വായനച്ചെല്ലം - 7
"വാ മുറി കൂടാത്ത മുറിവിലൂടൊരു മുടി -
നാരിഴയാഴ്ന്നു വലിഞ്ഞു പോകുമ്പോലെ
ഓർമ്മകൾ പിന്നെയും ചോര തുപ്പുന്നുവോ
ഞാനതിലെന്നെ തിരഞ്ഞിരിക്കുന്നുവോ?" - 30 വർഷങ്ങൾക്കിപ്പുറം പൂർണ്ണമായും വാ കൂടാത്ത മുറിവിലൂടെ വലിഞ്ഞു പോകുന്ന മുടിനാരിഴപോലെ ഓർമ്മകൾ! അതായിരുന്നു ആനന്ദിന്റെ 'മരുഭൂമികൾ ഉണ്ടാകുന്നത് 'എന്ന നോവലിന്റെ പുനർവായനയിൽ ഞാനനുഭവിച്ചത്.
മനുഷ്യന്റെ മൗലികമായ
ജീവിതാവസ്ഥകൾക്ക് ഏത് പരിഷ്കൃത കാലത്തും മാറ്റമുണ്ടാകുന്നില്ല. ജീവിതത്തിന്റെ
അസ്വസ്ഥതകൾ,പീഡകരും പീഡിതരുമായി
വേഷം മാറുന്ന മനുഷ്യവർഗ്ഗത്തിന്റെ വിവിധ മുഖങ്ങൾ, പടുത്തുയർത്തുന്നതൊക്കെ അവനവനെത്തന്നെ ചുട്ടെടുക്കുന്ന
ശ്മശാനഭൂമിയാകുന്ന അവസ്ഥ, സ്നേഹവും
കാരുണ്യവും വറ്റിവരണ്ട് മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ അനുദിനം
വർദ്ധിച്ചുവരുന്ന അനന്തവിസ്തൃതി, കേന്ദ്രത്തിലേക്കു
ചുരുങ്ങിച്ചുരുങ്ങി ഓരോ വ്യക്തിയും ഒരു ബിന്ദുവായി മാറുന്ന ഒറ്റപ്പെടൽ, ആധുനിക ഭരണ സംവിധാനങ്ങൾക്കും മനുഷ്യബന്ധ പരിണാമത്തിനും
ഉണ്ടായിക്കൊണ്ടിരിക്കുന്ന വിണ്ടുകീറൽ, ചുറ്റുമുള്ള ജീവകോശങ്ങളെ കാർന്നുതിന്ന് കരുത്താർജ്ജിക്കുന്ന
അർബുദകോശങ്ങളെ പോലെ നമുക്കിടയിൽ ഇതൊക്കെ ക്രമാതീതമായി
പെരുകിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ മലത്തിലും ഓടയിലും നുരച്ചുപുളയ്ക്കുന്ന
കൃമികളെപോലെ ജീവിച്ചു മരിക്കുന്ന സാധാരണ മനുഷ്യരെ നോവൽ വായനയിൽ നാം
കണ്ടുമുട്ടുന്നു. അവരുടെ ഞരക്കങ്ങൾ കേൾക്കുന്നു. പുസ്തകത്താളിലല്ല, നമുക്ക് ചുറ്റും തന്നെ! നഗ്നരാക്കി തലകീഴായി കെട്ടിത്തൂക്കി
അമ്പലമണികൾ പോലെ ആട്ടി വിടുമ്പോൾ ദഹിച്ചു ചേർന്നും മുളച്ചുപൊന്തിയും അവരായി മാറിയതൊക്കെ
ഒലിച്ചിറങ്ങുന്നതിന്റെ വഴുവഴുപ്പ് അനുഭവിക്കാനാവുന്നു.
ഒരു പ്രഭാതത്തിൽ വീശിയടിച്ച
ഉഷ്ണക്കാറ്റിൽ നിന്ന് രൂപംകൊള്ളുന്നതല്ല ഒരു മരുഭൂമിയുമെന്ന് തിരിച്ചറിയുന്നു. സ്വന്തം
ജീവനെ പൊള്ളിക്കുമ്പോഴാണ് മരുപ്പച്ചകൾ അന്വേഷിക്കുന്നതെങ്കിലും ഓരോരുത്തരും
ജനിച്ചു ജീവിച്ചു മരിക്കുന്നത് മരുഭൂമികളിൽ തന്നെയെന്ന് ഉറപ്പിക്കുന്നു.
സ്റ്റേറ്റ് എന്ന അധികാര
യന്ത്രത്തിന്റെ പൽച്ചക്രങ്ങൾക്കിടയിൽ കൊരുത്തി വലിക്കപ്പെടുന്ന സാധാരണ ജനതയുടെ
ദൈന്യവും കച്ചവട താൽപര്യങ്ങൾക്ക് അടിപ്പെട്ടു പോകുന്ന മനുഷ്യാവസ്ഥയുടെ ഭീകരതയും 1989 ലേതിനെക്കാൾ ആയിരക്കണക്കിന് മടങ്ങ് ഇപ്പോൾ
വർദ്ധിച്ചിരിക്കുന്നു. ചുട്ടുപൊള്ളുന്ന
മണലിൽ ആഴ്ന്നു പോവാതെ, വിണ്ടുകീറുന്ന
തൊണ്ടയ്ക്ക് ദാഹജലം തേടാതെ, വരണ്ടുണങ്ങിയ
പൊടിക്കാറ്റിൽ കാഴ്ച മങ്ങാതെ, ദുഃഖം
സഹ്യമാക്കാൻ യുക്തിക്ക് സാധിക്കുമെങ്കിൽ അതിന് ഈ നോവൽ വഴിയൊരുക്കുന്നു.
