+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Wednesday, July 27, 2022

തൊട്ടപ്പൻ ( ഫ്രാൻസിസ് നൊറോണ ) - ഭാഷയുടെ കക്കുകളിയും ആഖ്യാനത്തിന്റെ ദിവ്യബലിയും : പഠനം - അഷറഫ് എം

 വായനച്ചെല്ലം - 5

ഫ്രാൻസിസ് നൊറോണയുടെ കഥകൾ വായനക്കാരന്റെ സംവേദനക്ഷമതയെ ശക്തമായി വിചാരണ ചെയ്യുന്നുവെന്നും എഴുത്തുവഴികളിൽ പാലിക്കേണ്ട സാംസ്ക്കാരികവും സൗന്ദര്യാത്മകവുമായ വ്യവസ്ഥകളെ അദ്ദേഹം ഗളഹസ്തം ചെയ്തുവെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ എഴുത്തിന്റെ ചരിത്രപഥങ്ങളിലെവിടെയോ അവഗണിക്കപ്പെട്ട, ബോധപൂർവം വിസ്മരിച്ച ആവിഷ്കാര ശൈലിയുടെ പര്യവേക്ഷണവും വീണ്ടെടുപ്പുമാണത്.നവഉദാരതാവാദ( Neo-Liberalism) കാലത്തെ ഭാഷയുടെ കക്കുകളിയാണ്;ആഖ്യാനരീതിയുടെ ദിവ്യബലിയും.ആഗോളീകരണത്തിന്റെ പ്രത്യാഘാതം സൃഷ്ടിച്ച നവഉദാരതകൾ ജീവിതത്തിന്റെ സമസ്ത സൂചികകളെ അടയാളപ്പെടുത്തുന്ന സ്പർശിനികളായി മാറുമ്പോൾ കലയിലും എഴുത്തിലും അതു പ്രതിഫലിക്കും.ഉപഭോഗത്തിനു മാത്രം വേണ്ടിയുള്ള ഉല്പാദനവും അതിന്റെ ചാലകശക്തിയായ സാമ്പത്തികനയങ്ങളും 'ലോകമൊന്നിലേക്കെന്ന ' ( രാഷ്ട്രവും) ആശയത്തിന്റെ വിദഗ്ദ്ധമായ അടവുനയങ്ങളും പൊതുബോധത്തെ എത്രത്തോളം സ്പർശിച്ചുവെന്നതു ചില്ലറയല്ല. ജനായത്തം, ലിംഗനീതി, സദാചാര നിഷ്ഠ, നൈതികത, പൗരധർമം, ആചാരവിധികൾ എന്നിവയിലെല്ലാം അതിന്റെ വാണിജ്യ ബോധവും ആർത്തിയും ആസക്തിയും പ്രകടമായി.അതോടൊപ്പം സൈബർകാലം ഉരുവപ്പെടുത്തിയ അതേ ഉദാരതയുടെ മാനസികഘടന ഭാഷാവിനിമയത്തിലും സൗന്ദര്യാ വിഷ്കാരത്തിലും വമ്പിച്ച പൊളിച്ചടുക്കലുകൾ വരുത്തി. പ്രാദേശിക ഭാഷയുടെ ഗരിമയാർന്ന തിരിച്ചുവരവാണത്.' തൊട്ടപ്പൻ എന്ന കഥാസഞ്ചയം അതിന്റെ ദിശാസൂചിയാണ്.  

വാമൊഴിത്തനിമയുടെ അസ്പൃശ്യതകളെ ഈ സമാഹാരത്തിലെ ഓരോ കഥയും ചോദ്യം ചെയ്യുന്നു.റൊളാങ് ബാർത്ത് പറയുന്നതുപോലെ, എഴുത്തുകാരന് ഒരു കെട്ടുപാടുമില്ല. ഭാഷ ആരുടെ വരുതിയിലുമല്ല. ജൈവികഭാഷ വികാരമാണ്, സുന്ദരവും. ആവിഷ്കാരത്തിന്റെ മൗലികതയാണ് പ്രധാനം.(The utopia of language, writing Degree Zero-Roland Barthes) കടൽക്കാറ്റിന്റെ ലവണ രസവും കായലോളത്തിന്റെ പളപളപ്പും മീൻചാറും വാറ്റുചാരായവും കപ്പയുടെ രസനസുഖവും മണ്ണെണ്ണ വിളക്കിന്റെ ഇളിഞ്ഞ വെട്ടവും വാസനസോപ്പിന്റെ പതഞ്ഞമണവും ഇതിന്റെ രാഗമാണ്. ചണച്ചാക്കിന്റെ മറവും ഒളിഞ്ഞുനോട്ടവും പക്കാ മോഷണവും കറയറ്റ അവിഹിതവും അണപ്പാർന്ന സ്വവർഗലീലകളും ആവർത്തനത്തിന്റെ കുമ്പസാരവും ചങ്കുകലക്കുന്ന തെറികളും പത്തലിനൊത്ത നെഞ്ചൂറ്റവും തികട്ടി വരുന്ന കുശുമ്പും കൂടിക്കുഴഞ്ഞ അരികു ജീവിതങ്ങൾ അതിന്റെ താളവും.എന്നാൽ കഥകളുടെ ആത്മശ്രുതി നിശ്ചയമായും 'ചേടിവച്ച 'തമോസ്മേരത്തിന്റേതാണ്.

കാഴ്ചശേഷിയുള്ളവന്റെ ഉൾക്കാഴ്ചയില്ലായ്മയുടെ കഥയാണ് 'ഇരുൾരതി '' മൂന്ന് അന്ധൻമാർ ആനയെ വിവരിക്കുന്നത് എഴുതിയതാരാണ്' എന്ന ചോദ്യം പി.എസ്.സി പരീക്ഷയ്ക്കുള്ള കോച്ചിങ് ക്യാമ്പിൽ നിന്നുയരുമ്പോൾ ,അതിനെ മൂന്ന് അന്ധന്മാർ ഒരു പെണ്ണിനെ വിവരിക്കുന്നു എന്നു പരിവർത്തിപ്പിച്ചാൽ എന്താകുമെന്ന തമാശയിലുടക്കി നിന്നു കാര്യങ്ങൾ.

