+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Saturday, June 25, 2022

Sandarsanam : NOTE ( With PDF )

 


പ്രവേശകം

 

🌹Q ജോനാഥൻ ഒരു പ്രതീകമാണോ ? ജോനാഥനിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന പ്രചോദനങ്ങൾ എന്തൊക്കെയാണ് .  വിശകലനക്കുറിപ്പ് എഴുതുക..

 

 റിച്ചാർഡ് ബക്കിന്റെ പ്രശസ്തമായ ചെറു നോവലാണ് 'ജോനാഥൻ ലിവിങ്സ്റ്റൺ എന്ന കടൽക്കാക്ക'. ഇതിലെ ജോനാഥൻ മറ്റു കടൽക്കാക്കകളിൽ നിന്നും വ്യത്യസ്തനായിരുന്നു. ആരും പറക്കാത്ത ആകാശത്തിന്റെ പരിധിയില്ലാത്ത ഉയരങ്ങൾ കീഴടക്കാൻ അവൻ ആഗ്രഹിച്ചു. 'കൂടുതൽ ഉയരത്തിൽ പറക്കുന്നവനേ കൂടുതൽ ദൂരം കാണാനാവൂ' എന്നവൻ വിശ്വസിച്ചു. തലമുറകളായി മീന്തലകൾക്ക് പുറകെ പരക്കം പായുന്ന സാധാരണ ജീവിതം അവന് സ്വീകാര്യമായിരുന്നില്ല. ഇരുളിനെ കീറിമുറിച്ച് തന്റെ ജനം പറന്നുയരുന്നത് അവൻ സ്വപ്നം കണ്ടു. അവസാനം തന്നെ അവഗണിച്ച സമൂഹത്തിൽ നിന്ന് ജോനാഥന് ശിഷ്യരുണ്ടായി. ആകാശവിതാനത്തിലേക്ക് കടൽക്കാക്കകളുടെ  പുതിയ പറ്റം ഉയർന്നു പറക്കാൻ തുടങ്ങി.

 കിനാവുകളാണ് ലോകത്തെ പരിവർത്തിപ്പിക്കുന്നത്. 'ഇരുണ്ട രാത്രിയുടെ സ്വപ്നങ്ങളാണ് പുലരിയിൽ പൂക്കളായി വിരിയുന്നതെന്ന്' വൈലോപ്പിള്ളി പറയുന്നുണ്ട്. വെല്ലുവിളികളെ അതിജീവിക്കുന്ന സാഹസികതയും പുതിയ മാർഗ്ഗങ്ങൾ  കണ്ടെത്താനുള്ള ത്വരയുമൊക്കെ ചേരുമ്പോഴാണ് കിനാവുകൾ യാഥാർഥ്യമാകുന്നത്. ഒപ്പം  പരിമിതികളെ മറികടക്കാനുള്ള ആഗ്രഹവും, വൈയക്തിക നേട്ടങ്ങൾക്കപ്പുറം തന്റെ സമൂഹത്തെ പരിവർത്തിപ്പിക്കാനുള്ള ചിന്തയും ഉണ്ടാകണം. സ്വാമി വിവേകാനന്ദൻ, ഗാന്ധിജി, ശ്രീനാരായണഗുരു, എ. പി.ജെ.അബ്ദുൾ കലാം  തുടങ്ങിയവരൊക്കെ ഇത്തരത്തിൽ ചിന്തിച്ചവരായിരുന്നു. നാമിന്ന് അനുഭവിക്കുന്ന പല സ്വാതന്ത്ര്യങ്ങൾക്കും സൗഭാഗ്യങ്ങൾക്കും പിന്നിൽ നിരവധി വ്യക്തികളുടെ ത്യാഗപൂർണ്ണമായ ജീവിതം ഉണ്ടായിരുന്നുവെന്നതും  സത്യമാണ്.

ഇങ്ങനെ ചിന്തിക്കുമ്പോൾ  ജോനാഥൻ ഒരു പ്രചോദനാത്മക പ്രതീകം തന്നെയെന്ന് കാണാം. നടന്നു തേഞ്ഞ വഴികൾ വിട്ട്, പുതുവഴികൾ വെട്ടാൻ ജോനാഥൻ  പ്രചോദനമാകുന്നു. 


