+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Monday, July 18, 2022

ശിവൻ്റെ പേജ് : Post - 3 📌മൂല്യനിർണ്ണയ ക്യാമ്പിലെ പരീക്ഷാ പേപ്പറുകളിലെ......

 


മൂല്യനിർണ്ണയ ക്യാമ്പിലെ പരീക്ഷാ പേപ്പറുകളിലെ തമാശകൾ, ഫലിതബിന്ദുക്കൾപോലെ വർഷാവർഷം പ്രചരിക്കുന്ന പരിപാടിയുണ്ട്. ചലച്ചിത്രം പോലെ എല്ലാവർക്കും അറിയാവുന്ന വിഷയമായതുകൊണ്ട് മലയാളം പേപ്പറുകളാണ് ഈ കൂട്ടത്തിൽ ജനകീയർ. ഇത്തവണ ഹയർ സെക്കന്ററി രണ്ടാംവർഷത്തെ മലയാളം പേപ്പറിലെ 29-മത്തെ ചോദ്യത്തിന് ഏതോ കുട്ടിയെഴുതിയ ഉത്തരമാണ് തമാശയ്ക്ക് പാത്രമായത്. മനോരമ ഓൺലൈനിൽ വന്ന വാർത്ത വ്യാപകമായി വാട്സാപ്പുകൾ വഴി പ്രചരിക്കുകയും ചെയ്തു. ചിരിക്കേണ്ടവർ ചിരിക്കുകയും ചിന്താമഗ്നരാവേണ്ടവർ അതാവുകയും ചെയ്തു എല്ലാം പതിവിൻപടിതന്നെ.കുട്ടികൾ എഴുതുന്ന ഉത്തരങ്ങൾ ഇങ്ങനെ മാധ്യമങ്ങൾ വഴി പൊതുസമൂഹത്തിനു മുന്നിൽ പരിഹാസത്തിനും വിശകലനത്തിനുമായി ഇട്ടു കൊടുക്കുന്നതു ശരിയാണോ, അതു ചെയ്യുന്ന അദ്ധ്യാപിക/പകൻ ചെയ്തതു ശരിയാണോ വിദ്യാർത്ഥികളിൽ 20% പേർ പഠനവൈകല്യം അനുഭവിക്കുന്നവരാണ്, അവരിൽ ആരെങ്കിലുമാണിതെഴുതിയതെങ്കിൽ അത് പരിമിതികൾ അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയും നീതികേടുമല്ലേ’ തുടങ്ങിയ മറുപടികളും സമാനമായ പ്രതിബദ്ധതയോടെ പ്രചരിച്ചു. കഴിഞ്ഞു.

 സാമൂഹികപിന്നാക്കാവസ്ഥ, ഡിസ്‌ലെക്സിയ, ഡിസ്ഗ്രാഫിയ തുടങ്ങിയ വൈഷമ്യങ്ങൾ ഉള്ളവരെ കളിയാക്കുക എന്തായാലും ഇത്തരം പ്രചരണങ്ങളുടെ ലക്ഷ്യമല്ല. അത്ര കണ്ണിൽച്ചോരയില്ലാത്തവരല്ല അദ്ധ്യാപകർ. മറിച്ച് കേരളത്തിൽ നിലവിലിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം യോഗ്യതയുള്ളതാണോ എന്ന സംശയത്തിൽ നിന്നാണ് ഇവയ്ക്ക് വാർത്താപ്രാധാന്യം കിട്ടുന്നത്. അക്ഷരം കുട്ടികൾ സ്കൂളുകളിൽ പഠിക്കുന്നില്ല. വായന കാര്യമായി കുട്ടികൾക്കിടയിൽ കുറയുകയും ചെയ്യുന്നു. ക്ലാസിൽ ഇരിക്കാനും ശ്രദ്ധിക്കാനുമുള്ള അവസരവും കോവിഡുകാരണം കുറഞ്ഞു. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതൊന്നുമില്ലെങ്കിലും മൂല്യനിർണ്ണയക്യാമ്പുകളിൽ പിള്ളാരെഴുതിവയ്ക്കുന്ന കാര്യങ്ങൾ ചിലപ്പോഴെങ്കിലും വായിക്കപ്പെടാറും പങ്കുവയ്ക്കപ്പെടാറുമുണ്ട്.. ഒരേയിരുപ്പിരുന്ന് ഒരേ തരത്തിലുള്ള ഉത്തരക്കടലാസുകൾ നോക്കുന്നതിലുള്ള വിരസതയെ അകറ്റാനുള്ള അദ്ധ്യാപകരുടെ ചില മാർഗങ്ങളാണിവ. മുഖമില്ലാത്ത എഴുത്തുകളാണ് മുന്നിലുള്ളത്. അപ്പോഴത് പങ്കുവയ്ക്കപ്പെടും. ചില തിരുമാലികൾ മനപ്പൂർവം എഴുതുന്ന തമാശകളും തെറികളും കുഴമറിച്ചിലുകളും കുന്തം പരതലുകളും പേപ്പറുകളിലുണ്ട്.

