പറഞ്ഞു,

കടുകുമണിയുടെ അത്രയും മാത്രം വലിപ്പമുള്ള അന്യരുടെ ദോഷങ്ങൾ കാണുന്ന നീ ആനയുടെയത്രയും വലുതായ നിന്റെ ദോഷങ്ങൾ കാണുന്നതേയില്ല. ഈയൊരു സ്വഭാവത്തിൽ നിന്ന് അറിവുള്ളവർ പോലും മുക്തരല്ല. അപ്പോൾ പിന്നെ നിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ദുഷ്യന്തൻ ഒട്ടും അറിവുള്ളയാളല്ല എന്നാണ് ശകുന്തള വ്യംഗ്യമായി സൂചിപ്പിക്കുന്നത്. തന്റെ ജന്മത്തെ ആക്ഷേപിച്ച ദുഷ്യന്തനോട് നിന്റെ ജന്മത്തെക്കാൾ ശ്രേഷ്ഠമാണ് എന്റെ ജന്മമെന്നും ശകുന്തള പറയുന്നു. നിനക്ക് ഭൂമിയിൽ മാത്രമേ സഞ്ചരിക്കാനാവൂ. പക്ഷേ എനിക്ക് ഭൂമിയിലും ആകാശത്തും ഒരുപോലെ സഞ്ചരിക്കാനാവും. ദുഷ്യന്തൻ വെറുമൊരു മനുഷ്യനും ശകുന്തള ദിവ്യത്വമുള്ളവളുമാകയാലാണ് ഇത് സാധിക്കുന്നത്. നമ്മൾ തമ്മിൽ മേരു പർവതവും കടുകും തമ്മിലുള്ള വ്യത്യാസമുണ്ട്. താങ്കൾ ഒട്ടും അറിവില്ലാത്തവനാകയാലാണ് ഇത് മനസ്സിലാവാത്തത്.

വിരൂപന്മാരായ ആളുകൾ സ്വന്തം മുഖം കണ്ണാടിയിൽ കാണുന്നതു വരെയും തങ്ങൾക്ക് സൗന്ദര്യമുണ്ടെന്നു കരുതുകയും മറ്റുള്ളവരെ കുറ്റം പറയുകയും ചെയ്യും. സ്വന്തം കുറ്റങ്ങൾ തിരിച്ചറിയുകയുമില്ല. എന്നാൽ കുറ്റമില്ലാത്ത സജ്ജനങ്ങൾ മറ്റുള്ളവരെ ഒരിക്കലും നിന്ദിക്കുകയില്ല. നിത്യവും സ്വച്ഛജലത്തിൽ കുളിച്ചാലും മദിച്ച ആനയ്ക്ക് പൊടി മണ്ണിൽ കുളിച്ചാലേ സന്തോഷമുണ്ടാകൂ. അതുപോലെ ദുഷ്ടന്മാർക്ക് സജ്ജനങ്ങളെ നിന്ദിച്ചാലേ സന്തോഷമുണ്ടാകൂ. എന്നാൽ സജ്ജനങ്ങൾ ദുഷ്ടന്മാരെപ്പോലും നിന്ദിക്കുകയില്ല.

 സത്യധർമ്മങ്ങൾ വെടിഞ്ഞ പുരുഷനെ ക്രുദ്ധനായ സർപ്പത്തെക്കാളും ഭയപ്പെടേണ്ടതുണ്ട്. ദുഷ്ടരായ അവരോട് അറിവുള്ളവർ ശുഭ കാര്യങ്ങളും അശുഭ കാര്യങ്ങളും പറഞ്ഞാൽ അവർ അശുഭം മാത്രമേ മനസിലാക്കുകയുള്ളൂ. എന്നാൽ നല്ല മനുഷ്യർ പെട്ടെന്നു തന്നെ നല്ല കാര്യങ്ങൾ ഗ്രഹിക്കും. ഇത് പാലും വെള്ളവും ചേർന്ന മിശ്രിതത്തിൽ നിന്ന് അരയന്നം പാൽ മാത്രം വേർതിരിച്ച് കുടിക്കുന്നതു പോലെയാണ്.

