+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Tuesday, August 9, 2022

നാട്ടുമൊഴിച്ചന്തം ( മലയാളി മറന്ന വാക്കുകളുടെ വീണ്ടെടുപ്പ് ) : പടലം : 2

 ഭാഷയുടെ ശക്തിയും സാധ്യതയും കൃത്യമായി അറിയണമെങ്കിൽ അതിന്റെ പ്രാദേശിക ഭേദങ്ങൾ മനസിലാക്കണം. അതത് ദേശക്കാർ നീട്ടലും കുറുക്കലും മൂളലും  മുഖപേശികൊണ്ടുള്ള ഗോഷ്ടിയും ഒക്കെയായി ഓരോ പ്രത്യേക ഈണത്തിലും താളത്തിലും തന്റെ നാട്ടു ഭാഷയിൽ വിനിമയം നടത്തുമ്പോൾ, വിവർത്തകനാവട്ടെ ഭാഷാശാസ്ത്രജ്ഞനാവട്ടെ വിസ്മയത്തോടെ അത് കണ്ടു നിന്നുപോകും. എത്ര വലിയ വ്യാഖ്യാനങ്ങൾക്കും പൂർണ്ണമായി വഴങ്ങാതെ, വെല്ലുവിളിയോടെ അത് വിവർത്തകരെ കുഴക്കും.

വാസ്തവത്തിൽ ലോകത്തിലെ മികച്ച കലാ സാഹിത്യ സൃഷ്ടികളൊക്കെ വിജയം കണ്ടെത്തുന്നത് പ്രാദേശിക ഭേദങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. ഷേക്സ്പിയർ കൃതികൾ തന്നെ ഒന്നാന്തരം ഉദാഹരണമാണ്. മലയാള സാഹിത്തിൽ ബഷീറും എം.ടിയും സാറാ ജോസഫും എന്നു തുടങ്ങി ഒട്ടുമുക്കാൽ എഴുത്തുകാരും, സിനിമയിൽ ഇന്നസെന്റും സുരാജും ഹരീഷ് കണാരനും എന്നുവേണ്ട എത്രയോ അഭിനേതാക്കളും പ്രാദേശിക ഭാഷയെ ശക്തിയാക്കി മാറ്റിയവരാണ്. അത്തരം ഇതിവൃത്തമുള്ള സിനിമകളും പാട്ടുകളും ധാരാളമുണ്ട് എന്നതും ശ്രദ്ധിക്കാം.

സാഹിത്യത്തിലും സിനിമയിലും ഒക്കെയായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന പ്രാദേശിക ഭേദങ്ങളുടെ പതിന്മടങ്ങ് യഥാർത്ഥത്തിൽ അതത് നാട്ടിൽ വ്യവഹരിക്കപ്പെടുന്നുണ്ട്. അത്തരം നൂറ് നൂറ് പദങ്ങളുടെ നിലനിൽപ് വാമൊഴിയായിട്ടാണ് എന്നത് അവയുടെ മൂർത്ത സൗന്ദര്യമാണെങ്കിലും വലുതായ ഒരപകടം ഒളിഞ്ഞിരിപ്പുണ്ട്. വിവരവിനിമയ മേഖലകളിലെ വളർച്ചയിൽ ദേശാതിർത്തികൾ നേർത്ത് പോവുകയും ലോകത്തെ കയ്യെത്തിപ്പിടിക്കാനാവും വിധം വ്യക്തി വിശ്വപൗരൻ ആവുകയും ചെയ്യുമ്പോൾ ആദ്യം ചുരുട്ടി ചവറ്റുകൊട്ടയിലിടുന്നത് ഇത്തരം മൊഴിവഴക്കങ്ങളാണ്. ഇത് ഇപ്പോൾ നിലനിൽക്കുന്ന സാധാരണക്കാർക്കിടയിൽ മാനക ഭാഷ ഉദാത്തമെന്നും പ്രാദേശികം അപകർഷമെന്നും ഉള്ള തോന്നൽ ശക്തിപ്പെടുന്നു എന്നത് പച്ചപ്പരമാർത്ഥമാണ്. തലമുറ മാറുമ്പോൾ, വിലയിടാനാകാത്ത പ്രാദേശികഭാഷാ സ്വരൂപങ്ങളെല്ലാം ഇനി ഉയിർ കൊള്ളാനാവാത്ത വിധം ഉടഞ്ഞ് പോയിട്ടുണ്ടാവും. ഇപ്പോൾത്തന്നെ പലർക്കും പലതും വിസ്മൃതമായിപ്പോയി. അതിനാൽ അത്തരം മൊഴി വഴക്കങ്ങളെ ശേഖരിച്ച് എല്ലാ ദേശക്കാർക്കുമായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പംക്തി- നാട്ടുമൊഴിച്ചന്തം - മലയാളി മറന്ന വാക്കുകളുടെ വീണ്ടെടുപ്പ്  തുടങ്ങുന്നത്.

