Saturday, August 13, 2022

ഏകാന്തതയുടെ മ്യൂസിയം ( ക്രൈം ത്രില്ലർ ) എം ആർ അനിൽകുമാർ / പഠനം : സോയ വി ടി

വായനച്ചെല്ലം - 8

'ക്രൈം ത്രില്ലർ ' എന്ന (അനുചിതമായ) ടാഗോടുകൂടി 2019 നവംബറിൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച നോവലാണ് എം ആർ അനിൽ കുമാറിന്റെ  " ഏകാന്തതയുടെ മ്യൂസിയം". 741 പേജുകളുള്ളതും മലയാളത്തിലെ ബൃഹദ്നോവലുകളുടെ പട്ടികയിൽപ്പെടുത്താവുന്നതുമായ ഈ നോവൽ. എഴുത്തുകാരന്റെ ആദ്യ നോവലാണ്. എന്റെ ധാരണപ്രകാരം അവകാശികളും കയറും ശമനതാളവും മാത്രമാണ് ഇതിനേക്കാൾ വലിയ മലയാളനോവലുകൾ.

എട്ടൊമ്പത് വർഷങ്ങൾക്കുമുമ്പ് "ദേശത്തെക്കുറിച്ച് പറഞ്ഞ ആയിരം നുണകൾ" എന്ന പേരിൽ ബ്ലോഗ് നോവലായി ഇതിലെ ഏതാനും അദ്ധ്യായങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

ക്രൈം ത്രില്ലർ എന്ന ചൂണ്ടുപലക കണ്ട് പുസ്തകം കയ്യിലെടുക്കുന്ന ക്രൈംത്രില്ലർ ആരാധകരെ ഈ കൃതി തൃപ്തിപ്പെടുത്തിക്കൊള്ളണമെന്നില്ല. കൊലപാതകത്തിനും അതിനു പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന  പാരമ്പര്യരീതിയ്ക്കുമപ്പുറം ഈ നോവൽ വിചിത്രഭാവനകളുടെ ഒരു മ്യൂസിയമാവുന്നു. detailing രചനാരീതിയാണ് ഈ കൃതിയുടെ രചനയിലുടനീളം എഴുത്തുകാരൻ പ്രയോജനപ്പെടുത്തിയിട്ടുള്ളത്. നോവൽ വായനയുടെ പ്രഥമഘട്ടത്തിലുള്ളവർക്ക് ഈ രീതി രുചിക്കണമെന്നില്ല; പക്ഷേ വായനയുടെ സംസ്കാരം കരഗതമാക്കിയ രണ്ടാംഘട്ട വായനക്കാർക്ക് സമൃദ്ധമായ വായനാനുഭവം ഈ കൃതി നൽകുകതന്നെ ചെയ്യും.

കണ്ടമ്പററി ന്യൂസ് എന്ന പത്രസ്ഥാപനത്തിലെ എന്റർടൈൻമെന്റ് ഡസ്കിൽ ജോലി ചെയ്യുന്ന സിദ്ധാർഥൻ കഥപറയുന്ന രീതിയിലാണ് നോവലിന്റെ തുടക്കം. സിദ്ധാർഥന്റെ കുട്ടിക്കാലത്തെ ഭ്രമാത്മകഭാവനകൾ/സ്വപ്നങ്ങളാണ് ആദ്യ അദ്ധ്യായത്തിലെ പ്രതിപാദ്യം. നോവലിലെ പ്രധാന കഥാപാത്രമായ സിദ്ധാർഥനെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു ആദ്യ രണ്ടദ്ധ്യായങ്ങൾ. സിദ്ധാർഥന്റെ കിറുക്കുകളെപ്പറ്റി ശരിയായി മനസ്സിലാക്കിയിട്ടുള്ള സഹപ്രവർത്തകയും സുഹൃത്തുമായ വർഷ, എക്സ്കവേഷൻസ് എന്നൊരു ബ്ലോഗിന്റെ ലിങ്ക് അവനയച്ചു കൊടുക്കുന്നു. ഒരു നോവലിന്റെ ചില അദ്ധ്യായങ്ങളായിരുന്നു ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചിരുന്നത്. നോവലിന്റെ ഉള്ളടക്കവുമായി തന്റെ വിചിത്രസ്വപ്നങ്ങൾക്കുള്ള സാമ്യം നോവലിസ്റ്റിനെ തേടിപ്പോകാൻ സിദ്ധാർഥനെ പ്രേരിപ്പിക്കുന്നു. വീടോ ജോലിയോ യാത്രയ്ക്കിടയിലുണ്ടാകുന്ന ദുർനിമിത്തങ്ങളോ ഭീകരാനുഭവങ്ങളോ ഈ യാത്രയിൽനിന്ന് സിദ്ധാർഥനെ പിന്തിരിപ്പിക്കുന്നില്ല. ഫോൺപോലും വീട്ടിൽ മറന്നുവച്ച് മറ്റുള്ളവർക്ക് ബന്ധപ്പെടാനുള്ള പ്രധാന വാതിൽ കൊട്ടിയടച്ചാണ് അയാൾ യാത്ര തിരിക്കുന്നത്. ഇവിടം മുതലാണ് കഥയിൽ ആകാംക്ഷയുടെ വിത്തു മുളയ്ക്കുന്നത്. ഈ യാത്ര ഒരിക്കലും ഒരു സന്തോഷാനുഭവമാകില്ലെന്നതിന്റെ സൂചനയായി രണ്ട് ദുർമരണങ്ങൾ സിദ്ധാർഥൻ അഭിമുഖീകരിക്കുന്നുണ്ട്.

ഈ യാത്രയ്ക്കിടയിലാണ്  "ഏകാന്തതയുടെ മ്യൂസിയം" എന്ന നോവലിന്റെ  എഴുത്തുകാരൻ (നോവലിന്റെ അവസാനംവരെ ഈ കഥാപാത്രമുണ്ട്) സിദ്ധാർഥന്റെ സഹയാത്രികനാവുന്നത്. ഒരു നോവലിസ്റ്റിനെ തേടിയുള്ള യാത്രക്കിടയിൽ മറ്റൊരു നോവലിസ്റ്റിനൊപ്പം ഇരിപ്പിടം പങ്കിടുന്നു സിദ്ധാർഥൻ. ആ യാത്ര സിദ്ധാർഥന്റെ ജീവിതത്തിന്റെ ഗതിതന്നെ  മാറ്റുന്നു. ബസ്സിനുള്ളിലെ ആളു മാറിയുളള കൊലപാതകത്തിന് (കൊലപാതകി തേടിയിരുന്നത് സിദ്ധാർഥന്റെ സഹയാത്രികനായ നോവലിസ്റ്റിനെയായിരുന്നു!) ദൃക്‌സാക്ഷിയാവുന്നുണ്ട് അയാൾ. പോലീസ് ലോക്കപ്പും വക്കീലിന്റെ ഇടപെടലും വക്കീൽഗൃഹത്തിലെ താമസവും കഴിഞ്ഞ്, ഗബ്രിയേൽ ജോസഫ് കട്ടക്കാരൻ എന്ന ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റിനെ തേടിയിറങ്ങിയ സിദ്ധാർഥൻ എന്നെന്നേക്കുമായി അപ്രത്യക്ഷനാവുന്നു.

രണ്ടു ഭാഗങ്ങളുണ്ട് ഈ നോവലിന്. ആദ്യഭാഗത്ത് യഥാർത്ഥ വ്യക്തിയായി പ്രത്യക്ഷപ്പെടുന്ന സിദ്ധാർഥൻ രണ്ടാംഭാഗത്ത് നോവലിനുള്ളിലെ നോവലിലെ നായക കഥാപാത്രമാവുന്നു.

എക്സ്കവേഷൻസ് എന്ന ബ്ലോഗിനെപ്പറ്റിയുള്ള അന്വേഷണം വർഷയെ ഗോകുലിലേക്കും, 'ഏകാന്തതയുടെ മ്യൂസിയം' എന്ന നോവലെഴുതിയ എഴുത്തുകാരനിലേക്കും എത്തിക്കുന്നു. താനെഴുതിക്കൊണ്ടിരിക്കുന്ന നോവലിന് ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഗബ്രിയേൽ ജോസഫ് കട്ടക്കാരൻ എഴുതിയ നോവലുമായുള്ള അസാധാരണ സാമ്യമാണ്  വർഷയെ തേടിയെത്താൻ നോവലിസ്റ്റിനു പ്രേരണയായത്. വർഷയിൽ നിന്നയാൾ ഗോകുലിലേക്കും, ബ്ലോഗ് നോവലിന്റെ പകർപ്പിലേക്കും എത്തുന്നു. തന്റെ നോവലല്ല അതെന്ന് ആശ്വസിക്കുന്നതിനോടൊപ്പം തന്റെ നോവലുമായി ഈ നോവലിനുള്ള അസാധാരണ സാദൃശ്യം നിമിത്തം നോവൽ മാറ്റിയെഴുതണമെന്ന തീരുമാനത്തിലേക്കും അയാളെത്തുന്നു. വർഷയുടെ വാക്കുകളിലൂടെ പരിചിതനായ സിദ്ധാർഥനെ, കേന്ദ്രകഥാപാത്രമാക്കി തന്റെ നോവൽ മാറ്റിയെഴുതാൻ അയാൾ തീരുമാനിക്കുന്നു. അങ്ങനെ അയാൾ മാറ്റിയെഴുതിയ നോവലാണ്   "ഏകാന്തതയുടെ മ്യൂസിയം" എന്ന നോവലിന്റെ രണ്ടാം ഭാഗം.