മൂന്ന് അന്ധന്മാരിൽ നിന്ന് പെണ്ണിനെ വിവരിക്കാൻ തിരഞ്ഞെടുക്കുന്നത് ദസ്രേവരായി പെരുന്നാളിന് ഓപ്പയിടുന്ന അഗസ്തീനച്ചയുടെ മകനും ജന്മനാ അന്ധനുമായ ദാനിയേലിനെയാണ്. പരീക്ഷണാർത്ഥം ഒരു മൽസ്യകന്യകയുടെ പ്രതിമ സമ്മാനിക്കുമ്പോൾ അതു തഴുകി പെണ്ണെന്നു തിരിച്ചറിയുന്നുണ്ടവൻ.' പരസ്പരം വാറ്റുചാരായം സേവിക്കുന്ന ദമ്പതികൾക്കിടയിൽ ദാനിയേലെത്തുന്നു. വേളാങ്കണ്ണി മാതാവിന്റെ നേർച്ചയെണ്ണ നിറച്ച പ്ലാസ്റ്റിക് രൂപത്തിലെ എണ്ണ മാറ്റി അതിൽ വാറ്റുചാരായം നിറച്ച് കെട്ടിയോനെ കുടിപ്പിക്കാൻ ദാനിയേലിനെ ചുമതലപ്പെടുത്തുന്ന ഭാര്യ. 'ചേട്ടാ, ഭൂമുഖത്ത് എല്ലാവർക്കും ഒരുപോലെയല്ല കാഴ്ച ..... വിരലടയാളം പോലെ ഓരോ മനുഷ്യർക്കും ഓരോ കാഴ്ചയാണ്. കാഴ്ചയെന്നത് ഒരു തരം കബളിപ്പിക്കലാണ് ''ഒരു വേദാന്തിയെപ്പോലെ പ്രസ്താവിച്ച് മരണവേളയിൽ 'ചേച്ചി' പറഞ്ഞ പ്രകാരം ചേട്ടന്റെ നെറ്റിയിൽ കുരിശു വരയ്ക്കാൻ സന്നദ്ധനാകുന്ന ദാനിയേൽ.ഒരന്ധൻ പെണ്ണിനെ വിവരിച്ചതു കേൾക്കുന്ന ഭൂമിയിലെ ആദ്യത്തെയും അവസാനത്തെയും ആളാണു ചേട്ടൻ' .... അങ്ങനെ വിഹിതമില്ലായ്മയുടെ പരിഹാസ്യതയിൽ ഒടുങ്ങുന്നു അയാൾ. അന്ധന്റെ രതിവിരതികളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഈ കഥയുടെ പ്രഹരശേഷി അപാരമാണ്. മനോ വിശകലനം ആവശ്യപ്പെടുന്ന ഈ കഥയിൽ ലൈംഗികതയുടെ രാഷ്ട്രീയം വിമർശിക്കപ്പെടുന്നു.മുൻവിധികളെ ഉദാരതാവാദം അതിജീവിക്കുന്നു. ഏത് ഐഡിയോജിയും ഒരു തരത്തിൽ ഇരുൾരതിയല്ലേ എന്ന ചോദ്യവും ഈ കഥ ഉന്നയിക്കുന്നുണ്ട്.

പൊതുബോധം സമ്മർദ്ദം ചെലുത്തുന്ന സദാചാരാനുഷ്ഠാനങ്ങളുടെ കാപട്യങ്ങളിലേയ്ക്കു വെളിച്ചം വീശുന്ന കഥകളാണു 'കടവരാലും 'എലേട സുഷിരവും' .ഭാഷ കഥയെ സംവഹിക്കുകയാണോ കഥ ഭാഷയെ അതിവർത്തിക്കുകയാണോ?

 " തുണിയഴിച്ചു വിടർത്തിക്കാണിച്ചു ശീലമുണ്ടോ?.... നിങ്ങള് മറുപടിയൊന്നും പറഞ്ഞില്ല. ഈ ഉള്ളിലുള്ളത് മുഴുവനും പുറത്തേയ്ക്കെടുത്തു കാണിച്ചു കൊടുക്കാൻ പറഞ്ഞാലും മടി കൂടാതെ ചെയ്യണം... മാസം മൂവായിരം തരും. ഷട്ടറിടുന്നതു വരെ നിന്നാ ഓട്ടോക്കൂലിക്കായി ഇരുപതു രൂപാ വേറെയും " - ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി തേടിയെത്തുന്ന ചിമിരിയോട് കടയുടമ (കടവരാല്)

"ഈ ഇലയുടെ അടീലെ ദ്വാരം ഇല്ലാണ്ടായാൽ എന്തു സംഭവിക്കുമെന്നു ബിയാട്രീസിനു അറിയുമോ? ഇതാണു ഭൂമിയുടെ സുഷിരം ... ഈ അഴുക്കെല്ലാം ഉള്ളിലേയ്ക്കു കേറ്റീട്ട് ശുദ്ധമായ ജീവനെ പുറത്തേയ്ക്കു തള്ളുന്ന ഭൂമിയുടെ ദ്വാരം ... " - മൈക്രോസ്കോപ്പിന്റെ നോസിൽ പിടിച്ച് ടീനേജുകാരിയെ ബോധ്യപ്പെടുത്തുന്ന ബയോളജി മാഷ്.( എലേട സുഷിരങ്ങൾ ) വായനക്കാരനിലെ ശ്ലീലാശ്ലീലതകളെക്കുറിച്ചുള്ള ധാരണകൾ ഒരു ചെറുചിരിയായോ വിലക്ഷണ ഹാസമായോ പുറന്തള്ളാൻ പാകപ്പെട്ട ഭാഷയുടെ ഗിമ്മിക്കുകളല്ല ഇത്. ഇടത്തരക്കാരന്റെ സ്വപ്ന കാമനകളിൽ മൂല്യസംഹിതകൾ സൃഷ്ടിക്കുന്ന ഉൾഭീതിയും അരിക്ഷിതാവസ്ഥയും ഭരണകൂടം അടിച്ചേല്പിക്കുന്ന ശാസന വാഴ്ചകളും തലയ്ക്കു മീതേ ഞാന്നു കിടക്കുമ്പോഴും പ്രാഥമിക ചോദനകളോടു കലഹിച്ച് അണയ്ക്കുവാൻ മാത്രമറിയാവുന്നവരാണ് കടവരാലിലെ പ്രകാശനും എലേടസുഷിരങ്ങളിലെ പോൾ സൈമൺ മാഷും.

കക്കുകളിക്കാരിപ്പെണ്ണ്  കളിക്കളമൊഴിഞ്ഞ ശേഷം സഭാവസ്ത്രമണിഞ്ഞ് മഠം പൂകുന്നതും താമസംവിനാ അതേ വേഷമുപേക്ഷിച്ച് തിരിച്ചു വരുന്നതും കാണാം (കക്കുകളി) നൊറോണയുടെ പല കഥകൾക്കും നൂതനമായൊരു അന്യോക്തിയുടെ(Allegory) പരിവേഷമുണ്ട്. സാമൂഹിക സ്ഥാപനങ്ങളും മതവും പ്രത്യയശാസ്ത്രവും ലിംഗബോധവും വരച്ചിട്ട ഇലയും മുള്ളും ജീവിതത്തെ നിയന്ത്രിക്കുന്ന നിയാമക ഘടകങ്ങളാണ്. നവലിബറൽ ആശയങ്ങളുടെ പ്ലാറ്റ്ഫോം അവയ്ക്ക് വെള്ളവും വളവും നല്കുന്നു. അതു ലംഘിക്കുന്നത് അചിന്ത്യവും. "എനിക്കപ്പന്റെ നെറമായിരുന്നു. ആളുകൾ കറുമ്പൻ സഖാവേയെന്നാണു വിളിച്ചിരുന്നത്.അപ്പന്റെ കൂട്ടുകാരനായിരുന്നു സഖാവു വാസുപിള്ള .സഖാവും അപ്പനും കൂടി പൊക്കാളിപ്പാടത്തു ചെങ്കൊടി ഉയർത്തിയ ഒക്ടോബറിലാ ഞാൻ ജനിക്കുന്നത്...... - നടാലിയ.

      "കണ്ണടച്ചോണ്ടു വേണം ഒറ്റക്കാലേ കുന്താൻ ..വരയെല്ലാം മുള്ളും കളം ഇലേമാണ് ..... ഇലേ ചവിട്ടാം.പക്ഷേ, മുള്ളേ ചവിട്ടിയാ ചാവും"

    അടഞ്ഞ കണ്ണിരുട്ടിൽ ഒറ്റക്കാലിൽ കുന്തിയേച്ച് ഞാനുറക്കെ ചോദിച്ചു:

  "മുള്ളാ .... ഇലയാ....?

