Monday, July 18, 2022

അടിമ ( കഥ ) കെ എസ് ബിനുലാൽ

 


ഒരിക്കൽ പിതാവിനോടൊപ്പം കുതിരപ്പുറത്തു സഞ്ചരിച്ചിച്ചു കൊണ്ടിരുന്നപ്പോൾ രാജകുമാരിക്ക് വഴിയിൽ കണ്ട തവിട്ടു നിറത്തിലുള്ള കരുത്തുറ്റ കുതിരയെ സ്വന്തമാക്കണമെന്ന് മോഹം തോന്നി. കാടിനുള്ളിൽ മദിച്ചു നടന്ന  നീലകണ്ണുകളുള്ള സുന്ദരനെ ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ രാജകുമാരിക്ക് സ്വന്തമായിക്കിട്ടി.

ഈ കുതിര തന്നെ മാത്രം അനുസരിക്കണമെന്നും തന്റെ മാത്രം അടിമയായിരിക്കണമെന്നും രാജകുമാരി ആഗ്രഹിച്ചു. മറ്റാരും തന്നെ കുതിരയെ പരിചരിക്കുന്നത് രാജകുമാരിക്ക് ഇഷ്ടമായിരുന്നില്ല. എല്ലാ ദിവസവും ക്യത്യസമയത്ത് കുതിരയ്ക്ക് ആഹാരം കൊടുക്കുകയും എണ്ണ തേച്ച് മിനുസപ്പെടുത്തുകയും ചെയ്യും. വൈകുന്നേരങ്ങളിൽ കുതിരപ്പുറത്തു കയറി താഴ്വാരങ്ങൾ താണ്ടി ഇതുവരെ കാണാത്ത ഇടങ്ങളിലെലേക്ക്  സവാരി നടത്തും.

കാലങ്ങൾ കഴിഞ്ഞു പോയി. കുതിരയ്ക്കും രാജകുമാരിക്കും പ്രായമായി. രാജകുമാരി കുതിരയെ പരിചരിക്കുന്നതിൽ മടി കാണിക്കാൻ തുടങ്ങി. കുതിരയോട് കയർക്കാനും പരിഭവം പറയാനും തുടങ്ങി. വേണമെങ്കിൽ തനിയെ പുല്ലുമേഞ്ഞു കൊള്ളാൻ ആവശ്യപ്പെട്ടു. കുറ്റിയിൽ നിന്നും അതിനെ  അഴിച്ചു വിട്ടു. ആവശ്യപ്പെടുമ്പോൾ തന്റെയടുത്ത് എത്തണമെന്നും ആജ്ഞാപിച്ചു. എന്നാൽ കുതിരയ്ക്ക് തനിയെ പുല്ലു മേയാൻ കഴിയുമായിരുന്നില്ല. അവൻ തീൻ മേശയ്ക്ക് ചുറ്റും വട്ടം ചുറ്റി നടന്നു.

പതിവുപോലെ ഉല്ലാസ സവാരിക്ക് പോകുമ്പോൾ രാജകുമാരിക്ക് സന്തോഷം തോന്നിയില്ല. കുതിരയ്ക്ക് പഴയ വേഗതയോ താളമോ വീണ്ടെടുക്കാനുമായില്ല. രാജകുമാരിക്ക് ദേഷ്യം വന്നു. മലമുകളിലെ പാറയിടുക്കുകളിലേയ്ക്ക് സവാരി നടത്തണമെന്ന് അവൾ വാശിപിടിച്ചു. ഗത്യന്തരമില്ലാതെ കുതിര അതനുസരിച്ചു. ആ യാത്രയിൽ ഇരുവരും മല മുകളിൽ നിന്ന് വീണ് പരിക്കേല്ക്കുകയും കൊടുംകാടിനുള്ളിൽ കുടുങ്ങിപ്പോകുകയും ചെയ്തു. അതുവഴി പോയ സന്യാസിമാർ രണ്ടു പേരെയും രക്ഷപ്പെടുത്തി ആശ്രമത്തിലെത്തിച്ചു.

ആശ്രമത്തിലെത്തിയ രാജകുമാരി സന്യാസിമാരോടായി വിലപിച്ചു. ഞാൻ ഒരടിമയെപ്പോലെ ഇത്രയും കാലം ഇതിനെ തീറ്റിപ്പോറ്റി. ഒന്നിനും കൊള്ളാത്ത ഒന്നിനു വേണ്ടി എന്റെ ജീവിതം ഇങ്ങനെ പാഴാക്കിയല്ലോ. വേറെയാർക്കും ഈ ഗതി വരുത്തരുതേ…

ഇതു കേട്ട് ഒന്നു രണ്ട് സന്യാസിമാർക്ക് വിഷമമായി. അവർ തർക്കത്തിൽ ഏർപ്പെട്ടു. ആരായിരുന്നു യഥാർത്ഥത്തിൽ അടിമ? അവർ കുതിരയെയോ സ്ത്രീയെയോ പരിചരിച്ചില്ല. സന്യാസിമാർ നീണ്ടകാലം വാഗ്വാദത്തിലേർപ്പെടുകയും ഒടുവിൽ  തമ്മിലടിച്ച് മരിക്കുകയും ചെയ്തു.



No comments:

Post a Comment