ദേവദാസി എന്ന പേരിന് പിന്നിലെ ദയനീയ ജീവിതങ്ങളെ തുറന്നുകാട്ടുന്ന പുസ്തകമാണ് അരുൺ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ. അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ ദേവദാസികളെക്കുറിച്ച് ഏഴു സംസ്ഥാനങ്ങളിൽ എഴു വർഷത്തോളം നടത്തിയ പഠനമാണ് ഈ പുസ്തകത്തിന്റെ ഭൂമിക. യാത്രക്കിടയിൽ ചെന്നെത്തുന്ന സ്ഥലങ്ങളുടെ വർണ്ണനയോ ചരിത്രപ്രാധാന്യമോ കണ്ടുമുട്ടിയ വ്യക്തികളെയും ജീവിതരീതികളെയും കുറിച്ചുള്ള അമിത വിശദീകരണമോ വിശകലനമോ ഈ പുസ്തകത്തിൽ ഇല്ല. ദേവദാസികൾ ഇന്നുമുണ്ടോ? നിയമപരമായ വിലക്ക് ഉണ്ടെങ്കിലും അതീവ രഹസ്യമായി ഇന്നും കണ്ണേരകം നടക്കുന്നുണ്ടോ? പഴയ ദേവദാസികൾ ക്ഷേത്രങ്ങളിലെ അഭയം നഷ്ടമാകുമ്പോൾ എത്തിപ്പെടുന്നതെവിടെ? പുതുതലമുറയെ ഈ ദുഷിച്ച സമ്പ്രദായത്തിൽനിന്നു രക്ഷപ്പെടുത്തുവാൻ ഏതെല്ലാം സംഘടനകളാണ് രംഗത്തുള്ളത്? എന്നീ വിഷയങ്ങൾ അതിവൈകാരികത കൂടാതെ അരുൺ എഴുത്തച്ഛൻ അന്വേഷിച്ച് അവതരിപ്പിച്ചിരിക്കുന്നു.
ബി സി നാലാം നൂറ്റാണ്ടിൽ കൗടില്യൻ അർത്ഥശാസ്ത്രത്തിൽ ദേവാലയത്തിൽ വസിക്കുന്ന ദേവദാസികളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഏറെ പ്രാചീനമാണ് ദേവദാസി സമ്പ്രദായം എന്ന സൂചനയാണ് ഇത് നൽകുന്നത്. ക്ഷേത്ര സംസ്കാരവുമായി ബന്ധപ്പെട്ടാണ് മധ്യകാല ഇന്ത്യയിൽ ദേവദാസികൾ ഉണ്ടായത്. കൊണാർക്ക് സൂര്യക്ഷേത്രത്തിലെ വിശാല നൃത്തമണ്ഡപം ദേവദാസികൾക്ക് ആടാനും പാടാനും ഉള്ള വേദിയായിരുന്നു. കല്ലുകൊണ്ട് തീർത്ത 'ജീവിതചക്രം' എന്ന ശിലാ ശില്പത്തിൽ ദേവദാസികളുടെ ദിനചര്യകളാണ് കൊത്തിവെച്ചിരിക്കുന്നത്. ആദ്യകാല തമിഴ് കൃതികളിൽ 'വാനവർ മഗളർ' എന്ന വിശേഷണത്തോടെ അപ്സരസ്സുകളുടെ പിൻഗാമികളായി ദേവദാസികളെ അവതരിപ്പിക്കുന്നു. ചിലപ്പതികാരത്തിൽ ദേവദാസികളുടെ അരങ്ങേറ്റത്തെക്കുറിച്ചും തൗര്യത്രികങ്ങളിൽ അവർക്കുള്ള പ്രാവീണ്യത്തെക്കുറിച്ചും പറയുന്നു. ശൈവ - വൈഷ്ണവ പ്രസ്ഥാനങ്ങൾ കലയെ ഭക്തിയുടെ മാധ്യമമാക്കി മാറ്റി. ഇക്കാലത്ത് ഭക്തർ പെൺകുട്ടികളെ ക്ഷേത്രാചാരങ്ങൾക്കായി കുടിവെക്കാൻ തയ്യാറായി. ഈ സമ്പ്രദായം തമിഴ്‌നാട്ടിൽ ദേവദാസികളുടെ ഉത്ഭവത്തിന് വഴിവെച്ചു. അയൽ സംസ്ഥാനമായ കേരളത്തിൽ ദേവദാസി സമ്പ്രദായം എന്തുകൊണ്ട് ഉണ്ടായില്ല എന്ന ചോദ്യം ഗ്രന്ഥകർത്താവ് മുന്നോട്ടു വെക്കുന്നുണ്ട്. അവർണ്ണരെ ദേവദാസികളായിപ്പോലും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ ചാതുർവർണ്യം നിലനിന്ന ആ കാലഘട്ടം അനുവദിച്ചിട്ടുണ്ടാവില്ല.