 NB - ചുവടെ കൊടുത്തിരിക്കുന്ന പുസ്തകത്തിന്റെ കവർ ഇമേജിൽ ക്ലിക്കി പുസ്തകം വാങ്ങാവുന്നതാണ്.


സന്ദർശനം

ബാലചന്ദ്രൻ ചുള്ളിക്കാട്

 

ലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ  'സന്ദർശനം' എന്ന കവിത, പ്രണയാനുഭവത്തിന്റെ സത്യസന്ധമായ ആവിഷ്കാരമാണ്. അകന്നുപോയ കാമുകിയെക്കുറിച്ചുള്ള വിഷാദഭരിതമായ വരികളാണ് ഈ കവിതയിലുള്ളത്.

ഇനിയൊരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത കാമുകിയും കാമുകനും അവസാന കൂടിക്കാഴ്ചയ്ക്കായി സന്ദർശകമുറിയിൽ ഇരിക്കുന്നു. അധികനേരമായിട്ടും അവർക്കൊന്നും മിണ്ടാൻ കഴിയുന്നില്ല. വേദന കടിച്ചമർത്തി 'മൗനം കുടിച്ചിരിക്കയാണവർ'....ഒഴിവാക്കാനാവാത്ത വേർപിരിയൽ അവരെ വേദനിപ്പിക്കുന്നു. പുറത്തു ജീവിതം പോലെ പകൽ വെളിച്ചം പൊലിഞ്ഞു  പോകുന്നതും കിളികൾ കൂടണയും പോലെ ഓർമ്മകൾ കെട്ടടങ്ങുന്നതും കവി വരച്ചിടുന്നു. മിഴികളിൽ നിന്നും അവൾ നഷ്ടപ്പെടുന്നതിന്റെ വേദന കവിയെ വേട്ടയാടുന്നു..അതുകൊണ്ടുതന്നെ നെഞ്ചിടിപ്പിന്റെ വേഗവും കൂടുന്നു...

നിശ്വാസത്തിൽ പോലും സംഗീതമുണ്ടായിരുന്ന പ്രണയത്തിന്റെ ഒരു വസന്തകാലം അവർക്കും ഉണ്ടായിരുന്നു. പറയാൻ ഒരുപാടുണ്ടെങ്കിലും ഇന്ന്  വാക്കുകൾ തൊണ്ടയിൽ പിടഞ്ഞില്ലാതാവുന്നു. പൊൻചെമ്പകം പൂത്ത കരൾ കരിഞ്ഞുപോയിരിക്കുന്നു. കറപിടിച്ച ചുണ്ടിൽ കവിത  പോലും വരണ്ടു പോയിരിക്കുന്നു.

പ്രണയത്തിന്റെ മധുരതരമായ പൂർവ്വ സ്മരണകളിലേക്ക് കവിമനസ്സ് പായുന്നു...കനകമൈലാഞ്ചി നീരിൽ തുടുത്ത അവളുടെ വിരൽ തൊടുമ്പോൾ കിനാവ് ചുരന്നിരുന്നതും, നെടിയ കണ്ണിലെ കൃഷ്ണ കാന്തങ്ങളുടെ കിരണങ്ങളേറ്റ് മനസ്സിലെ ചില്ലകൾ പൂവിട്ടിരുന്നതും ...അവളോടൊത്തുള്ള മനോഹര സന്ധ്യകളും ഇന്ന് മറവിലേക്ക്  മാഞ്ഞു തുടങ്ങിയിരിക്കുന്നു.

വർത്തമാനകാലത്ത് വിരഹവേദനയാൽ കവി ലക്ഷ്യമില്ലാത്തവനായി മാറുന്നു..മരണവേഗത്തിലോടുന്ന വണ്ടികളും, നഗരത്തിലെ നിത്യപ്രയാണങ്ങളും, മദ്യത്തിൽ മുങ്ങി സത്രങ്ങളിൽ കഴിയുന്ന  നരകരാത്രികളും - ഇങ്ങനെ ഏകാന്തതയിൽ  മനസ്സ് അസ്വസ്ഥമാകുന്ന വേളയിലും ജനനാന്തരസാന്ത്വനമായി അവളുടെ മുഖം തന്നെയാണ് മനസ്സിൽ തെളിയാറുള്ളതെന്നും കവി ഓർമ്മിക്കുന്നു.