മദർ സന്തോഷത്തോടെ വിളി കേട്ടു ." മുള്ളാണ്''

ആൺകോയ്മയുടെ രാഷ്ട്രീയം ഒരു അറുപഴഞ്ചൻ പ്രയോഗമാണ്. പക്ഷേ, പുതിയ ലിബറൽ സംവിധാനങ്ങൾ ഒരു പോറൽ പോലുമേൽപ്പിക്കാതെ അതെങ്ങനെ നിലനിറുത്തുന്നുവെന്നതാണു പ്രശ്നം.' തൊട്ടപ്പൻ' വിചാരണ ചെയ്യുന്നതും അതാണ്. മരം കേറിയും അത്യാവശ്യം മോഷണത്തിനു കൂട്ടുനിന്നും മോഷ്ടിച്ചും മുഖം ചുളിയാതെ ചാരായമടിച്ചും നിന്നുമുള്ളിയും ആണത്തത്തിന്റെ കുത്തിനു പിടിച്ചും നടക്കുന്ന അതേ തന്റേടക്കാരിയെ പുരുഷനെന്നും ഭീതിയാണ്. അത്തരക്കാരിയുടെ ജീവിതവൃത്തം ദിവ്യബലിയ്ക്കു വിധേയനാകുന്ന സാക്ഷാൽ ക്രിസ്തുവിൽ മിഥിഫൈ (Mythify) ചെയ്യപ്പെടുന്നു. ആളുകൾ 'ഇത്താക്കേന്ന് ' (ഇസ ഹാക്ക്) വിളിക്കുന്ന തൊട്ടപ്പൻ അവളോടു പറയുന്നു: "കർത്താവിനും നിനക്കും കോലുപോലാ മുടി.താടീം മീശേം കൂടി വടിച്ചു കളഞ്ഞാ നിന്റെ മുഖാ അങ്ങേർക്കും".കമറുന്നിസയുടെ കെട്ടിയോൻ സമ്മാനമായി നല്കിയിരുന്ന ഓരോ പൂച്ചയ്ക്കും അവളിട്ട പേര് പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, പിലിപ്പോസ്, ബർത്തലേമിയ, മത്തായി, തോമസ്, ഹെൽപ്പേട പുത്രൻ യാക്കോബ്, തദേവൂസ്, കാനാൻകാരൻ ശിമയോൻ, ഒറ്റുകാരൻ ഇസ്കറിയോത്ത യൂദാ ..... എന്നിങ്ങനെയായിരുന്നു. വെഞ്ചരിച്ച ആനാവെള്ളം തളിച്ച് പുത്തൻ കൈക്കൊള്ളപ്പാടിനു തൊട്ടപ്പൻ പഠിപ്പിച്ച കർത്താവിന്റെ ശിഷ്യരുടെ പേരുകളിട്ട് ഞാൻ പൂച്ചകളെ നസ്രായേന്മാരാക്കി. ചാര നിറമുള്ള വാലുള്ളവന് കമറുന്നിസയിട്ട പേര് യാസീനെന്നായിരുന്നു. ഞാനവനെ വെള്ളം മുക്കിയപ്പോൾ യൂദായായി.കേറി വന്നാലുടനെയെന്റെ പാദം നക്കിത്തുടയ്ക്കുന്ന ഒറ്റുകാരനായിരുന്നു എന്നോടു കൂടുതൽ സ്നേഹം "

     അത്താഴത്തിനവൾ ഒരുക്കം കൂട്ടിയപ്പോൾ അവൻ ചോദിക്കുന്നു" നിന്റെ ഇരട്ടപ്പേരു വിളിക്കാനൊരു കൊതി "

       "നീ വിളിക്കെടാ ''

       "കുഞ്ഞാടേ "

ഞാൻ വിളി കേട്ടു .പന്ത്രണ്ടു പൂച്ചകളും ഒടുക്കത്തെ അത്താഴത്തിനെന്ന പോലെ ചുറ്റിനുമിരുന്നു കഴിഞ്ഞപ്പോൾ ഞാൻ കല്പിച്ചു:

         "ഇതെന്റെ ശരീരമാണ്. വാങ്ങി ഭക്ഷിക്കുവിൻ "

    "ഇതെന്റെ പാനപാത്രമാകുന്നു. നീയിതിൽ നിന്നു കുടിക്കുവിൻ " -

സാംസ്ക്കാരിക നരവംശശാസ്ത്രം എന്നോ പറഞ്ഞു മറന്നുകളഞ്ഞ പെൺകോയ്മ:

   " നെറഞ്ഞ പാനപാത്രത്തിൽ മുഖം അമർത്തിപ്പിടിക്കുമ്പോൾ കയത്തിലേയ്ക്കു വീണവനെപ്പോലെ അവനൊന്നു പിടഞ്ഞു. ഞാനവനെ മലർത്തിയിട്ട് മീതേ കയറി "

   പിതൃബോധത്തിന്റെ അധീശാസക്തി ഒരു കരുത്തായി ഗ്രസിച്ച് അവളെ കീഴ്മേൽ മറിക്കുന്നു :

      ജോനക സ്കൂളിലെ ആൺപിള്ളാരു വട്ടക്കാലിട്ട പോലെ അവനെന്നെയെടുത്തു മണ്ണിലേക്കു മറിച്ചു .. "നീ മാമോദീസാ വെള്ളം മുക്കിപേരിട്ടാലും പൂച്ചകളതിന്റെ തന്തയെ മറക്കുമോടീ "

(ഇരുവഴി പിരിയുന്ന ഇസഹാക്കിന്റെയും ഇസ്മയേലിന്റെയും പുരാവൃത്തത്തിന്റെ ചിഹ്നനന സൂചകങ്ങൾ)

ഒടുവിൽ ദിവ്യബലിയുടെ സുരത മൂർച്ഛ:

"അലക്കു കല്ലിൽ നിന്നു താഴോട്ടു വച്ച, തൂങ്ങപ്പെട്ടു പോയ എന്റെ തലയിലേക്കു ബലിക്കല്ലിൽ മരണം കാത്തു കിടക്കുന്നവന്റെ സുവിശേഷം ചെറിയ വേദപുസ്തകത്തിൽ നിന്നു ഫാബിയൻ സാറു വായിച്ചുതരുന്നതു എനിക്കു കേൾക്കാം.....

വിലാപ്പുറത്തേക്കു താഴ്ത്തിയ കമ്പിപ്പാരയുടെ ഇരുമ്പുദണ്ഡ് എന്റെ ഹൃദയത്തെ തൊട്ടു. ഒടുവിലത്തെ രക്തവും വെള്ളവും ഒഴുകുമ്പോൾ ഇടതുവശത്തേയ്ക്കു തല ചായ്ച്ച് ഞാൻ അവസാന കാഴ്ചയ്ക്കു കണ്ണു തുറന്നു. നെഞ്ചിൽ നിന്ന് ഊരിയെടുത്ത തൊട്ടപ്പന്റെ കമ്പിപ്പാരയുമായി പോകുന്ന അവനോടൊപ്പം ഉസ്കൂൾ പൂട്ടിനു പിള്ളാരു മെതിച്ചു നടക്കുന്നതു പോലെ പൂച്ചകളും "

സുഘടിതമാണു ഈ കഥയുടെ രൂപശില്പം. പരമ്പരയാ കൈമാറ്റം ചെയ്യപ്പെടുന്ന പിതുരധീശ ബോധത്തിന്റെയും ആൺകോയ്മയുടെയും ശാസനകളുടെ തുടർച്ച.ഇസഹാക്കിന്റെ വിശുദ്ധ വഴിയും ഒറ്റിക്കൊടുക്കലും അന്ത്യവിരുന്നും ദിവ്യബലിയുമെല്ലാം ഗണനീയമായ ചിഹ്നനരൂപങ്ങളാണ്.