 ഇപ്രകാരം ശകുന്തള പറഞ്ഞ സമയത്ത് ആകാശത്തു നിന്ന് ഒരു അശരീരിവാക്യം കേട്ടു. ദേവസ്ത്രീകൾക്കു തുല്യയായ ശകുന്തളയെയും പുത്രനെയും നീ സ്വീകരിക്കുക. അവൻ ഭരതനെന്ന പേരിൽ പ്രശസ്തനായിത്തീരും എന്നായിരുന്നു അത്. ഈ ദേവവാക്യം അനുസരിച്ചു കൊണ്ട് ദുഷ്യന്തൻ ശകുന്തളയെ സ്വീകരിക്കുകയും ശകുന്തള ഭർത്താവിനൊപ്പം സന്തോഷപൂർവം കഴിയുകയും ചെയ്തു.

 ഇവിടെ ശകുന്തള ആത്മാഭിമാനവും നിലപാടുകളുമുള്ള ശക്തയും സ്വതന്ത്രയുമായ സ്ത്രീയാണ്. ദുഷ്യന്തന്റെ ആക്ഷേപ വാക്കുകൾക്ക് അവൾ മറുപടി കൊടുക്കുന്നത് തികച്ചും ബുദ്ധിപരമായാണ് . ദുഷ്യന്തനെപ്പോലെ മോശം വാക്കുകൾ ശകുന്തള ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. വ്യംഗ്യ സൂചനകൾ കൊണ്ടും വ്യാജ സ്തുതി കൊണ്ടുമാണ് ദുഷ്യന്തന്റെ നിസ്സാരത അവൾ ബോധ്യപ്പെടുത്തുന്നത്. ഭൂപതീതിലകം, ധാത്രീശൻ എന്നൊക്കെ ദുഷ്യന്തനെ സംബോധന ചെയ്യുന്ന ശകുന്തള ഈ സംബോധനകൾക്ക് അർഹമല്ലാത്ത രീതിയിലാണ് അയാളുടെ പ്രവൃത്തികൾ എന്നാണ് സൂചിപ്പിക്കുന്നത്. പാംസുസ്നാനത്താൽ സന്തോഷിക്കുന്ന മത്തേഭം എന്നതിലൂടെ  ദുഷ്യന്തൻ ദുഷ്ടനാകയാൽ സജ്ജന നിന്ദയിൽ സന്തോഷം കണ്ടെത്തുന്നയാളാണ് എന്ന് സൂചിപ്പിക്കുന്നു. ഒരേ സമയം രാജാധിപത്യത്തോടും പുരുഷാധിപത്യത്തോടും കലഹിക്കുന്നവളാണ് ശകുന്തള.

 കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയോട് ഈ കഥാപാത്രത്തിനുള്ള സാദൃശ്യം ശ്രദ്ധേയമാണ്. രണ്ടു പേരും പുരുഷാധികാരത്തെ ചോദ്യം ചെയ്യുകയും സ്വന്തം വ്യക്തിത്വം സ്ഥാപിക്കുകയും ചെയ്യുന്നവരാണ്.

ശാകുന്തളം മൂലകഥ വ്യാസഭാരതത്തിലാണുള്ളതെങ്കിലും കൂടുതൽ പ്രചാരം നേടിയത് കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകമാണ്. ഈ നാടകത്തിൽ മൂലകഥയിൽ നിന്ന് വ്യത്യസ്തമായ ചില കാര്യങ്ങൾ കാളിദാസൻ കൂട്ടിച്ചേർത്തിട്ടുണ്ട്. അത് അടയാള മോതിരത്തിന്റെ കഥയും ശാപവൃത്താന്തവുമാണ്. ദുഷ്യന്തൻ തെറ്റുകാരനല്ലെന്നു വരുത്താനാണ് ഈ മാറ്റങ്ങൾ കൂട്ടിച്ചേർത്തതെന്ന് മുണ്ടശ്ശേരി അഭിപ്രായപ്പെട്ടിട്ടുണ്ട്. കാളിദാസന്റെ ശകുന്തള പുരുഷാധിപത്യത്തിന് വിധേയയായി കഴിയുന്നവളുമാണ്.

