വായനച്ചെല്ലം - 4
വ്യവസായ വിപ്ലവം മാനവികതയിൽ വരുത്തിയ
വ്യതിയാനങ്ങളെക്കാൾ എത്രയോ ഇരട്ടിയാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ ഇലക്ട്രോണിക്
സാങ്കേതികവിദ്യ മാനവികതയിൽ വരുത്തിയ വ്യതിയാനങ്ങൾ. അത് വ്യവസായവിപ്ലവത്തിന്റെ
തുടർച്ച തന്നെയാണെന്ന് വേണമെങ്കിൽ വാദിക്കാം. പക്ഷേ ഇലക്ടോണിക്സാങ്കേതിക വിദ്യയുടെ
സർവ്വതല സ്പർശിയായ വ്യാപനവുമായി താരതമ്യം ചെയ്യുമ്പോൾ വ്യവസായ വിപ്ലവതരംഗങ്ങൾ
ദുർബലവും വേഗക്കുറവുള്ളതും ആയിരുന്നു എന്ന് പറയാം. ഇലക്ട്രോണിക് സാങ്കേതിക
വിദ്യയുടെയും അതിന്റെ ഉല്പന്നമായ ഇൻറർനെറ്റിന്റെയും അതിദ്രുതവികാസത്തിനോട് യാഥാസ്ഥിതികമായി മുഖം
തിരിച്ചു നിൽക്കാൻ നമുക്ക് കഴിയില്ല. കാരണം അത് അത്രമേൽ നമ്മുടെ ജീവിതത്തിന്റെ
എല്ലാ അടരുകളിലും സ്വാധീനമുറപ്പിച്ചു കഴിഞ്ഞു. ആധുനിക സാമൂഹിക വ്യവസ്ഥയിൽ
ഇലക്ട്രോണിക് സാങ്കേതിക വിദ്യയിൽ നിന്ന് ഒഴിഞ്ഞു മാറി ജീവിക്കുക എന്നത് ഏറെക്കുറെ
അസാദ്ധ്യം തന്നെ. ഇന്ന് നമ്മൾ കാണുന്ന ലോകമല്ല നാളത്തെ ലോകം.ഹോമോസാപ്പിയൻ തലമുറ
അടുത്ത പത്ത് വർഷത്തിൽ അവസാനിക്കാൻ പോകുന്നു .അടുത്ത അവതാരമാണ് ഹോമോ ഡിയോസ് .വിവര
സാങ്കേതിക വിദ്യയിൽ ബൃഹദ് ഡേറ്റ കൊണ്ട് സർവ്വതും നിശ്ചയിക്കപ്പെടുകയും
നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന വിഭ്രമ ലോകത്തിലെ മനുഷ്യവംശമാണ് ഹോമോ ഡിയോസ്.
നിർമ്മിത ബുദ്ധിയുടെ
വർത്തമാനത്തിൽ മനുഷ്യൻ തന്റെ തന്നെ സൃഷ്ടിക്കു മുന്നിൽ വിസ്മയിച്ചു
നിൽക്കുകയാണ്.അതേസമയം പുതിയ വയ്ക്ക് വേണ്ടിയുള്ള അന്വേഷണങ്ങളുടെ ലഹരിയിലാണവൻ. ഈ
വിസ്മയവും ലഹരിയും ദൈനംദിന ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദൃശ്യമാണ്. ഭാഷയിൽ, പദകോശത്തിൽ, നമ്മുടെ വ്യവഹാര
രൂപങ്ങളിൽ ഒക്കെ ഇന്റർനെറ്റിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും വ്യാപനം എങ്ങനെ
സ്വാധീനം ചെലുത്തുന്നു എന്ന് സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് ശ്രീ.പി. എസ്.
ജയന്റെ തലതെറിച്ച ആശയങ്ങൾ എന്ന പുസ്തകം.
ഇലക്ട്രോണിക് സാങ്കേതിക
വിദ്യ മാനവികതയിൽ ചേർത്ത പരിഷ്കാരങ്ങൾ ഏറെയാണ്. വായനയുടെ സംസ്കാരത്തെയും അത്
പുതുക്കിപ്പണിതു. ഇ--ബുക്കും, ഇ-റീഡറും വന്നു എന്നതല്ല വ്യതിയാനം .അഭിരുചികളുടെ പുതുക്കിപ്പണിയലും
സർഗ്ഗാത്മകതയുടെ പുതുക്കിപ്പണിയലും നടന്നു. 'ഞാൻ കേവലം ഒരു സൗന്ദര്യാസ്വാദകൻ മാത്രം' എന്ന് പറയുന്ന
എഴുത്തുകാരൻ കാലഹരണപ്പെടുകയും തത് സ്ഥാനം ബൗദ്ധികതയുടെ കൂടി കൈത്താങ്ങുള്ള
സർഗാത്മകത കയ്യടക്കുകയും ചെയ്തു. സർഗ്ഗാത്മക രചനകളുടെ പിന്നിൽ പോലും ആഴമുള്ള പഠനങ്ങളും
അന്വേഷണങ്ങളും ഗവേഷണങ്ങളും മുന്നൊരുക്കങ്ങളും വേണം എന്നതാണ് രചനയുടെ വർത്തമാനം.
സ്വച്ഛന്ദ പ്രവാഹമാണ് സാഹിത്യരചന എന്ന് പറഞ്ഞാൽ ഇന്നാരും തൊണ്ട തൊടാതെ വിഴുങ്ങും
എന്ന് വിചാരിക്കരുത്.നിർമ്മിത ബുദ്ധിയുടെ കാലത്തെ അത്തരം നിർമ്മിത രചനകൾ ,സാങ്കേതിക വിദ്യ സർഗ്ഗാത്മകതയെ
എങ്ങനെ പുതിക്കിപ്പണിതു എന്ന് സൂചിപ്പിക്കുന്നു.അതു പോലെയാണ് വായനയുടെ
സംസ്കാരത്തെയും പരിഷ്കരിച്ചത്.പുസ്തകവില്പനയിലും വായനയിലും വൈജ്ഞാനിക കൃതികൾ
സൗന്ദര്യാത്മക കൃതികളെ മറികടക്കുന്നതാണ് വായനയുടെ ഇന്നത്തെ യഥാർത്ഥ്യം. നവസമൂഹത്തിന്റെ
പ്രയോജനാധിഷ്ഠിത കാഴ്ചപ്പാട് ഈ വായനാ സംസ്കാരത്തിൽ പ്രതിഫലിക്കുന്നുണ്ട്. അനുക്ഷണ
വികസ്വരമായ ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ പുത്തൻകാഴ്ചപ്പുറങ്ങളും അത് ഭാഷയിലും
സംസ്കാരത്തിലും സൃഷ്ടിക്കുന്ന വിസ്മയകരമായ മാറ്റങ്ങളും പരിചയപ്പെടുത്തുകയാണ്
പി.എസ്.ജയന്റെ തലതെറിച്ച ആശയങ്ങൾ.
