പ്രകാശം ജലം പോലെയാണ്
കടലും
കപ്പലും വള്ളങ്ങളും ധാരാളമുള്ള തുറമുഖ നഗരമാണ് കാട്ജിന. ഈ കഥയിലെ പ്രധാന
കഥാപാത്രങ്ങളായ ടോട്ടോ, ജോവൽ എന്നീ കുട്ടികൾ
കുട്ടിക്കാലം ചെലവഴിച്ചതവിടെയാണ്. വള്ളം വയ്ക്കാൻ ഷെഡും ബോട്ടടുപ്പിക്കാൻ സ്ഥലവും
വിശാലമായ മുറ്റവുമുള്ള കാട്ജിനയിലെ വീട്ടിൽ നിന്ന് അവർ പറിച്ചു
മാറ്റപ്പെടുന്നിടത്തു നിന്നാണ് മാർക്വെസിന്റെ ' പ്രകാശം
ജലം പോലെയാണ് ' എന്ന കഥ ആരംഭിക്കുന്നത്.
ഇപ്പോൾ അവർ യൂറോപ്യൻ
പരിഷ്കൃതനഗരമായ മാഡ്രിഡിലാണ് താമസിക്കുന്നത്. ഒരു വലിയ ഫ്ലാറ്റ് സമുച്ചയത്തിലെ
അഞ്ചാം നിലയിലെ അപ്പാർട്ടുമെന്റിൽ അച്ഛനമ്മമാർക്കൊപ്പം കഴിയുന്നു. കടൽ
മുറ്റത്തിന്റെ വിശാലവിസ്തൃതിയിൽ നിന്നും ഫ്ലാറ്റിന്റെ കൃത്യ ചതുരത്തിലേക്കും
നിശ്ചലതയിലേക്കും കുട്ടികൾ എത്തിച്ചേർന്നിരിക്കുന്നു. ഈയൊരു പ്രവാസത്തിന്റെ സംത്രാസത്തെയാണ് കഥാകാരൻ കഥയിൽ
അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്.
കുട്ടികളുടെ മനസു നിറയെ തുഴവള്ളവും കടലും
ഒക്കെയാണ്. ഭൂതകാലത്തിലെ ആ സൗഭാഗ്യങ്ങൾ തിരിച്ചുപിടിക്കാൻ അവർ പരിശ്രമിക്കുന്നു.
നന്നായി പഠിച്ച് അവർ സമ്മാനം വാങ്ങുന്നു. പിതാവ് വാഗ്ദാനം ചെയ്ത പോലെ തുഴവള്ളം
വാങ്ങിക്കൊടുക്കുന്നു.
ഫ്ലാറ്റിലെ കാർഷെഡ്ഡിലാണ് തുഴവള്ളം കൊണ്ടു വച്ചത്.
പിന്നീട് കൂട്ടുകാരുടെ സഹായത്തോടെ , അഞ്ചാം
നിലയിലെ അപ്പാർട്ടുമെന്റിലെ മുറിയിലേക്ക് വള്ളത്തെ വലച്ചു കയറ്റി.
ഒരു കവിതാ ചർച്ചയ്ക്കിടയിൽ - സ്വിച്ചിൽ തൊട്ടാൽ
പ്രകാശം വരുന്നതെങ്ങനെ എന്ന് അച്ഛനോട് ചോദിക്കുന്നു ടോട്ടോ. ടാപ്പ് തുറന്നാൽ ജലമൊഴുകുന്നതു
പോലെ സ്വിച്ചിൽ തൊട്ടാൽ പ്രകാശമൊഴുമെന്നൊരു ഭാവന അയാൾ അവതരിപ്പിക്കുന്നു. പ്രകാശം
ജലം പോലെയാണ് എന്നാണ് അച്ഛൻ നൽകിയ വിശദീകരണം. ഇവിടം മുതലാണ് കഥാഖ്യാനത്തിൽ (കഥ പറച്ചിലിൽ ) മാജിക്കൽ
റിയലിസമെന്ന രചനാസങ്കേതത്തെ മാർക്വെസ്
പ്രയോജനപ്പെടുത്തുന്നത്. അച്ഛനല്ല, ആഖ്യാതാവുതന്നെയാണ്
കഥയിൽ പ്രത്യക്ഷപ്പെട്ട് ടോട്ടോയുടെ മനസ്സിനെ മാന്ത്രികതയിലേക്ക് നയിക്കുന്നതെന്ന
വായനയും ഇവിടെ സാധ്യമാണ്.