 

എഴുത്തച്ഛൻ

ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തച്ഛൻ  മലയാള സാഹിത്യത്തിൽ ഭക്തി പ്രസ്ഥാനത്തിന്റെയും കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെയും ഉപജ്ഞാതാവായും  കരുതപ്പെടുന്നു. എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളും അർദ്ധ സത്യങ്ങളും നിറഞ്ഞതാണ്. AD 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന അദ്ദേഹത്തിന്റെ ജന്മസ്ഥലം മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള തൃക്കണ്ടിയൂരാണെന്ന് വിശ്വസിക്കപ്പെടുന്നു. യഥാർത്ഥ നാമം രാമാനുജൻ എന്നാണെന്നും പണ്ഡിതർ അഭിപ്രായപ്പെടുന്നു. എഴുത്തച്ഛൻ തന്റെ അവസാന കാലം ചെലവഴിച്ചത് പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ്.

മുപ്പത് അക്ഷരമുള്ള വട്ടെഴുത്തിനു പകരം അൻപത്തിയൊന്നക്ഷരമുള്ള മലയാള ലിപി പ്രയോഗത്തിൽ വരുത്തിയത് എഴുത്തച്ഛനാണ്. സംസ്കൃതപദങ്ങൾ മലയാളത്തിനു ചേരുന്ന രീതിയിൽ ധാരാളമായി എഴുത്തച്ഛൻ പ്രയോഗിച്ചിട്ടുണ്ട്. ഇന്നത്തെ മലയാളത്തോടടുത്തു നിൽക്കുന്ന ഒരു ഭാഷാരീതി അദ്ദേഹം രൂപ പ്പെടുത്തിയെടുത്തു. ഒരു ജനത ഭൗതികമായും ആത്മീയമായും ജീർണ്ണത അനുഭവിച്ച ഒരു കാലഘട്ടത്തിൽ തന്റെ കവിതയിലൂടെ അവരെ ഉദ്ധരിക്കാനാണ് എഴുത്തച്ഛൻ ശ്രമിച്ചത്. അതിനായി അദ്ദേഹം അദ്ധ്യാത്മ രാമായണത്തിന്റെയും വ്യാസഭാരതത്തിന്റെയും സ്വതന്ത്ര പരിഭാഷകളിലൂടെ പാട്ടും മണിപ്രവാളവുമായി വേർതിരിഞ്ഞു നിന്ന മലയാള സാഹിത്യത്തെ പരിഷ്കരിച്ച് നൂതനമായൊരു കാവ്യഭാഷ സൃഷ്ടിച്ചു. നിത്യജീവിത സാഹചര്യങ്ങളോടടുത്തു നിൽക്കുന്ന വാമൊഴി പ്രയോഗങ്ങളും എഴുത്തച്ഛന്റെ രചനയുടെ സവിശേഷതകളാണ്.

എഴുത്തച്ഛന്റെ പ്രധാന കൃതികൾ അധ്യാത്മ രാമായണം കിളിപ്പാട്ടും മഹാഭാരതം കിളിപ്പാട്ടുമാണ്.സംസ്കൃതത്തിൽ എഴുതപ്പെട്ട അധ്യാത്മ രാമായണത്തിന്റെയും വ്യാസഭാരതത്തിന്റെയും സ്വതന്ത്ര പരിഭാഷകളാണിവ. ഇവയ്ക്കു പുറമെ ഹരി നാമ കീർത്തനം, ഭാഗവതം കിളിപ്പാട്ട്, ചിന്താ രത്നം, ബ്രഹ്മാണ്ഡപുരാണം എന്നീ കാവ്യങ്ങളും എഴുത്തച്‌ഛന്റേതാണെന്നു കരുതപ്പെടുന്നു.

 

മഹാഭാരതത്തിലെ അധ്യായങ്ങൾ

മഹാഭാരതത്തിലെ അധ്യായങ്ങൾക്കു പറയുന്ന പേര് പർവം എന്നാണ്. ആകെ പതിനെട്ട് പർവങ്ങളാണ് മഹാഭാരതത്തിലുള്ളത്.

