+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Sunday, September 11, 2022

ക്ലാസ് മുറികളിൽ ' മരിച്ചു ' വീഴുന്ന അധ്യാപകർ ...

 അപ്പുമാഷുടെ ഡയറി - 10


സ്കൂൾ അധ്യാപകർ ( പ്രത്യേകിച്ചും ഹയർ സെക്കണ്ടറി ) സ്കൂളുകളിൽ നേരിടുന്ന പ്രതിസന്ധികൾ കുറച്ചു നാൾ മുമ്പ് - മാതൃഭൂമി പത്രത്തിൽ തുടർ ലേഖനമായി വന്നിട്ടുണ്ടായിരുന്നുവെല്ലോ .

അതിനെ അനുകൂലിച്ചു കൊണ്ട് ധാരാളം പ്രതികരണങ്ങളും ഉണ്ടായി ...

 

പ്യൂൺ, ക്ലാർക്ക് , സ്വീപ്പർ തുടങ്ങിയവർ ഹയർ സെക്കണ്ടറിയിൽ ( ഗവ.) ഇല്ലല്ലോ. ഇവരൊക്കെയായി പകർന്നാടുന്നത് പ്രിൻസിപ്പാളും അധ്യാപകരും തന്നെയാണ്. കൂടാതെ കാക്കത്തൊള്ളായിരം ക്ലബുകളും മറ്റ് വകുപ്പുകളുടെ പരിപാടികളും. പരീക്ഷ, പേപ്പർ നോട്ടം - വർഷത്തിൽ പല പ്രാവിശ്യം വരും. ( തുല്യത പരീക്ഷ കൂടി ഉണ്ട് ) കൃത്യമായി ക്ലാസ് റൂം പഠന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ആർക്കു കഴിയും ?

 

ഈ വക പ്രശ്നങ്ങളാണ് പത്രത്തിലെ തുടർ ലേഖനങ്ങൾ പങ്കുവച്ചത്.

 

മറ്റൊരു പ്രധാന പ്രശ്നം അവതരിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

 

ഹയർ സെക്കണ്ടറി ക്ലാസ് മുറികളിലേക്ക് നോക്കു -

എന്തൊക്കെ കാണാം ?

65 കുട്ടികൾ ! (ഭൗതിക സൗകര്യം മെച്ചപ്പെടാത്ത സ്കൂളുകൾ ഇപ്പോഴുമുണ്ട് .)

 

65 ൽ പഠിക്കാൻ താല്പര്യമുള്ളവർ എത്രപേർ ?

ബാലിശമായ ചോദ്യം എന്ന് എഴുതി തള്ളാൻ വരട്ടെ.

 

ഏറ്റവും മികച്ച സ്കൂളുകൾ ഒഴിവാക്കിയിൽ , എന്താണ് അവസ്ഥ ?

30 പേർ പഠിക്കണമെന്ന് അതിയായ താല്പര്യമുള്ളവർ !

35 പേർ യാതൊരു താല്പര്യവും ഇല്ലാത്തവർ ! (എഴുത്തും വായനയും അറിയാത്തവർ ധാരാളം ) എണ്ണത്തിൽ ചില വ്യത്യാസങ്ങൾ വരാം.

 

ഭൂരിഭാഗം സ്കൂളുകളുടെയും അവസ്ഥ ഇതല്ലേ?

ഈ പ്രശ്നം ആരും ഒരിടത്തും ഉന്നയിച്ചു കാണുന്നില്ല.

 

നവമാധ്യമങ്ങൾക്ക് അടിമപ്പെട്ടവർ, ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വർ, ചിന്ന ചട്ടമ്പികൾ - ഒക്കെ താല്പര്യമില്ലാത്ത കൂട്ടത്തിൽ പെടുന്നു.

 

ഇത്തരത്തിലുള്ള ക്ലാസ് മുറികളിൽ എന്ത് സംഭവിക്കുന്നു ?

മികച്ച അധ്യാപകർ കൂടി ഇവിടെ പരാജയപ്പെടുകയേ ഉള്ളു.