നോവലിന്റെ രണ്ടാം ഭാഗത്ത് അതായത് നോവലിനുള്ളിലെ നോവലിൽ,സിദ്ധാർഥൻ ഗബ്രിയേൽ ജോസഫ് കട്ടക്കാരനെ കണ്ടുമുട്ടുന്നുണ്ട്. അയാളോടൊപ്പം പുരാതന കൊളോണിയൽ ഭവനത്തിന്റെ നിഗൂഢതകൾ നിറഞ്ഞ അകത്തളങ്ങളിൽ കട്ടക്കാരന്റെ മരണം (അതൊരു കൊലപാതകമായിരുന്നു) വരെ വസിക്കുന്നുണ്ട്. നോവലിന്റെ ഒന്നാംഭാഗത്തിലെ ജേർണലിസ്റ്റായ സിദ്ധാർഥനെപ്പോലെ രണ്ടാംഭാഗത്തിലെ നോവൽ കഥാപാത്രമായ സിദ്ധാർഥനും എന്തുസംഭവിച്ചുവെന്ന് വായനക്കാരറിയുന്നില്ല. ഭാവനകളുടെ ഭ്രമാത്മകലോകം സ്വന്തമായുണ്ടായിരുന്ന സിദ്ധാർഥനെ വായനക്കാരുടെ ഭാവനയിലേക്ക് സ്വതന്ത്രനാക്കുകയാണ് എം ആർ അനിൽകുമാർ ചെയ്യുന്നത്.

ഇങ്ങനെ അപ്രത്യക്ഷരാകുന്ന നിരവധി കഥാപാത്രങ്ങൾ ഈ നോവലിലുണ്ട്. വക്കീലിന്റെ വീട്ടിൽ കാണുന്ന ബന്ധു നമ്പ്യാർ, അയാളുടെ അതിഥിയായ പെൺകുട്ടി, കട്ടക്കാരന്റെ വിവർത്തക മൃണാളിനി സുഭാഷ്, കഥ പറച്ചിലുകാരൻ, കരുണൻ സാർ (മരിച്ചെന്നതിനു തെളിവില്ല) മുതലായ കഥാപാത്രങ്ങളെല്ലാം ഇങ്ങനെ അപ്രത്യക്ഷരാവുന്നവരാണ്. ജെ എൻ യു വിദ്യാർഥി നജീബിനെപ്പോലെ, അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്ന അനേകരെപ്പറ്റിയുള്ള ആശങ്കകളാവാം ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ നോവലിസ്റ്റിനു പ്രേരകമായിട്ടുണ്ടാവുക.

സിദ്ധാർഥനെമാത്രം കേന്ദ്രീകരിച്ച് നോവലിൽ ആദ്യന്തം ഇങ്ങനെ സഞ്ചരിക്കാമെങ്കിലും അനേകം നൂലിഴകളുള്ള ഒരു ചിലന്തിവലപോലെയാണ്  ഈ നോവൽ എന്നതാണു വാസ്തവം. ഒരു കഥതേടി പ്രവേശിക്കുന്നൊരാൾക്കു മുന്നിൽ അനേകം കഥകളുടെ ഒരു മ്യൂസിയമായി മാറുന്നുണ്ട് ഈ കൃതി. ഒറ്റയാളെ കേന്ദ്ര കഥാപാത്രമാക്കി കഥ പറയാനായി വായനക്കാർ നടത്തുന്ന ഏതു ശ്രമവും ഭാഗികമാകാനേ ഇടയുള്ളൂ. അതുകൊണ്ടുതന്നെ സിദ്ധാർഥനെന്ന നൂലിഴപിടിച്ച് ഞാൻ പറഞ്ഞ രത്നച്ചുരുക്കവും നോവലിന്റെ ഒരു പാർശ്വത്തെ മാത്രമേ സ്പർശിക്കുന്നുള്ളൂ.

വിവർത്തനനോവലിന്റെ ഭാഷയാണ് രചനയ്ക്ക് സ്വീകരിച്ചിരിക്കുന്നത്. സൂക്ഷ്മാംശങ്ങളെപ്പോലും അതീവശ്രദ്ധയോടെ വർണ്ണിച്ചിട്ടുള്ള ഈ നോവലിന്റെ സ്ഥലരാശി ഒരു മലമ്പ്രദേശമാണ്. മഞ്ഞും തണുപ്പും വളഞ്ഞുപുളഞ്ഞപാതകളും ഏറെ വീതിയില്ലാത്ത നദികളും അനേകം കുടിയേറ്റക്കാരും അവരാൽ നിർവീര്യരാക്കപ്പെട്ട തദ്ദേശീയരുമുള്ള ഒരു പ്രദേശത്തിന്റെ ചിത്രമാണ് ‘ഏകാന്തതയുടെ മ്യൂസിയം’ എന്ന നോവൽ വായനക്കാരുടെ മനസ്സിലുണ്ടാക്കുക.മഞ്ഞ എന്നും വെള്ള എന്നും പേരുള്ള ഇരട്ടഗ്രാമങ്ങൾ.. മൺ മറഞ്ഞുപോയ മഞ്ഞഗ്രാമം.. അകേരളീയമായ  ഒരു ചുറ്റുപാടിലോ ഭാവനയിലോ മാത്രം കാണാവുന്ന ഒന്നായി ഈ സ്ഥലരാശി മാറുന്നുണ്ട്.

ചരിത്രം, ഭൂമിശാസ്ത്രം, കൊളോണിയൽ അധിനിവേശചരിത്രം, അധികാരവും കാമവും ക്രൂരതയുംകൊണ്ട് ദുർബലരെ ശക്തർ വേട്ടയാടിയ കഥകൾ, ആദിവാസികളുടെ സംസ്കാരം തകർത്ത് അവരെ കുടിയേറ്റക്കാർ നിസ്തേജരാക്കിയ കഥകൾ, രാജഭരണകാലത്ത് ഗോപ്യമായി സൂക്ഷിച്ച നിധികളെപ്പറ്റിയുള്ള പരാമർശങ്ങൾ, പുസ്തകങ്ങളെപ്പറ്റിയുള്ള (യഥാർത്ഥമായതും കല്പിതവും) പരാമർശങ്ങൾ, ഒറ്റമൂലികളുടെ വൈദ്യപാരമ്പര്യം സ്വന്തമായുണ്ടായിരുന്ന ഒരു സമൂഹത്തെപ്പറ്റിയുള്ള പരാമർശം എന്നിവയാൽ സമ്പന്നമാണ് ഈ രചന.

 

ഹിംസ ഈ നോവലിൽ ആദ്യന്തം നിറഞ്ഞു നിൽക്കുന്നു.

ഹിംസാത്മകമായി മാറിക്കൊണ്ടിരിക്കുന്ന ലോകമനസ്സാക്ഷിയെ ചിത്രീകരിക്കാൻ വേണ്ടിയാവണം നോവലിൽ ഇത്രത്തോളം കൊലപാതകങ്ങളും ദുർമരണങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. രാമേട്ടന്റെ മരണം, ബസ്സിലെ ചെറുപ്പക്കാരന്റേയും വക്കീലിന്റെയും സുബ്രുവിന്റെയും കൊലപാതകം, റിമയുടെ കൊലപാതക ശ്രമം, റിമയുടെ അമ്മയുടെ ആത്മഹത്യ, ടെറിന്റെ അനിയത്തിയുടെ മരണം, ടെറിന്റെ അമ്മയുടെ കൊലപാതകം (നിയമപാലകരാണത് ചെയ്യുന്നത്) സഹോദരിയുടെയും കുടുംബത്തിന്റെ അപകടമരണം, ഇയാൻ പാഴ്സൺ, ഈനാശു, ഈനാശുവിന്റെ മൂന്ന് ഭാര്യമാർ, രണ്ട് മക്കൾ എന്നിവരുടെ ദുർമരണം, കരുണൻ സാറിന്റെയും അനുയായികളുടെയും കൊലപാതകം (നക്സലൈറ്റുകളെ പോലീസ് വേട്ടയാടി കൊന്നുകളഞ്ഞതാണ്.)  റസ്റ്റോറന്റിലെ സ്ഫോടനത്തിൽ മരിക്കുന്നവർ, വള്ളിയമ്മ, ചെല്ലം. അവരെ ബലാത്സംഗം ചെയ്തു കൊന്നയാൾ എന്നിവരുടെ ദുർമരണം, ലിയു, ല്യൂലി, എറിറ്റീന ലാസറസ്, സാന്യാജെന്നി എന്നിവരുടെ കൊലപാതകം, അസാധാരണ സാദൃശ്യമുള്ള രണ്ട് എഴുത്തുകാരുടെ കൊലപാതകം... അങ്ങനെ അനേകം ദുർമരണങ്ങളുടെ മ്യൂസിയം കൂടി ആയി മാറുന്നുണ്ട് ഈ നോവൽ.