ഒരു കാലത്ത് രാജാ
മാൻസിങ്ങിന്റെ ഭരണ കേന്ദ്രമായിരുന്ന രംഭാഗഡ് കോട്ടയിൽ സർക്കാർ നടപ്പാക്കുന്ന
സ്ട്രാറ്റജിക് ഇൻസ്റ്റലേഷൻ പ്രോജക്ടാണ് നോവലിന്റെ തട്ടകം. പ്രോജക്ടിലെ ജോലികൾ
ചെയ്യിക്കുന്നത് നഗരത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന
തടവുകാരെക്കൊണ്ടാണ്. അധികാരത്തിന്റെയും നാഗരികതയുടെയും പുറമ്പോക്കിലുള്ളവർ
സർക്കാരിന്റെ ആവശ്യാനുസരണം ഉപയോഗിക്കപ്പെടുന്നവരാകുന്നു. പരമാവധി നീരൂറ്റിയെടുത്ത്
വലിച്ചെറിയപ്പെടാനായി നീട്ടി കിട്ടുന്ന ജീവിതകാലാവധിയിൽ അവരാദ്യം സന്തോഷിക്കുന്നു. ഫാക്ടറിയിലെ
യന്ത്രങ്ങളെപ്പോലെ പരമാവധി മനുഷ്യരെ ഉപയോഗപ്പെടുത്തുക എന്ന സർക്കാർ നയം. അവരെ
മനുഷ്യരായോ പൗരന്മാരായോ കാണാൻ അധികാരികൾക്കാവില്ല. സ്വന്തം ക്രൂരതയെ ഓമനിച്ചു
വളർത്തി മനുഷ്യരെ യന്ത്രങ്ങളായും ജീവിതത്തെ മാസങ്ങളായും ചുരുക്കുന്നവരാണവർ. മറ്റുള്ളവരുടെ വേദനയിൽ
ആനന്ദിക്കാൻ കഴിയുന്നവൻ ചാറൂറ്റിയെടുക്കപ്പെടുന്ന ഇരയുടെ വേദനയിൽ നോവാറില്ല.
നിരപരാധികളെ
കള്ളക്കേസിൽ ഉൾപ്പെടുത്തി തടവുകാരാക്കുന്നതും പണവും സ്വാധീനവും ഉള്ളവർക്ക് പകരം
നിത്യപട്ടിണിക്കാരനെ ജയിലിലടയ്ക്കുന്നതും ഭരണകൂടത്തെ വിമർശിക്കുന്നവരെ
രാജ്യദ്രോഹികളായി മുദ്രകുത്തുന്നതും തടവുകാരെ തുറന്നുവിട്ട് ലഹള സൃഷ്ടിച്ച്
അരാജകത്വം അഴിച്ചുവിടുന്നതുമൊക്കെ സമകാലജീവിതത്തിലെന്നതുപോലെ നോവലിലും നാം
കാണുന്നു.
കോട്ടക്കകത്തുള്ള
പ്രോജക്ടിന്റെ റിക്രൂട്ടിംഗ് സെന്ററിലും പ്രിസണർ ഫോഴ്സിലുമായി നിയമിക്കപ്പെട്ട
ലേബറോഫീസറാണ് കുന്ദൻ. രണ്ടു കൊല്ലത്തെ കോൺട്രാക്ടും പട്ടാളനിയമത്തിന്റെ
നിബന്ധനകളുമായി റിക്രൂട്ട് ചെയ്യപ്പെടുന്നവർ സ്വന്തം മനസാക്ഷിയനുസരിച്ചു
ചിന്തിക്കാൻ പോലും അവകാശമില്ലാതെ തടവിലാക്കപ്പെടുന്നവരാണെന്ന് കുന്ദന്റെ അനുഭവങ്ങളിലൂടെ നാം
തിരിച്ചറിയുന്നു. സുരക്ഷാ പ്രധാനമായ ഒരു പ്രോജക്ടിന്റെ നടത്തിപ്പിന് ബാധ്യസ്ഥനായ ലേബറോഫീസർ
എന്ന നിലയിൽ, അനീതി അനുവദിക്കാത്ത
ഒരു നല്ല മനുഷ്യനെന്ന നിലയിൽ, കേവലമായ
സത്യം പുറത്തുകൊണ്ടുവരാനാണ് താൻ ജീവിക്കുന്നതെന്ന് തെറ്റിദ്ധരിച്ചു പോകുന്ന
വിഡ്ഢികളുടെ പ്രതിനിധിയെന്ന നിലയിൽ കുന്ദനെ നാമറിയുന്നു. എല്ലാം
യുക്തിയുക്തമാകണമെന്ന് എപ്പോഴും ചിന്തിക്കുന്നവർ, ഒരു കരട് പോലും അവശേഷിക്കാതെ അലിഞ്ഞുചേരാൻ കൊതിക്കുന്നവർ, ഭൂമിയിലെവിടെയും ഒരേപോലെ മഴ ചെയ്യണമെന്നും അത് എല്ലാവരും
ഒരുപോലെ നനയണമെന്നും ആഗ്രഹിക്കുന്നവർ ,അവരുടെയൊക്കെ പ്രതിനിധിയാണയാൾ.
വഴക്കങ്ങളെ ആശ്രയിച്ചു
കൊണ്ടിരുന്നാൽ തെറ്റുകൾ ആവർത്തിക്കുകയാവും ഫലം. പാരമ്പര്യത്തേയും ചരിത്രത്തേയും
പശ്ചാത്തലത്തേയും നിഷേധിച്ചുകൊണ്ട് സ്വന്തം ഉൾക്കാഴ്ചയുടെ മാത്രം അടിസ്ഥാനത്തിൽ
എന്തിനെയും കറുപ്പും വെളുപ്പുമായി വേർതിരിക്കാനാകുന്നവർ ഇവിടെ
എക്കാലത്തുമുണ്ടായിരുന്നു. ചട്ടങ്ങൾ മാറ്റിയെഴുതാനായി ചുറ്റിവരിഞ്ഞ
കെട്ടുകൾക്കകത്ത് അവരെപ്പോഴും കുതറിക്കൊണ്ടിരുന്നു. മുൾക്കമ്പികൾ തുളഞ്ഞുകയറി
ആത്മാവിൽ നിന്ന് ചോര ചീറ്റിത്തെറിച്ചപ്പോഴാണ് വരിഞ്ഞുമുറുക്കിയിരിക്കുന്നത്
കുതറുന്തോറും മുറുകുന്നതും എന്നാൽ പൂർണമായും അദൃശ്യമായതുമാണെന്ന്
തിരിച്ചറിയുന്നത്. കുന്ദനുണ്ടാകുന്ന ഇത്തരം തിരിച്ചറിവുകളുടെ തുടർച്ചയാണ് നോവൽ.