ഇത് തലതിരിഞ്ഞ
ആശയങ്ങളെല്ല.തല തെറിച്ച ആശയങ്ങളാണ്. തല തിരിയലും തലതെറിക്കലും പര്യായമായ
ശകാരവാക്കുകളായി നാം ഉപയോഗിക്കാറുണ്ട്. പക്ഷേ ഇവിടെ തലതെറിക്കൽ നിലവിലുള്ളതിനെ
അലങ്കോലമാക്കിക്കൊണ്ട് പുതിയതിനെ സൃഷ്ടിക്കുന്ന ക്രിയാത്മകതയാണ്. ആശയങ്ങളുടെ
വിസ്ഫോടനമാണ് .മസ്തിഷ്കത്തിൽ വിസ്ഫോടനങ്ങൾ സൃഷ്ടിച്ച, ലോകത്തെ
മാറ്റിപ്പണിത സാങ്കേതിക വിദ്യയുടെയും വിപണന തന്ത്രങ്ങളുടെയും പുതുലോകങ്ങളിലേക്ക്
വിസ്മയത്തോടെ സഞ്ചരിക്കുന്നതിന്റെ വായനാനുഭവമാണ്' തലതെറിച്ച ആശയങ്ങൾ '
വാക്കപ്പൽ
ഈ പുസ്തകത്തിന്റെ സമ്പൂർണ ശീർഷകം A book of disruptive ideas
തലതെറിച്ച ആശയങ്ങൾ ഭാവനയെ വെല്ലുന്ന യാഥാർത്ഥ്യത്തിലേക്കൊരു വാക്കപ്പൽ
എന്നാണ്. അതിന് പുറമെ കവർ പേജിൽ നിറയുന്ന നവ ലോകപദങ്ങളുടെ പട്ടികയും. ഈ കവർ തന്നെ
പുസ്തകത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നുണ്ട്. ആ പദങ്ങൾ മിക്കതും സ്വയം വെളിപ്പെടുന്നവയും നമ്മുടെ വർത്തമാനകാല
ജീവിതത്തോട് ചേർന്ന് നിൽക്കുന്നവയുമാണ്. ലോകത്തെ മാറ്റി മറിക്കുന്ന, തകിടം മറിക്കുന്ന, അലങ്കോലപ്പെടുത്തുന്ന
അത്തരം പദങ്ങളിലൂടെ ഒരു സഞ്ചാരമല്ല ഈ കൃതി.മറിച്ച് ആ പദങ്ങൾ പ്രതിനിധാനം ചെയ്യുന്ന
അവസ്ഥകളിലൂടെ ഒരു സഞ്ചാരമാണ് .അവിടെ ഈ നവലോക പദങ്ങൾ പുതിയസാംസ്കാരത്തിന്റെ
ആടയാളങ്ങളായി ഉയർന്ന് വരികയാണ് ചെയ്യുന്നത്.അങ്ങനെ ഒരു കൃതിക്ക് അനുയോജ്യമാണ്
വാക്കപ്പൽ എന്ന ശീർഷക ഭാഗം. അത് സഞ്ചാരത്തെയും വാക്കിനെയും വായയെയും കപ്പലിനെയും
ഒക്കെ ഒന്നിച്ച് ഉൾകൊള്ളുന്ന ചിഹ്നമായി മാറുന്നു.ഒപ്പം ഈ കൃതിയിൽ പരിചയപ്പെടുന്ന
പുതുപദങ്ങളുടെ അലങ്കോല സ്വഭാവവും (disruptive
nature) ആ ചിഹ്നത്തിനുണ്ട്.
അലങ്കോലത്തിന്റെ വിജയ
പഥങ്ങൾ
പത്ത്
അദ്ധ്യായങ്ങളിലായാണ് ഇന്റർനെറ്റ് സാങ്കേതിക വിദ്യസൃഷ്ടിച്ച നവലോകവും അത് ഭാഷയിലും
മാധ്യമങ്ങളിലും ചെലുത്തിയ സ്വാധീനവും ശ്രീ പി.എസ്.ജയൻ വിശകലനം ചെയ്യുന്നത്.
വ്യവസായ വിപ്ലവാനന്തരം
വളർന്നു പന്തലിച്ച വ്യവസായ ഭീമന്മാർക്ക് നാല് വിജയ മന്ത്രങ്ങൾ ഉണ്ടായിരുന്നു -
വ്യക്തമായ ലക്ഷ്യം , കൃത്യമായ ദീർഘകാല പ്രവർത്തന പദ്ധതി ,അക്ഷീണമായ കഠിനാധ്വാനം, ചിട്ടപ്പെട്ട മാനേജ്മെൻറ് തന്ത്രങ്ങൾ.ഇതിനെയെല്ലാം
തിരസ്കരിച്ചു കൊണ്ടാണ് നവലോക വ്യവസായ ഭീമന്മാരുടെ വളർച്ച .ഇവിടെയാണ് Disruptive ideas (അലങ്കോല ആശയങ്ങൾ
) പ്രസക്തമാവുന്നത്. നിലവിലുള്ള എല്ലാ
ധാരണകളെയും പൊളിച്ചു കളഞ്ഞു കൊണ്ട് ഒരു പുതു ലോക സൃഷ്ടി നടത്തുന്നവരാണ് ഇൻറർനെറ്റ്
കാലത്തെ വ്യവസായ ഭീമന്മാർ.പെട്ടെന്ന് പൊട്ടി മുളച്ച ഒരു ഭ്രാന്തൻ ആശയത്തിനു
പിന്നാലെ സ്വപ്നാടകരെപ്പോലെ സഞ്ചരിച്ച് വിജയത്തിന്റെ നിധികുംഭങ്ങൾ
സ്വന്തമാക്കിയവരെയാണ് ആദ്യ അധ്യായത്തിൽ പരിചയപ്പെടുത്തുന്നത്. അലങ്കോല ആശയങ്ങളുടെ
ഏറ്റവും വലിയ വിജയകഥയാണ് ആപ്പിൾ, ഗൂഗിൾ,
ഫേസ് ബുക്ക്, ആമസോൺ ഇവയുടെത്.ഇവരെ ഒന്നിച്ച് AGFA എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അലങ്കോല
വിപ്ലവത്തിന്റെ ഈ പുത്തൻ വിജയകഥകൾ ലോകത്തെ ഒരു യുണി പോളാർ ലോകത്തിന്റെ
സന്നിഗ്ദ്ധതയിൽ തളച്ചിട്ടിരിക്കുന്നു എന്ന വിപൽ സന്ദേശവും ഇതിലുണ്ട് BAAD (Big, Anticompetitive, Adictive, Distructive)എന്ന അർത്ഥസാന്ദ്രമായ വാക്ക് ഈ യൂണിപോളാർ ലോകത്തെ അടയാളപ്പെടുത്തുന്നു.
