+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Thursday, September 28, 2023

സർറിയലിസം , ഫാന്റസി…..

 താൾ - 5

✍️ തനിമ എഴുതുന്നു 

കലയും സാഹിത്യവും പരസ്പര പൂരകങ്ങളാണ്. രണ്ടും മനസിനെ വിമലീകരിക്കുന്നതോടൊപ്പം മൂല്യബോധം പകരുകയും ചെയ്യുന്നു. എം.എൻ.വിജയൻ അഭിപ്രായപ്പെട്ടതു പോലെ നാം ഉണ്ടാക്കുന്നതും ഉണ്ടു തീർക്കുന്നതുമായ ഈ ലോകത്തിൽ ഒരു സന്ധ്യ കൂട്ടിയുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നവരാണ് കവികളും കലാകാരന്മാരും. അതായത് ഇവർ ജീവിതത്തെ കൂടുതൽ സുന്ദരവും ജീവിക്കാൻ കൊള്ളാവുന്നതുമാക്കുന്നു.

ലോകത്തെവിടെയും മനുഷ്യാവസ്ഥകൾ സമാനമാണ്. അതുകൊണ്ടു തന്നെ കാവ്യവഴികളും . ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനജീവിതം, സംസ്കാരം, സാമൂഹികാവസ്ഥകൾ, ചരിത്ര സംഭവങ്ങൾ, സാഹിത്യത്തിലെ നൂതന പ്രവണതകൾ തുടങ്ങിയവയുടെ വിനിമയം സാധ്യമാക്കുന്നതിൽ വിവർത്തിത കൃതികൾ വഹിക്കുന്ന പങ്ക് ചെറുതല്ല. വിവിധ സംസ്കാരങ്ങളെ കൂട്ടിയിണക്കുന്ന പാലമായ വിവർത്തനത്തിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടതുണ്ട്. അതോടൊപ്പം പാശ്ചാത്യ ലോകത്ത് പ്രചരിച്ച സാഹിത്യ പ്രസ്ഥാനങ്ങൾ, കലാ ചിന്തകൾ, എഴുത്തു രീതികൾ തുടങ്ങിയവയും മലയാളിയുടെ ഭാവുകത്വത്തെ നവീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്വാധീനം ചെലുത്തിയ ചിന്താധാരകളാണ് സർറിയലിസവും ഫാന്റസിയും.

 

ഫാന്റസി

സാഹിതീയമായും മന:ശാസ്ത്രപരമായും വ്യാഖ്യാനിക്കാവുന്ന ഒരു സാങ്കേതിക പദമാണ് ഫാന്റസി. അസാധ്യവും പ്രകൃത്യതീതവുമായ ഏതൊരാഖ്യാനവും സാഹിത്യത്തിൽ ഫാന്റസിയാണ്. മന:ശാസ്ത്രത്തിൽ സ്വപ്നവും ദിവാസ്വപ്നവുമാണ് ഫാന്റസി. മിത്തുകൾ, കെട്ടുകഥകൾ, നാടോടിക്കഥകൾ, യക്ഷിക്കഥകൾ, സ്വപ്ന ദർശനങ്ങൾ, സർറിയലിസ്റ്റ് ആഖ്യാനങ്ങൾ തുടങ്ങി  യാഥാർത്ഥ്യത്തിനപ്പുറമുള്ള ഏത് വിഷയത്തെയും ഫാന്റസിയായി പരിഗണിക്കാം. ജോവന്ന റസ്റ്റ്, വില്യം ആർ ഈർവിൻ, സി എസ് ലെവിസ് തുടങ്ങി പല ചിന്തകരും ഫാന്റസിയെ നിർവചിച്ചിട്ടുണ്ട്. സാമുവൽ ബെക്കറ്റിന്റെ ഗോദോയെ കാത്ത്, കാഫ്കയുടെ ദ ട്രയൽ, ദ കാസിൽ , മെറ്റമോർഫോസിസ് എന്നിവ ഫാന്റസിയെ ഫലപ്രദമായി ഉപയോഗിച്ചിട്ടുള്ള രചനകളാണ്.