ഭരണകൂടത്തെ വിമർശിക്കുന്നവർ
രാജ്യദ്രോഹികളാവുന്നത് ഏതുകാലത്തും പ്രസക്തമാണെന്നും ശിക്ഷിക്കുന്നതിലൂടെയാണ് ഏത്
സർക്കാരും അതിന്റെ അധികാരം പ്രകടമാക്കുന്നതെന്നും നോവൽ കാട്ടിത്തരുന്നു.
ജനാധിപത്യവും സമത്വവുമൊക്കെ ഭരണഘടനയുടെ ശ്രീകോവിലിൽ വച്ചാരാധന നടത്തുന്ന ബിംബങ്ങൾ
മാത്രമാണെന്നും പ്രായോഗികതലത്തിലെത്തുമ്പോൾ കാലുകൾ മുറിച്ചുമാറ്റി വില്പനയ്ക്ക്
വെച്ചിരിക്കുന്ന നിസ്സഹായരായ ജീവികളായി അവർ മാറുമെന്നും നമുക്കറിയാം.
അധികാരം വ്യക്തിയിലും സ്റ്റേറ്റിലുമുണ്ടാക്കുന്ന പ്രകടമായ
മാറ്റങ്ങൾ നോവൽ കൃത്യമായി അടയാളപ്പെടുത്തുന്നു. ആത്മവിശ്വാസമില്ലാത്തതിനാൽ മുഖത്തു നോക്കാതെ
സംസാരിക്കുന്നവർ അധികാരത്തിന്റെ തണലിൽ മറ്റുള്ളവരുടെ നേരെ അലറുന്നു. സ്വന്തം
ദൗർബല്യങ്ങളേയും ഭയത്തേയും കുറ്റബോധത്തേയും അഹങ്കാരത്തിന്റെ വർണ്ണപ്പുളപ്പിൽ
മൂടിവയ്ക്കുന്നു.
സ്വയമറിയാതെ ഇര
വേട്ടക്കാരനായി വേഷം മാറുന്നു. അധികാരത്തിന്റെ ഭാരം മുകളിൽ നിന്നു മാത്രമല്ല
വശങ്ങളിൽ നിന്നും നമ്മെ വേട്ടയാടുന്നു. അനേകം ഐഡന്റിറ്റികളുള്ള മനുഷ്യരെ
പൂർവ്വനിശ്ചിതമായ ഒരു ഐഡന്റിറ്റിയിലേക്ക് ഒതുക്കുന്നു. രാഷ്ട്രീയത്തിന്റെയോ
മതത്തിന്റെയോ അധികാരത്തിന്റെയൊ അഭിപ്രായത്തിന്റെയൊ ഒക്കെ അടിസ്ഥാനത്തിൽ ഒറ്റ
അളവുകോൽ കൊണ്ട് മാത്രം അളക്കുന്നു. ഭാവന ഊരിയെടുത്ത് കഥയും കവിതയും പുഷ്പിക്കുന്നയിടങ്ങളിൽ ടാർ
ഉരുക്കിയൊഴിക്കുന്നു. ആധുനിക ഭരണവ്യവസ്ഥയുടെയും മനുഷ്യബന്ധ പരിണാമത്തിന്റെയും
ഇത്തരത്തിലുള്ള അവസ്ഥകളെ നോവൽ അഭിവ്യഞ്ജിപ്പിക്കുന്നു.
പ്രോജക്ടിന് വേണ്ട കൂടുതൽ
പണിക്കാരെ റിക്രൂട്ട് ചെയ്യണം, ചേർന്നവർ
ഓടിപ്പോകാതെ നോക്കണം, ഓടിപ്പോയവരെ
പിടിച്ചുകൊണ്ടുവരണം, തിരികെ
കൊണ്ടുവന്നവരെ ഇനിയൊരിക്കലും ഓടിപ്പോകാൻ തോന്നാത്തവിധം ശിക്ഷിക്കണം, ഇങ്ങനെ പോകുന്നു കുന്ദന്റെ ഉത്തരവാദിത്തങ്ങൾ. എന്നാൽ
തടവുകാരെ വെറും തടവുകാരായി കാണാൻ അയാൾക്കാവുന്നില്ല. അയാൾക്കവർ മനുഷ്യരായിരുന്നു.
സഹജീവികളിൽ താല്പര്യമുണ്ടാകുന്നത് മനുഷ്യത്വത്തിന്റെ ലക്ഷണങ്ങളിലൊന്നായി കുന്ദൻ
തിരിച്ചറിയുന്നുണ്ട്. ദിവസവും യാത്ര ചെയ്തിരുന്ന ബസിലെ ഡ്രൈവറെ പെട്ടെന്നൊരു ദിനം
കാണാതെ വന്നപ്പോൾ കുന്ദന്റെയുള്ളിൽ
വേവലാതിയുണരുന്നു. ഡിഫൻസ് പ്രോജക്ടിന്റെ മുള്ളുകമ്പിവേലി കൾക്കുള്ളിൽ നിന്ന് ഓടി
പോകാൻ ശ്രമിച്ച 'ഭോല ' എന്ന മനുഷ്യനെ തിരികെ വാങ്ങാൻ കുന്ദൻ പോകുന്നു. പട്ടണത്തിലെത്തിയ
പട്ടാളയൂണിറ്റിന്റെ കൈയിൽ നിന്നും ഗുൽശൻ രക്ഷപെടുത്തി കൊണ്ടുവരുന്ന പെൺകുട്ടിക്ക്
അഭയം നൽകുന്നു. കൊലപാതകം ചെയ്ത പശുപതി സിംഗിനെ വെറുതെവിട്ട് ദരിദ്രനായ
സുലൈമാനെക്കൊണ്ട് അതിന്റെ ശിക്ഷ തീറ്റിക്കുന്ന സർക്കാർ എന്ന ഹിംസ്രജന്തുവിനെ
വെറുക്കുന്നു. തടവുകാരനായി വാടകക്കെടുക്കപ്പെട്ടു എന്ന ഒറ്റക്കാരണത്താൽ മാത്രം
സുലൈമാൻ വധിക്കപ്പെടുന്നതിനെതിരെ മേലുദ്യോഗസ്ഥരോട് പ്രതികരിക്കുന്നു. അപ്പോഴൊന്നും
താനുൾപ്പെട്ട വ്യവസ്ഥിതിയുടെ ഇരയാണയാൾ എന്ന് തിരിച്ചറിയുന്നില്ല. സ്വന്തം
ജീവിതത്തിലെ സുഖസൗകര്യങ്ങളെക്കുറിച്ചുള്ള ആവലാതികളൊന്നും കുന്ദനില്ല. എന്നാൽ
വേർതിരിച്ചെടുത്തു മനസ്സിലാക്കാൻ കഴിയാത്ത അസ്വസ്ഥതകൾ അയാൾ എപ്പോഴും
അനുഭവിച്ചിരുന്നു. അനിവാര്യ സന്ദർഭങ്ങളിൽ തനിക്ക് താനാകാനേ കഴിയൂ എന്ന് അയാൾ
തെളിയിച്ചു കൊണ്ടിരുന്നു.