നവ മാദ്ധ്യമങ്ങളുടെ
ഭാഷാപോഷണം
നവ മാദ്ധ്യമ ആക്ടിവിസം
എങ്ങനെ ഭാഷയെ പൊളിച്ച് പണിയുന്നു എന്ന് വിശകലനം ചെയ്യുകയാണ് വെബക്കൂഫുകളുടെ അവിയൽ.
ഒന്നാം അദ്ധ്യായത്തിൽ
പറഞ്ഞ അലങ്കോലത്തിന്റെ സൗന്ദര്യമാണ് നവ മാധ്യമ ഭാഷയിലും കാണുന്നത്.അതിന്റെ സൃഷ്ടിപരതയും
താന്തോന്നിത്തവും യാഥാസ്ഥിതിക മനസിനെ വിറളിപിടിപ്പിക്കും. പക്ഷേ ലോകമാകെ ആ ഭാഷയുടെ
ശക്തിയും സൗന്ദര്യവും തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തുന്നു. നിലവിലുള്ള ഭാഷയെ
അലങ്കോലമാക്കിക്കൊണ്ട് ജീവസുറ്റ മറ്റൊരു ഭാഷ സൃഷ്ടിക്കുകയാണ് നവമാധ്യമങ്ങൾ.
ക്ലിക്ടിവിസം, സ്ലാക്ടിവിസം, ഹാക്ടിവിസം തുടങ്ങിയവ നവമാധ്യമങ്ങൾ രൂപം കൊടുത്ത പദങ്ങളാണ്.വെബക്കുഫ് ഫേസ്പാം, ഹെഡ് ഡെസ്ക് W00T, N00B, Twerk തുടങ്ങിയ
പദങ്ങളുടെ വിചിത്രലോകമാണ് നവ മാധ്യമങ്ങൾ സൃഷ്ടിക്കുന്നത്. അവയാകട്ടെ ഭാഷയുടെ
ഗതാനുഗതികത്വത്തെ തകർക്കുന്ന ഊർജ്ജ സ്രോതസുകളുമാണ്.
നവ മാധ്യമങ്ങൾ
സൃഷ്ടിക്കുന്ന കളവിന്റെ ലോകവും ഈ അദ്ധ്യായത്തിൽ വായിക്കാം. അതും പുതു പദങ്ങളുടെ
സൃഷ്ടിക്ക് കാരണമാകുന്നുണ്ട്.
വിൽക്കാനാണ് വളർത്തുന്നത്
ഒരു പൈസയും വാങ്ങാതെ
സേവനം ചെയ്യുന്ന ഗുഗിളും ഫേസ്ബുക്കും വാട്ട്സ്ആപ്പുമെല്ലാം സഹസ്ര കോടികൾ വിലമതിക്കുന്ന, ലാഭമുണ്ടാക്കുന്ന
കമ്പനികൾ ആയി തുടരുന്നതിന്റെ രഹസ്യം, അണമുറിയാതെ വന്നു നിറയുന്ന ഡാറ്റയാണ്. ഇത് വാങ്ങാൻ ലോകമെമ്പാടും
ആളുണ്ട്. രാഷ്ട്രീയം, മാർക്കറ്റിങ്, കല, കായികം, മതം, ഭക്ഷണം എന്ന് വേണ്ട മനുഷ്യൻ
ഇടപെടുന്ന ഏതു മേഖലയെയും നിയന്ത്രിക്കാനും പ്രയോജനപ്പെടുത്താനും സഹായിക്കുന്ന
അമൂല്യ നിധിയാണ് ഡാറ്റാ. കഴിഞ്ഞ നൂറ്റാണ്ടിലെ എണ്ണക്ക് തുല്യമാണ് ഇപ്പോൾ ഡാറ്റ
.അത് ശേഖരിക്കുന്നതിന്റെയും വിറ്റഴിക്കുന്നതിന്റെയും കുതന്ത്രങ്ങൾ മനുഷ്യനെ വെറും
ഡാറ്റയും വില്പനച്ചരക്കുമാക്കി. മനുഷ്യസത്തയെ തള്ളിക്കളഞ്ഞു കൊണ്ട് ഡാറ്റയാക്കി വിറ്റ് കാശാക്കുമ്പോൾ വലയിൽ
കുരുങ്ങിയ ജീവിതം നമ്മൾ ആഘോഷിക്കുന്നു. ഈ ഡാറ്റായിസമാണ് പുതിയ മനുഷ്യനായ ഹോമോ
ഡിയോസിന്റെ മതം.സർവ്വം ഇന്റർനെറ്റ് മയം. മനുഷ്യനും വസ്തുക്കളും ഡാറ്റയും നെറ്റും
ഒന്നായിത്തീരുന്ന ഇന്റർനെറ്റ് ഓഫ് തിങ്സ് പ്രമാണമായ ഡാറ്റായിസം പുതിയ മനുഷ്യന്റെ
മതമാണ്. ഡാറ്റാ ഖനനമാണ് പുതിയ കാലത്തെ ഏറ്റവും ലാഭകരമായ ബിസിനസ് .
കലിപ്പൻ ഫാനര ഫാഷ
സൈബർ പോരാട്ട ഇടങ്ങളുടെ
കസർത്തും കയ്യാങ്കളിയും പുലയാട്ടുമാണ് 'സൈബർ പോരാളികളുടെ മലയാള ഇടങ്ങൾ'. ട്രോളുകളുടെ
ചരിത്രവും സാമൂഹ്യ പ്രാധാന്യവും ചർച്ച ചെയ്യുന്നതിനൊപ്പം സൈബർ ഇടത്തെ ശകാര ഭാഷ
വിശദമായി ചർച്ച ചെയ്യുന്നു. ഫ്രീക്കനും ഫെമിനിച്ചിയും ഫാനരനും OMKV യും ഒക്കെ
അതുണ്ടായ സാമൂഹിക സാഹചര്യങ്ങളിൽ വെളിപ്പെടുന്നു. ഭാഷയുടെ വന്യഭംഗിയെന്നോ പുലയാട്ടുഭംഗിയെന്നോ
ഒക്കെ പറയാവുന്ന ആ പദങ്ങൾ കൂടി ചേരുന്നതാണ് നവമലയാളം എന്ന് അംഗീകരിച്ചേ മതിയാവൂ.കുമ്മനടിയും
കുമ്മനാനയും ഇല്ലാതെ ഇനി എന്ത് മലയാളം !!
