+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Sunday, August 20, 2023

പ്രകാശം ജലം പോലെയാണ്

   താൾ - 4

✍️ തനിമ എഴുതുന്നു 

മാജിക്കൽ റിയലിസം എന്ന രചനാ രീതിയുടെ സാധ്യതകൾ സമർത്ഥമായി ഉപയോഗിച്ചെഴുതപ്പെട്ട രചനകൾക്ക് മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു ചെറുകഥയാണ് ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ പ്രകാശം ജലം പോലെയാണ്. ലാറ്റിനമേരിക്കൻ തുറമുഖ നഗരമായ കാട്ജിനെ യിൽ നിന്ന് യൂറോപ്യൻ പരിഷ്കൃതനഗരമായ മാഡ്രിഡിലേക്ക് കുടിയേറേണ്ടി വന്ന ഒരു കുടുംബത്തിലെ ഒമ്പതു വയസുള്ള ടോട്ടോയും ഏഴ് വയസുകാരനായ, ജോവലുമാണ്   ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. നല്ല നിശ്ചയദാർഢ്യമുള്ളവരും ഭാവനാസമ്പന്നരുമായ അവർ ക്രിസ്തുമസ് സമ്മാനമായി ഒരു തുഴവള്ളം വാങ്ങിത്തരണമെന്ന നിർദ്ദേശം രക്ഷിതാക്കളുടെ മുന്നിൽ വയ്ക്കുന്നു. ഷവറിൽ നിന്നു വരുന്ന വെള്ളം മാത്രമുള്ള അഞ്ചാം നില അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അവരുടെ ആഗ്രഹം പ്രായോഗികമല്ലെങ്കിലും രക്ഷിതാക്കൾ അത് സാധിച്ചു കൊടുക്കുന്നു. അച്ഛനമ്മമാർ സിനിമയ്ക്കു പോകുന്ന ബുധനാഴ്ചകളിൽ കുട്ടികൾ ബൾബുകൾ പൊട്ടിച്ച് അവയിൽ നിന്ന് പ്രവഹിക്കുന്ന പ്രകാശ ജലത്തിൽ തോണിയിറക്കി വർഷങ്ങളായി ഇരുട്ടിലായിരുന്ന പലതിനെയും കണ്ടെടുക്കുന്നു. പല ദിവസങ്ങളിലും ഇത് തുടരുന്നുണ്ട്. ഒരു ദിവസം അവരുടെ രണ്ടുപേരുടെയും ക്ലാസുകളിലെ മുഴുവൻ കുട്ടികളും ഈ പ്രവൃത്തിയിൽ പങ്കു ചേരുകയും ഒരേ സമയം ഒന്നിച്ച് പല ബൾബുകൾ പൊട്ടിച്ചതു മൂലമുണ്ടായ പ്രകാശ പ്രളയത്തിൽ മുങ്ങിത്താഴുകയും ചെയ്തു.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന യൂറോപ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ വിലയിരുത്തേണ്ടത്. രണ്ട് സ്ഥലങ്ങൾ ഇവിടെ പരാമർശിക്കപ്പെടുന്നുണ്ട്. യൂറോപ്യൻ പരിഷ്കൃത നഗരമായ മാഡ്രിഡും, കടലും കപ്പലും വള്ളങ്ങളും ധാരാളമുള്ള തുറമുഖമായ കാട്ജിനെയും. കാട്ജിനെയുടെ സ്വച്ഛ വിശാലതയിൽ നിന്ന് മാഡ്രിഡിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലുള്ള അപ്പാർട്ട്മെന്റിന്റെ ഇടുങ്ങിയ കുടുസ്സിലേക്ക് പറിച്ചു നടപ്പെട്ടിരിക്കുകയാണ് ഈ കഥയിലെ കുടുംബം. വിട്ടു പോന്ന ഭൂമിയിലെ അനുഭവം തിരിച്ചു പിടിക്കണമെന്ന കുട്ടികളുടെ ആഗ്രഹം തങ്ങളുടെ മാതൃഭൂമിയിൽ നിന്ന് കുടിയിറക്കപ്പെട്ട ഒരു ജനതയുടെ ആഗ്രഹം കൂടിയാണ്.

മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതം എങ്ങനെയാണ് ഈ കഥയുടെ പ്രമേയാവിഷ്കാരത്തിന് മാർക്വേസ് പ്രയോജനപ്പെടുത്തുന്നത്? പ്രകാശം ജലം പോലെയാണ് എന്ന ശീർഷകം മുതൽ തുടങ്ങുന്നു, ഇതിലെ മാന്ത്രിക ഭാവന. കവിതാ ചർച്ചയ്ക്കിടയിൽ, ടാപ്പിൽ നിന്ന് ജലമൊഴുകുന്നതു പോലെ സ്വിച്ചിട്ടാൽ പ്രകാശം ഒഴുകുമെന്നൊരു ഭാവനയിലേക്ക് ആഖ്യാതാവ് കുട്ടികളെ എത്തിക്കുന്നുണ്ട്. പിന്നീടവർ പ്രകാശ ജലത്തിൽ വള്ളം തുഴയുകയും, മുങ്ങിത്തപ്പി പലതും കണ്ടെടുക്കുകയും ചെയ്യുന്നു. ആ പ്രകാശ ജലത്തിൽ അവരുടെ മുപ്പത്തിയേഴ് സഹപാഠികളും ഒഴുകി നടന്നു. ഒടുവിൽ അവർ മാഡ്രിഡ് നഗരത്തെയാകെ പ്രകാശ ജലത്താൽ നിറച്ചു.

മാഡ്രിഡിന്റെ നാഗരികതയോടുള്ള വിപ്രതിപത്തിയും കാട്ജിനെയെ തിരിച്ചു പിടിക്കാനുള്ള ആവേശവും കുട്ടികളുടെ ഭാവനയിലുണ്ട്. അങ്ങനെയാണവർ പ്രകാശ ജലത്തിൽ തുഴയുന്ന സാഹസിക യാത്രികരാവുന്നത്. പ്രകാശത്തെ അവർ ജലമാക്കി മാറ്റുന്നു.അവരുടെ സാഹസികതയും കുസൃതികളും സകല സീമകളും അതിലംഘിക്കുന്നു എന്നതിന്റെ സൂചനകളും കഥയിലുണ്ട്. ഇരുട്ടിലായിരുന്ന പലതിനെയും അവർ കണ്ടെടുക്കുന്നുണ്ട്. പ്രകാശ ജലത്തിൽ വശം തിരിഞ്ഞൊഴുകിയ ടെലിവിഷൻ സെറ്റ് പ്രദർശിപ്പിച്ചത് മുതിർന്നവർക്കു മാത്രമായുള്ള ഒരു പാതിരാപ്പടത്തിന്റെ ദൃശ്യങ്ങളായിരുന്നു.

പ്രകാശത്തിൽ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം ഒരിക്കലും സ്വന്തമാക്കാത്ത ആളുകളുള്ള മാഡ്രിഡ് എന്ന പട്ടണത്തിലാണിത് നടന്നത് എന്ന് കഥാകൃത്ത് സൂചിപ്പിക്കുന്നുണ്ട്. പ്രകാശത്തിൽ തുഴഞ്ഞു നടക്കുക എന്നത് ഗ്രഹിക്കണമെങ്കിൽ ശാസ്ത്ര യുക്തി പോര, ഭാവനയുടെ അനന്തസാധ്യതകളിലേക്ക് നയിക്കുന്ന മാനസിക വ്യാപാരമുണ്ടാവണം. യൂറോപ്യൻ പരിഷ്കൃത നാഗരികതയ്ക്കില്ലാത്തഈ ഭാവനാസമ്പന്നത ഏറെക്കാലം അവരുടെ കോളനിയായിരുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കുണ്ട്.

ഭാവനയുടെ ഈ മാന്ത്രികതയാണ് വീട്ടുപകരണങ്ങളിൽ കവിത തിരയുന്നതിലും, പൊട്ടിയ ബൾബിൽ നിന്നും തണുത്ത വെള്ളത്തിന്റെ കുത്തൊഴുക്കു പോലെ സ്വർണ്ണപ്രകാശം കുതിച്ചുചാടുന്നതിലും , തുഴവള്ളത്തിൽ വീടിനുള്ളിലെ ദ്വീപുകളിലേക്ക് സഞ്ചരിക്കുന്നതിലും , വീട്ടുപകരണങ്ങൾ അടുക്കളയുടെ ആകാശത്ത് ചിറക് വിടർത്തി പറക്കുന്നതിലും മറ്റും കാണുന്നത്. മുതിർന്നവരെക്കാൾ ഭാവനാസമ്പന്നരായ കുട്ടികൾ കാട്ജിനെയെ മാഡ്രിഡിൽ പുന:സൃഷ്ടിക്കുന്നു.

 

ഗബ്രിയേൽ ഗാർസിയ മാർക്വെസ് 


ഗാബോ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഗബ്രിയേൽ ഗാർസിയ മാർക്വെസ് മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതത്തിലൂടെയാണ് ലാറ്റിനമേരിക്കൻ സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുന്നത്. 1927 മാർച്ച് 6 ന് കൊളംബിയയിലെ അരാക്കറ്റയിൽ അദ്ദേഹം ജനിച്ചു.

