+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Thursday, July 21, 2022

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത ( Novel ) പഠനം : ദിവ്യ ജാഹ്നവി

 വായനച്ചെല്ലം - 3


മിസിസ് കാതറിൻ ഹന്ന മുല്ലൻസ് ബംഗാളിയിൽ രചിച്ച ‘ഫൂൽമോണി ഒ കോരുണോർ ബിബരൺ’ എന്ന ബംഗാളി നോവലിന്റെ പരിഭാഷയാണ് "ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ". മലയാളത്തിലെ ആദ്യകാലഗദ്യമാതൃകയെന്ന നിലയിൽ പ്രസക്തമായ ഈ നോവൽ വിവർത്തനത്തിന്റെ ശീർഷകത്തിന്റെ ഛായയിൽ തന്റെ പ്രഥമ നോവലിനു രാജശ്രീ പേരു നൽകുന്നത്  ബോധപൂർവമാണ്.  കേവലം മതപ്രചരത്തിനുള്ള ഗദ്യമായി രചിക്കപ്പെട്ട ഫുൽമോന എന്നും കോരുണ എന്നും പേരായ രണ്ട് സ്ത്രീകളുടെ കഥയെ കേരളത്തിന്റെ സാഹിത്യ ചരിത്രത്തിന്റെ ഭാഗമായിട്ടല്ല, മറിച്ച് സാമൂഹിക ചരിത്രത്തിന്റെ ഭാഗമായി കാണുന്നതാവും നല്ലത്. ഇന്ദ്യയിലെ സ്ത്രീ ജനങ്ങൾക്ക് പ്രയോജനത്തിനായിട്ട് ഒരു മദാമ്മ അവർകൾ എഴുതിയ ഇമ്പമായ ചരിത്രങ്ങൾഎന്ന ഉപശീർഷകം തന്നെ സാമൂഹിക ലക്ഷ്യത്തെക്കുറിച്ചാണ് പറയുന്നത്. സ്ത്രീയവസ്ഥയെക്കുറിച്ച്, സമൂഹത്തിൽ അവളുടെ നിലനില്പിനെക്കുറിച്ച്, പോരാട്ടങ്ങളെക്കുറിച്ച്, സ്വാതന്ത്രത്തെക്കുറിച്ച്, സ്വന്തം ജീവിതത്തിൻമേൽ തനിക്കുള്ള അധികാരത്തെക്കുറിച്ച് ഒക്കെയും സംസാരിക്കുന്ന ഒരു നോവൽ എന്ന നിലയിൽ 'കത' ചില വിമോചന ലക്ഷ്യങ്ങളെകൂടി മുന്നിൽ കാണുന്നുണ്ട്. ഇതിവൃത്ത സംബന്ധിയായി നോക്കുമ്പോഴും ഫുൽമോനിയെയും കോരുണയെയും കല്യാണിയോടും ദാക്ഷായണിയോടും ചേർത്തു വയ്ക്കാവുന്ന ചില ഘടകങ്ങൾ കണ്ടെത്താൻ കഴിയും. വീടും പറമ്പും വൃത്തിയോടും ശുദ്ധിയോടും കാക്കുന്ന കല്യാണിയിൽ ഫുൽമോനിയെയും ഭർത്താവുമൊത്തുള്ള കോരുണയുടെ താറുമാറായ ദാമ്പത്യത്തെ ദാക്ഷായണിയുടെ ജീവിതവുമായും ചേർത്ത് വായിക്കാവുന്നതേയുള്ളൂ.  ഫുൽമോനി ഫിലോമിനയും (പ്ലമേന) കോരുണ കരുണയുമാണ്.  ബംഗാൾ ഭൂപശ്ചാത്തലമാവുന്ന നോവലിലെ മതപരമോ വർഗപരമോ ആയ ആ പ്രശ്നം എന്തായാലും കല്യാണിയിലും ദാക്ഷായണിയിലും ഇല്ല.  അതേ സമയം ജാതിയും തെക്കൻ വറ്റക്കൻ പ്രദേശവ്യത്യാസങ്ങളും ആളുകളുടെ സ്വഭാവവും സൂക്ഷ്മമായ നിലയിൽ ഈ നോവലിൽ കടന്നു വരികയും ചെയ്തിരിക്കുന്നു.