പ്രകാശമുള്ള ഒരു വിളക്ക് ( ബൾബ് ) കുട്ടികൾ
പൊട്ടിക്കുന്നു. സ്വർണ പ്രകാശം മുറിയാകെ ഒഴുകി. പ്രകാശ ജലത്തിൽ കുട്ടികൾ വള്ളം
തുഴയുന്നതായി ചിത്രീകരിച്ചിരിക്കുന്നു. തങ്ങൾക്ക് നഷ്ടപ്പെട്ടു പോയ പ്രകൃതിയെ
വീണ്ടെടുക്കുകയാണിവിടെ കുട്ടികൾ. യഥാർഥത്തിൽ മാഡ്രിഡിനെ കാട്ജിനയാക്കി മാറ്റുകയാണ്
അവർ.
(🌲നാലോ അഞ്ചോ വാക്യത്തിൽ ഉത്തരമെഴുതുക. 🌹സകോർ 4 )
🌹Q 1 . "പ്രകാരം ജലം പോലെയാണ്. ടാപ്പ് തുറന്നാൽ മതി
കുതിച്ചൊഴുകും " . ഈ വാക്യത്തിന് കഥയിലുള്ള പ്രാധാന്യമെന്ത്?
✅ മാന്ത്രിക
യാഥാർത്ഥ്യത്തിന്റെ വശ്യസൗന്ദര്യം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച മാർക്വെസിന്റെ , പ്രകാശം ജലം പോലെയാണ് എന്ന കഥയെ
മാന്ത്രികാന്തരീക്ഷത്തിലേക്ക് നയിക്കുന്നത് ഈ വാക്യമാണ്. ഒരു ചർച്ചയ്ക്കിടയിൽ
ആഖ്യാതാവ് ടോട്ടോയോടു പറഞ്ഞ ഈ വാക്യം കുട്ടികൾക്ക് ഭാവനാ ലോകത്തിന്റെ കവാടം
തുറന്നു കൊടുക്കുന്നു. കാട്ജിനെയിൽ നിന്ന് പലായനം ചെയ്തപ്പോൾ കുട്ടികൾക്ക് നഷ്ടമായ
ബാല്യ സൗഭാഗ്യങ്ങൾ അവർ മാഡ്രിഡിൽ പുന:സൃഷ്ടിക്കുന്നു. ടാപ്പിൽ നിന്ന് വരുന്ന
വെള്ളം മാത്രമുള്ള കുടുസു ഫ്ലാറ്റിനുള്ളിൽ പ്രകാശജലാശയം സൃഷ്ടിച്ച് അതിൽ വള്ളം
തുഴഞ്ഞ് രസിക്കാനും മുങ്ങിത്തപ്പാനും ബോട്ടപകടം സൃഷ്ടിക്കാനും കുട്ടികളെ
പ്രാപ്തരാക്കുന്നത് ആഖ്യാതാവിന്റെ ഈ പരാമർശം കുട്ടികൾക്ക് മുന്നിൽ തുറന്നിട്ട
ഭാവനയുടെ സാദ്ധ്യതകളാണ്.
🌹Q 2 .
കാട്ജിനെ , മാഡ്രിഡ്
എന്നീ സ്ഥലങ്ങൾക്ക് പ്രകാശം ജലം പോലെയാണ് എന്ന കഥയിലുള്ള പ്രാധാന്യമെന്ത് ?