അധികാരികളോടുള്ള ചോദ്യങ്ങൾ
എവിടെ നിന്ന് ചോദിച്ചു തുടങ്ങണമെന്നും എവിടെവരെയെ ചോദിക്കാൻ പാടുള്ളൂ എന്നുമുള്ള
അലിഖിത നിയമങ്ങൾ കുന്ദന് വഴങ്ങുന്നതായിരുന്നില്ല. നമ്മെയെല്ലാം നിയന്ത്രിക്കുകയും
വീക്ഷിക്കുകയും ചെയ്യുന്ന ഒരു ശക്തിയുണ്ടെന്നും അത് നമ്മിലൂടെ പ്രവർത്തിക്കുകയാണ്
ചെയ്യുന്നതെന്നും കുന്ദൻ തിരിച്ചറിയുന്നത് വളരെ വൈകിയാണ്. അണിയുന്ന യൂണിഫോമുകൾ, തൊപ്പികൾ, ജോലിപ്പേരുകൾ, വണ്ടികൾ, പേനകൾ, ഭക്ഷണം ഇവയൊക്കെ
അതിന്റെ ഭാഗമാണ്. ഒരു വലിയ കാർപെറ്റിൽ വരച്ചു
ചേർത്തിരിക്കുന്ന ചിത്രത്തിലെ ഒരു നൂലിന് താൻ എന്തിന്റെ ഭാഗമാണെന്ന്
തിരിച്ചറിയാത്തതുപോലെ ആരുടെയോ ചരടുവലികൾക്കനുസരിച്ച് തുള്ളുന്ന പാവകളാണ്
മനുഷ്യർ. പണ്ടുകാലത്ത് ദൈവത്തിന്
കല്പിച്ചിരുന്ന സ്ഥാനത്തേക്ക് നോവലിൽ 'സർക്കാർ' ഉയരുന്നു. അരൂപിയായിരിക്കെ തന്നെ
രൂപമുള്ളവനും നിർഗുണനായിരിക്കെ തന്നെ ഗുണമുള്ളവനുമായി സർവ്വതന്ത്ര നിയന്താവായി
സർക്കാർ വിലസുന്നു. ഉദ്യോഗസ്ഥന്മാരിൽ നിക്ഷിപ്തമായിരിക്കുന്ന
അധികാരം സർക്കാരിന്റെ പക്ഷത്തിൽ തന്നെ ഉപയോഗിക്കണമെന്ന് ശഠിക്കുന്നു: സർക്കാരിനപ്പുറം വ്യക്തി
ശരിതെറ്റുകൾ വിശകലനം ചെയ്യേണ്ടതില്ലെന്നും.
പ്രോജക്ടിൽ പണിക്കു
പോകുന്നവർ മടങ്ങിവരില്ലെന്നും അവരെ കൊന്നുകളയുമെന്നുമുള്ള അറിവ് കുന്ദന് പുതിയതായിരുന്നു. അത്
കുന്ദനിലെ കലാപകാരിയെ ഉണർത്തുന്നു. സാമൂഹ്യ പ്രതിബദ്ധതയിൽ തന്റെ
വ്യക്തിസത്തയുടെ വൈകാരിക മാനുഷിക തലങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത് അയാൾ തിരിച്ചറിയുന്നു. ആളുകളെ പട്ടിണിക്കിട്ട്
ഗത്യന്തരമില്ലാതെയാകുമ്പോൾ പയനിയർഫോഴ്സിൽ റിക്രൂട്ട് ചെയ്യപ്പെടുക മാത്രമാണാശ്രയം
എന്ന മനോഭാവത്തിലേക്ക് മാറ്റിയെടുക്കുന്ന അവസ്ഥയോട് യോജിക്കാൻ കുന്ദനാവുന്നില്ല. വേട്ടനായുടെ
കൂടെ വേട്ടയാടാനും മുയലിന്റെ കൂടെ ഓടാനും ഒരേസമയം അയാൾക്ക് കഴിയുമായിരുന്നില്ല.
ആഹാരശൃംഖലയിൽ
കണ്ണിചേർക്കപ്പെട്ട് ഭക്ഷിക്കുകയും ഭക്ഷിക്കപ്പെടുകയും ചെയ്ത്
ജീവിതനൈരന്തര്യത്തിന്റെ ഭാഗമാകുന്നവനാണ് ഓരോ ജീവിയും. എന്നാൽ മനുഷ്യൻ മാത്രം
ഇരയാക്കപ്പെടാതിരിക്കാൻ കിണഞ്ഞു ശ്രമിക്കുന്നു. എന്നിട്ടും ജീവിത വ്യവഹാരങ്ങളിൽ
അവൻ മാറി മാറി വേട്ടയാടുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നു. ഈ ദ്വന്ദ്വസ്വഭാവം
അനന്തമായി നീളുന്നു. ആത്മരക്ഷയ്ക്കുവേണ്ടി ഓടുന്നവനെ ഓടിച്ച് ആനന്ദപുളകിതനാവുമ്പോൾ
അവൻ മുതലാളിയും ഉദ്യോഗസ്ഥനും അധ്യാപകനും രാഷ്ട്രീയക്കാരനും ഡോക്ടറും പുരുഷനും
പ്രായത്തിൽ മുതിർന്നവനുമൊക്കെയായി വേഷം മാറുന്നു. ഇരുവശവും അരമുള്ള നാവുപോലും
അവന്റെ ആയുധമാണ്. ഓരോ തരത്തിലുള്ള വിശപ്പിന്റെ ഉദരപൂരണത്തിനായി ആധിപത്യദാഹത്തിനായി
അവൻ വേട്ട തുടർന്നുകൊണ്ടിരിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ കേവലാവസ്ഥയെ
നോവലിസ്റ്റ് ഇവിടെ നിർധാരണം ചെയ്യാൻ ശ്രമിക്കുന്നു.
