+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Friday, July 15, 2022

ചലച്ചിത്രങ്ങൾക്ക് സാഹിത്യവുമായുള്ള.....

 



ചലച്ചിത്രങ്ങൾക്ക് സാഹിത്യവുമായുള്ള ഗാഢബന്ധം (ബന്ധത്തിന്റെ ഗാഢത പ്രമേയസ്വീകരണത്തിൽ മാത്രമായി ഒതുങ്ങുന്നതല്ല, സാഹിത്യത്തിന്റെ സംസ്കാരം സംഭാഷണങ്ങളിലും ദൃശ്യതയിലുമൊക്കെ ഇടകലരുന്നതാണ്. ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമായി അതു കൂടിക്കലരുന്ന അവസ്ഥയെയാണുദ്ദേശിച്ചത്) ഇടക്കാല ഇളക്കങ്ങളിലൊന്നായിരുന്നു. സാഹിത്യം സിനിമയേക്കാൾ സീനിയറാണ്. ആ ബഹുമാനം സാംസ്കാരികമായി അത് അർഹിക്കുന്നുണ്ട്. ആ ബഹുമാനം ഉണ്ടാവണമെങ്കിൽ സാഹിത്യത്തിനകത്ത് ജനിച്ചു ശ്വസിച്ചു ജീവിക്കുന്ന ഒരു തലമുറയുടെ സജീവസാന്നിദ്ധ്യം മാധ്യമമേഖലയിൽ വേണം.

