അപ്പുമാഷുടെ ഡയറി -4
കഴിഞ്ഞ ദിവസം ,
പ്രിയയപ്പെട്ട ഒരു വിദ്യാർഥി ഒരു
കുറിപ്പ് അയച്ചു തന്നു.--
അവന് എവിടെ നിന്നോ കിട്ടിയതാണ്.
( ഇതാണ് ഞങ്ങളുടെ അവസ്ഥ എന്ന കുറിപ്പോടെ )
കോളേജ് കാമ്പസിന്റെ സങ്കടമാണതിൽ ( ചുവടെ ചേർക്കുന്നുണ്ട് )
കലാലയങ്ങളിൽ യൗവ്വനവും സർഗാത്മകതയും
വിപ്ലവും നഷ്ടപ്പെടുന്നതിന്റെ പുകച്ചിലാണതിൽ -
ഒരുതരം റോബോട്ട് ജീവിതം..
അതു തന്നെയല്ലേ സ്കൂളുകളിലേയും അവസ്ഥ ?
തീർച്ചയായും..
ഒരു പക്ഷേ, കൂടുതൽ തീവ്രമായി
......
യൗവ്വനത്തെ കൗമാരമായി മാറ്റിയാൽ , ആ കുറിപ്പ് സ്കൂളിനും ചേരും, പ്രത്യേകിച്ച് ഹയർ
സെക്കണ്ടറി സ്കൂളുകൾക്ക്.
പഠനമല്ലേ, പ0നം!
എപ്പോഴും...
സിനിമയില്ല,
നാടകമില്ല,
സംഗീതമില്ല,
സംവാദങ്ങളില്ല,
സ്പോഴ്സില്ല,
കലയില്ല,
രാഷ്ട്രീയമില്ല,
വിപ്ലവമില്ല ...
അതിനാൽ -
ഇക്കാലത്ത് ഇവിടങ്ങളിൽ,
പാട്ടുകാരില്ല
നർത്തകരില്ല
നടിയും നടനുമില്ല
നേതാക്കളില്ല
എഴുത്തുകാരില്ല
കലാകാരന്മാരില്ല
ശാസ്ത്രജ്ഞരില്ല
കായിക താരങ്ങളില്ല....!
ഉള്ളതെന്ത് ?
കര .. കര...ശബ്ദം മാത്രം.
പാഠപുസ്തകം കരളുന്ന ശബ്ദം!
- വഴിപാടായി കലാ-കായിക മേളകൾ അരങ്ങേറുന്നുണ്ട്.
ചടങ്ങായി മാത്രം!
കലാ-കായിക ഇനങ്ങളിലെ പരിശീലനത്തിന് കുട്ടികളെ കൂട്ടാൻ എന്തു വിഷമമാണെന്നോ?
ക്ലാസ്സു പോണേ..... എന്ന് അധ്യാപകരുടെ അലമുറ.
പിന്നെ ,
അനുവാദം വാങ്ങാനുള്ള അഭ്യർഥനകളുമായി
ഒരു പര്യടനം –
ക്ലാസ്സ് ടീച്ചറുടെ
പ്രിൻസിപ്പാളിന്റെ
രക്ഷാകർത്താക്കളുടെ - ഇവരുടെയൊക്കെ
അനുവാദത്തോടെ മാത്രം കലാ-കായിക പരിശീലനം!
( താല്പര്യമുള്ള അധ്യാപകർ
അപ്പണി മിക്കവാറും അവിടെ
അവസാനിപ്പിക്കും! )
പിന്നെയും മുറുമുറുപ്പുകൾ ഉയരുന്നതു കാണാം.
കലയാണത്രെ കല....
കായികമാണത്രെ കായികം...
സിനിമയാണത്രെ സിനിമ ...
വേറെ പണിയില്ല
പഠിക്കേണ്ട സമയത്ത് ............
- ഇതാണ് നമ്മുടെ അധ്യാപകരുടെ നിലപാട് !
നമ്മുടെ അധ്യാപകരൊക്കെ പക്ക പ്രയോജനവാദികളായി തീർന്നിരിക്കുന്നു! ഓരോ
പ്രവർത്തനത്തിനും അപ്പോത്തന്നെ എണ്ണം പറഞ്ഞ് പ്രതിഫലം കിട്ടണം!
സർഗാത്മകതയോ?
അതെന്തു കുന്തമാണ് ?
എല്ലാവർക്കും XL ഷർട്ട് യോജിക്കുമോ?
ഇല്ല.
എന്നാൽ എല്ലാ കുട്ടികൾക്കും XL അളവിൽ കുപ്പായം തുന്നുന്ന തിരക്കിലാണ് ഞങ്ങൾ ,
പ്ലീസ് ശല്യപ്പെടുത്തരുത്.
പിൻമൊഴി - വിദ്യാഭ്യാസ രംഗത്ത് ഒരു അഴിച്ചുപണി അത്യാവശ്യമല്ലേ ?
നമ്മുടെ പരിഗണനകൾ വിദ്യാർഥി കേന്ദ്രികൃതമാവേണ്ടതല്ലേ?
മത്സ്യത്തെ മരം കേറാൻ
പഠിപ്പിക്കേണ്ടതുണ്ടോ?
No comments:
Post a Comment