 'എല്ലാം അവസാനിക്കുന്നു...ഇനി ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ല..അതുകൊണ്ടുതന്നെ നന്ദി ചൊല്ലി കരഞ്ഞു പിരിയുന്നതിൽ അർത്ഥമില്ല. കാരണം തങ്ങൾ പണ്ടേ പിരിഞ്ഞവരാണല്ലോ' - എന്ന ചിന്തയിൽ കവിത അവസാനിക്കുന്നു...

 പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ വേദനയും വൈകാരികതീവ്രതയോടെ അനുവാചകനിലെത്തിക്കാൻ കവിക്ക് നിഷ്പ്രയാസം  കഴിഞ്ഞിരിക്കുന്നു..

 

🌹Q 1 . പൊൻചെമ്പകംപൂത്ത കരൾ, കനക മൈലാഞ്ചിനീരിൽ  തുടുത്ത വിരൽ, കണ്ണിലെ കൃഷ്ണകാന്തം കൊണ്ട് പൂത്ത ചില്ലകൾ- കവിതയിലെ പ്രണയ ഭാവത്തെ ആവിഷ്കരിക്കുന്നതിൽ  ഈ പ്രയോഗങ്ങൾ എത്രത്തോളം സമർത്ഥമായിട്ടുണ്ട് ? വിശദീകരിക്കുക.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'സന്ദർശനം' എന്ന കവിത പ്രണയതീവ്രത അനുഭവിപ്പിക്കുന്ന ഒന്നാണ്. വാക്കുകൾ ഹൃദയത്തിലേക്ക് ഒഴുകി, അനിർവചനീയമായ അനുഭൂതിയായിത്തീരുന്നു. വിശദീകരണങ്ങൾക്ക് അതീതമാണ് ഇതിലെ പ്രയോഗങ്ങൾ.  'പൊൻചെമ്പകം പൂത്ത കരൾ' പ്രണയത്തിന്റെ വസന്തകാലത്തെയും നിറസുഗന്ധത്തെയും  സൂചിപ്പിക്കുന്നു. കമിതാക്കൾ പരസ്പര സാമീപ്യത്താൽ തന്നെ തരളിതരാകാറുണ്ടല്ലോ. അവാച്യമായ ആ നിമിഷങ്ങളെ കവി വാക്കുകൾ കൊണ്ട് ഒപ്പിയെടുത്തിരിക്കുന്നു.

'കനകമൈലാഞ്ചിനീരിൽ തുടുത്ത വിരൽ' - പ്രണയകാലത്തെ സൗന്ദര്യത്തെയും സ്പർശനത്തെയും  കുറിക്കുന്നതാണ്. ഈ വിരൽസ്പർശം  കിനാവിന്റെ പെരുമഴയ്ക്ക് കാരണമാകുന്നു. ' നെടിയ കണ്ണിലെ കൃഷ്ണകാന്തം കൊണ്ട് പൂത്ത ചില്ലകൾ' - പ്രിയപ്പെട്ടവളുടെ മിഴിയഴകും വശ്യതയും വെളിപ്പെടുത്തുന്ന പ്രയോഗമാണ്. അത്യധികം ആഹ്ലാദമുണ്ടായതിനെയാണ് അപ്രകാരം വർണ്ണിച്ചിരിക്കുന്നത്. പ്രണയഭാവത്തെ ദീപ്തമാക്കുന്ന ഇത്തരം  പ്രയോഗങ്ങൾ അനുവാചകനെ ആസ്വദിപ്പിക്കാൻ അനുയോജ്യം തന്നെ..

 

🌹Q 2 . കവിതയിലെ ചില  പ്രയോഗ വിശേഷങ്ങൾ ശ്രദ്ധിക്കുക..

           മൗനംകുടിച്ചിരിക്കുന്നു.

           മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ

          തൊണ്ടയിൽ പിടയുകയാണൊരേകാന്ത രോദനം. 