അനന്തമായ ഭാവനയുടെ അതീതയാഥാർത്ഥ്യത്തെയാണ് ഫാന്റസി വെളിപ്പെടുത്തുന്നത്. അബോധ മനസിന്റെ അയുക്തികവും അത്ഭുതാത്മകവുമായ സഞ്ചാരങ്ങൾ, മാനസികമായ താളഭംഗങ്ങൾ, എഴുത്തുകാരുടെ അപരവ്യക്തിത്വത്തിന്റെ ആവിഷ്കാരങ്ങൾ എന്നിങ്ങനെ.

ഫാന്റസിയുടെ ഘടകങ്ങൾ മലയാളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ദ്വാരക എന്ന ചെറുകഥയിലാണ്. ഉടനീളം സ്വപ്നാനുഭവം നിറഞ്ഞു നിൽക്കുന്ന ഒരു കഥയാണിത്. ബഷീറിന്റെയും ഉറൂബിന്റെയും പല രചനകളിലും മനസിന്റെ നിഗൂഢ തലങ്ങളിലേക്കുള്ള ഇത്തരം അന്വേഷണം കാണാം. ബഷീറിന്റെ നീല വെളിച്ചം, പൂനിലാവിൽ ഉറൂബിന്റെ വെളുത്ത കുട്ടി തുടങ്ങിയവ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാം. ആധുനികരായ എം മുകുന്ദൻ, കാക്കനാടൻ, മാധവിക്കുട്ടി, ഓ വി വിജയൻ , സക്കറിയ, സേതു, പദ്മരാജൻ എന്നിവരുടെ  രചനകളിലും ഫാന്റസിയുടെ തലങ്ങൾ ദർശിക്കാം.

വിവർത്തനം

ഒരു വാക്കിന്റെയോ വാക്യത്തിന്റെയോ ആശയത്തിന്റെയോ ഒരു പുസ്തകത്തിന്റെയോ അർത്ഥം ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്കു മാറ്റുന്നതാണ് സാങ്കേതികാർത്ഥത്തിൽ വിവർത്തനം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഏത് ഭാഷയിൽ നിന്ന് വിവർത്തനം ചെയ്യുന്നുവോ അത് സ്രോത ഭാഷയും (Source Language) ഏതിലേക്ക് വിവർത്തനം ചെയ്യുന്നുവോ അത് ലക്ഷ്യ ഭാഷ ( Target Language) യുമാണ്. സ്രോത ഭാഷയിൽ ആവിഷ്കരിക്കപ്പെട്ട ആശയങ്ങളെ കഴിയുന്നത്ര ഏറ്റക്കുറച്ചിൽ കൂടാതെയും ലക്ഷ്യ ഭാഷയ്ക്ക് ഇണങ്ങുന്ന രീതിയിലുമാവണം വിവർത്തനം ചെയ്യേണ്ടത്. 

ഇതര ദേശങ്ങളിലെ മനുഷ്യാവസ്ഥകൾ, സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജനജീവിതവും, സാഹിത്യത്തിലും കലയിലും രൂപമെടുക്കുന്ന നവീനാശയങ്ങൾ, ശൈലികൾ, ചിന്താധാരകൾ ഇവയൊക്കെ വിനിമയം ചെയ്യുന്നതിനുള്ള ഉപാധി കൂടിയാണ് വിവർത്തനം.