ഒരു മാസത്തിൽ താഴെയുള്ള കാലയളവിനുള്ളിലാണ് ഈ നോവലിലെ സംഭവങ്ങളെല്ലാമുണ്ടാകുന്നത്. പക്ഷേ ദീർഘമായൊരു കാലത്തെ, കഥകളുടെയും ഉപകഥകളുടെയും നോവലിനുള്ളിലെ മറ്റൊരു നോവലിന്റെയും ആഖ്യാനത്തിലൂടെ അനാവരണം ചെയ്യുന്ന പ്രതീതി ജനിപ്പിക്കുന്ന തന്ത്രം നോവലിസ്റ്റ് സ്വീകരിക്കുന്നുണ്ട്. റിയലിസത്തിന്റെയും മാജിക്കൽ റിയലിസത്തിന്റെയും ഫാന്റസിയുടെയും ഇമാജിനേഷന്റേയും സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട് ഈ കൃതി. ലാറ്റിനമേരിക്കൻ നോവലുകളുടെ സ്വാധീനം ഈ നോവലിൽ തള്ളിക്കളയാനാവില്ല. യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ചരിത്രപരാമർശങ്ങൾ, യഥാർത്ഥകൃതികളെക്കുറിച്ച് പറയും പോലെതന്നെ കല്പിതകൃതികളെക്കുറിച്ചുമുള്ള വിവരണങ്ങൾ, ലോഗനെയും എം കൃഷ്ണൻ നായരെയുംപോലെ ജീവിച്ചിരുന്നവരെയും ഹർഷനെപ്പോലെ ഇപ്പോഴും മാധ്യമരംഗത്ത് സജീവമായവരേയും കുറിച്ചുള്ള പരാമർശങ്ങൾക്കിടയിൽ കല്പിതചരിത്രത്തിന്റെ ഭാഗമായി വരുന്ന കഥാപാത്രപരാമർശങ്ങൾ... തുടരന്വേഷണങ്ങൾക്ക് ഗൂഗിളിൽ തിരഞ്ഞുപോകുന്നവർ സമർത്ഥമായി കബളിപ്പിക്കപ്പെടാനുള്ള സാധ്യതകളേറെയാണ്.

ഒരു വട്ടം പരാമർശിച്ച സംഭവങ്ങളുടെ/വിവരണങ്ങളുടെ ആവർത്തനവും, രണ്ടാം പകുതിയിലെ വേണമെങ്കിൽ ഒഴിവാക്കാമായിരുന്ന വിവരണങ്ങളും എഡിറ്റിങ്ങിന്റെ അപര്യാപ്തത എടുത്തുകാണിക്കുന്നുണ്ട് എന്നുകൂടി പറയാതെ "ഏകാന്തതയുടെ മ്യൂസിയം" എന്ന നോവലിനെ പരിചയപ്പെടുത്തുന്ന ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല.

💧💧💧💧💧💧💧💧

 

സന്ധ്യ. എൻ. പി : അത്ഭുത കഥകളുടെ പുസ്തകം.

ആ കണ്ണുകൾ അത്ഭുതം ദർശിക്കുന്നതു പോലെ വിടർന്നു നിന്നിരുന്നു. എനിക്കു വേണ്ടി എന്തോ ഒരു നിർദ്ദേശം തരാൻ കൈ ഉയർത്തുന്നതിനിടയിൽ ഇരിക്കുന്ന കസേരയിൽത്തന്നെ ഇരുന്ന് അദ്ദേഹം പിന്നിലേക്കു മറിഞ്ഞു വീണു. ഞാൻ ചാടിപ്പിടഞ്ഞെഴുന്നേറ്റു പപ്പയുടെ നേരേ ഓടിച്ചെന്നു. പിന്നോട്ടുള്ള മറിച്ചിലിൽത്തന്നെ അദ്ദേഹം നിശബ്ദനായി മരിച്ചിരുന്നു. ആത്മാവിനെ സൂചിപ്പിക്കുന്ന ഒരു നീല ചിത്രശലഭത്തിന്റെ ചിത്രമായിരുന്നു ഞാൻ വരച്ചുകൊണ്ടിരുന്നത്. പിന്നീട് ഞാൻ അദ്ദേഹത്തിന്റെ അറ പരിശോധിക്കുമ്പോൾ അദ്ദേഹംതന്നെ വീട്ടിലേക്ക് എഴുതിയതും ആരും പൊട്ടിച്ചു വായിക്കാത്തതുമായ അനേകം കത്തുകൾ കണ്ടെത്തി..... ആ പുസ്തകം ഒരു മനുഷ്യന്റെ  സ്വന്തം കഥ എന്നതിലുപരി  ദേശത്തിന്റെ ആകെ കഥയാണെന്നും ഞാൻ അതിന്റെ വായനയ്ക്കും മുമ്പേ സങ്കല്പിച്ചിരുന്നു." (ഏകാന്തതയുടെ മ്യൂസിയം -എം.ആർ അനിൽ കുമാർ)

വായനയെക്കുറിച്ചും എഴുത്തിനെക്കറിച്ചും സങ്കല്പത്തെ (ഭാവന)ക്കുറിച്ചുമുള്ള പുസ്തകമാവുന്നു 'ഏകാന്തതയുടെ മ്യൂസിയം എന്ന  741 താളുള്ള  ഈ ബൃഹദ്നോവൽ.

ഒരു നൂറു കഥകൾ അടക്കം ചെയ്ത ഈ വിചിത്രമായ പുസ്തകം, ഒരു റിവഞ്ചായും ചലഞ്ചായും വായിക്കാനെടുത്ത് വെപ്രാളപ്പെട്ട് വായിച്ചു തീർത്തു എന്ന് പറയണം. കിളയ്ക്കുന്തോറും കിളന്നു കിളന്നു വരുന്ന കാമ്പുറ്റ കാട്ടുകിഴങ്ങുകൾപോലെ വന്യമായ കഥകളുടെ ഒരു സമാഹാരമാണ് ചോരയും കണ്ണീരും വിസ്മയവും ഉതിർന്നു വീഴുന്ന ഏകാന്തതയുടെ മ്യൂസിയം.

സ്വപ്നത്തിൽ താൻ കണ്ട കാഴ്ച കഥയാക്കിയ കഥാകാരനെ  അന്വേഷിച്ചു യാത്ര തിരിച്ച് പുറംലോകത്തിന്  അജ്ഞാതമായ ഇരട്ട ഗ്രാമത്തിലെത്തിച്ചേരുന്ന സിദ്ധാർത്ഥൻ എന്ന വായനക്കാരന്റെയും  കഥകളുടെയും ഓർമ്മകളുടെയും  അക്ഷയഖനിയായ ഗബ്രിയേൽ ജോസഫ് കട്ടക്കാരൻ എന്ന എഴുത്തുകാരന്റെയും കഥയാണ് ഏകാന്തതയുടെ മ്യൂസിയം. ഒപ്പം വൈറ്റില തമ്പാൻ എന്ന അമാനുഷനായ കൊലയാളിയുടെ, വർഷയുടെ, റിമയുടെ, ജൂഹുവിന്റെ അങ്ങനെ 'ഏതില പൊട്ടിച്ചു നോക്കിയാലും അതിൽ നിന്നു കഥകളുടെ സത്ത ഊറിവരുന്ന' 'ഏകാന്തതയുടെ മ്യൂസിയം' കഥയെഴുത്തിനെക്കുറിച്ചുള്ള കഥയാണ്. കഥപറച്ചിലിനെക്കുറിച്ചുള്ള കഥയാണ്. എന്നെങ്കിലുമൊരിക്കൽ തന്നെ വായിക്കാൻ പോകുന്ന വായനക്കാരനെ/കാരിയെ കാത്തിരിക്കുന്ന എഴുത്തുകാരന്റെ പ്രതീക്ഷയെ അവതരിപ്പിക്കുന്ന കഥയാണ്. വായിക്കാനാരുമില്ലെന്ന് ഉറപ്പുണ്ടെങ്കിലും തന്റെ തന്നെ വിലാസമെഴുതി വായനക്കാരനെ 'സൃഷ്ടിക്കുന്ന' എഴുത്തുകാരന്റെ ഭാവനയെ ഉജ്വലമായി അവതരിപ്പിക്കുന്ന കഥയാണീ നോവൽ പറയുന്നത്.

 

കഥ പറച്ചിലിനെക്കുറിച്ച്.

 "അവർ സ്വന്തം ശരീരത്തിന്റെ തൊലിപ്പുറത്ത് പിച്ചാത്തികൊണ്ട് അവിശ്വസനീയമായ കഥാചിത്ര പരമ്പരകൾ വരഞ്ഞു വെക്കും. കഥ പറഞ്ഞവരുടെ മാംസത്തിൽ നിന്ന് അവരുടെയെല്ലാം സ്വന്തം രക്തം പൊടിഞ്ഞു കൊണ്ടിരിക്കും".

- എന്നാണ് എഴുത്തുകാരൻ കഥാപാത്രം കഥ പറച്ചിലിനെക്കുറിച്ച് വിശദമാക്കുന്നത്. "പഴകിയ  വീഞ്ഞിൻ കുടങ്ങളിൽ നിന്നെന്ന പോലെ  നുരഞ്ഞു പൊന്തി വരുന്ന ലഹരി നിറഞ്ഞ  രക്തം പൊടിഞ്ഞ കഥകൾ ഒട്ടനവധിയുണ്ട് ഈ ' മ്യൂസിയത്തിൽ '. 'കഥകൾ കൊണ്ട് കല്ലറ പണിതതിൽ കുടിയിരിക്കുന്നവർ ' എന്ന് കഥ പറയുന്ന ഗ്രാമീണരെക്കുറിച്ച് എഴുത്തുകാരൻ മറ്റൊരിടത്ത് പറയുന്നുണ്ട്.