 

ക്ലാസിൽ കൂകുക, ബഹളം വയ്ക്കുക, തെറി വിളിക്കുക, ചട്ടമ്പിത്തരം കാണിക്കുക, ഭീഷണിപ്പെടുത്തുക, പഠിക്കാൻ താല്പര്യമുള്ള വിദ്യാർഥികളെ ശല്യം ചെയ്യുക , അടിയുണ്ടാക്കുക, ആധ്യാപകരെ കരുതിക്കൂട്ടി പ്രകോപിപ്പിക്കുക - ഇവയൊക്കെ സാധാരണമാണ്.

( ഇത്തരം വിദ്യാർഥികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന കാര്യവും മനസിലാക്കുന്നു. ഏതോ വിധത്തിൽ 10 ജയിച്ചവരും പഠനത്തിൽ ഒരു ശതമാനം പോലും താല്പര്യമില്ലാത്തരും ധാരാളമാണ്. അവർക്ക് + 2 വിദ്യാഭ്യാസം ആവശ്യമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം ?)

 

മേൽപ്പറഞ്ഞ തരത്തിലുള്ള ക്ലാസുകളിൽ അധ്യാപകർ എങ്ങനെ പഠിപ്പിക്കുന്നു ?

 

മികച്ച രീതിയിൽ അധ്യാപനം സാധ്യമേയല്ല. ഗ്രൂപ്പ് പ്രവർത്തനം പോലുള്ളവ സ്വപ്നം മാത്രം!

പിന്നെ ?

പഠിപ്പിച്ചെന്നു വരുത്തുക അത്ര തന്നെ !

 

ആർക്ക് നഷ്ടം ?

പഠനം പാഷനായുള്ള കുട്ടികൾക്ക് .

ഉന്നത പഠനം സ്വപ്നം കാണുന്ന കുട്ടികൾക്ക് !!!

അവരുടെ അവകാശങ്ങൾ റദ്ദാവുകയാണ്.

അധ്യാപകനാണോ പ്രതി ? ( അധ്യാപകൻ പോലീസല്ലല്ലോ, അടിച്ചും ഇടിച്ചും ....)

അല്ലേയല്ല. പഠനത്തിൽ താല്പര്യമില്ലാത്തവരും മുകളിൽപ്പറഞ്ഞ കൂട്ടത്തിലുള്ളവരും ബഹുഭൂരിപക്ഷമുള്ള ക്ലാസിൽ എന്തു പഠനം നടക്കാൻ ?

 

എന്താ പരിഹാരം? താല്പര്യമുള്ള കുട്ടികളുടെ അവകാശം എങ്ങനെ സംരക്ഷിക്കും?

 

1. പഠന താല്പര്യമില്ലാത്തവർക്ക് ഇരിക്കാൻ മറ്റ് റൂമുകൾ സജ്ജീകരിക്കുക. അല്ലെങ്കിൽ ക്ലാസിൽ നിന്ന് പുറത്തു പോകാൻ അനുവദിക്കുക. ( പ്രീഡിഗ്രി പോലെ )

 

2. കായിക വിദ്യാഭ്യാസം , തൊഴിൽ വിദ്യാഭ്യാസം - ഇവയ്ക്ക് വലിയ പ്രാധാന്യം നൽകുക

 

3. കുട്ടികളുടെ എണ്ണം 35 ആയി ക്രമീകരിക്കുക

 

4. മിനിമം പഠന ശേഷി ആർജ്ജിച്ചവരെ മാത്രം വിജയിപ്പിക്കുക

 

5. SSLC വിജയ ശതമാനം - പുനരാലോചന നടത്തുക

 

6. എല്ലാ തൊഴിലിനും മാന്യത ഉണ്ട് എന്ന് ബോധ്യപ്പെടുത്തി 10 ന് ശേഷം തൊഴിൽ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ധാരാളമായി തുടങ്ങുക.

 

7. സമ്പാദിക്കുന്നതിന്റെയും പണം കൈകാര്യം ചെയ്യുന്നതിന്റേയും പ്രാധാന്യം - പാഠപുസ്തകങ്ങളിൽ തന്നെ വ്യക്തമാക്കുന്ന പാഠങ്ങൾ ഉൾപ്പെടുത്തുക.

 

ഇവയൊക്കെ എന്ന്

സാധ്യമാകും അന്നേ ......

 

പഠനത്തിൽ നല്ല താല്പര്യമുള്ളവർക്ക്, മികച്ച ക്ലാസുകൾ നഷ്ടമാകുന്നു. അവർ പ്രിൻസിപ്പാളിന് പരാതി നൽകിയാൽ എന്തു സംഭവിക്കും? - ക്ലാസിലെ ബഹളകാരുടെ പേരിൽ എന്ത് നടപടി സ്വീകരിക്കാൻ കഴിയും ?