വിചാര പ്രധാനമായ വൈജ്‌ഞാനിക ഗ്രന്ഥങ്ങൾ മൊഴിമാറ്റുന്ന ശൈലി കഥ, കവിത, നാടകം തുടങ്ങിയ സാഹിത്യരചനകൾക്ക് അവലംബിക്കാൻ സാധിക്കില്ല. അവ വിനിമയം ചെയ്യുന്ന ഭാവം വിവർത്തനത്തിൽ ചോർന്നുപോകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വിവർത്തനം സർഗ്ഗാത്മകത ആവശ്യപ്പെടുന്നൊരു പ്രവർത്തനമാണ്. വിവർത്തനം ചെയ്യുന്നയാളിന്റെ സാഹിത്യപരവും  സാംസ്കാരികവുമായ അവബോധവും സൗന്ദര്യ ബോധവും വിവർത്തനത്തെ സ്വാധീനിക്കും. ഗദ്യപരിഭാഷയെക്കാൾ കവിതാ പരിഭാഷ കൂടുതൽ സങ്കീർണ്ണമാവുന്നത് അതുകൊണ്ടാണ്. കവിത സംവേദനം ചെയ്യുന്ന ഭാവം, സവിശേഷ പദപ്രയോഗങ്ങൾ, താളം ഇവയൊക്കെയും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നിരുന്നാലും കേന്ദ്ര ആശയം ചോർന്നുപോകാതെ ലക്ഷ്യ ഭാഷയുടെ ശൈലിക്കിണങ്ങുന്ന രീതിയിൽ വിവർത്തനം ചെയ്യുന്നതാണ് അഭികാമ്യം.

സർറിയലിസം, പെർസിസ്റ്റൻസ് ഓഫ് മെമ്മറി.

ചിത്രകലയിൽ ഓരോ കാലഘട്ടങ്ങളിലും സംഭവിക്കുന്ന ശൈലീ വ്യതിയാനങ്ങൾക്ക് ദേശ പരമായ സാംസ്കാരിക രാഷ്ട്രീയ ഘടകങ്ങൾ കാരണമാവാറുണ്ട്. റിയലിസത്തിൽ നിന്നുള്ള ഘടനാപരവും ആശയപരവുമായ മാറ്റം എന്ന നിലയിൽ റിയലിസത്തിന്റെ പരിമിതികളെ മറികടക്കാനുള്ള അന്വേഷണങ്ങളുടെ ഫലമായാണ് യൂറോപ്യൻ ചിത്രകലാ രംഗത്ത് സർറിയലിസം രൂപം കൊള്ളുന്നത്.

റിയലിസത്തിന് വസ്തുക്കളുടെ ബാഹ്യ പ്രതീതിയുളവാക്കാൻ മാത്രമേ കഴിയൂ. എന്നാൽ, യാഥാർത്ഥ്യത്തിനു പിന്നിലെ സമഗ്രവും സങ്കീർണ്ണവും സൃഷ്ടിപരവുമായ ആശയത്തെ അനുഭവപ്പെടുത്തുകയാണ് സർറിയലിസം ചെയ്യുന്നത്. അനുഭവങ്ങളുടെ മൂർത്തതയാണിവിടെ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്.

യുക്‌തി രഹിത ചിന്തയ്ക്കും സ്വപ്നാടനത്തിനും അസംബന്ധത്തിനുമാണ് സർറിയലിസത്തിൽ പ്രാധാന്യം. എന്തും എങ്ങനെയും ചേർക്കാം എന്ന കൊളാഷ് വീക്ഷണവും എന്തും നിർമ്മാണത്തിന്റെ പരിധിയിൽ വരും എന്ന കൺസ്ട്രക്ടിവിസ്റ്റ് സിദ്ധാന്തവും അയുക്തികതയാണ് ശ്രേഷ്ഠം എന്ന ദാദായിസവും ചേർന്നതാണ് സർറിയലിസം. അയുക്തികതയ്ക്കും സ്വപ്നത്തിനും ഭ്രമാത്മകതയ്ക്കും പ്രാധാന്യമുള്ള ഉപബോധ മനസ്സാണ് സർറിയലിസത്തിന്റെ അടിസ്ഥാനമായി പ്രവർത്തിക്കുന്നത്. ബോധ മനസ്സിനെക്കാൾ ശക്തി ഉപബോധ മനസ്സിനുണ്ടെന്ന് സർറിയലിസ്റ്റുകൾ കരുതുന്നു. പൊതു സമൂഹം രൂപപ്പെടുത്തിയ സദാചാര നിയമങ്ങൾക്കോ ധാർമ്മികതയ്ക്കോ സ്ഥാനമില്ലാത്ത സർറിയലിസത്തിൽ ലൈംഗികതയല്ല, യുദ്ധമാണ് അശ്ലീലം.