നമ്മുടെ പരീക്ഷണ സിനിമകൾ (ആ വിളിപ്പേര് ശരിയാണെങ്കിൽ) സാഹിത്യവുമായി ബന്ധപ്പെടുന്നത് പലപ്പോഴും സമകാലികമായല്ല എന്നു തോന്നിയിട്ടുണ്ട്. സോദേശകമായി സാഹിത്യത്തിലേക്ക് തിരിയേണ്ടി വരുമ്പോൾ ചലച്ചിത്രങ്ങൾ കുറച്ചു പഴയകാലത്തിലേക്ക് നോക്കുകയാണ് പതിവ്. അതേസമയം സമകാലിക മലയാള സാഹിത്യത്തിന്റെ ലോകനിലവാരത്തെപ്പറ്റി ഒട്ടും കുറവില്ലാതെ വാചാലരാണ് ഭൂരിപക്ഷവും. പുതുതരംഗ ചിത്രങ്ങൾതന്നെ മാധ്യമപരമായി ഏറെ മുന്നിലായിരിക്കുമ്പോഴും അതിലെ ആശയഗതികൾ പഴഞ്ചൻ സ്വഭാവം തത്ത്വദീക്ഷയിലലതെ പ്രകടിപ്പിച്ചേക്കും. പ്രതിബദ്ധതയുടെ കൂടുതൽകൊണ്ടുകൂടിയാണ് ഇത് സംഭവിക്കുന്നതെന്നു തോന്നുന്നു. പത്തോ അതിലധികമോ വർഷം മുൻപുള്ള ക്യാമ്പസ്സുകൾ ചർച്ച ചെയ്ത ആശയങ്ങൾ ഒരു ഭേദഗതിയും ഇല്ലാതെ പുത്തൻ ആശയങ്ങളായി സമാന്തര സിനിമകളിൽ പലതിലും കടന്നു വരുന്നതു കാണാം. ( ക്യാമ്പസ് ചിത്രീകരണമല്ല ഉദ്ദേശിക്കുന്നത്) ‘ദൈവം മരിച്ചു’ എന്നൊക്കെ വൈകാരികമായി ആവർത്തിക്കുന്നത് അടുത്തകാലത്ത് ഒരു സിനിമയിൽ കണ്ടു. അങ്ങനെ പല ഉദാഹരണങ്ങളുണ്ട്.
മാതൃഭൂമിയിൽ സി എസ് വെങ്കിടേശ്വരൻ എഴുതിയ ശേഷം ഭാഗം സ്ക്രീനിൽ മാത്രമല്ല എന്ന ന്യൂ ജനറേഷനിലെ പുതിയ പൊടിപ്പുകളെപ്പറ്റി വായിച്ചപ്പോഴും ഈ സംശയം പ്രബലമായി. കൃഷ്ണേന്ദുവിന്റെ പ്രാപ്പെടയിൽ ബഷീറിന്റെ യുദ്ധം അവസാനിക്കണമെങ്കിൽ എന്ന കഥയിലെ പ്രസിദ്ധമായ ‘വരട്ടുചൊറി സിദ്ധാന്തം’ ഉദ്ധരണിയായി അവതരിപ്പിച്ചിരിക്കുന്നതായി സി എസ് എഴുതിയിട്ടുണ്ട്. പുതിയതലമുറയ്ക്കു വേണ്ടി ചലച്ചിത്രങ്ങൾ അവയുടെ രൂപവും പ്രമേയവും പരിചരണ രീതികളും പരിഷ്കരിച്ചു കഴിഞ്ഞു. ചലച്ചിത്രമാധ്യമത്തെക്കുറിച്ച് അസാധാരണമായ ധാരണകൾ വച്ചു പുലർത്തുന്ന തലമുറയും രൂപപ്പെട്ടു കഴിഞ്ഞു. അവരുടെ ധാരണകളെ വിപുലമാക്കുന്നതിനാവശ്യമായ വിവരങ്ങളുടെ കുത്തൊഴുക്കും മുന്നിലുണ്ട്. എങ്കിലും നമ്മുടെ ചലച്ചിത്രങ്ങൾ സാംസ്കാരികമായ ഹൈപ്പോ ലിങ്കുകളെ (പൂർവസാഹിത്യപാഠങ്ങളെ) തൊടുമ്പോൾ കാണിക്കുന്നതിനേക്കാൾ പുതുമ, തിരിച്ച് സാഹിത്യം ചലച്ചിത്രങ്ങളെ പൂർവപാഠങ്ങളായി (ഹൈപ്പോലിങ്കുകളായി) തെരെഞ്ഞെടുക്കുമ്പോൾ കാണിക്കാറുണ്ട്.
ചലച്ചിത്രങ്ങളെ പൂർവപാഠങ്ങളാക്കുന്ന കഥാസാഹിത്യം അതിന്റെ സ്വാഭാവികമായ രീതിയുപയോഗിച്ച് നവീകരണത്തിനു വിധേയമാക്കുന്നു. ധാരാളം ഉദാഹരണങ്ങൾ സമീപകാലത്തുതന്നെ ഉണ്ടായിട്ടുണ്ട്, നോവലായും കഥകളായും കവിതകളായും. അധികദൂരം പോകണ്ടതില്ല, ഇതേ മാതൃഭൂമിയിലെ ആർ ശ്യാംകൃഷ്ണന്റെ കഥ, മഹേഷിന്റെ പ്രതികാരം, ആ പേരുള്ള ദിലീഷ് പോത്തന്റെ സിനിമയുടെ ഹൈപ്പർ ലിങ്കാണ്. ചലച്ചിത്രത്തിന്റെ പല ഘടകങ്ങളെയും - പ്രധാനമായും അതിന്റെ പേരുമുതൽ തുടങ്ങുന്ന അസാധാരണമായ ലാളിത്യം തന്നെ - കഥ സ്വാംശീകരിച്ചിട്ടുണ്ട്. അക്രമം പ്രകൃതി ഭക്ഷണം രോഗം ആണത്തം (പെണ്ണത്തം) ലൈംഗികത ബന്ധുത്വം ഇങ്ങനെ ചലച്ചിത്രം ചർച്ച ചെയ്ത പലതിനെയും കഥയും സ്വീകരിച്ചിരിക്കുന്നു. ഇണകളുടെ ആകർഷണം, ചേർച്ച എന്ന സംഗതിയിൽ കാലാനുസൃതമായ വീക്ഷനവ്യത്യാസത്തെ തുന്നിചേർത്തു പിടിപ്പിച്ചുകൊണ്ടാണ് ചലച്ചിത്രത്തിൽനിന്നും കഥ വഴിമാറി നടക്കുന്നത്. ഒരർത്ഥത്തിൽ അതിൽ ഒരു പ്രതിബദ്ധതയാണ് ഓളം വെട്ടുന്നത്, യുദ്ധം ഉണ്ടാവാതിരിക്കണമെങ്കിൽ എല്ലാവർക്കും ഒന്നൊഴിയാതെ വരട്ടു ചൊറി വരണമെന്ന, തമാശരൂപത്തിലുള്ള, പഴയ ബഷീറിയൻ നിരീക്ഷണമാണ് ഇവിടെയും പാഠഭേദത്തിനു വിധേയമാകുന്നത്. യുദ്ധത്തിന്റെ വ്യക്തിഗതരൂപകമായ, രണ്ടു മനുഷ്യർ തമ്മിലുള്ള പക ഇല്ലാതാവാൻ രോഗമോ ദുരിതമോ മതിയെന്ന ലളിതമായ സങ്കല്പത്തെ കഥാകൃത്തും കൂട്ടു പിടിക്കുന്നു.