ദിവസങ്ങളോളം ഉറങ്ങിക്കൊണ്ടിരിക്കുന്ന എഴുത്തുകാരൻ, വായിക്കുന്നയാളിന്റെ  മാത്രം മരണം രേഖപ്പെടുത്തിയ ബുക്ക് ഓഫ് മിറക്കിൾ, മായികമായ സ്വപ്നങ്ങൾ കാട്ടുന്ന (സ്വപ്ന) മുറിയുള്ള സത്രത്തിന്റെ കഥ, ചെടിയായി മാറാൻ ശപിക്കപ്പെട്ട  പെണ്ണിന്റെ കണ്ണീരു വീണുണ്ടായ ബാഗ്മ നദിയുടെ കഥ, ജലസ്ഫടിക വളയങ്ങൾ അന്തരീക്ഷത്തിൽ തെന്നുന്ന ഡ്രാഗൺ പ്രതിമയുള്ള തടാകത്തിന്റെ കഥ, സുന്ദരി സലോമിയുടെ കഥ, വായനക്കാരന്റെ/കാരിയുടെ ഹൃദയം കണ്ണീരുകൊണ്ടടപ്പിക്കുന്ന ഉന്മാദികളുടെ ഭവനം, അരയിൽ ഒറ്റക്കൊമ്പുള്ള വല്യപ്പാപ്പന്റ കഥ, ഇരട്ട ഗ്രാമമുണ്ടായ കഥ, അങ്ങനെ  ഒട്ടനവധി വിസ്മയ കഥകൾ  മാന്ത്രികമായ  ഈ നോവലിൽ അവതരിപ്പിക്കപ്പെടുന്നു.

ആധുനികാനന്തര  ഭൗതികസൗകര്യങ്ങൾ ഏറെയുള്ള ആർക്കും ഒന്നിനും സമയമില്ലാത്ത ഈ  സോഷ്യൽമീഡിയാ കാലത്ത് എഴുത്തിനെക്കുറിച്ചുള്ള ആശങ്കയും വായനക്കാരനിലുള്ള പ്രതീക്ഷയും പങ്കുവയ്ക്കകയാണ് 'ഏകാന്തതയുടെ മ്യൂസിയം'. അടുത്ത കാലത്തിറങ്ങിയ, പരസ്യങ്ങളിലൂടെയും സ്തുതിപാഠകരിലൂടെയും വാഴ്ത്തപ്പെട്ട പല നോവലുകളേക്കാളും കാമ്പുള്ള, ഇനിയും വായിക്കപ്പെടേണ്ടുന്ന, ഓരോ നിമിഷവും ആകാംക്ഷയോടുകൂടി മാത്രം വായിക്കാൻ പറ്റുന്ന നോവലാണ് 'ഏകാന്തതയുടെ മ്യൂസിയം'.

പല കഥാപാത്രങ്ങളും പല അധ്യായങ്ങളിൽ ഫസ്റ്റ് പേഴ്സണായി കഥപറയുന്നുണ്ട്. ബോധധാരാരീതിയിലും ചില അധ്യായങ്ങളെഴുതിയിട്ടുണ്ട്. വെറും 114 പേജു മാത്രമുള്ള എന്റെ നോവൽ ക്രൂരമായി  അവഗണിച്ച മലയാളി ബുദ്ധിജീവി വായനക്കാരോടുള്ള ഒരു റിവഞ്ച് എന്ന നിലയിലാണ്, രണ്ടു ദിവസത്തേക്ക് അലക്ക് മാറ്റി വെച്ച് രണ്ടു മൂന്നു ദിവസം പാചകം വളരെ പരിമിതപ്പെടുത്തി ഞാനീ വലിയ നോവൽ വായിച്ചു തീർത്തത്. എഴുത്തുകാർക്ക് മാത്രമല്ല പ്രതിബദ്ധത വേണ്ടത്, വായനക്കാരും തങ്ങളുടെ വായനയോട് പ്രതിബദ്ധരായിരിക്കേണ്ടതുണ്ട്. വായനക്കാരന്റെ പ്രതിബദ്ധത അഥവാ ഉത്തരവാദിത്തത്തെക്കുറിച്ചാണ് മറ്റൊരു രീതിയിൽ ഈ നോവൽ പറയാൻ ശ്രമിക്കുന്നത്.

ഇത്രയും മനുഷ്യരെ,  ഇത്രയും കഥകളെ, ഇരുണ്ട് വന്യമായ ഈ കാടിനെ, ഇത്രയും ഓർമ്മകളെ, അറിവിനെ, ചരിത്രത്തെ എങ്ങനെ ഈ മെലിഞ്ഞ മനുഷ്യൻ ഉള്ളിൽ കൊണ്ടു നടക്കുന്നു എന്നത്ഭുതപ്പെട്ടുകൊണ്ട് ഞാനീ 'ഏകാന്തതയുടെ മ്യൂസിയം' അടക്കുകയും തുറക്കുകയും ചെയ്യുന്നു. നോവലിന്റെ വിശദപഠനമോ സിദ്ധാന്തങ്ങളെ മുൻ നിർത്തിയുള്ള വിശകലനമോ അല്ല,  വായനാനുഭവം പങ്കുവയ്ക്കുക മാത്രമാണു ഞാൻ ചെയ്തിട്ടുള്ളത്.

 

 

 

Thursday, August 11, 2022

ഫിൻലൻഡിലെ ബ്ലാക് ബോർഡും നമ്മുടെ വൈറ്റ് ബോർഡും

ശിവന്റെ പേജ് : POST  10 

2000 ത്തിനു ശേഷമാണ് ഫിൻലന്റ് എന്ന നോർദിക് രാജ്യം വിദ്യാഭ്യാസകാര്യത്തിൽ ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ-ഓപ്പറേഷൻ & ഡെവലപ്മെന്റ്, (OECD) രാജ്യാന്തരതലത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വായനയിലും ഗണിതത്തിലും ശാസ്ത്രവിഷങ്ങളിലും എന്തൊക്കെ ശേഷികൾ നേടാനായിട്ടുണ്ട് എന്ന പഠനത്തിന്റെ ഫലം ‘പിസ’ (പ്രോഗ്രാം ഫോർ ഇന്റെർനാഷണൽ സ്റ്റുഡന്റ് അസെസ്സ്മെന്റ്- PISA) പുറത്തുവിട്ടപ്പോൾ. പഠനത്തിൽ പങ്കെടുത്ത 73 രാജ്യങ്ങളിൽഫിൻലാന്റ് ഒന്നാമതെത്തി. ഇന്ത്യ എഴുപത്തിരണ്ടാമതും. ഇക്കാര്യങ്ങളിൽ ഒരു പാട് ആത്മവിശ്വാസം കാണിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയെയും വ്യത്യസ്തമായ വഴികൾ അവലംബിക്കുന്ന ജപ്പാനെയും  വിദ്യാഭ്യാസ സൈദ്ധാന്തിക സംഭാവനകളിൽ ഒട്ടും പിന്നിലല്ലാത്ത മറ്റു യൂറോപ്യൻ രാജ്യങ്ങളെയും ഒക്കെ പിന്തള്ളി, ഫിൻലന്റ് മുന്നിലെത്തിയെന്നു മാത്രമല്ലതുടർവർഷങ്ങളിൽ നടന്ന പഠനങ്ങളിൽ അവർ തങ്ങളുടെ മികവ് കേടില്ലാതെ നിലനിർത്തുകയും ചെയ്തു. (മൂന്നുവർഷത്തിലൊരിക്കലാണ് പഠനം നടക്കുന്നത്)