ആധുനിക സമ്പദ്
വ്യവസ്ഥയുമായി ബന്ധപ്പെട്ടു പുതു പ്രവണതകളും അതുമായി ബന്ധപ്പെട്ട് പുതു പദങ്ങളും
രൂപം കൊള്ളുന്നുണ്ട്. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വിഭവങ്ങൾ പരമാവധി
ഉപയോഗിക്കുന്നതിന്റെ പുത്തൻ സമീപനമാണ് പങ്കാളിത്ത സമ്പദ് വ്യവസ്ഥ.അതിൽ രൂപപ്പെട്ട
യൂബർ ടാക്സി മാർക്കറ്റിങ്ങിന്റെ ഏറ്റവും വലിയ വിജയമാണ്. യൂബറൈസേഷൻ എന്ന വാക്കിന്ന്
ആധുനിക മാർക്കറ്റിങ്ങിന്റെ വിജയമന്ത്രമാണ്. യൂബറൈസേഷനിലൂടെ വളരുന്ന അനേകം കമ്പനികൾ
ഇന്നുണ്ട്. ഡാവോ, ക്രിപ്റ്റോ കറൻസി, നഡ്ജ് തുടങ്ങി നവസമ്പദ് വ്യവസ്ഥ നൽകിയ പദക്കറൻസികൾ വേറെയും പ്രചാരത്തിലുണ്ട്.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ
വൈവിധ്യവും സങ്കീർണതയും അവയുമായി ബന്ധപ്പെട്ട പുതുപദങ്ങളും അദ്ധ്യായം ഏഴിൽ ചർച്ച
ചെയ്യുന്നു.റോബോട്ടിക്സും ലൈംഗികതയും കൈകോർക്കുന്ന പുതിയ കാലത്ത് യന്ത്രവുമൊത്ത്
മനസമാധാനത്തോടെ കിടപ്പറ പങ്കിടാൻ കഴിയും. അപ്പോൾ ആ യന്ത്രമനുഷ്യരെ അഞ്ചാം
ലിംഗക്കാരാക്കാം .വീണ്ടും ഭാഷയിൽ പുതിയ പേരുകൾ, പദങ്ങൾ. സാമൂഹിക ശാസ്ത്രവും സാങ്കേതിക വിദ്യയും ഭാഷയിൽ
ചെലുത്തുന്ന സ്വധീനങ്ങൾ ഈ പുസ്തകത്തിന്റെ പ്രധാന ആശയമായി പ്രതിഷ്ഠിക്കപ്പെടുന്നതു
കൊണ്ട് ഓരോ മാറ്റവും ഒരു വാക്കിന്റെ സൃഷ്ടിയിൽ എത്തുന്നത് നമ്മൾ ശ്രദ്ധിക്കും.
വൈറ്റ് ഹൗസിന്റ
വിടുവായത്തങ്ങൾ സൃഷ്ടിക്കുന്ന പുതു സംസ്കാരവും അത് ജന്മം കൊടുത്ത വാക്കുകളും
ആക്ഷേപഹാസ്യത്തിന്റെ കടുരസത്തിലാണ് അവതരിപ്പിക്കുന്നത്. ട്രംപിന്റെ അമരകോശത്തിൽ
നിന്നുള്ള കോമാളിപ്പദങ്ങൾ അമേരിക്കൻ ജി.ഡി.പി ക്കൊപ്പം വളരും എന്നാണ്
എഴുത്തുകാരന്റെ പരിഹാസം .
യൂത്ത് ക്വേക്ക്
ലോകത്തെ മാറ്റിമറിച്ച
യുവജനമുന്നേറ്റങ്ങളുടെ ചരിത്രവും സത്യാനന്തര കാലം എന്ന വാക്കിന്റെ അർത്ഥവും
തിരഞ്ഞുകൊണ്ട് വാക്കപ്പൽ രാഷ്ട്രീയ നിലപാടുകളും ഉറപ്പിക്കുന്നുണ്ട്. പി. എസ്. ജയന്
വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ട്. അവസരം കിട്ടിയപ്പോഴെല്ലാം അത് വ്യക്തമായി
ഉറക്കെപ്പറയാൻ അദ്ദേഹം തയാറാകുന്നുമുണ്ട്. ആക്ഷേപഹാസ്യത്തിന്റെ പൊള്ളൽ
സമ്മാനിക്കുന്ന അത്തരം പരാമർശങ്ങൾ ഈ കൃതിക്ക് ചില രാഷ്ട്രീയ മാനങ്ങൾ നൽകുന്നു.
സത്യാനന്തര സമസ്യകളിൽ ഇന്ത്യൻ സത്യാനന്തര രാഷ്ട്രീയം തന്നെയാണ്
പരിഹസിക്കപ്പെടുന്നത്.
ജീവിതവും മരണവും
വർക്ക് സ്പൗസ്, ഓഫീസ് ഡാഡി, കരിയർ മിറർ
എന്നിങ്ങനെ പുതിയ ജീവിതത്തിന്റെ കൂട്ടാളികൾ പുതിയ പദങ്ങളായി പിറക്കുന്നു. പിറന്ന
മനുഷ്യന് അന്തസായി മരിക്കാനുള്ള അവകാശത്തിന്റെ അടയാളമായി ലിവിങ് വിൽ എന്ന പദം ജനിക്കുന്നു.
ദയാവധത്തിന്റെ നൈതികതയെക്കുറിച്ചുള്ള വിചാരം കൂടി ഉൾപ്പെടുത്തിയത് ഈ രചനയുടെ ഗരിമ
കൂട്ടുന്നുണ്ട് .
ജനന മരണങ്ങൾക്കിടയിൽ
മനുഷ്യൻ പെരുമാറുന്ന ഓരോ ഇടവും വാക്കിന്റെ പുതു പൊടിപ്പുകൾ സൃഷ്ടിക്കും. മനുഷ്യനും
സമൂഹവും സാങ്കേതിക വിദ്യയും ജീവിതവും ചേർന്നു പോകുമ്പോൾ പിറവിയെടുക്കുന്ന
വാക്കുകളുടെ പുതുപൊടിപ്പുകൾ ശേഖരിച്ചു കൊണ്ടാണ് പി.എസ് ജയന്റെ വാക്കപ്പൽ
സഞ്ചരിക്കുന്നത്. ആ വാക്കുകൾക്ക് ഒന്നിനും പതിത്വമില്ല. ഭാഷയുടെ പുതിയ
ഊർജജമാപിനികളാണവ.
സറ്റയറിന്റെയും
നർമ്മത്തിന്റെയും നിറക്കൂട്ടുകൾ ഈ പുസ്തകത്തെ ഹൃദ്യാനുഭവമാക്കും.(ഫ്രീക്കൻ എന്ന
പദം പരിചയപ്പെടുത്തുമ്പോൾ ആരാണ് ഫ്രീക്കൻ എന്ന് ശ്രീ ജയൻ നിർവ്വചിക്കുന്നുണ്ട്.
ഇതിലും ഭംഗിയായി ഫ്രീക്കനെ അടയാളപ്പെടുത്താനാവില്ല. എന്നു മാത്രമല്ല അത്
നിർദ്ദോഷമായ ചിരിക്ക് വഴിയൊരുക്കുകയും ചെയ്യും. ട്രംപും, നരേന്ദ്ര
മോഡിയുമൊക്കെ ചിരിക്ക് വകയൊരുക്കുന്നുണ്ട്.