"ദൈവമായ കർത്താവ് സൃഷ്ടിച്ച എല്ലാ വന്യജീവികളിലും വച്ച് കൗശലമേറിയവനാണു സർപ്പം. അതു സ്ത്രീയോടു ചോദിച്ചു:

     " തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കല്പിച്ചിട്ടുണ്ടോ?"

സർപ്പം പറഞ്ഞു:

    " തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലങ്ങൾ ഭക്ഷിക്കാം. എന്നാൽ നടുവിലുള്ള മരത്തിന്റെ പഴം തിന്നരുത്.... തൊടുകപോലുമരുത്...." ( ആദമിന്റെ മുഴ)

പക്ഷേ, കൂട്ടുകാരിയുടെ പ്രേരണയാൽ ആദമതു ഭക്ഷിച്ചു.വിലക്കപ്പെട്ട കനി ഉദരത്തിലെത്തരുത് എന്ന കരുതലോടെ ഗബ്രിയേൽ മാലാഖ,ആദമിന്റെ കണ്ഠത്തിൽ പിടികൂടി.... അങ്ങനെ ആദമിനു തൊണ്ട മുഴ വന്നു.... പുരുഷപ്രജകൾ തലമുറയാ  കൈമാറി വരുന്നത്..

ഈ ബൈബിൾ പുരാവൃത്തം ആവർത്തനത്താൽ പഴകിയ ഒന്നാണെങ്കിലും വിലക്കു ലംഘിക്കുന്നതിൽ നിന്നു ലഭിക്കുന്ന ഇന്ദ്രിയാനുഭൂതികൾ സവിശേഷമാണ്.( മധ്യകാല ചരിത്രത്തിൽ കുമ്പസരിക്കുന്നതിലെ സുഖം ലഭിക്കാൻ വേണ്ടി മാത്രം പാപം ചെയ്യുക എന്നൊരു ഐറണി ഉണ്ടായിരുന്നു!)

 ഈർക്കിലി പാപ്പിയുടെയും മെമ്പർ ദുരോയുടെയും വിഹിതാ വിഹിതങ്ങളുടെ കണക്കെടുപ്പല്ല, 'ആദമിന്റെ മുഴ'യുടെ രചനാ വൃത്തം. കഥയുടെ പരിസമാപ്തി ശ്രദ്ധേയമാണ്:

 " മെമ്പറു ദുരോ ചത്തു പോയെങ്കിലും അയാക്കട സ്വപ്നങ്ങൾ പോലെ ഞങ്ങടെ ദ്വീപിനെയും എറണാകുളത്തെയും കൂട്ടിയിണക്കി പാലങ്ങളും റോഡുകളും വന്നു. മുപ്പത്തിയഞ്ചും ഓട്ടം നിർത്തിയിട്ടും ആദം ബോട്ടു മാത്രം പാമ്പിന്റെ മോന്തയുമായി ഹൈകോർട്ട് ജട്ടിക്കും ദ്വീപിനുമിടയിൽ ഇഴഞ്ഞു കൊണ്ടിരുന്നു. പഴയ പഞ്ഞി മരക്കടവിൽ പെണ്ണുങ്ങക്കട സന്തോഷം പങ്കിട്ടെടുക്കണ പുത്തൻ ഫ്ലാറ്റിന് മുന്തിയ പെയിൻറടിച്ചിട്ടും പാപക്കറ പോലെ പച്ചപ്പായൽ പടർന്നു "

       ..... റോഡരികോടു ചേർന്നു കെട്ടിപ്പൊക്കിയ എന്റെ രക്തസാക്ഷി മണ്ഡപത്തിന്റെ ഫോട്ടോ മൊബൈലിൽ പകർത്തി ഫെയ്സ് ബുക്കിൽ അപ് ലോഡുചെയ്ത്, കൊച്ചുമോൻ ആൻഡ്രോയ്ഡ് മലയാളം ലിപീല് ടൈപ്പു ചെയ്തു:

"ധീര രക്തസാക്ഷിയായ എന്റെ അപ്പാപ്പൻ'

      അവന്റെ പോസ്റ്റിനു താഴെ ലൈക്കുകളും കമൻറുകളും നിറഞ്ഞു കൊണ്ടിരുന്നു''

    പൗരപ്രമുഖന്മാരുടെയും ജനപ്രതിനിധികളുടെയും സ്യൂഡോ പൊളിറ്റിക്സ് അനാവരണം ചെയ്യുന്ന, കുടില കാലത്തിന്റെ കഥ !

മനുഷ്യന്റെ അടിസ്ഥാന ചോദനകളായ വിശപ്പിനും ലൈംഗികതയ്ക്കും എന്തെങ്കിലും തിരഞ്ഞെടുപ്പുണ്ടോ എന്ന ചോദ്യത്തിന് ചരിത്രത്തോളം ആഴമുണ്ട്. സങ്കീർണമാണു കാര്യങ്ങളെങ്കിലും പരിസ്ഥിതിയും ജനിതകഘടനയും അതിനു പ്രേരകമാണെന്നാണു പൊതു ധാരണ. പക്ഷേ, മാംസാഹരത്തിന്റെ രാഷ്ട്രീയം പ്രയോഗിക്കപ്പെടുന്ന വർത്തമാനകാലത്ത് അത്തരം കഥകൾക്കു പ്രസക്തിയുണ്ട്. ടി.വി.കൊച്ചുബാവ 'ഇറച്ചി' എന്ന പേരിൽ ഒരു കഥ രചിച്ചിട്ടുണ്ട്. ഇറച്ചിയേറിലൂടെ രസിക്കുന്ന കുടുംബാംഗങ്ങളുടെ ഭോജനപ്രിയതയും സുഖലോലുപതയുമാണതിൽ .എന്നാൽ ഇറച്ചിവെട്ടിന്റെ ഭൂപടം വിരിയുന്നത് ഇദംപ്രഥമമാണെന്നു തോന്നുന്നു. കത്തിയുടെ വായ്ത്തല രാകലും അറവുമാടിന്റെ അറുതിയുടെ അമറലും ചുര മാന്തലും രക്തത്തിന്റെ ചൂരും തോലുരിയുന്നതിലെ സൗന്ദര്യവും മാംസത്തിന്റെ നനുത്ത സ്പർശവും എല്ലിനെ തൊടുന്ന കത്തിയുടെ കാഠിന്യവും ചന്തയിലെ ആരവവും 'പെണ്ണാച്ചിയിൽ 'രൂക്ഷമായി അനുഭവിക്കാം. ഇറച്ചിവെട്ടിൽ വിരുതനായ അറുപ്പാൻ ജോർജിന്റെ സഹായിയാണു സ്കൂൾ വിദ്യാർത്ഥിയായ ഇരട്ടകളിലൊരുവൻ (അപരൻ മുങ്ങി മരിച്ചിരുന്നു). അറവു ജോലി കഴിഞ്ഞ് പശുവിന്റെ ചൂരുള്ള അവനെ ആശ്ലേഷിച്ച് കിതയ്ക്കുമ്പോൾ ജോർജ് അവനിട്ട പേരാണ് 'പെണ്ണാച്ചി'

     ഒരിക്കലൊരു രാത്രിയിൽ മരിച്ചവനെത്തി അവനെ വിചാരണ ചെയ്യുന്നു: 'നിനക്കീ ആണും പെണ്ണും കെട്ട എർപ്പാടു നിർത്തിക്കൂടേ?'

