Friday, August 5, 2022

അന്റെ ബാഷെ ( കവിത ) : സിനാഷ ( Std 10, GHSS കാസറഗോഡ് )

" പലമ " (പുതിയ പംക്തി ) -  ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർഥികളുടെ രചനകൾ അധ്യാപകരുടെ  വിലയിരുത്തലുകളോടൊപ്പം  പ്രസിദ്ധീകരിക്കുന്നു.


PALAMA : 1

സിനാഷയുടെ ഗദ്യം കുഞ്ഞുനാളുകൾ മുതൽ കവിതയുള്ളതാണ്. ഡയറിക്കുറിപ്പുകളിലും നോവലുകളിലും ഞാൻ ആവശ്യപ്പെട്ട് എഴുതിയ ചില അനുഭവ വിവരണങ്ങളിലുമെല്ലാം കവിതയുടെ തിളക്കമുണ്ട്. ഇംഗ്ളീഷെഴുത്തിലും ഈ കാവ്യ ഭാഷ സിനാഷ സ്വന്തമാക്കിയിട്ടുണ്ട്.

നേരത്തേ ധാരാളം ഇംഗ്ളീഷ് കവിതകൾ മലയാളത്തിലേക്കും തിരിച്ച് ആർച്ച, ഷബ്ന, ജന്നത്ത് തുടങ്ങി പല കുട്ടികളുടെയും കവിതകൾ ഇംഗ്ളീഷിലേക്കും പരിഭാഷപ്പെടുത്തി സിനാഷ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഈയിടെയായി മലയാളത്തിൽത്തന്നെ ഇടവിടാതെ കവിതകൾ അവൾ എഴുതിക്കൊണ്ടിരിക്കുന്നു. വായിച്ച നോവലുകളിലെ കഥാപാത്രങ്ങളും യാത്രയിലും ക്യാമ്പിലുമെല്ലാം ഉണ്ടായ അനുഭവങ്ങളും പ്രിയപ്പെട്ട ഫുട്ബോളും ക്ളാസിലെ കൂട്ടുകാരും എല്ലാം സിനാഷയുടെ കവിതകളായി മാറുന്നു. അവയോരോന്നും അവളുടെ പ്രതിഭാസ്പർശംകൊണ്ട് മിന്നിത്തിളങ്ങുന്നു.

ഇന്നലെ സിനാഷ അയച്ചുതന്ന കവിത ഭാഷയെക്കുറിച്ചാണ്. "എന്റെ ഭാഷയെക്കുറിച്ച് എന്റെ ഭാഷയിൽ ഒരു കവിത" എന്നാണ് അവൾ അതിനെ വിശേഷിപ്പിച്ചത്. അത് കാസറഗോഡുകാരുടെ മലയാളമാണ്. തൊട്ടു താഴെ "മലയാള " മൊഴിമാറ്റവും അവൾ അയച്ചുതന്നു. കാസറഗോഡ് മലയാളമാണെങ്കിലും "ഒല്ലി" എന്നൊരു വാക്കൊഴികെയെല്ലാം എനിക്ക് മനസ്സിലായി! "കാസറഗോഡ് തന്നെ ഒരുപാടു പേർക്ക് ഈ ഭാഷ മനസ്സിലാവാറില്ല😋😍" എന്നാണ് സിനാഷ പറഞ്ഞത്. "ഒല്ലി"  പുതപ്പ് ആണെന്നും പറഞ്ഞു. ഭാഷയെ ഏറ്റവുമടുത്ത കൂട്ടുകാരിയായി കാണാൻ സിനാഷയ്ക്ക് കഴിയുന്നു. അവൾ പുറത്തേയ്ക്ക് നോക്കുമ്പോൾ കാണുന്ന ആകാശമാണത്.

സിനാഷയെപ്പോലെ ഭാഷയെ ഇങ്ങനെ നെഞ്ചിലേറ്റുന്ന കുട്ടികളിലാണ് നമ്മുടെ പ്രതീക്ഷ....

സസ്നേഹം ,

പി എം നാരായണൻ മാഷ്

💦💦💦💦


അന്റെ ബാഷെ

 അന്റെ ബാഷേൻച്ചെല്യെങ്ക്

അന്റെ ചങ്ങായിമാറൊക്ക

മെരൊം കേറീറ്റും കാട്ടില് ചുറ്റീറ്റും

നട്ക്കുമ്പക്ക്

അന്റെ മീത്തെ ബൂണ ബെയ്ല്.

റോഡിൻ്റൈലേ കൂടീറ്റ് പോവുമ്പക്ക്

ഞങ്ങളെ മുടി പുട്ച്ചിറ്റ് കൾക്യന്നെ കാറ്റ്.

 

അന്റെ ബാഷേൻച്ചെല്യെങ്ക്

മയേനോണ്ട് ഞാന്

മണ്ണിലെയ്ന്ന കവിതെ.

കൺക്ക് നോട്ടിന്റുള്ളില് ഞാന്

ഒൾപ്പിച്ചിറ്റ് ബെച്ച പൂവ്.

 

അന്റെ ബാഷേൻച്ചെല്യെങ്ക്

അന്റെ ഓർമെന്റെല്ലൊ ഒല്ലി.

ഐല് തുന്നീറ്റ്ണ്ട നക്ഷത്രത്തിന്റെല്ലൊ

തെൾക്കത്തിന്റെ പേര്.

സ്കൂള്ട്ടിറ്റ് ബസ്സില് ബെര്മ്പക്ക്

ജനൽലേ കൂടീറ്റ് ഞാന്

കാണ്ന്ന ആകാശൊ.

💧💧💧💧

 

             

"മലയാള" മൊഴിമാറ്റം:


എന്റെ ഭാഷ

 എന്റെ ഭാഷയെന്നാൽ

എന്റെ കൂട്ടുകാർക്കൊപ്പം

മരം കയറിയും കാട് ചുറ്റിയും

നടക്കുമ്പോൾ

എന്റെമേൽ വീണ വെയിൽ.

റോഡരികിലൂടെ പോവുമ്പോൾ

ഞങ്ങളുടെ മുടി പിടിച്ചു കളിക്കുന്ന

കാറ്റ്.

 

എന്റെ ഭാഷയെന്നാൽ

മഴ കൊണ്ട് ഞാൻ

മണ്ണിലെഴുതുന്ന കവിത.

കണക്കു നോട്ടുബുക്കിൽ ഞാൻ

ഒളിച്ചുവച്ച പൂവ്.

 

എന്റെ ഭാഷയെന്നാൽ

എന്റെ ഓർമകളുടെ പുതപ്പ്.

അതിൽ തുന്നിയ നക്ഷത്രങ്ങളുടെ

തിളക്കത്തിന്റെ പേര്.

സ്കൂൾ വിട്ട് ബസ്സിൽ വരുമ്പോൾ

ജനലിലൂടെ ഞാൻ

കാണുന്ന ആകാശം.

 

    സിനാഷ

 Std 10, GHSS കാസറഗോഡ്

💓💓💓💓

( ചുവടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നു. hssMozhi )

💚💚💚💚

സിനാഷ എഴുതിയ

ഒരു നോവൽ

👇


Chembaneerpookal Novel By Sinasha | 




 


No comments:

Post a Comment