നോവലിസ്‌റ്റ്‌, പത്രപ്രവർത്തകൻ, പ്രസാധകൻ, രാഷ്ട്രീയ പ്രവർത്തകൻ, ചെറുകഥാ കൃത്ത് എന്നീ നിലകളിൽ വിഖ്യാതനായ മാർക്വെസ് ഏൽ എസ്ചക്ടഡോർ എന്ന ദിനപ്പത്രത്തിലൂടെയാണ് എഴുത്തിന്റെ ലോകത്തേക്കു കടന്നത്. പത്രപ്രവർത്തന രംഗത്തെ അനുഭവങ്ങൾ അദ്ദേഹത്തിന്റെ എഴുത്തിന് മുതൽക്കൂട്ടായി എന്നു പറയാം. 1955 ൽ പുറത്തുവന്ന The Story of a Shipwrecked Sailor (കപ്പൽച്ചേതത്തിലകപ്പെട്ട ഒരു നാവികന്റെ കഥ ) എന്ന കൃതിയിലൂടെയാണ് മാർക്വേസ് സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചത്. One hundred Years of Solitude ( ഏകാന്തതയുടെ നൂറ് വർഷങ്ങൾ ) എന്ന രചന അദ്ദേഹത്തെ ലോക പ്രശസ്തനാക്കി. ഈ കൃതിക്ക് 1982 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

പൈശാചിക നേരത്ത് ( In Evil Hour ), ഏകാന്തതയുടെ നൂറ് വർഷങ്ങൾ ( One hundred years of Solitude, കോളറാകാലത്തെ പ്രണയം ( Love in the time of Cholera ), ജനറൽ തന്റെ രാവണൻ കോട്ടയിൽ ( General in his Labyrinth ), ആരും കേണലിനെഴുതുന്നില്ല ( No one writes to Colonel ), ഇലക്കൊടുങ്കാറ്റ് ( Leaf Storm ) തുടങ്ങിയവയാണ് പ്രധാന കൃതികൾ

മാജിക്കൽ റിയലിസം

ഒരു സാഹിത്യ രചനയെ സംബന്ധിച്ച് എന്തെഴുതുന്നു എന്നതു പോലെ പ്രധാനമാണ് എങ്ങനെ എഴുതുന്നു എന്നതും. ഭാവ സംവേദനത്തിന്റെ തെളിമയ്ക്കു വേണ്ടി എഴുത്തുകാർ പല ആഖ്യാനതന്ത്രങ്ങളും അവലംബിക്കാറുണ്ട്. അത്തരത്തിൽ ഒരു രചനാ രീതിയാണ് മാജിക്കൽ റിയലിസം. കൃതിയുടെ ആഖ്യാനത്തിലെ മാന്ത്രികമായ വർണ്ണനകളാണ് മാജിക്കൽ റിയലിസത്തിന് അടിസ്ഥാനം മാന്ത്രികമോ അമാനുഷികമോ ആയ കാര്യങ്ങൾ യാഥാർത്ഥ്യത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. അതായത് യഥാർത്ഥമായ കാര്യം പറയുന്നതിന് മാന്ത്രിക ഘടകങ്ങൾ ഉപയോഗിക്കുന്നു. മാജിക്കൽ റിയലിസത്തിന്റെ കുലപതിയായി കണക്കാക്കുന്നത് മാർക്വേസിനെയാണെങ്കിലും ഏറെ മുൻപു തന്നെ ഈ രചനാ രീതി സ്പാനിഷ് അമേരിക്കൻ നോവലിൽ സജീവമായിരുന്നു. മിഷേൽ ആൻ ഹെൽ അസ്തുറിയാസും അലേ ഹോ കാർപെന്റിയേയുമാണ് ഇതിന്റെ പ്രഥമ പ്രചാരകർ. മാജിക്കൽ റിയലിസ്റ്റിക് ആഖ്യാന രീതി പല ലാറ്റിനമേരിക്കൻ നോവലുകളിലും കാണുന്നുണ്ട്. കോർടസാറിന്റെ എൻഡ് ഓഫ് ദി ഗെയിം, യോസയുടെ ടൈം ഓഫ് ദി ഹീറോ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. മാർക്വേസിന്റെ പല കൃതികളിലും മാന്ത്രി കവർണ്ണനകളുടെ ധാരാളിത്തം കാണാം. പാതിരി ചോക്ലേറ്റ് കഴിക്കുമ്പോൾ ആകാശത്തേക്കുയരുന്നത്, എറേൻഡിറ എന്ന കഥയിലെ ഉലീസസ് എന്ന കഥാപാത്രം ഗ്ലാസിൽ തൊടുന്ന സന്ദർഭങ്ങളിലെല്ലാം അതിന്റെ നിറം മാറുന്നത് എന്നിങ്ങനെ. ചില ഉദാഹരണങ്ങളിലൂടെ ഇത് കൂടുതൽ വിശദമാക്കാം.

