താൾ - 3
✍️ തനിമ എഴുതുന്നു |
ദയാബായി
1941 ഫെബ്രുവരി 22 ന് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള പൂവരണിയിലാണ് സാമൂഹ്യ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയുമായ ദയാബായിയുടെ ജനനം. മേഴ്സി മാത്യു എന്നാണ് യഥാർത്ഥ നാമം. ബി.എസ്.സി, എം.എസ്.ഡബ്ലിയു, എൽ.എൽ.ബി. ബിരുദങ്ങൾ നേടിയിട്ടുണ്ട്. 1958 ൽ ബീഹാറിലെ പഹാരിബാഗ് കോൺവെന്റിൽ കന്യാസ്ത്രീയാകാനുള്ള പരിശീലനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല.
ബോംബെയിലെ ചേരികൾ കേന്ദ്രീകരിച്ചുള്ള സാമൂഹ്യ
പ്രവർത്തനങ്ങളിലും ബംഗ്ലാദേശ് യുദ്ധത്തെത്തുടർന്ന് യുദ്ധാനന്തര സേവനങ്ങളിലും
ഭോപ്പാൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങളിലും ദയാബായിയുടെ
പങ്കാളിത്തമുണ്ടായിരുന്നു. 1981 മുതൽ തിൻസെ ഗോത്രവർഗ്ഗക്കാരായ ഗോണ്ടുകളോടൊപ്പം ജീവിച്ച് അവരുടെ അവകാശങ്ങൾക്കു വേണ്ടി
പ്രവർത്തിച്ചു. 1995
മുതൽ ബറൂൾ ഗ്രാമത്തിൽ ജൈവകൃഷിയുടെയും ജല സംരക്ഷണത്തിന്റെയും
ആവശ്യകതയെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തി. 2007 ൽ വനിത വുമൺ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു.
ഭാഷ,
കേവലം ആശയ വിനിമയോപാധി മാത്രമല്ല, സംസ്കാരത്തിന്റെ
സൂചകം കൂടിയാണ്. അതുകൊണ്ടാണ് ഭാഷാ സാഹിത്യങ്ങളുടെ പഠനം സംസ്കാര പഠനം
കൂടിയാവുന്നത്. സാഹിത്യ കൃതികൾ സൗന്ദര്യാനുഭവങ്ങൾക്കൊപ്പം മൂല്യബോധം കൂടി
പകരുന്നുണ്ട്. പഠിതാക്കളെ മതേതരത്വം, സാമൂഹ്യ പ്രതിബദ്ധത, പാരിസ്ഥിതികാവബോധം, മാനവികത, സഹജീവി
സ്നേഹം, ജനാധിപത്യ ബോധം തുടങ്ങിയ ജീവിതമൂല്യങ്ങളിലേക്കു നയിക്കുന്ന, സാമൂഹിക
ഇടപെടലുകൾക്ക് പ്രേരിപ്പിക്കുന്ന, സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനുള്ള
കരുത്ത് പകരുന്ന പ്രചോദനാത്മകമായ പല ഉള്ളടക്കങ്ങളും ഹയർ സെക്കന്ററി രണ്ടാം വർഷ
മലയാളം പാഠപുസ്തകത്തിലുണ്ട്. അതിലൊന്ന് സാമൂഹ്യ പ്രവർത്തകയായ ദയാബായിയുടെ
ജീവിതത്തിലുണ്ടായ ഒരനുഭവമാണ്.
കോഴിക്കോട്ടുള്ള ഒരു ഹോസ്പിറ്റലിൽ ദയാബായി നഴ്സിംഗ്
പരിശീലിക്കുന്ന കാലത്തുണ്ടായ അനുഭവമാണിത്. ക്ഷയരോഗിയും അവശനുമായി വഴിയിൽ കിടന്ന
വൃദ്ധനെ ഒരു പുരോഹിതൻ കാറിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുവരുന്നു. കടുത്ത
ചുമയുള്ള, കഫം തുപ്പുന്ന അയാൾക്ക് സംസാരിക്കാൻ തന്നെ ബുദ്ധിമുട്ടുണ്ടായിരുന്നു.
ആരെങ്കിലും നിർബന്ധിക്കുമ്പോൾ മാത്രം സംസാരിച്ചിരുന്ന അയാൾ ആമ സാർ, അല്ല
സാർ എന്നും പേര് ചോദിച്ചാൽ ജോർജ് സാർ എന്നും മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഈ അവസ്ഥയിൽ
ആശുപത്രി അധികൃതർ മുറുമുറുപ്പ് തുടങ്ങി. എന്നു മാത്രമല്ല, ആവശ്യത്തിന്
സ്‌റ്റാഫില്ലെന്നും നിലവിലുള്ള രോഗികളെപ്പോലും നോക്കാൻ തങ്ങൾക്ക്
ബുദ്ധിമുട്ടാണെന്നും അവർ ആ പുരോഹിതനെ ബോധ്യപ്പെടുത്തി. അയാളെ വണ്ടിയിൽ കയറ്റി
കിടന്ന സ്ഥലത്തു തന്നെ കൊണ്ടുപോയിടട്ടെ എന്ന പുരോഹിതന്റെ ചോദ്യം കേട്ട് ദയാബായി ആ
വൃദ്ധനെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയും അവരുടെ ചുമതലയിൽ അഗതിയായ അയാളെ
ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുകയും ചെയ്തു.
