+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Monday, July 25, 2022

നായകൾ, ചെന്നായകൾ കൂടിയാണ് ( മജീദ് സെയ്ദിന്റെ ' നായക്കളി ' എന്ന കഥയുടെ നിരൂപണം ) - ദിവ്യ ജാഹ്നവി

 

പൊടുന്നനെ അയാൾക്കു തോന്നി. ഒരു വസ്തു പലമാതിരി നോക്കിക്കാണാനാവും എന്ന്. ഒന്ന്, സാധനങ്ങൾ വെറുതെ നോക്കലാണ്. അതെന്താണെന്നും എന്തിനുള്ളതാണെന്നും നല്ലവണ്ണം അറിയാം., അത് നേരെയുള്ളതാ‍ണ്.  രണ്ടാമത്തേത് വിശാലമായ ഒരു കാഴ്ചയാണ്.  സാമാന്യമായ ഒരു കാഴ്ച. അത് പലതിനെയും കൂട്ടിയിണക്കുന്നതാണ്.  അതിന്റെ പരസ്പരബന്ധം മനസിലാക്കാൻ നമുക്ക് അവസരം കിട്ടുന്നു.  വസ്തുക്കൾ അവയല്ലാതായി തീരുന്നു. അവയുടെ നിലനിൽപ്പിന് ഒരു ഉദ്ദേശ്യമുണ്ടെന്നത് പ്രധാനമാണ്. ” 

- ബൈഗുണി, (ഫ്ലൈറ്റ്സ്) ഓൾഗ ടോകാർചുക്

മാധ്യമം വാർഷികപ്പതിപ്പിൽ മജീദ് സെയ്ദ് എഴുതിയ കഥ, ‘നായക്കളി’ അതിന്റെ ശില്പഭദ്രതകൊണ്ടും വ്യത്യസ്തമായ പ്രമേയപരിചരണം കൊണ്ടും പല തലങ്ങളിലേക്ക് നീളുന്ന  വിനിമയശേഷികൊണ്ടും ചിര പരിചിതവും എന്നാൽ ഉള്ളുലയ്ക്കുന്നതുമായ ഒരു കുടുംബാനുഭവത്തെ അതിന്റെ വൈകാരികതയ്ക്ക് ഒരു പോറലുമേൽക്കാതെ ആവിഷ്കരിച്ചിരിക്കുന്നതുകൊണ്ടും വളരെ ശ്രദ്ധേയമായി തോന്നി. ആദ്യവായനയിൽ ദാമ്പത്യത്തിനുള്ളിലെ കലക്കമാണ് അതിന്റെ പ്രമേയം. ഇണയെ സംശയിക്കുക എന്ന സ്വഭാവത്തിന് സ്വാർത്ഥതയിൽ കവിഞ്ഞ അർത്ഥങ്ങളുണ്ട്. മനുഷ്യൻ കുടുംബമായി ജീവിക്കാൻ തുടങ്ങുന്നിടത്തുനിന്നും ആരംഭിച്ച വ്യക്തിഗതമായ മമതാബോധത്തിലാണ് (പൊസ്സെസ്സീവ്നെസ്) പലപ്പോഴും അതിന്റെ വേരുകൾ ആഴ്ന്നു നിൽക്കുന്നത്. അനന്തര തലമുറയുടെയും പൈതൃകത്തിന്റെയും ജനിതകശുദ്ധിയെന്ന സങ്കല്പം കാത്തു സൂക്ഷിക്കാനായിരിക്കും പ്രകൃതി അതിനനുസരിച്ച് മനസുകളിൽ എന്റേതെന്ന ബോധത്തിന്റെ വിത്തിട്ട് പാകി മുളപ്പിച്ചു കാത്തു സൂക്ഷിക്കുന്നത്. തന്റെ കുട്ടിയുടെ  പിതാവ് ആരാണെന്ന് ഉറപ്പിച്ചു പറയുകയും അയാളുടെ മറ്റ് ഇണബന്ധങ്ങൾക്കെതിരെ കലഹിക്കുകയും ചെയ്യുന്ന സ്ത്രീ, തന്നിൽ ഉത്പാദിപ്പിക്കപ്പെട്ടഅന്യഥാ നിസ്സഹായനായ മനുഷ്യക്കുഞ്ഞിന്റെ സംരക്ഷണച്ചുമതല ഉറപ്പിക്കുകയുംകൂടിയാണ് ചെയ്യുന്നത്. അപ്പോൾ പുരുഷനിൽ സ്ഥിതിചെയ്യുന്ന മമതാബന്ധത്തിനും അയാളുടെ അതിരുകടന്ന അവിഹിതബന്ധവിലക്കിനും കാരണം താൻ സംരക്ഷിക്കുന്നത് തന്റെ കുഞ്ഞിന്റെതന്നെ മാതാവിനെയാണെന്ന് ഇനിയും അതങ്ങനെ തന്നെ ആയിരിക്കുമെന്നുമുള്ള ഉറപ്പിനുമേലാണ്. ആരാന്റെ കുഞ്ഞിനെ പോറ്റേണ്ട ഭാരം തന്നിലർപ്പിക്കുന്നവൾ എന്ന    അർത്ഥത്തിലാണ് അയാൾ അവളുടെ അവിഹിതങ്ങൾക്കുമേൽ, ഇനിയും മാഞ്ഞുപോകാത്ത തലച്ചോറിൽ വശേഷിക്കുന്ന ഗോത്രജീവിതസ്മരണകളുടെ  വേവലാതികളുമായി ചാടി വീഴുന്നത്. മനുഷ്യരുടെ സവിശേഷമായ സാമൂഹികബന്ധങ്ങൾ ആ പഴയ പ്രാകൃതമായ ഭയങ്ങളെ പുതിയ കുപ്പായമണിയിച്ച് മാറിയകാലത്തുംകൂടെ കൂട്ടുന്നുണ്ടെന്നതാണ് ദാമ്പത്യത്തിലെ സംശയരോഗങ്ങളുടെ സാർവത്രികത്വം നമുക്കു മുന്നിൽ വയ്ക്കുന്ന വാസ്തവം.