വേട്ടക്കാരന്റെയും
ഇരയുടെയും മാനസിക തലം വിശകലനം ചെയ്യുന്ന ഭാഗത്തെത്തുമ്പോൾ വായനക്കാരൻ സ്വയം താൻ
എലിയാണോ പൂച്ചയാണോ എന്ന് സംശയിച്ചു പോകുന്നു. കൊന്നൊഴിക്കാതെ തട്ടിക്കളിച്ചു
രസിക്കുന്ന കൂർത്ത നഖങ്ങൾക്ക് താഴെ ഉച്ചസ്ഥായിയിലുള്ള നിലവിളി നാമറിയുന്നു. അധികാരത്തിലോ
ഗർവിലോ തന്നെക്കാൾ എളിയവനോട് ക്രൂരതയെ ഭദ്രമായി ഒളിപ്പിച്ചുവെച്ച് താൻ ചെയ്ത
കൊലച്ചിരി വായനക്കാരൻ ഓർക്കുന്നു. ഇരയും വേട്ടക്കാരനും അവരവരിൽത്തന്നെയുണ്ടെന്നും
ഓരോരുത്തരിലും അതിന്റെ അനുപാതം മാത്രമേ വ്യത്യാസപ്പെടുന്നുള്ളൂവെന്നും
തിരിച്ചറിയുന്നു. പല്ലും നഖവും തന്റെ നഗ്നതയിൽ ആഴ്ന്നിറങ്ങാതെ സൂക്ഷിക്കുമ്പോഴും
പച്ചമാംസത്തിന്റെ രുചി നൊട്ടിനുണഞ്ഞ് ആർത്തിയോടെ ചിരിക്കാറുണ്ടെന്ന് ഓരോരുത്തരും
സമ്മതിച്ചു പോകും. നാളെ വേട്ടനായ്ക്കളായിത്തീരുമെന്ന് ഇരകൾക്കറിയില്ലെങ്കിലും ഇരയാക്കപ്പെടാനുള്ള
സാധ്യതയെക്കുറിച്ച് വേട്ടനായ്ക്കൾക്ക് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ടാണല്ലോ ഈ
ജനാധിപത്യ കാലത്തും ഭരണകൂടം ഇരകളെ ഭയന്നു കൊണ്ടിരിക്കുന്നത്. സുഖദായകമായ ഉടമയടിമ
ബന്ധത്തിലും അടിമ തന്റെ അടിമത്തം തിരിച്ചറിയുന്ന നിമിഷത്തെ ഉടമ
ഭയക്കുന്നതുകൊണ്ടാണല്ലോ പ്രത്യേക വകുപ്പു ചേർത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി
ശിക്ഷിക്കാവുന്ന രീതിയിലുള്ള ചങ്ങലപ്പൂട്ടിനകത്ത് ഇരയെ ഭരണകൂടം എന്നും
ബന്ധിക്കുന്നത്.
കാലത്തിന്റെ
കുത്തൊഴുക്കിനെയും ആസ്വാദനത്തിലെ ഭാവുകത്വ പരിണാമങ്ങളെയും അതിജീവിച്ച്
നിലനിൽക്കുന്ന ഈ നോവലിൽ കഥപറയാൻ ഉപയോഗിക്കുന്ന ഭാഷയേക്കാൾ പ്രാധാന്യം കഥാപാത്ര മനസ്സിന്റെ
വിഹ്വലതകൾക്ക് നോവലിസ്റ്റ് നൽകിയിരിക്കുന്നു. ഭരണകൂടഭീകരതയിലും വർത്തമാനകാല
യാഥാർഥ്യത്തിലും പൊള്ളിപ്പഴുത്ത മനസ്സുകൾക്ക് കുന്ദൻ ചോദിക്കുന്ന ചോദ്യങ്ങളൊക്കെ
തങ്ങളുടെതുതന്നെയെന്ന് തോന്നുന്നത്
അതുകൊണ്ടാണ്.
സദാ സമയവും കണ്ണും കാതും
കൂർപ്പിച്ച് കാത്തിരിക്കുന്ന ഫാസിസ്റ്റ് ഭരണാധികാരികളുടെ അനുശാസനങ്ങൾ അൽപവും
അംഗീകരിക്കാതെയാണ് അയാൾ ജീവിക്കുന്നത്. ഛാത്രിക്കുന്നിന്റെ
കാഴ്ചകളിലൂടെ നടന്നുനീങ്ങുന്ന അയാൾ അറിയുന്നതൊക്കെ ഓരോ യുദ്ധവും അവശേഷിപ്പിക്കുന്ന
ഇന്നിന്റെ കാഴ്ചകളാണ്. മനുഷ്യസംസ്കാരം കൂറ്റൻ ഗോപുരങ്ങൾക്കും ഈടുവെപ്പുകൾക്കും
തത്വശാസ്ത്രങ്ങൾക്കുമൊക്കെ അവസാനം എത്തിച്ചേരുന്ന ഒരു പാതാള നിശബ്ദത! കൂർത്ത
ഇരുട്ട് തുളഞ്ഞുകയറി രക്തം വാർന്നുമരിച്ച മരവിപ്പ്! അതിന് ഛത്രിക്കുന്നെന്നോ
മരിയുപോളെന്നോ കീവെന്നോ ശ്രീലങ്കയെന്നോ വ്യത്യാസമില്ല. വീരസാഹസികതയുടെ, യുദ്ധവിജയത്തിന്റെ 'രാജ്യാഭിമാനത്തിന്റെ പ്രതീകങ്ങളായി കൊത്തിവച്ചിട്ടുള്ള
യുദ്ധ സ്മാരകങ്ങളൊക്കെ ഛത്രിക്കുന്നിന്റെ പ്രച്ഛന്നവേഷങ്ങളാണ്.