    നിർത്താം. അതിനു മുന്നേ എനിക്കറിയണം നിന്നെയാരാ കൊന്നതെന്ന് '

    ഞാൻ വെള്ളത്തിൽ മുങ്ങിച്ചത്തതല്ലേടാ'

   'നീ നൊണ പിന്നേം എഴുന്നള്ളിക്കണ്ട..... മരിപ്പു കുളിപ്പിക്കുമ്പോ നിന്റെ പുറകീന്ന് ചോര വരുന്നുണ്ടായിരുന്നെന്ന് ജോർജാ പറഞ്ഞത്. ബലമായിട്ട് ചെയ്യുമ്പോഴാ അങ്ങനെ മുറിയുന്നത് ....."

   ..... ചുണ്ടടുപ്പിക്കുമ്പോൾ അവനെന്നെ തടസ്സപ്പെടുത്തി.

"ഈ വായ കൊണ്ടു മലിനപ്പെട്ടതു നിർത്ത്.... എന്നിട്ടു മതി നിന്റെ മുത്തം...

കൂടെപ്പിറപ്പിനെ കൊന്നവനോടുള്ള പക കശാപ്പായി മാറുമ്പോൾ ഇറച്ചിയുടെയും ചോരയുടെയും സാന്നിദ്ധ്യം വമനേച്ഛയുണർത്തുന്നില്ല.മലയാളകഥ അതിന്റെ നഷ്ടതാളം വീണ്ടെടുത്തിരിക്കുന്നു. ഇതു ഭാഷയുടെ കക്കുകളിയാണ്, ആഖ്യാനത്തിന്റെ ദിവ്യബലിയും.

 

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

         

 അജയകുമാർ ബി

ലൈംഗികതയുടെ അമ്ല ഭാഷ്യം.

എഴുതിയെഴുതി ഊക്ക് പോയ എഴുത്ത് ഭാഷയെ തൊഴിച്ച് പള്ളേക്കളഞ്ഞേച്ച് ചുണയും ചിമിട്ടുമുള്ള നാട്ടുഭാഷയിൽ കഥ പറഞ്ഞ് രംഗ പ്രവേശം ചെയ്തപ്പോഴേ ഫ്രാൻസിസ് നൊറോണയുടെ തലയ്ക്ക് ചുറ്റും പുണ്യാളന്റെ പരിവേഷം ഉണ്ടായിരുന്നു.പൊതു സമുഹത്തിന് അത്രയൊന്നും പരിചിതമല്ലാത്ത ഒരു സംസ്കൃതിയുടെ ചൂരുനിറഞ്ഞ ആ കഥകൾഅരികു മനുഷ്യരുടെ ജീവിതത്തെയും ഭാഷയെയുംസ്നാനപ്പെടുത്തി. രതിയും തെറിയും ആസക്തിയും കാമനകളും സങ്കടവും എരപ്പു മണവും അറമാദിക്കലും എല്ലാം നിർമ്മമതയോടെ പറഞ്ഞു പോകുമ്പോൾ കഥയൊരു കടലോരമായി മീൻ ചൂരായി കടൽക്കാറ്റായി നമ്മിലേക്കങ്ങ് കേറും.

   ആദ്യ വാക്യം മുതൽ നെയ്തെടുക്കുന്ന ശിഥിലമെന്ന് തോന്നുമെങ്കിലും സുദൃഢമായ ഘടനയിലെ ഓരോ വാക്കും കഥാന്ത്യത്തിലേക്കുള്ള ചൂണ്ടിപ്പലക തീർക്കുന്നു.

  തെല്ലതിൻ സ്പർശമില്ലാതെ ഇല്ലലങ്കാരങ്ങളൊന്നുമേ എന്നു പറഞ്ഞതു പോലെയാണ് ഫ്രാൻസിസ് നൊറോണയുടെ കഥകളിൽ ലൈംഗികത .തെല്ലതിൻ സ്പർശമില്ലാതെ ഒരു കഥയും ഈ സമാഹാരത്തിൽ ഇല്ല. ലൈംഗികതയുടെയും രതിയുടെയും അനന്ത വൈചിത്ര്യങ്ങളും വൈവിദ്ധ്യങ്ങളും വൈകൃതങ്ങളും ഈ കഥകൾക്ക് അമ്ല തീക്ഷണത നൽകുന്നു.ഈ കഥകളിൽ സ്വയംഭോഗവും സ്വവർഗ്ഗ ഭോഗവും മൃഗഭോഗവും ബാലികാ ഭോഗവും ഒളിഞ്ഞ് നോട്ടവും വ്യഭിചാരവും ഉന്മാദത്തോളം എത്തുന്ന ആസക്തിയും നീറി നിൽക്കുന്നു. അതിൽ കടവരാലിലും എലേടെ സുഷിരങ്ങളിലും മാത്രം ലൈംഗികത പഴ രസങ്ങളായി വരുന്നു. 'ടെറസിൽ പടർന്ന പാഷൻ ചെടിയുടെ തുടുത്ത കായകൾ കാറ്റിലുലയുമ്പോൾ പ്രകാശന്റെ ഉള്ളം കയ്യിലത് കിടന്നു പിടഞ്ഞു '.(പേജ് 30 കടവരാൽ )

ഇവിടെ ഒളിഞ്ഞുനോട്ട സുഖം പഴരസമാകുന്നു.

'സ്കുൾമുറ്റത്തെ പേരമരത്തിൽ തെറിച്ച് നിൽക്കുന്ന മുഴുത്ത പേരയ്ക്കകൾ...മാഗീ ഞാനിതീന്ന് ഒരെണ്ണം പറിച്ച് തിന്നോട്ടെ....' (എലേടെ സുഷിരം പേജ് 79) ഇവിടെയും ലൈംഗിക രസം പഴരസമാകുന്നു.

ബാക്കി എല്ലായിടത്തും ലൈംഗികത വന്യവും അറപ്പിക്കുന്നതുമാണ്. കാർബൺ ഡൈ ഓക്സൈഡ് ഗന്ധമുള്ള രതി ,ചാണക ഗന്ധമുള്ള മൃഗ രതി ,പിന്നാമ്പുറം പൊളിഞ്ഞ് ചോരയൊഴുകുന്ന സ്വവർഗ്ഗ രതി കൊലക്കത്തി അരയിൽ ഒളിപ്പിച്ച പ്രതികാര രതി ഇങ്ങനെ രതിയുടെ ആസുര ഭാവങ്ങളാണ് ഈ കഥകളിൽ ഉള്ളത്. അടക്കിപ്പിടിച്ച ലൈംഗികതയുടെയും ഒളി ലൈംഗികതയുടെയും ഇടമായ കന്യാസ്ത്രീ മഠത്തിൽ കഴുകി ഉണക്കാൻ ഒളിച്ച് വിരിക്കേണ്ട അടിവസ്ത്രം കാപട്യത്തിന്റെ ചിഹ്നമാകുന്നു. ആ കാപട്യത്തെ പുറം കാലുകൊണ്ട് തൊഴിച്ചു കൊണ്ടാണ് കക്കുകളിയിലെ നടാലി ടെറസിൽ നിന്ന് കൊണ്ട് അടിവസ്ത്രം ഉയർത്തി വീശുന്നത്. പള്ളിയും മഠവും പുരോഹിതനും അടക്കം കപട സദാചാരത്തിന്റെ എല്ലാ സംവിധാനങ്ങളെയും പരിഹസിച്ചു തള്ളുന്ന തരത്തിൽ പ്രഹര ശേഷിയുള്ളതാണ് നൊ റോണയുടെ കഥയിലെ ലൈംഗികത .

