1 . ആണറകളും പെണ്ണറകളും നമ്മളോട് പറയുന്നത് .....
വാജ്ദ - എന്ന ചലച്ചിത്രത്തിൽ ആകാശപ്പൊക്കത്തിൽ
ഉയർത്തിയ മതിലുകൾക്കകത്തെ സ്കൂളുകൾ നമ്മോട് പറയുന്നത് എന്താണ് ?
ആൺ തടവറകളും പെൺ തടവറകളും.
ആണിന്റെ ശബ്ദം കേൾക്കുന്നതു തന്നെ ഹറാമെന്ന് ടീച്ചർ പെൺകുട്ടികളോട്
പറയുന്നുണ്ട്. അതിനാൽ കണ്ണൊഴികെ ബാക്കിയെല്ലാം പൊതിഞ്ഞ്....
അത്തരം രീതികൾ ആധുനിക കാലത്തിന് യോജിച്ചതല്ല എന്ന്
കൊച്ചു കുട്ടികൾക്കു പോലും അറിയാം.
അതിനാൽ നാം അതിനെ അപലപിക്കും...
അപരിഷ്കൃതം എന്ന് പരിഹസിക്കും !
എവിടെ നിന്നു കൊണ്ട് ?
കേരളത്തിൽ -
ഇവിടെയും ,
ഏറിയോ കുറഞ്ഞതോ ആയ അളവിൽ അത്തരം രീതികളുള്ള വിദ്യാലയങ്ങൾ ഇല്ലേ ?
തീർച്ചയായും ഉണ്ട്.
പെൺ പള്ളിക്കൂടങ്ങൾ...
ആൺ പള്ളിക്കൂടങ്ങൾ ...
ഒരുമിച്ച് ഇരുന്നു പഠിക്കുന്ന സങ്കല്പനങ്ങളാണ് വിദ്യാഭ്യാസ രീതി ശാസ്ത്രം
മുന്നോട്ടുവയ്ക്കുന്നത്.
ആരോഗ്യകരമായ സമൂഹ്യ ജീവിതത്തിന് അതാണ് അഭികാമ്യമായിട്ടുള്ളതും.
എന്നിട്ടുമെന്തേ രണ്ടറകൾ ...
വേലികെട്ടി തിരിച്ച് എന്തു വിദ്യാഭ്യാസമാണ് നൽകുന്നത് ?
എല്ലാ പൊതു വിദ്യാലയങ്ങളും മിക്സഡ് സ്കൂളുകൾ ആക്കേണ്ടതല്ലേ?
പരസ്പരം സ്നേഹിച്ചും സഹായിച്ചും അല്ലേ
വളരേണ്ടത് ?
തുല്യനീതിയും സമത്വവും ഉണ്ട് എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കേണ്ടതല്ലേ?
പെൺപള്ളിക്കൂടം മതി!
മകളാണെങ്കിൽ രക്ഷാകർത്താക്കൾക്ക് പെൺതടവറ മതിയത്രെ.
ആൺകുട്ടികളിൽ നിന്ന് രക്ഷിക്കാൻ -
സിസ്റ്റർമാരുടെ താവളമാണെങ്കിൽ എറെ നന്ന്-
കഷ്ടം!
ആൺകുട്ടികളൊക്കെ സാമൂഹ്യ വിരുദ്ധന്മാരാണോ?
വിശുദ്ധ സ്കൂളിൽ പഠിച്ചിട്ട് , ഏത് പെണ്ണരശു നാട്ടിലാണ് ജീവിക്കാൻ പോകുന്നത്?
ആണറകൾ
ഇങ്ങനെയും കുറേയെണ്ണമുണ്ട് -
ബോയ്സ് സ്കൂളുകൾ -
ഋഷ്യശൃംഗന്മാരുടെ താവളം ...
ഇത്തിരി കുറുമ്പന്മാരെ പാർപ്പിക്കുന്നിടം.
അധ്യാപകർ പറയുന്നത് അവിടങ്ങളിൽ ജോലി ചെയ്യാൻ വലിയ റിസ്ക് ഇല്ലെന്നാണ്.
ആൺ കുട്ടികൾ മാത്രമല്ലേയുള്ളൂ...
പിന്നിട് ,
ഋഷ്യശൃംഗന്മാരെ എത് പർണ്ണാശ്രമത്തിലാണാവോ ആട്ടിത്തെളിക്കുന്നത്?
മിക്സഡ്
മിക്സഡ് സ്കൂളുകളിൽ വൈകാരിക പ്രശ്നങ്ങൾ കുറവാണ്.
പരസ്പരം മനസ്സിലാക്കിയും സഹായിച്ചും മുന്നോട്ടു പോകും.
അതല്ലേ വേണ്ടത്?
എന്നാൽ ,
ഇൻറർനാഷണൽ ആക്കുന്നതോടൊപ്പം ഇതും കൂടി പരിഗണിക്കേണ്ടതല്ലേ.
ആണറകളിൽ പെൺകുട്ടികൾക്കും
പെണ്ണറകളിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുക.
ഒറ്റയൊറ്റ തുരുത്തുകൾ പുതിയ കാലത്തിന് തീരെ യോജിച്ചതല്ല.
പിൻമൊഴി - ആൺകുട്ടി വന്നാൽ സ്കൂളിന്റെ ആകാശം നിലംപൊത്തുമെന്നും പെൺകുട്ടി വന്നാൽ സ്കൂളിന്റെ അടിത്തറ ഇളകുമെന്നും കരുതുന്ന മത ജീവികളെ , രാഷ്ട്രീയ ഭിക്ഷാംദേഹികളെ , വരട്ടു തത്വ വാദികളെ, സദാചാര കുഞ്ഞാടുകളെ പുച്ഛത്തോടെ അവഗണിക്കുക !