ദയാബായിയുടെ ഈ പ്രവൃത്തിയിൽ അവശതയനുഭവിക്കുന്ന
മനുഷ്യരോടുള്ള കാരുണ്യവും താൻ ജീവിക്കുന്ന സമൂഹത്തോടുള്ള ഉത്തരവാദിത്തവുമുണ്ട്.
"നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചീടും " എന്ന എഴുത്തച്ഛന്റെ ചിന്തയെ ദയാബായിയുടെ ഈ
അനുഭവവുമായി ബന്ധിപ്പിക്കാവുന്നതാണ്. മനസിൽ നന്മയുള്ള മനുഷ്യർ
എല്ലാക്കാര്യങ്ങളിലും നന്മ കണ്ടെത്തുമെന്നു മാത്രമല്ല മറ്റുള്ളവരെ സഹായിക്കാൻ സദാ
സന്നദ്ധരുമായിരിക്കും.
റോഡരികിൽ അവശനായിക്കിടന്ന ഒരു അനാഥ വൃദ്ധനെ
ആശുപത്രിയിലെത്തിച്ച പുരോഹിതന്റെയും അയാളെ ശുശ്രൂഷിക്കാൻ തയ്യാറായ ദയാബായിയുടെയും
മനോഭാവത്തിലും പ്രവൃത്തിയിലും തെളിഞ്ഞു കാണുന്നത് ഈ ശുഭചിന്തയാണ്.
ശ്രീനാരായണ ഗുരു
ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സാമൂഹ്യ
പരിഷ്കർത്താവും ആത്മീയ ഗുരുവുമായ ശ്രീനാരായണഗുരു 1856
ആഗസ്റ്റ് 20 ന് തിരുവനന്തപുരത്തിനടുത്തുള്ള ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ
മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായാണ് ജനിച്ചത്. ബഹുഭൂരിപക്ഷം വരുന്ന സാധാരണ
ജനങ്ങൾ ജാതീയമായ അവശതയിലും അസമത്വത്തിലും കഴിഞ്ഞു കൂടിയ ഒരു
കാലഘട്ടത്തിലാണദ്ദേഹത്തിന്റെ ജനനം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു സാമൂഹ്യ
വ്യവസ്ഥിതിയെ സ്വപ്നം കണ്ട അദ്ദേഹം അതിനനുസൃതമായി ജീവിതകാലം മുഴുവൻ പ്രവർത്തിച്ചു.
പിതാവിൽ നിന്ന് പ്രാഥമിക അറിവുകൾ നേടിയ ശേഷം ചെറുപ്പത്തിൽ തന്നെ മലയാളം, തമിഴ്
ഭാഷകളും വശമാക്കി. കായംകുളം കുമ്മമ്പള്ളി രാമൻ പിള്ളയാശാനിൽ നിന്ന് ഗുരുകുല
സമ്പ്രദായ പ്രകാരം സംസ്കൃതത്തിലെ ഉപരി പാഠങ്ങൾ അഭ്യസിച്ചു. തർക്കശാസ്ത്രം, വേദാന്തം
എന്നിവയിൽ അസാമാന്യ പാടവം നേടിയ ശേഷം കുട്ടികൾക്കായി പാഠശാലയും നടത്തി.
തമിഴ്, മലയാളം, സംസ്കൃതം എന്നീ
ഭാഷകളിലായി അറുപത്തിയഞ്ചോളം കൃതികൾ ഗുരുദേവൻ രചിച്ചിട്ടുണ്ട്. ഗഹനമായ വേദാന്ത
തത്വങ്ങളും പ്രപഞ്ച സത്യത്തിന്റെ ഏകതയും മിക്ക കൃതികളുടെയും അന്തർധാരയാണ്. ദർശനമാല, ആത്മോപദേശ
ശതകം, ദൈവദശകം,
അനുകമ്പാ ശതകം, ബ്രഹ്മവിദ്യാ പഞ്ചകം, ജാതി മീമാംസ, കുണ്ഡലിനിപ്പാട്ട് മുതലായ കൃതികൾ
പ്രത്യേക പരാമർശമർഹിക്കുന്നു.
ശിവഗിരിയിലെ വൈദിക മഠത്തിൽ വച്ച് 1928 സെപ്തംബർ 20
ന് ശ്രീ നാരായണഗുരു സമാധിയായി.