 അതത് സന്ദർഭങ്ങളിൽ ഈ പ്രയോഗങ്ങൾക്ക് കൈവരുന്ന ധ്വനിതലങ്ങൾ വിശദീകരിക്കുക.

 ധ്വനിസാന്ദ്രമായ പ്രയോഗങ്ങൾ ധാരാളമുണ്ട് സന്ദർശനത്തിൽ. അനിവാര്യമായ വേർപിരിയലിനു മുൻപുള്ള ഒരു കൂടിക്കാഴ്ചയാണ് പ്രതിപാദ്യം. കാമുകീ കാമുകന്മാർക്ക് സന്തോഷത്തിന്റെയും പ്രത്യാശയുടെയും ഒരു ഭൂതകാലമുണ്ടായിരുന്നു. സന്ദർശകമുറിയിലിരിക്കുമ്പോൾ അവയൊക്കെ ഓർമ്മയിൽ ഇരമ്പിയെത്തുന്നു. അവർ പരസ്പരം നോക്കി മൗനമായിരുന്നു. വാക്കുകൾ അപ്രസക്തമാകുന്ന മുഹൂർത്തം. അതിനെ വിശദീകരിക്കാൻ 'മൗനം കുടിച്ചിരിക്കുന്നു' എന്ന പ്രയോഗത്തിന് സാധിക്കുന്നു. ആ നിമിഷത്തെ  വാക്കുകളിൽ ആവാഹിച്ച്  അനുവാചക ഹൃദയത്തിലേക്ക് പ്രവഹിപ്പിക്കാൻ ആ പ്രയോഗം മാത്രം മതി.

 ' മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ' എന്ന പ്രയോഗം ആ കൂടിക്കാഴ്ചയെ തീവ്രമാക്കുന്നതാണ്. പരസ്പരം നോക്കി സ്വയം മറന്നു പോകുന്നതിനെയും എന്നേക്കുമായി വേർപിരിയുന്നതിനെയും കുറിക്കുന്നതാണത്.  എല്ലാ വേർപാടുകളും  ദു:ഖകരമാണ്. ദുരിതമയമായ തന്റെ ഇരുട്ടുനിറഞ്ഞ ജീവിതത്തിൽ നിത്യസാന്ത്വനമാണ് കാമുകിയുടെ മുഖം. അവളുടെ സാമീപ്യം എന്നെന്നേക്കുമായി നഷ്ടമാകുമ്പോൾ കരയണമെന്നുണ്ട്. കരച്ചിൽ തൊണ്ടയിൽ കിടന്നു പിടയുകയാണ്. ശബ്ദം പുറത്തേക്ക് വരുന്നില്ല. ഈ അനുഭവത്തെ 'തൊണ്ടയിൽ പിടയുകയാണൊരേകാന്ത രോദനം' എന്നാണ് വർണ്ണിച്ചിരിക്കുന്നത്. അത്യധികമായ ദു:ഖത്തെയാണിത് സൂചിപ്പിക്കുന്നത്.

 

🌹Q 3 . പ്രണയത്തിന്റെ ഭൂതവർത്തമാനങ്ങളുടെ നിറഭേദങ്ങൾ ബാലചന്ദ്രൻ ചുള്ളിക്കാട് എങ്ങനെയാണ് കവിതയിൽ അവതരിപ്പിക്കുന്നത്...?

 

   ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'സന്ദർശന'ത്തിൽ  പ്രണയത്തിന്റെ ഭൂതവർത്തമാനങ്ങൾ കടന്നു വരുന്നുണ്ട്. ഏറെ ആഹ്ലാദം നിറഞ്ഞ ഒരു വസന്തകാലം അവരുടെ പ്രണയത്തിനുണ്ടായിരുന്നു. 'കനകമൈലാഞ്ചിനീരിൽ തുടുത്ത വിരൽസ്പർശം' ഏറെ സന്തോഷകരമായിരുന്നു. കാമുകിയുടെ നോട്ടത്തെ കൃഷ്ണകാന്തങ്ങളുടെ കിരണങ്ങളെന്നാണ് പറഞ്ഞിരിക്കുന്നത്. ആ പ്രകാശകിരണങ്ങളേറ്റ്  ഉള്ളിലെ ചില്ലകൾ പൂത്തുവെന്നും പറയുന്നു. അനിർവചനീയമായ അനുഭവമാണ് ഈ പ്രയോഗത്തിലൂടെ അനുവാചകനിലെത്തുന്നത്...