 വിജു പാറശ്ശാല

💦💦💦💦💦💦💦💦💦💦💦💦💦💦💦

പടലം : 2

 

6 . ബോഞ്ചി : നാരങ്ങ വെള്ളം


സിനിമ
മുതലായ മാധ്യമങ്ങളിലൂടെ ഏതാണ്ട് എല്ലാവർക്കും സുപരിചിതമായി മാറിയ പദമാണ് 'ബോഞ്ചി'. തിരുവനന്തപുരം ജില്ലയിലെ തെക്കൻ പ്രദേശത്ത് പരക്കെ പ്രചാരത്തിലിരുന്ന ഈ പദം ഇന്ന് ഉപയോഗിക്കാതെയായിട്ടുണ്ട്. ഇവിടത്തുകാർ 'ബോഞ്ചി' എന്ന പദം മനപ്പൂർവ്വം ഒഴിവാക്കി നാരങ്ങാവെള്ളം എന്ന് തന്നെ പറഞ്ഞു ശീലിക്കാൻ തുടങ്ങിയതിനു പിന്നിൽ ഇതര ജില്ലക്കാരുടെ കളിയാക്കലുകൾ ആയിരിക്കാൻ സാധ്യതയുണ്ട്. ഭാഷ എന്താണെന്ന് കൃത്യമായി അവഗാഹം ഇല്ലാത്ത, പ്രാദേശികതയുടെ ശക്തിയും സൗന്ദര്യവും തിരിച്ചറിയാൻ കഴിയാത്ത ഒരു വിഭാഗം എല്ലാക്കാലവും പ്രാദേശിക ഭേദങ്ങളെ കളിയാക്കുന്നതിൽ മാത്രം രസം കണ്ടിട്ടുണ്ട്. മാനകഭാഷ ഉത്കൃഷ്ടമാണെന്ന തോന്നൽ അതിന് ആക്കം കൂട്ടും. അത്തരക്കാർ  കൂടുതൽ കളിയാക്കലുകൾക്ക് വിധേയമാകുന്നത് തിരുവനന്തപുരത്തിന് തെക്കുള്ള ജനങ്ങളെയാണ് എന്നത്, പ്രാദേശിക ഭേദങ്ങൾ കൊണ്ട് സമ്പന്നമാണ് ഇവിടുത്തെ ഭാഷ എന്നതിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.