1920 കളുടെ മധ്യത്തിലാണ് ഈ കലാ പ്രസ്ഥാനം രൂപമെടുക്കുന്നത്. ആന്ദ്രേ ബ്രട്ടൺ എന്ന കവിയെയാണ് സർറിയലിസത്തിന്റെ കുലപതിയായി കണക്കാക്കുന്നത്. റെനെ മാഗ്രിത്ത്, ഫ്രാൻസിസ് പിക്കാബിയ, സാൽവദോർ ദാലി തുടങ്ങിയവർ സർറിയലിസത്തിന്റെ വക്താക്കളാണ്. ചിത്രകലയ്ക്കു പുറമെ നാടക വേദിയിലും കവിത, കഥ, നോവൽ തുടങ്ങിയ സാഹിത്യരൂപങ്ങളിലും സർറിയലിസം പരിവർത്തനങ്ങൾ വരുത്തി. ഫ്രാൻസ് കാഫ്കയുടെ രചനകളിലും ലൂയി ബ്യുനുവലിന്റെ ചലച്ചിത്രങ്ങളിലും സർറിയലിസ്റ്റ് മാതൃകയിലുള്ള അതീത കല്പനകൾ കാണാം.

സാൽവദോർ ദാലിയുടെ ചിത്രങ്ങൾ സർറിയലിസ്റ്റിക് രചനാ രീതിയുടെ ഉത്തമോദാഹരണങ്ങളാണ്. ഒരു വസ്തുവിന്റെ രൂപത്തിൽ ഘടനാപരമായ പൊളിച്ചെഴുത്തുകൾ നടത്തുകയും സ്വപ്നക്കാഴ്ചകളുടെ വേദിയായി ചിത്രങ്ങളെ പുനർ നിർമ്മിക്കുകയും ചെയ്തു അദ്ദേഹം. 

ദാലിയുടെ The Persistence of Memory എന്ന ചിത്രം ഈ രചനാ രീതിയുടെ മികച്ച മാതൃകയാണ്. ഇതിൽ ഘടികാരത്തെ അതിന്റെ മൂർത്തരൂപത്തിലല്ല ചിത്രീകരിക്കുന്നത്. ഘടികാരത്തിന്റെ പൊതുസ്വഭാവത്തിൽ നിന്നും പതിവ് രൂപത്തിൽ നിന്നും മാറി ചിന്തിക്കാനുള്ള സാധ്യത ഇവിടെയുണ്ട്. സമയമെന്നത് പരിമിതമായ ജ്യാമിതീയ രൂപങ്ങളിൽ ഒതുങ്ങുന്നതല്ലെന്നും അതിന് നിയതമായൊരു ചട്ടക്കൂടിന്റെ ആവശ്യമില്ലെന്നും ഈ ചിത്രം പറയുന്നുണ്ട്. മരക്കൊമ്പിൽ തൂക്കിയിട്ടിരിക്കുന്നതായോ നിലത്ത് പരന്നൊഴുകുന്നതായോ ചിത്രീകരിക്കപ്പെട്ട ഘടികാരങ്ങൾ സമയബോധത്തിന്റെ വൈപുല്യത്തെ സൂചിപ്പിക്കുന്നു. ഇതിനു സമാനമായി കൊഴിഞ്ഞു തീരുന്ന മരത്തിന്റെ ഇലകളുടെ ദൃശ്യവും കാണാം.

         1932 ൽ ന്യൂയോർക്കിലാണ് ഈ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്.








To Join hssMozhi WhatsApp Channel

👉   CLICK HERE


To Join hssMozhi Family WhatsApp Group     

👉   CLICK HERE


No comments:

Post a Comment