മംഗലാപുരത്തെ ഡാൻസ് ബാറുകളുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണമാണ് ഈ പുസ്തകത്തിന് കാരണമായിത്തീർന്നത്. ദാവൺഗരെ എന്ന കർണ്ണാടക ഗ്രാമത്തിൽ ദരിദ്രർ പെൺമക്കളെ ഉച്ചംഗി മലയിലെ ക്ഷേത്രത്തിൽ നടത്തുന്ന ചടങ്ങിൽ ദേവദാസികളാക്കുന്നു. ഉന്നതരുടെ വെപ്പാട്ടികളായി കുറേക്കാലം ജീവിച്ച് ഗണികകളായി ചുവന്ന തെരുവിൽ അവസാനിക്കുന്ന ദേവദാസി ജീവിതമാണ് ഗ്രന്ഥകർത്താവിന് കണ്ടെത്താനായത്. പാണ്ഡ്യരുടെ ആസ്ഥാനമായിരുന്നു ഉച്ചംഗി മല. 1982 -ൽ കർണ്ണാടകയിൽ ദേവദാസിസമ്പ്രദായം നിരോധിച്ചു. അതിനു ശേഷവും അവിടുത്തെ ദുർഗ്ഗാക്ഷേത്രത്തിൽ രഹസ്യമായി കണ്ണേരകം നടത്തിവന്നു. നിരോധനം ആചാരാനുഷ്ഠാനങ്ങളിലേക്കുള്ള കടന്നുകയറ്റമായി കരുതുന്ന യാഥാസ്ഥിതികർ 'ദൈവത്തിന്റെ കാര്യങ്ങൾ നിരോധിക്കാൻ സർക്കാറിന് സാധിക്കുമോ" എന്നാണ് ചോദിക്കുന്നത്. നിയമവും നിരോധനവും അപ്രസക്തമാണെന്ന് വിളിച്ചു പറയുന്ന കാഴ്ചകളാണ് അവിടെ അദ്ദേഹം കണ്ടത്. ശ്രീരാമസേനക്കാർ ദേവപ്രീതിയുടെ പേരിൽ ഇതിനു കൂട്ടുനിൽക്കുന്നു എന്ന പരാമർശം കൗതുകകരമായി തോന്നി. ഇതേ സംഘടന തന്നെയാണ് ഡാൻസ് ബാറുകൾക്കെതിരെ കലാപമുണ്ടാക്കിയതും എന്ന് ലേഖകൻ പറയുന്നുണ്ട്. അണിഞ്ഞൊരുങ്ങിയ പെൺകുട്ടികളുമായി ജടാധാരികളായ ജോഗമ്മമാർ 'ഉദാ.. ഉദാ...' വിളികളോടെ കൂട്ടമായി കയറി വരുന്ന കാഴ്ച വിവരിക്കുമ്പോൾ ഇത് ഇന്ത്യൻ ഗ്രാമങ്ങളിൽ തന്നെയാണോ എന്ന് അത്ഭുതപ്പെടും. ഉച്ചംഗിദുർഗ്ഗയുടെ ചുരുക്കരൂപമാണ് 'ഉദാ' എന്ന പദം. മാഘ പൗർണമിയിൽ അതീവ രഹസ്യമായി ഇന്നും നടത്തുന്ന ദേവദാസിയാക്കൽ ചടങ്ങിന്റെ അപൂർണവിവരണം അവിശ്വസനീയതയോടെ മാത്രമേ വായിച്ചു തീർക്കാനാവൂ. മുഴുവൻ ചടങ്ങുകളും കാണാൻ ലേഖകനെ ക്ഷേത്രഭാരവാഹി അനുവദിച്ചില്ല.