വാസ്തവത്തിൽ 'നാരങ്ങാവെള്ളം' എന്ന് പറയുന്നതിലും ലളിതവും കൃത്യമായ ഐഡന്റിറ്റിയുള്ളതും  'ബോഞ്ചി' എന്നു പറയുന്നത് തന്നെയാണ്. ഒരു വസ്തുവിന്റെ പേര് എന്ന നിലയിൽ ക്രിയേറ്റിവിറ്റി യുളളതും ആ വാക്കിനാണ്. അതുകൊണ്ടാവും തിരുവനന്തപുരം ജില്ലക്കാർ മനപ്പൂർവ്വം ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോഴും കന്യാകുമാരി ജില്ലക്കാർ മുഴുവനും വളരെ സാധാരണമായി തന്നെ 'ബോഞ്ചി' എന്ന വാക്ക് ഉപയോഗിക്കുന്നത്. നാരങ്ങാവെള്ളത്തിന് 'ബോഞ്ചി' എന്നല്ലാതെ മറ്റൊരു വാക്കും കന്യാകുമാരി ജില്ലയിൽ സംസാരഭാഷയിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്. തമിഴ്നാട്ടിലെ മറ്റു ജില്ലകളിലെ സംസാരഭാഷയിൽ 'എലുമിച്ച ജ്യൂസ്' എന്നൊക്കെയാണ് പ്രയോഗിക്കുന്നത്. ('എലുമിച്ചൈ' എന്നതാണ് നാരങ്ങയുടെ ശരിയായ തമിഴ് പദം). ബോഞ്ചി എന്ന പദത്തിന്റെ നിരുക്തിയും അജ്ഞാതമാണ്. Passion fruit ന് പാറശ്ശാല പ്രദേശങ്ങളിൽ 'ബോഞ്ചിക്കാ(യ)' എന്ന് പറയാറുണ്ട്. പഴുത്ത 'ബോഞ്ചിക്കാ(യ)' നാരങ്ങ വെള്ളം എന്ന പോലെ ഉപ്പോ പഞ്ചസാരയോ കുട്ടി സേവിക്കാറുമുണ്ട്. ഇങ്ങനെയുള്ള, ഉപയോഗത്തിലുള്ള സമാനതകൊണ്ട് നാരങ്ങ വെള്ളത്തിന് 'ബോഞ്ചി' എന്ന പേരു വീണതാകാൻ സാധ്യത ഏറെയാണ്. 'ബോഞ്ചി വെള്ളം' എന്ന തരത്തിലുള്ള പാറശ്ശാലക്കാരുടെ പ്രയോഗം അതിനെ സാധൂകരിക്കും.

 

7 . ത്ലാപ്പ് : മരം കയറുന്നതിനായി കാലിൽ ഉപയോഗിക്കുന്ന വളയം


തെങ്ങ്, പന, കമുക് പോലുള്ള ഒറ്റത്തടി വൃക്ഷങ്ങളിലും മറ്റ് മരങ്ങളിലെ ശിഖരങ്ങളില്ലാത്ത ഭാഗങ്ങളിലും കയറുമ്പോൾ, തെങ്ങോലയോ മടലിലെ നാരോ ( വഴുത - അത് മറ്റൊരു പ്രാദേശിക പദം. പിന്നീട് വിശദീകരിക്കാം ) കയറോ ഉപയോഗിച്ച് നിർമ്മിച്ച ഒരു വളയം രണ്ട് കാലുകൾ ചേർത്ത് ഉപയോഗിക്കാറുണ്ട്. തടിയിൽ കാലുറപ്പിച്ചു നിർത്താനും താഴേയ്ക്ക് വഴുതിപ്പോകാതെ ഘർഷണം നൽകാനും ഇതുവഴി കഴിയും. ത്ലാപ്പ് പൊട്ടി പോകുന്നത് അപകടകരമാണ് എന്നതിനാൽ ശരീരഭാരം താങ്ങാനും തടിയിൽ ഉരഞ്ഞു പൊട്ടാതിരിക്കാനുമുള്ള കട്ടിയുണ്ടാവും. ഏകദേശം ഒന്ന് ഒന്നരയടി മാത്രം വ്യാസമുള്ള വെറും ഒരു വളയം എന്നതിനാൽ മരം കയറുന്ന സമയത്ത് പോലും കൈയുടെ സഹായം കൂടാതെ ഊരാനും അണിയാനും കഴിയും. തമിഴിൽ ഇതിനെ 'തളപ്പ്' എന്നാണ് പറയുന്നത്. തളയ്ക്കാനുള്ളത് എന്ന അർത്ഥത്തിലാവും ഇത് എന്ന് തോന്നാൻ വഴിയുണ്ട്. കാലിൽ അണിയുന്ന 'തള' യുമായും ഇതിന് ബന്ധം തോന്നാം. എന്നാൽ അത്തരം മലയാള നിരുക്തി 'ത്ലാപ്പി'നെ സംബന്ധിച്ച് പൂർണ്ണമായും തെറ്റാണ്. തമിഴിൽ, Loose അഥവാ അയഞ്ഞതിനെ 'തളർവാനത്' എന്ന് പറയും. സംസാരഭാഷയിലാകട്ടെ "തളന്ത് കിടക്ക്ത് " എന്ന് ഒരു വസ്തുവിനെ നോക്കി പ്രയോഗിച്ചാൽ "അയഞ്ഞു കിടക്കുന്നു " എന്നാണ് അർത്ഥം. ജീവനുള്ളവയ്ക്ക് മാത്രമേ തളരുക എന്ന മലയാള അർത്ഥം ചേരൂ. അപ്രകാരം, അയഞ്ഞ ഒരു വസ്തു എന്ന നിലയിൽ തമിഴിലെ 'തളപ്പ്' 'ത്ലാപ്പ്' ആയി മാറിയതാണ്. പകരം മറ്റൊരു പദം പറയാനില്ലാത്ത വിധം തിരുവനന്തപുരം, കന്യാകുമാരി ജില്ലക്കാർക്ക് 'ത്ലാപ്പ്' സുപരിചിതമാണ്.

