+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Wednesday, August 3, 2022

' നാട്ടുമൊഴിച്ചന്തം ' - പുതിയ പംക്തി ആരംഭിക്കുന്നു

  നാട്ടുമൊഴിച്ചന്തം - മലയാളി മറന്ന വാക്കുകളുടെ വീണ്ടെടുപ്പ് 


മുഖക്കുറി

ഭാഷയുടെ ശക്തിയും സാധ്യതയും കൃത്യമായി അറിയണമെങ്കിൽ അതിന്റെ പ്രാദേശിക ഭേദങ്ങൾ മനസിലാക്കണം. അതത് ദേശക്കാർ നീട്ടലും കുറുക്കലും മൂളലും  മുഖപേശികൊണ്ടുള്ള ഗോഷ്ടിയും ഒക്കെയായി ഓരോ പ്രത്യേക ഈണത്തിലും താളത്തിലും തന്റെ നാട്ടു ഭാഷയിൽ വിനിമയം നടത്തുമ്പോൾ, വിവർത്തകനാവട്ടെ ഭാഷാശാസ്ത്രജ്ഞനാവട്ടെ വിസ്മയത്തോടെ അത് കണ്ടു നിന്നുപോകും. എത്ര വലിയ വ്യാഖ്യാനങ്ങൾക്കും പൂർണ്ണമായി വഴങ്ങാതെ, വെല്ലുവിളിയോടെ അത് വിവർത്തകരെ കുഴക്കും.

വാസ്തവത്തിൽ ലോകത്തിലെ മികച്ച കലാ സാഹിത്യ സൃഷ്ടികളൊക്കെ വിജയം കണ്ടെത്തുന്നത് പ്രാദേശിക ഭേദങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. ഷേക്സ്പിയർ കൃതികൾ തന്നെ ഒന്നാന്തരം ഉദാഹരണമാണ്. മലയാള സാഹിത്യത്തിൽ ബഷീറും എം.ടിയും സാറാ ജോസഫും എന്നു തുടങ്ങി ഒട്ടുമുക്കാൽ എഴുത്തുകാരും, സിനിമയിൽ ഇന്നസെന്റും സുരാജും ഹരീഷ് കണാരനും എന്നുവേണ്ട എത്രയോ അഭിനേതാക്കളും പ്രാദേശിക ഭാഷയെ ശക്തിയാക്കി മാറ്റിയവരാണ്. അത്തരം ഇതിവൃത്തമുള്ള സിനിമകളും പാട്ടുകളും ധാരാളമുണ്ട് എന്നതും ശ്രദ്ധിക്കാം.

സാഹിത്യത്തിലും സിനിമയിലും ഒക്കെയായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന പ്രാദേശിക ഭേദങ്ങളുടെ പതിന്മടങ്ങ് യഥാർത്ഥത്തിൽ അതത് നാട്ടിൽ വ്യവഹരിക്കപ്പെടുന്നുണ്ട്. അത്തരം നൂറ് നൂറ് പദങ്ങളുടെ നിലനിൽപ് വാമൊഴിയായിട്ടാണ് എന്നത് അവയുടെ മൂർത്ത സൗന്ദര്യമാണെങ്കിലും വലുതായ ഒരപകടം ഒളിഞ്ഞിരിപ്പുണ്ട്. വിവരവിനിമയ മേഖലകളിലെ വളർച്ചയിൽ ദേശാതിർത്തികൾ നേർത്ത് പോവുകയും ലോകത്തെ കയ്യെത്തിപ്പിടിക്കാനാവും വിധം വ്യക്തി വിശ്വപൗരൻ ആവുകയും ചെയ്യുമ്പോൾ ആദ്യം ചുരുട്ടി ചവറ്റുകൊട്ടയിലിടുന്നത് ഇത്തരം മൊഴിവഴക്കങ്ങളാണ്. ഇത് ഇപ്പോൾ നിലനിൽക്കുന്ന സാധാരണക്കാർക്കിടയിൽ മാനക ഭാഷ ഉദാത്തമെന്നും പ്രാദേശികം അപകർഷമെന്നും ഉള്ള തോന്നൽ ശക്തിപ്പെടുന്നു എന്നത് പച്ചപ്പരമാർത്ഥമാണ്. തലമുറ മാറുമ്പോൾ, വിലയിടാനാകാത്ത പ്രാദേശികഭാഷാ സ്വരൂപങ്ങളെല്ലാം ഇനി ഉയിർ കൊള്ളാനാവാത്ത വിധം ഉടഞ്ഞ് പോയിട്ടുണ്ടാവും. ഇപ്പോൾത്തന്നെ പലർക്കും പലതും വിസ്മൃതമായിപ്പോയി. അതിനാൽ അത്തരം മൊഴി വഴക്കങ്ങളെ ശേഖരിച്ച് എല്ലാ ദേശക്കാർക്കുമായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പംക്തി- നാട്ടുമൊഴിച്ചന്തം - മലയാളി മറന്ന വാക്കുകളുടെ വീണ്ടെടുപ്പ്  തുടങ്ങുന്നത്.