 അഷ്റഫ് സാർ, കടവരാലിന്റെ തല ചതച്ച്മുളകിട്ട് വച്ചതു പോലുണ്ട്

സാറിന്റെ എഴുത്ത്.👌

 

സജി കെ -

"അന്നത്തിലൊളിപ്പിച്ച കൊളുത്തു കാണാതെ ആർത്തികാണിച്ചവയുടെ കരച്ചിലാണ് കാതിൽ -വെള്ളത്തിൽ കരയുന്നവരുടെ കണ്ണീരും ഏങ്ങലും അറിയാൻ പറ്റുമോ?'- ഫ്രാൻസിസ് നൊറോണയുടെ "കക്കുകളി" (മാതൃഭൂമി ആഴ്ചപ്പതിപ്പ്)എന്ന കഥ ആരംഭിക്കുന്നതിങ്ങനെയാണ്.കൊതിപ്പിച്ച് പിടികൂടുകയും ചൂണ്ടക്കൊളുത്തു പോലെ കോർത്തെടുക്കുകയും കോർത്തെടുത്തവയെ അധികാരത്തിന്റെ ഉപ്പും മുളകും ചേർത്ത് കീഴ്പ്പെടുത്തുകയും ചെയ്യുന്ന ജീവിതങ്ങളുടെ ആരും കാണാത്ത അരികു ജീവിത കഥലോകത്തിൽ സ്നേഹമെന്ന വികാരത്തിന് ഏറ്റവും വലിയ അർത്ഥം കൊടുത്ത ക്രൈസ്തവ സഭകൾക്കുള്ളിലെ സവർണ്ണതയും യാഥാസ്ഥിതികത്വവും പൊളിച്ചെഴുതിയ കഥ,അദ്ധ്വാനത്തിന്റെ മെത്തപ്പായയിൽ ജീവിതം പിടിച്ചു നിർത്താൽ കഴിയാത്ത അമ്മമാരുടെ കഥ, തെങ്ങിൻ മണ്ടയിൽ നിന്നു വീഴുന്ന നോട്ടത്തെ മകളിലേയ്ക്കെത്താതെ തന്റെ ജീവിതം ബലി കൊടുത്ത കഥ, ആഗ്രഹമുണ്ടായിട്ടും സഭയുടെ സങ്കുചിതത്വത്തിൽ നിന്നും പുറത്തുചാടാൻ കഴിയാത്ത കൊച്ചു സിസ്റ്റർമാരുടെ വിധേയത്വത്തിന്റെ കഥ, സഭയുടെ അങ്കുശങ്ങൾ ഭേദിച്ച് പുറത്ത് ചാടിയിട്ടും പൊതു സമൂഹത്തിൽ സഭയുടെ വസ്ത്രങ്ങളിൽ തന്നെ അഭയം തേടി മരണപ്പെട്ട ക്ലേരച്ചൂച്ചിയുടെ കഥ, ' വാസു പിള്ള വാസു സഖാവായി മാറുമ്പോൾ ലക്ഷം വീട്ടിൽ നടാലിയ മേം ഫ്ലവർ കുരിശ്ശിങ്കലായി മാറുന്നകഥ, സഭാ വസ്ത്രങ്ങൾക്കുള്ളിലെ അടിച്ചമർത്തപ്പെട്ട കാമവെറിയുടെ കഥ, പളളിയോടും പള്ളി നിയമങ്ങളോടും എക്കാലത്തും വിയോജിപ്പ് പ്രകടിപ്പിക്കുകയും ഒക്ടോബറിൽ ജനിച്ച പുത്രിയ്ക്ക് നടാലിയ എന്ന റഷ്യൻ പേരിടുകയും ചെയ്ത ധീരനായ ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ദുരന്ത പൂർണ്ണമായ കുടുംബത്തിന്റെ കഥ, കേരളീയ ഗ്രാമജീവിതത്തിൽ കമ്മ്യൂണിസ്റ്റ്പ്രസ്ഥാനം നേടിക്കൊടുത്ത കരുത്തിന്റെയും പിന്നീട് സംഭവിച്ച അപചയത്തിന്റെയും കഥ, അയലത്തെ കൂട്ടുകാരി അനുഭവിക്കുന്നസ്വാതന്ത്ര്യത്തിന്റെകഥ,അതിലൊക്കെയുപരി കൗമാരക്കാരിയായ നടാലിയ എന്ന പെൺകിടാവിന്റെ സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടേയും സ്വാതന്ത്ര്യബോധത്തിന്റേയും സന്ദേഹങ്ങളുടേയും സംത്രാസങ്ങളുടേയും വിപ്ലവ വീര്യം കയറിയ മനസ്സിന്റേയും കഥ.

കഥയുടെ രാഷ്ടീയം ഇവിടെ ഒട്ടും നിഗൂഢമല്ല മറിച്ച്ചിലതൊക്കെ ചോദ്യം ചെയ്യാനും ഉറക്കെ സമൂഹത്തിനോട് വിളിച്ചു പറയാനും ശ്രമിക്കുന്ന മതത്തിന്റെ രാഷ്ട്രീയമാണീ കഥ. ജീവിതം ഒരു ഇലയും മുള്ളും കളിയാകുമ്പോൾ മുള്ളായി മാത്രം തീരുന്ന മതാധിഷ്ഠിത ജീവിതം ജനാലയ്ക്കുള്ളിലൂടെ തന്റെ നെഞ്ചിലേയ്ക്ക് നീണ്ടു വരുന്ന കൈകളെ അടിയിൽ കളളി മുള്ള് പാകി കുഴികുത്തി വീഴ്ത്തുന്ന സ്വാതന്ത്ര്യബോധമുണ്ട് ഈ കഥയിൽ. അന്നത്താലൊളിപ്പിച്ച കൊളുത്തെന്ന കഥാരംഭത്തിന് മറ്റൊരു അർത്ഥസാദ്ധ്യത കഥാകൃത്ത് വരുത്തുന്നത് അങ്ങനെയാണ്.

ഉത്തരാധുനികകാലത്ത് സൂക്ഷ്മ രാഷ്ട്രീയത്തിന്റേയും ജീവിതത്തിന്റേയും കഥ പറഞ്ഞു തുടങ്ങിയത് എൻ.എസ് മാധവൻ ഹിഗ്വിറ്റയിലൂടെയാണ്. പിന്നെ അത്തരമൊരു നിശിതമായ പ്രമേയ കൗശലം കാട്ടി എഴുത്തിലൊരു കാലഘട്ടത്തിന്റെ ചരിത്രം രേഖപ്പെടുത്തിയത് എസ് ഹരീഷാണ് (പഴയതും പുതിയതുമായ 80 ഓളം പേർ ഇപ്പോഴും മലയാള കഥയിൽ സജീവമാണ് .അവരെ മറന്നു കൊണ്ടല്ല ) അതിനു ശേഷം നാട്ടുഭാഷയുടെ കരുത്തും ഭംഗിയും ജീവിത സംത്രാസങ്ങളും മനോഹരമായി ആവിഷ്കരിച്ച് കഥയിൽ ചരിത്രപരമായ സ്ഥാനം ഉള്ള എഴുത്തുകാരനാണ് നൊറോണ.