അറിവുള്ളവർ പറയട്ടെ...

 

രക്ഷിതാക്കളെ വിളിച്ചാലോ ? അവർ നിസ്സഹായരാണ്!

പിന്നെ ?

 

🙈🙉🙊

 

 

 

Wednesday, September 7, 2022

നാട്ടുമൊഴിച്ചന്തം ( മലയാളി മറന്ന വാക്കുകളുടെ വീണ്ടെടുപ്പ് ) : പടലം : 4

 


ഭാഷയുടെ ശക്തിയും സാധ്യതയും കൃത്യമായി അറിയണമെങ്കിൽ അതിന്റെ പ്രാദേശിക ഭേദങ്ങൾ മനസിലാക്കണം. അതത് ദേശക്കാർ നീട്ടലും കുറുക്കലും മൂളലും  മുഖപേശികൊണ്ടുള്ള ഗോഷ്ടിയും ഒക്കെയായി ഓരോ പ്രത്യേക ഈണത്തിലും താളത്തിലും തന്റെ നാട്ടു ഭാഷയിൽ വിനിമയം നടത്തുമ്പോൾവിവർത്തകനാവട്ടെ ഭാഷാശാസ്ത്രജ്ഞനാവട്ടെ വിസ്മയത്തോടെ അത് കണ്ടു നിന്നുപോകും. എത്ര വലിയ വ്യാഖ്യാനങ്ങൾക്കും പൂർണ്ണമായി വഴങ്ങാതെവെല്ലുവിളിയോടെ അത് വിവർത്തകരെ കുഴക്കും.

വാസ്തവത്തിൽ ലോകത്തിലെ മികച്ച കലാ സാഹിത്യ സൃഷ്ടികളൊക്കെ വിജയം കണ്ടെത്തുന്നത് പ്രാദേശിക ഭേദങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. ഷേക്സ്പിയർ കൃതികൾ തന്നെ ഒന്നാന്തരം ഉദാഹരണമാണ്. മലയാള സാഹിത്തിൽ ബഷീറും എം.ടിയും സാറാ ജോസഫും എന്നു തുടങ്ങി ഒട്ടുമുക്കാൽ എഴുത്തുകാരുംസിനിമയിൽ ഇന്നസെന്റും സുരാജും ഹരീഷ് കണാരനും എന്നുവേണ്ട എത്രയോ അഭിനേതാക്കളും പ്രാദേശിക ഭാഷയെ ശക്തിയാക്കി മാറ്റിയവരാണ്. അത്തരം ഇതിവൃത്തമുള്ള സിനിമകളും പാട്ടുകളും ധാരാളമുണ്ട് എന്നതും ശ്രദ്ധിക്കാം.

സാഹിത്യത്തിലും സിനിമയിലും ഒക്കെയായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന പ്രാദേശിക ഭേദങ്ങളുടെ പതിന്മടങ്ങ് യഥാർത്ഥത്തിൽ അതത് നാട്ടിൽ വ്യവഹരിക്കപ്പെടുന്നുണ്ട്. അത്തരം നൂറ് നൂറ് പദങ്ങളുടെ നിലനിൽപ് വാമൊഴിയായിട്ടാണ് എന്നത് അവയുടെ മൂർത്ത സൗന്ദര്യമാണെങ്കിലും വലുതായ ഒരപകടം ഒളിഞ്ഞിരിപ്പുണ്ട്. വിവരവിനിമയ മേഖലകളിലെ വളർച്ചയിൽ ദേശാതിർത്തികൾ നേർത്ത് പോവുകയും ലോകത്തെ കയ്യെത്തിപ്പിടിക്കാനാവും വിധം വ്യക്തി വിശ്വപൗരൻ ആവുകയും ചെയ്യുമ്പോൾ ആദ്യം ചുരുട്ടി ചവറ്റുകൊട്ടയിലിടുന്നത് ഇത്തരം മൊഴിവഴക്കങ്ങളാണ്. ഇത് ഇപ്പോൾ നിലനിൽക്കുന്ന സാധാരണക്കാർക്കിടയിൽ മാനക ഭാഷ ഉദാത്തമെന്നും പ്രാദേശികം അപകർഷമെന്നും ഉള്ള തോന്നൽ ശക്തിപ്പെടുന്നു എന്നത് പച്ചപ്പരമാർത്ഥമാണ്. തലമുറ മാറുമ്പോൾവിലയിടാനാകാത്ത പ്രാദേശികഭാഷാ സ്വരൂപങ്ങളെല്ലാം ഇനി ഉയിർ കൊള്ളാനാവാത്ത വിധം ഉടഞ്ഞ് പോയിട്ടുണ്ടാവും. ഇപ്പോൾത്തന്നെ പലർക്കും പലതും വിസ്മൃതമായിപ്പോയി. അതിനാൽ അത്തരം മൊഴി വഴക്കങ്ങളെ ശേഖരിച്ച് എല്ലാ ദേശക്കാർക്കുമായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പംക്തി നാട്ടുമൊഴിച്ചന്തം  - മലയാളി മറന്ന വാക്കുകളുടെ വീണ്ടെടുപ്പ്  തുടങ്ങുന്നത്.

