ശിവന്റെ പേജ് : Post - 5
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ആദ്യമായി’ പ്രസിദ്ധീകരിച്ചുവന്ന മനോജ് വെള്ളനാടിന്റെ
കഥ, ‘വല്യപ്പൂപ്പന്റെ പോസ്റ്റുമോർട്ട’
ത്തിന്റെ രണ്ടാമത്തെ ഖണ്ഡികയിൽ, “രതീഷ് കണക്കുക്കൂട്ടി
നോക്കി” എന്നൊരു വരിയുണ്ട്. കഥാപാത്രങ്ങളുടെ ചെയ്തികളെ ആഖ്യാതാവ്
നിരീക്ഷിക്കുന്നതുപോലെയുള്ള ഇത്തരം വിവരണാത്മക എഴുത്തുശൈലി കുറച്ചു
പഴക്കമുള്ളതാണ്. കഥാപാത്രങ്ങളുടെ ഭാവവിശേഷണങ്ങൾ കഥയിൽ വേറെയും കാണാം.
മാറ്റിയെഴുതുമ്പോൾ വെട്ടിമാറ്റാവുന്നതാണ് ഈ വരികൾ. അങ്ങനെയാണ് കഥകൾക്ക്
പ്രായമാകുന്നതും മുറുക്കം കൂടുന്നതും എന്നത് കഥയെഴുത്തിനെ സംബന്ധിക്കുന്ന പ്രാഥമിക
പാഠങ്ങളിൽ ഒന്നാണ്. എന്നാൽ ഒന്നുകൂടി വായിക്കുമ്പോൾ വല്യപ്പൂപ്പന്റെ
പോസ്റ്റുമോർട്ടത്തിലെ ചില വിശേഷണങ്ങൾക്ക് കഥയുടെ ഉള്ളിലേക്ക് പോകാനുള്ള
സവിശേഷസിദ്ധിയുണ്ടെന്നു തോന്നുന്നു. അവയിൽ ഏറ്റവും പ്രധാനം, മുൻപേ
പറഞ്ഞ വാക്യം തന്നെയാണ്.
രതീഷ് കണക്കുക്കൂട്ടി നോക്കിയത് എന്താണെന്ന് ആ ഖണ്ഡികയിൽ
വ്യക്തമാക്കുന്നുണ്ട്. മോർച്ചറിയിൽനിന്ന് പോസ്റ്റുമോർട്ടം കഴിഞ്ഞ ശവം വിട്ടു
കിട്ടി ചടങ്ങെല്ലാം കഴിയുമ്പോൾ പിറ്റേന്ന് അഞ്ചരമണിയാവുമെന്നതാണ് അത്. അങ്ങനെ
കാത്തിരിക്കാൻ അവന്റെ പക്കൽ ധാരാളം സമയമില്ലെന്ന കാര്യം, അതെന്തുകൊണ്ടാണെന്ന വിശദീകരണത്തോടെ കഥയിലുണ്ട്. അതിന്റെ
യുക്തിയും അയുക്തിയും പിന്നീട് ചർച്ച ചെയ്യാം. പുറമേ പരുക്കൻ രീതിയിൽ കാണപ്പെടുന്ന
മനുഷ്യരുടെ നന്മ എന്ന ഘടകത്തിലേക്കാണ് വല്യപ്പൂപ്പന്റെ പോസ്റ്റുമോർട്ടം എന്ന കഥ
പ്രാഥമികമായി ശ്രദ്ധ ക്ഷണിക്കുന്നത്. കഥയിലെ വല്യുപ്പൂപ്പൻ ദീർഘായുസ്സുള്ള മനുഷ്യനായിരുന്നു.
അയാൾക്ക് കാർത്ത്യായിനി എന്ന സ്ത്രീയുമായി തിരിച്ചറിയാൻ വയ്യാത്ത ആത്മബന്ധം
ഉണ്ടായിരുന്നു. അയാൾക്ക് അയാൾ ഉപയോഗിച്ചിരുന്ന വണ്ടിക്കാളകളോടും അസാധാരണമെന്നു
പറയാവുന്ന സ്നേഹമുണ്ടായിരുന്നു. കാളകൾക്ക് വയ്യാതാവുമ്പോൾ, പൊൻകുന്നം
വർക്കിയുടെ പഴയ കഥാപാത്രത്തെപ്പോലെ അവരെ അറവുകാർക്ക് വിൽക്കാൻ അയാൾ
തയ്യാറായിരുന്നില്ല.