 

8 . വാളി : ലോഹനിർമിതമായ ബക്കറ്റ്


കിണറ്റിൽ നിന്നും വെള്ളം കോരാനും മറ്റും ഉപയോഗിച്ചിരുന്ന, വൃത്താകാരമായതും അടിവശം വ്യാസം കുറഞ്ഞതുമായ ലോഹം കൊണ്ട് നിർമ്മിച്ച ബക്കറ്റാണ് വാളി. ഇതിന് 'തൂക്ക്' (പിടിച്ച് ഉയർത്തുന്നതിനായി ഇരുവശവും ബന്ധിപ്പിച്ച് അർദ്ധവൃത്താകൃതിയിൽ നിർമ്മിച്ച handle) ഉണ്ടാവും. അതിനാൽ 'തൂക്ക് വാളി' എന്നും പറയും. ഇപ്പോൾ ബാത് റൂമിലും മറ്റും വെള്ളം നിറച്ചുവയ്ക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബക്കറ്റിന് സമാനം. മുമ്പ് കയറ് ഉപയോഗിച്ചാണല്ലോ കിണറ്റിൽ നിന്ന് വെള്ളം കോരിയിരുന്നത്. വെള്ളം കോരി എടുക്കണമെങ്കിൽ കയറിൽ കെട്ടിയിറക്കുന്ന പാത്രം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കാതെ ചരിഞ്ഞ് വീണ് വെള്ളം നിറയേണ്ടതുണ്ട്. അതിനായിട്ടാണ് bottom പരമാവധി വിസ്തീർണ്ണം കുറച്ചും വായു തങ്ങി വേഗം ചരിയാൻ പാകത്തിൽ അടിവശത്ത് വളയം നൽകിയും രൂപകൽപന ചെയ്തിരുന്നത്. (പരുക്കൻ ഇടങ്ങളിൽ ഉപയോഗിക്കുമ്പോൾ അടിഭാഗം തുള വീഴാതെ സംരക്ഷിക്കാനും ഈ വളയത്തിന് കഴിയും.) ഒപ്പം കയർ കെട്ടി ഉയർത്തുമ്പോൾ ചരിയാതെ balance ചെയ്യാൻ പാകത്തിൽ ഇരുവശവും ബന്ധിപ്പിച്ച് അർദ്ധവൃത്താകൃതിയിൽ 'പിടി'യും നിർമ്മിച്ചു എന്നു വേണം കരുതാൻ.

