ഹയർ സെക്കണ്ടറി മലയാളം കുറിപ്പുകൾ - 3
"കുലടയായ
നീ വന്നെന്നോടു കുലീനയെ -
ന്നലസാലാപം ചെയ്തതഖിലമലമലം."
എന്ന വരികളിലെ "കുലട
",
" കുലീന " എന്നീ രണ്ട്
പ്രയോഗങ്ങളാണ് പ്രശ്നവൽക്കരിക്കേണ്ടത്. ദുഷ്യന്തൻ ശകുന്തളയുടെ ചാരിത്ര്യത്തെ
ചോദ്യം ചെയ്യുന്ന സന്ദർഭമാണല്ലോ ഇത്. കുലട എന്നാൽ ഭാഷാ നിഘണ്ടുക്കളിൽ വ്യഭിചാരിണി, പുരുഷന്മാരെത്തേടി അന്യകുലങ്ങളിൽ ചെല്ലുന്നവൾ, ദുർനടത്തക്കാരി, ജാരന്മാരെ തേടി സ്വന്തം വീട് വിട്ട് അന്യഭവനത്തിൽ പോകുന്നവൾ
എന്നിങ്ങനെയാണ് മുഖ്യാർത്ഥമായി കൊടുത്തിരിക്കുന്നത്.
(കൗതുകമെന്നു പറയട്ടെ
ഒരിടത്ത് കുലടയ്ക്ക് "ഭിക്ഷയ്ക്ക് വേണ്ടി മാത്രം വീടുതോറും നടക്കുന്ന
പതിവ്രത" എന്ന അർത്ഥവും ( !! ) കാണുന്നുണ്ട് - ഒരു തരത്തിൽ പറഞ്ഞാൽ മുഖ്യാർത്ഥമായി കൊടുത്തതിന്റെ വിപരീതാർത്ഥത്തിൽ.)
കുലീന എന്ന വിശേഷണ (സ്ത്രീലിംഗ
രൂപമായും ഉപയോഗിക്കുന്നു) പദത്തിന് നല്ല തറവാട്ടിൽ ജനിച്ച, തറവാടിത്തമുള്ള, കുലസ്ത്രീ എന്നിങ്ങനെയാണ് അർത്ഥം. ആ വാക്കിന്റെ
പര്യായങ്ങളായി കുലീനൻ, മഹാകുലൻ
എന്നിങ്ങനെയുള്ള പുല്ലിംഗരൂപങ്ങളും കൊടുത്തിട്ടുണ്ട്. കുലീന എന്ന വിശേഷണ
പദത്തിന്റെ വിപരീതമായി അകുലീന എന്ന
വിശേഷണ രൂപവും അകുലീനൻ എന്ന പുല്ലിംഗരൂപവും കൊടുത്തിട്ടുണ്ട്. ഒരേ സമയം വിശേഷണ -
നാമരൂപമായ "കുലീന "എന്ന പദത്തിന് "അകുലീനൻ " എന്ന പുല്ലിംഗ രൂപം
വിപരീതമായി വരുന്നുണ്ട് എന്നു കാണാം. അതേ നിലയിൽ "കുലട" എന്ന
പ്രയോഗത്തിന്റെ പുല്ലിംഗ രൂപമന്വേഷിച്ച് പോയപ്പോഴാണ് ഭാഷയിലെ ലിംഗപദവി (Gender)
യെ സംബന്ധിക്കുന്ന ചില പ്രശ്നങ്ങൾ തെളിഞ്ഞത്. സ്വാഭാവികമായി
"കുലട" എന്ന പദത്തിന്റെ പുല്ലിംഗ രൂപമായി നാം തിരയുക 'അൻ' പ്രത്യയംചേർത്ത
കുലടൻ (കുലീന - കുലീനൻ എന്ന പോലെ) എന്നാണല്ലോ. എന്നാൽ കുലടൻ എന്ന വാക്കിന്റെ
അർത്ഥങ്ങൾ നോക്കൂ:- തന്നിൽ
നിന്നു ജനിക്കാതെ വിലയ്ക്ക് വാങ്ങിച്ചോ മറ്റോ ലഭിച്ച പുത്രൻ, ദത്തുപുത്രൻ എന്നീ അർത്ഥമാണു കാണാൻ സാധിക്കുക. താരതമ്യേന
കുലടയുമായി ചേർത്ത് വെക്കാൻ പറ്റാത്ത അർത്ഥമാണ് ഇവിടെ കിട്ടുന്നത്. കുലീന എന്നതിന് പുല്ലിംഗ രൂപമുണ്ട്. എന്നാൽ കുലട എന്നതിന് ഭാഷയിൽ
പുല്ലിംഗാർത്ഥസൂചനയുള്ള രൂപമുണ്ടെങ്കിലും അർത്ഥം വ്യത്യസ്തമായിരിക്കുന്നു. അതായത്
ദുർനടപ്പുകാരിയും ജാരന്മാരേ തേടിപ്പോവുന്നവളും മാത്രമേ ഉള്ളൂ, ദുർനടപ്പുകാരനും പരസ്ത്രീയെതേടിപ്പോകുന്നവനും ഭാഷയിലില്ല !!
ചന്തപ്പെണ്ണുണ്ട് ചന്തപ്പുരുഷനില്ല എന്ന് സാരം !! ഭാഷയിലെ ആധിപത്യങ്ങളുടെ ഒരു
മുദ്രയാണിത്. ഭാഷയും പ്രയോഗങ്ങളും അത്ര നിഷ്കളങ്കമല്ല. ഭാഷയിൽ ഇത്തരം ധാരാളം
ചതിക്കുഴികൾ കാണാൻ സാധിക്കും. ഭാഷ തന്നെ പുരുഷാധിപത്യപരമാണെന്നതിന്റെ സൂചനയായി
ഇതിനെ വ്യാഖ്യാനിക്കാം.
ഡോ കലേഷ് മാണിയാടൻ
No comments:
Post a Comment