ഈ രണ്ടു ഗുണങ്ങൾക്ക് ബദലായി അയാൾക്ക് ഇരുണ്ടവശങ്ങളും ഉണ്ട്. അതിരുകല്ലു മാറ്റിയിട്ട് അയല്പക്കക്കാരുടെ ഭൂമി പിടിക്കുക, അതുമായി അനുബന്ധിച്ച് വഴക്കും വക്കാണവും കൂസലില്ലാതെ കൊണ്ടുനടക്കുക, ശത്രു ചത്താലും തീരാത്ത പക വച്ചു പുലർത്തുക. അയാൾ അഞ്ചു പൈസ ആർക്കും കൊടുക്കാത്ത പിശുക്കനാണ്. പോലീസിനെ വകവയ്ക്കാത്ത ആ മനുഷ്യൻ ഫലത്തിൽ നിയമവാഴ്ചയെത്തന്നെയാന് വെല്ലുവിളിക്കുന്നത്. താരതമ്യം ചെയ്താൽ രതീഷിന്റെ ആഖ്യാനത്തിൽ വല്യപ്പൂപ്പന്റെ ഗുണങ്ങളെക്കാൾ ദോഷങ്ങളാണുള്ളത്. എങ്കിലും നമ്മളത് പരിഗണിക്കില്ല. എങ്കിലും കാർത്ത്യായിനിയോടും വണ്ടിക്കാളകളോടുമുള്ള മുഴച്ചുനിൽക്കുന്ന നിരുപാധിക സ്നേഹത്തിന്റെ പേരിൽ വായനക്കാർ പെട്ടെന്ന് വല്യപ്പൂപ്പനെ കുട്ടിയെ എന്നപോലെ പരിപാലിക്കാനെടുക്കും. ‘ആംബുലൻസിനുള്ളിൽ പിണക്കം അഭിനയിക്കുന്ന കുഞ്ഞിനെപോലെ വല്യപ്പൂപ്പൻ കിടന്ന് കുലുങ്ങുന്നു’ എന്ന വാക്യം നോക്കുക. അത് രതീഷിന്റെ കാഴ്ചമാത്രമല്ല.
ഇതിനു സമാന്തരമായ മറ്റൊരു തിരിയലും കഥയ്ക്കുള്ളിലുണ്ട്. വല്യപ്പൂപ്പനെപോലെ
രതീഷും നന്നായി കഥ പറയും. അതല്ലാതെ മറ്റെന്തെങ്കിലും ഗുണം കഥയിൽനിന്ന്
കണ്ടെടുക്കുക പ്രയാസമാണ്. പരിചയപ്പെട്ട് കുറച്ചു സമയമായപ്പോഴേക്കും വല്യപ്പൂപ്പനും
ചെറുമകനും ഒരേപോലെ സ്വർണ്ണ നാക്കുള്ള കഥ പറച്ചിലുകാരാണെന്ന് സാക്ഷാൽ പോലീസുകാരൻ
സർട്ടിഫിക്കേറ്റു നൽകുന്നു. വല്യപ്പൂപ്പനെ നേരിട്ടു അറിഞ്ഞിട്ടില്ലാത്ത പോലീസുകാരൻ
പറയുന്നതു നോക്കുക : “നിനക്കും ഏതാണ്ടതേ നാക്കാണ് രതീഷേ. നിന്റോടെ സംസാരിക്കാനും
നല്ല രസം”.