 വിജു പാറശ്ശാല

💦💦💦💦💦💦💦💦💦💦💦💦💦💦💦

പടലം : 4

ഒരു ജനത തികച്ചും സാധാരണമായ അന്തരീക്ഷത്തിൽ സ്വതസിദ്ധമായി ഒരു ഭാഷ ഉപയോഗിക്കുമ്പോഴാണ് പ്രാദേശിക ഭാഷയുടെ യഥാർത്ഥ സൗന്ദര്യം കാണാൻ കഴിയുന്നത്. എങ്കിലും പഴമയ്ക്ക് പ്രാപ്യമല്ലാതിരുന്ന വിശാല പ്രപഞ്ചത്തിൽ അധിവസിക്കുന്ന പുതു തലമുറയുടെ ബോധ മനസ്സിൽ ഈ പ്രാദേശിക ദേദം തെളിഞ്ഞു നിൽക്കാൻ ഇടയുണ്ട്. ഉത്കൃഷ്ട ചിന്തയും പരിഹാസ ഭയവും നിമിത്തം ബോധപൂർവ്വം പ്രാദേശിക വാക്കുകൾ മാറ്റി പ്രയോഗിക്കുന്ന ശീലം വ്യാപകമാകുന്നത് അങ്ങനെയാണ്. ഇത് ഭാഷയെ സംബന്ധിച്ച് യാന്ത്രികവും അതിന്റെ സുഗമമായ ഒഴുക്കിന് വിഘ്നവുമായിത്തീരും. പ്രാദേശിക ഭാഷ ആസ്വദിക്കാൻ കാതുകൂർപ്പിക്കുന്നവർക്ക് 'കല്ലുകടി' ആയി അത് അനുഭപ്പെട്ടെന്നു വരാം.

പക്ഷേ വൈകാരികമായി പ്രതികരിക്കുന്ന വേളയിൽ മേൽപറഞ്ഞ ഭാഷാ ബോധം ബോധമനസിന് അപ്രസക്തമാവുകയും വികാരം പ്രകടിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി അത് ജാഗരൂകമാവുകയും ചെയ്യും.

അനുഭവിക്കുന്ന വികാരത്തിന്റെ തീക്ഷ്ണതയ്ക്കനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്ന് മാത്രം. (മാനക ഭാഷാപദങ്ങൾ ശീലമാക്കി മാറ്റിയവർ ഇതിനപവാദമാണ്) അതിനാൽ യാന്ത്രികതയേതുമില്ലാത്ത ഭാഷ ആസ്വദിക്കാൻ വികാരവിക്ഷോഭങ്ങളുടെ പ്രകടനം ശ്രദ്ധിച്ചാൽ മതി. കണ്ണുനീരിൽ കുതിർന്ന പതം പറച്ചിലുകളിലും പൊട്ടിത്തെറിക്കുന്ന രോഷപ്രകടനങ്ങളിലും ആത്മസംഘർഷം അനാവൃതമാക്കുന്ന പരിഭവക്കെട്ടഴിക്കലിലും ഒക്കെ ബോധപൂർവ്വമുള്ള പ്രയോഗങ്ങൾ ശീലങ്ങൾക്ക് വഴി മാറുന്നത് കാണാം.