കണ്ണൂരിന്റെ പ്രാന്തപ്രദേശങ്ങളിൽ ജീവിച്ചിരുന്ന കല്യാണിയുടേയും ദാക്ഷായണിയുടേയും അവരുമായി ബന്ധപ്പെട്ടു നിൽക്കുന്ന കാലത്തിന്റേയും ദേശത്തിന്റേയും പുരാവൃത്തങ്ങളുടേയും പുരുവൻമാരുടേയും പെണ്ണുങ്ങളുടേയും ജീവിതം പ്രതിപാദിക്കുന്ന ഈ നോവൽ എഴുത്തുകാരി സമകാലിക ജീവിതവുമായി ഘടിപ്പിച്ചിരിക്കുന്നു. നോവലിന്റെ പേരിൽ തന്നെയുണ്ട് ഒരു കൗതുകം. തനതു ഭാഷയുടെ ചൂടുംചൂരും അതേപടി നിലനിർത്തിക്കൊണ്ട് സംസാരിക്കുന്ന കഥാപാത്രങ്ങളുള്ള ഈ നോവലിന്റ ശീർഷകത്തിന് സ്ത്രീകളുടെ കത എന്ന് പേരിടുന്നതിൽ ഒരു അനൗചിത്യമുണ്ടെന്ന് നമുക്ക് തോന്നിപ്പോകും. എന്നാൽ, കണ്ണൂരിൽ, പെണ്ണുങ്ങൾ എന്ന പദത്തിന് രൂഢിയായി പോയ ഭാര്യ എന്ന അധികാർത്ഥത്തെ ആദ്യമേ പിടിച്ച് പുറത്താക്കി, ഒരു വർഗ്ഗത്തെതന്നെ സൂചിപ്പിക്കുന്ന പദം ചേർത്താണ് നോവലിസ്റ്റ് നോവലിന്റെ ശീർഷകം രൂപപ്പെടുത്തിയിരിക്കുന്നത്.

കുടുംബം ഒരു ഒറ്റത്തുരുത്തായി മാറുകയും ദാമ്പത്യം  മുഴുവൻ സമയ ജോലിയാകുകയും ഒരു ജീവിതം മുഴുവൻ അതിനുള്ളിൽ പെട്ടുപോകുകയും  പ്രതിസന്ധികൾ തരണം ചെയ്യാനാവാതെ വരികയും ചെയ്യുന്നതിനിടയിലും, എങ്ങനെയാണ് വർഷങ്ങൾക്ക് മുൻപ് കണ്ണൂരിലെ കുടുംബങ്ങൾ നിലനിൽക്കുകയും സ്ത്രീകൾ അവരൂടെ ഏകാന്തമായ സ്വാതന്ത്ര്യം വീണ്ടെടുക്കുകയും ചെയ്തത്  എന്നതിന്റെ സാംസ്കാരികമായ അടയാളപ്പെടുത്തലാണ് കല്യാണിയുടെയും ദാക്ഷായണിയുടെയും കത’.  കലഹവും കലാപവും കുറ്റസമ്മതവും ഒഴിഞ്ഞു പോകലും പ്രണയവും എല്ലാം അതിനകത്തുണ്ട്. ദാമ്പത്യവും ദേശവുമായി സമീകരിക്കപ്പെടുന്ന ഒരു കാലത്തിന്റെ കഥയാണ് 'കത' പറഞ്ഞു വയ്ക്കുന്നത്.

 

ഭാഷയും ആഖ്യാനവും

കണ്ണൂരിന്റേയും തിരുവിതാംകൂറിന്റേയും ഭാഷയുടെ സംഘർഷമാണ് നോവലിലേത് എന്ന് പറയുക സാധ്യമല്ല. കണ്ണൂരിന്റെ തനതുഭാഷ കല്യാണി - ദാക്ഷായണിമാരിലൂടെയും  തിരുവിതാംകോടിന്റെ നീട്ടും കുറുക്കലും കുഞ്ഞിപ്പെണ്ണ്- ചിത്രസേനൻ - ആണിക്കാരന്മാരിലൂടെയും വെളിപ്പെടുന്നു. മാനക മലയാളത്തിൽ സംസാരിക്കുന്ന ആഖ്യാതാവ്  മന:ശാസ്ത്രത്തിന്റെയും ക്രിക്കറ്റിന്റെയും  ധനതത്ത്വശാസ്ത്രത്തിന്റേയും സൈബർലോകത്തിന്റെയും ഭാഷകളെ കൂട്ടിയിണക്കുന്നതു കാണാം. ശീർഷകത്തിലൂടെതന്നെ പ്രാധാന്യം കിട്ടിക്കഴിഞ്ഞ രണ്ട് പ്രധാന കഥാപാത്രങ്ങൾ, കല്യാണിയും ദാക്ഷായണിയും സംസാരിക്കുന്നത് കണ്ണൂരിലെ വാമൊഴിയായതുകൊണ്ടും സാധാരണ കാണുന്നതുപോലെ അടിക്കുറിപ്പായി അവരുടെ സംഭാഷണ ശകലങ്ങളെ വിശദീകരിച്ചു കൊടുത്തിട്ടില്ലാത്തതുകൊണ്ടും

നോവലിൽ കണ്ണൂർഭാഷയ്ക്ക് വന്നിരിക്കുന്ന പ്രാധാന്യം വ്യക്തമാണ്. എന്നാൽ ചുരുക്കം കഥാപാത്രങ്ങളെ ഈ വാമൊഴിഭേദത്തെ കൈകാര്യം ചെയ്യുന്നുള്ളൂ.