✅ മാർക്വെസിന്റെ
പ്രകാശം ജലം പോലെയാണ് എന്ന കഥയിലെ ടോട്ടോ , ജോവൽ
എന്നീ എലിമന്ററി സ്കൂൾ കുട്ടികളുടെ ജന്മ ദേശമാണ് കാട്ജിനെ. കൊളംബിയയിലെ ഒരു തുറമുഖ
പട്ടണം. കടലും കടൽത്തീരവും വള്ളവും ധാരാളം കളിയിടങ്ങളുമുള്ള കാട് ജിനെയിൽ
ഉല്ലാസഭരിതമായ ജീവിതമാണ് അവർ നയിച്ചത്. അച്ഛൻ ചൂത് കളിച്ചുണ്ടായ കടം വീട്ടുക എന്ന
ലക്ഷ്യത്തോടെയാണ് ആ കുടുംബം സ്പെയിനിലെ പരിഷ്കൃത നഗരമായ മാഡ്രിഡിലേക്ക്
കുടിയേറിയത്. കടലും കളിയിടങ്ങളും ഉള്ള കാട് ജിനെയിൽ നിന്ന് നദിയോ മറ്റ് ജലാശയങ്ങളോ
ഇല്ലാത്ത പൊള്ളുന്ന വേനലുള്ള മാഡ്രിഡിലെ കുടുസ് ഫ്ലാറ്റിലേക്ക് ഒതുങ്ങിക്കൂടേണ്ടി
വന്ന ടോട്ടോവും ജോവലും അനുഭവിക്കുന്ന ആത്മസംഘർഷവും അത് മറികടക്കാൻ അവർ നടത്തുന്ന
ഭാവനാ സഞ്ചാരവുമാണ് ഈ കഥയുടെ മൂഖ്യ പ്രമേയം. അതുകൊണ്ട് ഈ രണ്ട് സ്ഥലങ്ങൾക്ക് കഥയിൽ
വലിയ പ്രാധാന്യമുണ്ട് .
🌹Q 3
. കൊളംബിയയിൽ അധിനിവേശം നടത്തിയ സ്പെയിനിനോട് എഴുത്തുകാരന്റെ ഉള്ളിൽ നീറുന്ന
പ്രതിഷേധത്തിന്റെ സൂചനകൾ പ്രകാശം ജലം പോലെയാണ് എന്ന കഥയിൽ കണ്ടെത്താനാവുമോ?
കുറിപ്പെഴുതുക.
✅ കൊളംബിയൻ എഴുത്തുകാരനായ മാർക്വെസിന്റെ പ്രകാശം
ജലം പോലെയാണ് എന്ന കഥയ്ക്ക് ചില രാഷ്ട്രീയ മാനങ്ങൾ ഉണ്ട്. കൊളംബിയയിൽ അധിനിവേശം
നടത്തിയ സ്പെയിനിനോട് ഉള്ളിൽ നീരസം ഉള്ള എഴുത്തുകാരനാണ് മാർക്വെസ്. അതിന്റെ സൂചനകൾ പ്രകാശം ജലം പോലെയാണ് എന്ന
കഥയിൽ കാണാം. സ്പെയിനിന്റെ പ്രിയ പുഷ്പമായ ജറാനിയത്തിന്റെ ചെടിച്ചട്ടിയിൽ സ്കൂളിലെ
കുട്ടികൾ മൂത്രമൊഴിക്കുന്നു. അവർ സ്പെയിനിന്റെ ദേശീയ ഗാനത്തിന് പാരഡി ഉണ്ടാക്കി
പാടുന്നു. കഥയുടെ അന്ത്യത്തിൽ സ്പെയിനിനെക്കുറിച്ച് ' നദിയോ
കടലോ ഇല്ലാത്ത പ്രകാശത്തിൽ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം ഒരിക്കലും സ്വന്തമാക്കാത്ത
ആളുകളുള്ള മാഡ്രിഡ് ' എന്ന
പരാമർശത്തിൽ മാജിക്കൽ റിയലിസത്തിന്റെ വശ്യ സൗന്ദര്യം ഒരിക്കലും മനസിലാവാത്ത
അരസികന്മാർ ജീവിക്കുന്ന മാഡ്രിഡ് എന്ന സൂചനയാണു ഉള്ളത്. ഇവിടെയെല്ലാം മാർക്വെസിന്
സ്പെയിനിനോടുള്ള നീരസം പ്രകടമാണ്.
🌹4 .
കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതിലും ഭാവനാത്മകമായ ജീവിതം കരുപ്പിടിപ്പിക്കുന്നതിലും
മുതിർന്നവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രകാശം ജലം പോലെയാണ് എന്ന കഥയിൽ നിന്ന്
ഇതിനുള്ള തെളിവുകൾ കണ്ടെത്തി എഴുതുക.