ദേഷ്യപ്പെട്ട് സംസാരിക്കുകയോ ഒരാളെ കുറ്റപ്പെടുത്തി പറയുകയോ ചെയ്യുമ്പോൾ തിരുവനന്തപുരം ജില്ലയിലെ ജനങ്ങൾ പ്രയോഗിക്കുന്ന ചില പ്രത്യേക പദങ്ങളുണ്ട്. ആരോപണ വിധേയമാകുന്ന വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ വെളിപ്പെടുത്താൻ ഈ പദങ്ങൾക്ക് കഴിയും. അവയിൽ ചിലത് താഴെ കൊടുക്കുന്നു.

 

16 . മൊട: അഹങ്കാരം

'ജാഡ' എന്ന പ്രയോഗം ഇന്ന് ഏവർക്കും പരിചിതമാണ്. പൊങ്ങച്ചം, അഹംഭാവം എന്നിങ്ങനെയുള്ള അർത്ഥത്തിലാണ് 'ജാഡ' എന്ന പദം പ്രയോഗിക്കുന്നത്. ഏതാണ്ട് അതേ അർത്ഥം തരുന്ന പദമാണ് 'മൊട'. പക്ഷേ 'അഹങ്കാരം' എന്ന കേവല അർത്ഥത്തിനപ്പുറം ചില അർത്ഥതലങ്ങൾ ഈ പദത്തിനുണ്ട്. ഒരേ സമയം അഹങ്കാരത്തിന്റെയും അഹംഭാവത്തിന്റെയും നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ഒക്കെ പര്യായമായും അതേ സമയം ഇവയെല്ലാം ചേർന്ന അർത്ഥത്തിലും 'മൊട' എന്ന വാക്ക് കാണപ്പെടുന്നുണ്ട്. ഒരാളുടെ നടപ്പിലോ ഭാവത്തിലോ നോട്ടത്തിലോ പോലും 'മൊട' ആരോപിക്കാൻ കഴിയും. സംസാരത്തിലും പെരുമാറ്റത്തിലും 'മൊട' ആരോപിക്കാൻ കഴിയും. മറ്റുള്ളവരുടെ ആശയം  ഉൾക്കൊള്ളാൻ മനസുകാണിക്കാത്തവരേയും 'മൊട' യുള്ളവരായി കണക്കാക്കാം. സ്ത്രീ പുരുഷവ്യത്യാസമോ പ്രായഭേദമോ സാമൂഹിക സ്ഥാനമാനങ്ങളോ മറ്റേതെങ്കിലും തരത്തിലുള്ള വലുപ്പച്ചെറുപ്പമോ ഇല്ലാതെ ഏതുതരക്കാരുടെയും മേൽപ്പറഞ്ഞ സ്വഭാവത്തെ വിശേഷിപ്പിക്കാൻ ഈ വാക്കു കൊണ്ട് കഴിയും. പ്രയോഗത്തിലും ചില വ്യത്യാസങ്ങളുണ്ട്. "മൊട പിടിച്ചവൻ", "പയല് പയങ്കര മൊട", "അവന്റെ മൊട കണ്ടാ ദൈവം സഹിക്കൂല്ല" എന്നിങ്ങനെ പാറശ്ശാല ശൈലിയിൽ 'മൊട' പ്രയോഗിക്കപ്പെടുമ്പോൾ വിശദീകരണങ്ങൾക്കുമപ്പുറം ഒരു മാനം അതിനുണ്ടാകുന്നു..

 