അനുഭവസമ്പന്നന്നായ പോലീസുകാരനെപ്പോലും വശീകരിക്കുന്നതും സ്വാധീനിക്കുന്നതുമാണ് രതീഷിന്റെ കഥ പറയാനുള്ള കഴിവ്. അതുവഴി അയാൾ രണ്ട് കാര്യങ്ങൾ സാധിച്ചെടുക്കുന്നുണ്ട്. ആലോചിച്ചാൽ രണ്ടും വിഹിതമല്ലാത്ത കാര്യങ്ങളാണ്. അവൻ ‘കണക്കുക്കൂട്ടിയതുപോലെ’ നിയമത്തിനെതിരായി (റൂളെന്നാണ് കഥയിലെ വാക്ക്) വല്യപ്പൂപ്പന്റെ ശരീരം പോസ്റ്റുമോർട്ടം ചെയ്യാതെ വാങ്ങിച്ചെടുക്കുന്നു. അത് അവന്, സാമൂഹികമായി അംഗീകാരമില്ലാത്ത ഒരു വിവാഹത്തിന് വഴിയൊരുക്കിക്കൊടുക്കുകയും ചെയ്യും. ഇയാളുമായുള്ള വിവാഹം സുഖകരമായിരിക്കാനുള്ള സാധ്യത കഥയ്ക്ക് പുറത്തുള്ള കാര്യമാണ്. എങ്കിലും ചില കാര്യങ്ങൾ ആലോചിക്കാനുണ്ട്. പശുവിനെ വാങ്ങിക്കാൻ പണം കൊടുക്കാതിരുന്ന വല്യപ്പൂപ്പനെ, മോട്ടിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയ ചരിത്രം അവനുണ്ട്. മുറി മൊത്തം എലികളാണെന്ന് പറഞ്ഞ വല്യപ്പൂപ്പന് എലിവെഷം കാശു വാങ്ങാതെ വാങ്ങിക്കൊടുത്തതും അവനാകുന്നു. ഇതുരണ്ടും വല്യപ്പൂപ്പനെപ്പറ്റി മരിച്ചതിനുശേഷം അവൻ പറയുന്ന ചില വിശേഷണങ്ങളും ( “എന്തു മുറ്റ് ? ഇന്നേവരെ മനുഷ്യനു ഗുണോള്ള ഒന്നും അങ്ങേര് ചെയ്തിട്ടില്ല”) അവന്റെ കഥ ഏതു ഭാവത്തെയാണോ ലക്ഷ്യമാക്കുന്നത് അതിനു വിപരീതമായ ദിശയിലേക്ക് വായനക്കാരെ കണ്ണകെട്ടി നടത്തുന്നു.
നിയമപാലകനായ പോലീസുകാരനെ സ്വാധീനിച്ചു കൂട്ടു നിർത്തി, റബർ ടാപ്പിങ് തൊഴിലാളിയായ രതീഷ് ചെയ്യുന്ന ഒരു കുറ്റകൃത്യമാണ് വല്യപ്പൂപ്പന്റെ പോസ്റ്റുമാർട്ടം എന്ന കഥയുടെ കേന്ദ്രം. ആ കുറ്റകൃത്യമാവട്ടെ മറ്റൊരു കുറ്റകൃത്യത്തിനുവേണ്ടിയുള്ള കണക്കുക്കൂട്ടലിൽനിന്നുരുത്തിരിയുന്നതുമാണ്. ആദ്യത്തേത് സാമൂഹികമായ നിയമത്തിന്റെ ലംഘനവും രണ്ടാമത്തേത് ആചാരപരമായ വഴിതെറ്റലുമാണ് എന്നു പറയാം. ഇവിടെ എന്തും പോസിറ്റീവായി കാണുന്ന മനുഷ്യർ എതിർവാദങ്ങൾ ഉന്നയിച്ചേക്കും. കഥയുടെ ശില്പഘടന, മുൻപെങ്ങോ നടക്കാതെപോയ പ്രണയത്തെക്കുറിച്ചും