 വർത്തമാനത്തിൽ പ്രണയം നഷ്ടപ്പെട്ടിരിക്കുന്നു..അവർ വേർപിരിയാനായി-  ഇനി ഒരിക്കലും കാണാതിരിക്കാനായി യാത്രാമൊഴി പറയാനെത്തുന്നു.പക്ഷെ ജീവിതം പോലെ പകൽവെളിച്ചം  പൊലിയുന്ന  ആ വേളയിൽ വാക്കുകൾ തൊണ്ടയിൽ പിടഞ്ഞില്ലാതാവുന്നു. പൊൻചെമ്പകം പൂത്തിരുന്ന കരൾ കരിഞ്ഞുപോയിരിക്കുന്നു.  കറ പിടിച്ച ചുണ്ടിൽ കവിതയും വരണ്ടുപോയി. പ്രിയപ്പെട്ടവളുടെ  കുങ്കുമത്തരി പുരണ്ട ചിദംബരസന്ധ്യകൾ മറവിയിൽ മാഞ്ഞുപോയിരിക്കുന്നു..വർത്തമാനത്തിന്റെ ഈ ദുരിതാവസ്ഥ നഗരത്തിന്റെ പശ്ചാത്തലത്തിൽ കവി വിവരിക്കുന്നു..'മരണവേഗത്തിലോടുന്ന  വണ്ടികൾ, എന്തിനെന്നില്ലാതെയുള്ള നഗരയാത്രകൾ, മദ്യത്തിൽ മുങ്ങിയ നരകരാത്രികളും  സത്രങ്ങളിലെ അന്തിയുറക്കവും- ഇങ്ങനെ ആരാജകമായ  ജീവിതാവസ്ഥ കവി വരച്ചിടുന്നു. അന്യഥാബോധവും ഏകാന്തതയും നിരാശയും   നരകതുല്യമാക്കിയ, ഇരുട്ടുനിറഞ്ഞ ജീവിതാവസ്ഥയിലും സാന്ത്വനമായി കാമുകിയുടെ മുഖം തെളിയുന്നു...അതൊരു ജനനാന്തര ബന്ധമാണല്ലോ.

യാത്ര പറയുവാൻ നിർബന്ധിതരാകുന്ന ആ സമയത്തും നന്ദിചൊല്ലുന്നതിൽ അർത്ഥമില്ലെന്ന് അവർ തിരിച്ചറിയുന്നു. കരച്ചിലിന്റെ അഴിമുഖം കാണാതിരിക്കാം. കാരണം തങ്ങൾ പണ്ടേ പിരിഞ്ഞവരാണല്ലോ...

 

🌹4 . "വേദന വേദന ലഹരിപിടിക്കും 

        വേദന ഞാനതിൽ മുഴുകട്ടെ..

        മുഴുകട്ടെ മമ ജീവനിൽ നിന്നൊരു

        മുരളീ  മൃദുരവമൊഴുകട്ടെ"  (മനസ്വിനി-ചങ്ങമ്പുഴ)

        അരുതു ചൊല്ലുവാൻ  നന്ദി, കരച്ചിലിൻ

        അഴിമുഖം നമ്മൾ കാണാതിരിക്കുക." (സന്ദർശനം - ബാലചന്ദ്രൻചുള്ളിക്കാട്)

-പ്രണയഗാഥകൾ ഹൃദയസ്പർശികളാകുന്നത് അവയിൽ ദുഃഖത്തിന്റെ ആന്തരശ്രുതി ഉൾച്ചേരുന്നത് കൊണ്ടാണോ..വ്യക്തമാക്കുക.