ഒറീസ്സയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ദേവദാസികളെക്കുറിച്ച് അറിയാനായി അവിടെയെത്തുന ലേഖകൻ 7 വയസ്സു മുതൽ 79 വയസ്സുവരെ ജഗന്നാഥന്റെ 'രുദ്രഗണിക’ യായി ജീവിച്ച സിരിമണി മുത്തശ്ശിയെ കണ്ടെത്തുന്നു. രുദ്രഗണികമാർ Salaried employees ആണ്. സമൂഹത്തിൽ ഉന്നത സ്ഥാനമുള്ള ഇവർ താഴേത്തട്ടിലുള്ളവരുമായി ബന്ധം പുലർത്തിയിരുന്നില്ല. പുരി ജഗന്നാഥസ്വാമി ദിനേന ഉറങ്ങിയതും ഉണർന്നതും തന്റെ ആട്ടവും പാട്ടും ആസ്വദിച്ചായിരുന്നു എന്ന് സിരിമണി അഭിമാനിക്കുന്നു. ഇന്ന് ഇരുട്ടുമുറിയിലെ ദുരിതജീവിതത്തിനിടയിലും അവർ ജഗന്നാഥകൃപ പ്രകീർത്തിക്കുന്നു. ഒറീസ്സയിൽ ബ്രാഹ്മണസമുദായത്തിൽ നിന്നു മാത്രമാണ് ദേവദാസികൾ ഉണ്ടായത്. ഇത് സാമൂഹികാംഗീകാരം ലഭിക്കാൻ കാരണമായി. ക്ഷേത്രത്തിന്റെ മെച്ചപ്പെട്ട സ്ഥിതി അവരെ വേശ്യാവൃത്തിയിൽ നിന്നും രക്ഷിച്ചു.ദേവദാസികളുടെ എണ്ണം കുറഞ്ഞ കാലത്ത് ബ്രാഹ്മണ പുരുഷൻമാരാണ് സ്ത്രീ വേഷം കെട്ടി നൃത്തം ചെയ്തത് എന്നും പറയപ്പെടുന്നു.
ശരീരത്തിന് വിലയില്ലാതാവുന്നതോടെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ദേവദാസികളുടെ ഒരു നീണ്ട നിര തന്നെ അരുൺ എഴുത്തച്ഛൻ അവതരിപ്പിക്കുന്നു. ദേവദാസി - വെപ്പാട്ടി - ലൈംഗികത്തൊഴിലാളി _ ലഹരിവില്പനക്കാരി - ഭിക്ഷാടക - അനാഥ ശവം എന്ന ക്രമത്തിലാണ് ഇവരുടെ ജീവിതം അധ:പതിക്കുന്നത്. പിഞ്ചാർവാടിയിലെ സുനീത ദേവദാസി മനസ്സിൽ നിന്നും മായാൻ വിസമ്മതിക്കും. ദാരിദ്യം മുതലെടുത്ത് കഞ്ഞിയും കപ്പയും, കൂടെ യേശുവിന്റെ ഫോട്ടോയും നൽകി മതം മാറ്റുന്ന പാസ്റ്റർമാരും ഹൈടെക് സാധ്യതകൾ ഉപയോഗിച്ച് പണം തട്ടിപ്പ് നടത്തുന്ന സാമൂഹികപ്രവർത്തകനാണെന്ന് അവകാശപ്പെടുന്ന രാമാഞ്ജനേയനും 'സ്നേഹ' എന്ന NGO യും ദർബാർ മഹിള സമന്വയ സമിതിയും ദേവദാസികളെ കറവപ്പശുക്കളാക്കി മാറ്റുന്നു. അതോടൊപ്പംതന്നെ മുംബൈ നവജീവൻ ഓഫീസിലെ വിജയ, 750 പെൺകുട്ടികളെ Rescue operation വഴി പുറം ലോകത്തെത്തിച്ച ആൻസൻ തോമസ് , DYFI കർണാടക സംസ്ഥാന പ്രസിഡന്റ്, പ്രഗ്ന പാട്ടീൽ, ഉച്ചംഗി പ്രസാദ് എന്ന കവി, അംബിക, രേണുക എന്നീ സന്നദ്ധ സേവകർ എന്നിവർ പ്രതീക്ഷ നൽകുന്ന വ്യക്തിത്വങ്ങളാണ്.