✅ ഗബ്രിയേൽ
ഗാർസ്യ മാർക്വെസ് എഴുതിയ പ്രകാശം ജലം പോലെയാണ് എന്ന കഥയിലെ ടോട്ടോവും ജോവലും ബുദ്ധിശാലികളും
ഭാവനാശാലികളും ആണ്. അവരെ അത്തരത്തിൽ വളർത്തുന്നതിൽ ഈ കഥയിലെ മുതിർന്നവരായ അച്ഛനമ്മമാർക്കും
ആഖ്യാതാവിനും വലിയ പങ്കുണ്ട്. കുട്ടികളുടെ ആഗ്രഹങ്ങളായ കളിവള്ളവും മുങ്ങൽ
വേഷങ്ങളും വാങ്ങികൊടുക്കാം എന്ന വാഗ്ദാനം നൽകിക്കൊണ്ട് അവരെ പഠനത്തിൽ
പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ആ
വാക്ക് പാലിക്കുന്നു. കാട് ജിനെയിലെ സുന്ദരജീവിതം നഷ്ടപ്പെട്ടതിന്റെ സംഘർഷം
അനുഭവിക്കുന്ന കുട്ടികൾക്ക് മാഡ്രിഡിൽ സ്വാതന്ത്ര്യവും പിൻതുണയും വേണ്ടത്ര
നൽകിക്കൊണ്ട് അവരുടെ വ്യക്തിത്വ വളർച്ചയ്ക് പിൻതുണയാവുന്നുണ്ട് മാതാപിതാക്കൾ .
വേണമെന്ന് വച്ചാൽ ഇവർ ടീച്ചറിന്റെ കസേര പോലും നേടിയെടുക്കും എന്ന് അമ്മ
കുട്ടികളെക്കുറിച്ച് പറയുന്ന വാക്യത്തിലുമുണ്ട് മക്കളുടെ പ്രവർത്തന
മികവിനെക്കുറിച്ചുള്ള അഭിമാനം.മാഡ്രിഡിലെ കുടുസുമുറിയിൽ കാട് ജിനെ
പുന:സൃഷ്ടിക്കുന്ന മായിക സഞ്ചാരങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതും മുതിർന്ന
കഥാപാത്രമായ ആഖ്യാതാവ് പറഞ്ഞ പ്രകാശം ജലം പോലെയാണ് എന്ന പരാമർശമാണ്.
( 🌲 ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക.
✌🏾 സകോർ 6 )
🌹 Q 1
. മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതം പ്രകാശം ജലം പോലെയാണ് എന്ന കഥയുടെ പ്രമേയാവിഷ്കാരത്തിന്
പ്രയോജനപ്പെടുത്തിയിരിക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുക.
✅ ലാറ്റിനമേരിക്കൻ
സാഹിത്യത്തിൽ രൂപപ്പെടുകയും ലോകമെമ്പാടും പ്രചാരം നേടുകയും ചെയ്ത രചനാ സങ്കേതമാണ് മാജിക്കൽ
റിയലിസം അഥവാ മാന്ത്രിക യാഥാർത്ഥ്യം. 1982
ൽ നോബൽ സമ്മാനം നേടിയ ഗബ്രിയേൽ ഗാർസ്യ മാർക്വെസിന്റെ രചനകളാണ് മാജിക്കൽ റിയലിസത്തിന്റെ
വിശ്വവ്യാപക പ്രചാരത്തിന് മുഖ്യ കാരണമായത്.
പ്രമേയം യാഥാർത്ഥ്യമായിരിക്കുകയും അതിന്റെ
അവതരണം മാന്ത്രികമായിരിക്കുകയും ചെയ്യുക എന്നതാണ് മാജിക്കൽ റിയലിസത്തിന്റെ
സവിശേഷത. ഒരു യഥാർത്ഥ വിഷയത്തെ മാന്ത്രികമായ അന്തരീക്ഷത്തിൽ മാന്ത്രികരംഗങ്ങളിലൂടെ
അവതരിപ്പിക്കുക എന്നർത്ഥം.
ഗാബോയുടെ ( മാർക്വെസ് ) പ്രകാശം ജലം പോലെയാണ്
എന്ന കഥയിൽ ഉപയോഗിച്ചിരിക്കുന്നത് മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതമാണ്.