ആദിപർവം, സഭാപർവം, വനപർവം, വിരാടപർവം, ഉദ്യോഗപർവം, ഭീഷ്മപർവം, ദ്രോണപർവം, കർണ്ണപർവം, ശല്യപർവം, സൗപ്തികപർവം, സ്ത്രീ പർവം, ശാന്തിപർവം, അനുശാസനാ പർവം, അശ്വമേധപർവം, ആശ്രമപർവം, മൗസലപർവം, മഹാപ്രസ്താനികപർവം, സ്വർഗ്ഗാരോഹണപർവം എന്നിവയാണവ.

ഇതിനു പുറമെ അനുബന്ധപർവമായി ഹരിവംശം എന്നൊരധ്യായം കൂടിയുണ്ട്. ശ്രീകൃഷ്ണന്റെ ജീവചരിത്രമാണിതിൽ പരാമർശിക്കുന്നത്.

എഴുത്തച്ഛൻ തന്റെ മഹാഭാരതം കിളിപ്പാട്ടിൽ അധികമായി നാലധ്യായങ്ങൾ ചേർത്തിട്ടുണ്ട്. പൗലോമ പർവം, ആസ്തികപർവം, സംഭവപർവം, ഐഷികപർവം എന്നിങ്ങനെ. മഹാഭാരതം കിളിപ്പാട്ടിൽ ആകെ ഇരുപത്തിയൊന്ന് പർവങ്ങളാണുള്ളത്.

 

സുഭാഷിതം, ലോകോക്തികൾ

നന്നായി പറയപ്പെട്ടത് എന്നാണ് സുഭാഷിതം എന്ന വാക്കിന്റെ അർത്ഥം. ജീവിത വിജയത്തിനുപകരിക്കുന്ന ഉപദേശങ്ങളാണിതിൽ അടങ്ങിയിരിക്കുന്നത്. അർത്ഥപൂർണ്ണമായ കവിതാ ഭാഗങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവയ്ക്ക് ജീവിതത്തിലുള്ള പ്രാധാന്യം വെളിപ്പെടുത്തുകയാണ് സുഭാഷിതങ്ങളുടെ ലക്ഷ്യം.

തത്വചിന്താ പ്രധാനമായ വരികളോ പഴഞ്ചൊല്ലുകളോ ആണ് ലോകോക്തികളായി കണക്കാക്കപ്പെടുന്നത്. കവിതാ സന്ദർഭത്തിൽ നിന്ന് മാറ്റി നിർത്തിയാലും ഇവയ്ക്ക് അർത്ഥപൂർണ്ണതയുണ്ട്. ലോകോക്തികളാൽ സമ്പന്നമാണ് എഴുത്തച്ഛന്റെ കൃതികൾ

 

ചില ഉദാഹരണങ്ങൾ:

1. വഹ്നിസന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ

സന്നിഭം മർത്യജന്മം ക്ഷണഭംഗുരം.

2. ചക്ഷുശ്രവണ ഗളസ്ഥമാം ദർദ്ദുരം

ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ

കാലാഹിനാ പരിഗ്രസ്തമാം ലോകവു -

മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു.

3. കണ്ണാടി കാൺമോളവും

തന്നുടെ മുഖമേറ്റം

നന്നെന്നു നിരൂപിക്കു -

മെത്രയും വിരൂപന്മാർ

4. മത്തേഭം പാംസുസ്നാനം

കൊണ്ടല്ലോ സന്തോഷിപ്പൂ

നിത്യവും സ്വച്ഛജലം

തന്നിലേ കുളിച്ചാലും

5. സത്യധർമ്മാദി വെടിഞ്ഞീടിന പുരുഷനെ

ക്രുദ്ധനാം സർപ്പത്തെക്കാ

ളേറ്റവും പേടിക്കണം.

6.നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചീടും

വെള്ളത്തെ വെടിഞ്ഞു പാലന്നമെന്നതു പോലെ




No comments:

Post a Comment