17 .  കുഴിത്തുരുമ്പ് : ഒപ്പം നിന്ന് ദുഷിപ്പിക്കുന്ന സ്വഭാവം

ഇരുമ്പ് ദ്രവിക്കുന്ന അവസ്ഥയാണ് തുരുമ്പ്. അത് ഉള്ളിലേയ്ക്ക് ഈർപ്പവും നനവും കടത്തിവിടുന്നതു കൊണ്ട് ആഴത്തിൽ ബാധിക്കപ്പെടുന്നു. തുരുമ്പ് പിടിച്ച ലോഹഭാഗങ്ങളിൽ കുഴികളുണ്ടാക്കുന്നതും തുളവീഴ്ത്തുന്നതും സാധാരണ കാഴ്ചയാണ്. പുറമേ പ്രകടമാവാത്തതും ഉള്ളിൽ കുഴിഞ്ഞ് ദ്രവിപ്പിക്കുന്നതുമായ തുരുമ്പിന്റെ ഈ പ്രത്യേകതയെ മനുഷ്യ സ്വഭാവത്തിൽ ആരോപിച്ചു എന്നു വേണം കരുതാൻ. രഹസ്യമായി പാരപണിത് ആൾക്കാരെ തമ്മിലടിപ്പിക്കുന്ന സ്വഭാവമാണ് 'കുഴിത്തുരുമ്പ്'. പക്ഷേ ഇത് പലപ്പോഴും ക്രിയാ രൂപത്തിലാണ് പ്രയോഗിക്കുക. "കുഴിത്തുരുമ്പ് വേലകളേ ഉള്ളൂ അവന്" എന്ന് പ്രയോഗിക്കുമ്പോൾ 'കുഴിത്തുരുമ്പ്' ഒരാളുടെ പ്രവൃത്തിയായി വിലയിരുത്തപ്പെടുന്നു. കയ്യിലിരുപ്പ് മോശമാണെന്നും ഒരു വിഭാഗത്തിനുള്ളിൽ ഭിന്നിപ്പുണ്ടാക്കുകയോ ആരുടെയെങ്കിലും മനസിൽ വിഷം വിതയ്ക്കുകയോ ചെയ്യുന്നയാളാണെന്നും ഉള്ള തിരിച്ചറിവിൽ നിന്നാണ് ഒരാളെ 'കുഴിത്തുരുമ്പ്' എന്ന് വിലയിരുത്തുന്നത്. അതേ സമയം പ്രത്യക്ഷത്തിൽ അയാൾക്കെതിരെ നീങ്ങാൻ മാത്രം പ്രകടമായ തെളിവില്ല എന്ന നിസ്സഹായ അവസ്ഥയും ഉണ്ട്. സംസ്ഥാന അതിർത്തിയോട് ചേർന്ന് മാർത്താണ്ഡം, തക്കല പ്രദേശങ്ങൾ വരെ ഈ പ്രയോഗം പ്രചാരത്തിലുണ്ട്. ഈ പ്രദേശവാസികൾ വായ്മൊഴിയിൽ '' കാരത്തെ '' കാരമായി ഉച്ചരിക്കുന്നത് പതിവായതിനാൽ 'കുളിത്തുരുമ്പാ'യും ഇത് പ്രയോഗിക്കപ്പെടുന്നു.

 

18 .  കന്നന്തിരിവ് : അനുസരണയില്ലായ്മ

'കന്നം' എന്നത് 'കവിൾത്തട' ത്തിന്റെ തമിഴ് രൂപമാണ്. സ്നേഹത്താൽ ചുംബിക്കാനും വാത്സല്യത്താൽ തഴുകാനും കോപത്താൽ തല്ലാനും 'കന്ന'ത്തെ ഉപയോഗിക്കുന്ന ഒരു സംസ്കാരത്തിൽ "അടിച്ചു കന്നംതിരിക്കുക" എന്ന പ്രയോഗത്തിന്റെ അർത്ഥം വിശദീകരണം കൂടാതെ സ്പഷ്ടമാകുന്നതാണല്ലോ. "കന്നം തിരിയേണ്ട പ്രവൃത്തി" എന്നതിനെ "തല്ലുകൊള്ളിത്തരം" എന്ന് ലളിതമായി പറയാം.

അത് ചെറിയ കുസൃതിയോ അനുസരണക്കേടോ അൽപം കൂടി ഗൗരവതരമായ തെറ്റോ ഏതുമാവാം. ശിക്ഷയർഹിക്കുന്ന പ്രവൃത്തിയാണ് 'കന്നന്തിരിവ്' എന്ന് നിസ്സംശയം പറയാമെങ്കിലും സ്ഥായിയായ വിദ്വേഷമോ ശതുതയോ ഉന്മൂലനം ചെയ്യാനുള്ള പകയോ അന്തർലീനമാകുന്നില്ല. "കന്നന്തിരിവുകള് കാണിക്കാതെടേ" എന്ന പ്രയോഗിക്കുന്നത് ശ്രദ്ധിച്ചാൽ,  സൂക്ഷ്മദൃഷ്ടിയിൽ സ്നേഹ ശാസന കൂടി കണ്ടെത്താവുന്നതാണ്. 'കന്നം' എന്ന തമിഴ് പദത്തിൽ നിന്നാണ് ഈ പ്രയോഗത്തിന്റെ ഉദ്ഭവമെങ്കിലും തമിഴർ ഈ പ്രയോഗം നടത്താറില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.