ക്രെയിനിന്റെ കൊളുത്തിടിച്ച് സുലൈമാന്റെ തലച്ചോറ് പൊളിഞ്ഞു
വീഴുന്നതിനെ " ഒരു വലിയ പ്ലേറ്റ് ചൈനീസ് നൂഡിൽസ് പോലെ" എന്ന് പറയുന്ന
ഒരു ഭാഗം നോവലിലുണ്ട്. അത്തരം
അജ്ഞതകൾ കൊത്തിത്തിന്നു തടിച്ചുകൊഴുക്കുന്ന
കഴുകന്മാരും. അവരുടെ മുട്ടകൾ വിരിഞ്ഞുവിരിഞ്ഞു മുന്നേറുന്ന കാലവും. അതിനിടയിൽ പണിയെടുക്കാനും
ചോദ്യം ചെയ്യാനും കലാപം വിതയ്ക്കാനും വിപ്ലവം പ്രതീക്ഷിക്കാനുമായി കുറേ ജീവിതങ്ങൾ!
'മിണ്ടാത്ത പൂട്ടുകൾ, വളഞ്ഞ കൊളുത്ത്, ശൂന്യമായ മുറി, മഞ്ഞുപോലെ
ഉറഞ്ഞ വരാന്ത, ഒരു കറുത്ത ഭീകരനായ
നീഗ്രോ അടിമയുടെ ഉള്ളിലെന്ന പോലെ നാവു മുറിച്ചു കളഞ്ഞ ശബ്ദം' -ഇങ്ങനെ അചേതനമായതൊക്കെ നോവലിൽ വായനക്കാരനോട് സംവദിക്കുന്നു: മനുഷ്യരേക്കാളേറെ.
മനുഷ്യാവസ്ഥകളാണ് ഇവിടെ നേരിട്ട് സംവേദനം ചെയ്യപ്പെടുന്നത്. അവിടെ സംഭാഷണത്തിന്
പ്രസക്തി തന്നെ നഷ്ടപ്പെടുന്നു. വാചികമായി കഴിയുന്നതിനേക്കാളേറെ ആഴത്തിൽ മനുഷ്യാവസ്ഥകളെ കഥാകാരൻ ഞാത്തിയിട്ട
കയറിൽ കെട്ടിത്തൂക്കുന്നു ഇരുവശങ്ങളിലേക്കും ഇട്ടാട്ടി കളിക്കുന്നു!
ഒരുവൻ അവന്റെ വഴിയുടെ
വശങ്ങളിൽ കാണുന്നതെന്തെന്ന് നിശ്ചയിക്കുന്നത് അവന്റെ മനസ്സാണ്. ലക്ഷ്യത്തെപ്പറ്റിയുള്ള
അവന്റെ സങ്കല്പമാണ്. ഒക്കെയും പുറമേ തട്ടിത്തെറിച്ചു പോകുന്നവർക്ക് വഴിമധ്യേ
സ്വന്തമാകുന്നതിന്റെയൊക്കെ മിനുമിനുപ്പ് ആസ്വദിക്കാനാവും. എന്നാൽ ആത്മാവിൽ
വേരിറക്കാതെ ഒരു കുഞ്ഞു പൂവ് പോലും പുഷ്പിക്കാനാവാത്ത മനസ്സുകൾക്ക് ആസ്വാദനം
ആനന്ദദായകമാവില്ല. സ്വന്തം
ജീവിതത്തെ, തുടർന്നുവരുന്ന
വ്യവസ്ഥിതികളോടുള്ള കലാപത്തിന്റെ അഗ്നിയാക്കി മാറ്റണോ അതോ ഒത്തുതീർപ്പിന്റെ
മിനുസമുള്ള ചങ്ങലയിൽ അണിചേരണോയെന്ന് തീരുമാനിക്കുന്നത് അവരവരാണ്. അത്തരമൊരു
ഒത്തുതീർപ്പാണ് കുന്ദന് കഴിയാതെ പോയത്.
വെളിച്ചത്തിലാണ്
നിഴലുണ്ടാവുന്നത്. വെളിച്ചം കൂടുന്നതിനനുസരിച്ച് നിഴലിന്റെ നീളവും കൂടും.
നിഴൽ സ്വത്വത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോൾ
കലാപത്തിന് തിരിതെളിയും. തുടർന്നുണ്ടാകുന്ന വിപ്ലവത്തിൽ എല്ലാം ശരിയാകുമെന്നത്
പ്രതീക്ഷ മാത്രമാണെന്ന് ചരിത്രം മനുഷ്യനെ പഠിപ്പിച്ചു കഴിഞ്ഞു. ഒരു വ്യവസ്ഥിതിയുടെ
ദുരൂഹവലയത്തിനുള്ളിൽ സ്വയമറിയാതെ കുടുങ്ങിപ്പോകുന്നവരുടെ വലപൊട്ടിക്കാനുള്ള കുതറൽ
എത്ര നിസ്സഹായമാണെന്ന് നോവലിൽ നിന്ന് നമ്മളറിയുന്നു. എല്ലാ കലാപകാരികളിലും ഉണ്ട്
ഒരളവ് ഏകാന്തത. അവർ മാത്രമായിരിക്കുന്ന അവസ്ഥ. മറ്റുള്ളവർക്ക് അസംബന്ധമെന്നു
തോന്നുന്ന, തികച്ചും ഭ്രാന്തെന്ന്
സംശയിക്കപ്പെടുന്ന, വിഡ്ഢിത്തമെന്ന്
പരിഹസിക്കപ്പെടുന്ന സ്ഥിതിവിശേഷം. സ്വന്തം നേട്ടങ്ങൾക്ക് പിന്നാലെ പായുന്ന
ഭൂരിപക്ഷസമൂഹം അധികാരത്തിന്റെ ഓരം ചേർന്നു നിന്ന് ജീവിതം ആസ്വദിക്കുമ്പോൾ
കുന്ദനെപ്പോലുള്ളവർ സ്വയവും സമൂഹത്തോടും ചോദ്യങ്ങൾ ചോദിച്ച് ജീവിതത്തിന്റെ
വ്യർത്ഥതയിൽ നിലവിളിച്ചൊടുങ്ങുന്നു. എത്ര പ്രതികരിച്ചിട്ടും ഒരണുപോലും മാറ്റം വരുത്താനാവാത്ത വ്യവസ്ഥിതിയുടെ മുന്നിൽ
സ്വയം കോമാളിയാക്കപ്പെടുന്നു.