"നിഷാടാക്കീസിൽ കണ്ട കഥാപാത്രങ്ങളൊന്നും അവളുടെ ഭാഷയിലല്ല സംസാരിച്ചത്. എന്നിട്ടും അവരാരും അന്യരാകുന്നില്ല" എന്ന് ആഖ്യാതാവ് പറയുന്നുണ്ട്. അത് ഭാഷയുടെ രാഷ്ട്രീയമാണ് അരികുജീവിതങ്ങളെ മുന്നിലേക്ക് നീക്കി നിർത്തുന്ന ഒരു വങ്മയം, അവരുടെ ഭാഷയെ വ്യാഖ്യാനം കൊണ്ടു പോലുമരികുവത്കരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.  ഭാഷ ഒരിടത്തും വായനയെ തടഞ്ഞു നിർത്തുന്നില്ല. ഏതു ഭാഷയിലും മനുഷ്യന്റെ യാതനയും വികാരവും നിസ്സഹായതയും അതൃപ്തിയും പാരവശ്യങ്ങളും ഒന്നുതന്നെയാണെന്ന ധാരണയാണ്  നോവലിന്റെ ഭാഷാപരമായ ആത്മബലം. തച്ചു പെരക്കുന്ന കുരിപ്പും, കൈസാടും, തുക്കിച്ചിയും, കോട്ടവും മെരട്ടിലാക്കലുമെല്ലാം സമാനാർത്ഥത്തിൽ നാനാദേശക്കാരുടേയും ഭാഷയിൽ പല പദങ്ങളിലായി ചിതറിക്കിടക്കുന്നുണ്ട്. ഈയൊരു ആശയഗ്രഹണ ശേഷിയാണ് ഭാഷാബന്ധനമില്ലാതെ നോവലിന്റെ ആസ്വാദനത്തെ മുന്നോട്ട് നയിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.

 

കതയിലെ ഉന്മാദിനികൾ

 

കല മരണത്തെ ജയിക്കാനുള്ള ഉപാധിയാണെങ്കിൽ കല്യാണിയേയും ദാക്ഷായണിയേയും ചേയിക്കുട്ടിയേയും ജീവിതത്തിൽ ഉറപ്പിച്ചു നിർത്തുന്ന ഒന്നാണ് അവരിലെ ഉന്മാദം. പകരം വയ്ക്കലുകളുടെ തമ്പുരാക്കൻമാരാണ് ഓരോ മനുഷ്യരും. അത്തരത്തിൽ നോവലിലെ സ്ത്രീകഥാപാത്രങ്ങളിലേയ്ക്ക് അവരറിയാതെ വന്നു ചേരുന്ന ഒന്നാണ് ഈ ഉന്മാദവും.വലിയാവിൽ നിന്ന്  വെരലേ കേറിപ്പിടിച്ച് വന്ന യക്ഷി ദാക്ഷായണിയുടെ ഉന്മാദത്തിന്റെ ഒന്നാം കല്ലായിരുന്നു. തന്റെ തകർന്ന ദാമ്പത്യത്തിൽ നിന്ന്, അവഹേളനങ്ങളിൽ നിന്ന് ഒക്കെ തണുപ്പിച്ചെടുത്തത് ആ ഉന്മാദമാണ്. ഉന്മാദത്തിന്റെ മൂർദ്ധന്യങ്ങളിൽ ദാക്ഷായണി നോട്ടമിട്ടത് ആണധികാരത്തിന്റെ ബിംബമായ കസേരയിലായിരുന്നു. അതിലേയ്ക്ക് രണ്ട് കാലും കൈപ്പിടിയിൽ രണ്ടു വഴിക്ക് കയറ്റി വച്ചിരുന്ന് ദാക്ഷായണി ആണധികാരത്തെ നിലംപറ്റിക്കുന്നുണ്ട്. രേഖപ്പെടാതെ പോകുന്ന അടുക്കള സമരങ്ങളെ ഉന്മാദത്തിലൂടെ ആണധികാരത്തിന്റെ കസേരയിലെത്തിച്ച് വടക്കൻ മലബാറിനു മേൽ മുഴങ്ങി നിന്ന തിരുവിതാംകൂറിന്റെ അധികാര സ്വരങ്ങളെ പ്രാദേശിക ഭാഷയുടെ മുനയുള്ള സാദ്ധ്യത കൊണ്ട് നാണം കെടുത്തുന്നുണ്ട് ദാക്ഷായണി. ഈയൊരുന്മാദത്തിന്റെ തുടർച്ച കല്യാണിയിലും ചേയിക്കുട്ടിയിലും കാണാം. തന്റെ കുറ്റബോധത്തെ ജീവിതത്തിലുടനീളം പുകച്ച് തീർക്കുന്നുണ്ടെങ്കിലും അവർ തന്റെ ജീവിതത്തിന്റെ അസ്വസ്ഥതകളെ പൂർണമായും കുടഞ്ഞു കളയുന്നത് ഉന്മാദത്തിലൂടെയാണ്. മന:പൂർവ്വമല്ലെങ്കിലും താൻ മൂലമുണ്ടായ വല്യേച്ചിയുടെ നഷ്ടത്തെ കിണറ്റിൽനിന്നും കയറി വരുന്ന വല്യേച്ചിയു മായുള്ള വർത്തമാനങ്ങളിലൂടെ അവർ തീർക്കുന്നു. ഒടുവിൽ എല്ലാ പരാതികളും പറഞ്ഞു തീർത്ത് വല്യേച്ചിയോടൊപ്പം കിണറ്റിലേയ്ക്കിറങ്ങുന്ന ചേയിക്കുട്ടി ഉന്മാദത്തിലൂടെ വിശുദ്ധപ്പെട്ട കഥാപാത്രമായി തീരുന്നു. കല്യാണിയിലും ഈയൊരു നൊസ്സുണ്ട്. ലൈംഗിക ശേഷിയില്ലെങ്കിലും അവൾ കോപ്പുകാരനെ സ്നേഹിച്ചിരുന്നു. അവളുടെ കുഞ്ഞാകട്ടെ അനിയൻ ലക്ഷ്മണന്റേയും. ഈ പ്രതിസന്ധിയുടെ പ്രതിഫലനമായിരുന്നു പ്രസവശേഷമുള്ള അവളുടെ ഭ്രാന്ത്.  ചേയിക്കുട്ടിയുടെ ഉന്മാദ പകർച്ച കല്യാണിയിലേയ്ക്ക് നീളുന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ ചേയിക്കുട്ടിയോടുള്ള ദുഷ്പ്രവർത്തികൾ അവരുടെ മരണശേഷം കുറ്റബോധമായി അവളിൽ വളരുന്നു. അതും ചേയിക്കുട്ടി തന്റെ കാരണവൻമാരോട് ചെയ്ത പ്രവർത്തികളുടെ തുടർച്ചയാണ്.  ഉന്മാദത്തിലൂടെ വിമലീകരിക്കപ്പെടുന്ന പെണ്ണുങ്ങൾ മനസിന്റെ മുറികളും ജനലുകളും വെളിച്ചത്തിലേക്ക് തുറന്നിടുകയാണ് നോവലിൽ.