 

19 .  നീക്കമ്പ് : മാറാ രോഗം

പണ്ടുകാലത്ത് ഉണ്ടായിരുന്ന ഏതോ മഹാമാരിയാണ് 'നീക്കമ്പ്' എന്നാണ് പഴമക്കാർ പറയുന്നത്. കോളറയാണെന്നും അതല്ല, വസൂരിയാണെന്നും രണ്ടുമല്ല മെനിഞ്ചൈറ്റിസ് ആണെന്നും ഒക്കെ പറയപ്പെടുന്നുണ്ട്. "നീക്കമ്പ് കുരു" എന്ന് പ്രയോഗിക്കുന്നത് പൊട്ടിയൊലിക്കുന്ന വസൂരി കുരുവിനെ മുൻനിർത്തിയാണെന്ന് വാദിക്കുന്നവരുണ്ട്. അന്നത്തെ സ്ഥിതി എന്തു തന്നെ ആയാലും, ഇന്ന് ഈ പ്രയോഗം ഏതെങ്കിലും ഒരു പ്രത്യേക രോഗത്തെ ഉദ്ദേശിച്ചുള്ളതല്ല. ഒരാളുടെ പെരുമാറ്റത്തിലോ പ്രതികരണത്തിലോ അരിശം തോന്നുന്നവർ ആ പ്രവൃത്തി ചെയ്ത ആൾക്ക് 'അസുഖ' മാണെന്ന് പറയുന്നത് പതിവാണല്ലോ. "അവൾക്ക് വട്ടാണ്" ,  "അവന് നല്ല സുഖമില്ലായിരിക്കും" തുടങ്ങിയ പ്രയോഗങ്ങൾ ഒരാളോടുള്ള പരിഹാസവും നീരസവും വെളിപ്പെടുത്തുന്നതുപോലെയാണ് "അവന് നീക്കമ്പ് " എന്ന് പറയുന്നതും. അതേസമയം ഭൂരിഭാഗം ഇടങ്ങളിലും 'നീക്കമ്പ്' എന്ന പ്രയോഗത്തിലുള്ളത് കേവലം ഫലിതവും പരിഹാസവുമല്ല. മഹാരോഗമാണെന്നും ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്തത്ര ഗുരുതരമാണെന്നും ഉള്ള ധ്വനി അതിലുണ്ട്. അതിനാൽ ഒരാൾക്ക് 'നീക്കമ്പ്' എന്ന് പറയുമ്പോൾ കടുത്ത ആക്ഷേപമാണ് ഉന്നയിക്കപ്പെടുന്നത്. തമിഴ് നാട്ടിലെ അരുമന, മേൽപ്പുറം, കുഴിത്തുറ, പള്ളിയാടി തുടങ്ങിയ ചില പ്രദേശങ്ങളിൽ ഇത് അസഭ്യവുമാണ്. ഒരു സ്ത്രീയ്ക്ക് 'നീക്കമ്പ്' ആണ് എന്നു പറയുമ്പോൾ അവൾ ദുർന്നടപ്പുകാരിയാണെന്ന് പരോക്ഷമായി ധ്വനിയുണ്ടത്രെ. എന്തായാലും അതിർത്തി പ്രദേശങ്ങളിലെ  ജനങ്ങളുടെ വാമൊഴിയിലൂടെയുള്ള വൈകാരിക പ്രകടനങ്ങളിൽ 'നീക്കമ്പ്' എന്ന പ്രയോഗം ഇപ്പോഴും സജീവമായിത്തന്നെയുണ്ട്.