പക്ഷേ പിന്നീട് ഇത് പല കാര്യങ്ങൾക്കും ഉപയോഗിക്കാൻ തുടങ്ങി. ആവശ്യമനുസരിച്ച് രൂപ മാറ്റങ്ങളും വരുത്തി. മറ്റൊരിടത്തേക്ക് വെള്ളം കൊണ്ടുപോകേണ്ടതിനും കല്യാണ വീട്ടിലും മറ്റും കറി വിളമ്പാനും പാലു വാങ്ങാനും എന്ന് വേണ്ട ഒത്തിരി ആവശ്യങ്ങൾക്കായി 'വാളി' ഉപയോഗിക്കപ്പെട്ടു. ആവശ്യമനുസരിച്ച്, അടിഭാഗത്തിന്റെ വിസ്തീർണ്ണം കുറഞ്ഞതും, മുകൾഭാഗത്തെ അതേ വിസ്തീർണ്ണം ഉള്ളതും ബോട്ടത്തിൽ വളയമില്ലാത്തതും ഉരുണ്ടതും അടപ്പുള്ളതും പല വലിപ്പത്തിൽ ഉള്ളതും എന്ന് വേണ്ട ധാരാളം 'വാളി'കൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കന്യാകുമാരി ജില്ലയിലും വാളി എന്നു തന്നെ പറയുന്നു. അടപ്പുള്ളത് തൂക്ക് ചട്ടിയും. ചെറിയ തൂക്ക് പാത്രങ്ങൾക്ക് തൂക്ക് വാളി എന്ന് പറയും. ഈ പേര് സമ്മാനിച്ചതും അവർ തന്നെ. പക്ഷേ ലോഹം ആണെങ്കിൽ മാത്രമേ 'വാളി' യാകൂ. പ്ലാസ്റ്റിക് ബക്കറ്റ് വാളിയല്ല. തിരുവനന്തപുരം ജില്ലയിലും അങ്ങനെ തന്നെയാണ്  പ്രയോഗിക്കുന്നത്.

 

9 . പോണി : ചെറിയ ടിൻ


അടുക്കളയിൽ കുരുമുളകും ജീരകവും മറ്റും സൂക്ഷിക്കാനും പഠനമുറിയിൽ പേനയും മറ്റും ഇട്ടു വയ്ക്കാനും ഒക്കെ പ്രയോജനപ്പെടുത്താവുന്ന ചെറിയ സ്റ്റോറേജ് കണ്ടെയ്നറുകളാണ് പോണികൾ. വൃത്തം, ചതുരം, ഷഡ്ഭുജം ത്രികോണം എന്നിങ്ങനെ ആകൃതി ഏതുമാകാം. പക്ഷേ പെട്ടി പോലെ ഉയരമില്ലാത്തതാകരുത്. വൃത്താകാരമെങ്കിൽ സിലിണ്ടർ, ചതുരമെങ്കിൽ ചതുര സ്തംഭം, ത്രികോണമെങ്കിൽ ത്രികോണ സ്തംഭം എന്നിങ്ങനെ ആകൃതിയുള്ളതാവണം. Face powder ഉം മറ്റും കാലിയായാൽ കുട്ടികൾക്ക് മുത്തുകളോ മഞ്ചാടിയോ മറ്റോ ശേഖരിച്ചു വയ്ക്കാനുള്ള ഒഴിഞ്ഞ 'പോണി' യായി അത് മാറും. തമിഴ് നാട്ടിലും ഇത് തികച്ചും പ്രാദേശികമായ വാക്കായിട്ടാണ് കാണപ്പെടുന്നത്. കന്യാകുമാരി ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും സംസാരഭാഷയിൽ 'പോണി' എന്ന പദമുണ്ട്. എന്തെങ്കിലും ശേഖരിച്ചു വയ്ക്കാനുള്ളത് എന്ന അർത്ഥത്തിൽ 'കൊൾകലൻ' (സാധനങ്ങൾ (ഉൾ) കൊള്ളുന്നത്) എന്ന പ്രത്യേക വാക്ക് തമിഴിലുണ്ട്. Storage Container എന്ന് വിവർത്തനം വരും. അതല്ലാതെ വീപ്പ പോലുള്ള വലിയ കണ്ടെയ്നറുകളെ 'ഡപ്പ' എന്നും പറയും. അതിനാൽ 'പോണി' ചെന്തമിഴിൽ നിന്നും ഉണ്ടായ ഒരു പദമല്ല എന്ന് വേണം അനുമാനിക്കാൻ. തമിഴ്നാട്ടിലെ നാഗർകോവിൽ പ്രദേശത്തോ മറ്റോ തികച്ചും പ്രാദേശികമായി ഉരുത്തിരിഞ്ഞ പദമാകാനാണ് വഴി. അത് അതേപടി കളിയിക്കാവിള പാറശ്ശാല പ്രദേശങ്ങളിൽ നിലനിന്നു പോരുന്നതാവണം. തിരുവനന്തപുരം ജില്ലയിൽ ചില സ്ഥലങ്ങളിൽ 'ഡപ്പി' എന്നും പറയാറുണ്ട്. ഇതിന് തമിഴിലെ 'ഡപ്പ'യുമായി സാമ്യമുണ്ട്. പക്ഷേ 'ഡപ്പ' യും 'പോണി'യും ചെറിയ കണ്ടെയ്നറുകൾ മാത്രമാണ് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. 'പോണി' അടപ്പ് ഉള്ളതോ ഇല്ലാത്തതോ ആവാമെങ്കിൽ 'ഡപ്പി' അടപ്പുള്ളതാണ് എന്നൊരു പ്രത്യേകത കൂടി കാണാൻ കഴിയും.