മമതാബന്ധങ്ങളുടെ മൂന്നു സാധ്യതകൾ കഥയിൽ പരിശോധിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്യപ്പെടുന്നുണ്ട്. അതിലാദ്യത്തേത് രാത്രിയുടെ ഏകാന്തതയിൽ  ബാപ്പയ്ക്കെതിരെ വെട്ടുകത്തി വീശുന്ന ഉമ്മയുടേയുടേതാണ്. അത് ഭാര്യ ഭർതൃബന്ധത്തിലെ സ്നേഹത്തിന്റെ രൂപാന്തരമാണെങ്കിൽ അതുപോലെതന്നെ അക്രമാസക്തമാകുന്ന ജസീറിന്റെയും സഹോദരിയുടെയും ബന്ധത്തിലുള്ള സാഹോദര്യത്തിലും അതുവഴിയുള്ള രക്ഷാകർത്തൃത്വത്തിലും ഒളിഞ്ഞിരിക്കുന്ന ക്രൗര്യമാണ്. വിമതബന്ധം അയാൾ സഹോദരിയിൽ സംശയിക്കുന്നതിനാൽ അതിനൊരു മതപരമായ  മുനയുമുണ്ട്.  മൂന്നാമത്തേത്  വിമലുമായിട്ട് അവൾക്കുള്ളതാണ്. അത് പ്രണയമാണോ എന്ന് അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അതേ സമയം അവൾക്ക് കാര്യങ്ങൾ നോക്കിക്കാണാനുള്ള കണ്ണാടി ലഭിക്കുന്നത് വിമലിൽനിന്നാണെന്നത് പ്രധാനമാണ്. നിരന്തരം അവൾ അയാളെ ഓർക്കുകയും അവളുടെ കൺവെട്ടത്ത് അയാൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. സ്നേഹത്തെ അക്രമത്തിന്റെ ഭാഷയിലേക്കും (പുനത്തിൽ കുഞ്ഞബ്ദുള്ള) അക്രമത്തെ സ്നേഹത്തിന്റെ ഭാഷയിലേക്കും (ഒ വി വിജയൻ) വിവർത്തനം ചെയ്തുകൊണ്ടുള്ള വിവരണങ്ങളുമായി നാം മുൻപുതന്നെ പരിചയിച്ചിട്ടുള്ളതാണ്.  ‘നായക്കളി’ എന്ന കഥയിൽ മൂന്നു സന്ദർഭങ്ങളിലും  അക്രമത്തിന്റെ രൂപമാർജ്ജിക്കുന്ന സ്നേഹമാണുള്ളത് എന്നു വ്യക്തം. സംശയംകൊണ്ട് ഉമ്മയും അമർഷംകൊണ്ട് ജസീറും കൈയിലെടുക്കുന്ന വെട്ടുകത്തി, വാഴക്കറയെയും ആർത്തവരക്തത്തെയും ചോരയെയും ഭ്രാന്തിനെയും ശ്വാസംമുട്ടലിനെയും ഇരുട്ടിനെയും തണുപ്പിനെയുംകുറിച്ചുള്ള പരാമർശങ്ങൾ തുടങ്ങിയവ കുടുംബം എന്ന ഇടുക്കു ജീവിതത്തിനത്തുള്ളതിരിച്ചറിയാനോ വിവേചിച്ചറിയാനോ അത്ര എളുപ്പമല്ലാത്ത വികാരങ്ങളുടെ അറകളെ തുറന്നു കാണിക്കുകയാണ് ചെയ്യുന്നതെന്നും പറയാം.