( വിജു പാറശ്ശാല )


💦💦💦💦💦💦💦💦💦💦💦💦💦💦

പടലം : 1

തിരുവനന്തപുരം ജില്ലയുടെ തെക്കൻ മേഖലകളിൽ വളരെ വ്യത്യസ്ഥങ്ങളായ ധാരാളം പ്രയോഗങ്ങളും പേരുകളും ഉണ്ട്.  സാധാരണ ഗതിയിൽ എല്ലാ സംസ്ഥാന  അതിർത്തികളിലും അയൽ സംസ്ഥാനങ്ങളിലെ ഭാഷ സ്വാധീനം ചെലുത്താറുണ്ട്. ഇവിടെയാകട്ടെ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതുവരെ കന്യാകുമാരി വരെ അതിർവരമ്പില്ലാതെ ഒന്നായി കഴിഞ്ഞിരുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. അതിനാൽ അയൽ സംസ്ഥാനം എന്ന നിലയിയിൽ കവിഞ്ഞ വലിയ സ്വാധീനം ഈ പ്രദേശങ്ങളിലുണ്ടായി. വാസ്തവത്തിൽ അത് തന്നെയാണ് ഇത്രയേറെ പ്രാദേശിക ഭേദം ഇവിടെ ഉരുത്തിരിയാനുള്ള കാരണവും. ചില സാധനങ്ങളുടെ പേരുകൾ ആദ്യം നോക്കാം.

 

1) തിരുവല : ചിരവ

തമിഴിന്റെ സ്വാധീനമാണ് ഈ പ്രദേശത്ത് ചിരവയ്ക്ക് തിരുവല എന്ന പേരുവരാൻ കാരണം. ചിരവയും തേങ്ങാ ചിരണ്ടുന്ന പ്രവൃത്തിയും ഇവിടെ കന്യാകുമാരി ജില്ലക്കാർ തിരുവൽ എന്നാണ് പറയാറ്. പാറശ്ശാലക്കാരും "തേങ്ങാ തിരുവുന്നു" എന്നു തന്നെയാണ് പറയാറ്. "ഉന്നു" എന്ന വർത്തമാനകാല ക്രിയയുടെ പ്രത്യയം ഈ പ്രദേശത്ത് 'ണ് ' ആണ്. പറയുന്നു എന്നതിനെ "പറയ്ണ് " എന്നും ഓടുന്നു എന്നതിനെ "ഓട്ണ് " എന്നുമാണ് പ്രയോഗിക്കുന്നത്. ഇപ്പോൾ "ഞാൻ തേങ്ങ തിരുവ്ണ് " എന്നായാൽ പ്രവൃത്തി വ്യക്തമായെന്ന് കരുതുന്നു. ഞാൻ എന്നതിലെ ചില്ല് ഉത്തര പദത്തിലെ ആദ്യ വർണ്ണവുമായി ചേർന്ന് "ഞാന്തേങ്ങ തിരുവ്ണ് " എന്നായാൽ കൃത്യമായി. തിരുവല, തിരുവല്, തിരുവൽ എന്നിങ്ങനെ അൽപസ്വൽപം വ്യത്യാസങ്ങളും ചിലേടത്തുണ്ട്.

 