മാർക്വേസിന്റെ Chronicle of a Death fortold എന്ന നോവലിൽ ഒരു തെറ്റിദ്ധാരണയുടെ പേരിൽ രണ്ടു പേർ സാന്റിയാഗോ നാസർ എന്നയാളിനെ ആക്രമിക്കുന്നു. കത്തി താഴ്ത്തിയിട്ടും ചോര ലേശവും പൊടിഞ്ഞില്ലെന്നും കുടൽമാല പുറത്തു വന്നെങ്കിലും അയാൾ അതിൽ പറ്റിയ അഴുക്ക് തുടച്ചു കളയുകയാണെന്നുമാണ് എഴുത്തുകാരൻ വർണ്ണിക്കുന്നത്. ഇതൊരു മാന്ത്രികമായ അവതരണമാണ്. സാന്റിയാഗോ നാസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽ യാതൊരടിസ്ഥാനവുമില്ല എന്ന വസ്തുതയാണ് ഈ വർണ്ണനയിലൂടെ വ്യക്തമാക്കപ്പെടുന്നത്. കൊല്ലപ്പെട്ട മകന്റെ രക്തം തെരുവിലൂടെ ഒഴുകി ഏറെ അകലെയുള്ള അമ്മയുടെ പാദത്തിൽ സ്പർശിച്ചുവെന്ന് മാർക്വേസിന്റെ മറ്റൊരു രചനയിൽ വിവരിക്കുന്നുണ്ട്. മകൻ മരിച്ചുവെന്ന് അമ്മയ്ക്ക് ബോധ്യമാവുന്നു എന്നതോടൊപ്പം അവർ തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം കൂടി ഈ വർണ്ണനയിലൂടെ സൂചിതമാവുന്നു. ഇവിടെ മാന്ത്രികമായ അവതരണം യാഥാർത്ഥ്യത്തെ കൂടുതൽ മിഴിവോടെ സംവേദിപ്പിക്കാനുള്ള ഉപാധിയായി മാറുന്നു. പ്രമേയം, യഥാർത്ഥ വ്യക്തികളും സംഭവങ്ങളുമാവുമ്പോൾ ആഖ്യാന രീതി മാന്ത്രികമാവുന്നു.

മാജിക്കൽ റിയലിസം ഫാന്റസിയിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. യാഥാർത്ഥ്യബോധത്തോടെ കഥ പറയുന്നതിനിടയിൽ വർണ്ണനകളിൽ വരുത്തുന്ന മാന്ത്രികതയാണ് മാജിക്കൽ റിയലിസത്തിന്റെ അടിസ്ഥാനമെങ്കിൽ, ഫാന്റസി അയഥാർത്ഥമായൊരന്തരീക്ഷം കഥയിലുടനീളം കൊണ്ടുവരുന്നു. യാഥാർത്ഥ്യത്തിൽ നിന്നുള്ള പൂർണ്ണമായൊരു വിച്ഛേദനമാണിത്.

 

ലാറ്റിനമേരിക്കൻ രാജ്യങ്ങൾ

ഫുട്ബോളിനോടുള്ള അഭിനിവേശം, സാഹിത്യം, ഭാഷ, സംസ്കാരം ഇവയുടെ ബഹുസ്വരത എന്നിവകളാൽ ലോക ശ്രദ്ധ നേടിയ പ്രദേശമാണ് ലാറ്റിനമേരിക്ക. 15-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 18-ാം നൂറ്റാണ്ട് വരെ സ്പെയിനിന്റെയും പോർച്ചുഗലിന്റെയും അധിനിവേശ പ്രദേശങ്ങളായിരുന്നു ഇവ. ഏറെക്കാലത്തെ കോളനിവത്കരണത്തിന്റെ ഫലമായുണ്ടായ സാംസ്കാരികവും ഭാഷാപരവുമായ അന്യവത്കരണത്തോടുള്ള പ്രതിഷേധത്തിന്റെ സൂചനകൾ ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ ദർശിക്കാം. മാർക്വേസിനെ കൂടാതെ പാബ്ലോ നെരൂദ, ഒക്ടോവിയോ പാസ്, ഹുവാൻ റുൾഫോ, ബോർഹസ് തുടങ്ങിയവരും ലാറ്റിനമേരിക്കയെ ലോക സാഹിത്യ ഭൂപടത്തിൽ അടയാളപ്പെടുത്തിയവരാണ്. കോസ്റ്റാറിക്ക, നിക്കരാഗ്വ, പനാമ, അർജന്റീന, ബൊളീവിയ, ബ്രസീൽ, ചിലി, കൊളംബിയ, ഇക്വഡോർ, ഗയാന, പെറു, ക്യൂബ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ലാറ്റിനമേരിക്കൻ രാജ്യങ്ങൾ.