കൊളംബിയയിലെ കാട്ജിനെ എന്ന തുറമുഖ പട്ടണത്തിൽ
നിന്ന് സ്പെയിനിലെ മാഡ്രിഡ് എന്ന പരിഷ്കൃത
നഗരത്തിലേക്ക് കൂടിയേറേണ്ടി വന്ന ടോട്ടോ , ജോവൽ
എന്നീ കൊച്ചു കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷവും അത് മറികടക്കാൻ അവർ
നടത്തുന്ന ശ്രമങ്ങളുമാണ് ഈ കഥയിലെ പ്രമേയം . കാട് ജിനെയിലെ കടലോരവും കളിയിടങ്ങളും
നഷ്ടപ്പെട്ട് മാഡ്രിഡിലെ കുടുസ് ഫ്ലാറ്റിലേക്ക് ഒതുങ്ങിക്കൂടേണ്ടി വന്ന കുട്ടികൾ ആ
മുറിയിൽ ഭാവനയിലൂടെ കാട്ജിനെ പുന:സൃഷ്ടിക്കുന്നു. ഇവിടെയാണ് കഥയിൽ മാന്ത്രികത
ഉപയോഗിക്കുന്നത്. ബൾബ് തുറന്ന് വിട്ട് മുറിയിൽ പ്രകാശം തളം കെട്ടി നിർത്തുന്നതും
അവർ പ്രകാശ ജലത്തിൽ വള്ളം തുഴയുന്നതും മുങ്ങൽ വസ്ത്രങ്ങളണിഞ്ഞ് മുങ്ങിത്തപ്പുന്നതും
ബോട്ടപകടം ഉണ്ടാവുന്നതും എല്ലാം അവരുടെ ഭാവനാ സഞ്ചാരങ്ങളാണ്. അസംഭവ്യം എന്നറിഞ്ഞു
കൊണ്ടു തന്നെ നമുക്കത് യാഥാർത്ഥ്യം പോലെ ആസ്വദിക്കാനാവുന്നു. ഇങ്ങനെ
ആവിഷ്ക്കരിക്കുമ്പോൾ പ്രമേയത്തിന് കൂടുതൽ മിഴിവും ആസ്വാദ്യതയും കിട്ടുന്നു
എന്നതാണ് മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതം ഈ കഥയിൽ സ്വീകരിച്ചതിന്റെ മെച്ചം.
( 🎋 ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക 🌺സകോർ 8 )
🌹Q 1 . പ്രകാശം
ജലം പോലെയാണ് എന്ന കഥയിലെ മാന്ത്രികരംഗങ്ങൾ ഏതെല്ലാം
കഥയുടെ പ്രമേയാവിഷ്കാരത്തിൽ ഈ രംഗങ്ങൾ
എത്രത്തോളം പ്രധാനമാണെന്ന് വിശദമാക്കുക.
✅ കൊളംബിയൻ
സാഹിത്യകാരനായ ഗബ്രിയേൽ ഗാർഷ്യ മാർക്ക്വേസ് എഴുതിയ കഥയാണ് ' പ്രകാശം ജലം പോലെയാണ് ' . ഗാബോ
എന്ന വിളിപ്പേരുള്ള അദ്ദേഹത്തിന് 1982 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
ഗാബോയുടെ കൃതികളിലൂടെ മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതം ലോകമെങ്ങും പ്രചരിച്ചു.
ലാറ്റിനമേരിക്കയുടെ ചരിത്രവും വർത്തമാനവുമാണ് ഗാബോയുടെ കൃതികളിലെ മാന്ത്രിക
യാഥാർത്ഥ്യങ്ങളിൽ ഒളിഞ്ഞ് കിടക്കുന്നത്.
അച്ഛനമ്മമാരോടൊപ്പം കാഡ്ജിനെ എന്ന കൊളംബിയൻ
തുറമുഖ പട്ടണത്തിൽ നിന്ന് സ്പെയിനിലെ പരിഷ്കൃതനഗരമായ മാഡ്രിഡിലേക്ക് കുടിയേറേണ്ടി
വന്നവരാണ് ടോട്ടോ, ജോവൽ എന്നീ കുട്ടികൾ.