ആഖ്യാതാവിന്റെ സ്ഥാനത്തുള്ള പെൺകുട്ടിയിൽ ഉമ്മയിലും ജസീറിക്കയിലും ഉള്ള അക്രമചോദന അതേ അളവിൽ ഇല്ലെന്നു പ്രത്യക്ഷത്തിൽ തോന്നാം. എന്നാൽ വിമലുമായുള്ള ബന്ധം നിർവചിക്കാനാവാതെ കുഴങ്ങുകയും അയാളെ ബ്ലോക്കു ചെയ്യുകയും കഥയുടെ അവസാനം അയാളുടെ ഓർമ്മയിൽ അയാളുടെ കണ്ണടവച്ച് നായയായി സ്വയം വിഭാവന ചെയ്യുകയും വഴി അവളുടെ സ്നേഹത്തിലും ഹിംസാത്മകത നിഹിതമാണ്. ഏറെക്കുറേ അതു ഉള്ളിലേക്ക് തിരിഞ്ഞ് അക്രമവാസനയാണെന്നു തിരിച്ചറിയുകയും എളുപ്പമാന്. ഉമ്മയോടുള്ള പ്രതിപത്തിയാൽ പഠിത്തം മുടക്കുകയും ചോരയൊഴുക്കി താഴെക്കിടക്കുകയും വിമലിനോട് ജസീറിക്ക കാണിക്കുന്ന വിദ്വേഷത്തിൽ ഒരു തരം മരവിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന അവളിൽ  പുറത്തെടുക്കാനാവാതെ തന്നിലേക്കുതന്നെ തിരിയുന്ന അക്രമത്തിന്റെ മൂലകങ്ങൾ വ്യക്തമാവുകയും ചെയ്യുന്നു. ഉമ്മയുമായുള്ള അവളുടെ താദാത്മ്യം വെറും നായക്കളിയുടെ പ്രതിബിംബഭാവനകൊണ്ടു മാത്രം അവസാനിക്കുന്നതല്ലെന്ന് സാരം.

