+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Wednesday, September 21, 2022

നാട്ടുമൊഴിച്ചന്തം ( മലയാളി മറന്ന വാക്കുകളുടെ വീണ്ടെടുപ്പ് ) : പടലം : 5

 

ഭാഷയുടെ ശക്തിയും സാധ്യതയും കൃത്യമായി അറിയണമെങ്കിൽ അതിന്റെ പ്രാദേശിക ഭേദങ്ങൾ മനസിലാക്കണം. അതത് ദേശക്കാർ നീട്ടലും കുറുക്കലും മൂളലും  മുഖപേശികൊണ്ടുള്ള ഗോഷ്ടിയും ഒക്കെയായി ഓരോ പ്രത്യേക ഈണത്തിലും താളത്തിലും തന്റെ നാട്ടു ഭാഷയിൽ വിനിമയം നടത്തുമ്പോൾവിവർത്തകനാവട്ടെ ഭാഷാശാസ്ത്രജ്ഞനാവട്ടെ വിസ്മയത്തോടെ അത് കണ്ടു നിന്നുപോകും. എത്ര വലിയ വ്യാഖ്യാനങ്ങൾക്കും പൂർണ്ണമായി വഴങ്ങാതെവെല്ലുവിളിയോടെ അത് വിവർത്തകരെ കുഴക്കും.

വാസ്തവത്തിൽ ലോകത്തിലെ മികച്ച കലാ സാഹിത്യ സൃഷ്ടികളൊക്കെ വിജയം കണ്ടെത്തുന്നത് പ്രാദേശിക ഭേദങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. ഷേക്സ്പിയർ കൃതികൾ തന്നെ ഒന്നാന്തരം ഉദാഹരണമാണ്. മലയാള സാഹിത്തിൽ ബഷീറും എം.ടിയും സാറാ ജോസഫും എന്നു തുടങ്ങി ഒട്ടുമുക്കാൽ എഴുത്തുകാരുംസിനിമയിൽ ഇന്നസെന്റും സുരാജും ഹരീഷ് കണാരനും എന്നുവേണ്ട എത്രയോ അഭിനേതാക്കളും പ്രാദേശിക ഭാഷയെ ശക്തിയാക്കി മാറ്റിയവരാണ്. അത്തരം ഇതിവൃത്തമുള്ള സിനിമകളും പാട്ടുകളും ധാരാളമുണ്ട് എന്നതും ശ്രദ്ധിക്കാം.

സാഹിത്യത്തിലും സിനിമയിലും ഒക്കെയായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന പ്രാദേശിക ഭേദങ്ങളുടെ പതിന്മടങ്ങ് യഥാർത്ഥത്തിൽ അതത് നാട്ടിൽ വ്യവഹരിക്കപ്പെടുന്നുണ്ട്. അത്തരം നൂറ് നൂറ് പദങ്ങളുടെ നിലനിൽപ് വാമൊഴിയായിട്ടാണ് എന്നത് അവയുടെ മൂർത്ത സൗന്ദര്യമാണെങ്കിലും വലുതായ ഒരപകടം ഒളിഞ്ഞിരിപ്പുണ്ട്. വിവരവിനിമയ മേഖലകളിലെ വളർച്ചയിൽ ദേശാതിർത്തികൾ നേർത്ത് പോവുകയും ലോകത്തെ കയ്യെത്തിപ്പിടിക്കാനാവും വിധം വ്യക്തി വിശ്വപൗരൻ ആവുകയും ചെയ്യുമ്പോൾ ആദ്യം ചുരുട്ടി ചവറ്റുകൊട്ടയിലിടുന്നത് ഇത്തരം മൊഴിവഴക്കങ്ങളാണ്. ഇത് ഇപ്പോൾ നിലനിൽക്കുന്ന സാധാരണക്കാർക്കിടയിൽ മാനക ഭാഷ ഉദാത്തമെന്നും പ്രാദേശികം അപകർഷമെന്നും ഉള്ള തോന്നൽ ശക്തിപ്പെടുന്നു എന്നത് പച്ചപ്പരമാർത്ഥമാണ്. തലമുറ മാറുമ്പോൾവിലയിടാനാകാത്ത പ്രാദേശികഭാഷാ സ്വരൂപങ്ങളെല്ലാം ഇനി ഉയിർ കൊള്ളാനാവാത്ത വിധം ഉടഞ്ഞ് പോയിട്ടുണ്ടാവും. ഇപ്പോൾത്തന്നെ പലർക്കും പലതും വിസ്മൃതമായിപ്പോയി. അതിനാൽ അത്തരം മൊഴി വഴക്കങ്ങളെ ശേഖരിച്ച് എല്ലാ ദേശക്കാർക്കുമായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പംക്തി നാട്ടുമൊഴിച്ചന്തം  - മലയാളി മറന്ന വാക്കുകളുടെ വീണ്ടെടുപ്പ്  തുടങ്ങുന്നത്.