 

കതയിലെ ലൈംഗികത   

രതിയുടെ പൊരുത്തവും പൊരുത്തക്കേടും ആഹ്ലാദവും പ്രതികരണവുമൊക്കെ നോവലിൽ രേഖപ്പെടുത്തിയിരിക്കുന്നു. കോപ്പുകാരന്റെയും കല്യാണിയുടേയും ഇടയിൽ ലൈംഗികത ചത്ത പാമ്പിനെപ്പോലെ കിടക്കുമ്പോഴും കല്യാണി കോപ്പുകാരനെ സ്നേഹിക്കുന്നുണ്ട്. അയാളുടെ നഷ്ടം ഒരു നീലിച്ച വിഷാദമായി ഒടുക്കം വരെയും അവളിലടങ്ങിക്കിടക്കുന്നുമുണ്ട്. എന്നാൽ ദാക്ഷായണിയുടെ കാര്യത്തിൽ അതല്ല സംഭവിക്കുന്നത്. മനസ് ശരീരത്തിനും കിടക്കയ്ക്കുമപ്പുറത്തേയ്ക്ക് ഊരിയിട്ട് പുലരുമ്പോൾ തിരിച്ചെടുത്തിട്ട് തന്റെ ആണിക്കാരനുമായുള്ള ബന്ധം നിലനിർത്താൻ ശ്രമിച്ചെങ്കിലും ഒടുവിൽ "ഇവന്റെ പണിക്കാ ഞാൻ പൈശ അങ്ങോട്ട് കൊടുക്കണ്ട്? എന്നാ അയയ്ന് കൊളള് ന്ന ആരിക്കെങ്കും കൊടുത്ത് ടെ അനക്കത് കുരിപ്പ്!" എന്ന ആക്രോശത്തിൽ അയാളുടെ ജീവിതത്തിൽ നിന്ന് കയ്യും വീശി റോഡിലേയ്ക്കിറങ്ങുന്ന ദാക്ഷായണി പ്രതികരിക്കുന്നത് അയാളുടെ ലൈംഗികതയ്ക്കുമപ്പുറം സ്വന്തം ജീവിതത്തിന്റെ അധികാരികളാകാനുള്ള സ്ത്രീകളുടെ ആഗ്രഹത്തെ, സ്വാതന്ത്ര്യത്തെ തടയാൻ ശ്രമിക്കുന്ന പുരുഷനോടാണ്.