എന്നാൽ അത് അവിടെനിന്ന് കുറച്ചുകൂടി മുന്നോട്ടു കയറി സഞ്ചരിക്കുന്നത്, ആണത്തത്തെയും (മഹേഷിനു ലിംഗം നഷ്ടപ്പെടുന്നു) പെണ്ണത്തത്തെയും (ജിൻസിക്ക് മുലകൾ ഇല്ല) സംബന്ധിക്കുന്ന ഒരു വീക്ഷണത്തെകൂടി പരിഗണിച്ചുകൊണ്ടാണ്. (മനശ്ശാസ്ത്രപരമായി നോക്കിയാൽ ആണിന്റെ ലിംഗം പെണ്ണിനെ സ്വന്തം അഭാവത്തെക്കുറിച്ചുള്ള ഓർമ്മകളിലും (ലിംഗാസൂയ) സ്ഥിരമായ അപകർഷത്തിലും തടഞ്ഞിടുന്നു എന്ന വാദത്തെ സ്ത്രീവാദികൾ ഖണ്ഡിച്ചത്, ലിംഗം അധിക വളർച്ചയാണെന്നും അതുകൊണ്ട് അതൊരു വൈകല്യമാണെന്നും പറഞ്ഞാണ്. അങ്ങനെയാണെങ്കിൽ മുലകളും ഈ അധികവളർച്ചയുടെ ആരോപണത്തിന്റെ പങ്ക് ഉടൻ വന്നു പറ്റും. അതുവഴി വൈകല്യാരാപണത്തിനുള്ള സാധ്യത ക്ഷണിച്ചു വരുത്തുകയും ചെയ്യും. ‘മഹേഷിന്റെ പ്രതികാരമെന്ന കഥ ഈ രണ്ട് അവയവങ്ങളെയും റദ്ദു ചെയ്തുകൊണ്ട് പരസ്പരാകർഷണത്തെ ശാരീരികതയിൽനിന്ന് സാഹിത്യത്തിന്റെ പതിവനുസരിച്ച് മോചിപ്പിച്ചെടുക്കുന്നു. ചലച്ചിത്രത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽനിന്ന് വ്യത്യസ്തമാണ് ഈ മാറ്റം. ഓൺ ദ സിനിമ എന്ന ലേഖനത്തിൽ ഐറിസ് മർഡോക്ക് എഴുതി : "സിനിമയ്ക്ക് പരമമായ പരിഗണന നൽകുന്ന ഒരു പ്രകൃതിദത്ത വസ്തുവുണ്ട്, അത് മനുഷ്യശരീരമാണ്, പ്രത്യേകിച്ച് ആ 'ഏറ്റവും രസകരമായ ഉപരിതലം', മുഖം. സാഹിത്യത്തിന് ആ ബാധ്യതയില്ല. അതുകൊണ്ട് എളുപ്പം അതിനു രാഗത്തെ മാംസനിബദ്ധമല്ലാതാക്കാം എന്നു മാത്രമല്ല, അതുവച്ച് തത്ത്വവും ഉണ്ടാക്കാം.
ചലച്ചിത്രങ്ങളുടെ മുഖ്യധാരാ ചരിത്രം പ്രണയാനുഭൂതികളുടെ ചരിത്രംകൂടിയാണല്ലോ. ആണിനെയും പെണ്ണിനെയും അവരുടെ പരസ്പരാകർഷണത്തെയും പറ്റിയുള്ള പരമ്പരാഗത സങ്കല്പത്തെ പ്രതികാരവാശിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചു ചലച്ചിത്രം സുഖിപ്പിച്ചതിന്റെ മറ്റൊരു വശത്തിലാണ് കഥയുടെ ഊന്നൽ. അതും ശുഭാന്ത്യമാണ്. ജിൻസിയുടെയും മഹേഷിന്റെയും ശാരീരിക സൗന്ദര്യവും പരസ്പരാകർഷണവുമാണ് ചലച്ചിത്രത്തിന്റെ അബോധാത്മകമായ പ്രലോഭനമെങ്കിൽ സിനിമയുമായുള്ള പൂർവബന്ധം ശീർഷകത്തിലൂടെയും പശ്ചാത്തലത്തിലൂടെയും കഥാപാത്രങ്ങളുടെ പേരുകളിലൂടെയും സ്ഥാപിച്ചെടുത്തിട്ട് തീർത്തും ശരീരബദ്ധമല്ലാത്തതും എന്നാൽ ദാമ്പത്യാധിഷ്ഠിതവുമായ പുതിയ ബന്ധസ്ഥാപനത്തിനു ഉത്സാഹിക്കുകയാണ് കഥ ചെയ്യുന്നത്. ഒരു മാധ്യമം സ്നേഹം കാണിച്ച് മറ്റേ മാധ്യമത്തിന്റെ തോളിൽ കൈയിട്ടുനിന്നിട്ട്, അതിനെ പാടെ റദ്ദു ചെയ്യുന്നതിനെയും അപനിർമ്മാണം എന്നു പറയാമല്ലോ.
ഈ വോൾട്ടേജിൽ, കൂടുതൽ ആവൃത്തിയിൽ സാഹിത്യവുമായി ബന്ധപ്പെടാൻ ചലച്ചിത്രങ്ങൾക്ക് കഴിയുന്നുണ്ടോ, ഭാവിയിൽ കഴിയുമോ എന്നൊക്കെയുള്ള ആലോചന ഒരു പക്ഷേ സ്വകീയ ചലച്ചിത്രങ്ങളെപ്പറ്റിയുള്ള ആലോചനയോളം വലിപ്പമുള്ളവയാണ്.

R P ശിവകുമാർ

No comments:

Post a Comment