 വിജു പാറശ്ശാല

💦💦💦💦💦💦💦💦💦💦💦💦💦💦💦

പടലം : 5

 

21 . ഇത്ത്പ്പോരം : വളരെ കുറച്ച്

മലയാളം സംസാരിക്കുന്ന 'തമിഴ്നാട്ടുകാർ' അതിർത്തി പ്രദേശങ്ങളിൽ ധാരാളമുണ്ട്. കുന്നത്തുകാൽ, പനച്ചമൂട്,  തുടങ്ങിയ പ്രദേശങ്ങളിലും മേൽപ്പാല, മങ്കാട്, കുലശേഖരം, കൊല്ലങ്കോട് എന്നിവിടങ്ങളിലും അനേകം ആളുകൾ സാങ്കേതികമായി തമിഴ്നാട് അതിർത്തിക്കുള്ളിലുള്ളവരും അവിടത്തെ റേഷൻ കാർഡ് ഉടമകളുമാണ്. അതേസമയം ഇവരുടെ ജീവിത വ്യവഹാരഭാഷ മലയാളമാണെന്നും കാണാൻ കഴിയും. ഇത്തരക്കാർക്കിടയിൽ ഇപ്പോഴും സജീവമായി നിലനിൽക്കുന്നതും എന്നാൽ തമിഴ് സംസാരിക്കുന്ന ആളുകൾ ഒരിക്കൽ പോലും ഉച്ചരിച്ച് കേട്ടിട്ടില്ലാത്തതുമായ ഒരു പദമാണ് 'ഇത്ത്പ്പോരം'. എങ്കിലും ഈ പ്രയോഗത്തിന്റെ നിരുക്തി കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഒരു തമിഴ് പദത്തെ കൂട്ടുപിടിക്കേണ്ടതായും വരുന്നുണ്ട്. 'പോതും' എന്ന തമിഴ് പദത്തിന് 'മതി' എന്നാണ് അർത്ഥം. ചിലയിടങ്ങളിലെ വാമൊഴി പ്രയോഗത്തിൽ 'പോതും' എന്ന പദം 'പോരും' എന്നായി പരിണമിച്ചിരിക്കുന്നത് കാണാൻ കഴിയും. കരിങ്കൽ, പള്ളിയാടി പ്രദേശങ്ങളിലാണ് ഈ വ്യത്യാസം കൂടുതലായി കാണാൻ കഴിയുന്നത്. "നീ വന്താ(ൽ) പോതും", "അത് മട്ടും കെടച്ചാ (കിടയ്ത്താൽ) പോതും", "ഒരു തടവ (തടവൈ) പാത്താ (പാർത്താൽ) പോതും" എന്നിങ്ങനെ ക്രീയയോടൊപ്പം 'പോതും' ചേർക്കുമ്പോൾത്തന്നെ, പദാർത്ഥത്തിന്റെ അളവിനെ "കൊഞ്ചം പോരും" എന്ന തരത്തിൽ പ്രയോഗിക്കുന്നതും ഇവിടങ്ങളിൽ പതിവാണ്. ഇതിലെ 'പോരും' ആണ് 'ഇത്ത്പ്പോരം' എന്ന പ്രയോഗത്തിന്റെ ഉത്തരപദം എന്ന് അനുമാനിക്കാവുന്നതാണ്. 'പോരും' എന്നത്  പിന്നീട് 'പോരം' ആയി പരിണമിച്ചിരിക്കാൻ ഇടയുണ്ട്. ചിലയിടങ്ങളിൽ കാണുന്ന 'ഇത്തിരി പോരം' എന്ന പ്രയോഗം ഈ നിഗമനത്തെ സാധൂകരിക്കുന്നതാണ്. കാലാന്തരത്തിൽ 'ഇത്തിരി പോരം' ലോപിച്ച് 'ഇത്ത്പ്പോരം' / 'ഇത്ത്പ്പൂരം' ആയി മാറിയിരിക്കാം. " ഇത്തിരി പോരും" എന്നാൽ 'അൽപം മതി' എന്ന് അർത്ഥം. നെയ്യാറ്റിൻകര താലൂക്കിലെ അമരവിള, പാറശ്ശാല, കാഞ്ഞിരംകുളം തുടങ്ങിയ പ്രദേശങ്ങളിലും  കാട്ടാക്കട്ട താലൂക്കിലെ ചില ഭാഗങ്ങളിലും ഈ പ്രയോഗം കാണാം. കേവലം ഒരു ദ്രവ്യത്തിന്റെ അളവ് മാത്രമായല്ല ഇന്ന് ഈ പദം പ്രയോഗിക്കുന്നത്. വിശാലമായ അർത്ഥതലങ്ങൽ അതിനുണ്ട്. ഉദാഹരണത്തിന്, "അപ്പീ നീ ഇത്തുപ്പോരം ക്ഷമിക്ക്" എന്നായാൽ അത് സ്നേഹ വാത്സല്യങ്ങൾ നിറഞ്ഞ ഒരപേക്ഷയോ ഉപദേശമോ ആയി മാറുന്നു. ഇത്തരത്തിൽ മനസിലെ മുറിവോ ശരീരത്തിന്റെ വേദനയോ ഏതൊരു ഭൗതീക വസ്തുവിന്റെയും അളവു കോലോ ഒക്കെയായി താദാത്മ്യപ്പെടാനും അവയെ നിസ്സാരവും ലഘുവുമായി ധ്വനിപ്പിക്കാനും 'ഇത്ത്പ്പോരം' എന്ന വാക്കിന് കഴിയും. ചിലയിടങ്ങളിൽ 'ഉത്തുപ്പോരം',  'ഉത്തുപ്പൂരം' എന്നിങ്ങനെ  '' കാരത്തിനു പകരം ''കാരവും ഉപയോഗിക്കാറുണ്ട്.