കുഞ്ഞിപ്പെണ്ണിന് പട്ടാളക്കാരനോടും അയാളുടെ ജ്യേഷ്ഠനോറ്റുമുള്ള ബന്ധത്തെ രണ്ട് വൈരുദ്ധ്യങ്ങളിലാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. വിവാഹ രാത്രിയിൽ "തേറ്റാമ്പരല് കുത്തിച്ചതയ്ക്കുന്നതു പോലെ "ചതയ്ക്കുമ്പോഴും നിർവികാരയാകുന്ന കുഞ്ഞിപ്പെണ്ണ് അയാളുടെ ജേഷ്ഠനിൽ സമ്പന്നയായി തീരുന്നുണ്ട്. ലൈംഗികതയുടെ ഈ വൈരുദ്ധ്യം കല്യാണിയുടേയും കോപ്പുകാരന്റേയും ലക്ഷ്മണന്റെയും - ഇടയിലുമുണ്ട്. കമലയിൽ പൊലിയുകയും കല്യാണിയിൽ തളിർക്കുകയും ചെയ്യുന്ന രതിയാണ് ലക്ഷ്മണന്റേത്. ചേയിക്കുട്ടിയുടെയും വല്യേച്ചിയുടെയും മച്ചുനൻ വല്യേച്ചിയിൽ കാണുന്നത് ചേയിയെയാണ്, അവളുമായുള്ള രതിയുമാണ്.

ചുരുക്കത്തിൽ നോവലിൽ പുരുഷനെ പങ്കു വയ്ക്കുകയും പങ്ക് സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ലൈംഗിക ശേഷിയിൻമേലാണ് പുരുഷന്റെ നിലനിൽപ് എന്ന അവന്റെ വിശ്വാസമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. നോവലിന്റെ ആദ്യ ഭാഗത്ത് കല്യാണി, "ഉയ് ശെന്റപ്പാ, അയിറ്റാലൊന്നിനെ അട്ത്ത ജന്മത്തിലെങ്കും അനക്ക് കിട്ടീനെങ്കില്, പണീം അറീല പണിക്കോലുമില്ലെങ്കിലും ഞാൻ സയിച്ചേനും"- ആ  "അയിറ്റേലൊന്ന് " എന്നത് ആണത്ത പ്രഖ്യാപനമല്ല പുരുഷന്റെ ലൈംഗികത എന്നും, അതിനുമപ്പുറത്തുള്ള ചില മസൃണഭാവങ്ങൾ അവനിലുണ്ടെന്നും അതും കൂടിയാണ് സ്ത്രീ കാംക്ഷിക്കുന്നതെന്നും തിരിച്ചറിവാണ്.  

ആഖ്യാതാവ് നേരിട്ട് അവതരിപ്പിക്കുന്ന രതിയുടെ ഭാഷ സുന്ദരമാണ്.

ചുവപ്പു രാശിയും ലക്ഷ്മണനും ഒരു ഗോളമായി കല്യാണിയുടെ മേൽ പതിച്ചു . ഇലക്കുട്ടത്തോടു കൂടി മണ്ണ് കുഴിഞ്ഞ് അവൾ ഭൂമിയിലേയ്ക്ക് താണു. എരിവു മണം കൊണ്ട് മൂക്കടഞ്ഞു. വായിൽ നിറയെ ഉപ്പാണ്. ഉപ്പിന്റെ ഇളയ രുചി’. ‘ഒരു പാട് രഹസ്യങ്ങളുള്ള പറമ്പായി അവൾ ലക്ഷ്മണനു മുന്നിൽ നിവർന്നു. ചോന്നമ്മക്കോട്ടം, ചെമ്പകക്കാട്, കശുമാവിൻ കൂട്ടം, പൊട്ടക്കിണറ്, പൂത്ത മുരിക്ക്, പാൽ മുതക്കിൻ വള്ളി, വെള്ളില, ഹനുമാൻകിരീടം, ഉപ്പില, തിരിച്ചറിയാനോ പുന:സൃഷ്ടിക്കാനോ ആവാത്ത ഒരു മണവും.

ഇതേ രതി, കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുമ്പോൾ സംഗതി പാടേ മാറുന്നുണ്ട്. മലയാളത്തിൽ അടിസ്ഥാന വർഗ്ഗ ലൈംഗികതയുടെ ആവിഷ്കാരമുള്ള നോവലുകളിൽ രതി അതിന്റെ ഗൂഢതയിലും കാല്പനിക സൗന്ദര്യത്തിലും നിന്നു മുരളുമ്പോൾ കതയിലെ രതി വന്യമാകുന്നു - സ്ത്രീക്ക് മേധാവിത്വമുള്ളതാകുന്നു. പ്രാദേശിക ഭാഷയിൽ സംസാരിക്കുന്ന സ്ത്രീകളുടെ വ്യവഹാരം അശ്ലീലസാഹിത്യമാകാൻ വെമ്പിനിൽക്കുന്ന അഭിജാതമലയാളത്തെ തകർക്കുകകൂടി ചെയ്യുന്നുണ്ട് ഈ നോവൽ.