ഉമ്മയുടെ ജനിതകപാരമ്പര്യം പുറത്തേയ്ക്കും അകത്തേയ്ക്കും ഒഴുകുന്ന ധാരകളായി വ്യത്യസ്തമായ രീതികളിൽ അവരുടെ സന്തതികളായ പെൺകുട്ടിയിലും ജസീറിലുമായി പ്രവർത്തിക്കുമ്പോൾ ബാപ്പയുടെ സാമൂഹിക പാരമ്പര്യത്തിന്റെ അവകാശിയാണ് കുടുംബവുമായി രക്തബന്ധമില്ലാത്ത വിമൽ. ജീവശാസ്ത്രപരമായിമാത്രമല്ല സ്വഭാവഘടകങ്ങൾ ആവർത്തിക്കുന്നത്സാമൂഹികമായും കൂടിയാണെന്ന വീക്ഷണം ഈ രണ്ടു കഥാപാത്രങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്നു തോന്നുന്നു. ആദ്യകാഴ്ചയിൽതന്നെ ബാപ്പ, വിമലിനെപ്പറ്റി ജസീറിനോട് പറയുന്ന നല്ല അഭിപ്രായം അതിന്റെ തെളിവാണ്. ജനിതകവും സാമൂഹികവുമായ പാരമ്പര്യങ്ങളെ പ്രശ്നാധിഷ്ഠിതമാക്കി അഭിമുഖം നിർത്തുക എന്നൊരു ദൗത്യംകൂടി കഥ ഗൂഢമായി ഏറ്റെടുക്കുന്നു എന്ന കാര്യമാണവിടെ തെളിയുന്നത്. ബാപ്പയുടെ അന്യസ്ത്രീകളുമായുള്ള ഊഹത്തിൽ അധിഷ്ഠിതമായ ബന്ധമാണല്ലോ ഉമ്മയുടെ ഉന്മാദത്തിനു കാരണമായിത്തീരുന്നത്. ജസീറിലും സഹോദരിയെ മുൻനിർത്തി അത്തരമൊരു ഊഹം പ്രവർത്തിക്കുന്നുണ്ട്. മണം പിടിക്കുക എന്ന ശൈലിക്ക് മലയാളത്തിൽ സംശയിക്കുക എന്ന ഒരർത്ഥം ഉണ്ട്.  സംസ്കരിക്കപ്പെടാത്ത കേവലവികാരങ്ങളുടെ മണ്ഡലത്തിലേക്ക് സംശയം, മനുഷ്യരെ പിടിച്ചു താഴ്ത്തുന്നു എന്നുള്ളതുകൊണ്ടാണ് അത്. ‘സംശയരോഗി’ എന്നാണ് അത്തരക്കാർക്കുള്ള മറ്റൊരു പ്രയോഗം. രോഗാതുരവും മൃഗതുല്യവുമായ വൈകാരികജീവിതവുമായുള്ള താരതമ്യത്തെ നായയെ കൂട്ടുപിടിച്ച് അവതരിപ്പിക്കുന്നതിലൂടെ കഥയിൽ രൂപപ്പെടുന്ന മാനങ്ങൾ പലതാണ്. ഏറ്റവും ഇണക്കമുള്ള വളർത്തുമൃഗം എന്ന നിലയിൽ നിരുപാധികമായ വിധേയത്വത്തിന്റെ പ്രതിബിംബമായിരിക്കുമ്പോൾപോലും നായകളിൽ, ചെന്നായകൾ അതിന്റെ പ്രാകൃതഭൂതകാലത്തിന്റെ സജീവമായ ഓർമ്മകളോടെ  നിലനിൽക്കുന്നുണ്ടെന്ന വാസ്തവത്തെ നമ്മൾ പലപ്പോഴും മറന്നു കളയുന്നു എന്നതാണ് ഒന്ന്. തന്റേതായ ഇടം നിശ്ചയിക്കാനും അതിലേക്ക് അതിക്രമിച്ചു കയറുന്നവരെ നേരിടാനുമുള്ള ചോദനകളിൽനിന്ന് പൂർണ്ണമായും മുക്തി മനുഷ്യനു വന്നിട്ടില്ലെന്നും അപരത്വവിദ്വേഷങ്ങളുടെ ഉറവിടം മൃഗവാസനകളിലാണ് തിരയേണ്ടതെന്നുമാണ് മറ്റൊന്ന്. ഹിംസ്രമൃഗങ്ങളിൽ സ്ഥലപരമാണ് ഈ തന്റേടമെങ്കിൽ നാഗരികമൃഗമായ മനുഷ്യരിൽ മൂർത്തവും അമൂർത്തവുമായ പലയിടങ്ങളിലേക്കും അതു നീളുന്നു.  ഉമ്മയുടെ കാര്യത്തിൽ  ബാപ്പയുടെ ശരീരവും മാത്രമല്ല, മനസ്സും ‘തന്റെ ഇട’ത്തെക്കുറിച്ചുള്ള പ്രാകൃതബോധത്തിന്റെ അടിസ്ഥാനങ്ങളാണ്. ജസീറിൽ സഹോദരിയുടെ ശരീരവും വീടുമൊക്കെയാണ്. ഉമ്മയുടെ അപരത്വബോധം ലിംഗപരമാണ്. വിമലിനും സഹോദരിക്കും ഇടയിൽ കയറി നിൽക്കുന്ന ജസീർ ചെറുക്കാൻ ഉദ്യമിക്കുന്നത് സാമൂഹികമായ അപരത്വത്തെയാണ്.