 കേരളത്തിൽ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായമനുസരിച്ച് (അക്ഷരം പഠിപ്പിക്കാത്തത് എന്ന് പത്രങ്ങൾ) അക്ഷരത്തെറ്റുകൾ മാരകമായ ഒരു കാര്യമല്ല. കുട്ടിയ്ക്ക് ആശയം പ്രകടിപ്പിക്കാൻ കഴിയുന്നുണ്ടോ എന്നാണ് നോക്കേണ്ടത്.. (മൊബൈലിലും കമ്പ്യൂട്ടറിലും റോമൻ ലിപിയിൽ കുത്തി മലയാളത്തിൽ വരുത്തുകയാണല്ലോ ചെയ്യുന്നത്) അതുകൊണ്ടാണ് ഉത്തരം എഴുതാൻ ശ്രമിച്ചിട്ടുണ്ട് എന്നതിന്റെ പേരിൽ മിനിമം സ്കോറിനു കുട്ടി അർഹതനേടുന്നത്. ഇതിന്റെ പല വെർഷനുകളാണ് മാർക്ക് ഉദാരതയും, മാർക്ക് ജിഹാദും, വെറുതേ കൊടുക്കുന്ന മാർക്കുമായി മാറിയത്. പ്രധാനപ്രശ്നം, ഇതിപ്പോൾ ഭരണ ഉദ്യോഗസ്ഥതലത്തിൽ മനസ്സിലാക്കുന്നുണ്ടോ എന്ന കാര്യമാണ്.

 മറ്റൊരു ഉദാഹരണം നോക്കുക :

 ഈ കവിടെ എല്ലാ കൃ ഇ തകളും പരസ്തിതിനശതേടുള്ള പൃതികരമൊ അല്ലങ്കിൽ, ആടിച്ചമർതപെട്ടവരുടെ ഉയിർതെയുനൽപാണ് ഉണ്ടാവുക. കിരാതവൃത്തം എ കവിയയിൽ പരസ്ഥതിനാശതാടുള്ള ഒരു പൃതികാരമാണ് വിഷയം. നീറായ വനത്തിൻ നടുവിനജത്തെരു പെന്തഹം കുത്തി നിൽക്കുകയാണ് കാട്ടാളൻ. ”

( ഈ കവിയുടെ എല്ലാ കവിതകളിലും പരിസ്ഥിതി നശിപ്പിക്കുന്നവരോടുള്ള പ്രതികാരമോ അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പോ ആണുണ്ടാവുക. കിരാതവൃത്തം എന്ന ഈ കവിതയിൽ പരിസ്ഥിതി നശിപ്പിച്ചവരോടുള്ള പ്രതികാരമാണു വിഷയം. നീറായ വനത്തിന്റെ നടുക്ക്, നെഞ്ചത്തൊരു പന്തവും കുത്തി നിൽക്കുകയാണ് കാട്ടാളൻ..)