നാട്ടുമൊഴിയും നിത്യവ്യ വഹാരങ്ങളും  തീർത്തും അശ്ലീലമെന്ന് വിലയിരുത്തുന്ന ആണധികാരത്തിന്റെ മുനയൊടിച്ച് വിടാൻ പാകത്തിൽ കരുത്തുള്ളവയാണ് പല പ്രയോഗങ്ങളും.  ഒരു പക്ഷേ പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള, എന്നാൽ ജീവിതത്തിന്റെ സർവകലാശാലകളിൽനിന്ന് അസാധാരണ ബിരുദങ്ങൾ നേടിയിട്ടുള്ള സ്ത്രീകളുടെ നിസ്സഹായവസ്ഥകളിൽനിന്ന്  രക്ഷപ്പെടാൻ അസാമാന്യമായ ഊർജ്ജം കൊണ്ട് നിർമ്മിച്ച് നാവ് കൂർപ്പിച്ചെടുത്ത് പ്രയോഗിച്ച സുവിശേഷങ്ങളാണവ.

"അനക്ക് ഓന ബി ടിഞ്ഞ് രാമേട്ടാ, കൊറേയാവുമ്പോ ബി ടി യൂലേ. സരോജനിയേച്ചിയ്ക്ക് കിട്ട്യ പോലെ ഒരാളെ കിട്ടണം. നിങ്ങളെ ബിടിഞ്ഞ് പോയ ശേഷം ഓള് രണ്ട് പെറ്റു " എന്നാണ് കല്യാണിയുടെ പ്രയോഗം. പെണ്ണിടങ്ങളിലെ സംഘർഷങ്ങളിൽ വാതുവയ്പ്പു നടത്താനും, പുരുഷനെ തളയ്ക്കാനും, തറപറ്റിയ്ക്കാനും നിർബാധം ഉപയോഗിച്ച പ്രയോഗങ്ങൾക്ക് മാനകഭാഷയിൽ സ്ഥാനപ്പെടേണ്ട കാര്യമില്ല എന്നു തന്നെ നോവൽ ഉറപ്പിക്കുന്നുണ്ട്.

നോവലിൽ ജാതിയും ചരിത്രവും രാഷ്ട്രീയവുമെല്ലാം സ്ത്രീയുടെ കാഴ്ചപ്പാടിലൂടെയാണ്. "മണിയടിച്ച ഉശിരുള്ള നായരുടെ" പരമ്പരയിൽപ്പെട്ടവർ, വീട്ടിൽ വരുന്നവരിൽ ആരെ എവിടെ ഇരുത്തണം, ആർക്ക് വെള്ളം കൊടുക്കണം എന്ന് തീരുമാനിക്കുന്നതിലെ കോമഡിയും, ക്ഷേത്രത്തിൽ സർവ്വരും ചന്ദനം തൊട്ടു നിൽക്കുന്നതും അവരെ മുട്ടിയുരുമ്മുന്നതിലെ അസ്വസ്ഥതയും വിലാപവും, രാജഭരണവും തമ്പുരാനും തമ്പുരാട്ടിയും ഇല്ലാതായിട്ടും തിരുവിതാം"കൂറു"കാരുടെ രാജഭക്തിയും പുരുഷൻമാരിലൂടെയല്ല, സ്ത്രീകളിലൂടെയാണ് അവതരിപ്പിക്കുന്നത്. മലബാറിൽ വാലു നോക്കിച്ചെന്നാൽ കളിപ്പുപറ്റുമെന്ന് പറഞ്ഞ് ദാക്ഷായണിയെ അധിക്ഷേപിക്കുന്നതും പെൺനാവുകളാണ്.

അടിയന്തിരാവസ്ഥയും, ഗുരുവായൂർ സത്യഗ്രഹവും തലശ്ശേരി കലാപവുമുൾപ്പെടുന്ന കേരള ചരിത്രത്തിലെ സംഭവങ്ങൾ പലയിടങ്ങളിലായി നോവലിൽ അവതരിപ്പിക്കുന്നു.

കല്യാണി -ദാക്ഷായണിമാരെ ക്രീസിലിറക്കിക്കളിപ്പിച്ച് പേറിനെ ഒരു പാപം തീർക്കൽ കർമ്മമാക്കി മാറ്റി, സ്വന്തം ജീവിതത്തിൽനിന്ന് തന്റെ പുരുഷനോട് ആ വാതിലടച്ചേയ്ക്ക് എന്നു പറഞ്ഞ് അവനിൽ നിന്ന് സ്വതന്ത്രമാകുന്നുണ്ട് ആഖ്യാതാവ്. മീൻ മണവും രാത്രിയിലിത്തിരി ആൺമണവും കിട്ടുന്ന നാട് ആഗ്രഹിക്കുന്ന പെൺപിറവിയെ വെളിച്ചം കാണിക്കാൻ, പെണ്ണ് പൊന്നാവാൻ, ഈടാവാൻ, നിറയാൻ, പൊലിയാൻ  കല്യാണിയും ദാക്ഷായണിയും മുറിയുടെ ജനാലകളും വാതിലുകളും തുറന്നിടുന്നിടത്തുനിന്ന് മലയാളനോവൽ വീണ്ടും വീണ്ടും വളരാനൊരുങ്ങുകയാണ്. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കതഎന്ന നോവലിനുകിട്ടിയ അസാധാരണമായ ജനപ്രീതി മാറിവരുന്ന ഭാവുകത്വത്തിന്റെകൂടി തെളിവാണ്.