2) തുടുപ്പ്


പുഴുങ്ങിയ
കപ്പയും മറ്റും പാത്രത്തിനുള്ളിൽ വച്ച് ഇടിച്ച് കുഴയ്ക്കാനായി പനയോലയുടെ മടൽ ഉപയോഗിക്കാറുണ്ട്. ഇതിന് പറയുന്ന പേരാണ് തുടുപ്പ്. ഏതാണ്ട്  രണ്ടടിയോളം നീളത്തിലുള്ളതും കൈ പിടിക്കാൻ പാകത്തിൽ ഒരറ്റം ചെത്തി ഒതുക്കിയതുമായ മടലാണ് തുടുപ്പ്. തമിഴ്നാട്ടിലെ തൂത്തുക്കുടി മുതൽ ഇങ്ങോട്ടുള്ള തീരപ്രദേശത്തുള്ളവർ പങ്കായത്തിനെയാണ് തുടുപ്പ് എന്ന് പറയുന്നത്. കൃത്യമല്ലെങ്കിലും ഏതാണ്ട് അതിന്റെ രൂപസാദൃശ്യം ഉള്ളതുകൊണ്ടാവാം ഇതിന് ഈ പേര് വന്നത്. തുടുപ്പു കൊണ്ടുള്ള ഇളക്കൽ
, 'കിണ്ടൽ' ആണ്. കിണ്ടുക എന്നതും തമിഴ് പ്രയോഗം തന്നെ. തമിഴിൽ കിണ്ടൽ എന്നത് നാമപദമാകുമ്പോൾ കളിയാക്കൽ എന്ന അർത്ഥത്തിലും ക്രിയാ പദമാകുമ്പോൾ ചെറുതായി ഇളക്കി കൊടുക്കൽ എന്ന അർത്ഥത്തിലും ആണ് പ്രയോഗിക്കുന്നത്. നമ്മുടെ കപ്പയിളക്കൽ ക്രിയയ്ക്ക് തമിഴിലെ ക്രിയാപദം തത്സമമെടുത്തു. "തുടുപ്പ് കൊണ്ട് കപ്പ കിണ്ടാം." ഈ പ്രയോഗത്തിലെ 'കൊണ്ട് ' എന്നത് ഭാഷ പഠിക്കുന്നവരെ സംബന്ധിച്ച് 'ഗതി' ആണ്. ഇവിടെ ഗതി ' വച്ച് ' എന്ന് വരാം. കപ്പ, കിഴങ്ങും പിന്നെ കെഴങ്ങും ആവും.

അങ്ങനെ "തുടുപ്പ് വച്ച് കെഴങ്ങ് കിണ്ടാം" എന്ന് കൃത്യമായി പറയാം.

 

3) കടവം


പനയോല കൊണ്ട് ഉണ്ടാക്കുന്ന വലിയ വട്ടിയാണ് കടവം. അടിവശം ചതുരാകൃതിയിലാവും. വൃത്താകാരമായാൽ കുട്ടയായി. കുട്ട നിർമ്മിക്കുന്നത് ഈറ കൊണ്ടാണ് എന്നൊരു വ്യത്യാസം കൂടി ഉണ്ട്. കടവം പനയോല കൊണ്ടാവണം. അത്യാവശ്യം ഭാരം താങ്ങാനുള്ളതിനാൽ രണ്ട് പനയോല ചേർത്ത് കോർത്താണ് കടവം നിർമ്മിക്കാറ്. നല്ല കട്ടിയുണ്ടാവും. വലിപ്പം സൂചിപ്പിക്കാനും ഇവിടങ്ങളിൽ കടവം എന്ന് പറയാറുണ്ട്. ഉദാഹരണത്തിന് ഒരു കാറിനുള്ളിൽ കയറിയിരുന്നിട്ട് "കടവം പോലുണ്ട് " എന്ന് പറഞ്ഞാൽ അതിന്റെ വലിയ സ്ഥല സൗകര്യം ആണ് അർത്ഥമാക്കുന്നത്. കൊച്ചു കുട്ടിയ്ക്ക് വലിയ ഷർട്ട് എടുത്തിട്ടു കൊടുത്താലും "അവന് അത് കടവം പോലെ ഇരിക്കും." തമിഴ്നാട്ടിൽ - പ്രത്യേകിച്ച് നാഗർകോവിലിനപ്പുറം ഉവരി, മണപ്പാട്, തുടങ്ങി തിരുച്ചെന്തൂർ വരെയുള്ള, പന ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നാണ് കടവം വിപണിയിലെത്തുന്നത്. കടവം എന്ന് പേരിട്ടതും അവർ തന്നെ.

 

4) തൊറപ്പ : ചൂൽ


തൂക്കാനുളളത് (അടിച്ചു വാരൽ) തുടയ്ക്കാനുള്ളത് എന്നൊക്കെയുള്ള അർത്ഥത്തിൽ തൊടപ്പം എന്നൊരു പ്രയോഗം നാഗർകോവിൽ, തക്കല പ്രദേശത്ത് ഉണ്ട്. അതിലെ '' ക്രമേണ '' ആയി 'തൊറപ്പ' ആയിരിക്കാനാണ് സാധ്യത. കാരണം കളിയിക്കാവിള പ്രദേശത്ത് തറയോ മറ്റോ തുടച്ചിടാൻ " തൊറച്ചിട് " എന്ന് ഇപ്പോഴും പ്രയോഗിക്കാറുണ്ട്. ചൂലിന് തമിഴിൽ വാരിയൽ എന്ന് പറയും. വാരാൻ (കോരിയെടുക്കാൻ) ഉള്ളതെന്ന അർത്ഥത്തിലാണത്. അതിനാൽ തൊറപ്പ ചെന്തമിഴിൽ നിന്നുണ്ടായ വാക്കല്ല. നാഗർകോവിലിനിപ്പുറത്ത് ഉണ്ടായ വാക്കാണ്. ഇപ്രകാരം തൂക്കാനും തുടയ്ക്കാനുമുളള ഉപകരണം 'തൊറപ്പ' ആയതായി അനുമാനിക്കാം. തിരുവനന്തപുരം ജില്ലക്കാർ ചൂലിന് 'തൊറപ്പ' എന്നു തന്നെ പറയുന്നു. തെങ്ങോലയിൽ നിന്നുള്ള ഈർക്കിൽ കൊണ്ടാണ് തൊറപ്പ ഉണ്ടാക്കിയിരുന്നത്.