അതിൽ നീറി ജീവിച്ച രണ്ടാത്മാക്കളെക്കുറിച്ചും (വല്യപ്പൂപ്പനും കാർത്ത്യായിനിയും) സൂചന നൽകുന്നില്ലേ, അവരുടെ സഫലമാകാത്ത ജൈവചോദനകളിൽ എരിഞ്ഞും ഉണങ്ങിയും ജീർണിച്ചും ജരിച്ചും പരുക്കനായും പോയ പഴയ ജീവിതങ്ങളെ അതുപോലെ ആവർത്തിക്കാതിരിക്കാനുള്ള കാവലല്ലേ പോലീസുകാരന്റെ നിയമലംഘനത്തിലൂടെ ചെയ്തുകൊടുക്കുന്നതെന്നും അതുവഴി കഥയ്ക്കു കൈവരുന്ന ശുഭപര്യവസായിത്വവും മനുഷ്യരുടെ പരസ്പരസ്നേഹത്തിന്റെ മാഹാത്മ്യവുമാണ്, അതിന്റെ രസബിന്ദുവിനെ തിരിക്കുന്ന ഊർജമെന്നും അവർ വാദിക്കാനിടയുണ്ട്. അതൊരു വശമേ ആകുന്നുള്ളൂ. രതീഷിന്റെയും രാഖിയുടെയും വിജാതീയയും പെൺകുടുംബത്തിന്റെ സമ്മതമില്ലാത്തതുമായ വിവാഹം ഒരു മരണത്തിന്റെ പശ്ചാത്തലത്തിൽ ചെയ്യാനുദ്യമിക്കുന്നതിൽ അത്ര ആശാസ്യമല്ലാത്ത പൊരുത്തക്കേടുണ്ട്. അറു പിശുക്കനായ വല്യപ്പൂപ്പന്റെ പണം മോഷ്ടിക്കുമെന്ന തീരെ നിസ്സാരമായ ഭീഷണിയെപ്പറ്റി ഒരു പരാമർശത്തെ അയവിറക്കിയെങ്കിലും അയാളുടെ അതിരുവെട്ടിപ്പിടിച്ച ഭൂമിയെയും പാത്തുവച്ച പണത്തെയും അവയുടെ അവകാശിയെയുംപറ്റി ആലോചിച്ചു നോക്കുന്നതിൽ തെറ്റൊന്നുമില്ല.
എന്തുകൊണ്ട് ഇതൊന്നും കഥയുടെ ഉപരിതലത്തിൽ കാണുന്നില്ലെന്നതിന് ഒരു
ഉത്തരമുണ്ട്. കഥ ആകപ്പാടെ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ആഖ്യാതാവിന്റെ കാലികവും
യുക്തിപരവുമായ വിചാരലോകത്താൽ നയിക്കപ്പെടുന്നതിനാൽ അതിനുള്ളിലെ നിയമരാഹിത്യങ്ങളും
വിള്ളലുകളും കഥാപാത്രങ്ങളുടെ വ്യക്തിദോഷങ്ങളും അങ്ങനെ മനസിലാക്കാനുള്ള കഴിവു
വായനക്കാർക്ക് താത്കാലികമായെങ്കിലും നഷ്ടപ്പെടുത്തുകയാണ്. ഒരു ഉദാഹരണം പറയാം, ‘പണ്ടത്തെ ആൾക്കാർക്ക് ഫയങ്കര ആയുസ്സായിരുന്നു’‘ എന്നു
പറയുന്ന പോലീസുകാരനെ, ‘അതക്ക ചുമ്മാ പറയണേണ്. ഇതുപോലെ
തെറ്റീം തെറിച്ചും ഒന്നോ ഒന്നരയോ കാണും.’ എന്നു തിരുത്തുന്ന രതീഷ് യഥാർഥത്തിൽ
സാമ്പ്രദായികമായ ബോധത്തെ തിരുത്തുന്ന ശാസ്ത്രബോധമുള്ള ആധുനികനായി മാറുന്നു.