ജ്വലിച്ച്
ഊർജ്ജമായിക്കൊണ്ടിരിക്കുന്ന നക്ഷത്രം അതിന്റെ അസ്തിത്വത്തിന്റെ അവസാനഘട്ടത്തിൽ
ദ്രവ്യമാനമനുസരിച്ച് തമോഗർത്തങ്ങളും സൂപ്പർനോവകളുമായി പരിണമിക്കുന്നത് പോലെ
ശരാശരിയിൽ താഴെയുള്ളവ അണുസംയോജനപ്രക്രിയ നിലച്ച് വെള്ളക്കുള്ളനായിത്തീരുന്നതുപോലെ
ഉള്ളിൽ കലാപമെരിയുന്നവരും ചിലപ്പോഴൊക്കെ നിശബ്ദരായി തീരുന്നു. വിലപിടിച്ച ഒരു രാജ്യരക്ഷാ പദ്ധതിയുടെ പേരിൽ കോടിക്കണക്കിന്
രൂപയുടെ മായത്തെ കണ്ണടച്ച് വിഴുങ്ങുന്ന പലരും പ്രലോഭനങ്ങളുടെ ചൂണ്ടയിൽ
കൊരുത്തപ്പെട്ടവരാണെന്ന് നോവൽ കാണിച്ചുതരുന്നു. ഇല്ലാത്ത ശത്രുവിന്റെ ഉണ്ടാകാത്ത
ആക്രമണത്തെ ചെറുക്കുവാനെന്ന് ജനത്തെ ബോധ്യപ്പെടുത്തി ചെയ്യുന്ന ഇത്തരം നിഗൂഢതകൾ
അധികാരത്തിന്റെ നാൾവഴികൾക്ക് ഇന്നും സ്വന്തമാണല്ലോ!
ചില കഥാപാത്രങ്ങൾ
അങ്ങനെയാണ്! പെയ്തുതോർന്ന
മഴയിലും മരം പെയ്യുന്നതു പോലെ വായിച്ചുതീർന്നു കാലങ്ങൾ കഴിഞ്ഞാലും തോരാതെ
പെയ്തുകൊണ്ടിരിക്കും: പലപ്പോഴും ചെയ്യുന്നത് തീമഴ ആയിരിക്കുമെന്ന് മാത്രം! യോഗേശ്വറിന്റെ
ഭാര്യയായിരുന്ന അമലയും വ്യാഖ്യാനങ്ങൾക്ക് വഴങ്ങാത്ത വിധത്തിൽ കുന്ദനിലുണ്ടായിരുന്ന
റൂത്തും അത്തരം കഥാപാത്രങ്ങളാണ്. യോഗേശ്വറിന്റെ ഭാര്യയായിരുന്ന കാലത്ത് അമലയോട് ഒരു
വാക്കുപോലും പങ്കുവയ്ക്കാൻ കുന്ദനും വായനക്കാരനും കഴിഞ്ഞിട്ടില്ല. എന്നാൽ
ഛത്രിക്കുന്നിൽ വെച്ച് മഹാമൗനത്തിന്റെ പെരുംകടലിനെ കുഞ്ഞോളം കൊണ്ടറിയാൻ നമുക്ക്
കഴിയുന്നുണ്ട്. പലപ്പോഴും കുന്ദനേക്കാൾ ശക്തയാണ് റൂത്ത്. മനസ്സിന്റെ ഉറച്ച
തീരുമാനങ്ങളിൽ ചാഞ്ചല്യമില്ലാതെ മുന്നേറുന്നവൾ. വെളിച്ചമുള്ള ഇടത്തേക്ക് ചില്ലകൾ
നീണ്ടു വളഞ്ഞു വരുമെങ്കിലും ചെടിയുടെ വേരുകളെപ്പോഴും നീരുറവ തേടിക്കൊണ്ടിരിക്കുന്നത് പോലെ അവളുടെ
ഓർമ്മയുടെ വേരുകൾ കുന്ദനിലായിരുന്നുവെന്ന് നാം തിരിച്ചറിയുന്നുണ്ട്. പരസ്പരം
നിലനിൽക്കുന്ന പൊതുവായ കൗതുകങ്ങൾക്കിടയിലും സൗഹൃദം തഴച്ചുവളരാനായി പ്രത്യേകിച്ച്
ഒന്നുംതന്നെ അവർ ചെയ്യുന്നില്ല. സൗഹൃദത്തിന്റെ സ്വാഭാവിക വഴികളിലൂടെ ശാന്തവും
സൗമ്യവുമായി സഞ്ചരിച്ചവർ. കൂട്ടിപ്പിടിക്കാനായി കത്തുന്ന മനസ്സു മാത്രം
സ്വന്തമായുള്ളവർ!എന്നിട്ടും ഏറ്റവും അനിവാര്യമെന്ന് തോന്നി പരസ്പരം തേടിയപ്പോൾ
ഒന്നിച്ചവർ!