ലോകബാങ്കിന്റെ സഹായത്തോടെ അതിനു മുൻപുതന്നെ കേരളത്തിലെ സ്കൂൾവിദ്യാഭ്യാസ പരിഷ്കരണം ആരംഭിച്ചിരുന്നു എന്നോർക്കണം. ട്ടോട്ടോചാൻ എഴുതിയ തെത്സുകോ കുറോയാനഗിയും മർദ്ദിതരുടെ ബോധനശാസ്ത്രമെഴുതിയ പൗലോഫ്രെയറും വേലയിൽ വിളയുന്ന വിദ്യാഭ്യാസം (സെൽഫ് സപ്പോർട്ടിങ് എജ്യൂക്കെഷൻ) എഴുതിയ ഗാന്ധിജിയും ജനകീയ നിലയിലും  ഗാർഡ്നറും ജീൻ പിയാഷെയും ലഫ് വിഗോട്സ്കിയും ഹൊവാർഡ് ഗാർഡ്നറും ജെറോം എസ് ബ്രൂണറും സൈദ്ധാന്തിക നിലയിലും 90 കളിൽത്തന്നെ നമ്മളിവിടെ കേട്ടു തുടങ്ങിയിരുന്നു. മണിയടിച്ചാൽ വായിൽ വെള്ളം വരുന്ന നായയും കുട്ടികളും തമ്മിലുള്ള താരതമ്യത്തിൽ നിന്നുണ്ടായ കണ്ടീഷണിംഗ് പരീക്ഷണങ്ങളിൽനിന്നും സർവജ്ഞരായ അദ്ധ്യാപകരുടെ ജ്ഞാനം നിറയ്ക്കൽ സന്നാഹങ്ങളിൽനിന്നും സ്വഭാവരൂപീകരണ പ്രക്രിയകളാണ് സ്കൂളുകളിൽ നടക്കേണ്ടതെന്ന വൻപിച്ച മുൻധാരണകളിൽനിന്നുമെല്ലാം കുട്ടികളെ രക്ഷിക്കാൻ കൊണ്ടുവന്ന പുതിയ സിദ്ധാന്തങ്ങൾ (ജ്ഞാന നിർമ്മിതി, സാമൂഹിക ജ്ഞാനനിർമ്മിതി, സഹവർത്തിത പഠനം, ബഹുബുദ്ധിവാദം...) പൂർണ്ണമായ രീതിയിൽ -കാര്യക്ഷമമായും - നമുക്ക് ക്ലാസ് മുറികളിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞോ എന്നു സംശയമാണ്. മഹാമാരിക്കാലത്തിനു തൊട്ടുമുൻപ് നടപ്പാക്കി തുടങ്ങിയ, ഭൗതിക സൗകര്യങ്ങളുടെയും സാങ്കേതിക സജ്ജീകരണങ്ങളുടെയും സഹായത്തോടെയുള്ള അന്തർദ്ദേശീയതലത്തിലേക്കുള്ള നിലവാരമുയർത്തൽ പ്രക്രിയയാവാട്ടെ കൊറോണക്കാലം നിഷ്പ്രഭമാക്കുകയും ചെയ്തു.

2016 -നു ശേഷം നമ്മളും ഫിൻലാന്റിനെപ്പറ്റി ചർച്ച ചെയ്യാൻ തുടങ്ങി. ഒരു പരിശീലനത്തിൽ അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറി, അദ്ദേഹം വായിച്ചുകൊണ്ടിരിക്കുന്ന ഫിൻലന്റ് വിദ്യാഭ്യാസത്തെപ്പറ്റിയുള്ള പുസ്തകത്തിന്റെ സംഗ്രഹം അവതരിപ്പിച്ചിരുന്നു. (അതിനും മുൻപ് ആളുകൾ ഇക്കാര്യത്തെപ്പറ്റി ആളുകൾ ആലോചിച്ചിരുന്നു. കോട്ടൺ ഹിൽ സ്കൂളിലെ പി ടി എ ഭാരവാഹിയായിരുന്ന ഉല്ലാസ്, പാസി സാൽബർഗ് എഴുതിയ ‘ഫിന്നിഷ് ലെസ്സൺസ്’ എന്ന പുസ്തകത്തെപ്പറ്റി പറഞ്ഞതോർക്കുന്നുണ്ട്. മാത്രമല്ല അത് തരികയും ചെയ്തു. ഖാദർക്കമ്മീഷൻ റിപ്പോർട്ട് വന്നതോടെ ആളുകൾ, അദ്ധ്യാപകർ പ്രത്യേകിച്ചും കൂടുതലായി ഫിന്നിഷ് വിദ്യാഭ്യാസമാതൃകയെപ്പറ്റി സംസാരിക്കുന്നതും കേട്ടു. ) ലോകത്തിൽ മികച്ചത് നമുക്കിവിടെ വേണം എന്ന ആഗ്രഹം നല്ലതാണ്. പ്രകടമായ ഒരു വ്യത്യാസം ഇവിടെ കാണാനുണ്ട്. ലോകത്തെമ്പാടുമായുണ്ടായ വിദ്യാഭ്യാസ ചിന്തകളെ പശ്ചാത്തലമാക്കി നിർത്തി തങ്ങൾക്കു വേണ്ടതെന്താണെന്ന് ചിന്തിക്കുകയാണ് വിശാലമായ ലോക വീക്ഷണമുള്ള ഏതു ജനസമൂഹവും ചെയ്യുക. നമ്മുടെ കാര്യത്തിൽ മികച്ച മാതൃകകളെ അനുകരിക്കാനുള്ള പ്രവണതയാണ് മുൻപന്തിയിലുണ്ട്. മാറിയകാലത്തിൽ നമ്മുടെ വിദ്യാർത്ഥി, അദ്ധ്യാപക പൊതുസമൂഹം ആവശ്യപ്പെടുന്നതെന്ത് എന്ന കാര്യത്തിൽ കാര്യമായ അന്വേഷണങ്ങൾ നടന്നിട്ടുണ്ടോ എന്നു സംശയമാണ്. അതുകൊണ്ടുള്ള കുഴപ്പം സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിൽ പദ്ധതി തകരാറിലാവും. രണ്ടാമത്തേത് യഥാർത്ഥത്തിൽ സമൂഹം എന്ന നിലയ്ക്ക് എന്താണ് വേണ്ടതെന്ന അന്വേഷണം ആരും അഭിസംബോധന ചെയ്യാതെ മൂലയ്ക്ക് കിടക്കും. വന്നുപെട്ട പ്രശ്നങ്ങളാണ് ഏതു സിദ്ധാന്തത്തിന്റെയും രൂപീകരണത്തിന്റെ മൂലഹേതു. പ്രശ്നമെന്താണെന്ന് അറിയാൻ താത്പര്യം കാണിക്കാതെമികച്ച മാതൃകകൾ മാത്രമെടുത്ത് നടപ്പാക്കാൻ ശ്രമിച്ചാൽ എങ്ങനെ അത് കാര്യക്ഷമമാവും? തുടർച്ചകളുണ്ടാകും?

പാസി സാൽബർഗിന്റെ പുസ്തകത്തെ തുടർന്നിറങ്ങിയ മറ്റൊരു ഫിൻലന്റ് വിദ്യാഭ്യാസ പ്രകീർത്തന പുസ്തകമാണ് “ടീച്ച് ലൈക്ക് ഫിൻലൻഡ്: 33 സിമ്പിൾ സ്ട്രാറ്റജീസ് ഫോർ ജോയ്ഫുൾ ക്ലാസ് റൂംസ്’. 2017 ലാണ് ഈ ഗ്രന്ഥം പുറത്തിറങ്ങുന്നത്. ഇതാണ് ‘സ്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃക - ആഹ്ലാദകരമായ ക്ലാസ് മുറികൾക്കായി 33 ലളിത തന്ത്രങ്ങൾ’  എന്ന പേരിൽ കെ ആർ അശോകൻ സുന്ദരമായ മലയാളത്തിൽ വിവർത്തനം ചെയ്ത് ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയിട്ടുള്ളത്. ‘നമ്മൾ വിശ്വസിക്കുന്ന അദ്ധ്യാപകർ : ലോകനിലവാരത്തിലുള്ള സ്കൂളുകളിലേക്കുള്ള ഫിന്നിഷ് മാർഗങ്ങൾ’ (2021) -ആണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകം.
തിമോത്തി ഡി വാക്കർ അമേരിക്കൻ വംശജനാണ്. (ഭാര്യ യോഹാന്ന ഫിൻലന്റുകാരിയും)  സ്വന്തം നാട്ടിൽനിന്ന് അദ്ദേഹം ഫിൻലന്റിൽ അദ്ധ്യാപകനായി പോയപ്പോൾ അമേരിക്കൻ വിദ്യാഭ്യാസരീതികളെയും ഫിൻലാൻഡിയൻ സമീപനങ്ങളെയും താരതമ്യം ചെയ്യാൻ അവസരം ലഭിച്ചു എന്നതാണ് ‘സ്കൂൾ പഠനത്തിന്റെ ഫിൻലൻഡ് മാതൃക’ എന്ന  പുസ്തകത്തെ വ്യത്യസ്തമാക്കിത്തീർക്കുന്നത്. ടെക്സാസ് സർവകലാശാലയിലെ പ്രൊഫസർ രാജ് രഘുനാഥൻ എഴുതിയ ‘നിങ്ങൾ അത്രമേൽ മിടുക്കനാണെങ്കിൽ എന്തുകൊണ്ട്  ആഹ്ലാദവാനാകാൻ പറ്റുന്നില്ല?’ എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണ് ഈ കൃതി. പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ജീവിതത്തിലെ അവശ്യമൂലകമായ സന്തോഷത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് എങ്ങനെ അവ മുന്നോട്ടു കൊണ്ടുപോകാമെന്ന് ആലോചിക്കുകയാണ് ഗ്രന്ഥകർത്താവ്. സന്തോഷത്തിന്റെ അടിസ്ഥാന ചേരുവകളായ പാരസ്പര്യം (ബിലോങിങ്), സ്വയംഭരണം (ഓട്ടോണമി), പ്രാവീണ്യം (മാസ്റ്റെറി), മനോഘടന (മൈൻഡ് സെറ്റ്)ക്ഷേമം (വെൽനെസ്) എന്നിവയെ ക്ലാസ് മുറി തന്ത്രങ്ങളായി മാറ്റുന്നതെങ്ങനെ എന്ന് ഫിൻലാൻഡിലെ സ്കൂൾവിദ്യാഭ്യാസത്തെ പശ്ചാത്തലമായി വച്ചുകൊണ്ട് തിമോത്തി ഈ പുസ്തകത്തിൽ ആലോചിക്കുന്നു.