 ഒരു ഉപന്യാസത്തിന്റെ തുടക്കമാണ് ഒറ്റനോട്ടത്തിൽ ഒന്നും അറിയാത്ത ഒരു കുട്ടിയുടെ എഴുത്താണ്. പക്ഷേ പാഠപുസ്തകവുമായി നല്ല പരിചയം അയാൾക്കുണ്ട്. ഇവിടെ വിഷയം എഴുതാൻ ആശയമുണ്ട്, ഭാഷയോ ലിപിയോ കൈവശമില്ലെന്നതാണ്. കുറ്റം ആരുടേതാണ്? ഇംഗ്ലീഷ് മീഡിയം പഠിച്ചുവന്ന, നല്ല വായനക്കാരായ കുട്ടികളും ഏതാണ്ട് ഇതുപോലെയാണ് മലയാളം എഴുതുന്നത്. ഈ കുട്ടി സ്കോർ അർഹിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രശ്നം. പഴയ രീതിവച്ചാണെകിൽ ഇയാൾ തോൽക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഉത്തര സൂചികകൾ അക്ഷരത്തെറ്റിന്റെ കാര്യം ഒന്നും പറയാത്തതുകൊണ്ട് സ്കോറു കുറയ്ക്കാൻ അദ്ധ്യാപകർ മിനക്കെടേണ്ട ഒരു കാര്യവും ഇല്ല. മാർക്കുദാനത്തിന്റെ പേരും പറഞ്ഞ് ഈ കാര്യം തിരിച്ചറിയാത്ത ആളുകൾ ചന്ദ്രഹാസമെടുത്താൽ പ്രശ്നമാകും. പുതിയ സംഘർഷം അങ്ങനെയുമുണ്ടാകുന്നു. (മൂല്യനിർണ്ണയം നടത്തിയ പേപ്പറുകൾ നോക്കി മാർക്കു വെറുതേ കൊടുത്തിട്ടുണ്ടോ എന്ന് നോക്കുന്നുണ്ടത്രേ സ്ക്വാഡുകൾ..) നിലവിലിരുന്ന വിദ്യാഭ്യാസരീതി വേറെ, കോവിഡാനന്തരം വന്നുകയറുന്ന രീതി വേറെ. ഇതുവരെ മൂല്യനിർണ്ണയ ക്യാമ്പിലെ തമാശയെന്ന മട്ടിൽ പ്രചരിച്ച ഫലിതവാർത്തകൾക്ക് ഇപ്പോൾ അർത്ഥം വേറെയാവുന്നു. അതുകൊണ്ടുതന്നെയാണ് അതിനെ വിശകലനം ചെയ്യേണ്ടതായി വരുന്നതും.

ഇനി മനോരമയിലെ ലേഖനത്തിലെ അവസാന വരിയിലേക്ക് പോവുക. അതവസാനിക്കുന്നതിങ്ങനെയാണ്. “മുൻവർഷം, കവി വേങ്ങയിൽ കുഞ്ഞിരാമനെ തേങ്ങയിൽ കുഞ്ഞിരാമൻ എന്നെഴുതിയ കുട്ടികളുമുണ്ട്.” ലേഖകന്റെ/ലേഖികയുടെ ഈയൊരൊറ്റ വരിയിൽ കുട്ടി നേരത്തെയെഴുതിയ തമാശകളെ മുഴുവൻ എല്ലാത്തിനെയും റദ്ദാക്കുന്ന മറ്റൊരു അസംബന്ധം ഉണ്ട്. “കവി വേങ്ങയിൽ കുഞ്ഞിരാമൻ” എന്ന വിശേഷണമാണത്. മലയാളത്തിലെ ആദ്യ കഥാകൃത്തായി അറിയപ്പെടുന്ന (വേറെ അഭിപ്രായവുമുണ്ട്) കേസരി കുഞ്ഞിരാമൻ നയനാരെയാണ്, കവിയാക്കി വാലു വെട്ടി അവതരിപ്പിക്കുന്നത്. അക്ഷരത്തെറ്റ് സാമാന്യേന കുറഞ്ഞ കുറ്റമാണ്. ആശയത്തെറ്റ് അങ്ങനെയല്ല. അദ്ധ്യാപികയോ അദ്ധ്യാപകനോ ആണ് ഈ വിവരം നൽകിയതെങ്കിൽ കൂട്ടുപ്രതികളുമായി. അതുമാത്രമല്ല, മലയാളം ചോദ്യപ്പേപ്പറുകൾ തന്നെ നോക്കുക. രഹസ്യ സ്വഭാവം സംരക്ഷിക്കാനെന്നാണ് പറയുന്നത്, പല അക്ഷരത്തെറ്റുകളും വ്യാകരണപിശകുകളും ഘടനാവൈകല്യങ്ങളും ഭാഷാപരമായി കൃത്യതയില്ലായ്മയും എല്ലാം അതിൽത്തന്നെ കാണാം. ബോർഡ് പരെക്ഷയുടെ മുന്നോടിയായ മാതൃകാ ചോദ്യപ്പേപ്പറിലെ ഒരു ചോദ്യം നോക്കുക (അതിലെ പാർട്ട്, വാർട്ടാണ് !)

 സമകാലിക സ്ത്രീ ജീവിതാവസ്ഥയിൽ പ്രകടമായ മാറ്റം വരുത്തേണ്ടത് ആവശ്യമായി കുഞ്ചൻ നമ്പ്യാർ കണ്ടിരുന്നോ? ശീലാവതി ചരിതത്തിലെ പരിഹാസത്തിന്റെ സാമൂഹിക വിമർശന തലം വ്യക്തമാക്കുക.”