അയാളുടെ വിജാതീയ വിവാഹത്തെപ്പറ്റിയുള്ള പരാമർശത്തിലും ഈ ഘടകമുണ്ട്. ഇതൊന്നും
രതീഷല്ല, കഥയിൽനിന്ന് മറഞ്ഞിരിക്കുന്ന കഥാകൃത്തിന്റെ
വെളിപ്പെടൽ സന്ദർഭങ്ങളാണെന്ന് ആർക്കും മനസ്സിലാക്കാമെന്നതേയുള്ളൂ. എന്നാൽ കഥയുടെ
വൈകാരിക അന്തരീക്ഷം വായനയുടെ നിർബന്ധമുഹൂർത്തങ്ങൾ യുക്തിയുടെ മുറിയിലെ വെളിച്ചം
തെളിക്കില്ല. മറിച്ച് സാന്ദർഭികമായി പ്രകാശിക്കുന്ന ഈ ആധുനികത്വംകൊണ്ട്
രതീഷിന്റെയും പോലീസുകാരന്റെയും ജ്ഞാനപരമായ കീഴ്‌നിലയെ ഒരു പ്രശ്നമല്ലാതാക്കുകയും
കഥാകൃത്ത് ഉദ്ദേശിക്കുന്ന രീതിയിൽ വായനക്കാരെ വഴി നടത്തുകയും ചെയ്യും. അങ്ങനെ അവർ
രണ്ടു പേരും നമുക്ക് കുറ്റവാളികൾ അല്ലാതാക്കുന്നു.
രതീഷ് പോലീസുകാരനെ സ്വന്തം സ്വാധീനവലയത്തിൽകൊണ്ടുവരുന്നത് കഥ പറയാനുള്ള
ശേഷികൊണ്ടാണല്ലോ. നാടൻ ഭാഷയിൽ വിശേഷിപ്പിച്ചാൽ കഥപറയാനുള്ള ഈ കഴിവ് ആടിനെ
പട്ടിയാക്കാനുള്ള കഴിവുകൂടിയാണ്. ദൃശ്യത്തിലെ ജോർജ്ജുകുട്ടിയുടെ കഴിവും
ഇതുതന്നെയായിരുന്നു. കഥയിൽനിന്നു തന്നെ കിട്ടുന്ന തെളിവുവച്ച്, രതീഷ് പോലീസുകാരനോട് പറയുന്ന കഥ, കുറച്ചു
നേരമെങ്കിലും അയാളുടെ മസ്തിഷ്കത്തിന്റെ ജ്ഞാനഭാഗത്തെ ഇരുട്ടിലാക്കുകയും
വൈകാരികഭാഗത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതുപോലെ വായനയിലും കഥാകൃത്ത്
ഒരട്ടിമറി സംഭവിപ്പിക്കുന്നു. അതുവഴി അദ്ദേഹം ചൂണ്ടിക്കാണിച്ച വഴിയിലൂടെ നടന്ന്
വായനക്കാർ അവരവരുടെ നിലവറക്കുണ്ടുകളിലെത്തുന്നു. അന്യാപദേശരൂപത്തിലോ ഋജുവായോ ഉള്ള
ആഖ്യാനങ്ങളിൽനിന്ന് വ്യത്യസ്തമായി താരതമ്യേന സരള ഘടനയുള്ള കഥകൾ വായനാനുഭവമായി
മാറുന്നത്, അവ പുറമേ പ്രകടിപ്പിക്കുന്ന ഭാവത്തിനകത്ത്
ഒളിപ്പിച്ചിരിക്കുന്ന സങ്കീർണ്ണമായ വിശേഷങ്ങൾകൊണ്ടാണ്. അതിനാൽ വല്യപ്പുപ്പാന്റെ
പോസ്റ്റുമോർട്ടം എന്ന കഥയിൽ രതീഷിന്റെ ഭാവാർദ്രമായ കഥാവിവരണം എത്രത്തോളം
വിശ്വസിക്കാൻ തയ്യാറാവുന്നില്ലയോ അത്രയും അതിലെ പോലീസുകാരനെപ്പോലെയുള്ള
കഥാപാത്രമാവാൻ നമ്മൾ വിസമ്മതിക്കുന്നു എന്നാണർത്ഥം. കഥയുടെ ഉള്ളിലേക്ക്
ചുഴിയാനുള്ള മാർഗം കഥ സൃഷ്ടിക്കുന്ന വൈകാരികതയുടെ വശ്യതയിൽനിന്ന് രക്ഷപ്പെടുക
എന്നതാണ്.നന്മയിൽ ഗോപാലന്റെ കഥയല്ല ‘വല്യുപ്പൂപ്പന്റെ പോസ്റ്റ്മോർട്ടം’ എന്ന്
അപ്പോഴതുതന്നെ വെളിവാക്കും.
📌 കഥ വായിക്കാൻ CLICK HERE
No comments:
Post a Comment