ശീർഷകം കണ്ട് പ്രചോദിതരായി ഈ തന്ത്രങ്ങളെല്ലാം നാളെ രാവിലെ മുതൽ നമ്മുടെ ക്ലാസ് മുറികളിലും പ്രാവർത്തികമാക്കി അദ്ധ്യാപക അവാർഡ് വാങ്ങാം എന്ന് ഏതെങ്കിലും നിഷ്കളങ്കരും പ്രതിബദ്ധരുമായ അദ്ധ്യാപകർ വിചാരപ്പെടുകയാണെങ്കിൽ അധികം താമസിക്കാതെ നിരാശപ്പെടും. കാരണം നേരത്തെ പറഞ്ഞതുപോലെ ഇറക്കുമതി ചെയ്യുന്ന ആശയങ്ങൾക്കല്ല, സാഹചര്യത്തിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്ന പരിഹാരങ്ങൾക്കാണ് എന്തെങ്കിലും ഒക്കെ മാറ്റം വരുത്താൻ കഴിയുക. അങ്ങനെ നോക്കുമ്പോൾ ഇവിടെ നിലവിലിരിക്കുന്ന വിദ്യാഭ്യാസ - ബോധന രീതികളെയും പരിശീലനപദ്ധതികളെയും സമീപനങ്ങളെയുമൊക്കെ കൂടുതൽ ഉൾക്കാഴ്ചയോടെ സമീപിക്കാൻ പുസ്തകം ചില സഹായങ്ങൾ ചെയ്യുന്നുണ്ട്. അതാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം എന്നു വിചാരിക്കുന്നു. അതുകൊണ്ട് ഒന്ന് സ്വന്തമാക്കുന്നതിൽ തെറ്റില്ല. അല്ലാതെ തിമോത്തിയുടെ തന്ത്രങ്ങൾ അതേപടി ക്ലാസുകളിലേക്ക് എടുക്കാമെന്ന ഉദ്ദേശ്യത്തോടെ പുസ്തകം പരിചയപ്പെടുകയോ കയ്യിലെടുക്കുകയോ ചെയ്താൽ നിരാശയായിരിക്കും ഫലം. കാരണം അവ തീർത്തും വ്യക്തിയുടെ ഇച്ഛാശക്തിയെ മാത്രം താങ്ങി നിൽക്കുന്ന കാര്യമല്ല.

സ്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃക’യെ നമ്മുടെ സാഹചര്യവുമായി ചേർത്തു വച്ച് ആലോചിച്ചാൽ അത് എന്ത് അറിവായിരിക്കും വായിക്കുന്നയാളിൽ നിർമ്മിക്കുന്നത് എന്ന് ആലോചിക്കുന്നത് കൗതുകകരമാണ്. കാര്യങ്ങൾ ചുരുക്കി പറയാം.

1. നല്ലത് - ചീത്ത എന്ന ബൈനറി താരതമ്യത്തിൽ തിമോത്തിയുടെ കാഴ്ചപ്പാടിൽ മോശം അമേരിക്കൻ വിദ്യാഭ്യാസമാണ്. നമ്മുടെ വിദ്യാഭ്യാസവും ആന്തരികമായി അമേരിക്കനാണ് -  ‘-2 (കിന്റർ ഗാർട്ടൻ) മുതൽ +2 വരെ’ എന്നെല്ലാം പറയുന്നതിൽത്തന്നെ അതുണ്ട്. അദ്ധ്യാപരുടെ എരിഞ്ഞു തീരലിലാണ് ( ബേൺ ഔട്ട്) സ്കൂളിന്റെ മികവ് കുടിയിരിക്കുന്നതെന്ന വിശ്വാസത്തിലും പരീക്ഷാ മികവുകളുടെ പരസ്യങ്ങളിലും എല്ലാം ഈ ഘടകം കടന്നു കയറിയിട്ടുണ്ട്. ( ഉദാസീനരായിരിക്കാൻ അവസരങ്ങൾ നമുക്കിവിടെ ധാരാളമുണ്ട് എന്ന സൗകര്യം ഉണ്ടെന്നു മാത്രം) മത്സരങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടുതന്നെ മത്സാരാധിഷ്ഠിത സമൂഹത്തെ വാർത്തെടുത്തുകൊണ്ടിരിക്കുന്ന കാപട്യം സ്കൂളിൽനിന്നു തന്നെ ശീലിക്കുന്നു.

2. ഫിൻലന്റിൽ സ്വകാര്യ സ്കൂളുകൾ ഇല്ല. - അതുകൊണ്ട് വിദ്യാഭ്യാസ നയത്തിന്റെ ഫലം ഒരു സമൂഹം എന്ന നിലയ്ക്ക് എല്ലാവരിലും ഒരേ തരത്തിലാണ് ചെന്നെത്തുക. സർക്കാർ സ്കൂളുകൾ, എയിഡഡ്, അൺ എയിഡഡ്.. പല തരത്തിലുള്ള വിദ്യാഭ്യാസ ഭരണനിർവഹണ നയങ്ങൾ, ബോധന രീതികൾ, പാഠപുസ്തകങ്ങൾ, അവയിലെ ഉള്ളടക്കങ്ങൾ എന്നിവ പലതരത്തിലുള്ള സമാന്തര വിദ്യാഭ്യാസ രീതികളായി തുടരുകയാണ് ഇന്ത്യയിൽ. അവയുടെ ഫലങ്ങളും ( പഠനനേട്ടങ്ങൾ) വ്യത്യസ്തങ്ങളാണ്. ഒരു രാഷ്ട്രമെന്നോ ദേശമെന്നോ ഉള്ള അടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന വമ്പിച്ച പരിഷ്കാര സങ്കല്പങ്ങൾ ഒരു ഉട്ടോപ്യയാവുന്ന സാഹചര്യമാണ് ഇന്നുള്ളത്.  ഇന്ത്യയിൽ മാത്രമല്ല കേരളത്തിലും.

3. പലപ്പോഴും ചെറിയ ക്ലാസുകളിലേക്കു വേണ്ടി അവതരിപ്പിക്കുന്ന പഠനതന്ത്രങ്ങൾ അതേ പടി പന്ത്രണ്ടാം ക്ലാസുവരെയും പ്രസക്തമാണെന്ന വിശ്വാസം ഇവിടെ പ്രബലമാണ്. ഫിൻലൻഡിലും മറ്റും അദ്ധ്യാപകർ തന്നെയാണ് പഠനതന്ത്രങ്ങളും വിലയിരുത്തൽ മാർഗങ്ങളും രൂപകലപന ചെയ്യുന്നത്. ഇറക്കുമതി ചെയ്യുന്ന പഠനതന്ത്രങ്ങളിൽ ഹയർസെക്കന്ററി ക്ലാസുകളുടെ കേരളീയ സാഹചര്യം നിർഭാഗ്യവശാൽ കടന്നുവരാറില്ല. ഒരു കുട്ടികളുടെ എണ്ണപ്പെരുപ്പം, സ്ഥലപരിമിതി, വിഷയവൈവിധ്യവും ഏകീകൃതസ്വഭാവമില്ലായ്മയും - അദ്ധ്യാപക പരിശീലനങ്ങൾ ഈ യാഥാർത്ഥ്യങ്ങളെ കണ്ട ഭാവം നടിക്കാറില്ല. നേരത്തെ പറഞ്ഞതുപോലെ ഉത്തരവനുസരിച്ച് എന്തും  വ്യക്തിപരമായ ത്യാഗം സഹിച്ച് നടപ്പിലാക്കാൻ (ബേൺ ഔട്ട്) സന്നദ്ധനാവുന്ന അദ്ധ്യാപകരുടെ വിധേയത്വമില്ലായ്മയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന തോന്നലിൽ വിമർശനങ്ങൾ പരിഹാരമില്ലാതെ ഒതുങ്ങിപോകുന്നു.

4. പ്രകടനപരതയിലല്ല കാര്യം. വിദേശത്തെല്ലാം ഒരു ക്ലാസിലെ കുട്ടികൾ എന്തു ചെയ്തു എന്നറിയാൻ പുറത്ത് ബോർഡുകളിൽ അവരുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നതു കാണാം. നമുക്കിവിടെ ഫ്ലക്സുകൾ പുറത്തും റിപ്പോർട്ടുകൾ അകത്തുമായി അതേ ധർമ്മം ചെയ്തു വരുന്നുണ്ട്. ഫിൻലൻഡിൽ അത്തരം അസമ്മർദ്ദം അദ്ധ്യാപകർക്കോ കുട്ടികൾക്കോ ഇല്ലെന്ന് തിമോത്തിയെഴുതുന്നു. ക്ലാസിനു പുറത്തുള്ള കുട്ടികളുടെ പ്രവർത്തന ബോർഡുകൾ ഒഴിഞ്ഞു കിടക്കുന്നത് ആരെയും സമ്മർദ്ദത്തിലാക്കുന്ന കാര്യമല്ല.