അരികു ജീവിതത്തിന്റെ കഥകളിൽ മുഖ്യധാരയിലേയ്ക്ക് സഞ്ചരിക്കാനാകാതെ തള്ളി നീക്കപ്പെട്ടവരുടെ പ്രത്യയശാസ്ത്രം നൊരോണയുടെ കഥകളിൽ കാണാം. ( റെയ്നോൾഡ് സച്ചൻ അശരണരുടെ സുവിശേഷം എന്ന നോവൽ പ്രമേയവും അത് തന്നെയാണ് ) വാക്യഘടനയുടെ പൊളിച്ചെഴുത്താണ് അദ്ദേഹത്തിന്റെ കഥകളുടെ ഭംഗി .

 ശിവകുമാർ ആർ പി  -

അഷറഫ് സാറിന്റെ നിരീക്ഷണങ്ങളെ ഞാൻ വായിച്ച രീതിയിൽ  ഇങ്ങനെ സംഗ്രഹിക്കാം :

1. നവ ഉദാരതവാദത്തിന്റെയും ആഗോളീകരണത്തിന്റെയും കാലത്തെ മാനസിക ഘടനകൾ പൊളിച്ചെഴുതിയ ഭാഷയും സൗന്ദര്യബോധവുമാണ് നൊറോണയുടെ കഥകളിലും തെളിയുന്നത്.

2. ഇവിടെ ഭാഷയ്ക്ക് കെട്ടുപാടില്ല.

3. നൊറോണയുടെ കഥകൾക്ക് മനോവിശകലനം ആവശ്യമാണ്

4. സമൂഹത്തിന്റെ സദാചാരാനുഷ്ഠാനങ്ങളുടെ കാപട്യത്തിലേക്ക് കഥകൾ വെളിച്ചം വീശുന്നു

5. സമൂഹത്തിന്റെ മൂല്യസംഹിതകളുടെ അരക്ഷിതാവസ്തകൾക്കിടയിൽ പ്രാഥമിക ചോദനകളോട് കലഹിച്ച് അണയ്ക്കുവാൻമാത്രം കഴിയുന്ന കഥാപാത്രങ്ങളും ആ കഥകളിലുണ്ട്. (ആ നിലയ്ക്ക് അവർ ആനുകൂല്യം അർഹിക്കുന്നുണ്ട്)

6. നൊറോണയുടെ കഥകൾക്ക് അലിഗറിയുടെ പരിവേഷമുണ്ട്

7. പുതിയ ലിബറൽ സംവിധാനങ്ങൾ ഒരു പോറൽ പോലും ഏൽപ്പിക്കാതെ നിലനിർത്തുന്ന ആൺ കോയ്മയുടെ രാഷ്ട്രീയത്തെ തൊട്ടപ്പൻ വിചാരണ ചെയ്യുന്നു

8. ക്രിസ്തുവിന്റെ കഥവച്ച്  (ബൈബിൾ പുരാവൃത്തങ്ങളെ) മിത്തിഫൈ ചെയ്തതാണ് തൊട്ടപ്പൻ. നിരവധി ഉദാഹരണങ്ങൾ അതിനകത്തുണ്ട്.

9. സുഘടിതമാണ് നൊറോണയുടെ കഥാശില്പം.

10. വിലക്കു ലംഘിക്കുന്നതിൽനിന്നു ലഭിക്കുന്ന അനുഭൂതികൾ ഒരർത്ഥത്തിൽ നൊറോണയുടെ കഥകൾ പങ്കുവയ്ക്കുന്ന അനുഭൂതികൾക്കാകെ കൊടുക്കാവുന്ന വിശേഷം കൂടിയാണ്.

11. സമൂഹത്തിന്റെ കാപട്യങ്ങൾക്കൊപ്പം രാഷ്ട്രീയ കാപട്യങ്ങൾ അനാവരണം ചെയ്യുന്ന സന്ദർഭങ്ങളും നോറോണകഥകളിലുണ്ട്.

12. വിശപ്പിനും ലൈംഗികതയ്ക്കും മനുഷ്യന്റെ ജനിതകചരിത്രത്തോടൊപ്പം സ്ഥാനമുണ്ടെന്ന വസ്തുതയെ ഉൾക്കാഴ്ചയായി അനുഭവിപ്പിക്കുന്നു ഈ കഥകൾ.

എന്തുകൊണ്ടാന് ഇരുൾരതിയും ചോരയും വൈകൃതങ്ങളും  അറപ്പിക്കാത്തത് എന്ന ചോദ്യത്തിന്റെ ഉത്തരത്തിൽ  നൊറോണയുടെ ‘സർഗശേഷികൊണ്ടുതന്നെ‘ എന്ന തീർപ്പിലെത്താം. കഥകൾ കേവലം വിവരണാത്മകമാവാതിരിക്കുന്നത് അതുകൊണ്ടാണ്. എൻ ബി സുരേഷ് സാർ എഴുതിയ ലേഖനത്തിലും അജയൻ സാറും സജിസാറും എഴുതിയ കുറിപ്പിലും ജീവിതത്തിന്റെ ഇരുണ്ട വശത്തേയ്ക്ക് തെന്നുന്ന കാഴ്ചവട്ടത്തെ കൊണ്ടുവരുന്നുണ്ട്. അധികാരവും പ്രതികാരവും ആർത്തിയും ചതിയുമൊക്കെ അതിന്റെ ഭാഗങ്ങളാണ്.

 

മനീഷ പി വി  -

പാപത്തിന്റെ ശമ്പളം മരണം

    മകൾ മാഗിയുടെ സ്കൂൾ വിശേഷങ്ങളിൽ നിന്ന് അധ്യാപകൻ പോൾ സൈമണിനെ മനസ്സിലാക്കാൻ പോലീസുകാരിയായ അമ്മ ബിയാട്രിസിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. താൻ പണ്ടു പഠിച്ച അതേ സ്കൂളിൽ പഠിക്കുന്ന മകളേയും കൂട്ടി സ്കൂളിലെത്തിയ ബിയാട്രിസിനെ ഓർമ്മകൾ വേട്ടയാടി. അധ്യാപകനിൽ നിന്ന് തനിക്കേറ്റ മനോവൈകൃതങ്ങളുടെ തനിയാവർത്തനം അയാളുടെ മകനായ അധ്യാപകനിലൂടെ തന്റെ മകൾ നേരിടുന്നുണ്ടെന്ന് ബോധ്യപ്പെട്ട ബിയാട്രിസ് അപ്പൻ മരിച്ചതെങ്ങനെയെന്നു മകനോടന്വേഷിക്കുന്നു.

മഴവെള്ളം പുറത്തേക്കൊഴുക്കാൻ മതിലിന്റെ മൂട്ടിൽ ഓട്ടയിട്ടപ്പോൾ മതിലപ്പാടെ മറിഞ്ഞാണെന്ന് മകൻ പറഞ്ഞു മുഴുമിപ്പിക്കും മുമ്പേ ബിയാട്രിസ് അയാളുടെ കന്നിനാവിക്കൊരു പോലീസുപിടിത്തം പിടിച്ചിട്ട് ഗന്ധകത്തീ പോലെ അവളുടെ നാവ് അയാൾക്കു നേരെ വെറയുന്നുണ്ട്.