ഉച്ചംഗിയിലെ 'കറുത്ത 'മാഘ പൗർണമി തെളിഞ്ഞ മാഘപൗർണമിയായി മാറുമെന്ന ശുഭപ്രതീക്ഷയോടെയാണ് അരുൺ എഴുത്തച്ഛൻ ഈ പുസ്തകം അവസാനിപ്പിക്കുന്നത്. സുധാമൂർത്തിയുടെ 'ജീവിതത്തിലേക്ക് ചേർത്ത് തുന്നിയ നൂറായിരം തുന്നലുകൾ' എന്ന പുസ്തകത്തിലെ ഇതേ പേരിലുള്ള ലേഖനം ഈ ശുഭാപ്തി വിശ്വാസം വായനക്കാരനിലും ഉണ്ടാക്കുന്നു. ഇൻഫോസിസ് ഫൗണ്ടേഷൻ പോലുള്ള NGO കൾ ഈ രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ സൂചനകളാണ് ഇവയെല്ലാം. എന്നിരുന്നാലും 'ആർഷഭാരത സംസ്കാര' ത്തിന്റെ പുനരുത്ഥാന പ്രവർത്തനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ഈ കെട്ട കാലത്ത് ദേവദാസി സമ്പ്രദായം പോലെ അതിന്റെ അളിഞ്ഞ വശങ്ങൾ ഇന്നും തുടരുന്നു എന്ന ഓർമ്മപ്പെടുത്തലാണ് ഈ പുസ്തകം.
( പുസ്തകാവതരണം : മാധവിക്കുട്ടി കെ സി )
Ø ശിവകുമാർ ആർ പി : കേരളത്തിൽ ദേവദാസി
സമ്പ്രദായം ഉണ്ടായിരുന്നില്ലേ? നമ്മുടെ പഴയ
മണിപ്രവാള കൃതികൾ ദേവദാസികളെ അങ്ങനെ അവതരിപ്പിച്ചിട്ടില്ലേ? ആന്ധ്രയിലെ
രാജമുണ്ഡ്രിയിലും ഇപ്പോഴും ദേവദാസികൾ നിലനിൽക്കുന്നുണ്ട്. പ്രശ്നം
മുൻപുണ്ടായിരുന്ന ഉന്നതപദവി മാറിയ കാലത്ത് ഇല്ലാതായി പോയതാണെന്നു തോന്നുന്നു.
രാജാക്കന്മാർപോലും കാണാൻ വേണ്ടി കാത്തുകെട്ടി കിടന്ന ഒരു ഭൂതകാലമാണ് മണിപ്രവാളത്തിൽ
തെളിയുന്ന ദേവദാസികളുടേത്. അവിടെനിന്നും ഉണ്ടായ അപചയമായിരിക്കും ബാർ
നൃത്തത്തിലേക്കും ഭിക്ഷാടനത്തിലേക്കും അവരെ തള്ളിവിട്ടത്. അരുൺ എഴുത്തച്ഛൻ ദേവദാസി
സമ്പ്രദായത്തിന്റെ ഇപ്പോഴത്തെ ദയനീയത,
സാമൂഹിക പ്രതിബദ്ധതമാത്രം വച്ച് അന്വേഷിച്ചതാകാനാണു സാധ്യത.