നിയതവും നിശ്ചിതവുമായ
ശക്തികളിലും സിദ്ധാന്തങ്ങളിലും നിന്ന് ഉരുത്തിരിഞ്ഞുവരുന്ന വിപ്ലവാദർശങ്ങളിൽ
ആശനട്ടിരിക്കുന്നവരെ ചവിട്ടിനിൽക്കുന്നതിനടിയിൽ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുന്ന
ലാവയുണ്ടെന്ന് നോവൽ ഓർമിപ്പിക്കുന്നു. ജീവിതദൈന്യം കുഴച്ചുചേർത്ത് പടുത്തുയർത്തുന്ന പയനിയർ
പ്രോജക്ടിന്റെ മനുഷ്യരക്തമൊഴുകുന്ന ഭിത്തികളിൽ കോൺക്രീറ്റ് മിക്സചറിന്റെയും
അലസമായി ചലിക്കുന്ന ഗർഡറുകളുടെയും ശബ്ദം ചേർത്തുവച്ചിരിക്കുന്നതിനുപിന്നിലെ
കഥാകാരന്റെ ധിഷണാവൈഭവവും നയതന്ത്രജ്ഞതയും അദ്വിതീയം തന്നെ. നോവലിൽ പൊട്ടിയൊലിക്കുന്നതൊന്നും രംഭാഗഡ്പ്രോജക്ടിലെ മാത്രം
ലാവയല്ല. മനുഷ്യജീവിതം ഉരുക്കിച്ചേർത്താണ് പദ്ധതികളോരോന്നും നടപ്പാക്കിയിട്ടുള്ളത്:
ഇന്നും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
അന്യായത്തെ ചോദ്യം ചെയ്ത് ഭോലയും കുതറിയോടാൻ ശ്രമിച്ചപ്പോൾ വേട്ടയാടി
കൊല്ലപ്പെട്ട ഡാനിയലും അവസാനതുള്ളി പ്രജ്ഞവരെ സിമൻറ് കൂട്ടിലേക്ക്
ഊറ്റിയെടുക്കപ്പെട്ട സുലൈമാനുമൊക്കെ സർക്കാർ എന്ന പേരിൽ കോമരം തുള്ളി
സ്വാർത്ഥതയുടെ വെളിപാടുകൾക്ക് മുന്നിൽ ബലി അർപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നവരുടെ
തുടർച്ചയാണ്. പാവപ്പെട്ടവന്റെ
ജീവിതം തന്നെ അസാധുവാക്കപ്പെടുന്ന ഇന്നത്തെ കാലത്ത് ഇവരൊക്കെ നമുക്കിടയിൽ തന്നെ
ജീവിക്കുന്നവരാണ്.
സമൂഹത്തെ
താങ്ങിനിർത്തുന്നതെന്ന് നാം കരുതുന്ന നാലു തൂണുകളും വിഷലിപ്തമായ, വ്യാജമാക്കപ്പെട്ട, അസംബന്ധജഡിലമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ലഹളനടന്ന
തെരുവിൽ നിന്ന് കണ്ടെടുത്ത തടവുകാരന്റെ നമ്പർ കൊത്തിയ പിത്തളത്തകിടുമായി കുന്ദൻ
പത്രമോഫീസിലെത്തുന്നു . ലഹളയുടെ കാരണം ജയിൽ ബ്രേക്കാണെന്ന്
സമ്മതിക്കാത്ത അധികാരികളിൽ നിന്നും നീതി തേടി മാധ്യമങ്ങളെ ആശ്രയിക്കുന്ന
സാധാരണക്കാരന്റെ പ്രതിനിധിയാവുന്നു അയാൾ. കൊമേഴ്സ്യൽ സിനിമകളിലെ ഉദ്വേഗഭരിതമായ
ഇത്തരം നിമിഷങ്ങൾ മലയാളിക്കിന്ന് പരിചിതമെങ്കിലും 30 വർഷങ്ങൾക്കു മുൻപ് ഇതിനെ അക്ഷരങ്ങളിലേക്ക് പകർന്നു വച്ച
കഥാകാരൻ കാലത്തിനും എത്രയോ മുൻപേ സഞ്ചരിച്ചവനാകുന്നു.
പൊതുമുതൽ സ്വകാര്യ
ഹസ്തങ്ങളിൽ എത്തിക്കുന്നതിനുള്ള മറയായി സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന പുതിയ
പുതിയ പദ്ധതികളെക്കുറിച്ച് വായനക്കാരന്റെയുള്ളിലുള്ള ആശങ്ക അറിയാതെയുണരുന്നു. ഒടുവിൽ
കുന്ദന് മേൽ ആരോപിക്കപ്പെട്ടത് രാജ്യദ്രോഹവും ചാരവൃത്തിയുമാണ്. സർക്കാരിന്റെ
അകർമകക്രിയകൾക്കൊക്കെ നാഥനായി കുന്ദൻ മാറുമ്പോൾ നിസ്സഹായതയുടെ
തീക്കുണ്ഠത്തിൽ വായനക്കാരനെരിയുന്നു. ചവിട്ടിനിൽക്കുന്ന മണ്ണ് ഏതുനിമിഷവും ഇടിഞ്ഞു വീഴാമെന്നും
ഉണ്ടെന്ന് കരുതുന്ന മേൽക്കൂര പൊളിഞ്ഞുവീഴാമെന്നും തിരിച്ചറിയുന്നു.
അറിവിന്റെ ദ്വീപ് വികസിക്കുന്തോറും
അത്ഭുതത്തിന്റെ തീരരേഖയും
വലുതാവുന്നുവെന്ന നോവലിസ്റ്റിന്റെ അഭിപ്രായം വായനക്കാരൻ അക്ഷരാർത്ഥത്തിൽ
അനുഭവിക്കുന്നു. ആദി
മാനവനിൽ തുടങ്ങിയ മനുഷ്യനിസ്സഹായതയുടെ
തുടർച്ചയെക്കുറിച്ച് ചിന്തിക്കുന്നു. 'survival of the fittest' തിയറിയിലെ അർഹതയ്ക്കുള്ള മാനദണ്ഡം കടങ്കഥയാകുന്നു. ന്യായവിചാരത്തെയും മാനുഷികമൂല്യങ്ങളെയും
അപ്രധാനമാക്കിക്കൊണ്ട് സമയോചിതത്വത്തിന് പ്രാധാന്യം നൽകുന്ന ലോകജീവിതത്തിന്റെ
ഇരയാണ് താനുമെന്ന് തിരിച്ചറിയുന്നു. അറിഞ്ഞും അറിയാതെയും തുടരുന്ന
ഗൂഢപദ്ധതികളുടെ ഇരുട്ടിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് വായനക്കാരൻ
അവന്റെ ദുഃഖങ്ങളെ സഹ്യമാക്കാനുള്ള ശ്രമം
തുടരുന്നു.
No comments:
Post a Comment