5. ഒരു ക്ലാസിൽ എത്ര കുട്ടികളെ ഇരുത്താംക്ലാസ് മുറിയിലെ ശുദ്ധവായുവിന്റെയും സ്വാഭാവിക വെളിച്ചത്തിന്റെയും ലഭ്യത തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് ഫിൻലാന്റിൽ ഉദ്യോഗസ്ഥർക്ക് കണക്കുണ്ട്. എസ് എസ് എൽ സി വിജയിക്കുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഹയർ സെക്കന്ററിയിൽ സീറ്റു വർദ്ധിപ്പിക്കുന്ന പതിവുള്ള നമുക്ക് ക്ലാസ് മുറി പ്രവർത്തനങ്ങൾ കാര്യക്ഷമമാകാതെ പോകുന്നതിനെപ്പറ്റിയോ ഇടവേളകൾ, വെളിച്ചം, ശുദ്ധവായു എന്നിവയെപ്പറ്റിയോ അധികം വേവലാതികൾ കണ്ടിട്ടില്ല. ഹയർ സെക്കന്ററിയിൽ കുട്ടികളുടെ പഠനസമയവും ഇടവേളകളും പഠിക്കേണ്ട വിഷയങ്ങളും സ്ഥലസൗകര്യവുമെല്ലാം കാര്യമായ ഒരന്വേഷണവും ഇല്ലാതെ മുന്നോട്ടു പോവുകയാണ്.  

6. സ്കൂളുകളിലെ ശബ്ദമാലിന്യം വളരെ പ്രധാനപ്പെട്ട ആരോഗ്യഘടകമാണ് ഫിൻലൻഡിൽ. അദ്ധ്യാപകരുടെ ശബ്ദത്തിന്റെ ഉയർച്ച താഴ്ചകൾപോലും പരിഗണിക്കേണ്ടതാണെന്നു പറയുന്നു. അതു പഠിത്തത്തെ വാധിക്കുന്നതിനെപ്പറ്റി കണക്കും സ്വന്തം നിലക്ക് തിമോത്തി അവതരിപ്പിക്കുന്നു. നമ്മുടെ സ്കൂളിലെ കുട്ടികൾ പരീക്ഷയെഴുതുന്നത് തൊട്ടടുത്തുള്ള അമ്പലത്തിലെയും പള്ളികളിലെയും രാഷ്ട്രീയക്കാരുടെ യോഗ വേദികളിലെയും ഉച്ചഭാഷിണി ഒച്ചകളുമായി സംവദിച്ചുകൊണ്ടാണ്.

7. 45 മിനിട്ടുള്ള ഓരോ പിരീഡിനു ശേഷവും 15 മിനിട്ട് ഇടവേളകളുണ്ട് കുട്ടികൾക്ക് അവിടെ. റീചാർജ്ജ് സമയം എന്നാണതിനെ പറയുക.. നമ്മുടെ സ്കൂളുകളിൽ ഇടവേളകളില്പോലും പുറത്തിറക്കാതെ കുട്ടികളെ ഇരുത്താൻ കഴിയുന്നത്, അദ്ധ്യാപകരുടെ കഴിവും അച്ചടക്കപാലനശേഷിയുമായി  കരുതിവരുന്നു

8. തെമ്മാടിത്ത പ്രവണതയെ (ബുള്ളിയിങിനെ) രണ്ടു വിഭാഗക്കാരെയും കുട്ടികളിൽത്തന്നെയുള്ള മാധ്യസ്ഥരെയും ഒന്നിച്ചിരുത്തി സംസാരിപ്പിച്ചുകൊണ്ടാണ് സർഗാത്മകമായണ് പരിഹരിക്കുന്നത്. നമ്മൾ പോലീസിനെയും രാഷ്ട്രീയക്കാരെയും നാട്ടുകാരെയും വീട്ടുകാരെയുമൊക്കെ വിളിച്ചു വരുത്തിയും.

9. ഫിൻലന്റിൽ പ്രിൻസിപ്പാൾമാരും പഠിപ്പിക്കാറുണ്ട്. ക്ലാസ് മുറികളെപ്പറ്റി ധാരണയുണ്ടാവുന്നതിന് അദ്ധ്യാപനം സഹായകരമാണ്. അതുപോലെ അദ്ധ്യാപകർക്ക് ബാഹ്യസമ്മർദ്ദങ്ങൾ തീരെ ഇല്ലെന്നു പറയാം. പരസ്പര വിശ്വാസത്തിലധിഷ്ഠിതമാണ് ഭരണനിർവഹണവും അദ്ധ്യയനവും. അദ്ധ്യാപകർക്കു മേൽ അർപ്പിക്കുന്ന വിശ്വാസമാണ് കുട്ടികളിലേക്കും പ്രസരിക്കുന്നത്. അടിമകൾ പഠിപ്പിക്കാനായി നിയോഗിക്കപ്പെട്ടാൽ ഏതുതരം സമൂഹമാകും അവർ ഉയർത്തിയെടുക്കുക എന്നാലോചിക്കുന്നത് കൗതുകകരമല്ലേ? ഇവിടെ അദ്ധ്യാപകരുടെ സർഗാത്മക രചനകൾപോലും ഹെഡ്മാസ്റ്ററും പ്രിൻസിപ്പാളും ഉൾപ്പെട്ട മേലധികാരികൾ സാക്ഷ്യപ്പെടുത്തി അയയ്ക്കണമെന്ന ഉത്തരവുകൾ കാണാം. ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെങ്കിലും രാജ-ബ്രിട്ടീഷ് ഭരണവ്യവസ്ഥയിലൂടെ കടന്നുപോയതിന്റെ നിഴല്പാടുകൾ ഉള്ള ശാസനഭാഷയാണ് സർക്കുലറുകളിൽപോലും ഇപ്പോഴും ഉപയോഗിച്ചു വരുന്നത്. എന്നു മാത്രമല്ല കോൺഫിഡൻഷ്യൽ റിപ്പോർട്ടു പോലെയുള്ള കാലഹരണപ്പെട്ട കോളോണിയൽ സമ്പ്രദായങ്ങളും സർവസന്നാഹങ്ങളോടുംകൂടി ഇപ്പോഴും നിലനിൽക്കുന്നു.

10. കുട്ടി സ്വയം വീട്ടിലെത്തുക, സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുക എന്നതാണ് അവിടത്തെ പരിപാടി. ഒന്നാം ക്ലാസുമുതൽ ഇതാണ് രീതി. ആണും പെണ്ണും വേർതിരിഞ്ഞ് ലൈനായി പോകുക, കൈ കഴുകാൻ പോകുന്ന കുട്ടിയെ നിരീക്ഷിക്കാൻ അദ്ധ്യാപകരെ ഡ്യൂട്ടിക്കിടുക, വരിതെറ്റിച്ചതുകണ്ട് കണ്ണുരുട്ടാൻ അദ്ധ്യാപകർ കാവലു നിൽക്കുക തുടങ്ങിയ പരിപാടിയാണിവിടെ. അച്ചടക്ക - സദാചാര പരിപാലനത്തിന്റെ ഭാഗമായി പോലീസ് സംവിധാനം അതേ മാതൃകയിൽ സ്കൂളിൽ സ്ഥാപിതമാവുകയും മേൽനോട്ടത്തിന് ഈയടുത്തകാലത്തായി നേരിട്ട് സ്കൂളിൽ വരികയും വിലയിരുത്തുകയും പോലീസ് മാതൃകയിൽ സാറന്മാർക്ക് പരിശീലനം കൊടുക്കുകയും ചെയ്യുന്നതു വരെയെത്തി കൊറോണക്കാലത്തെ കാര്യങ്ങൾ.. എസ് പി സി പോലെയുള്ള സമ്പ്രദായങ്ങൾ അനുബന്ധമായി മുന്നേറുന്നു!

11. പ്രവർത്തനങ്ങൾ പാഠ്യപദ്ധതിക്കായി രൂപകല്പന ചെയ്യുകയാണ് പ്രധാനം. റിപ്പോർട്ട് തയാറാക്കണമെന്നുള്ളതുകൊണ്ട്  പാഠ്യപദ്ധതിയെ പ്രവർത്തനങ്ങൾക്കുള്ളതാക്കി മാറ്റുകയാണ് പക്ഷേ എളുപ്പം ചെയ്യാവുന്നതും നടന്നുവരുന്നതും. അദ്ധ്യാപക പരിശീലനങ്ങളും ഏറെക്കുറേ രണ്ടാമത്തെ കാര്യത്തിനാണ് ഊന്നൽ നൽകുന്നത്. അഥവാ അതങ്ങനെയായി തീരുന്നു ഫലത്തിൽ. ഇപ്പോഴാകട്ടെ പദ്ധതിയും ഇല്ല; പ്രവർത്തനവുമില്ല, എന്നാൽ പരീക്ഷയുണ്ട് എന്ന മട്ടായി.

12. ഫിൻലാന്റിൽ ടീച്ചർ ടെക്സ്റ്റ് സമ്പ്രദായമില്ല. അതുകൊണ്ട് ഉള്ളടക്ക ഖനനത്തിനായി ഏതു സഹായവും സ്വീകരിക്കാൻ കുട്ടിക്ക് സ്വാതന്ത്ര്യമുണ്ട്. ഇന്റെർനെറ്റു മുതൽ വിദ്യാഭ്യാസ ആനുകാലികങ്ങൾവരെ. നമ്മൾ ഇവിടെ ഗൈഡുകളെ കുറ്റം പറയുകയും അയിത്തം പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ മഹാഭൂരിപക്ഷം കുട്ടികളും അതിനെയും സമാന്തരപഠന സ്ഥാപനങ്ങളെയും ( ട്യൂട്ടോറിയലുകൾ, സ്വകാര്യ ട്യൂഷനുകൾ) ആശ്രയിക്കുന്നവരാണെന്ന സത്യം നിലനിൽക്കുകയും ചെയ്യുന്നു.