 

20 .  കള്ളിവെട്ടി ചാരൽ : എല്ലാം അവസാനിപ്പിക്കൽ

കള്ളി എന്നാൽ കള്ളിച്ചെടിയാണ്. ചാരി എന്നാൽ ചാരി വച്ചു എന്നർത്ഥം. മുൻകാലങ്ങളിൽ മരിച്ചവരെ സംസ്കരിക്കുന്ന കുഴിമാടങ്ങളിൽ കള്ളിച്ചെടി വെട്ടി വയ്ക്കാറുണ്ടായിരുന്നത്രെ. ഇതിന് പല കാരണങ്ങളാണ് പറയപ്പെടുന്നത്. മണ്ണ് കൂട്ടി വച്ചിരിക്കുന്ന കുഴിമാടങ്ങൾ മൃഗങ്ങൾ മാന്തി നശിപ്പിക്കാതിരിക്കാൻ ഇങ്ങനെ ചെയ്തിരുന്നു എന്ന് പറയുന്നവരുണ്ട്. ഏതെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട് സംസ്കരിക്കപ്പെടുന്നതാണെങ്കിൽ ആ പ്രദേശത്തേക്ക് പിന്നെ ആരും ചെല്ലാതിരിക്കാൻ വേണ്ടി ഇങ്ങനെ ചെയ്തിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും 'കള്ളി വെട്ടി ചാരുന്നതോടെ' എല്ലാം അവസാനിച്ചിരിക്കും. അവനെ അല്ലെങ്കിൽ അവളെ "കള്ളി വെട്ടി ചാരി" എന്നു പറഞ്ഞാൽ അയാൾക്ക് ചെയ്യേണ്ട കർമ്മങ്ങളെല്ലാം കഴിഞ്ഞു എന്നും  അയാളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു എന്നും ഇനി ആ പരിസരത്തേക്ക് പോലും ചെല്ലേണ്ടതില്ല എന്നും ഒക്കെയാണ് അർത്ഥം. എന്നാൽ ഇന്ന് കുഴിമാടത്തിൽ "കള്ളി വെട്ടി ചാരൽ" ഇല്ല. അതുകൊണ്ടുതന്നെ മരണപ്പെട്ടവരുമായോ  സംസ്കാരവുമായോ ബന്ധപ്പെടുത്തിയല്ല ഇന്ന് ഇങ്ങനെ പ്രയോഗിക്കുന്നത്. പകരം ജീവനുള്ളവരെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറയുന്നത്. അയാളുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു കഴിഞ്ഞു എന്ന് തന്നെയാണ് ഇവിടെയും ഈ പ്രയോഗത്തിന്റെ അർത്ഥം. വെറുപ്പിന്റെയും ഒഴിവാക്കലിന്റെയും തീക്ഷ്ണമായ വൈകാരിക പ്രകടനങ്ങളിലാണ് ഈ വാക്ക് കടന്നുവരാറ്. എന്നാൽ സമകാലികമായി ഫലിത പരിഹാസ രൂപത്തിലും ഇത് പ്രയോഗിക്കപ്പെട്ടു കാണുന്നുണ്ട്. ഇനി ഒരുവനെ കൂട്ടത്തിൽ ചേർക്കേണ്ടതില്ല, അഥവാ ഒരുവളുടെ അഭിപ്രായം ഇനി സ്വീകരിക്കേണ്ടതില്ല എന്ന ധ്വനിയിലും ഇപ്പോൾ ഇങ്ങനെ പറയാറുണ്ട്. ആ സമയത്ത് "അവനെ കള്ളി വെട്ടി ചാര്" എന്ന് പറയുന്നതിന് "അവനെ പോകാൻ പറ" എന്ന് പറയുന്ന ലാഘവമേ ഉണ്ടാകൂ എന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇങ്ങനെ പറയാറില്ല എന്നതിനാൽ ഈ പ്രയോഗം പരിചയമില്ലാത്തവരും ജില്ലയിൽ ധാരാളമുണ്ടാകും. പാറശാല, നെയ്യാറ്റിൻകര, വ്ലാത്താങ്കര തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾക്കാണ് ഇത് ഏറെ സുപരിചിതം എന്ന് പറയാം.

( തുടരും )

വിജു പാറശ്ശാല

💚💚💚💚💚💚


ads

Follow this link to join my WhatsApp group:

 https://chat.whatsapp.com/FTnSh14PNp63u6ooFMicjM

Online Shopping - ഏത് സൈറ്റിൽ നിന്ന് ആണെങ്കിലും, 2 - 5 % തുക തിരികെ ലഭിക്കും.

താല്പര്യമുള്ളവർ Join ചെയ്യുക

Order Confirm ചെയ്യുന്നതിനു മുമ്പ് അറിയിച്ചാൽ മാത്രം മതി.


💦💦💦💦💦💦💦





BUY NOW







BUY NOW




💖💖💖💖 HAPPY ONAM 💖💖💖💖💖💖