Ø  സ്മിത പന്ന്യൻ : ദിവ്യ പറഞ്ഞ പോലെ ധാരാളം പേർ ഇതിനോടകം വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്ത പുസ്തകമാണ്. ഇപ്പോ ഒമ്പതാംപതിപ്പിലെത്തീട്ടുമുണ്ട്. പല അടരുകളായെടുത്ത്, വളരെ ഭംഗിയായി ദിവ്യ നോവലിനെക്കുറിച്ച്  പറഞ്ഞുകഴിഞ്ഞിരിക്കുന്നു. എന്നിട്ടും പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത ചിലത് ഉള്ളിലുണ്ടെന്ന് പിന്നെയും തോന്നിപ്പിക്കുന്നുണ്ടീ നോവൽ. അപൂർവ്വങ്ങളിൽ അപൂർവ്വമാം വിധം ആളുകൾ, പ്രത്യേകിച്ച് പെണ്ണുങ്ങൾ ഇതിനെയിങ്ങനെ ചേർത്തു പിടിക്കുന്നതും ഹൃദിസ്ഥമാക്കാനെന്നോണം ഉരുവിടുന്നതും  പലയിടത്തുനിന്നായി അനുഭവിക്കാനായിട്ടുണ്ട്. അതിന് കാരണമായ ആ മാജിക്  എന്താണെന്നതിനെപ്പറ്റി ഇനിയും ചർച്ചകൾ തുടരേണ്ടതുണ്ടെന്ന് കരുതുന്നു.

 Ø  ശിവകുമാർ ആർ പി : വളരെ വിശദമായി നോവലിനെപ്പറ്റി എഴുതി. ചർച്ചയിൽ രണ്ട് കാര്യങ്ങളാണ് പ്രധാനമായും വരുന്നത്. 1. നോവലിനെപ്പറ്റിയുള്ള വീക്ഷണം. 2. അതിനെ അവതരിപ്പിച്ച രീതിയോടുള്ള യോജിപ്പോ വിയോജിപ്പോ. സാധാരണ നിലയ്ക്കു് പുസ്തകക്കുറിപ്പുകളിൽ തർക്കം ഉണ്ടാവേണ്ട കാര്യമില്ല. എനിക്ക് ഈ പുസ്തകം ഇങ്ങനെ അനുഭവപ്പെട്ടുഎന്നാണല്ലോ ആസ്വാദക(ൻ) പറയുന്നത്. അതയാളുടെ വ്യക്തിനിഷ്ഠമായ ആസ്വാദനാഭിരുചിയുടെ പ്രശ്നമാകയാൽ  തർക്കത്തിനു ഇടമില്ല. മറിച്ച് വിമർശനാത്മകമായി സമീപിക്കുകയാണെങ്കിൽ മാത്രമേ സംവാദം സാധ്യമാവുകയുള്ളൂ. ഇവിടെ ദിവ്യ സ്വാഭാവികമായും നോവലിനോടുചേർന്നു നിന്നുകൊണ്ടാണ് കുറിപ്പ് എഴുതിയിട്ടുള്ളത്. മിസിസ് കാതറിൻ ഹന്ന മുല്ലൻസ്  എഴുതിയ നോവലുമായി ഇതിനെന്തു ബന്ധമാണുള്ളത്? 9 പതിപ്പായതിനുള്ള കാരണം എന്താണ്?  (2019 -ൽ വില്പനയുടെ കാര്യത്തിൽ യുവാൽ ഹരാരിയുടെ പുസ്തകത്തിനേക്കാൾ മേലെയാണ് ഈ നോവലിന്റെ സ്ഥാനം) അങ്ങനെയുള്ള ചില ആലോചനകൾകൂടി പുസ്തകം പരിചയപ്പെടുത്തുന്നതിൽ കൂടിച്ചേരേണ്ടതല്ലേ? ലൂവൃ മ്യൂസിയത്തിൽ ആളുകൾ പോകുന്നതിനുള്ള കാരണം മോണോലിസയെ സ്വയം കണ്ട് അപഗ്രഥിക്കുക എന്നതല്ല, മറിച്ച് ഭൂരിപക്ഷം കണ്ട കൊള്ളാവുന്ന ഒരു ചിത്രത്തെ ഞാൻ കാണാതിരുന്നാൽ എന്തോ കുഴപ്പമല്ലേ എന്ന ചിന്തയുള്ളതുകൊണ്ടാണെന്ന് ഒരു തീസിസ് ഉണ്ട്. അതുപോലെ വില്പന കൂടുന്ന പുസ്തകത്തെ അതിന്റെ പേരിൽ പ്രശംസിക്കുകയല്ല മറിച്ച് സംസ്കാരത്തിന്റെ ഏതു നിർബന്ധബിന്ദുവാണ് ഈ പുസ്തകത്തെ ഇത്രയും  പോപ്പുലറാക്കുന്നതെന്ന വിശകലനമാണ് വേണ്ടതെന്ന് തോന്നുന്നു. ഇന്ന് മാതൃഭൂമി ‘ക’ യിൽ രാജശ്രീതന്നെ ഇത് പൈങ്കിളീയാണെന്ന ആരോപണത്തെപ്പറ്റി സംസാരിച്ചിരുന്നു. അവരതിൽ അഭിമാനിക്കുന്നു എന്നാണ് പറഞ്ഞത്. എന്നാൽ നിരൂപണം എന്ന നിലയ്ക്ക് കേവലമായ വികാരത്തെ ഉണർത്തി ലയം കൊള്ളിക്കുകയാണോ ഈ നോവൽ എന്ന ആലോചന പ്രധാനമാണ്. ദിവ്യയുടെ എഴുത്തിൽനിന്നും നോവലിൽ ചില തുറന്നെഴുത്തുകൾ ഉണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. സ്ത്രീ തന്നെലൈംഗികത തുറന്നെഴുതുന്നതിന് കിട്ടുന്ന പോപ്പുലാരിറ്റിയാണോ നോവലിന്റെ പ്രചാരത്തിനടിസ്ഥാനം? അങ്ങനെയെങ്കിൽ ആണുങ്ങളുടെ തുറന്നെഴുത്തുമായി അതിനുള്ള വ്യത്യാസം എന്താണ്? ഭാഷാപരമായ പ്രത്യേകതയെപ്പറ്റി പറഞ്ഞിട്ടുള്ളത് വ്യക്തമാണ്. പക്ഷേ ആ ഭാഷാഭേദങ്ങൾ ഏതു തരത്തിലാണ് നോവലിന്റെ പ്രമേയവുമായി ബന്ധപ്പെട്ടു കിടക്കുന്നത്?