വാക്കപ്പൽ വാക്കുകളെ തേടി
സഞ്ചരിക്കാതെ സംഭവങ്ങളും ചരിത്രവും അനുഭവവും തേടി സഞ്ചരിക്കുന്നു. അവിടെ
പുതുവാക്കുകൾ സ്വാഭാവികമായി ഉയർന്നു വരികയാണ്. ഒരേസമയം സാമൂഹിക പഠനവും ഭാഷാപഠനവും
ആണ് ഈ കൃതി. പക്ഷേ ഒരു സർഗ്ഗാത്മക രചന വായിക്കുന്നതിനേക്കാൾ ലഹരിയോടെ വായിച്ചു
പോകാൻ കഴിയും. ഒരു പക്ഷേ ഡാറ്റാ ഖനനത്തിന്റെ നവയുഗത്തിൽ ഈ കൃതി നൽകുന്ന ഡാറ്റ
ശേഖരം എന്നെ പ്രലോഭിപ്പിച്ചതാവാം. പി.കെ രാജശേഖരന്റെ പ്രൗഢമായ അവതാരികയും
എഴുത്തുകാരന്റെ തന്നെ ആമുഖവും വാക്കപ്പൽയാത്രയെ കടൽച്ചൊരുക്കുകളിൽ നിന്ന് അകറ്റി
നിർത്തും.സാങ്കേതിക വിദ്യയും സമൂഹവും ഭാഷയും ഒത്തുള്ള വാക്കപ്പൽയാത്രയുടെ ഈ
അനുഭവക്കുറിപ്പുകൾ ഇവിടെ അവസാനിക്കുന്നു.
💦💦💦💦💦💦💦💦💦
ഉദയകുമാർ എസ്
അരക്കിറുക്കൻമാരാണ് ലോകത്തെ
മാറ്റിമറിച്ചത് എന്ന് ഞാൻ ക്ലാസ്സിൽ പറയാറുണ്ട്.പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്ന
സാഹിത്യകാരന്മാർ, സയൻറിസ്റ്റുകൾ അവരെ ഉദാഹരണമായി ചൂണ്ടിക്കാട്ടാറുണ്ട്.മര്യാദക്കുട്ടന്മാരും
കുട്ടിച്ചികളുമല്ല, നമുക്ക് വേണ്ടത്.
അലങ്കോലക്കാരെയാണ്
വേണ്ടത്.ഈ പുസ്തകം ആ ആശയമാണ് അടിവരയിടുന്നത്.നീ അരവട്ടനാണ് എന്നു പറയുന്നവരോട് ,യെസ് അയാം അരവട്ടൻ എന്ന് പറയണമെന്ന്
തമാശയായി പറയാറുണ്ട്.ലോകത്തെ മാറ്റിപ്പണിത ആശയങ്ങളിലൂടെയുള്ള സഞ്ചാരം രസകരമാണ്. ലാപ്പ്ടോപ്പും
മൊബൈലും ഒന്നാക്കി IPad അവതരിപ്പിച്ച് ലോകത്തെ ഞെട്ടിച്ചു ആപ്പിൾ
മൂന്നു ചുവരും വാതിലും
എടുത്തു കളഞ്ഞ്, പുതിയ കട ( മാർക്കറ്റ് ) അവതരിപ്പിച്ചു ആമസോൺ അങ്ങനെ... അങ്ങനെ....അക്കാഡമിക്
മികവിനെക്കാൾ, മറ്റ് മേഖലകളിലെ ( കളി, കല, സംഗീതം) പാഷൻ നോക്കി ഉദ്യോഗാർഥികളെ സെലക്ടുചെയ്യുന്നു, ഗൂഗിൾ എന്ന്
കേൾക്കുന്നു. കോളേജ് പഠനം , ആദ്യ ദിവസം തന്നെ അവസാനിപ്പിച്ച OYO റൂം സ്ഥാപകൻ.
വി വിനോദ് കുമാർ
വാക്കും അർത്ഥവും വാക്കും
ആശയവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്തുകൊണ്ട് ഈ പുസ്തകത്തെ സമീപിക്കാവുന്നതാണ്.
അവതാരികയിൽ ഡോക്ടർ പി കെ രാജശേഖരൻ ചെയ്തിരിക്കുന്നതും അത്തരം ഒരു സമീപനമാണ്.
ലോകപ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ ഫെർഡിനാൻഡ് ഡി സൊസ്യൂർ അർത്ഥ സൂചകമായ ചിഹ്നങ്ങളുടെ വ്യവസ്ഥയാണ് ഭാഷ എന്ന്
പറഞ്ഞിട്ടുണ്ട്. ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന വാക്കുകളും ആശയങ്ങളും പുതിയകാലത്തെ മാധ്യമങ്ങളിൽ കൂടി കടന്നു
വന്നിട്ടുള്ളതാണ്. പദങ്ങളും ആശയങ്ങളും സാങ്കേതികവിദ്യയും മന്ദഗതിയിൽ
പ്രചരിച്ചിരുന്ന ഒരു കാലത്ത് നിന്ന് ഇന്ന്
അതിനുണ്ടായ ഗതിവേഗത്തിനുള്ള പ്രധാന കാരണം
വിവര വിനിമയ രംഗത്തുണ്ടായ കുതിച്ചു ചാട്ടം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരം
പദങ്ങളും ആശയങ്ങളും യുവതലമുറയുടെ
വിനിമയങ്ങളിൽ കൂടുതൽ കടന്നു വരാൻ കാരണം.പുതിയ വാക്കുകളുടെ പ്രചരണം കൂടുതൽ
നടക്കുന്നത് അച്ചടി മാധ്യമങ്ങളെക്കാൾ നവ മാധ്യമങ്ങളിലാണ് എന്ന വസ്തുതയും ഈ പുസ്തകം
മുന്നോട്ട് വയ്ക്കുന്നു.
ലീന K S
ഭാഷയുടെ പുതിയ
ഊർജ്ജമാപിനികൾ. പുതിയ ഭാഷാ സിദ്ധാന്തങ്ങളും നവ ലോക നിർമ്മിതിയും സൃഷ്ടിക്കാൻ തല
തെറിച്ച ആശയങ്ങളിലൂടെ ശ്രീ ജയന് കഴിയുന്നുണ്ട്. പുതിയസംവേദന ശീലത്തിന്റെ ഉറപ്പ് അടയാളപ്പെടുത്താൻ
കഴിയുന്നുണ്ട്. ഒപ്പം വായനാ യുടെ വാക്കപ്പലുകളിൽ, നവ മാധ്യമങ്ങളിൽ ഭാഷ
സൃഷ്ടിക്കപ്പെടുകയോ മാറ്റിമറിക്കപ്പെടുകയോ
പുനര്നിര്മ്മിക്കുകയോ അല്ലെങ്കിൽ പുതിയതാവുകയോ ചെയ്യുന്നുണ്ട് എന്ന് വ്യക്തമാക്കാനും കഴിയുന്ന വായനാ
അനുഭവംപങ്കിടാൻ അജയൻ സർന് കഴിഞ്ഞു.