കടലോരവും വള്ളവും കളിയിടങ്ങളും ഉണ്ടായിരുന്ന
കാഡ്ജിനെ വിട്ട് മാഡ്രിഡ് നഗരത്തിലെ കുടുസു ഫ്ലാറ്റിലേക്ക് കുടിയേറേണ്ടി വന്നത്
കുട്ടികളിൽ വലിയ നഷ്ടബോധവും സംഘർഷവും സൃഷ്ടിച്ചു. കാഡ്ജിനെയിലെ നഷ്ട സൗഭാഗ്യങ്ങൾ
തിരികെ പിടിക്കാൻ കുട്ടികൾ നടത്തുന്ന ശ്രമമാണ് കഥയുടെ മുഖ്യ പ്രമേയം. അവർ
ഭാവനയിലൂടെ മാഡ്രിഡിലെ ഇടുങ്ങിയ ഫ്ലാറ്റിൽ കാഡ്ജിനെ പുന:സൃഷ്ടിക്കുന്നു.ഇവിടെയാണ്
കഥയിൽ മാന്ത്രിക രംഗങ്ങൾ ഉള്ളത്.
മൂന്ന് മാന്ത്രികരംഗങ്ങളാണ് കഥയിൽ ഉള്ളത്.
അച്ഛനമ്മമാർ ഇല്ലാത്ത നേരത്ത് മുറിയിലെ വൈദ്യുത വിളക്കുകളിൽ ഒന്ന് തുറന്ന് വിട്ട്
മുറിയിൽ മൂന്നടി ഉയരത്തിൽ പ്രകാശം നിറച്ചതിന് ശേഷം കുട്ടികൾ അതിൽ തങ്ങളുടെ
കളിവള്ളം തുഴഞ്ഞ് രസിക്കുന്നതാണ് ആദ്യ മാന്ത്രിക രംഗം .
കൂടുതൽ പ്രകാശം തുറന്ന് വിട്ട് മുറിയിൽ
പന്ത്രണ്ടടി ആഴമുള്ള പ്രകാശ ജലാശയം സൃഷ്ടിച്ച് അതിൽ മുങ്ങിത്തപ്പി നിധികൾ പലതും
കണ്ടെടുക്കുന്നതാണ് രണ്ടാമത്തെ മാന്ത്രിക രംഗം.
കൂട്ടുകാരുമൊത്തുള്ള വിരുന്നിൽ വച്ച് ആ
വീട്ടിലെ എല്ലാ വിളക്കുകളും ഒന്നിച്ച് തുറന്ന് വിട്ട് പ്രകാശ പ്രളയം
സൃഷ്ടിക്കുന്നതാണ് മൂന്നാമത്തെ മാന്ത്രിക രംഗം. ആ പ്രളയത്തിൽ അവരുടെ ബോട്ട്
മറിഞ്ഞ് കൂട്ടുകാരെല്ലാം മരിക്കുകയും അവിടമാകെ പ്രകാശത്തിന്റെ ചതുപ്പാവുകയും
ചെയ്തു. പ്രളയപ്രകാശം മാഡ്രിഡ് നഗരത്തെയും മുക്കിക്കളഞ്ഞു.
ഈ മൂന്ന് മാന്ത്രിക രംഗങ്ങളിലൂടെ തങ്ങളുടെ നഷ്ട
സൗഭാഗ്യങ്ങൾ വീണ്ടെടുക്കാൻ കുട്ടികൾ നടത്തുന്ന ശ്രമങ്ങളാണ് ഗാബോ
അവതരിപ്പിക്കുന്നത്. പ്രകാശം ജലം പോലെയാണെന്ന് ആഖ്യാതാവ് നടത്തിയ പരാമർശമാണ് ഈ
ഭാവനാ സഞ്ചാരത്തിന് കുട്ടികൾക്ക് പ്രേരണയായത്. വെള്ളവും കടലോരവും വള്ളവും
കളിയിടങ്ങളും നഷ്ടപ്പെട്ട കുട്ടികൾ ഭാവനയിലൂടെ അവ വീണ്ടെടുക്കുന്നു. ആ
വീണ്ടെടുപ്പാണ് കഥയിലെ മാന്ത്രിക രംഗങ്ങളിലൂടെ ആവിഷ്കരിക്കുന്നത്.
യാഥാർത്ഥ്യത്തെ മാന്ത്രിക രംഗങ്ങളിലൂടെ
അവതരിപ്പിക്കുന്ന മാജിക്കൽ റിയലിസമാണ് ഇവിടെ പ്രമേയാവിഷ്കാരത്തെ കൂടുതൽ
സുന്ദരമാക്കുന്നത് .
നോട്ട് തയ്യാറാക്കിയത് : അജയകുമാർ ബി , ഗവ. HSS , ചുനക്കര , ആലപ്പുഴ ജില്ല )
No comments:
Post a Comment