  മനസ്വിനിയിൽ, നിർവൃതിയുടെ പൊൻകതിർ പോലെ കടന്നു വന്ന് കവിയുടെ ജീവിതം പ്രകാശപൂർണ്ണമാക്കിയിരുന്നു പ്രിയതമ. എന്നാൽ നാളുകൾക്ക് ശേഷം  വസൂരി പിടിപെട്ട് കണ്ണും കാതും നഷ്ടപ്പെട്ട പ്രിയപ്പെട്ടവളുടെ അവസ്‌ഥ, കവിയിൽ അതീവ ദുഃഖമുണ്ടാക്കുന്നു...ആ ലഹരി പിടിപ്പിക്കുന്ന വേദനയിൽ  താൻ മുഴുകട്ടെ എന്നും....അതിൽ നിന്നും പുതിയ മുരളീഗാനമൊഴുകട്ടെയെന്നും കവി പറയുന്നു...ഇങ്ങനെ  വേദനയിൽ മുഴുകി ദുഃഖത്തിന്റെ  ഉന്മാദാവസ്ഥയിലെത്തുന്ന കവിയെയാണ് മനസ്വിനിയിൽ നാം കാണുന്നത്....

എന്നെന്നേക്കുമായി വേർപിരിയുന്ന കമിതാക്കളുടെ അവസാന കൂടിക്കാഴ്ചയാണ് 'സന്ദർശന'ത്തിലെ പ്രമേയം. പ്രണയത്തിന്റെ വസന്തകാലവും വർത്തമാനത്തിലെ വിരഹവുമൊക്കെ  കടന്നുവരുമ്പോൾ ദുഃഖത്തിന്റെ ശ്രുതി ഉയരുകയും താഴുകയും തീവ്രമാവുകയും ചെയ്യുന്നത് കാണാം. അത്തരത്തിൽ  അനുഭവവേദ്യമാക്കുന്ന കാവ്യഭാഷയാണ് ചുള്ളിക്കാടിന്റേത്.

 രണ്ടു കവിതകളിലെയും ആന്തരശ്രുതി ദുഃഖത്തിന്റേതാണ്. ജീവിതത്തിന്റെ സ്ഥായീഭാവം ദുഃഖമാണെന്നൊരു ചൊല്ലുണ്ട്. സുഖത്തെ ആഗ്രഹിക്കുമ്പോഴും അബോധപൂർവ്വം ദുഃഖത്തെ ഉപാസിക്കുകയാണ് പലരും ചെയ്യുന്നത്. പ്രണയഗാഥകൾ ഹൃദയസ്പർശിയാകുന്നതിന്റെ കാരണവും ഇതുതന്നെയാണ്. അതിലെ ദുഖം നമ്മെ വല്ലാതെ ആകർഷിച്ച് കീഴ്പ്പെടുത്തുന്നു എന്നതാണ് സത്യം.

 

🌹 Q 5 . "എൻ ചുണ്ടിലൊട്ടിടയ്ക്കൂറിയ മാധുരി

            നിൻ ചുണ്ടിനുള്ളതോ ലിപ്സ്റ്റിക്കിനുള്ളതോ"? (മദിരാശിയിലെ സായാഹ്നം-എൻ.വി.കൃഷ്ണവാര്യർ)

           "പ്രേമമൊരുമിനീരായ്ക്കാണുവോർ

            കായിൻ പേരിൽ പൂ മതിക്കുവോർ

            ഒന്നും പുണ്യമായെണ്ണീടാത്തോർ"  (വൈലോപ്പിള്ളി-യുഗപരിവർത്തനം)

           "പ്രേമമേ നിൻ പേരു കേട്ടാൽ പേടിയാം വഴിപിഴച്ച

           കാമകിങ്കരന്മാർ ചെയ്യും കടും കൈകളാൽ..." (കുമാരനാശാൻ-കരുണ)

പ്രണയത്തെ കവികൾ എങ്ങനെയൊക്കെയാണ് സങ്കല്പിക്കുന്നത്.? സന്ദർശനത്തിലെ പ്രണയസങ്കല്പവുമായി ചേർത്തുവച്ച് പരിശോധിക്കുക.

കവികളെ ഏറെ സ്വാധീനിച്ചിട്ടുള്ള ഒരു വികാരമാണ് പ്രണയം. മധുരതരമായ ഒരു വികാരമാണിതെങ്കിലും ഓരോരുത്തരും പ്രണയത്തെ കാണുന്നതും സമീപിക്കുന്നതും ഓരോ രീതിയിലാണ്. ഇതൊക്കെ കൃത്യമായി ഒപ്പിയെടുക്കാൻ കവികൾക്കും കഴിഞ്ഞിട്ടുണ്ട്..