 

22 .  കുണ്ടണി : പരദൂഷണം

കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ തൊട്ട് വടക്കോട്ട്, പരക്കെ പ്രചാരത്തിലിരിക്കുന്ന പദമാണ് 'കുണ്ടണി'. അതിനാൽ ഈ വാക്ക് അന്നാട്ടുകാരായ തമിഴരുടെ സംഭാവനയെന്ന് തീർത്തും അനുമാനിക്കാവുന്നതാണ്. അവരിൽ നിന്നും അതിർത്തി പ്രദേശങ്ങളിൽ ഈ പ്രയോഗം വ്യാപിച്ചതാവും. "കുണ്ടണി പറയുക" എന്നതിന് പരദൂഷണം പറയുക, ഏഷണി പറയുക എന്നിങ്ങനെ അർത്ഥം കൽപിക്കപ്പെടുന്നു. 'കുണ്ടണി' ആരോപിക്കപ്പെടുന്നത് അധികവും സ്ത്രീകളിലാണ് എന്നതാണ് ഇവിടെ രസകരമായ വസ്തുത. ഏതെങ്കിലും ഒരു പുരുഷനെ 'കുണ്ടണി പറയുന്നവൻ' ആയി കണക്കാക്കുന്നത് അപൂർവ്വം. അതേ സമയം കുണ്ടണി 'കേൾക്കാൻ' അവന് കഴിയും. 'കുണ്ടണി പറച്ചിലി'ൽ അധികവും സ്ത്രീ കർത്താവായി വരുന്നുവെന്ന് സാരം. ഏഷണിയും പരദൂഷണവും സ്ത്രീകളിലാണ് കൂടുതൽ എന്ന പരമ്പരാഗത തമാശയിൽ പടുത്തുയർത്തപ്പെട്ട ഒരു വാക്കായി 'കുണ്ടണി' യെ കണക്കാക്കാം. പക്ഷേ 'കുണ്ടണി പറച്ചിൽ' അതീവ ഗൗരവതരമായ പ്രവൃത്തിയാണ്. ഭിന്നിപ്പുണ്ടാക്കുക, മനസിൽ വിഷം കുത്തിവയ്ക്കുക, ഒരാളോട് അവമതിപ്പുളവാക്കുക എന്നിവ ഇതിന്റെ ലക്ഷ്യങ്ങളാണ്. ആജന്മശത്രുതയും സംഘട്ടനവുമാകും ഫലം.