5) ഒതോല് : പുല്ല്

വീട്ടിലെ പശുവിന് തീറ്റയ്ക്കായി "ഒതോല് പറിയ്ക്കാൻ പോണ" വർ ഇവിടെ നാട്ടുമ്പുറങ്ങളിൽ നിത്യ കാഴ്ചയാണ്. ഒതോലിന് തമിഴുമായല്ല ബന്ധം. അവർക്കു പോലും അങ്ങനെ ഒരു സാധനത്തെ അറിയില്ല. നെയ്യാറ്റിൻകര പാറശ്ശാല പ്രദേശത്തെ പശുവളർത്തലും മറ്റും മുഖ്യ തൊഴിലാക്കിയ, അല്ലെങ്കിൽ പുല്ല് കെട്ടുകളാക്കി വിറ്റ് ഉപജീവനം നടത്തിയിരുന്ന ജനവിഭാഗങ്ങളിൽ നിന്ന് ആവണം ഈ വാക്കുണ്ടായത്. പുതച്ചുമൂടുക എന്ന് പറയാറുണ്ടല്ലോ. പുല്ല് മൂടിക്കിടക്കുന്ന കുന്നിനെ കണ്ടിട്ട് അവിടം പച്ചപുതച്ചു കിടക്കുന്നു എന്നും പറയാറുണ്ട്. ഈ പുതയ്ക്കൽ നിർവ്വഹിക്കുന്ന 'പുതയ' ലാണ് പുല്ല്. വാഴ പോലുള്ള ചില വിളകൾക്ക് വളമായും ജലാംശം നിലനിർത്താനും മറ്റും പുല്ലും പാഴ്ചെടികളും ഒക്കെ ചുവട്ടിൽ കനത്തിൽ ഇടുന്നതിനെ "പുതയിടൽ " എന്നും പറയാറുണ്ട്. ഈ പുതയൽ പിന്നീട് ഒതയലും ഒതോലും ആയിരിക്കാനാണ് സാധ്യത. എന്തായാലും തിരുവനന്തപുരത്തിന്റെ തെക്ക് ഭാഗത്ത് പ്രചാരത്തിലുള്ള രസകരമായൊരു പദമാണ് ഒതോല്.

( തുടരും )



കനലക്ഷരങ്ങൾ ( കവിത ) രേഖ ആർ.താങ്കൾ


ജീർണം

ഇത്രമേലേറെ  പുഴുത്തവ്രണമൊന്ന്

ഉള്ളിൽ നുരച്ചുപുളയ്ക്കുന്ന കാരണ-

മാവാം അറിയാതെ പോകുന്നു ചുറ്റിലും

ആകെപ്പരന്നുതെഴുക്കുന്ന ദുർഗന്ധം

 

സംഗമം

പുഴപോലെ ഒഴുകിയൊഴുകി

കടലിൽ ചേരുകയായിരുന്നു

കടലായി മാറിക്കഴിഞ്ഞപ്പോൾ

പിന്നെ പുഴയെ തിരിച്ചറിയാതായി

 

വിപ്ലവം

പ്രണയം ഒരു കലാപമാണ്

നിരന്തരം പരിഷ്കരിക്കപ്പെടാനായി

ഉടലും ഉയിരും സംയുക്തമായി

ആഹ്വാനം ചെയ്യുന്ന വിപ്ലവം

 

സമാന്തര രേഖകൾ

നീയില്ലാതെന്നിൽ

ഞാനില്ലാതായിട്ടും

സമാന്തരരേഖകൾക്ക്

പൊതുബിന്ദുവില്ലെന്ന്

ലോകം പഠിപ്പിക്കുന്നു

 

 നഗ്നത

അക്ഷരങ്ങളിൽ  തെളിഞ്ഞു കണ്ട  പ്രതിബിംബത്തിൽ നിന്നാണ്

എന്റെ നഗ്നതയെ

ഞാൻ സ്നേഹിച്ചു തുടങ്ങിയത്