'മദിരാശിയിലെ സായാഹ്ന'ത്തിൽ ആത്മാർത്ഥതയില്ലാത്ത പ്രണയത്തെയാണ് നാം കാണുന്നത്.  കോളേജ്  കുമാരനായ കാമുകൻ  കാമുകിയുടെ ചുണ്ടിൽ ചുംബിച്ചപ്പോൾ ലഭിച്ച  മാധുര്യം അവളുടെ ചുണ്ടിന്റേതാണോ അതോ ചുണ്ടിലെ ലിപ്സ്റ്റിക്കിന്റേതാണോ എന്ന്  സംശയം ചോദിക്കുന്നുണ്ട്.  മൂല്യബോധമില്ലാത്ത തലമുറയുടെ നൈമിഷിക പ്രണയത്തെ കവി മനോഹരമായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു...

വൈലോപ്പിള്ളിയും 'യുഗപരിവർത്തന'ത്തി ൽ ഇതേ ആശയം തന്നെ പങ്കുവയ്ക്കുന്നുണ്ട്. പ്രേമത്തിന് ഉമിനീരിന്റെ മൂല്യം മാത്രം നൽകുന്നവർ. മനോഹരമായ പൂവിന് അതിൽ ഉണ്ടാകാൻ പോകുന്ന കായുടെ പേരിൽ മാത്രം സ്ഥാനം നൽകുന്നവർ. ബന്ധങ്ങൾക്ക് പവിത്രതയില്ലാത്ത ലോകം.

 സ്നേഹഗായകനായ ആശാൻ പ്രണയത്തിന്റെ മറ്റൊരു മുഖവും കാട്ടിത്തരുന്നുണ്ട്. പ്രേമം ഉദാത്തമാണെന്ന് പറഞ്ഞിട്ടുള്ള കവി തന്നെ 'കരുണ'യിൽ കാമകിങ്കരന്മാരുടെ ക്രൂരതയാൽ പ്രേമമെന്നു കേൾക്കുന്നത് പോലും പേടിയാണെന്നു പറയുന്നു.. പല  വർത്തമാനകാല  സംഭവങ്ങളും ഇതൊക്കെ ശരിവയ്ക്കുന്നതായി കാണാം

 ഇതൊക്കെയാണെങ്കിലും 'സന്ദർശന'ത്തിൽ യഥാർത്ഥപ്രണയത്തിന്റെ ഭാവഭേദങ്ങൾ കവി പകർത്തിവച്ചിരിക്കുന്നു.

 പ്രണയത്തിന്റെ മനോഹരകാലവും വിരഹവേദനയുടെ തീവ്രതയും കാമുകന്റെ നിസ്സഹായവസ്ഥയും പ്രണയത്തിന്റെ ആഴത്തെ കാണിക്കുന്നു. ഏതോ കാരണത്താൽ വേർപിരിയേണ്ടി വന്നപ്പോൾ അവർ അനുഭവിക്കുന്ന വേദന അനുവാചകന്റേതുമായി മാറുന്നു.   

ഇത്തരത്തിൽ പ്രണയത്തെ വ്യത്യസ്ത രീതിയിൽ  കവികൾ  അവതരിപ്പിച്ചിരിക്കുന്നത് കാണാം.




നോട്ട് തയ്യാറാക്കിയത്

നന്ദിതാതിലകം എസ് , ഡോ : അംബേദ്കർ GHSS , കോടോത്ത്  , കാസർഗോഡ്


നോട്ട് pdf ആയി ചുവടെയുള്ള ലിങ്കിൽ നിന്ന് ലഭിക്കും.

       Sandarsanam Note PDF



NB - ചുവടെ കൊടുത്തിരിക്കുന്ന പുസ്തകത്തിന്റെ കവർ ഇമേജിൽ ക്ലിക്കി പുസ്തകം വാങ്ങാവുന്നതാണ്.


No comments:

Post a Comment