13. പഠനത്തെ സഹായിക്കുന്ന സാങ്കേതിക വിദ്യഉപകരണങ്ങളല്ല എന്ന് ഫിൻലന്റ് വിദ്യാഭ്യാസ വിദഗ്ദ്ധർ പറയുന്നു. ആദ്യമായി ചെല്ലുമ്പോൾ ഫിൻലൻഡിലെ ക്ലാസ് മുറികളിൽ പഴകിയ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണത്രേ തിമോത്തി കണ്ടത്. അമേരിക്കക്കാരന് ചിന്തിക്കാൻ പോലും ആകാത്ത കാര്യം. മുകളിൽനിന്ന് പരിഹരിക്കേണ്ട ഒരു വിഷയമായി വിദ്യാഭ്യാസത്തെ കാണാൻ രാഷ്ട്രീയക്കാർക്ക് താത്പര്യം ഉള്ളതുകൊണ്ടാണ് ഇത്ര തുക വിദ്യാഭ്യാസ സാങ്കേതിക വിദ്യക്കായി ചെലവാക്കിയെന്ന വാദം വരുന്നതെന്നും അതുകൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും അങ്ങനെ ബട്ടൺ അമർത്തിയല്ല ലോക റാങ്കിങിൽ ഫിൻലന്റ് മുന്നേറിയതെന്നും ചരിത്രാധ്യാപകനായ ജിയർ ലിനാനെനെ ഉദ്ധരിച്ചുകൊണ്ട് തിമോത്തിയെഴുതുന്നു. - ഇത് നമുക്ക് ഇപ്പോൾ കാര്യമായി ആലോചിക്കാവുന്ന വിഷയമാണ് !

14. നിശ്ചിത നിലവാരത്തെ മുൻ കൂട്ടികണ്ടു വേണം പഠനലക്ഷ്യങ്ങൾ തയ്യാറാക്കാൻ എന്നാണ് പറയുന്നത്. ചെയ്തു പഠിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ വേണ്ടത് സ്ഥലവും സൗകര്യങ്ങളുമാണ്. ചെറിയ ചെറിയ യൂണിറ്റുകളാക്കി പ്രവർത്തനധിഷ്ഠിതമായി പഠനലക്ഷ്യം സാധ്യമാക്കുക അതിനു പറ്റിയ മൂല്യനിർണ്ണയ ഉപാധികൾ സ്വീകരിക്കുക എന്ന രീതിയാണ് ഗുണപരം. ഗ്രേഡിങ് രീതിയാണ് ഫിൻലന്റിലുള്ളത്. ഓരോ യൂണിറ്റിന്റെയും അവസാനം വിലയിരുത്തലുകളുണ്ട്.  ഇവകളുടെ ശരാശരിയാണ് ആത്യന്തിക സ്കോർ. പകരം ഏതെങ്കിലും തരത്തിൽ തയാറാക്കുന്ന ചോദ്യപ്പേപ്പറുകളുടെ സ്കോറിങ് മാനദണ്ഡം ഉദാരമാക്കിക്കൊണ്ട് വിജയശതമാനം വർദ്ധിപ്പിക്കാൻ പറ്റുമെങ്കിലും ഗുണനിലവാരം ഉയർത്താൻ കഴിയില്ല. ഗുണമേന്മയും തുല്യതയും വളരെ ആലോചിച്ച് ആസൂത്രണം ചെയ്യുന്ന പദ്ധതികളിലൂടെ കടത്തിവിട്ട് നേടിയെടുക്കേണ്ട മൂല്യങ്ങളാണ്. അങ്ങോട്ടേയ്ക്ക് എളുപ്പപ്പണിയില്ല.

15. അദ്ധ്യാപകർക്ക് മെച്ചപ്പെട്ട വേതനം കൊടുക്കുന്നുണ്ടെന്ന് മാത്രമല്ല അവരുടെ നിലവാരത്തിന്റെകാര്യത്തിലും ഫിൻലൻഡിൽ ഉയർന്ന മാനദണ്ഡങ്ങളുണ്ട്. അദ്ധ്യാപകനാകാൻ ഒരു പ്രോജക്ട് ചെയ്തിരിക്കണമെന്നുണ്ട്. മേൽനോട്ടസംവിധാനത്തിലൂടെ മെച്ചപ്പെടുത്താവുന്ന ഒന്നല്ല അദ്ധ്യാപനം. അഭിരുചിയും ബൗദ്ധിക ശേഷിയും പ്രധാനമാണ്. ഉയർന്ന വേതനം സാമൂഹിക പദവിയെകൂടി സൂചിപ്പിക്കുന്നു. പ്രതിഭാശേഷിയുള്ളവർ ഈ മേഖലയിലേക്ക് ആകർഷിക്കപ്പെടാൻ അതൊരു കാരണമാണ്. ഉയർന്ന വേതനത്തിന്റെ പേരിലുള്ള പടലപ്പിണക്കങ്ങളും അസൂയയും ലളിതമാർഗത്തിലൂടെ മുകളിലെത്താനുള്ള കുതന്ത്രങ്ങളും മറ്റേത് ജോലിയെയും പോലെ അദ്ധ്യാപനത്തിന്റെയും മാറ്റ് കുറയ്ക്കുന്നുണ്ട്.

16. തൊഴിലുകൾ വ്യക്തികൾക്ക് എരിഞ്ഞു തീരാനുള്ള ലാവണങ്ങളല്ല. ജീവിക്കാനുള്ളതാണ്. ( ജീവിക്കാൻ വേണ്ടി ജോലി ചെയ്യുക) അതുകൊണ്ട് ‘ആഹ്ലാദിക്കാൻ മറക്കാതിരിക്കുക’ എന്ന കാര്യത്തിന് ഊന്നൽ നൽകുകയാണ് പഠനത്തിലെ ഫിൻലന്റ് മാതൃക. അദ്ധ്യാപകരുടെ പരസ്പര സഹകരണവും തൊഴില്പരമായ സമ്മർദ്ദമില്ലായ്മയും സന്തോഷവുമാണ് സ്കൂളുകളുടെ ആകെയുള്ള വെളിച്ചത്തിനും സൗഹാർദ്ദാന്തരീക്ഷത്തിനും കാരണം. സന്തോഷം തന്നെയാണ് കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രധാന ജീവിതഘടകം. ശ്രേണീവത്കൃതമായ ഒരു ഘടനയിൽ നൂറുകണക്കിനു ക്ലബുകളും പരിപാടികളും പദ്ധതികളുംകൊണ്ടു  തികച്ചും ഏകീകൃതസ്വഭാവമില്ലാതെ നിറച്ചു പൊറുതിമുട്ടിച്ചു  മികവു നിർമ്മിക്കാനുള്ള ഇടങ്ങളായി സ്കൂളുകളെ കാണുന്നത് അപകടമാണ്. സ്കൂൾ പൗരത്വപരിശീലനം സ്വതസ്സിദ്ധമായി ലഭിക്കേണ്ട ഇടമാണ്, സമൂഹത്തിന്റെ പരിച്ഛേദമാണ്. അവരവരുടെ പ്രവർത്തനങ്ങൾ സ്വതന്ത്രമായി നിർവഹിക്കാൻ വിടുകയും കാലാനുസൃതമായി പ്രശ്നങ്ങൾ വിലയിരുത്തി പരിഹരിക്കാൻ വിദഗ്ധസമിതിയുണ്ടാവുകയും കാറ്റും വെളിച്ചവും കടക്കാൻ മികച്ച മാതൃകകൾക്കായുള്ള വാതിലുകൾ തുറന്നിടുകയും ചെയ്താൽ അതുതന്നെയായിരിക്കും ഏറ്റവും വലിയ വിജയതന്ത്രം. സ്കൂളുകളിൽ ജനാധിപത്യവും സാഹോദര്യവും സമത്വവും പുലരുയെന്നാൽ സമൂഹവും മാറുക എന്നാണർത്ഥം. അവരവുരുടെ സാഹചര്യത്തെ പുതിയ ലോകബോധത്തിന്റെ വെളിച്ചത്തിൽ പഠിക്കുക, അവശ്യമായ രീതിയിൽ സമീപനങ്ങളിൽ മാറ്റം വരുത്തുക എന്നതാണ് ‘സ്കൂൾ പഠനത്തിന്റെ ഫിൻലൻഡ് മാതൃക’ മുന്നിൽ വയ്ക്കുന്ന സ്ട്രാറ്റെജികളിൽ ഏറ്റവും മുന്തിയതും ആഹ്ലാദകരവുമായ ലളിതതന്ത്രം. എടുത്തു പറഞ്ഞിട്ടില്ലെന്നേയുള്ളൂ. 

R P ശിവകുമാർ

 💦💦💦💦💦💦💦

പുസ്തകം വാങ്ങാൻ

CLICK HERE