ബന്ധങ്ങൾ ബന്ധനങ്ങളും ബാധ്യതയും സഹനവും ഒക്കെയാകുന്ന അവസ്ഥയിലൂടെ  കടന്നുപോകുന്ന കഥയിലെ ജീവിതം വാസ്തവത്തിൽ കുടുംബത്തിന്റെയോ ദാമ്പത്യത്തിന്റെയോ ഉള്ളിൽ കുടിയിരിക്കുന്ന മനോവിഭ്രമത്തിന്റെ ആവർത്തനങ്ങളെ നേർ രേഖയിൽ ആവിഷ്കരിക്കുന്നതിനു പകരം, ഒരു തിരിച്ചിടൽ കൂടി നടത്തിയിട്ടുണ്ട്. സാമ്പ്രദായിക രീതിയിൽ  സഹനം, വിധേയത്വം ഇവ സ്ത്രീകൾക്കും യജമാനത്തം, ക്രൗര്യം എന്നിവ പുരുഷന്മാർക്കുമായി പങ്കുവച്ച് ഭാവനായാഥാർത്ഥ്യത്തെ ബാഹ്യവാസ്തവങ്ങളെ തിരുത്താൻ ഉദ്യമിക്കുന്നത്.  ‘നായക്കളി’യിൽ മജീദ് സെയ്ദ്, ബാപ്പ എന്ന കഥാപാത്രത്തിലേക്ക് ഈ ഭാവങ്ങളെ മാറ്റി പ്രതിഷ്ഠിക്കുന്നു.  മനുഷ്യബന്ധങ്ങൾക്കിടയിലുള്ള ഉടമസ്ഥതാസങ്കല്പത്തിന്റെ തിരിച്ചിടലിലും ഒരു ‘നായക്കളി’ ഉണ്ട്.  തന്റെ യജമാനനിൽനിന്ന് (ഇവിടെ യജമാനത്തിയിൽനിന്ന്) ഒരപകടവും തനിക്കുണ്ടാവില്ലെന്ന ഉത്തമവിശ്വാസത്തിലാണ്, പകലിൽ ഒളിപ്പിച്ചുവെയ്ക്കുന്ന വെട്ടുകത്തി തനിക്കു നേരെ വീശാൻ ഉമ്മയ്ക്ക് സ്വകാര്യമായി ബാപ്പ നൽകുന്നത്. നിരുപാധികമായ ആ വിധേയത്വത്തിന്റെ ചിത്രീകരണത്തിൽ സാമ്പ്രദായികമായ യജമാനത്വത്തെ തലതിരിച്ചവതരിപ്പിക്കുകയാണ് മജീദ് സെയ്ദ് ചെയ്തിരിക്കുന്നത്. പൊതുധാരണ വച്ചു നോക്കുമ്പോൾ, മനുഷ്യൻ പോറ്റി വളർത്തി തനിക്കു വിധേയനാക്കുന്ന നായ, ഈ കഥയിൽ ഉമ്മയെന്നും മകളെന്നുമുള്ള സ്ത്രീകളുടെ സദൃശബിംബങ്ങളായിട്ടാണ് പ്രത്യക്ഷപ്പെടൂന്നതെങ്കിലും  യജമാനത്വത്തെ തിരിച്ചിടുകയും പറിച്ചെറിഞ്ഞാലും ഒട്ടിപ്പിടിക്കുകയും സംശയത്തിന്റെ നിഴലുകളെ നോക്കി കുരയ്ക്കുകയും സ്നേഹംകൊണ്ടെന്നപോലെ ക്രൗര്യംകൊണ്ടും ഉണ്മ ഉറപ്പിക്കുകയും ചെയ്യുന്ന കഥയിലെ മൂന്ന് ആണുങ്ങളും മറ്റൊരു തരത്തിൽ നായക്കളിയിൽ തന്നെ അവരറിയാതെ ഏർപ്പെടുന്നവരാണ്.

