Wednesday, September 28, 2022

താഴ് വരകളിലെ നിശബ്ദത ( കവിത ) അളകനന്ദ കെ , AVS GHSS , കരിവെള്ളൂർ , HSS വിഭാഗം

 താഴ്വരകളിലെ നിശബ്ദത

 


മൊഴിയുവാനിനിയും ഏറെക്കിടക്കെ

പകരുവാൻ കഴിയാത്തവയെയോർത്ത് നീറിക്കിടക്കെ

വാക്കുകൾ വാചാലമാകുമ്പോൾ

എന്തിനു നീ തിരികെ നടപ്പൂ

 

വിങ്ങലുകൾ ഏങ്ങലുകളാകുമ്പോൾ

ഹൃദയത്തിൻ വേവുകൾ കണ്ണുനീർ മന്ത്രിക്കുമ്പോൾ

വറ്റി വരണ്ട കണ്ണുകൾ പരാതി പറയുമ്പോൾ

എന്തേ നീ ഉറക്കെ കരഞ്ഞീല…. എന്തേ നീ മിഴികൾ തുറന്നീല …

 

പൂവേ നീ ഒന്ന് അറിയുക ഇരുട്ടുമൂടിയ ആ താഴ് വരയിലെ

ചായം വീശിയ ആ ചുവരുകൾക്കിടയിൽ, നിറം മങ്ങിയ

ജാലകങ്ങളിലെ ഇരുമ്പ് കമ്പികൾ

നിന്നെ ഉണർത്താൻ വെമ്പുമ്പോൾ

അത് നിൻറെ മുറിവുകൾ ഉണക്കുവാൻ വേണ്ടി ….

 

മാനംകെട്ട ഈ ലോകത്ത് നീ

മൗനം വെടിയാതെ ജീവിക്കാൻ മുതിർന്നാൽ

നീയല്ല നീയും നിന്റെ കായും അവയുടെ പൂവും

വിടരാൻ മടിക്കും.

 

ബന്ധത്തിൻറെ വേരുകൾ അറ്റുപോം കാലത്തിൽ

അവൻറെ ബീജം പൊട്ടിമുളച്ചയിടം അവൻ

മറന്നുപോകുമ്പോൾ

എന്തിനു നീ മൗനിയാകണം

വഴി മാറിപ്പോം കാലനെയെന്തിന് ഗൂഗിൾമാപ്പേന്തി

വിളിക്കുന്നു സഖേ

നീയല്ല നിശബ്ദയാകേണ്ടത് അവർ അമ്മയെയും

പെണ്ണിനെയും മറന്ന് സ്ത്രീയെ പണ്ടമായ്

തിരിക്കുന്നവർ

രക്തം

ചീന്തുന്ന ആ കണ്ണുകളാകട്ടെ

നിശബ്ദരാം കൊലയാളികൾ

 





( വായന മാസാചരണത്തിന്റെ ഭാഗമായി പി എൻ ഫൗണ്ടേഷൻ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവ ചേർന്ന് ജില്ലാതലത്തിൽ ( കണ്ണൂർ ) സംഘടിപ്പിച്ച രചനാ മത്സത്തിൽ , കവിതാരചനയ്ക്ക് രണ്ടാം സ്ഥാനം നേടിയ കവിത )

No comments:

Post a Comment