മനീഷ പി വി
ഇന്റർനെറ്റ്കാലത്തെ പുതിയ
പദങ്ങളും ആശയങ്ങളും ഭാഷയെയും സമൂഹത്തെയും സ്വാധീനിക്കുന്നതെങ്ങനെയെന്ന് വിശകലനം ചെയ്യുകയാണ്
ശ്രീ.പി.എസ്.ജയൻ. ( ആരുടെയോ നാവിൻതുമ്പിലും വിരൽത്തുമ്പിലും സരസ്വതിയും വികട
സരസ്വതിയും വിളയാടിയപ്പോൾ പുതിയ പദങ്ങളും ശൈലികളും മുൻകാലങ്ങളിലും - ഇന്റർനെറ്റ്
പൂർവകാലത്തും ഉണ്ടായിട്ടുണ്ട്. എമണ്ടൻ (എംഡൻ എന്ന, ജർമ്മൻ മുങ്ങിക്കപ്പലിന്റെ പേരിൽ നിന്ന്), ചെത്ത്, കത്തിച്ചു, കലക്കി, കിടിലൻ, ഇടിവെട്ട്
തുടങ്ങി ധാരാളം പദങ്ങൾ.കൂടാതെ ഓരോ കാലഘട്ടത്തിലും ഉണ്ടായിട്ടുള്ള കാമ്പസ് കോഡുകൾ
വേറെ)
ഗൂഗിളിന്റെ അലങ്കോല
വിപ്ലവവും മുരുഗാനന്ദന്റെ അലങ്കോല യന്ത്രവും ആഗ്ഫയുടെ അധിനിവേശ ചരിത്രവും
ആക്ഷാംക്ഷയോടെ വായിക്കാം. വെബക്കൂഫുകളുടെ ഇടപെടലിലൂടെ ഉണ്ടായ OMG, LOL, IMO, NSFL തുടങ്ങിയ ഷോർട്ട് ഫോമുകളും ഫെയ്സ് പാമും ഹെഡ് ഡെസ്ക്കും തുടങ്ങി ധാരാളം
പദങ്ങളുടെ ഉല്പത്തിയുംപ്രയോഗവും രസകരമായി
വിശകലനം ചെയ്യുന്നുണ്ട്. വാട്സ്ആപ്പിലെ ദൈവങ്ങളെ പേരെടുത്തു പരിഹസിക്കാനും ലേഖകൻ
മറന്നില്ല.സത്യമെന്തെന്നറിയാൻ ശ്രമിക്കാതെ, അക്ഷരത്തെറ്റുകളും വികല പ്രയോഗങ്ങളും നിറഞ്ഞ ഭാഷയിലൂടെ
പടച്ചു വിടുന്ന ട്രോളുകളിൽ പ്രതിപക്ഷ ബഹുമാനമില്ലായ്മ, അന്തസ്സില്ലായ്മ, പച്ചത്തെറി, പുലയാട്ട്
എന്നിവയാണെന്ന് നിരീക്ഷിക്കുന്നുണ്ട്. കോൺട്രാ, കമോൺഡ്രാ തുടങ്ങി സിനിമകളിലൂടെ പ്രചാരത്തിലായ
പദങ്ങളെക്കുറിച്ചും * ലെ ഞാൻ, ടിന്റുമോൻ, സുഡാപ്പി, സംഘി, കോംഗി, കമ്മി തുടങ്ങിയ പദങ്ങളെല്ലാം ഉപയോഗിക്കപ്പെടുന്ന രീതി പ്രതിപാദിക്കുന്നുണ്ട്.സമകാലിക
രാഷട്രീയത്തിൽ പോസ്റ്റ് ട്രൂത്തിംഗ് എപ്രകാരം ഉപയോഗിക്കുന്നു എന്നത് ഉദാഹരണ സഹിതം
അവതരിപ്പിക്കുന്നു.കേവലം പദങ്ങളെ മാത്രം വിശകലനം ചെയ്യുകയല്ല, അവയുടെ
സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളും വിശദമാക്കുകയാണ് ലേഖകൻ.വിജ്ഞാനപ്രദമായ ഒരു
പുസ്തകം.പുസ്തകം പോലെ ഹൃദ്യമായി അജയൻ സാറിന്റെ അവതരണവും.
അഷറഫ് എം
അജയകുമാർ സർ, പുസ്തകാവതരണം
നന്നായി. തലേവര തെറിപ്പിച്ച ആശയങ്ങൾ എന്ന ശീർഷകമാണിതിനു അനുയോജ്യം. ജയൻ ഈ
പുസ്തകത്തിന്റെ പണിപ്പുരയിലായിരിക്കേ, കേരളത്തിലെ ചരിത്രപ്രസിദ്ധമായൊരു ദേവാലയത്തിൽ സ്ത്രീകൾ കയറണോ
എന്ന തർക്കം മൂർദ്ധന്യാവസ്ഥ പ്രാപിച്ചിരുന്നു. ഈ പുസ്തകത്തിലെ പത്താമധ്യായത്തിൽ ജീവിതം പകുത്തവൾ, തൊഴിലിടം
പകുത്തവൾ എന്നൊരുപ ശീർഷകമുണ്ട്. ഇതെഴുതന്നയാൾ
പുരുഷനാകയാലാണ് അവൾ പ്രയോഗം നടത്തിയത്. സ്ത്രീപക്ഷത്തു നിന്നു നോക്കിയാൽ പകുത്തവൻ
എന്നു വായിക്കാവുന്നതേയുള്ളൂ. പുസ്തകം വാങ്ങി സ്റ്റാഫ് റൂമിലിരുന്നു വായിക്കവേ, വനിതാസഹപ്രവർത്തകരിൽ
ചിലരോട് ( പലരും ശാസ്ത്രം പഠിപ്പിക്കുന്നവർ) പുസ്തകത്തിലെ പ്രതിപാദ്യത്തെപ്പറ്റി
സൂചിപ്പിച്ചു.ലിംഗവിവേചനം അന്തരാ അഭിലഷിക്കുന്ന അവരിൽ പലരും തലതെറിച്ച ആശയങ്ങളോട്
മമത കാട്ടിയില്ല. എന്നാൽ വിദ്യാർത്ഥികൾക്ക് ആവേശമായിരുന്നു. അറുബോറൻ ക്ലാസ്സുകൾ
മാറ്റി വച്ച് രണ്ടു പീരിയേഡെങ്കിലും ഈ പുസ്തകം പരിചയപ്പെടുത്താൻ
പ്രയോജനപ്പെടുത്തിയാൽ നന്നായിരുന്നു. ഒരു വാൽക്കഷ്ണം കൂടി..... 236 അംഗങ്ങളുള്ള ഈ
കൂട്ടായ്മയിൽ എത്ര പേർ ഈ പുസ്തകം വായിച്ചു?