നായയ്ക്കൊപ്പം കണ്ണടയെന്ന പ്രധാനപ്പെട്ട രൂപകം കൂടി കഥയ്ക്കുള്ളിൽ ഉപയോഗിച്ചിട്ടുണ്ടല്ലോ കഥാകാരൻ. “ഓരോ കണ്ണടയും ഓരോരോ കാഴ്ചകളാണ് എനിക്ക് നൽകുന്നത്. എപ്പോഴും ഓരേ തരം മായക്കാഴ്ചകൾ കാണാൻ ആരാണ് ഇഷ്ടപ്പെടുക?” എന്നാണ് വിമൽ ചോദിക്കുന്നത്. കുടുംബബന്ധങ്ങളെയും സാമൂഹികബന്ധങ്ങളെയും സ്ഥിരമായി നോക്കിക്കാണാൻ നമ്മളുപയോഗിക്കുന്ന കണ്ണടകൾ ഒന്നു മാറ്റിവെച്ചു നോക്കാനുള്ള ഉപദേശംകൂടിയാണല്ലോ ഇത്. നിരന്തരമായ യാത്രകളിലൂടെ ജീവിതത്തെ നിരീക്ഷിച്ചുകൊണ്ടും മനുഷ്യശരീരത്തിനകത്തെ അവയവങ്ങളുടെ ഘടനയെയും പ്രവർത്തനത്തെപ്പറ്റിയും എഴുതിയ, നോബൽ സമ്മാനജേതാവായ ഓൾഗ ടൊകാർചുക് തന്റെ ബൈഗുണിയെന്ന (നിലയ്ക്കാത്ത യാത്രകൾ)  നോവലിൽ ഇതേ വാക്യം മറ്റൊരു തരത്തിൽ ആവർത്തിക്കുന്നതു കാണാം. അനുഭവങ്ങളുടെ യഥാതഥവിവരണങ്ങൾ ഓരോന്നും വെവ്വേറെ കാഴ്ചവട്ടങ്ങളാണ്, അവയെ നോക്കിക്കണ്ട് സ്വാംശീകരിക്കാൻ നമ്മളെത്ര സന്നദ്ധമാവുന്നുണ്ടെന്നതാണ് പ്രശ്നം. ഓൾഗയെപ്പോലെ മജീദും, ചിലപ്പോഴെങ്കിലും ഒരേതരത്തിലുള്ള ഭ്രമക്കാഴ്ചകൾക്കുമുന്നിൽ നിന്നുപതറുന്ന വായനക്കാരോട് സൗമ്യമായി ആ ആവശ്യപ്പെടുന്നതാകാം. സുതാര്യമായ പാളികൾക്കകത്ത് സൂക്ഷിക്കുന്ന മറ്റു അനുഭവഘടനകളും ചേർന്നാണ് നമ്മുടെ സാംസ്കാരിക ഉത്പ്പന്നങ്ങളായ രചനകൾ ജീവിതത്തെ സംബന്ധിക്കുന്ന പുതിയ വാസ്തവങ്ങൾ അവതരിപ്പിക്കുന്നത്. അല്ലെങ്കിൽ അവയുടെ മുഴക്കവും ആഴവും നഷ്ടപ്പെട്ട് ഫോട്ടോകോപ്പികളായി അവ ഒരേതരം ജീവിതത്തെ ധാർമ്മികവിചാരങ്ങൾ കലർത്തി അവതരിപ്പിച്ചുകൊണ്ടിരിക്കും. അത്തരം ദുര്യോഗത്തിൽനിന്ന് രക്ഷപ്പെട്ട കഥയാണ് ‘നായക്കളി’. അതിലെ ആ പെൺകുട്ടിയെപോലെ ഒരിക്കൽ ഊരിയെടുത്ത് നിലത്തിട്ട കണ്ണട, വീണ്ടുവിചാരങ്ങളുടെ കുഴമറിച്ചിലിൽപ്പെട്ട് തിരിച്ചെടുത്ത് പുതിയ കാഴ്ചകൾക്കായി പരതുമോ? അതോ മുൻധാരണകളുടെ വെറും നിലത്ത് പിന്നെയും ചടഞ്ഞുകൂടുമോ എന്ന് നമ്മളോട് കഥ മറയില്ലാതെ ചോദിക്കുന്നതായും തോന്നുന്നുണ്ട്. 

 



No comments:

Post a Comment