ഇതിൽനിന്നും പന്ത്രണ്ടാം തരത്തിലെ കുട്ടി എന്താണ് മനസിലാക്കേണ്ടത്? ഇപ്പോഴത്തെ (സമകാലിക) സ്ത്രീയവസ്ഥയിൽ മാറ്റം വരുത്തേണ്ടതാണെന്ന് പതിനെട്ടാം നൂറ്റാണ്ടിൽ മനസിലാക്കിയ കുഞ്ചൻ നമ്പ്യാർ ശീലാവതിയുടെ കഥയിലൂടെ പരിഹസിച്ചുകൊണ്ട് സാമൂഹിക വിമർശനം നടത്തി. നമ്പ്യാരുടെ കാലത്തെ സ്ത്രീയവസ്ഥയെയാണ് ‘സമകാലിക പ്രയോഗം’ കൊണ്ട് ചോദ്യകർത്താവ് ഉദ്ദേശിച്ചത്. പാഠത്തിന്റെ സർവസാധാരണമായ അർത്ഥം മാറിപോകുന്ന പല സന്ദർഭങ്ങളും ചോദ്യങ്ങളിൽ കാണാം.

മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ “ കാട്ടാളൻ ഉലകാകെ ഉലയ്ക്കും മട്ടിൽ അലറിയതിനു കാരണമെന്താണെന്ന്” ഒരു ചോദ്യമുണ്ട്. ചോദ്യകർത്താവിന്റെ ഉത്തരം “അമ്മയുടെ വേദനയും നിലവിളിയു” മാണ്. കടമ്മനിട്ട രാമകൃഷ്ണന്റെ ‘കിരാതവൃത്ത’ത്തിലെ ആദ്യ ഭാഗത്തുതന്നെ, ‘മലയോരത്തമ്മയിരുന്നു ദഹിപ്പതു കണ്ടു നടുങ്ങി’ എന്നുണ്ട്. അതിനടുത്താണ് മുലപാതി മുറിഞ്ഞവളുടെ നിലവിളി അമ്മയുടെ തന്നെയാണോ എന്നു വ്യക്തമല്ല (പുരാണ പരാമർശങ്ങളെ സൂചനകളായെടുത്താൽ സഹോദരിയാവാനാണ് സാധ്യത. ശൂർപ്പണഖ, നക്രതുണ്ഡി തുടങ്ങിയവർ. നങ്ങേലിയായാലും കണ്ണകിയായാലും അമ്മയിലേക്കെത്തുക പ്രയാസമാണ്. )

അടുത്തകാലത്ത് കൃഷ്ണഗാഥയിലെ ഒരു ഭാഗത്തിന്റെ ആശയത്തെപ്പറ്റി, അത് കൃഷ്ണൻ അമ്മയോടല്ല (യശോദയോടല്ല) അച്ഛനോടുത്തന്നെയാണ്(നന്ദഗോപരോട്) പാവയും തുണിയുമെല്ലാം നിറം മങ്ങാതെ സൂക്ഷിച്ചുവയ്ക്കാൻ പറയുന്നത് എന്ന മട്ടിൽ തർക്കം മലയാളം അദ്ധ്യാപകർക്കിടയിൽ നടന്നിരുന്നു. പാഠം പതിനൊന്നാം തരത്തിൽ പഠിക്കാനുള്ള ‘പീലിക്കണ്ണുകളാ’ണ്. ആ ഭാഗം മുൻപ് 1978-ൽ “അമ്മയോട് പറയാൻ” എന്നപേരിൽ മൂന്നിലെ മലയാളം പാഠാവലിയിലുണ്ടായിരുന്നതാണ്. അദ്ധ്യാപകർക്ക് ചേരി തിരിഞ്ഞ് തർക്കിക്കാവുന്നതാണ്. എന്നാൽ പാഠം ചോദ്യമാകുമ്പോൾ ആശയത്തിന് ഏകീകൃതസ്വഭാവമിലലതെ വന്നാൽ വെള്ളം കുടിക്കുന്നത് കുട്ടികളായിരിക്കും. അക്ഷരത്തെറ്റുകൾ മാധ്യമങ്ങൾക്കുൾപ്പടെ ചിരിക്കാനുള്ള വകയാണ്. ആളുകൾ ചിരിച്ചു മറിയും. ആശയത്തെറ്റിനെ ആരും പരിഗണിക്കുന്നുമില്ല. ഗുരുതരമായ അവസ്ഥയാണത്. അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം കാലം തലകുത്തിനിൽക്കുകയയല്ലേ.. അപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവും..

ആർ പി ശിവകുമാർ


No comments:

Post a Comment