Ø മാധവിക്കുട്ടി : രാജമുണ്ഡ്രിയിലെ കലാവന്തലു (കലാകാരികൾ)
കളെക്കുറിച്ചും ഭോഗ മേളത്തെക്കുറിച്ചും രവീന്ദ്രന്റെ യാത്രകളിൽ വിവരിച്ച കാഴ്ച
ഇന്ന് കാണാനാവില്ല എന്ന് ഈ പുസ്തകത്തിൽ പറയുന്നുണ്ട്. കല നഷ്ടപ്പെട്ട ഗണികകളാണ്
ഇന്ന് അവിടെയുള്ളത്. പഴയ കാലത്തിന്റെ അനുകരണങ്ങൾ മാത്രം. അച്ചീചരിതങ്ങളിലെ
നായികമാരെയാണ് ഉദ്ദേശിച്ചത് അല്ലേ? അവർ ക്ഷേത്രങ്ങളുമായി
ബന്ധപ്പെട്ട ജോലികൾ (ക്ഷേത്രം വൃത്തിയാക്കൽ, വിളക്കുതെളിയിക്കൽ, കുംഭ ആരതി, തകിൽ നാദസ്വര വായന, ഗാനാലാപനം, നൃത്തം തുടങ്ങിയവ) ചെയ്തിരുന്നോ?
സമ്പന്നരുടെ വെപ്പാട്ടിമാർ എന്ന നിലയിലല്ലേ വർണന? കർണാടകയിൽ വാല്മീകി എന്ന അവർണ വിഭാഗത്തിലെ സ്ത്രീകളാണ് ദേവദാസികളിൽ
ബഹുഭൂരിപക്ഷവും.
Ø ശിവകുമാർ ആർ പി : പല സ്ഥലത്തും പലതാവാനാണ്
സാധ്യത. എന്തായാലും അവരുടെ പിൽക്കാല ജീവിതമാണ് ദയനീയതയിലേക്ക് കൂപ്പുകുത്തിയത്.
അതിന്റെ ചരിത്രപരമായ കാരണങ്ങളിലേക്ക് എത്രകണ്ട് പുസ്തകം നോക്കുന്നുണ്ടെന്നതാണ്
പ്രശ്നം. ഉണ്ണുനീലിയും ഉണ്ണി നങ്ങയും ചെറുകര കുട്ടത്തിയും ഇവിടെ ദേവദാസികൾ
തന്നെയായിരുന്നു..
Ø സജീവൻ പി : അരുൺ എഴുത്തച്ഛന്റെ ‘വിശുദ്ധപാപങ്ങളുടെ
ഇന്ത്യ’ ഒരു ഫീച്ചർ സമാഹാരമാണെന്ന് വേണമെങ്കിൽ പറയാം. ഇന്ത്യൻ ഗ്രാമങ്ങളിൽ സ്ത്രീ
ഏതെല്ലാം മട്ടിൽ ലൈംഗിക ചൂഷണത്തിനിരയാകുന്നു എന്ന അന്വേഷണാത്മക ഫീച്ചറിന്റെ പുസ്തക
രൂപം. ദേവദാസി സമ്പ്രദായം നമ്മൾ കേരളീയർ മനസിലാക്കിയ അർത്ഥത്തിലല്ല മറ്റ് ഇന്ത്യൻ
സംസ്ഥാനങ്ങളിൽ പലയിടത്തും നിലനിന്നുപോരുന്നതെന്ന് ഈ പുസ്തകം പറഞ്ഞു തരുന്നുണ്ട്.