 

23 .  തോനെ : ധാരാളം

തെയ്യാറ്റിൻകര താലൂക്കിലെ നാടാർ സമുദായത്തിൽപ്പെട്ട ആളുകളുടെ വാമൊഴി പ്രയോഗങ്ങളിലാണ് 'തോനെ' എന്ന പദം കൂടുതലായി പ്രയോഗിച്ചു കാണുന്നത്. തമിഴ് സംസാരിക്കുന്നവർക്ക് ഈ പദം തീർത്തും അപരിചിതമാണ്. 'നിറയെ' എന്നഅർത്ഥത്തിലാണ് 'തോനെ' എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നത്. "തോനെ ആയിപ്പോയി" എന്ന് അനുപ്രയോഗം ചേർത്ത് പറയുമ്പോൾ ഏതെങ്കിലും ഒരു സാധനം ആവശ്യത്തിലും അധികമായിപ്പോയി എന്ന ധ്വനിയാണുള്ളത്. ഭക്ഷണത്തിന്റെ അളവോ വസ്ത്രത്തിന്റെ എണ്ണക്കൂടുതലോ മറ്റേതെങ്കിലും ദ്രവ്യത്തിന്റെ ധാരാളിത്തമോ ഇത് സൂചിപ്പിക്കുന്നു. ചില അവസരങ്ങളിൽ "തോനെ വഴക്കു പറഞ്ഞു" എന്നും മറ്റും പ്രയോഗിച്ചു കേട്ടിട്ടുണ്ട്. എന്നാൽ "വെള്ളം തോനെ കുടിക്കണം" എന്ന തരത്തിലുള്ള പ്രയോഗങ്ങളും കാണാം. ഇവിടെ 'ആവശ്യത്തിലധികം' എന്ന അർത്ഥമല്ല, 'ധാരാളം' എന്ന അർത്ഥമാണുള്ളതെന്നും കണ്ടെത്താം. തിരുവനന്തപുരം ജില്ലയിൽ എല്ലായിടത്തും ഈ പദം പ്രചാരത്തിൽ ഇല്ല എന്നതും എടുത്തുപറയത്തക്കതാണ്.

 