തുടർന്ന് .മൂന്നു ദിവസം മുൻപ് മാത്രം മരിച്ച അപ്പന്റെ ശവശരീരത്തെക്കുറിച്ചുള്ള വർത്തമാനങ്ങൾ കഥയിൽ നിറയുന്നു.

" ശവം കുളിപ്പിക്കുമ്പോഴെങ്കിലും ശ്രദ്ധിച്ചതു നന്നായി. "

"ഞങ്ങളത് അരിച്ചുപെറുക്കി നോക്കീട്ട് കിട്ടീല്ല. ഇനി ചതഞ്ഞരഞ്ഞു പോയിട്ട് ആശുത്രീക്കാര് മുറിച്ച് കളഞ്ഞതാവുമോ?"

"അന്ത്യനാളിൽ ഉയിർപ്പിക്കുമ്പോൾ അതില്ലെന്നും വച്ച് കുഴപ്പോന്നുമില്ല."

രാത്രി എമർജെൻസി ലൈറ്റുമായി മകൻ മുറ്റത്തിറങ്ങി പൊളിഞ്ഞു കിടന്ന മതിലിന്നരികിൽ വീണ്ടുമത് തിരഞ്ഞു. കൈയിൽ തടഞ്ഞത് കഴുകി വെട്ടത്തിലേക്ക് അടുപ്പിക്കുമ്പോൾ ചീഞ്ഞ പരുത്തി വേരിൻ തുഞ്ചാണെന്നു കണ്ടിട്ടും അയാൾ ഒന്നുകൂടി അമർത്തി നോക്കി.

"സീലോഹ കുളത്തിന്റെ മതിലിടിഞ്ഞു മരിച്ചവർ ശപിക്കപ്പെട്ടവരാണെന്നു ബൈബിളിൽ പറയുന്നുണ്ട്. എന്തേ ഇങ്ങനെ ദേഹം മുഴുവൻ കിട്ടാണ്ട് "

" അവരത് അരിച്ചുപെറുക്കി നോക്കിയമ്മേ.ഉറുമ്പരിച്ചു പോയതാവും. അല്ലെങ്കിൽ ആശുപത്രിക്കാര് മുറിച്ചുകളഞ്ഞിട്ടുണ്ടാവും..." (എലേടെ സുഷിരങ്ങൾ)

അയാൾ ശപിക്കപ്പെട്ടവൻ തന്നെ.പാപി .

ഇരുൾ രതി, തൊട്ടപ്പൻ, പെണ്ണാച്ചി, ആദമിന്റെ മുഴ-ഇക്കഥകളിലെല്ലാം പാപം ചെയ്തവർക്കൊക്കെ ദാരുണമായ അന്ത്യം വിധിക്കുന്നുണ്ട് കഥാകാരൻ.

എന്തിനേറെ, ഒരു നാട്ടിലെ പുരുഷന്മാരെ വലച്ച കൊമ്പന്റളിയന്റെ ഇരുപതിഞ്ച് കളറ് ചതുരപ്പെട്ടിക്കും സെലിക്കു പോലും ഏൽക്കുന്നുണ്ട് വെള്ളിടി പ്രഹരം.( ആദമിന്റെ മുഴ)

(പാപികൾ നിത്യ ശിക്ഷയിലേക്കും നീതിമാന്മാർ നിത്യജീവനിലേക്കും പ്രവേശിക്കും.- മത്തായി സുവിശേഷം 25: 46)

ഭാഷയുടെ വെള്ളിടി പ്രഹരമേറ്റ് വായനക്കാരൻ പിടയ്ക്കുന്ന കഥകൾ

 

അഷറഫ് എം

 പാപപുണ്യ/ ധർമാധർമബോധങ്ങളെ സംബന്ധിച്ച അടിസ്ഥാന ധാരണകൾ ശരിവയ്ക്കുകയാണെങ്കിൽ(അവരൂപപ്പെടുന്നതുസ്ഥല/കാല/വൈയക്തിക/ആപേക്ഷികമാനങ്ങളിലാണ് ) ഇവിടെ പരാമർശിച്ചതൊനും കഥയല്ല. അവ തീസിസാണ്. പാപത്തിന്റെ ശമ്പളം മരണമെന്ന ധാരണ ശരിവയ്ക്കുകയാണെങ്കിൽ പിന്നെന്തു കഥ? വാസ്തവത്തിൽ അതിന്റെ സൗന്ദര്യാത്മകവുംബൗദ്ധികവുമായ ആൻറി- തീസിസാണ് അവയെ കഥയാക്കി പരിവർത്തിപ്പിക്കുന്നത്. കഥാകാരൻ വിധിക്കുന്നതല്ല ശമ്പളമായ മരണം. നമ്മുടെ ജീവിത പരിതോവസ്ഥകളുടെയും വ്യവസ്ഥിതികളുടെയും നേർക്കാഴ്ചയാണത്. കഥ ധ്വനി സ്വരൂപങ്ങളിൽ പിറക്കുന്നു .

 

ശിവകുമർ ആർ പി  -

അതെ വളരെ വിശദമായി ലൈംഗികതയും വ്യതിയാനങ്ങളും വർണ്ണിക്കുകയും അവസാനം അതിന്റെ ഉപയോക്താക്കളെ പാപിയെന്നു വിധിച്ച് ദ്രോഹവും ചതിമരണവും ചിത്രീകരിക്കുകയുമാണെങ്കിൽ ഉപദേശിയിൽനിന്ന് നൊറോണ അധികം മുന്നോട്ടു പോകുന്നില്ലെന്നു കൂടി പറയേണ്ടിവരും.. ഹരാരിക്കു ശേഷം ( ഹോമോ ദിയൂസുകളെപ്പറ്റിയുള്ള സങ്കല്പങ്ങൾക്കുശേഷം ..)  വിധി, പാപം തുടങ്ങിയ വിശ്വാസങ്ങൾ നിലനിൽക്കുമോ? ആവിധമൊക്കെ സംഭവിക്കുന്നു എന്നല്ലെയുള്ളൂ?


അജയകുമാർ ബി  -

മതാശ്രിതമായ പുണ്യപാപസങ്കല്പങ്ങളെ റദ്ദുചെയ്യുകയല്ലേ ഫ്രാൻസിസ് നൊറോണ ചെയ്യുന്നത്!


അഷറഫ് എം

ബിസിനസ് മൈൻഡ് (ഇവിടെ ആംഗലേയമാണ് അനുയോജ്യം) നിലനിൽക്കുന്നിടത്തോളം പാപവും സ്വയംനിർണയാവകാശമില്ലാത്തിടത്തോളം വിധിയും നിലനില്ക്കുംഫ്രാൻസിസ് നൊറോണ എഴുത്തിലൂടെ സൂചിപ്പിച്ചത് അതായിരുന്നു. പക്ഷേ ,വായനക്കാർക്ക് സ്വാഭീഷ്ടമാകാമല്ലോ അജയകുമാർ സർ.

💑💑💑💑💑💑💑💑💑💑💑💑💑💑💑💑💑💑💑💑💑💑💑💑💑💑

 






No comments:

Post a Comment