 Ø  ദിവ്യ ജാഹ്നവി : മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും കേവലം മതപ്രചരണത്തിനുള്ള ഗദ്യമായി രചിക്കപ്പെട്ട ഫുൽമോന എന്നും കോരുണ എന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ യെ കേരളത്തിന്റെ സാഹിത്യ ചരിത്രത്തിന്റെ ഭാഗമായിട്ടല്ല, മറിച്ച് സാമൂഹിക ചരിത്രത്തിന്റെ ഭാഗമായി കാണുന്നതാവും നല്ലത് എന്ന കാര്യം ഞാൻ മുകലിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം ജീവിതത്തിൻമേൽ തനിക്കുള്ള അധികാരത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു നോവൽ എന്ന നിലയിൽ 'കത' സാമൂഹിക പരിവർത്തനംകൂടി മുന്നിൽ കാണുന്നുണ്ട്. ഇതിവൃത്ത സംബന്ധിയായി നോക്കുമ്പോഴും ഫുൽമോനിയേയും, കോരുണയേയും കല്യാണിയോടും ദാക്ഷായണിയോടും ചേർത്തു വയ്ക്കാവുന്ന ചില ഘടകങ്ങൾ കണ്ടെത്താം. വീടും പറമ്പും വൃത്തിയോടും ശുദ്ധിയോടും കാക്കുന്ന കല്യാണിയിൽ ഫുൽമോനിയേയും ഭർത്താവുമൊത്തുള്ള കോരുണയുടെ താറുമാറായ ദാമ്പത്യം ദാക്ഷായണിയുടെ ജീവിതവുമായൊക്കെ ചേർത്ത് വായിക്കാവുന്നതേയുള്ളൂ.

Ø  ശിവകുമാർ ആർ പി :  അങ്ങനെ വായിക്കുമ്പോഴാണ് വായനകൾക്ക് തന്നെയും  അർത്ഥമുണ്ടാവുന്നത്. ആ നോവലിന് ബംഗാളി പശ്ചാത്തലമാണുള്ളത്. ഫുൽമോനി ഫിലോമിനയും (പ്ലമേന) കോരുണ കരുണയുമാണല്ലോ.  മതപരമോ വർഗപരമോ ആയ ആ പ്രശ്നം എന്തായാലും കല്യാണിയിലും ദാക്ഷായണിയിലും ഇല്ല. ബൈജുവിന്റെ കാര്യത്തിൽ കാണുന്നതുപോലെ മറ്റൊരുതരം രാഷ്ട്രീയം നേർത്ത സ്വരത്തിൽ അതിൽ കടന്നുവരികയും ചെയ്യുന്നു. 




No comments:

Post a Comment