24 .  വീത്തുക : ഒഴിക്കുക

'വീഴ്ത്തുക' എന്ന പദം ലോപിച്ച് 'വീത്തുക' എന്നായിത്തീർന്നതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാൻ സാധ്യതയുണ്ട്. എന്നാൽ ഈ വാക്ക് തമിഴിൽ നിന്നും വന്നതാകാനാണ് സാധ്യത. ദ്രാവകങ്ങൾക്ക് മാത്രം ബാധകമാകുന്ന തരത്തിൽ 'ഒഴിക്കുക' എന്ന അർത്ഥത്തിലാണ് ഇത് ഉപയോഗിക്കുന്നത്. "വെള്ളം ഒഴിക്ക് " എന്നതിന് ശരിയായ തമിഴ് രൂപം "തണ്ണീർ ഊറ്റ്റവും " (தண்ணீர் ஊற்றவும்) എന്നാണ്. തമിഴർ ഇതിനെ സംസാരഭാഷയിൽ പ്രയോഗിക്കുന്നത് ശ്രദ്ധിച്ചാൽ "തണ്ണി വൂത്ത്" എന്ന് കേൾക്കാൻ സാധിക്കും. ഇതിലെ 'വൂത്ത്' ആണ് 'വീത്ത്' ആയി പരിണമിച്ചിരിക്കുന്നത്. കേവലക്രിയാ രൂപത്തിൽ 'വീത്തുക' എന്ന് ഈ പദം പ്രയോഗിക്കപ്പെടാറില്ല. മറിച്ച്, 'വീത്ത്', 'വീത്തണം', 'വീത്താം' 'വീത്തും' എന്നിങ്ങനെ പല പ്രകാരങ്ങളായാണ് ഇതിന്റെ ഉപയോഗം കാണപ്പെടുന്നത്. "വെള്ളം വീത്തി കഴുകണം", "ചോറില്  രസം വീത്തി തിന്നാ(ൽ) നന്നായിരിക്കും", "ഇത്ത്പ്പോരം സോഡാ കൂടി വീത്ത്" എന്നിങ്ങനെയൊക്കെയുള്ള പ്രയോഗങ്ങൾ തിരുവനന്തപുരം ജില്ലയിൽ ഒട്ടുമുക്കാൽ സ്ഥലങ്ങളിലും സർവ്വസാധാരണമായി കാണാം.

25 .  പിതുക്കുക: ഞെക്കുക

ഫലങ്ങൾ പഴുത്തോ എന്നറിയാനായി വിരലുകൾ കൊണ്ട് ചെറുതായി അമർത്തി നോക്കുന്നതിനെ 'പിതുക്കി നോക്കുക' എന്നാണ് പറയാറ്. 'അമർത്തുക', 'ഞെക്കുക' എന്നീ പ്രയോഗങ്ങൾക്ക് തത്തുല്യമായ അർത്ഥം തന്നെയാണ് 'പിതുക്കുക' എന്ന വാക്കിനും ഉള്ളത്. പ്രയോഗ രീതിയിലും സമാനതയുണ്ടെന്ന് കാണാം. ബലം പ്രയോഗിച്ചുള്ള അമർത്തലാണെങ്കിൽ "നല്ല പോലെ പിതുക്കണം" എന്ന തരത്തിൽ വിശേഷണം കൂടിയുണ്ടാവും. പ്രഥമ ശുശ്രൂഷയായ CPR പോലുള്ള പ്രവൃത്തികളും ഇതിൽപ്പെടുത്താം. പക്ഷേ പുതു തലമുറ മനപ്പൂർവ്വമായി 'പിതുക്കുക' എന്ന വാക്ക് ഒഴിവാക്കി സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. അൽപകാലം കഴിയുമ്പോൾ പാറശ്ശാല പോലുള്ള അതിർത്തി പ്രദേശങ്ങളിൽ പോലും മലയാളം സംസാരിക്കുന്നവർക്കിടയിൽ നിന്നും ഈ പദം മാഞ്ഞു പോകാൻ സാധ്യതയുണ്ട്. എന്നാൽ ഒരു തമിഴ് ഭാഷാ പ്രയോഗമല്ലെങ്കിലും കളിയിക്കാവിള മുതലുള്ള തമിഴ്നാട്ടിന്റെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ സർവ്വസാധാരണമായി ഈ വാക്ക് ഉപയോഗിക്കുന്നത് കാണാം. അതിനാൽ അവിടെ കൂടുതൽ കാലം ഈ പദം നിലനിൽക്കാനും ഭാവിയിൽ ഇത് തമിഴരുടെ മാത്രം പ്രാദേശിക ഭേദമായി കണക്കാക്കപ്പെടാനും സാധ്യതയുണ്ട്.

( തുടരും )

വിജു പാറശ്ശാല

💧💧💧💧💧💧💧💧



BUY NOW




No comments:

Post a Comment