ദൈവദശകം
1914 ൽ ശിവഗിരി മഠത്തിലെ അന്തേവാസികളായ കുട്ടികൾക്ക് പ്രാർത്ഥനാ സമയത്ത്
ചൊല്ലുന്നതിനു വേണ്ടിയാണ് പത്ത് ശ്ലോകങ്ങളുള്ള ഈ പ്രാർത്ഥനാ ഗീതം ശ്രീ നാരായണ ഗുരു
രചിച്ചത്. ആലുവ സംസ്കൃത പാഠശാലയിലെ കുട്ടികൾക്കു വേണ്ടി എഴുതിയതാണെന്നും
അഭിപ്രായമുണ്ട്.എല്ലാ മതവിഭാഗക്കാർക്കും ഉൾക്കൊള്ളാവുന്ന ഒരു വിശ്വ പ്രാർത്ഥനയായി
ഈ രചനയെ വിശേഷിപ്പിക്കാം. ഒരു പ്രത്യേക പേര് പറയാതെ എല്ലാവർക്കും സ്വീകാര്യമായ 'ദൈവമേ' എന്ന
സംബോധനയാണ് ഗുരു ഉപയോഗിക്കുന്നത്. മനുഷ്യരാശിയുടെ ദൈവം ഒന്നാണെന്ന സൂചനയാണിവിടെ
കാണുന്നത്.
പ്രകർഷേണയുള്ള അർത്ഥനയാണ് പ്രാർത്ഥന.ഇവിടെയൊരു അർത്ഥന അഥവാ
അപേക്ഷയുണ്ട്. സ്വാർത്ഥതയുടെ അംശം തീരെയില്ലാത്ത പ്രാർത്ഥനയാണ് ദൈവദശകം. ഞങ്ങളെ
കൈവിടാതെ രക്ഷിക്കുക എന്നാണ് ഗുരു പ്രാർത്ഥിക്കുന്നത്. ഞങ്ങൾ എന്നാൽ മാനവരാശി
തന്നെയാണ്. ഭവാബ്ധിയെന്നത് പ്രശ്ന സങ്കീർണ്ണമായ ഭൗതിക ജീവിതവും. ഈ ജീവിതമാകുന്ന
സാഗരം കടക്കാനുള്ള ആവിക്കപ്പലിന്റെ കപ്പിത്താനാണ് ഗുരുവിന്റെ സങ്കല്പത്തിലെ ദൈവം.
ജീവിത പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള ഉപാധിയാണ് ഈശ്വര പാദങ്ങൾ
നമുക്ക് കണ്ടും കേട്ടും തൊട്ടും മണത്തും ഇന്ദ്രിയങ്ങളിലൂടെ
അറിയാനാവുന്ന ഭൗതികമായവ ഇല്ലാതെയാവുമ്പോൾ അവശേഷിക്കുന്നതെന്തോ അത് ദൈവ ചൈതന്യത്തിൽ
ലയിക്കണമെന്ന് ഗുരു ആഗ്രഹിക്കുന്നു. ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.
വസ്ത്രത്തെ അതുണ്ടാക്കാനുപയോഗിക്കുന്ന നൂല്, നൂലിനാധാരമായ പഞ്ഞി, പഞ്ഞി
ഉണ്ടാകുന്ന പഞ്ഞിച്ചെടി,
പഞ്ഞി ച്ചെടിയുടെ വിത്ത് എന്നിങ്ങനെ സൂക്ഷ്മ തലത്തിൽ
അന്വേഷിക്കുമ്പോൾ വിത്തിനപ്പുറം എന്ത് എന്ന ചിന്തയിൽ എത്തും. അപ്പോഴാണ്
ഇതിനെല്ലാമപ്പുറമുള്ള പ്രപഞ്ച സത്യത്തെ തിരിച്ചറിയുന്നത്. ഈ ചൈതന്യമാണ് എന്നിലും
നിന്നിലും സകല ചരാചരങ്ങളിലും കുടികൊള്ളുന്നത് എന്ന വിശാലമായ ചിന്ത മനുഷ്യരെ
ഏകത്വത്തിലേക്കു നയിക്കും. ഇത് മനസിലാകുമ്പോൾ എങ്ങനെയാണോ ദൃഷ്‌ടി നിശ്ചലമാകുന്നത് , മനസ്സ്
അഭാവത്തിലേക്കു പോകുന്നത്,
അതുപോലെ ഞാനെന്ന സത്ത നിന്നിൽ ലയിച്ചു ചേരണമെന്നതാണ് ഈ
പ്രാർത്ഥനയുടെ അന്ത:സത്ത.
ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ മാത്രമേ ഗുരുവിന്റെ
പ്രാർത്ഥനയിലുള്ളൂ. ദൈനം ദിന ജീവിതത്തിൽ ഏറ്റവും പ്രധാനമായ അന്നവും വസ്ത്രവുമാണത്.
ധന്യതയാണ് ജീവിതത്തെ സുഖകരമാക്കുന്നത്. മനുഷ്യ നിർമ്മിത നിയമങ്ങൾക്കപ്പുറം
പ്രപഞ്ചത്തിന്റെ നിയമങ്ങളനുസരിച്ചുള്ള ജീവിതമാണത്. അവിടെ എല്ലാവരും തുല്യരാണ്.
ജാതീയതയുടെയോ അധികാരത്തിന്റെയോ വേലിക്കെട്ടുകൾ ഇല്ലെന്നു സാരം.
No comments:
Post a Comment