ശിവകുമാർ ആർ പി
പുതിയ വാക്കുകൾക്കൊപ്പം
സമൂഹത്തിൽ ഉണ്ടായി വരുന്ന പുതിയ ബന്ധങ്ങളെപ്പറ്റിയും നല്ല ധാരണ ഈ പുസ്തകം
തരുന്നുണ്ട്. ചില ബന്ധങ്ങളെ നിർവചിക്കാൻ പഴയ രീതികൾ പോരാതെ വരും. സമൂഹം
സങ്കീർണ്ണമായാണ് മുന്നോട്ട് പോകുന്നത്. പല ബന്ധങ്ങളും ഇത് മറ്റേതു തന്നെയാണെന്ന
(മറ്റേത് തെറ്റാണെന്ന് എനിക്ക് അഭിപ്രായമില്ല, എന്നാലും മറ്റേതല്ലാത്തതിനെ മറ്റേതായി കണക്കാക്കുന്നതിന്റെ
അസ്കിത ഉണ്ടാവാറുണ്ട് താനും.) തീരുമാനത്തിലെത്തി നശിച്ചു പോവുകയാണ് ചെയ്യുന്നത്.
പലപ്പോഴും നമുക്കു തന്നെയും ഇതെന്തുതരം ബന്ധമാണെന്ന് തിരിച്ചറിയാൻ വയ്യാതെ
പോകുന്നിടത്താണ് പുതിയ ബന്ധങ്ങളെപ്പറ്റിയുള്ള വിശദീകരണങ്ങൾ പ്രധാനമാകുന്നത്..
എന്തായിരുന്നു ആപ്പിൾ
കമ്പനി ചെയർമാൻ സ്റ്റീവ് ജോബ്സും ആപ്പിളിന്റെ മാർക്കെറ്റിങ് ഡയറക്ടർ ജൊവന്ന
ഹോഫ്മാനും തമ്മിലുള്ള ബന്ധം? അല്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ബുഷും സ്റ്റേറ്റ്
സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസും തമ്മിലുള്ള ബന്ധം? തൊഴിലിനു
പ്രാമുഖ്യമുള്ള ഇടങ്ങളിൽ ഒരു പക്ഷേ ഭാര്യയുമായി ചെലവിടുന്നതിനേക്കാൽ കൂടുതൽ സമയം
സഹപ്രവർത്തകരുമായി ചെലവിടേണ്ടി വരുന്ന ഒരാൾക്ക് കുടുംബബന്ധങ്ങളെക്കാൾ ആഴവും
വൈകാരിക അടുപ്പവുമുള്ള ബന്ധങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നമ്മളിതിനെ
‘അവിഹിതം’ എന്നൊക്കെ വിളിച്ച് ഇക്കിളിപ്പെടുകയാണ് ചെയ്യുന്നത്. 1930 -ൽ ഫെയിത്ത്
ബാൾഡ്വിൻ എഴുതിയ ‘ദ ഓഫീസ് വൈഫ്’ എന്ന പുസ്തകത്തിൽ ഇങ്ങനെയൊരു ബന്ധത്തിന്റെ
വിശദാംശങ്ങൾ ഉണ്ടായിരുന്നു. സ്ത്രീപക്ഷചിന്തകൾക്ക് പ്രാധാന്യം കിട്ടിയപ്പോൾ ഈ ആശയം
സ്ത്രീ വിരുദ്ധമായി. 80 കളുടെ അവസാനത്തിൽ തൊഴിലിടത്തിലെ ഭർത്താവ് ( വർക്ക് ഹസ്ബൻഡ്) എന്ന പുതിയ ആശയം
രൂപപ്പെട്ടത്രേ. അതിന്റെ ചുരുക്കെഴുത്താണ് 'വുസ്ബൻഡ്'(Wusband) ടി വി ഷോകളിലെ അവതാരക ജോടികൾ ‘ടി വി സ്പൗസു’കളായി മാറി.
അവിടെനിന്നായിരിക്കും ഒരുപക്ഷേ തൊഴിലിടദമ്പതികൾ എന്ന ‘വർക്ക് സ്പൗസിന്റെ’
ഉത്പത്തി. അത്തരമൊരു കൂട്ടുകെട്ടിന്റെ സ്വഭാവം വിശദീകരിച്ചുകൊണ്ട് പുസ്തകം തന്നെ 2015 -ൽ പുറത്തിറങ്ങി.
പരസ്പര ബഹുമാനവും കൂറും സത്യസന്ധതയും ഉയർന്നതരത്തിലുള്ള തുറന്നു പറച്ചിലുകളും
വിശ്വാസവുമൊക്കെയുള്ള ആൺ-പെൺ സൗഹൃദമാണ് തൊഴിലിടദാമ്പത്യം. ഇവർ പങ്കാളിയുടെ
സർഗാത്മകവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് ഗുണം ചെയ്യും. മികച്ചൊരു
തൊഴിലന്തരീക്ഷം ഉണ്ടാക്കാനും തൊഴിലിടത്തോടുള്ള മടുപ്പ് ഇല്ലാതാക്കാനും നിങ്ങളുടെ
പങ്കാളിക്ക് കഴിയും. അവർ തമ്മിൽ ലൈംഗികബന്ധം ഉണ്ടായിക്കൊള്ളണമെന്നില്ല. സ്റ്റീവ്
ജോബ്സിനെപ്പറ്റിയുള്ള സിനിമയിൽ ( ഡാനി ബോയൽ - 2015) ജോനാഥനും സ്റ്റീവും തമ്മിൽ കിടക്കപങ്കിടാത്തതിനെക്കുറിച്ച്
ഒരു സംഭാഷണമുണ്ട്. ജോവന്ന, ( ജൊനാഥൻ എന്നാണ് പുസ്തകത്തിൽ) സ്റ്റീവിനെ
പ്രേമിച്ചിരുന്നില്ല. അതാണ് കാരണം. ബുഷ് അതിസങ്കീർണ്ണമായ രാഷ്ട്രീയ
പ്രശ്നങ്ങളിലൂടെ കടന്നുപോയപ്പോൾ കോണ്ടലീസയായിരുന്നു ബുഷിന്റെ താങ്ങ്.
മലയാള കഥകളിൽ ‘ഓഫീസ്
ഡാഡി’ എന്ന രക്ഷാകർത്തൃരൂപം ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. എൻ എസ്
മാധവന്റെ തിരുത്തിലെ ‘ആമ‘യാണ് പെട്ടെന്ന് ഓർമ്മ വരുന്ന വ്യക്തി. ലാജോയുടെ
കോഫീഹൗസിലും ഇത്തരമൊരു കഥാപാത്രത്തെ കണ്ടിരുന്നു. അതീവ പരിചയ സമ്പന്നനായ മുതിർന്ന
ആൾ, പലപ്പോഴും
വയോധികൻ, , നിയമസഹായിയായും പത്രപ്രവർത്തന മാർഗദർശിയായും ഇടയ്ക്കിടയ്ക്ക് സിനിമകളിലും
വരാറുണ്ട്, ദുർബലരായ വഴിമുട്ടിയ കഥാപാത്രങ്ങളെ സഹായിക്കാൻ.അതിൽ സ്ത്രീകളാവുമ്പോൾ
സഹായത്തിനു മാധുര്യം കൂടും. ഈ ഓഫീസ് ഡാഡിയിൽ നിന്ന് വ്യത്യസ്തമാണ് വർക്ക് സ്പൗസ്.