മഥുരയിലെത്തുന്ന വിധവകളുടെ ജീവിതത്തെക്കുറിച്ചൊക്കെ വായിക്കുമ്പോൾ നമ്മുടെ ഉള്ള്
അക്ഷരാർത്ഥത്തിൽ പൊള്ളുന്നുണ്ട്. ഗ്രാമങ്ങളാണ് സ്ത്രീ ജീവിതങ്ങളെ ഇത്രമാത്രം
ദയനീയരാക്കി മാറ്റുന്നതെന്ന സത്യം ഈ ഫീച്ചറുകൾ പറയും. ദാരിദ്ര്യം, അന്ധവിശ്വാസം' കടുത്ത ജാതീയത, നിരക്ഷരത ഇങ്ങനെ കാരണങ്ങൾ പലതാണ്. ക്ഷേത്ര കേന്ദ്രീകൃതമായ അനാചാരങ്ങൾ
സമൃദ്ധമായി ആഘോഷിക്കപ്പെടുന്ന മണ്ണാണ് ഇന്നും ഭാരതത്തിലേത്. ക്ഷേത്രങ്ങളുടെ വലുപ്പചെറുപ്പമൊന്നും
ഇക്കാര്യത്തിൽ വിഷയമല്ല. വൻക്ഷേത്രങ്ങളിൽ സഞ്ചാരികളായെത്തുന്നവർ കൗതുക കാഴ്ചകൾ
കണ്ട് തൃപ്തരാകുന്നു. അപ്പോഴും അവയുടെ
അകത്തളങ്ങളിൽ പാവം സ്ത്രീകൾ ശപ്തജീവിതവുമായി കഴിയുന്നുണ്ടെന്ന് ആരും
അറിയാറില്ല. അരുൺ തന്റെ തൂലിക ഉപയോഗിച്ചത് ആ ശപ്തജീവിതങ്ങളുടെ കഥ പറയാനാണ്. അനാചാരങ്ങളുടെ
കാര്യത്തിൽ കേരളവും ഒട്ടും പിറകിലല്ലല്ലോ. സ്ത്രീകളാണ് ഇപ്പോഴും നമ്മുടെ
ക്ഷേത്രങ്ങളിലെ സന്ദർശകരിൽ ഭൂരിപക്ഷവും അനാചാര പ്രചരണങ്ങളുടെ പ്രധാന ഇരകളും
അവരാണ്. നാളെ ക്ഷേത്രങ്ങളിലേക്ക് പെണ്ണുങ്ങളെ ദാസിയാക്കുന്ന ചടങ്ങ് നമ്മുടെ
ക്ഷേത്രങ്ങളിലും തിരിച്ചു വന്നൂടെന്നില്ല. കാരണം അത്രകണ്ട് യുക്തിരഹിതമായ
അനാചാരങ്ങൾക്ക് പിറകേ അഭ്യസ്തവിദ്യരായ സ്ത്രീകളും പുരുഷൻമാരും സഞ്ചരിക്കുന്നുണ്ട്.
അരുണിന്റെ പുസ്തകം നമ്മുടെ പൊതുസമൂഹത്തിനിടയിൽ വലിയ തോതിൽ ചർച്ച ചെയ്യേണ്ടത്
അത്യാവശ്യമായ സന്ദർഭമാണിതെന്ന് മനസിലാക്കുന്നു. വിശ്വാസത്തിന്റെ പേരിലുള്ള സർവ്വ
പേക്കൂത്തുകളും അവസാനിപ്പിക്കാൻ പൊതുസമൂഹം ജാഗ്രത കാട്ടണം. ഇന്ത്യൻ ഗ്രാമങ്ങളെ ഈ
പാപങ്ങളിൽ നിന്ന് മുക്തമാക്കാൻ വലിയ ശ്രദ്ധ ആവശ്യമാണ്. ഏതോ കാലത്തെ കാര്യങ്ങളല്ല, കഴിഞ്ഞ നാലഞ്ച് വർഷങ്ങളിലെ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ
ഉള്ളടക്കം എന്നതും ശ്രദ്ധിക്കണം. അത്രകണ്ട് പാപ്പരാണ് ഇന്ത്യൻ സംസ്കാരം എന്നതും
ശ്രദ്ധേയം.
Ø ഉദയകുമാർ എസ് : ദേവദാസി സമ്പ്രദായം - സ്ത്രീയ്ക്ക് വലിയ സാമൂഹിക പദവി നൽകിയിരുന്നു
എന്ന് തോന്നുന്നു. ആ കാലത്തെ രാഷ്ട്രീയ-സാമൂഹിക കാരണങ്ങളാവും പിന്നിൽ. സമ്പത്ത്
കൈയാളിയിരുന്നവർ. അധികാരികൾപോലും അവരെ കാത്തു
കെട്ടി കിടന്നിരുന്നു. പിന്നെ എപ്പോഴാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്? ചരിത്രപരമായ ഒരന്വേഷണം ആവശ്യമാണെന്ന് തോന്നുന്നു.