 

10 . നമ്മാട്ടി : മൺവെട്ടി


മൺവെട്ടിയ്ക്ക്, 'തൂമ്പ', 'കൈക്കോട്ട്', 'മമ്മട്ടി' എന്നിങ്ങനെ കേരളത്തിൽ പല ജില്ലകളിൽ പല പേരുകൾ ഉണ്ട്. ഇതുപോലെ തിരുവനന്തപുരം ജില്ലയിൽ 'നമ്മാട്ടി' എന്നു പറയപ്പെടുന്നു എന്ന് മാത്രം.

'മൺവെട്ടി' എന്ന പദം നിരന്തര ഉപയോഗത്താൽ തേഞ്ഞ് 'മമ്മട്ടി' ആയതെന്ന് അനുമാനിക്കാനാവുമെങ്കിലും മറ്റു പ്രയോഗങ്ങളുടെ നിരുക്തി അറിയുക പ്രയാസമാണ്. 'നമ്മാട്ടി' എന്ന വാക്കും എവിടെ നിന്നാണ് ഉണ്ടായത് എന്ന കാര്യത്തിൽ വ്യക്തതയില്ല. തമിഴിൽ നിന്നല്ല എന്നതും ഉറപ്പിച്ചു പറയാൻ കഴിയും. കാരണം കന്യാകുമാരി ജില്ലയിൽ പോലും കേരളത്തോട് ചേർന്ന് കിടക്കുന്ന വിളവിൻകോട്, കൽക്കുളം, തിരുവട്ടാർ എന്നീ താലൂക്കുകളിൽ മാത്രമേ സംസാരഭാഷയിൽ 'നമ്മാട്ടി' എന്ന പദം കാണാൻ കഴിയൂ. മറ്റ് താലൂക്കുകളിൽ മൺവെട്ടി എന്ന് തന്നെ പ്രയോഗിക്കുന്നത് കേൾക്കാം. മണ്ണിൽ പണിയാനുള്ള ഇത്തരം ഉപകരണങ്ങൾക്ക് പൊതുവേ 'മൺ പാണ്ടങ്കൾ' എന്നാണ് തമിഴിൽ പറയുന്നത്. അതിനാൽ 'നമ്മാട്ടി' യുടെ നിരുക്തി കണ്ടുപിടിക്കപ്പെടും വരെ എല്ലാ അർത്ഥത്തിലും തിരുവനന്തപുരത്തുകാരുടെ സ്വന്തമായ പ്രാദേശിക പദം എന്ന് അഭിമാനിക്കാം.

( തുടരും )

വിജു പാറശ്ശാല

💧💧💧💧💧💧💧💧


പടലം - 1

ഇവിടെ

💓💓💓💓💓


hssMozhi's Amazon Shop Page

CLICK HERE


No comments:

Post a Comment