പുതിയകാലത്തിന്റെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ആൺ - പെൺ ബന്ധങ്ങൾക്കുള്ള സവിശേഷമായ
കഴിവുകൾ അവയുടെ പ്രവർത്തന വഴികളെ പലതായി പിരിച്ചിട്ടുണ്ട്. ഡിജിറ്റൽ കാലം അവയ്ക്കു
പേരുകൽ നൽകി തുടങ്ങുകമാത്രമല്ല, ബന്ധങ്ങളെ പേരുകൾ നൽകുന്ന ആശയങ്ങളുടെ വെളിച്ചത്തിൽ അപഗ്രഥിക്കാനും
സഹായിക്കുന്നു. ‘കരിയർ മിററാണ്‘ അക്കൂട്ടത്തിൽ മറ്റൊന്ന്. അയാൾ തൊഴിൽ പ്രകടനം
മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഉയർന്ന ശേഷിയുള്ള ആളാണ്.
മണിശങ്കർ P K
പി എസ് ജയന്റെ പുസ്തകം
അജയകുമാർ സാർ വിശദമായും വ്യക്തമായും അവതരിപ്പിച്ചു; അഭിനന്ദനങ്ങൾ.ലോകത്തെ മാറ്റിക്കൊണ്ടിരിക്കുന്ന സമകാലിക
ആശയങ്ങളിലൂടെ, വസ്തുതകളിലൂടെ നടത്തുന്ന ഒരു ഓട്ടപ്രദക്ഷിണമാണ് ഈ പുസ്തകം. അത് നമ്മുടെ
ചിന്താമണ്ഡലത്തിൽ ഒരുപാടു വാതിലുകൾ തുറക്കുന്നുണ്ട്.
രചയിതാവിന്റെ, ഇടതുപക്ഷാശയാഭിമുഖ്യവും
ജനാധിപത്യ സംരക്ഷണ വ്യഗ്രതയും പുലർത്തുന്ന മനസ് സാന്ദർഭികമായി പങ്കു വയ്ക്കുന്ന
ആശങ്കകൾ ആഴത്തിലുള്ള പഠനങ്ങൾക്കും ബദലുകളുടെ രൂപീകരണത്തിനും
വിധേയമാക്കേണ്ടവയാണെന്ന് തോന്നുന്നു.ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പിൻബലത്തിലുള്ള
ഡാറ്റാ ശേഖരണത്തിലൂടെ രൂപപ്പെട്ടു വരുന്ന പുത്തൻ കുത്തകകൾ പുതിയൊരു അടിമ-ഉടമ
സംസ്കാരത്തിലേക്ക് ലോകത്തെ എത്തിച്ചേക്കാം.ഇന്ത്യയിലെ റിലയൻസ്: മൊബൈലിലും സിം
കാർഡിലുമല്ല റിലയൻസിന്റെ ശ്രദ്ധ;നഷ്ടം സഹിച്ചും ഉണ്ടാക്കുന്ന വൻവിവരശേഖരത്തിലാണ്.സൗജന്യ
പദ്ധതികളിലൂടെ ഒരു വർഷം കൊണ്ട് പത്തുകോടി കണക്ഷനാണ് ജിയോ നേടിയത്! അതായത്
പത്തുകോട് ആധാർ കാർഡ് വിവരങ്ങൾ, പത്തുകോടി ജീവിതങ്ങൾ...
ഡാറ്റാ ഖനനത്തിൽ ആരെയും
സംഭ്രമിപ്പിക്കുന്ന വിധം ഇടപെടൽ നടത്തുന്ന ഫെയ്സ് ബുക്ക്. 200 കോടി
അംഗങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ റിപ്പബ്ലിക്ക് എന്ന വിളിപ്പേരിലേക്ക്
ഉയർന്നിരിക്കുന്നു. അതിൽ അംഗമായാൽ ഏതു നിലയ്ക്കുള്ള ഇൻറർനെറ്റ് ഉപയോഗവും FB യുടെ
നിരീക്ഷണത്തിൽ ആയിരിക്കുമെന്ന സ്ഥിതിയാണ്. വെല്ലുവിളിയാകാൻ സാധ്യതയുള്ള ആപ്പുകളെ
അതു സ്വന്തമാക്കുകയും ചെയ്യുന്നു.ഇങ്ങനെ നമുക്കു സൗജന്യമായോ സൗജന്യ നിരക്കിലോ
ലഭ്യമാകുമ്പോൾ തന്നെ നാമോരോരുത്തരും വിൽപ്പനയ്ക്കുള്ള ഡാറ്റയാവുകയും
ചെയ്യുന്നു.നിലവിലുള്ളവയെ അട്ടിമറിച്ച്കടന്നു വരുന്നവയുടെ പുരോഗമന സ്വഭാവം
വിലയിരുത്തേണ്ടതെങ്ങനെയാണ്? കാര്യങ്ങൾ കൂടുതൽ എളുപ്പവും ചടുലവും ആയാൽ മാത്രം മതിയോ, നൈതികത പോലുള്ള
വിഷയങ്ങൾ കണക്കിലെടുക്കേണ്ടതല്ലേ? അമേരിക്കയിൽ തന്നെ ഗൂഗിൾ, ആമസോൺ ഗുണഭോക്താക്കൾ ഒരു ദശകത്തോളം നികുതി വലയ്ക്കു
പുറത്തായിരുന്നു എന്നു പറയുന്നു . രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ തന്നെ തകിടം മറയാൻ ഇത്തരം
ചിലതു മതിയാകുമല്ലോ!കോടികൾ കൈപ്പറ്റി , തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിച്ച് യഥാർത്ഥ ജനഹിതത്തെ
അട്ടിമറിക്കുന്ന പ്രവണതയും കൂടി വരുന്നു. പോസ്റ്റ് ട്രൂത്തിങ്ങിലൂടെ യഥാർത്ഥ
ചർച്ചാ വിഷയങ്ങൾ മറയ്ക്കപ്പെടുന്നതിനും വിഷലിപ്തമായ കുപ്രചരണങ്ങൾ നടത്തുന്നതിനും
അവസരമൊരുക്കുന്നു.ഇത്തരം പ്രശ്നങ്ങൾ മുതൽ സമ്പൂർണ ലൈംഗികത പ്രദാനം ചെയ്യുന്ന
റോബോട്ടുകളുടെ വരവു വരെ പുസ്തകം ചർച്ച ചെയ്യുന്നു. കൊടും പുരോഗതിയുടെ മറുവശം
എന്താണ്? എന്ന് പി.എസ് ജയൻ ലഘുവായുയർത്തുന്ന ചോദ്യം ഏറെ ഉച്ചത്തിൽ മുഴക്കേണ്ടതുണ്ട്
എന്നു തോന്നുന്നു.
No comments:
Post a Comment