Ø സജീവൻ : സ്ത്രീയെ വെറും ചരക്കാക്കി കാണുന്ന പതിവ് പൗരാണിക കാലംമുതൽ ഉണ്ടല്ലോ. മനുവാദ
ഭരണഘടനയുടെ പ്രധാന ഉന്നവും അതാണ്. ഈ സാമൂഹിക പദവി എന്നൊക്കെ പറയുന്നത് വെറും മേനി
പറച്ചിൽ മാത്രമാവാനാണ് സാധ്യത. പുതിയ അന്വേഷണങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാവണം. (വല്ലതും
നടന്നിട്ടുണ്ടോ എന്നറിയില്ല)
Ø ദിവ്യ ജാഹ്നവി : ഒരു മാഘ പൗർണമി സൃഷ്ടിക്കുന്ന ആയിരം അമാവാസികളെ മനസിലും
ശരീരത്തിലും പേറേണ്ടിവരുന്ന ദേവദാസികളെക്കുറിച്ച് - ഉച്ചംഗി മലയിലെ കറുത്ത
പൗർണമികളെക്കുറിച്ച് പറയുമ്പോൾ അരുൺ എഴുത്തച്ഛൻ അവർക്കു നേരെയുള്ള വിവിധ
രാഷ്ട്രീയപാർട്ടികളുടെ സമീപനത്തെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. 1982 -ൽ കർണാടകയിൽ ദേവദാസി
സമ്പ്രദായം നിയമം മൂലം നിരോധിച്ചെങ്കിലും ഇതിനൊക്കെ ഒത്താശചെയ്യുന്ന, അവിശ്വാസങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന, കുട്ടികളെ
ദേവദാസികളാക്കാൻ സഹായിക്കുന്ന തരത്തിലുള്ള സർക്കാരിന്റെ സമീപനം പുസ്തകത്തിൽ എടുത്തു
പറയുന്നു. ഒരു സമ്പ്രദായം നിലനിൽക്കണമെന്ന് സമൂഹത്തിലെ മുന്നാക്കക്കാരും
പിന്നാക്കക്കാര്യം സർക്കാരും ഒരുപോലെ ആഗ്രഹിക്കുമ്പോൾ നിരോധനം എത്രമാത്രം
അപ്രസക്തമാണെന്ന് ആലോചിക്കാവുന്നതേയുള്ളൂ. ഇടതുപക്ഷം കർണാടകയിൽ ദേവദാസീ
സമ്പ്രദായത്തിന് എതിരാണെന്ന് പറയുമ്പോഴും പ്രായോഗികതലത മൃദുസമീപനമാണ്
സ്വീകരിച്ചിരിക്കുന്നത് എന്നും വിമോചനമുന്നണി പ്രവർത്തിക്കുന്നത് സി.പി.എം ൽ ഒതുങ്ങി
നിന്നാണെന്നും അരുൺ എഴുത്തച്ഛനെഴുതുന്നു. സി പി.എം ദേവദാസികളുടെ വിമോചനത്തിനു വേണ്ടിയുള്ള വാദങ്ങൾക്ക് ഒപ്പം നിൽക്കുന്നുവെങ്കിലും
പുതിയ പെൺകുട്ടികൾക്ക് വിദ്യാഭാസം നൽകി അവരെ ഈ സമ്പ്രദായത്തിൽ നിന്ന് മോചിപ്പിക്കുന്നതിലാണ്
പാർട്ടി ശ്രദ്ധിക്കേണ്ടിയിരുന്നതെന്നുംകൂടി അഭിപ്രായപ്പെടുന്നു. ഹിന്ദു സവർണ്ണതാല്പര്യമുള്ള
സമ്പ്രദായത്തെ പിന്തുണച്ചുകൊണ്ട് ബി.ജെ പി വോട്ട് ബാങ്ക് ലക്ഷ്യം വയ്ക്കുമ്പോൾ ദുരിതമനുഭവിക്കുന്നവർക്ക്
പെൻഷനുവേണ്ടി വാദിച്ച് സി.പി.എം വോട്ടു ബാങ്ക് ലക്ഷ്യം വയ്ക്കുന്നുവെന്ന്
വായിക്കുമ്പോൾ ഒറ്റ ഉത്തരം മാത്രമേ മനസിൽ തെളിയുന്നുള്ളൂ. ഒരിക്കലും തെളിയാത്ത
കറുത്ത പൗർണമികൾ !
No comments:
Post a Comment